Read Time:5 Minute

ഡോ ബി ഇക്ബാൽ എഴുതുന്ന ലേഖനപരമ്പര : മഹാമാരി – സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ – ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കോളറ കാലത്തെ പ്രണയം

കോളറ വിഷയമാക്കിയിട്ടുള്ള വിശ്വസാഹിത്യ കൃതികൾ പരിഗണിക്കുമ്പോൾ വളരെ പ്രസിദ്ധി നേടിയ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ കോളറ കാലത്തെ പ്രണയം (Love in the Time of Cholera: Gabriel García Márquez.1985) തീർച്ചയായും ഓർമ്മവരും രാഷ്ടീയനോവൽ, പ്രേമകഥ, എന്നീ നിലകളിൽ പ്രസിദ്ധമായ ഈ കൃതി വാർദ്ധക്യകാല മാനസിക ശാരീരിക പ്രശ്നങ്ങളെപറ്റി എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ കൃതിയാണ്. നോവിലിൽ വ്യത്യസ്ത കാലയളവിലായി രണ്ട് തവണ കോളറ കടന്നു വരുന്നുണ്ട്.

ഗബ്രിയേൽ ഗാർസിയ മാർകേസ്

കരീബിയൻ തീരത്തുള്ള ഒരു ദക്ഷിണ അമേരിക്കൻ പ്രവിശ്യയിലെ സ്പാനിഷ് കൊളോണിയൽ നഗരത്തിലാണ് നോവലിലെ കഥ നടക്കുന്നത്. കാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവും. കോളറാ കാലത്തെ പ്രണയം എന്ന പുസ്തക ശീർഷകത്തിന് നോവലിലെ പല സംഭവങ്ങളുമായി ബന്ധമുണ്ട്. പ്രധാനകഥാപാത്രങ്ങളിൽ ഒരാളും ഡോക്ടറുമായ ജുവനൽ ഉർബിനോ പിന്നീട്  തന്റെ ഭാര്യയായ ഫെർമിന ഡാസയെ ആദ്യം കാണുന്നത് നാട്ടിൽ കോളറ പടർന്ന കാലത്താണ്. മകൾക്ക് കോളറയാണെന്ന് ഭയന്ന് ഫെർമിനയുടെ അച്ഛൻ അവളെ ചികിത്സിക്കാൻ ഉർബിനോയെ ക്ഷണിച്ച് വരുത്തുന്നു. എന്നാൽ അതൊരു ചെറിയ വയറുവേദനയായിരുന്നുവെന്ന് ഉർബിനോ കണ്ടെത്തുന്നു. ഇതിനിടെ ഫെർമിനയെ പ്രേമിച്ചിരുന്ന ഫ്ലോറന്റിനോ അരീസ പ്രണയം  മൂ‍ർദ്ധന്യാവസ്ഥയിലെത്തിയപ്പോൾ കോളറയുടെ ലക്ഷണങ്ങൾ കാട്ടിയതായി സൂചിപ്പിക്കപ്പെടുന്നു.

ഉർബിനയുടെ മരണം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ഫെർമിന അവരുടെ വീട്ടിലേക്ക് ക്ഷണിച്ച ദിവസം ഫ്ലോറന്റിനോയ്ക്ക് അവസ്മരണീയമായ ഒരു അതിസാരം ഉണ്ടാകുന്നു. നോവലിന്റെ അവസാനഭാഗത്ത് ഫെർമിനയുമായി ബോട്ട് യാത്രക്കൊരുങ്ങുന്ന ഫ്ലോറന്റിനോ തങ്ങളൂടെ സ്വകാര്യതയെ സംരക്ഷിക്കാനുപയോഗിക്കുന്ന മാർഗ്ഗം ‘കോളറ കൊടി‘യാണ്. അക്കാലത്ത് കോളറ പ്രതിരോധത്തിന്റെ ഭാഗമായി രോഗം  സംശയിക്കുന്നവരുമായി യാത്ര ചെയ്യുന്ന കപ്പലുകളിലും ബോട്ടിലും മഞ്ഞനിറത്തിലുള്ള കൊടി ഉയർത്തേണ്ടതുണ്ടായിരുന്നു. ഫ്ലോറന്റിനോ ഇതൊരു മറയായി ഉപയോഗിച്ച് ബോട്ടിൽ കോളറയുള്ളവരുണ്ടെന്ന വ്യാജേന മറ്റു യാത്രക്കാരെ വേറൊരു ബോട്ടിലേക്ക് മാറ്റി. പക്ഷേ തിരികെ എത്തിയപ്പോൾ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ബോട്ടിന് കടവിലടുക്കാൻ അനുമതി നൽകിയില്ല. അന്നത്തെ നിയമമനുസിച്ച് നാല്പത് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞേ കപ്പലുകളെയും മറ്റും കരക്കടുക്കാൻ അനുവദിച്ചിരുന്നുള്ളു. എന്നാൽ പ്രേമജ്വരം ബാധിച്ച ഫ്ലോറന്റിനോ ഇതൊരു സുവർണ്ണാവസരമാക്കി മാറ്റി. തന്റെ പ്രേമത്തിന്റെയും കോളറ കൊടിയുടെയും തണലിൽ ഫെർമിനയെ ജീവിതാവസാ‍നം വരെ തന്നോടൊപ്പം താമസിപ്പിക്കാൻ ഫ്ലോറന്റിനോ തീരുമാനിക്കുന്നു.

നോവലിൽ പ്രേമവും കോളറയും കെട്ടുപിണഞ്ഞ് കിടക്കുന്നു. പ്രേമാതുരതയെ ഒരു തരം രോഗമായിട്ടാണ് മാർകേസ് നോവലിൽ അവതരിപ്പിക്കുന്നത്,  ഫ്ലോറന്റിനോയെ ഉർബിനയുമായും ഫ്ലോറന്റിനോയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി കോളറ മാറുന്നു. മഹാമാരികാലത്തും ഊഷ്മളമായ മനുഷ്യബന്ധങ്ങൾക്കുള്ള സാധ്യതകളാണ് മാർകേസ് ദൃശ്യമാക്കുന്നത്. അവ ഒരേസമയം മനുഷ്യരെ അകറ്റുകയും ഒന്നിപ്പിക്കയും ചെയ്യുന്നു.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കർഷകർ എന്തിനാണ് സമരം ചെയ്യുന്നത് ?
Next post കോവിഡ് പ്രതിരോധത്തിൽ വാക്സിന്റെ പ്രാധാന്യം
Close