മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ യു.കെ.കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം നോവലിനെക്കുറിച്ച്
യു.കെ. കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം (2012) എന്ന നോവലിലെ കുരുപ്പ് നക്കിയെടുത്ത ശരീരങ്ങൾ എന്ന അധ്യായത്തിൽ മൂന്ന് കാലഘട്ടങ്ങളിലായിട്ടുണ്ടായ വസൂരി വ്യാപനത്തെ പറ്റി സൂപിപ്പിക്കുന്നു, പ്രകൃതിയും കാലവസ്ഥയുമായി ബന്ധപ്പെടുത്തി വസൂരിയുടെ വരവിനെ അതിന്റെയെല്ലാ ഭയാനകതയോട് കൂടിയും കഥാകൃത്ത് അവതരിപ്പിക്കുന്നു.
“അശാന്തമായ ഒരന്തരീക്ഷത്തിന്റെ മേലാപ്പ് തക്ഷൻ കുന്നിന് മുകളിൽ ഉയർന്നിരിക്കയാണ്. അങ്ങനെയിരിക്കെയാണ് ഒരു കാറ്റ് തക്ഷൻകുന്നിനെയാകെ ഇളക്കികൊണ്ട് വീശിയടിക്കുവാൻ തുടങ്ങിയത്. ആ കാറ്റിന് അസുഖകരമായ ഒരു ചൂടുണ്ടായിരുന്നു. എവിടെ നിന്നാണ് വരുന്നതെന്നറിയാൻ കഴിയാത്ത വിധം ദുരൂഹമായിരുന്നു. അതിന്റെ ഉറവിടം എവിടെനിന്നോ നേർത്ത ഇളക്കമായി തുടരുന്ന കാറ്റ് പെട്ടെന്നാണ് ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ചേരുന്നത് നിലത്തേക്കിറഞ്ഞിവരുന്ന കാറ്റിന്റെ മുനകൾ ശരീരത്തിൽ തൊടുമ്പോൾ പൊള്ളുന്നതായിത്തോന്നും. ചുഴലിപോലെയും വേവുന്ന തിരമാലകൾ പോലെയും അത് തക്ഷൻ കുന്നിന്റെ എല്ലാ ഇടങ്ങളേയും ആക്രമിച്ച് കൊണ്ടിരുന്നു, വൃശ്ചികത്തിലും ധനുവിലുമാണ് കാറ്റുകൾ അടിക്കാറുള്ളത്. അതൊന്നും കൂർത്ത മുനകളൂള്ള കാറ്റായിരുന്നില്ല. എന്നൽ ഇത് അനവസരത്തിലുള്ള ഒരു ഭ്രാന്തൻ കാറ്റാണ്. ഇത്തരം കാറ്റുകൾ തക്ഷൻകുന്നിനുമീതെ വീശിയടിച്ചപ്പോഴൊക്കെ രോഗങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറ്റിന്റെ മുനകൾ ഒരിക്കൽ നടപ്പുദീനത്തിന്റെ നാറ്റമായിട്ടാണ് തക്ഷൻകുന്നിലേക്ക് കടന്ന് വന്നത് രണ്ടുഭാഗത്തുകൂടെയും നിറുത്താതെ ഒഴിക്കായിരുന്നു ആ ഒഴുക്കിൽ ഇറങ്ങിപ്പോയത് പതിനെട്ടുപേർ. വെള്ളം വറ്റി മരിച്ചവർ അനാഥങ്ങളായി പിന്നെയും കുറെ ദിവസം കിടന്നു. അല്പം മണ്ണ് മുഖത്തേക്കെറിയാൻ നാട്ടിൽ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഭീതിയോടെ പുഴയും മലയും കടന്നിരുന്നു. രണ്ടാമത്തെ കാറ്റ് വന്നത് കുരുപ്പിന്റെ ദുർഗന്ധവുമായിട്ടായിരുന്നു. പൊട്ടിയൊലിക്കുന്ന വ്രണങ്ങളിൽ പത്തിയൊന്നുപേരുടെ ശാരീരത്തിൽ നിക്ഷേപിച്ചു. അന്നത്തെ ചൂടുകാറ്റ് കൊട്ടുവന്ന കുരുപ്പ് നക്കിയെടുത്തത് പത്തൊമ്പത് പേരെ. രക്ഷപ്പെട്ട മൂന്ന് പേര് വലിയ വ്രണങ്ങളുടെ അടയാളങ്ങളുമായി തക്ഷൻകുന്നിൽ ഇപ്പോഴുമുണ്ട്. പ്രായമായവർ പറഞ്ഞു. “ഇരുപത്തഞ്ചുകൊല്ലം മുമ്പാണ് ഇത് പോലൊരു കാറ്റ് വന്നത്.”
നടപ്പുദീനമെന്നും കുരുപ്പ് ദീനമെന്നം വസൂരിയെ നോവലിൽ വിശേഷിപ്പിക്കുന്നുണ്ട്. കുരുപ്പ് രോഗത്തെ ചികിത്സിച്ച് മാറ്റാനുള്ള ചില അറിവുകൾ പഠിച്ച രാമർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും വടക്കേ മലമ്പാർ പ്രദേശമെന്ന സൂചനയുള്ള തക്ഷൻകുന്നിൽ നോവൽ കാലഘട്ടമായ 1930-40 ൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്തെ പോലെ വാക്സിനേഷൻ നൽകിത്തുടങ്ങിയതായി കാണുന്നില്ല. ഇതൽഭുതകരമായി തോന്നുന്നു. കാരണം മലബാർ പ്രദേശം അന്ന് ബ്രിട്ടീഷ് ഭരണപ്രദേശമായ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു. മദ്രാസ്സിൽ നിന്നുള്ള വാക്സിൻ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് തിരുവിതാംകൂറിൽ വാക്സിനേഷൻ നൽകാനുള്ള നടപടികൾ നാട്ട് ഭരണകൂടം സ്വീകരിച്ച് വന്നിരുന്നത്.