കോവിഡ് ലോക്ക്ഡൗൺ കാല ചലച്ചിത്രം: പുത്തം പുതുകാലൈ

ഡോ ബി ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര രചനകളിലൂടെ പംക്തിയിൽ തമിഴ് ചലച്ചിത്രം “പുത്തം പുതുകാലൈ എന്ന സിനിമ പരിചയപ്പെടുത്തുന്നു.

കോവിഡ് കാലാനുഭവങ്ങൾ പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രങ്ങൾ വിവിധ രാജ്യങ്ങളിലും ഇന്ത്യയിൽ വിവിധ ഭാഷകളിലും റിലീസ് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് തമിഴ് ചലച്ചിത്രം “പുത്തം പുതുകാലൈ“ (നവ പുലർകാലത്തിലേക്ക്). 2020 മാർച്ചിൽ 21 ദിവസം നീണ്ടുനിന്ന ലോക്ക്ഡൌൺ കാലത്തെ അഞ്ച് കുടുംബങ്ങളുടെ അനുഭവങ്ങൾ കോർത്തിണക്കി അഞ്ച് ലഘു ചലച്ചിത്രങ്ങളായാണ് പുത്തം പുതുകാലൈ അവതരിപ്പിച്ചിട്ടുള്ളത്. അഞ്ചു വ്യത്യസ്തരായ സംവിധായകരാണ് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്, മലയാളി നടീനടന്മാരായ ജയറാം, ഉർവശി, കല്യാണി പ്രിയദർശൻ, കാളിദാസ് ജയറാം എന്നിവർ വിവിധ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രങ്ങൾക്കൊന്നും കോവിഡുമായി നേരിട്ടു ബന്ധമില്ല. എന്നാൽ ലോക്ക്ഡൌൺ കാലത്ത് പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ മനുഷ്യബന്ധങ്ങളുടെ പ്രസക്തി തിരിച്ചറിയുന്ന മനുഷ്യരെയാണ് ചലച്ചിത്രം അവതരിപ്പിക്കുന്നത്. എല്ലാവരുടെയും ഉള്ളിൽ പലപ്പോഴും അവരറിയാതെ നിലനിൽക്കുന്ന മാനവികതയും ആർദ്രതയും പുറത്ത് കൊണ്ടുവരാനുള്ള നിമിത്തമായി ലോക്ക് ഡൌൺ കാലം മാറുന്നതായി ചിത്രങ്ങളിൽ കാണാൻ കഴിയും

ഒന്നാമത്തെ “ഇല്ലാമോ ഇദൊ ഇദോ“ എന്ന ചിത്രത്തിൽ വിഭാര്യനായി ഒറ്റക്ക് താമസിക്കുന്ന വയോധികനാ‍യ രാജീവിന്റെ വീട്ടിൽ ഏതാനും ദിവസം ഒരുമിച്ച് കഴിയാൻ അയാളുടെ പഴയകാല കാമുകി ലക്ഷ്മി എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. തീരെ പ്രതീക്ഷിക്കാതെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഇവർ ബുദ്ധിമുട്ടിലായി. മാത്രമല്ല കൂടുതൽ നാൾ ഒരുമിച്ച് കഴിഞ്ഞതോടെ ഇരുവരും തമ്മിൽ നിസ്സാരകാര്യങ്ങൾക്ക് വഴക്കാരംഭിക്കാനും തുടങ്ങി. അതിനിടെ രാജീവിന്റെ മകളും മരുമകനും വീട്ടിലെത്തുന്നു. ലക്ഷ്മി അവർ കാണാതെ ഒളിച്ചിരിക്കുന്നു. രാജീവും മകളും തമ്മിൽ കുറച്ച് സമയം സന്തോഷത്തോടെ ചെലവഴിക്കുന്നു. രാജീവ് സമർത്ഥമായി ഇരുവരെയും പറഞ്ഞയക്കുന്നു. ഊഷ്മളമായ സ്നേഹബന്ധത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ രാജീവും ലക്ഷിയും അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് വീണ്ടും ഒന്നിക്കുന്നു. അവരും ഞാനും“ എന്ന രണ്ടാം ചിത്രത്തിൽ ലോക്ക്ഡൌൺ കാലത്ത് ഒറ്റക്ക് കഴിഞ്ഞിരുന്ന റിട്ടയേർഡ് ശാസ്ത്രജ്ഞനോടൊപ്പം ചെലവഴിക്കാൻ അയാളുമായി പിണങ്ങികഴിഞ്ഞിരുന്ന ഐറ്റി സ്പെഷ്യലിസ്റ്റായ കൊച്ചുമകൾ എത്തുന്നു. ഇരുവരും അവരുടെ ജീവിതാനുഭവങ്ങൾ പങ്ക് വക്കുന്നതിലൂടെ അകൽച്ച മാറി തമ്മിലടുക്കുന്നു. മരണം ഏപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ബോധമില്ലാതെ കോമയിൽ കഴിയുന്ന അച്ചന്റെ ശുശ്രൂഷയിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ പലകാരണങ്ങൾ കൊണ്ട് അവഗണിച്ചിരുന്ന പെൺമക്കൾ എത്തുന്നതാണ് “കോഫി എനിവൺ“ എന്ന ചിത്രത്തിലുള്ളത്. അവരെ അത്ഭുതപ്പെടുത്തികൊണ്ട് അമ്മക്ക് ബോധം തിരിച്ച് കിട്ടുകയും അച്ചന്റെ പരിചരണം തുടരുകയും ചെയ്യുന്നു. മക്കളാൽ അവഗണിക്കപ്പെട്ട് കഴിയേണ്ടിവരുന്ന വയോജനങ്ങളുടെ മാനസികപ്രശ്നങ്ങൾ അത് തിരിച്ചറിയുന്ന മക്കളുമാണ് ചിത്രത്തിന്റെ പ്രമേയം.

റീ യൂണിയൻ“ എന്ന ചിത്രത്തിൽ കോവിഡ് രോഗിയെ ചികിത്സിച്ച് വീട്ടിലെത്തി ക്വാറന്റൈനു വിധേയനാവേണ്ടി വന്ന ഡോക്ടർ വിക്രമിന്റെ വീട്ടിലേക്ക് യാദൃശ്ചികമായി അദ്ദേഹത്തിന്റെ കോളേജ്കാല കാമുകി സാധന കടന്നു വരുന്നു. അപ്രതീക്ഷിതമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് കൊണ്ട് സാധനക്ക് വിക്രമിന്റെ വീട്ടിൽ അയാളൂടെ അമ്മയുടെ സ്നേഹമേറ്റുവാങ്ങി കഴിയേണ്ടിവരുന്നു. കടുത്ത മയക്ക് മരുന്നു സേവകയായ സാധനയെ അതിൽ നിന്നും വിക്രമും അമ്മയും രക്ഷപ്പെടുത്തുന്നു. പഴയകാല പ്രണയിനികൾ ഒന്നിക്കുന്നു. അവസാനത്തെ “മിറക്കിൾ“ എന്ന ഫലിത ചിത്രത്തിൽ രണ്ട് കള്ളന്മാർ ലോക്ക്ഡൌൺ കാലത്ത് മോഷണത്തിനായി നടത്തുന്ന വിഫല ശ്രമങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. മോഷ്ടാക്കൾ തട്ടിയെടുക്കുന്ന പണം സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഒരു സിനിമാ നിർമ്മാതാവിന് അപ്രതീക്ഷിതമായി ലഭിക്കുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ അത്ഭുതങ്ങൾ പ്രവചിക്കുന്ന കപട ബാബയെ തുറന്ന് കാട്ടാനാണ് സംവിധായകൻ ശ്രമിക്കുന്നത്.

ലോക്ക്ഡൌൺ കാലത്ത് ഒറ്റപ്പെടലും തൊഴിൽ നഷ്ടവും മറ്റ് നിരവധി മാനസിക പ്രശ്നങ്ങളും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടായിട്ടുണ്ടെന്നത് ശരിതന്നെ. എന്നാൽ മനുഷ്യരെ തമ്മിലടുപ്പിക്കാനും പലരുടെയും ഉള്ളിൽ അടക്കിവച്ചിരുന്ന വികാരവിചാരങ്ങൾ പുറത്ത് കൊണ്ടുവരാനും ഒത്തൊരുമക്കുള്ള അവസരം സൃഷ്ടിക്കാനും ലോക്ക് ഡൌൺ കാ‍ലം അനുകൂല സാഹചര്യം കൂടി സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഈ ലഘുചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു.


മറ്റു ലേഖനങ്ങൾ

 

Leave a Reply