Read Time:8 Minute

ഡോ. ആരതി ശശികുമാർ

വേണ്ട സാഹചര്യങ്ങളൊരുക്കിയാൽ കൂട്ടുകാർക്കും ഒരു ശലഭോദ്യാനം തുടങ്ങാനാവും… എങ്ങനെയെന്നറിയാൻ വായിച്ചോളൂ… 

ചിത്രലഭങ്ങളെത്തേടി നമ്മൾ പോകുന്നതു പോലെ ശലഭങ്ങൾ നമ്മളെ തേടിയെത്താൻ വിദ്യാലയത്തിലോ വീട്ടിലോ നമുക്ക് ഒരു ശലഭോദ്യാനം ഉണ്ടാക്കിയാലോ?

വിവിധ ഇനം ചിത്രശലഭങ്ങളെ അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയും മറ്റു പാരിസ്ഥിതിക ഘടനയും നൽകി പരിപാലിക്കാനും, പ്രാദേശിക ജീവജാലങ്ങളെ പരിരക്ഷിക്കാനും ജൈവവൈവിധ്യ സംരക്ഷണത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനുമാണ് ചിത്രശലഭോദ്യാന നിർമിതിയിലൂടെ ഉദ്ദേശിക്കുന്നത്.

അതിനായി സ്ക്കൂളിൽ അധികം മരങ്ങളൊന്നും ഇല്ലാത്ത, നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാൻ. ചെടികൾ നട്ടുപിടിപ്പിക്കുന്നതിനു മുമ്പ് ചിത്രശലഭങ്ങളെ നിരീക്ഷിക്കുന്നതിനായി ശലഭോദ്യാനത്തിനകത്ത് ഒരു നടപ്പാത ക്രമീകരിക്കാനും,  ശലഭോദ്യാനത്തിൽ ഈർപ്പം നിലനിർത്തുന്നതിനും അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ജലധാരയോ ആമ്പൽക്കുളമോ സജ്ജീകരിക്കാം. ശലഭോദ്യാനം ഒരുക്കുന്നതിനോടൊപ്പം നിങ്ങൾ വീട്ടിലും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും കാണുന്ന ചിത്രശലഭങ്ങളെ നിരീക്ഷിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്. അതുവഴി വിവിധതരം ചിത്രശലഭങ്ങളെ കാണാനും അവ തേൻ കുടിക്കാനും മുട്ടയിടാനുമായി ആശ്രയിക്കുന്ന സസ്യങ്ങളെ കണ്ടെത്താനും നിങ്ങൾക്ക് കഴിയും.

ശലഭോദ്യാനത്തിൽ ഉണ്ടാകേണ്ട സസ്യങ്ങൾ

കിലുക്കി

നിങ്ങളുടെ പ്രദേശത്തു കാണുന്ന പൂമ്പാറ്റകളുടെ ആതിഥേയ സസ്യങ്ങളെയാണ് പ്രധാനമായും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കേണ്ടത്. ചില പൂമ്പാറ്റകളെ കൂട്ടത്തോടെ ആകർഷിക്കുന്ന കിലുക്കി പോലെയുള്ള ചെടികൾ ഉറപ്പായും വേണം. പൂച്ചെടികൾ നടുമ്പോൾ നടപ്പാതയുടെ ഇരുവശങ്ങളിലുമായി ഉയരം കുറഞ്ഞ ചെടികളും അവയ്ക്ക് പുറകിലായി ഉയരമുള്ള ചെടികളും നട്ടുപിടിപ്പിക്കാൻ ശ്രദ്ധിക്കണം.

കിലുക്കി (crotalaria) പോലെയുള്ള ചെടികൾ ചിലയിനം പൂമ്പാറ്റകളെ (നീലക്കടുവ, അരളിശലഭം മുതലായവ) കൂട്ടത്തോടെ ആകർഷിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? മുട്ടയിടാനോ തേൻകുടിക്കാനോ അല്ല അവ വരുന്നത്. ഈ ചെടികളിലടങ്ങിയ ചില ആൽക്കലോയ്ഡുകൾ  ഇവയുടെ ആൺപൂമ്പാറ്റകളുടെ ഫെറോമോണിന്റെ ഭാഗമാണ്. നമ്മൾ കൂട്ടത്തോടെ കാണുന്ന പൂമ്പാറ്റകളിൽ മിക്കതും ആൺപൂമ്പാറ്റകളാണെന്നർത്ഥം. ശലഭോദ്യാനത്തിൽ ഒഴിച്ചുകൂടാനാവാത്ത ചെടിയാണ് ക്രോട്ടലേറിയ.

ചെത്തി, ചെണ്ടുമല്ലി, കോസ്മോസ്, കുഫിയ, ബട്ടൻറോസ്, സീനിയ, പെന്റാസ്, കൃഷ്ണകിരീടം, ചെമ്പരത്തി, മുല്ല, കണിക്കൊന്ന, എരുക്ക്, വെള്ളീലം, മുള്ളീലം, തകര, കറിവേപ്പ്, നാരകം, കൂവളം, ഇലമുളച്ചി, അലങ്കാരപ്പനകൾ, ഗരുഡക്കൊടി, പാണൽ, മുസാണ്ട, വള്ളിപ്പാല, മുള, അരളി തുടങ്ങിയവയും  നടാം.

നിരീക്ഷിക്കാം ശലഭങ്ങളെ…

ശലഭോദ്യാനത്തിൽ ചെടികൾ നട്ട് പൂക്കൾ വന്നു തുടങ്ങിയാൽ ചിത്രശലഭങ്ങളും ഓരോന്നായി വന്നു തുടങ്ങും. അങ്ങനെ അതിഥികളായി വരുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകതകൾ (പേര്, ശാസ്ത്രനാമം, കുടുംബം) രേഖപ്പെടുത്തി വയ്ക്കാൻ കൂടി  ശ്രദ്ധിക്കണം. ആദ്യമൊക്കെ തേൻ കുടിച്ച് പറന്നു പോയവർ പതുക്കെ പതുക്കെ നമ്മുടെ ശലഭോദ്യാനത്തിലെ സ്ഥിരം താമസക്കാരായി മാറുന്നത് നമുക്ക് കാണാൻ കഴിയും.

പ്രശസ്ത ശലഭോദ്യാനങ്ങൾ

തൃശ്ശൂര്‍ പീച്ചിയിലെ വനഗവേഷണകേന്ദ്രത്തിലെ ശലഭോദ്യാനം

1988 അമേരിക്കയിലെ ഫ്ലോറിഡയിൽ 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കോക്കനട്ട് ക്രീക്കാണ് ലോകത്തിലെ ആദ്യത്തെ ചിത്രശലഭോദ്യാനം. കർണാടകയിലെ ബെനർഘട്ട നാഷണൽ പാർക്കിലാണ് ഇന്ത്യയിലെ ആദ്യത്തെ ശലഭോദ്യാനം സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 27 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അനൈഘട്ട് റിസർവ് വനത്തിലെ ശലഭോദ്യാനമാണ് ഏഷ്യയിലെ ഏറ്റവും വലിയ ശലഭോദ്യാനം. കേരളത്തിലെ ആദ്യത്തെ ശലഭോദ്യാനം 1996ൽ കേരള വനഗവേഷണ കേന്ദ്രത്തിന്റെ തൃശൂർ പീച്ചിയിലുള്ള സ്ഥാപനത്തിലാണ് ആരംഭിച്ചത്. 2006-ൽ തെന്മലയിൽ ഏഴര ഏക്കറിൽ ഒരുക്കിയിട്ടുള്ള ശലഭോദ്യാനമാണ് കേരളത്തിലെ പ്രധാനപ്പെട്ട മറ്റൊന്ന്.  

ജൈവവൈവിധ്യം കണ്ടറിഞ്ഞ് നടപ്പാതകളിലൂടെ നടക്കാനും മുട്ട മുതൽ പൂമ്പാറ്റ വരെയുള്ള വിവിധ ശലഭങ്ങളുടെ ജീവിതഘട്ടങ്ങൾ അടുത്തറിയാനും ഇവിടെ വന്നാൽ സാധിക്കും.

ശലഭോദ്യാനം നിർമിക്കാൻ സഹായം   

സ്കൂളിലോ കുട്ടികളുടെ വീട്ടിലോ ശലഭോദ്യാനം ഒരുക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കിത്തരുന്നതിനായി സമഗ്ര ശിക്ഷാ കേരള, പീച്ചി വന ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.  

ഞങ്ങളുണ്ടാക്കിയ ശലഭോദ്യാനം 

2018 ഒക്ടോബർ രണ്ടിനാണ്  ആലത്തൂർ ശ്രീ നാരായണ കോളേജിൽ  10 സെൻറ് സ്ഥലത്ത്  ഞങ്ങൾ  ശലഭങ്ങൾക്ക് പാർക്കാൻ ഒരിടം ഒരുക്കിയത്. നാരകക്കാളി, നാട്ടുറോസ്, കൃഷണശലഭം എന്നീ ചിത്രശലഭങ്ങളാണ് ആദ്യമായി വന്നതെങ്കിൽ ദിവസങ്ങൾ കഴിയുന്തോറും വൈവിധ്യമാർന്ന ശലഭങ്ങൾ കൂട്ടത്തോടെ എത്തുന്ന കാഴ്ചയാണ് ഉണ്ടായത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 6 കുടുംബങ്ങളിൽ പെട്ട 96 വ്യത്യസ്തതരം ചിത്രശലഭങ്ങളെ ശലഭോദ്യാനത്തിൽ നിന്ന് കണ്ടെത്താനായിട്ടുണ്ട്. അപൂർവമായി മാത്രം കാണുന്ന സ്ലേറ്റ് ഫ്ലാഷ്, യവനതളിർനീലി, വെള്ളിവരയൻ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.


കടപ്പാട് : ശാസ്ത്രകേരളം 2021 നവംബർലക്കം


 

 

Happy
Happy
33 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ദീപു പരിപാടിയാകെ പൊളിക്കുന്നു – തക്കുടു 23
Next post ബെറിലിയവും ജെയിംസ് വെബ് ടെലിസ്കോപ്പും
Close