ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര രചനകളിലൂടെ പംക്തിയിൽ Unpaused) എന്ന നെറ്റ്ഫ്ലിക്സ് ചലച്ചിത്രം പരിചയപ്പെടാം
കോവിഡ് കാല അനുഭവങ്ങൾ ചിത്രീകരിക്കുന്ന അഞ്ച് ലഘു കഥകളടങ്ങിയ അഞ്ച് വ്യത്യസ്ഥർ സംവിധാനം ചെയ്തവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഹിന്ദി ചലച്ചിത്രസമാഹാരമാണ് വിരാമമില്ലാതെ (Unpaused) എന്ന നെറ്റ്ഫ്ലിക്സ് ചലച്ചിത്രം. അവസാനം എപ്പോഴെന്ന് നിശ്ചയമില്ലാതെ ഒരു വർഷം കഴിഞ്ഞിട്ടും തുടർന്ന് വരുന്ന കോവിഡ് കാലം വിവിധ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന ഒറ്റപ്പെടലും നിരാശാബോധവും പ്രതീക്ഷയും കഷ്ടപ്പാടുകളുമെല്ലാമാണ് ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. കോവിഡ് കാലം സൃഷ്ടിക്കുന്ന വ്യക്തിപരവും സാമൂഹ്യവുമായ നാശനഷ്ടങ്ങളാണ് വിവിധ കഥകളിൽ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും അശുഭാപ്തി വിശ്വാസമല്ല അനതിവിദൂരകാലത്തെങ്കിലും വന്നുഭവിച്ചേക്കാവുന്ന ശോഭനമായ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് പൊതുവിൽ മിക്ക ചിത്രങ്ങളിലും സ്പുരിക്കപ്പെടുന്നത്. അവിരാമം തുടരുന്ന വിഷമതകൾക്കിടയിലും ഇപ്പോഴും നിലനിൽക്കുന്ന മനുഷ്യബന്ധങ്ങൾ ചൂണ്ടികാട്ടി മനുഷ്യരാശിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനാണ് സംവിധായകർ ശ്രമിക്കുന്നത്.
ഗ്ലിച്ച് (Glitch) എന്ന ആദ്യചിത്രം 2030 ൽ നടക്കുന്ന ഒരു കാല്പനികകാല (Dystopian) സിനിമയാണ്. മനുഷ്യസമൂഹത്തെ കീഴ്പ്പെടുത്തി ഭീകരവാദിയായി മാറിയ ഒരു വൈറസിന്റെ പിടിയിൽ നിന്നും മനുഷ്യരാശിയെ പ്രതിനിധാനം ചെയ്ത്കൊണ്ട് അതിജീവനത്തിനായി ശ്രമിക്കുന്ന രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച് നർമ്മരസത്തോടെയാണ് കഥ നീങ്ങുന്നത്. എല്ലാവരും മരിച്ച് വീണുകൊണ്ടിരിക്കുമ്പോൾ എങ്ങിനെയോ ജീവൻ രക്ഷപ്പെട്ട് ജീവിതം തുടരുന്ന ഗുൽഷാനും വൈറസിനെതിരെ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന സയാനി എന്ന ശാസ്ത്രജ്ഞയുമാണ് കഥാപാത്രങ്ങൾ. വൈറസ് ബാധിക്കാനെടുക്കുന്ന സമയം മതി ആദ്യമായി കാണുന്ന രണ്ട് പേരിൽ പ്രണയമങ്കുരിക്കാൻ എന്ന ഫലിതോക്തിയോടെയുള്ള സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
ജനത കർഫ്യൂകാലത്ത് ഭർത്താവിന്റെ പരസ്തീപീഢനങ്ങളിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുന്ന ഒരു പ്രസാധകയും അവരെ സമർത്ഥമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് ഭർത്താവിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ആത്മവിശ്വാസം കൈവരിക്കാൻ സഹായിക്കുന്ന യുവാവുമാണ് അപാർട്ട്മെന്റ് എന്ന ചിത്രത്തിലുള്ളത്. റാറ്റ് എ റ്റാറ്റ് (RAT-A-TAT) എന്ന ചിത്രത്തിൽ ലോക്ക്ഡൌൺ സമയത്ത് ഒറ്റക്ക് കഴിയുന്ന വിധവയായ വൃദ്ധയും വീട്ടിൽ നിന്നും ഒളിച്ചോടിവരുന്ന ചെറുപ്പക്കാരിയും തമ്മിൽ വളർന്ന് വരുന്ന ഊഷ്മള ബന്ധമാണ് ചിത്രീകരിക്കപ്പെടുന്നത്. വിഷാനു എന്ന ചിത്രത്തിൽ ഒരു കുടിയേറ്റ തൊഴിലാളികുടുംബം സ്ഥലം വിട്ടുപോയ ധനികനായ യജമാനന്റെ വീട്ടിലെ ആഢംബര സൌകര്യങ്ങൾ താത്ക്കാലികമായി ആസ്വദിച്ച് സംതൃപ്തിയടയുന്നതാണ് നർമ്മവും നിരാശതയും കലർത്തി അവതരിപ്പിച്ചിട്ടുള്ളത്. അൺപോസ്ഡിലെ ചന്ദ് മുബാറക്ക് എന്ന ചിത്രത്തിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന ഒരു വൃദ്ധയും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മിൽ വികസിച്ച് വരുന്ന സ്നേഹബന്ധമാണ് അതീവ ഹൃദ്യതയോടെ ചിത്രീകരിച്ചിട്ടുള്ളത്.