ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു


നവനീത് കൃഷ്ണൻ എസ്.

ജിന്നി എന്ന ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്കാണ് ജിന്നി ചരിത്രം കുറിച്ചത്. തികച്ചും സ്വതന്ത്രമായി നടന്ന ഈ പറക്കലിന്റെ വിവരം പിന്നെയും കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാണ് ഭൂമിയിലേക്ക് എത്തിയത്. 3.45 മുതൽ നാസ ഇത് ലൈവായി നൽകി. പറക്കലിന്റെ ചരിത്രവും പേറിയാണ് മാർസ് ഹെലികോപ്റ്റർ ചൊവ്വയിലെത്തിയിരിക്കുന്നത്. 1903 ഡിസംബർ 17നാണ് ഭൂമിയിൽ ആദ്യമായി യന്ത്രസഹായത്തോടെ ഒരു പറക്കൽ നടന്നത്. റൈറ്റ് സഹോദരങ്ങൾ ആദ്യമായി വിമാനം പറപ്പിച്ച ചരിത്രം. അവരുടെ ആദ്യവിമാനത്തിന്റെ ചിറകിൽ ഉപയോഗിച്ചിരുന്ന ഒരു തരം തുണിയുണ്ട്. ആ തുണിയുടെ ഒരു ചെറുകഷണം ഇൻജന്യൂറ്റിയുടെ സോളാർപാനലിന് അടിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഭൂമിയിലെ ആദ്യപരീക്ഷണപ്പറക്കിലിന്റെ ചരിത്രവും പേറിയാണ് ചൊവ്വയിൽ ആദ്യപറക്കൽ നടന്നത് എന്നർത്ഥം.

നാസ പങ്കിട്ട തത്സമയ ദൃശ്യങ്ങൾ കാണാം


ജിന്നി പറക്കുമ്പോൾ എടുത്ത ആദ്യ ചിത്രം. തന്റെ തന്നെ നിഴൽ ചിത്രം.. Credits: NASA/JPL-Caltech

ഈ പറക്കൽ ചരിത്രനേട്ടം

എവറസ്റ്റ് കൊടുമുടിയുടെ മുകളിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചേരാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ എന്താ അതിനു പ്രശ്‌നം എന്നു തോന്നാം. പക്ഷേ എത്തിച്ചേരൽ ഏറെ ബുദ്ധിമുട്ടാണ്. വായുവിന്റെ സാന്ദ്രത അവിടെ ഏറെക്കുറവാണ് എന്നതുതന്നെയാണ് പ്രധാനകാരണം. ബഹുഭൂരിപക്ഷം ഹെലികോപ്റ്ററുകളും മൂന്നര – നാല് കിലോമീറ്ററിൽ താഴെയാവും പറക്കുക. പ്രത്യേകം ഡിസൈൻ ചെയ്ത ചില കോപ്റ്ററുകൾക്ക് ആറോ ഏഴോ കിലോമീറ്റർ ഉയരത്തിലൊക്കെ അല്പനേരം പറക്കാൻ പറ്റിയെന്നു വരും എന്നു മാത്രം. എവറസ്റ്റിന്റെ ഉയരം എട്ടു കിലോമീറ്ററാണ്. അത്രയും ഉയരത്തിൽ ഹെലികോപ്റ്ററുകൾക്ക് എത്തിച്ചേരുക ഏതാണ്ട് അസാധ്യം എന്നു തന്നെ പറയാം! ഉയരം കൂടും തോറും വായുവിന്റെ ‘കട്ടി’ കുറഞ്ഞുവരും എന്നതാണ് ഹെലികോപ്റ്ററുകൾ നേരിടുന്ന പ്രശ്‌നം.

എന്നാപ്പിന്നെ ഒരു 30കിലോമീറ്റർ ഉയരത്തിൽ ഒരു ഹെലികോപ്റ്റർ പറപ്പിക്കാനൊക്കുമോ? ഭൂമിയുടെ ഉപരിതലത്തിലെ വായുവിനെക്കാൾ നൂറിലൊന്നു സാന്ദ്രതയേ അവിടത്തെ വായുവിനുള്ളൂ. അതുകൊണ്ടുതന്നെ പറ്റില്ല എന്ന് ഉറപ്പാണ്. പക്ഷേ ആ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ എന്ന പരീക്ഷണമാണ് ഇന്നു നടന്നത്. ഒരേയൊരു പ്രശ്‌നമേ ഉള്ളൂ! പരീക്ഷണം ഭൂമിയിലല്ല, മറിച്ച് അങ്ങ് ചൊവ്വയിലാണ് എന്നു മാത്രം.

ചൊവ്വയുടെ ഉപരിതലത്തിലെ അന്തരീക്ഷം ഭൂമിയുടെ ഉപരിതലത്തിലെ അന്തരീക്ഷത്തെക്കാൾ നൂറിരട്ടി നേർത്തതാണ്. ഭൂമിയിൽ 30 കിലോമീറ്റർ ഉയരത്തിൽ ഉള്ള അന്തരീക്ഷമേ ചൊവ്വയുടെ ഉപരിതലത്തിൽ ഉള്ളൂ എന്നും പറയാം. അവിടെയാണ് ഇൻജന്യൂയിറ്റി എന്ന മാർസ് ഹെലികോപ്റ്റർ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. പേര് ഹെലികോപ്റ്റർ എന്നൊക്കെയാണെങ്കിലും ഒരു കുഞ്ഞു ഡ്രോണാണ് സംഗതി. 1.8കിലോഗ്രാം മാത്രം ഭാരം.

പെർസിവിയറൻസ് അഥവാ മാർസ് 2020 എന്ന പേടകം കഴിഞ്ഞ ഫെബ്രുവരി 18നാണ് ചൊവ്വയിൽ ഇറങ്ങിയത്. ഇതിനോടകം മുപ്പതിനായിരത്തിലധികം ചിത്രങ്ങളും നിരവധി ഡാറ്റയും ഇത് ഭൂമിയിലേക്ക് അയച്ചു കഴിഞ്ഞു. ഈ പേടകത്തിന്റെ ഉദരത്തിലേറിയാണ് മാർസ് ഹെലികോപ്റ്റർ ചൊവ്വയിൽ എത്തിയത്.

ഇഞ്ചിന്യൂയിറ്റിക്കു പിന്നിലെ ഇന്ത്യക്കാരൻ

വലിയ വെല്ലുവിളികളെ നേരിട്ടാണ് മാർസ് ഹെലികോപ്റ്റർ ഡിസൈൻ ചെയ്‌തെടുത്തത്. ഇന്ത്യയിൽ ജനിച്ചുവളർന്ന ബോബ് ബെൽറാം എന്ന എൻജിനീയറുടെ നേതൃത്വത്തിലാണ് മാർസ് ഹെലികോപ്റ്റർ വികസിപ്പിച്ചെടുത്തത്. ബാറ്ററിയും സോളാർ പാനലും മോട്ടറുകളും പങ്കകളും ക്യാമറകളും ഒക്കെയടക്കം 1.8 കിലോഗ്രാമിൽ ഒതുക്കുക എന്നതായിരുന്നു അവരുടെ മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. അവർ അത് പക്ഷേ ഭംഗിയായി നിർവ്വഹിച്ചു. കനംകുറഞ്ഞ അന്തരീക്ഷത്തിൽ ഒരു ഹെലികോപ്റ്റർ പറപ്പിക്കണമെങ്കിൽ വലിയ പങ്കകൾ വേണം. അവയുടെ വേഗതയും കൂടുതലാവണം. അതിലും അവർ വിജയിച്ചു. മിനിറ്റൽ 2500 തവണയാണ് പങ്കകൾ കറങ്ങുക. അത്രവേഗം കറങ്ങിയാൽ മാത്രമേ അവിടെ പറക്കൽ യാഥാർത്ഥ്യമാവൂ. ഒരു മീറ്റർ നീളമുള്ള നാല് പങ്കകളാണ് ഇതിലുള്ളത്.

ബോബ് ബെൽറാം

ചൊവ്വയുടെ ഉപരിതലത്തിൽ ഏതാണ്ട് നാലരമീറ്റർ വരെ ഉയരത്തിൽ പറക്കുക എന്ന ലക്ഷ്യമേ മാർസ് ഹെലികോപ്റ്ററിന് ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ ചൊവ്വയുടെ കുറെ ഫോട്ടോകളും എടുത്തു. ഒന്നര മിനിറ്റിൽ കവിയാത്ത പറക്കലുകളാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരിന്നത്. സൂര്യപ്രകാശമാണ് ഇൻജന്യൂറ്റിയുടെ ഊർജ്ജം. മുകളിലുള്ള സോളാർ പാനലുകൾ ഉപയോഗിച്ച് ബാറ്ററി ചാർജ്ജു ചെയ്യും. പറക്കാൻ മാത്രമല്ല, ചൊവ്വയിലെ കൊടും തണുപ്പിനെ, പ്രത്യേകിച്ചും രാത്രിയിൽ, പ്രതിരോധിക്കാനും ഈ ഊർജ്ജം തന്നെ വേണം. അതിനാൽ വളരെ ശ്രദ്ധാപൂർവ്വമേ ഊർജ്ജവിനിയോഗം പാടുള്ളൂ. രണ്ടു ക്യാമറകളുണ്ട് ഈ ഡ്രോണിൽ. പേഴ്‌സിവിയറൻസിന്റെ അടക്കം നിരവധി ഫോട്ടോകൾ ഈ ക്യാമറകൾ നമുക്കായി തരും എന്നു പ്രതീക്ഷിക്കാം. ശാസ്ത്രീയ ഉപകരണങ്ങളൊന്നും ഇൻജന്യൂറ്റിയിൽ ഇല്ല. ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ജിന്നി എന്നു വിളിപ്പേരുള്ള ഈ ഡ്രോണിനെ പേഴ്‌സിവിയറൻസിൽനിന്ന് പുറത്തിറക്കിയിരുന്നു. സ്വന്തം സോളാർപാനൽ ഉപയോഗിച്ച് തന്റെ ബാറ്ററി ചാർജു ചെയ്യുകയും ചൊവ്വയിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കുകയും ചെയ്തു.!

(കടപ്പാട് : ദേശാഭിമാനി-കിളിവാതിൽ)


ഇഞ്ചിന്യൂയിറ്റി അറിയേണ്ട കാര്യങ്ങൾ

Leave a Reply