Read Time:10 Minute

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ ഇറ്റാലിയൻ സാഹിത്യകാരനായ ബെക്കാച്ചിയോയുടെ ഡക്കാമറോണിനെക്കുറിച്ച് വായിക്കാം

രണ്ടാം നൂറ്റാണ്ടിലെ അന്റോണിൻ പ്ലേഗിനും 5-6 നൂറ്റാണ്ടുകളിലെ ജസ്റ്റിനിയൻ പ്ലേഗിനും ശേഷം പ്ലേഗ് മഹാമരിയുടെ മൂന്നാം വരവ് യൂറോപ്പിലാണ് സംഭവിച്ചത്.  പതിനാലാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ നിന്നാരംഭിച്ച്  പാ‍ശ്ചാത്യരാജ്യങ്ങളിലേക്ക് വ്യാപിച്ച് അഞ്ച് നൂറ്റാണ്ടുകൾ നീണ്ട് നിന്ന് പ്ലേഗിന്റെ മൂന്നാം യാത്ര 1830 കളിൽ അവസാനിച്ചു. 1347 മുതൽ 1353 വരെയുള്ള യൂറോപ്പിലെ പ്ലേഗ് വ്യാപന തരംഗം “കരിമരണം“  (Black Death) എന്നാണറിയപ്പെടുന്നത്.   യൂറോപ്പിലെ പ്ലേഗ് കരിമരണ കാലമാണ് ഇറ്റാലിയൻ സാഹിത്യകാരനായ ബെക്കാച്ചിയോയ്ക്ക് (Giovanni Boccaccio 1313 –1375) വ്യത്യസ്തമായ ആഖ്യാനരീതിയുള്ള ഡക്കാമറോൺ (The Decameron; 1492)  രചിക്കാൻ പ്രേരകമായത്.

കരിമരണം -1350 ലെ ഒരു മാനുസ്ക്രിപ്റ്റിലെ ചിത്രീകരണം

യൂറോപ്പിലേക്കുള്ള  പ്ലേഗിന്റെ വരവറിയിച്ച് കൊണ്ടാണ്  കരിങ്കടൽ കടന്ന് ജെനോവായിൽ നിന്നെത്തിയ കപ്പലുകൾ 1347 ൽ സിസിലിയിലെ മെസ്സിന ദ്വീപു തുറമുഖത്താണ് നങ്കൂരമടിച്ചത്. തുടർന്ന് സർഡിനിയ, കൊർസിക്ക എന്നീ ദ്വീപുകളിലേക്കും ഇറ്റാലിയൻ വൻ കരയിലേക്കും പ്ലേഗ്  അതിവേഗം പടർന്ന് പിടിച്ചു. മെഡിറ്ററേനിയൻ വ്യാപര ശ്രംഖലയിൽ കേന്ദ്രസ്ഥാനം വഹിച്ചിരുന്ന ഇറ്റലിയുടെ ഭൂമിശാസ്ത്രപരമായ ദോഷസ്ഥിതി (Vulnerability) പ്ലേഗ് മാഹാമാരിയെ ക്ഷണിച്ച് വരുത്തുന്നതിന് കാരണമായതിൽ അത്ഭുതപ്പെടാനില്ല.

ബെക്കാച്ചിയോ

മഹാമാരിക്ക് അതിവേഗ പടർന്ന് വ്യാപിക്കാൻ അനുഗുണമായ സാമൂഹ്യ സാമ്പത്തിക സാഹചര്യമാണ് അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്നത്. നീണ്ടകാലത്തേക്ക് നിലനിന്നിരുന്ന സാമ്പത്തിക പ്രതിസന്ധിയും അതിന്റെ ഭാഗമായ സാമൂഹ്യ അസ്ഥിരതയും യൂറോപ്പിനെ മഹാമാരി പടർന്ന് പിടിക്കാൻ പറ്റിയ വളക്കൂറുള്ള പ്രദേശമാക്കി മാറ്റി. പതിമൂന്നാം നൂറ്റാണ്ടിൽ  സാമ്പത്തിക വളർച്ചയോടൊപ്പം ജനസംഖ്യാവർധനവിനും യൂറോപ്പ് സാക്ഷ്യം വഹിച്ചു.  പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ യൂറോപ്പിലെ ജനസംഖ്യ നേർ ഇരട്ടിയായി കുതിച്ചുയരുന്നു. യൂറോപ്പ് വൻതോതിൽ  നഗരവൽക്കരണത്തിന് വിധേയമായി . യാതൊരു ശുചിത്വ സംവിധാനങ്ങളുമില്ലാത്ത നഗരപ്രദേശങ്ങളിൽ തികച്ചും അനാരോഗ്യകരങ്ങളായ ചുറ്റുപാടുകളിൽ താമസസൌകര്യങ്ങൾ ഒട്ടുമില്ലാതെ ജനങ്ങൾക്ക്  തിങ്ങിപാർത്ത് ജീവിക്കേണ്ട സ്ഥിതി വിശേഷമാണുണ്ടായിരുന്നത്. 1270 ആവുമ്പോഴേക്കും ഉല്പാദനം കുറയുകയും സാമ്പത്തിക മാന്ദ്യം പ്രകടമാവുകയും ചെയ്തു. ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു ജീവിതമാർഗ്ഗം അടഞ്ഞു. പട്ടിണിയും പോഷണക്കുറവുമൂലമുള്ള രോഗങ്ങളും വ്യാപകമായി. പല പ്രദേശങ്ങളും ക്ഷാമത്തിന്റെ പിടിയിലായി, പട്ടിണി മരണങ്ങൾ സർവസാധാരണമായി.

കരിമരണത്തിന്റെ നാളുകൾ- ഒരു ചിത്രീകരണം

അതിനിടെ മോശം കാലവസ്ഥ കടന്ന് വന്നത് ജനജീവിതത്തെ കൂടുതൽ ദുരിതമയമാക്കുകയും രോഗവ്യാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കയും ചെയ്തു.. തുടർച്ചയായ മഴയും തണുത്ത കാലവസ്ഥയും വർഷങ്ങളോളം നീണ്ടു നിന്ന കാർഷിക തകർച്ചയിലേക്ക് നയിച്ചു.  1315 മുതൽ 1322 വരെ യൂറോപ്പ് മഹാക്ഷാമത്തിന്റെ (Great Famine) പിടിയിലായി. ദശലക്ഷങ്ങൾ മരണമടഞ്ഞു. ഇതിനെല്ലാം പുറമേ മഹാഗോമാരി (Great Bovine Pestilence)  എന്നറിയപ്പെടുന്ന റിൻഡർ പെസ്റ്റ്  (Rinderpest) പകർച്ചവ്യാധി  വടക്കേ യൂറോപ്പിൽ ആയിരക്കണക്കിന് കന്നുകാലികളെ കൊന്നൊടുക്കി. കൃഷിക്കും മാംസാഹാരത്തിനും പാലിനുമെല്ലാം ആശ്രയമായ കന്നുകാലികളുടെ കൂട്ടത്തോടെയുള്ള മരണം സമ്പദ്ഘടനയേയും ജനജീവിതത്തേയും കൂടുതൽ പ്രതിസന്ധികളിലേക്ക് നയിച്ചു.

ദി ഡെക്കമറോൺ – 1620 ലെ പതിപ്പിന്റെ മുഖചിത്രം

മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന അസമത്വത്തിലധിഷ്ടിതമായിരുന്ന സാമൂഹ്യവ്യവസ്ഥിതിയും  അധികാരഘടനയും  സാമ്പത്തിക മാന്ദ്യത്തിന്റെയും  ദാരിദ്ര്യത്തിന്റെയും തീവ്രത ത്വരിതപ്പെടുത്തി. സമാധാനകാലത്ത് തന്നെ കനത്ത നികുതികളും അമിതമായ വീട്ടുവാടകയും പാട്ടവും തൊഴിൽ ബാധ്യതകളും മറ്റും മൂലം സാധാരണജനങ്ങൾക്ക് നീക്കിബാക്കിയായൊന്നും അവശേഷിപ്പിക്കാനുണ്ടായിരുന്നില്ല. സമ്പന്നർക്കും അധികാരിവർഗ്ഗത്തിനും തങ്ങളുടെ ആഡംബര ജീവിതരീതികൾ നിലനിർത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം. അതേയവസരത്തിൽ ജനങ്ങളെ കൊള്ളയടിച്ച് കുന്നുകൂട്ടിയ സമ്പത്തിന്റെ നേരിയ അംശം പോലും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ചെലവിടാനും അവർ തയ്യാറായില്ല, സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി വരുമാനം കുറഞ്ഞപ്പോൾ നികുതിയും വാടകയും പാട്ടവുമെല്ലാം വർധിപ്പിച്ച് സാധാരണക്കാരെ കൂടുതൽ ചൂഷണം ചെയ്ത് തങ്ങളൂടെ ദുർവ്യയത്തിനാവശ്യമായ വിഭവം  കണ്ടെത്താനാണ് സമ്പന്നവർഗ്ഗം  ശ്രമിച്ചത് . ഇതിന്റെയെല്ലാം ഫലമായി പട്ടിണിയുടെ ഫലമായുള്ള  പോഷകക്കുറവുമൂലം പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി തുലോം ക്ഷയിച്ചിരുന്നപ്പോഴാണ് കടൽ കടന്ന് മഹാമാരി രംഗപ്രവേശം ചെയ്തത്.

കരിമരണ നാളുകൾ ബൊക്കാച്ചിയോയുടെ കുടുംബത്തിലും പലരുടെയും ജീവനപഹരിച്ചു. തന്റെ പിതാവിനെയും രണ്ടാനമ്മയെയും അപഹരിച്ചതും താൻ സാക്ഷ്യം വചിച്ചതുമായ മഹാമാരിയെ അധികരിച്ച് നൂറു കഥകൾ പത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കയാണ് ബോക്കാച്ചിയോ ഡെക്കാമറൻ എന്ന  രചനാഘടനയിൽ പ്രത്യേകതകൾ ഏറെയുള്ള ഡക്കാമറോൺ എന്ന മഹാമാരി ക്ലാസ്സിക്ക് കൃതിയിലൂടെ. കരിമരണ കാലത്ത് മൂന്ന് യുവാക്കളും ഏഴു യുവതികളും പ്ലേഗ് വ്യാപനം ശക്തമായുള്ള ഫ്ലോറൻസിൽ നിന്നും രക്ഷപ്പെട്ട ഒരു ഗ്രാമത്തിലെ ഒഴിഞ്ഞ വീട്ടിൽ രണ്ടാഴ് ച ചെലവഴിക്കുന്നു. ഒരോരുത്തരും പത്ത് കഥകൾ വീതം വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനായി പറയുന്നു. അങ്ങിനെ അവതരിപ്പിക്കപ്പെടുന്ന നൂറുകഥകളാണ് ഡക്കാമറോനിന്റെ ഉള്ളടക്കം.   പ്ലേഗ് അനുഭവങ്ങൾക്ക് പുറമേ പുരോഗിത വർഗ്ഗത്തിന്റെ ആർത്തിയും സമ്പന്ന വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷങ്ങളും യാത്രക്കാരായ കച്ചവടക്കാരുടെ ജീവിത ദുരിതങ്ങളുമെല്ലാം കടന്നു വരുന്നു.  ഇറ്റാലിയൻ സമൂഹത്തിന്റെ വികാരങ്ങളുടെ   പരിശ്ചേദം കഥകളിലൂടെ കടന്ന് പോകുന്നു.

ഇറ്റാലിയൻ സംവിധാകനായ പസോളിനിയുടെ ഡെക്കാമറോൺ എന്ന സിനിമയിൽ നിന്ന്

യൂറോപ്പിനെ ശിഥിലീകരിച്ച പ്ലേഗ് വിവിധ ജനവിഭാഗങ്ങളിലുണ്ടാക്കിയ ദൈന്യതയും ദുരിതവും ബൊക്കാച്ചിയോ അതീവ സൂക്ഷ്മതയോടൊയും ചരിത്ര ഗ്രന്ഥങ്ങളെ അതിശയിക്കുന്ന വസ്തുനിഷ്ടതയോടും കൂടി ഡക്കാമറൊണിൽ  നൂറു കഥാകഥനങ്ങളിലൂടെ  അവതരിപ്പിക്കപ്പെടുന്നത്.. പ്ലേഗിന്റെ സംഹാരതാണ്ഡവും അതിന്റെ എല്ലാ ഭീകരതയോടും കൂടി ചിത്രീകരിച്ചിട്ടുള്ള മഹാമാരി ക്ലാസിക്ക് എന്നതിനു പുറമേ ഫ്ലോറന്റൈൻ പ്രാദേശിക ഭാഷയിലെഴുതിയ ഇറ്റാലിയൻ  ഭാഷാ സാഹിത്യ ക്ലാസ്സിക്ക് കൃതിയെന്നനിലയിലും ഡക്കാമറോൺ പ്രശസ്തമാണ്.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത – RADIO LUCA
Next post മൂൺ -ചങ്ങലക്കണ്ണിയാകുന്ന മനുഷ്യൻ
Close