Read Time:6 Minute

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ഉദയൻ മുഖർജിയുടെ എസ്സൻഷ്യൽ ഐറ്റംസ് – ചെറുകഥാ സമാഹാരത്തെക്കുറിച്ച് വായിക്കാം

കോവിഡ് കാലം അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെയുള്ള  അനുഭവങ്ങൾ പ്രതിഫലിപ്പിച്ച് കൊണ്ടുള്ള സാഹിത്യ കൃതികളും  ചലച്ചിത്രങ്ങളും  ചിത്രരചനകളും ആവിഷ്കരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൌണും ക്വാറന്റിനും സൃഷ്ടിക്കുന്ന ഏകാന്തത, ഒറ്റപ്പെടൽ, മാനസിക സംഘർഷം, തൊഴിൽ നഷ്ടം, ജീവിതമാർഗ്ഗങ്ങൾ അടയൽ, ഇതരസംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാട്, തുടങ്ങിയ കോവിഡ് കാല സവിശേഷ പ്രശ്നങ്ങളാണ് പൊതുവേ ചിത്രീകരിക്കപ്പെട്ടുവരുന്നത്. അതേയവസരത്തിൽ കോവിഡ് പൂർവ്വകാലാനുഭവങ്ങളുടെ തുടർച്ചയായി  കോവിഡ് കാലത്തുണ്ടാവുന്ന സ്വീകാര്യവും പ്രതികൂലവുമായ ജീവിതാനുഭവങ്ങൾ സമന്വ്യയിപ്പിച്ച് കൊണ്ടുള്ള രചനകളും പ്രസിദ്ധീകരിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

കോവിഡ് സാഹിത്യത്തിലെ ആദ്യകൃതികളിലൊന്നാണ് പ്രസിദ്ധ ടെലിവിഷൻ ജേർണലിസ്റ്റും സാഹിത്യകാരനുമായ ജാർഖണ്ഡ് സ്വദേശി ഉദയൻ മുഖർജിയുടെ “Essential Items and Other Tales From a Land in Lockdown“ (Bloomsbury India October 2020) എന്ന  പത്ത് കഥകളടങ്ങിയ ചെറുകഥാ സമാഹാരം.  ലോക്ക് ഡൌൺ കാലത്ത് ഉത്തരേന്ത്യയിലെ മുംബൈ, കൊൽകൊത്ത, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ജനവിഭാഗത്തിൽപ്പെട്ടവർ അഭിമുഖീകരിക്കേണ്ടിവന്ന വിവിധ സാമൂഹ്യ സാമ്പത്തിക മാനുഷിക പ്രശ്നങ്ങളാണ് ഈ കഥകളിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത്, നേരത്തെ Dark Circles (Bloomsbury 2018) എന്ന നോവലെഴുതിയിട്ടുള്ള മുഖർജിയുടെ ആദ്യത്തെ ചെറുകഥാ സമാഹാരമണിത്.

ഉദയൻ മുഖർജി

വയോജനങ്ങളും കുടിയേറ്റക്കാരും യുവാക്കളും കുട്ടികളുമെല്ലാം ലോക്ക്ഡൌൺ കാലത്ത് അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളാണ് ഈ ചെറുകഥകളിലൂടെ മുഖർജി പറയാൻ ശ്രമിക്കുന്നത്. ലോക്ക്ഡൌണിന്റെ സൂക്ഷ്മ മാനുഷിക തലങ്ങളും സ്ഥൂല സാമൂഹ്യ തലങ്ങളും ഹൃദയസ്പർശിയായി മുഖർജി അവതരിപ്പിക്കുന്നു, ലോക്ഡൌണിലൂടെ കടന്നു പോയിട്ടുള്ളവർക്കെല്ലാം തങ്ങളുടെ ജീവിതാനുഭവങ്ങളുടെ മിന്നലാട്ടം പല കഥകളിലും അനുഭവവേദ്യമാവും. സർക്കാരും ഉദാരമതികളും സന്നദ്ധ പ്രവർത്തകരും ലോക്ക്ഡൌൺ കാലത്ത് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളുടെ ആഘാതം കഴിവതും പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെ അനുമോദനാർഹമായിട്ടാണ് മുഖർജി കാണുന്നത്, വിമർശനാത്മകമായിട്ടല്ല മറിച്ച് സമൂഹം മൊത്തത്തിൽ ഒരു പൊതു വിപത്തിനെ നേരിടുമ്പോൾ സ്വീകരിച്ച അന്വോന്യ സഹകരണത്തോടെ നടത്തിയ കൂട്ടായ ശ്രമങ്ങൾക്കാണ് കഥകളിൽ ഊന്നൽ നൽകിയിട്ടുള്ളത്. പട്ടിണി സഹിക്കാൻ വയ്യാതെ വന്ന ഒരു കൂട്ടം യുവാക്കൾ പ്രായാധിക്യമുള്ള ഒരാളെ ആക്രമിച്ച് പേഴ്സും മറ്റും തട്ടിയെടുക്കുന്ന ഒരു കഥ മാത്രമാണ് വേറിട്ടു നിൽക്കുന്നത് എന്നാൽ ഈ കഥയിൽ പോലും തന്നെ കൊള്ളയടിച്ചവരെക്കുറിച്ചൊന്നും പറയാതെ ക്രെഡിറ്റ് കാർഡും മറ്റും കൈമോശം വന്നുവെന്ന് മാത്രമാണ് വയോധികൻ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്.

സന്നദ്ധപ്രവർത്തകർ ഒറ്റപ്പെട്ട് കഴിയുന്ന പ്രത്യേകിച്ച് വയോജനങ്ങൾക്ക്  വീട്ടുസാധനങ്ങളും മരുന്നും മറ്റുമെത്തിച്ച് കൊടുത്ത് സഹായിക്കുന്നത് ഒരു കഥയിൽ വായിക്കാം.  അതേയവസരത്തിൽ വീട്ട് സാധനങ്ങൾ വിതരണം ചെയ്യുന്ന കച്ചവട ശ്രംഖലകൾ പ്രവർത്തിച്ച് തുടങ്ങുന്നതും രേഖപ്പെടുത്തിയിരിക്കുന്നു. കോവിഡാനന്തരകാലത്ത് സാധനവിതരണ ഏജൻസികളും മറ്റും കൂടുതൽ ശക്തമാവുമെന്ന സൂചനയാണ് ഇതിലൂടെ  ഗ്രന്ഥകർത്താവ് നൽകുന്നത്. വടക്കേ ഇന്ത്യയിലും മറ്റും ഇപ്പോഴും നിലനിൽക്കുന്ന ഫ്യൂഡൽ മനോഭാവവും ജാതിവ്യവസ്ഥയുമെല്ലാം കോവിഡ് കാലത്ത് കൂടുതൽ പ്രകടമായി വരുന്നതും ഗ്രന്ഥകർത്താവ് കാണാതിരിക്കുന്നില്ല. എന്നാൽ ഒരു ഫ്യൂഡൽ കുടുംബം അന്യസംസ്ഥാന തൊഴിലാളികൾക്ക് താത്കാലികമായി അവരുടെ വിശാലമായ ആരാധനാമുറിയിൽ താമസസൌകര്യം നൽകുന്നതും ഒരു കഥയിൽ കാണുന്നു.

ലോക്ക്ഡൌൺ കാലം ഒരുതരത്തിൽ എല്ലാവരെയും അവരിലേക്ക് തന്നെ ഉൾവലിയാൻ പ്രേരിപ്പിച്ച കാലം കൂടിയാണെന്നും നിവൃത്തിയില്ലാതെ സ്വീകരിക്കേണ്ടിവന്ന ഒറ്റപ്പെടലിൽ നിന്നും പുറത്തു കടന്ന് സാമൂഹ്യ ജീവിയാവാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും കഥാകാരൻ സൂചിപ്പിക്കുന്നു.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഡി.എൻ. വാഡിയ – ഇന്ത്യൻ ജിയോളജിസ്റ്റുകളിൽ അഗ്രഗാമി
Next post ജോസഫ് ലിസ്റ്ററും രോഗാണുസിദ്ധാന്തവും
Close