Read Time:5 Minute

മനുഷ്യരാശിയുടെ അന്ത്യത്തിന് പോലും  കാരണമാവുമെന്ന് കരുതപ്പെട്ട എയ്ഡ്സ് രോഗത്തെ അസ്പദമാക്കി ശുദ്ധ ശാസ്ത്രഗ്രന്ഥങ്ങൾക്ക് പുറമേ നിരവധി ഓർമ്മക്കുറിപ്പുകളും അനുഭവവിവരണങ്ങളും സാഹിത്യകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധയവും ആദ്യകാലത്ത് എഴുതപ്പെട്ട കൃതിയുമാണ് അബ്രഹാം വർഗീസിന്റെ മൈ ഓൺ കൺട്രി (My Own Country: A Doctor’s Story of a Town and its People in the Age of AIDS:1995). തിരുവല്ലാക്കാരായ അധ്യാപകരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹം ജനിച്ചത് എത്തിയോപ്പിയിലാണ്. ആദ്യം ഹെൽത്ത് അസിസ്റ്റന്റായി അമേരിക്കയിൽ ജോലി നോക്കിയ വർഗീസ്  പിന്നീട് മദ്രാസ്സ് മെഡിക്കൽ കോളേജിൽ നിന്നും വൈദ്യ ബിരുദം കരസ്ഥമാക്കിയ ശേഷം അമേരിക്കയിൽ ഡോക്ടറായി വിവിധ സ്ഥാപനങ്ങൾ സേവനമനുഷ്ഠിച്ച് വരികയാണ്.

അമേരിക്കയിൽ എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ടെന്നസി സംസ്ഥാനത്തെ ജോൺസൺ സിറ്റി ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗത്തിൽ വർഗീസ് ദീർഘകാലം ജോലി നോക്കിയിരുന്നു. എയ്ഡ്സ് രോഗികളെ പരിചരിച്ചതിലൂടെ അവിടെ നിന്നും ലഭിച്ച അനുഭവങ്ങളുടെ ഹൃദയസ്പർശിയായ ചിത്രീകരണമാണ് മൈ ഓൺ കൺട്രിയിലുള്ളത്. അക്കാലത്ത് ചികിത്സ ലഭ്യമല്ലാതിരുന്നതിനാൽ രോഗികൾക്ക് സാന്ത്വാ‍നവും കാരുണ്യസ്പർശവും  മാത്രമായിരുന്നു അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞത്. മരണം അനിവാര്യമായിരുന്ന രോഗികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് കൊണ്ട് ഡോക്ടർ രോഗി ബന്ധത്തിൽ  ആർദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ ഭാഷ്യങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഉപേക്ഷിച്ച് പോയ രോഗികളെയാണ് വർഗീസിന് പരിചരിക്കേണ്ടിവന്നത്. അദ്ദേഹം മാത്രമായിരുന്നു മരണത്തെ മുന്നിൽ കണ്ട് ജീവിച്ച് രോഗികളുടെ ഏക ആശ്രയം. ആശുപത്രിയിലെത്തുന്ന രോഗികളെ മാത്രം പരിചരിക്കുന്നതിന്റെ പരിമിതി മനസ്സിലാക്കിയ വർഗീസ് ആ പ്രദേശത്ത് സ്വവർഗ്ഗാനുരാഗികളും മയക്ക് മരുന്ന് അടിമകളും സ്ഥിരമായി വരുന്ന കാസിനോകളും റസ്റ്റോറന്റുകളും സന്ദർശിച്ച് രോഗസാധ്യതയുള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചു.  മുഴുവൻ സമയവും ആശുപത്രിയിലും പുറത്തും ചെലവഴിച്ച വർഗീസുമായി അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ സംഘർഷത്തിലായി അവർ മാനസികമായി അകലുകയും പിന്നീട് ഔപചാരികമായി വേർപിരിയുകയും ചെയ്തു.

1994 ൽ  പ്രസിദ്ധീകരിച്ച മൈ ഓൺ കൺട്രി ആവർഷത്തെ ഏറ്റവും മികച്ച പുസ്തകമായി ടൈം  വാരിക തെരഞ്ഞെടുത്തിരുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ അമിതമായ പ്രയോഗം ഡോക്ടർ രോഗി ബന്ധത്തിലുണ്ടാക്കി കൊണ്ടിരിക്കുന്ന അമാനവീകരണ പ്രവണതകൾ വികസിത രാജ്യങ്ങളിൽ സജീവ ചർച്ചാവിഷയമാണ്. ഈ സാഹചര്യത്തിൽ വൈദ്യ വിദ്യാർത്ഥികൾക്ക് പരിപാവനമായ ഡോക്ടർ രോഗി ബന്ധത്തിന്റെ മഹത്വം മനസ്സിലാക്കികൊടുക്കുന്നതിനായി  അമേരിക്കയിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങളിൽ  പാഠപുസ്തകമായി മൈ ഓൺ കൺട്രി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ചലച്ചിത്ര സംവിധായിക മീരനായർ 1998 ലെ മൈ ഓൺ കൺട്രി ഒരു ചലച്ചിത്രമാക്കി.

മൈ ഓൺ കൺട്രി ക്ക്ശേഷം 1999 ൽ ആത്മകഥാപരമായ ദി ടെന്നീസ് പാർട്ടനർ (The Tennis Partner: A Story of Friendship and Loss)  എന്ന പുസ്തകം വർഗീസ് പ്രസിദ്ധപ്പെടുത്തി. എയ്ഡ്സ് രോഗികളെ ചികിത്സിച്ചതിലൂടെ ലഭിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകവും എഴുതിയിട്ടുള്ളത്. മയക്ക് മരുന്നിന് അടിമയും  സ്വവർഗ്ഗാനുരാഗിയുമായ തന്റെ ഒരു സുഹൃത്തിനെ ജീവിതത്തിന്റെ വൈകാരികവും മനശാസ്ത്രപരവുമായ അടിയൊഴുക്കുകളാണ് ഈ പുസ്തകത്തിൽ വർഗീസ് വിവരിക്കുന്നത്.


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശ്രീനിവാസ രാമാനുജൻ നൂറ്റാണ്ടുകളുടെ ഗണിത വിസ്മയം
Next post ബ്രിട്ടനിലെ നവീന വൈറസ് വ്യതിയാനം: ഭയക്കേണ്ടതുണ്ടോ ?
Close