കൊച്ചീപ്പൻ തരകന്റെ മറിയാമ്മ നാടകം: വസൂരി മഹാമാരി സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതി

ഡോ ബി ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ പതിനേഴാമത്തെ പുസ്തകം – കൊച്ചീപ്പൻ തരകന്റെ മറിയാമ്മ നാടകത്തെക്കുറിച്ച് വായിക്കാം…

മലയാളത്തിൽ നിരവധി സാഹിത്യ കൃതികളിൽ വസൂരി കടന്ന് വരുന്നുണ്ട്. പോളച്ചിറയ്ക്കൽ  കൊച്ചീപ്പൻ തരകൻ രചിച്ച മലയാളത്തിലെ സ്വതന്ത്രസാമൂഹികനാടകങ്ങളുടെ ചരിത്രത്തിലെ ഒന്നാമത്തെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന മറിയാമ്മ (1903) നാടകത്തിലായിരിക്കണം മലയാളസാഹിത്യത്തിൽ ആദ്യമായി വസൂരി അവതരിപ്പിക്കപ്പെടുന്നത്. നാടകം പ്രസിദ്ധീകരിച്ചത് 1903 ലായിരുന്നെങ്കിലും എഴുതിതീർത്തത് അതിനും 25 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്ന് നാടകകൃത്ത് ആമുഖത്തിൽ  രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയമതസ്ഥരുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയാണ് ഈ നാടകം കൊച്ചീപ്പൻ തരകൻ എഴുതിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയേയും  കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ചില പാരമ്പര്യങ്ങളേയും ഹാസ്യത്മകമായി ചിത്രീകരിക്കുന്ന പദ്യ നാടകമായാണ് മറിയാമ്മ രചിക്കപ്പെട്ടത്. മക്കത്തായ കുടുംബംങ്ങളിൽ നിലനിന്നിരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻപോരും കാരണമുണ്ടാകുന്ന ക്രൂരകൃത്യങ്ങൾ  തുറന്നു കാട്ടി ക്രിസ്തീയരെ ബോധവൽക്കരിച്ച്  കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം നാടകത്തിനുണ്ടായിരുന്നു. അതോടൊപ്പം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിലേക്കും നാടകം  വെളിച്ചം വീശുന്നു.

അമ്മായിഅമ്മയുടെ  ശത്രുതാപരമായ പെരുമാറ്റത്തിന് വിധേയയാവുന്ന യാതൊരു തെറ്റും ചെയ്യാത്ത സംസ്കാരസമ്പന്നയായ മറിയാമ്മയാണ് നാടകത്തിലെ മുഖ്യകഥാപാത്രം. മറിയാമ്മക്ക് വസൂരി ബാധിച്ചപ്പോൾ ഭർത്തൃവീടായ ചെമ്പകശ്ശേരിയിൽ നിന്നും എല്ലാവരും അവരെ ഒറ്റക്കാക്കി ഒഴിഞ്ഞുമാറി. അവരെ പരിചരിക്കാനായി ശങ്കരമൂർത്തി, മാത്തൻ, ചാണ്ടി, നാറാണൻ എന്നീ   ദുർമന്ത്രവാദികളെയാണ് നിയോഗിക്കുന്നത്. മറിയാമ്മയുടെ  ഭർത്താവായ ഔസേപ്പച്ചൻ ദൂരെ തിരുവനന്തപുരത്തായിരുന്നു. മസൂരി ചികിത്സകരായ ദുഷ്ടമാന്ത്രികരുടെ ക്രൂരമർദ്ദനങ്ങൾക്ക്  മറിയാമ്മ ഇരയാവുന്ന നാടകത്തിന്റെ ഒമ്പതാം രംഗം പ്രേക്ഷകരെ നടുക്കുന്ന ഭീകരരംഗമായി മാറുന്നു. മസൂരി പിടിപെട്ട് അവശയായ മറിയാമ്മയെ വധിക്കാൻ മദ്യലഹരിയിൽ മുങ്ങിയ ചികിത്സകർ തീരുമാനിക്കുന്നു. മറിയാമ്മയുടെ കൈകാലുകൾ കയർ കൊണ്ട് വരിഞ്ഞ് കെട്ടി തലമുടിക്ക് ചുറ്റിപ്പിടിച്ച് മർദ്ദിച്ചവശയാക്കി തലക്കടിച്ച് കൊല്ലാനായിരുന്നു ശങ്കരമൂർത്തി കൂട്ടാളികളോടെ ആജ്ഞാപിച്ചത്. മറിയാമ്മയുടെ സഹോദരൻ സ്റ്റീഫൻ മന്ത്രവാദികളൂടെ സഹപ്രവർത്തകനായി അഭിനയിച്ച് അവരെ നാടകീയമായി രക്ഷപ്പെടുത്തുന്നു. മറിയാമ്മ വസൂരി വന്ന് മരിച്ചു എന്നാണ് തിരികെ എത്തുന്ന ഭർത്താവും ബന്ധുക്കളും കരുതിയത്.. മറിയാമ്മ ജീവനോടെ പ്രത്യക്ഷപ്പെടുന്നതോടെ നാടകം ട്രാജി കോമഡിയായി മാറുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്  നിലനിന്നിരുന്ന ഭീകര  ചികിത്സാ രീതികളും മസൂരി രോഗപരിചാരകരായി നിയോഗിക്കപ്പെടുന്നവരുടെ മനുഷ്യത്വരഹിതവും പൈശാചികവുമായ ക്രൂരപ്രവർത്തികളും   ഹൃദസ്പൃക്കായി നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നു.  സാമൂഹ്യപരിഷ്കരണത്തിനുള്ള ഉത്തേജനം നൽകുന്ന കൃതി എന്നതിന് പുറമേ മഹാമാരി സാഹിത്യശാഖയിലും മറിയാമ്മ നാടകത്തിന് പ്രമുഖ സ്ഥാനമുണ്ട്.

മറിയാമ്മ നാടകം 2015 ൽ ബ്രിട്ടനിലെ ലിങ്കൺ സർവകലാശാലയിലെ അധ്യാപകനായ ഡോ. ശ്രീനാഥ് നായർ അരങ്ങിലെത്തിച്ചു

മറ്റു ലേഖനങ്ങൾ

Leave a Reply