Read Time:5 Minute

 ഡോ.ബി. ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ മാർക്ക് ഹോണിങ്ബോമിന്റെ പാൻഡമിക്ക് സെഞ്ച്വറി എന്ന പുസ്തകത്തെ പരിചയപ്പെടാം

പ്ലേഗ് മുതൽ കോവിഡ് വരെയുള്ള മഹാമാരികളുടെ ശാസ്ത്ര സാമൂഹ്യ സാംസ്കാരിക  അടിയൊഴുക്കുകളെക്കുറിച്ചുള്ള  ആധികാരിക ഗ്രന്ഥമാണ് മാർക്ക് ഹോണിങ്സ് ബോമിന്റെ പാൻഡമിക്ക് സെഞ്ച്വറി (Mark Honigsbaum: The Pandemic Century: A History of Global Contagion from the Spanish Flu to Covid-19: 2020). 2019 ൽ ഇതേപേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അവസാന അധ്യായമായി കോവിഡ് വ്യാപനത്തെ സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കയാണ്. ഒബ്സർവർ പത്രത്തിന്റെ മുഖ്യ ലേഖകനും റോയൽ ജോഗ്രാഫിക്ക് സൊസൈറ്റിയുടെ ഫെല്ലോയുമായ ബോം മലേറിയ (The Fever Trail: Malaria, the Mosquito and the Quest: 2012), സ്പാനിഷ് ഫ്ലൂ (A History of the Great Influenza Pandemics: 2013) എന്നീ പകർച്ചവ്യാധികളെക്കുറിച്ചുള്ള  ശ്രദ്ധേയമായ കൃതികൾ രചിച്ച് ശാസ്ത്രസാഹിത്യ രചനയിൽ  ആഗോള അംഗീകാ‍രം ലഭിച്ച എഴുത്തുകാരനാണ്.

മാർക്ക് ഹോണിങ്ബോം

1918-19 ൽ ഒന്നാം ലോക മഹായുദ്ധകാലത്ത് അന്നത്തെ ജനസംഖ്യയുടെ നാലിലൊന്നുവരുന്ന 50 കോടിയാളുകളെ ബാധിക്കയും അതിൽ 10% വരുന്ന 5 കോടിപേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത സ്പാനിഷ് ഫ്ലൂവിനെക്കുറിച്ചുള്ള വിശദമായ വിശകലനത്തോടെയാണ്മ് പുസ്തകം ആരംഭിക്കുന്നത്.  സ്പാനിഷ് ഫ്ലൂവിന് ശേഷം വിവിധകാലഘട്ടങ്ങളിലായി പടർന്ന് പിടിച്ച് പക്ഷിപ്പനി, ലീജിയണേഴ് സ് (Legionnaires’ disease), സാർഴ് സ് (SARS) , എച്ച് ഐ വി/എയ്ഡ്സ്, എബോള, സീക്ക, കോവിഡ് തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ ശാസ്ത്രീയ വശങ്ങളും സാമൂഹ്യ പ്രത്യാഘാതങ്ങളും ബോം സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുന്നു. മഹാമാരികളെ സംബന്ധിച്ച് പൊതുവിൽ ശ്രദ്ധിക്കപ്പെടാതെ പോകാറുള്ള ശാസ്ത്രീയവിവരങ്ങളും പകർച്ചവ്യാധികളുടെ ചരിത്രവും സാമൂഹ്യശാസ്ത്രപരമായ വശങ്ങളുമെല്ലാം ബോം  ആധികാരികമായ രേഖകളുടെയും പഠനങ്ങളുടെയും സഹായത്തോടെ വിശകലന വിധേയമാക്കുന്നു. മഹാമാരി നിയന്ത്രണത്തിനായി മൌലിക സംഭാവന നൽകകയും വേണ്ടത്ര അംഗീകരിക്കപ്പെടാതെ വിസ്മൃതിയിൽ ലയിക്കയും ചെയ്ത ശാസ്ത്രസാങ്കേതിക വിദഗ്ധരേയും പൊതുജനാരോഗ്യ പ്രവർത്തകരെയും സംബന്ധിച്ച് ഇതിന് മുൻപ് രേഖപ്പെടുത്താതെ പോയ ഒട്ടനവധി വിവരങ്ങൾ ബോം പുറത്ത് കൊണ്ട് വരുന്നുണ്ട്, അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച രോഗ അപസർപ്പർ (Disease Detectives) എന്ന ബോം വിശേഷിപ്പിക്കുന്ന രോഗവ്യാപന അന്വേഷകരേയും പ്രഗത്ഭ ശാസ്ത്രജ്ഞരോയും പരിചയപ്പെടുത്തുന്നതോടൊപ്പം പൊതുജനാരോഗ്യ സംരംഭങ്ങൾ തടസ്സം നിൽക്കുന്ന പൊതുജനാരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥ പ്രവണതകളെയും ബോം പരിചയപ്പെടുത്തുന്നു.

പാർച്ചവ്യാധി രോഗനിർണ്ണയത്തിലും ചികിത്സയിലെമെല്ലാം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വലിയ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ടെങ്കിലും  പുതിയ വൈറസുകളിൽ നിന്നും മനുഷ്യരാശി  നിരന്തരം വെല്ലുവിളി നേരിട്ടുവരികയാണ്. പ്രകൃതിയുടെ മേൽ  വികസന പ്രവർത്തനങ്ങളുടെ പേരിൽ ലാഭേച്ഛയോടെ നടത്തുന്ന കൈയേറ്റങ്ങൾ പകർച്ചവ്യാധി വ്യാപനത്തിനുള്ള സാഹചര്യമൊരുക്കുന്നത്,  സാമ്പത്തികശേഷിയുടെയും വംശം, ലിംഗം, സാമൂഹ്യ പിന്നാക്കവസ്ഥ, തുടങ്ങിയ  ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ മഹാമാരികൾ വിവിധ ജനവിഭാഗങ്ങളിൽ എങ്ങിനെയാണ് വ്യത്യസ്തമായ  പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്ന് ബോം വിശകലനം ചെയ്യുന്നു. മഹാമാരി ശാസ്ത്രസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ  ഈ കൃതി കോവിഡ് കാലത്ത് എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ്.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാന്തിസ്വരൂപ് ഭട്‌നഗർ
Next post വൈറസിനെതിരായ മരുന്നുകൾ അപൂർവ്വമായത് എന്തുകൊണ്ട് ?
Close