ഫാസിസമെന്ന പ്ലേഗ്

ഡോ ബി ഇക്ബാൽ എഴുതുന്ന ലേഖനപരമ്പര : മഹാമാരി – സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ 

നൂറ്റാണ്ടുകളായി മനുഷ്യരാശിയെ പിന്തുടർന്ന്.  അതിഭീതി പരത്തി കോടിക്കണക്കിനാളുകളുടെ  ജീവനപഹരിച്ച മഹാമാരിയാണ് പ്ലേഗ്. ഫലപ്രദമായ ചികിത്സയും വാക്സിനും  ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ  ലഭ്യമായി തുടങ്ങിയെങ്കിലും  ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏതാനും രാജ്യങ്ങളിലെങ്കിലും പ്ലേഗ് ഇടക്കിടെയെങ്കിലും പ്രത്യക്ഷപ്പെട്ട് നിരവധി ജീവനപഹരിച്ച് വരുന്നു.  മനുഷ്യസമൂഹത്തിലും   സാഹിത്യത്തിലും സംസ്കാരത്തിലും കലാരംഗത്തുമെല്ലാം  പ്ലേഗ് വലിയ സ്വാധീനമാണ്  ചെലുത്തിയത്.  പ്ലേഗുമായി പരോക്ഷമായിട്ടെങ്കിലും  നിത്യജീവിതത്തിൽ ഇപ്പോഴും നമുക്ക് ബന്ധപ്പെടേണ്ടിവരുന്നുണ്ട്. നമ്മുടെ ചിന്തകളിലും ഭാഷ പ്രയോഗത്തിലും വായനയിലും ചരിത്രപഠനത്തിലുമെല്ലാം നിരന്തരം പ്ലേഗ് പല തരത്തിൽ കടന്ന് വന്നുകൊണ്ടിരിക്കുന്നു.

വിശ്വസാഹിത്യ ഗ്രന്ഥങ്ങളിൽ ഇപ്പോഴും ആവർത്തിച്ച് വായിക്കപ്പെടുന്ന വിശിഷ്ടകൃതിയാണ് ആൽബേർ കമ്യുവിന്റെ പ്ലേഗ് (Albert Camus 1913-1960: The Plague: Le Peste: 1947). ഫ്രാൻസിലെ ജർമ്മൻ അധിനിവേശത്തെ പ്രതീകവൽക്കരിച്ചെഴുതിയ മഹത്തായ നോവലാണത്. പ്ലേഗ് രോഗമല്ല ഫാസിസ്റ്റ് ഭീകരതയാണ് നോവലിന്റെ കേന്ദ്ര പ്രമേയം,  എന്നാൽ ഫാസിസത്തിന്റെ മാത്രമല്ല പ്ലേഗ് പോലുള്ള  മഹാമാരികളുടെ  ഭീകരതയും  ഏതവസരത്തിലും തിർച്ച് വരാനുള്ള സാധ്യതയും  ഓർമ്മിപ്പിക്കുന്ന നോവലിലെ  പല ഭാഗങ്ങളും നമ്മെ   അസ്വസ്ഥരാക്കും.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ എലികൾ മരിച്ച് വീഴുന്നതിന്റെ വിവരണവുമായാണ് നോവൽ ആരംഭിക്കുന്നത്. നോവലിലെ പ്രധാനകഥാപാത്രമായ ഡോ ബെർനാഡ് റിയൂ വീട്ടിലേക്ക് വരുന്നവഴി “മൃദുവായ എന്തിനെയോ ചവിട്ടിയത് പോലെ തോന്നി. നാട്ടുവഴിയിൽ ഒരു എലി ചത്തു കിടക്കുന്നു. അപ്പോൾ അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം എലിയെ കാലുകൊണ്ട് മൂലയിലേക്ക് തട്ടി നടന്നു പോയി.” പിന്നീട് ചത്തൊടുങ്ങുന്ന എലികളുടെ എണ്ണം വർധിച്ച് വന്നു.“ ഡോക്ടറുടെ വീട് വൃത്തിയാക്കാൻ വരുന്ന സ്തീ പറഞ്ഞു, അവരുടെ ഭർത്താവ് ജോലിചെയ്യുന്ന ഫാക്ടറിയിൽ നൂറുകണക്കിന് എലികളാണ് ചത്തൊടുങ്ങിയതെന്ന്”  പ്ലേഗിന്റെ വരവ് സൂചിപ്പിച്ച് കൊണ്ട് “ഈ സമയത്താണ് പട്ടണവാസികളിൽ ശാരീരികാസ്വാസ്ഥ്യം കണ്ടു തുടങ്ങിയത്.”  എന്ന് ഡോക്ടർ നിരീക്ഷിക്കുന്നുണ്ട്.  പ്ലേഗ് ബാധിച്ച് ഡോക്ടറുടെ വീട്ടു പണിക്കാരനായിരുന്ന മിഷാലായിരുന്നു.ആദ്യമായി മരിച്ച് വീണത്.  മിഷേലിന്റെ ഞെട്ടലുണ്ടാക്കുന്ന  മരണരംഗം ഹൃദയഭേദകമായാണ്  വിവരിച്ചിട്ടുള്ളത്. “വ്രണങ്ങൾ നിറഞ്ഞ വായിൽ നിന്നും പുലമ്പൽ കേൾക്കാം, നശിച്ച എലികൾ, ചുണ്ടുകളിൽ നിന്നും രക്തം വാർന്ന്, മുഖത്ത് പച്ചനിറം വീണ്, ശ്വാസത്തിന്റെ ക്രമം തെറ്റി, നിസ്സഹായനായ അയാൾ കാണാൻ കഴിയാത്ത ഏതോ ശക്തിയുടെ കൈയിൽ കിടന്ന് കഷ്ടപ്പെടുന്നുണ്ടായിരുന്നു. വിങ്ങുന്ന ഞരമ്പുകൾ പടർന്ന് കൈകൾ വിടർത്തി ഭൂമിയുടെ ആഴങ്ങളിൽ നിന്നും കേൾക്കുന്ന ഏതോ ശബ്ദത്തിന് വഴങ്ങി, ആ കിടക്കയിൽത്തന്നെ സ്വയം കുഴിച്ച് മൂടാൻ ശ്രമിക്കുന്നത് പോലെ അയാളുടെ ഭാര്യ വിതുമ്പി. “ഒരു പ്രതീക്ഷയും ഇല്ലേ ഡോക്ടർ?“ “അയാൾ മരിച്ചിരിക്കുന്നു. റിയു പറഞ്ഞു.“

വൈദ്യശാസ്ത്ര പുസ്തകങ്ങളെ അതിശയിക്കുന്ന വ്യക്തതയോടെയാണ് കമ്യു പ്ലേഗ് രോഗികളുടെ ശാരീരിക-മാനസിക ലക്ഷണങ്ങൾ വിവരിക്കുന്നത്, നിരവധി പേരുടെ മരണത്തിന് ശേഷം പ്ലേഗ് സാവധാനം കെട്ടടങ്ങുന്നു. മഹാമാരി നിയന്ത്രണ കാലത്ത് ജനങ്ങളനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും കഷ്ടതകളും മാനസിക  സംഘർഷവുമെല്ലാം വളരെ സൂക്ഷ്മതയോടെയാണ് കമ്യു ചിത്രീകരിക്കുന്നത്. പ്ലേഗ്  ഇനിയും വരാം എന്ന മുന്നറിയപ്പോടെയാണ് നോവൽ അവസാനിക്കുന്നത്.
“പ്ലേഗിന്റെ രോഗാണു ഒരിക്കലും പൂർണ്ണമായി ചത്തൊടുങ്ങുകയോ നിശ്ശേഷം ഇല്ലാതാവുകയോ ചെയ്യില്ല. വർഷങ്ങളോളം അത് ഉറങ്ങിക്കിടക്കും; മേശയിലും കസേരയിലൂം അലമാരയിലും കിടക്കയിലും നിലവറയിലും പെട്ടികളിലും ഷെൽ ഫുകളിലും അത് താമസിക്കും. എന്നിട്ടൊരു ദിവസം മനുഷ്യനെ നശിപ്പിക്കുവാനും അവനെ ബോധവൽക്കരിക്കാനും അതിന്റെ എലികളെ അഴിച്ച് വിടും. സന്തോഷം നിറഞ്ഞ പട്ടണത്തിൽ പോയി ചാവാൻ.” 

പ്ലേഗ് ബാധ ഒഴിഞ്ഞ് പോയതിൽ അമിതമായി ആഹ്ലാദിക്കേണ്ടതില്ലെന്നും ഇനിയും പ്ലേഗ് സന്തോഷം നിറഞ്ഞ പ്രദേശങ്ങളിലേക്ക് തിരികെ വരാമെന്നും പ്രവാചക തുല്യമായ ക്രാന്തദർശിത്വത്തോടെ കമ്യു നൽകിയ മുന്നറിയിപ്പ് ശരിയാണെന്ന് പിൽക്കാലത്ത് തെളിഞ്ഞു. മരണം വിതക്കുന്ന  മഹാമാരികളും  പ്ലേഗ്  പ്രതീകവൽക്കരിക്കുന്ന ഫാസിസവും അധിനിവേശവും പല രീതിയിൽ വീണ്ടും ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കയാണല്ലോ.


(ഉദ്ധരണികൾ: “പ്ലേഗ്“  ആൽബേർ കമ്യു മലയാള പരിഭാഷ ഡി  സി ബുക്ക്സ് വിവർത്തനം ഗീതാഞ്ജലി 2018)

 

Leave a Reply