Read Time:7 Minute

 ഡോ.ബി. ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ റേച്ചൽ ക്ലർക്കിന്റെ ബ്രെത്ത്റ്റേക്കിംഗ് എന്ന പുസ്തകത്തെ പരിചയപ്പെടാം

യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്റെ 2020 ഏപ്രിൽ വരെയുള്ള ഒന്നാം ഘട്ടം. എന്താണ് സംഭവിക്കുന്നതറിയാതെ ലോകത്തെ സമ്പന്ന രാജ്യങ്ങൾ വരെ പകച്ച് നിന്ന സന്ദർഭം. ആരോഗ്യപ്രവർത്തകർ പുതിയ വൈറസ് ആക്രമണത്തെ നേരിടാൻ ഉറക്കമില്ലാതെ പടപൊരുതി തുടങ്ങി. ഇക്കാലത്ത് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിൽ പാലിയേറ്റീവ് കെയർ നഴ്സായി ജോലിനോക്കിയിരുന്ന റേച്ചൽ ക്ലർക്ക് ആശുപത്രി ചുമതലകൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഉറക്കം വരാതെ ചെലവഴിക്കേണ്ട സന്ദർഭത്തിൽ ആശുപത്രി അനുഭവങ്ങൾ ഡയറിക്കുറിപ്പായി എഴുതി രേഖപ്പെടുത്തി. റേച്ചലിന്റെ ഹൃദയസ്പർശിയായ അനുഭവ വിവരണങ്ങൾ പിന്നീട് ബ്രത്ത്റ്റേക്കിംഗ് ( Breathtaking: Inside the NHS in a Time of Pandemic by Rachel Clarke  26 January, 2020) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. കോവിഡ് കാലത്തെ ശ്രദ്ധേയമായ കൃതി എന്ന നിലയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ടു വരികയാണ് റേച്ചലിന്റെ പുസ്തകം . ഡോക്ടറായ തന്റെ പിതാവിന്റെയും പാലിയേറ്റീ കെയർ നഴ്സെന്ന നിലയിലുള്ള തന്റെയും അനുഭവങ്ങൾ ഉൾപ്പെടുത്തി കോവിഡ് കാലത്തിന് തൊട്ട് മുൻപ് റേച്ചൽ എഴുതിയ ഡീയർ ലൈഫ് (Dear Life: A Doctor’s Story of Love and Loss: 2020) എന്ന പുസ്തകത്തിലൂടെ വൈദ്യസേവനത്തിന്റെ മാനുഷിക തലം അനാവരണം ചെയ്യുന്ന എഴുത്തുകാരിയെന്ന നിലയിൽ റേച്ചൽ ക്ലാർക്ക് അംഗീകാരം നേടിയിരുന്നു.

റേച്ചൽ ക്ലർക്ക്

എയ്ഡ്സ്, എബോള എന്നീ പകർച്ചവ്യാധികൾ നേരിടേണ്ടി വന്നപ്പോഴുള്ള അനുഭവ വിവരണത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർ പോലും രണ്ട് രോഗത്തേയും ഭയത്തോടും ആശങ്കയോടും കൂടിയാണ് സമീപിച്ചത്. ചൈനയിലെ വൂഹാനിൽ അപൂർവ്വമായ ശ്വാസകോശരോഗം കണ്ട് തുടങ്ങിയെന്ന ആദ്യമായി വെളിപ്പെടുത്തിയ ലി വിയാൻലിങ് (Li Wenliang  1986 –2020) എന്ന നേത്രരോഗ ചികിത്സകനായ ഡോക്ടർക്ക് അധികൃതരിൽ നിന്നും നേരിടേണ്ടി വന്ന ഭീഷണി റേച്ചലിനെ അസ്വസ്ഥയാക്കിയിരുന്നു. പിന്നീട് ലി വിയാൻ ലിങ് തന്റെ വയസ്സിൽ കോവിഡ് ബാധിച്ച് മരിക്കേണ്ടി വന്നതിലുള്ള വേദന റേച്ചൽ മറ്റ് ആരോഗ്യ പ്രവർത്തകരോടൊപ്പം പങ്കിടുന്നുണ്ട്. കോവിഡ് രോഗം വെരുകിൽ (Civet Cat) നിന്നും മനുഷ്യനിലേക്ക് പകരാനുള്ള അനിവാര്യമായ സാഹചര്യമൊരുക്കിയ വൂഹാനിലെ അപൂർവ്വ ജന്തുക്കളെ വിൽക്കുന്ന ശുചിത്വം തീരെ പാലിക്കാത്ത വന്യമൃഗ മാർക്കറ്റിന്റെ (Wet Market) വിശദമായ വിവരണം റേച്ചൽ നൽകുന്നു. മൃഗജന്യരോഗങ്ങൾ മനുഷ്യരിലെത്തി മാരകമായ പകർച്ചവ്യാധികളുണ്ടാക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് ഇതിലൂടെ മനസ്സിലാക്കാനാവും.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളുമായി അടുത്തിടപെടുമ്പോഴുള്ള അനുഭവങ്ങളാണ് പ്രധാനമായും റേച്ചൽ അവതരിപ്പിക്കുന്നത്. ബ്രിട്ടനിലെ ആശുപത്രിയിൽ നടക്കുന്ന സംഭവങ്ങളെങ്കിലും റേച്ചലിന്റെ അനുഭവങ്ങൾക്ക് രാജ്യാതിർത്തികൾ ഉല്ലംഘിച്ച് കൊണ്ടുള്ള സാർവലൌകിക പ്രസക്തിയുണ്ട്. കോവിഡ് ബാധിച്ച് മരണത്തെ അഭിമുഖീകരിക്കുന്ന വിൻസ്റ്റൻ എന്ന വയോധികന്റെ മക്കളായ റോബർട്ടിനോടും മിഷേലിനോടും അവരുടെ അച്ചന്റെ ഗുരുതരാവസ്ഥ റേച്ചൽ അറിയിക്കുന്ന ഒരു രംഗം പുസ്തകത്തിലുള്ളത് കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് ചുമതല നിർവഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതാണ്. തങ്ങളുടെ പിതാവിന്റെ മരണം അനിവാര്യമാണെന്ന് മനസ്സിലാക്കിയ മക്കൾ ദു:ഖം ഉള്ളിലൊതുക്കി ഇനിയും രോഗികൾക്ക് ആശ്വാസം പകരേണ്ട റേച്ചലും സഹപ്രവർത്തകരും കോവിഡ് പകരാതെ സൂക്ഷിക്കണമെന്ന് ആഭ്യർത്ഥിക്കയാണ് ചെയ്യത്. ഡോക്ടർ രോഗി ബന്ധത്തിന്റെ പരിപാവനതയും ഊഷ്മളത്യും വെളിപ്പെടുത്തുന്ന സന്ദർഭം കൂടിയാണിത്.

കോവിഡ് ചികിത്സാനുഭവങ്ങൾക്ക് പുറമേ സമ്പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയ ആരോഗ്യ സംവിധാനം നിലവിലുള്ള National Health Services: NHS എന്തുകൊണ്ടാണ് കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും പരാജയപ്പെട്ടതെന്നതിലേക്കും റേച്ചൽ വെളിച്ചം വീശുന്നുണ്ട്. അധികൃതരുടെ അവഗണനയും വിഭവദാരിദ്ര്യവും മൂലം കോവീഡ് കാലത്തിന് മുൻപ തന്നെ എൻ എച്ച് എസ് പ്രതിസന്ധികളിലൂടെ കടന്ന് പോവുകയായിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ എൻ എച്ച് എസ് ആശുപത്രികളിലെ അടിസ്ഥാന ചികിത്സാ സൌകര്യങ്ങൾ വളരെ അപര്യാപ്തമാണ്. ജർമ്മനിയിലെ ആശുപത്രികളിലെ കിടക്കകളുടെ മൂന്നിലൊന്നും ഡോക്ടർമാർ, നഴ് സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ മൂന്നിൽ രണ്ടും തീവ്രപരിചരണ സംവിധാനങ്ങളുടെ അഞ്ചിലൊന്നും മാത്രമാണ് ജനസംഖ്യാനുപാതമായി നോക്കുമ്പോൾ എൻ എച്ച് എസിലുള്ളത്. എൻ എച്ച് എസിനെ അവഗണിച്ച് ടെസ്റ്റിംഗും പിപി ഇ (PPE: Personal Protection Equipments) തുടങ്ങിയ സുരക്ഷവസ്തുക്കളുടെ വിതരണവും സ്വകാര്യ ഏജൻസികളെ സ ഏല്പിച്ചതും കോവിഡ് നിയന്ത്രണത്തെ പ്രതികൂലമായി ബാധിച്ചു. റേച്ചലിനെ പോലെ എൻ എച്ച് എസിനെ രക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ വൈദ്യസമൂഹം ബ്രിട്ടനിലുണ്ടെന്നത് എൻ എച്ച് സിന്റെ ഭാവിയെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നൽകുന്നു. കോവിഡ് കാലം വൈദ്യസേവനത്തിന്റെ ആർദ്രതയും ബ്രിട്ടനിലെ എൻ എച്ച് എസ് നേരിട്ടുവരുന്ന അവഗണനയുടെയും പരിച്ഛേദമാണീ ശ്രദ്ധേയമായ കൃതി.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം
Next post 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
Close