Read Time:6 Minute

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ സോമർസെറ്റ് മോമിന്റെ പെയിന്റഡ് വെയിലിനെക്കുറിച്ച് (The Painted Veil) എഴുതുന്നു.

വിശ്വസാഹിത്യത്തിൽ  സാഹിത്യകാരന്മാരായ ഡോക്ടർമാരായും ഡോക്ടർമാരായ സാഹിത്യകാരന്മാരുമായി അറിയപ്പെടുന്ന നിരവധി പ്രതിഭകളുണ്ട്. ഇവരിൽ പ്രമുഖനാണ് ഇംഗ്ലീഷ് സാഹിത്യകാരനും കേരളീയർക്ക് ഏറെ പരിചിതനുമായ സോമർസെറ്റ് മോം (William Somerset Maugham 1874 – 1965). ഡോക്ടർ സാഹിത്യകാരന്മാരായ എ ജെ ക്രോണിന്റെ (Archibald Joseph Cronin: 1896 –1981), സിറ്റാഡൽ (The Citadel: 1937)   അന്റോൺ ചെക്കോവിന്റെ (Anton Pavlovich Chekhov: 1860- 1904) വാർഡ് നമ്പർ ആറ് (Ward No. 6: 1892)  എന്നിവ പോലെ  വൈദ്യശാസ്ത്രവുമായി ബന്ധമുള്ള കൃതികളൊന്നും സോമർസെറ്റ് മോം രചിച്ചിട്ടില്ല എന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചൈനീസ് വൻകരയിൽ പൊട്ടിപ്പുറപ്പെട്ട കോളറാ മഹാമാരിയുടെ പശ്ചാത്തലത്തിൽ മോം എഴുതിയ പെയിന്റഡ് വെയിൽ (The Painted Veil: 1925)  എന്ന പ്രണയകഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്.

സോമർസെറ്റ് മോം (William Somerset Maugham)

അമേരിക്കയിലെ കോസ്മോപോളിറ്റൻ മാസികയിലും ബ്രിട്ടനിലെ നാഷ് മാസികയിലുമായിട്ടാണ് ഏതാനും തുടർലക്കങ്ങളിലായി നോവൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ ജോലി നോക്കിയ കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മോം പ്രസ്തുത നോവലെഴുതിയതെന്ന് മോമിന്റെ ജീവചരിത്രകാരൻ റിച്ചാർഡ് കോർഡൽ (Richard Cordel) രേഖപ്പെടുത്തിയിട്ടുണ്ട്. 1899-1923 ലെ ഏഴാം വ്യാപന കാലത്ത് ഏഷ്യയിലും യൂറോപ്പിലും കോളറ പടർന്ന് പിടിച്ചിരുന്നു. സെന്റ് തോമസ് ആശുപത്രിയിൽ കോളറാ രോഗികളെ ചികിത്സിച്ചപ്പോൾ ലഭിച്ച അനുഭവങ്ങൾ നോവൽ രചനയിൽ മോമിനെ സഹായിച്ചിട്ടുണ്ടാവണം.

വാൾട്ടർ വെയിൻ എന്ന ഡോക്ടറും ഭാര്യ കിറ്റിയും കിറ്റിയുടെ വിവാഹേതര ബന്ധത്തിലുള്ള കാമുകൻ കൊളോണിയൽ സെക്രട്ടറി ചാർളി ടൌൺസെഡും ചേർന്നുള്ള ത്രികോണ ബന്ധത്തെ കേന്ദ്രീകരിച്ചാണ് നോവൽ വികസിക്കുന്നത്.  വാൾട്ടർ ഹോംകോങിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് കിറ്റിയും ചാർലിയും തമ്മിലുള്ള രഹസ്യബന്ധം ആരംഭിക്കുന്നത്. അതിനിടെ ചൈനീസ് വൻകരയിൽ കോളറാ പടർന്ന് പിടിച്ചതിനെ തുടർന്ന് വാൾട്ടർ ചൈനയിലേക്ക് വൈദ്യസേവനത്തിനായി പോസ്റ്റ് ചെയ്യപ്പെടുന്നു. ഭാര്യയുടെ അവിഹിതബന്ധം മനസ്സിലാക്കിയ വാൾട്ടർ ഒന്നുകിൽ വിവാഹമോചനം നടത്തുകയോ അല്ലെങ്കിൽ തന്നോടൊപ്പം ചൈനയിലേക്ക് വരികയോ  ചെയ്യണമെന്ന് കിറ്റിയോട് ആവശ്യപ്പെടുന്നു. ചാർലി ഒരു ദുർവൃത്തനാണെന്ന് മനസ്സിലാക്കിയ കിറ്റി വാൾട്ടറിനോടൊപ്പം ചൈനയിലെത്തുന്നു. കോളറാബാധിതരെ ചികിത്സിക്കുന്നതിന്റെ ഭാഗമായി  മഹാമാരികാലത്ത് ജനങ്ങൾ അനുവഭിക്കേണ്ടിവരുന്ന ദുരിതവും കഷ്ടപ്പാടുകളും നേരിട്ട് മനസ്സിലാക്കാൻ വാൾട്ടറിന് കഴിയുന്നു. തന്റെ ചികിത്സാനുഭവങ്ങളുടെ  വിവരണത്തിലൂടെ ചൈനയിലെ കോളറാ മഹാമാരി വ്യാപനത്തിന്റെ വ്യകതമായ ചിത്രം വാൾട്ടർ നൽകുന്നുണ്ട്. ഒരു കന്യാസ്ത്രീ മഠത്തിൽ കോളറ ബാധിച്ച കുട്ടികളുടെ പരിചരണത്തിൽ കിറ്റിയും പങ്കാളിയാവുന്നു. ഒരു ബാക്ടിരിയോളജിസ്റ്റ് കൂടിയ വാൾട്ടർ സ്വശരീരത്തിൽ കോളറക്കെതിരായ ഒരു ചികിത്സാ വിധി പരീക്ഷിച്ച് നോക്കുന്നതിനിടെ രോഗം ബാധിച്ചു മരണമടയുന്നു. രോഗചികിത്സക്കിടയിലും വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്കിടയിലും രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഭിഷഗ്വരന്മാരുടെ പട്ടികയിൽ വാൾട്ടർ സ്ഥാനം പിടിക്കുന്നു.

മോമിന്റെ ഓഫ് ഹ്യൂമൻ ബോണ്ടേജ് (Of Human Bondage:1915) ലിസ ഓഫ് ലാംബത്ത് (Liza of Lambeth: 1897) തുടങ്ങിയ പുസ്തകങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ നോവലാണ് പെയിന്റഡ് വെയിൽ. എങ്കിലും ബ്രിട്ടീഷ് മെഡിക്കൽ ജേർണലിന്റെ 2007 ജൂലൈ ലക്കത്തിൽ മെഡിക്കൽ ക്ലാസിക്ക് പംക്തിയിൽ പെടുത്തി ഒരു മികച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു. (Medical Classics The Painted Veil: Peter Cross, BMJ. 2007 Jul 14; 335(7610): 101.)

പെയിന്റഡ് വെയിൽ എന്ന കൃതിക്ക് മൂന്ന് സംവിധായകർ വ്യത്യസ്ഥകാലത്തായി  മൂന്ന് ചലച്ചിത്ര ഭാഷ്യങ്ങളൊരുക്കിയിട്ടുണ്ട്.   പ്രസിദ്ധ അഭിനേത്രി  ഗ്രെറ്റാ ഗാർബോ (Greta Garbo:  1905 – 1990)  അഭിനയിച്ച ചിത്രം  1934 ലും സെവന്ത് സിൻ (The Seventh Sin) എന്ന പേരിൽ 1957 ലും പ്രസിദ്ധ അമേരിക്കൻ ഡയറക്ടർ ജോൺ  കുറാൻ  (John Curran: 1960-) സംവിധാനം ചെയ്ത ചിത്രം 2006 ലും റിലീസ് ചെയ്യപ്പെട്ടു.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടിലൂക്ക-പുസ്തകങ്ങൾ
Next post ജലദോഷം കോവിഡിനെ പ്രതിരോധിക്കാൻ തുണയാകുമോ?
Close