മനോശാരീരിക ചികിത്സകൾ

മാനസികപിരിമുറുക്കം പലതരം മനോശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. ഇതു കൂടാതെ രക്തസമ്മർദം, കുടൽപുണ്ണ് തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഉത്ഭവത്തിലും പിരിമുറുക്കം ഒരു ഘടകമാണ്. ഇത്തരം രോഗങ്ങൾക്കും, വിഷാദരോഗം (Depression) പോലുള്ള മനോരോഗങ്ങൾക്കും മാനസിക അയവു വരുത്തുന്ന ഏതുതരം പ്രവർത്തനവും (Relaxation Techniques) ഗുണകരമായേക്കാം. ഹൃദ്രോഗ വിദഗ്ധർ തൊട്ട് മനോരോഗ വിദഗ്ധർ വരെയുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ തങ്ങളുടെ രോഗികൾക്ക് ഇത്തരം പദ്ധതികൾ ഉപയോഗിക്കാറുണ്ട്.

ധ്യാനം, പ്രാർത്ഥന, സംഗീതം തുടങ്ങിയവ ചിലരിൽ മാനസിക പിരിമുറുക്കം കുറയ്ക്കുവാനും അയവു വരുത്തുവാനും സഹായിക്കുന്നു. സ്ഥായിയായ തലവേദന, സ്ഥായിയായ മറ്റു വേദനകൾ, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ഇവ സഹായകമായേക്കാമെന്ന് ചെറിയ തോതിൽ തെളിവുണ്ട്. എന്നാൽ ഈ പഠനങ്ങൾ ഇപ്പോഴും ശൈശവദശയിലാണ്. വളരെ കുറച്ചു RCTകൾ മാത്രമേ ലഭ്യമായിട്ടുള്ളു. മിക്കപ്പോഴും സാധാരണ ചികിത്സയ്ക്ക് അനുപൂരകമായിട്ടാണ് ഈ ഇടപെടലുകൾ നടത്താറുള്ളത്. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കോ, കഠിനമായ വേദനകൾക്കോ ഇവ ഫലപ്രദമായ ചികിത്സയാണെന്നതിന് തെളിവ് ഒന്നും തന്നെയില്ല. പ്രാർത്ഥന തുടങ്ങിയവയ്ക്ക് RCT കൾ സംഘടിപ്പിക്കുവാനും പ്രയാസമാണ്. കാരണം – അതേ പോലെയുള്ള നിയന്ത്രിത ഗ്രൂപ്പുകളുടെ അഭാവം തന്നെ.

ധ്യാനം

ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ളത് അതീന്ദ്രിയ ധ്യാനത്തെ (Transcendental Meditation) പ്പറ്റിയാണ്. രക്തസമ്മർദം കുറയ്ക്കുന്നതിനും, വേദനകൾ കുറയ്ക്കുന്നതിനും ഇവ ഫലപ്രദമാണെന്നു ചില പഠനങ്ങൾ കാണിക്കുന്നു. 

അതീന്ദ്രിയ ധ്യാനത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നത് അവരുടെ  ധ്യാനരീതി മറ്റു ധ്യാനരീതികളെക്കാൾ ഫലപ്രദമാണെന്നാണ്. മറ്റു ധ്യാന രീതികളെ അപേക്ഷിച്ച് തലച്ചോറിന്റെ പ്രവർത്തനത്തിൽ സാരമായ മാറ്റം  സംഭവിക്കുന്നതായി ഇലക്ട്രോ എൻകഫലോഗ്രാം (EEG) തുടങ്ങിയ സങ്കേതങ്ങൾ പ്രകാരമുള്ള പഠനത്തിൽ കാണുന്നുവെന്ന് അവർ പറയുന്നു. ഇത്തരത്തിലുള്ള പഠനങ്ങൾ മിക്കവയും അമേരിക്കയിലെ മഹാഋഷി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ളവയോ മഹാഋഷി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ളവയോ ആണ്. അല്ലാതെയുള്ള ഗവേഷകർക്കു പൊതുവേ ഇത്തരം വ്യത്യാസങ്ങൾ കണ്ടെത്താനായിട്ടില്ല.

“വിപാസനധ്യാനം’ (Mindfulness meditation) അതീന്ദ്രിയ ധ്യാനത്തിന്റെ വിപരീതമാണ്. അതീന്ദ്രിയ ധ്യാനത്തിൽ ഒരു മന്ത്രം ഉരുവിട്ട് മനസ്സിൽ നിന്ന് മറ്റെല്ലാം ഒഴിവാക്കുമ്പോൾ, വിപാസനയിൽ മനസ്സിലേക്ക് ഏതു ചിന്തയും സ്വതന്ത്രമായി കടന്നുവരാൻ അനുവദിക്കുന്നു. അതീന്ദ്രിയ ധ്യാനത്തിന്റെ അതേ തോതിൽ ഗുണഫലങ്ങൾ ഈ ധ്യാനരീതിക്കും ഉണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. മിക്ക ധ്യാനരീതികളും വിശദമായി പഠിച്ചാൽ ഏതാണ്ട് ഒരേ ഫലങ്ങൾ തന്നെയായിരിക്കും ഉണ്ടാക്കുകയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതായത്, ഗുരുതരമല്ലാത്ത ചില രോഗങ്ങൾക്ക് ചെറിയ തോതിൽ, മറ്റു വൈദ്യത്തിന് അനുപൂരകമായി പ്രയോഗിക്കുമ്പോൾ ഗുണം ചെയ്തേക്കാം . എന്നാൽ മഹാഋഷിയുടെ ശിഷ്യർ ഇത്തരം മിതമായ അവകാശവാദങ്ങൾ കൊണ്ട് തൃപ്തരല്ല. അങ്ങനെയാവുമ്പോൾ അവരുടെ ഗുരുദേവൻ ലോകത്തെ രക്ഷിക്കാനായി ജനിച്ച യുഗപുരുഷനാവുകയില്ലല്ലോ. ആദ്യകാലങ്ങളിൽ അതീന്ദ്രിയധ്യാനം കൊണ്ട് ഗുരുത്വാകർഷണ നിയമങ്ങളെ ലംഘിച്ച് ഭൂതലത്തിൽ നിന്ന് ഉയരാനാകുമെന്ന (Levitation) അവകാശവാദ മുണ്ടായിരുന്നു. അതീന്ദ്രിയധ്യാനക്കാർ പത്മാസന പോസിൽ ചാടിക്കളിക്കുന്ന ടെലിവിഷൻ ചിത്രങ്ങളും അന്നവർ പ്രദർശിപ്പിച്ചിരുന്നു.

ശാസ്ത്രീയ പഠനങ്ങൾ വഴി എളുപ്പത്തിൽ തെറ്റെന്നു സ്ഥാപിക്കാനാവുന്നതുകൊണ്ട് ഇന്നതത്ര പറഞ്ഞു കേൾക്കുന്നില്ല. ഇന്നത്തെ ഏറ്റവും വലിയ അവകാശവാദം “മഹാഋഷി ഇഫക്ടി’നെപ്പറ്റിയാണ്. ഒരു പ്രദേശത്തെ നിവാസികളിൽ ഒരു ശതമാനം പേരെങ്കിലും അതീന്ദ്രിയധ്യാനം ചെയ്യുന്നുണ്ടെങ്കിൽ അവിടെ കുറ്റകൃത്യങ്ങളും അപകടങ്ങളുമെല്ലാം കുറയുമെന്നാണ് ഈ സിദ്ധാന്തം. അമേരിക്കയിൽ മഹാഋഷി ഇൻസ്റ്റിറ്റ്യൂട്ടുകളുള്ള ഫെയർഫാക്സ്, ജെഫർസൺ കൗണ്ടി എന്നിവിടങ്ങളിൽ യഥാക്രമം 102 പേരും 171 പേരും ധ്യാനത്തിലേർപ്പെട്ടാൽ മതി അവിടമാകെ സ്വർഗലോകമാകാൻ. ഇവിടെ രണ്ടിടത്തും ധ്യാനം ചെയ്യുന്നവരുടെ എണ്ണം ഇതിൽ എത്രയോ കൂടുതലാണ് (ഏതാണ്ട് 20 ശതമാനത്തോളം). 1981-98 കാലയളവിൽ ഇവിടെ പോലീസ് കണക്കുകളനുസരിച്ച് കുറ്റകൃത്യങ്ങൾ കൂടുകയാണുണ്ടായത്. മറിച്ചുള്ള അവകാശവാദങ്ങൾ കെട്ടിച്ചമച്ചവയാണെന്ന് തെളിയുകയുമുണ്ടായി.3

അതീന്ദ്രിയധ്യാനം കൊണ്ട് മറ്റ് ധ്യാനമുറകൾ പോലെ  ചിലർക്ക് ഗുണമുണ്ടാകാമെന്നത് ശരി. ചിലർക്കു ദോഷവുമുണ്ടാകാമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. ജർമനിയിൽ നടന്ന ഒരു പഠനപ്രകാരം, ദീർഘകാലം ധ്യാനം ചെയ്തവരിൽ 76 ശതമാനത്തിന് മാനസിക പ്രശ്നങ്ങളുണ്ടായി. ഇവരിൽ 26 ശതമാനം പേർക്ക് ഇത് ഗുരുതരമായിരുന്നു. 63 ശതമാനത്തിന് ശാരീരിക പ്രശ്നങ്ങളുണ്ടാവുന്നതായും 70 ശതമാനത്തിന് മാനസിക ഏകാഗ്രത നഷ്ടപ്പെടുന്നതായും കണ്ടു.4. ധ്യാനമാർഗങ്ങൾ മൊത്തത്തിൽ പാർശ്വഫലങ്ങളുണ്ടാക്കാത്തവയാണെന്ന അവകാശവാദം ശരിയല്ല. ധ്യാനത്തെപ്പറ്റിയുള്ള 76 ശാസ്ത്രലേഖനങ്ങളുടെ സമാഹാരത്തിൽ പലതരം പാർശ്വഫലങ്ങളും വിവരിച്ചിരിക്കുന്നു. ഭ്രാന്തുമുതൽ ആത്മഹത്യാപ്രവണത വരെ ഇതിലുൾപ്പെടുന്നു.5 ധ്യാനത്തിന്റെ വക്താക്കളും അവർ നടത്തുന്ന പഠനങ്ങളും ഇവയെ തീരെ അവഗണിക്കുന്നത് ശാസ്ത്രത്തിന്റെ രീതിക്കു നിരക്കുന്നതല്ല. 

പല ധ്യാനമാർഗങ്ങളും മതാചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു (മഹാ ഋഷിയുടെ മന്ത്രങ്ങളും ക്രിസ്തീയ ധ്യാനകേന്ദ്രങ്ങളിലെ പ്രാർത്ഥനയുമെല്ലാം). അവയുടെ ഗുണഫലത്തിന് മതാചാരങ്ങളുടെ ആവശ്യമുണ്ടാ എന്ന കാര്യം സംശയമാണ്. തികഞ്ഞ മതവിശ്വാസികളിൽ ഒരു പക്ഷേ, ഇതില്ലെങ്കിൽ വേണ്ടെത്ര പ്രചോദിപ്പിക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും, പൊതുവേ പറഞ്ഞാൽ മാനസിക അയവു വരുത്താനുള്ള ധ്യാനമാർഗങ്ങളിൽ മന്ത്രവും നിഗൂഢതയുമെല്ലാം അനാവശ്യമായ ആത്മീയ ഭാണ്ഡക്കെട്ടാണ്.

പ്രാർത്ഥന

ധ്യാനം പോലെ തന്നെ പ്രാർഥനയും ചിലരിൽ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചേക്കാം. മതപരമായ വിശ്വാസങ്ങൾ മാറ്റി നിർത്തിയാലും ധ്യാനത്തിന് നിലനിൽപ്പുണ്ടെങ്കിൽ പ്രാർഥനയ്ക്ക് അതില്ല. വിശ്വാസികൾക്കു മാത്രമേ ഇതുകൊണ്ട് ഗുണമുണ്ടാകാനിടയുള്ളൂ എന്നർത്ഥം.

പ്രാർഥന കൊണ്ട് രോഗം മാറ്റുന്നതിന്റെ പേരിൽ പലതരം തട്ടിപ്പുകളും അരങ്ങേറിയിട്ടുണ്ട്. രോഗശാന്തി ശുശ്രൂഷാ മഹാമഹങ്ങളിൽ അന്ധർക്കു കാഴ്ച ലഭിക്കുകയും കാൻസർ രോഗികൾക്കു രോഗം മാറുകയും വികലാംഗർ നടക്കുകയുമൊക്കെ ചെയ്യുന്നു. പ്രസിദ്ധരായ പല രോഗശാന്തി സുവിശേഷക്കാരും വിശ്വാസികളെ കബളിപ്പിച്ച് ലക്ഷക്കണക്കിനു സമ്പാദിക്കുന്നു. ബ്രിട്ടീഷ് മനോരോഗ വിദഗ്ധനായ ലൂയി റോസ് ഇവരാൽ ഭേദമാക്കപ്പെട്ട നിരവധി കേസുകളെപ്പറ്റി നടത്തിയ അന്വേഷണത്തിനു ശേഷം പറഞ്ഞതിങ്ങനെയാണ്. “ഇരുപതു വർഷത്തെ പഠനത്തിനുശേഷം ഒരൊറ്റ അത്ഭുതം പോലും എനിക്ക് കണ്ടെത്താനായില്ല” 6. എഴുപതുകളിൽ അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ധനായ വില്യം നോലൻ പ്രസിദ്ധ സുവിശേഷക്കാരിയായ കാതറീൻ കുൾമാന്റെ യോഗങ്ങളിൽ വെച്ച് രോഗം മാറ്റപ്പെട്ട ഇരുപത്തിയഞ്ചു പേരെപ്പറ്റി വിശദമായി പഠിച്ചു. ശ്വാസകോശ അർബുദം മാറിയതായി പ്രഖ്യാപിച്ച ഒരു സ്ത്രീയ്ക്ക് യഥാർത്ഥത്തിൽ ലിംഫോമ എന്ന രോഗമായിരുന്നു. അതിനാകട്ടെ ഒരു മാറ്റവുമുണ്ടായില്ല. നട്ടെല്ലിൽ കാൻസർ ബാധിച്ചിരുന്ന ഒരു സ്ത്രീയോട് അവർ ധരിച്ചിരുന്ന കവചപട്ട ഊരിമാറ്റി സ്റ്റേജിലൂടെ ഓടാൻ കുൾമാൻ നിർദേശിച്ചു. പിറ്റേ ദിവസം തന്നെ അവർ പൂർണമായും കിടപ്പിലായി. നാലു മാസത്തിനകം മരിക്കുകയും ചെയ്തു. യഥാർത്ഥ രോഗമുണ്ടായിരുന്ന ഒറ്റ രോഗിക്കുപോലും രോഗം മാറിയില്ലെന്ന് നോലൻ കണ്ടെത്തി.7

അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റർ പോപ്പോഫ്. പ്രസിദ്ധജാലവിദ്യക്കാരനായ ജെയിംസ് റാൻഡി അദ്ദേഹത്തിന്റെ യോഗങ്ങളെ നിരീക്ഷിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുകയും ചെയ്തു. യോഗത്തിനു വരുന്ന ആൾക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നോ? (https://www.youtube.com/watch?v=p6BoV0AIPl4)

പീറ്റർ പോപ്പോഫ്

പോപ്പോഫിന്റെ അനുയായികൾ ആൾക്കാരുടെ ഇടയിൽ ചെന്ന് ശേഖരിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഒരു മൈക്രോഫോണിലൂടെ വിളിച്ചു പറയും. ചെവിയിലുള്ള കൊച്ച് റിസീവറിലൂടെ പോപ്പോഫിന് ഈ വിവരങ്ങൾ ലഭിക്കുകയും ചെയ്യും. പ്രസിദ്ധ ടെലിവിഷൻ പരിപാടി യായ “ജോണി കാർസൺ ഷോ’യിലൂടെ റിക്കോർഡ് ചെയ്ത ടേപ്പുകൾ സഹിതം റാൻഡി ഇതു പരസ്യമാക്കി8. ഏതാനും വർഷത്തെ മാന്ദ്യത്തിനു ശേഷം പോപ്പോഫ് ഇന്ന് വീണ്ടും സജീവമായി സുവിശേഷരംഗത്തു തുടരുന്നു. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. പൊതുജനത്തിന് ഓർമശക്തി കുറവാണ്. കടുത്ത വിശ്വാസികൾ മറിച്ചുള്ള തെളിവുകൾക്ക് ചെവി നൽകാൻ തയ്യാറാവുന്നതും ചുരുക്കം. ശൂന്യതയിൽ നിന്ന് മാല സൃഷ്ടിക്കുന്ന ജാല വിദ്യ മുഴുവനായി ദൂരദർശൻ വീഡിയോയിൽ രേഖപ്പെടുത്തിയത് പുറത്തായിട്ടും ശ്രീ സത്യസായിബാബയ്ക്ക് ഒരു കോട്ടവും സംഭവിച്ചില്ലല്ലോ. 

ഗുരുതര രോഗങ്ങൾക്ക്, ചികിത്സയ്ക്ക് അനുപൂരകമായി പ്രാർഥന നടത്തിയതുകൊണ്ട് ചില വിശ്വാസികൾക്ക് ഗുണം ലഭിച്ചേക്കാമെന്നു പറഞ്ഞല്ലോ. എന്നാൽ ചികിത്സയ്ക്ക് പകരം പ്രാർഥനയായാലോ? ഇത് അപകടമാണെന്ന കാര്യത്തിൽ സംശയമില്ല. അമേരിക്കയിൽ “ക്രിസ്ത്യൻ സയൻസ്’ എന്ന ഒരു മതവിഭാഗമുണ്ട്. അവരുടെ വിശ്വാസം രോഗം ഒരു മിഥ്യയാണെന്നാണ്; ഈ മിഥ്യ കാരണമുണ്ടാകുന്ന രോഗലക്ഷണങ്ങൾ പ്രാർഥന കൊണ്ട് മാറ്റിയെടുക്കാമെന്നും അവർ കരുതുന്നു. ആധുനികവൈദ്യമടക്കമുള്ള എല്ലാ ചികിത്സാപദ്ധതികളേയും അവർ നിരാകരിക്കുന്നു. പുകയില, മദ്യം എന്നിവയുടെ ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു. 1934 മുതൽ 1948 വരെ ഇല്ലിനോയിലെ ക്രിസ്ത്യൻ സയൻസുകാർ മാത്രം പഠിക്കുന്ന പ്രിൻസിപ്പിയ കോളേജിൽ നിന്ന് പാസ്സായവരുടെ 1987വരെയുള്ള മൊത്തം മരണനിരക്ക് കാൻസാസിലെ ഒരു സാധാരണ കോളേജിൽ നിന്ന് ഇതേ കാലയളവിൽ പാസ്സായവരുടേതുമായി താരതമ്യം ചെയ്യുന്ന പഠനം പുറത്തിറങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ സയൻസ് പുരുഷൻമാരുടെ മരണനിരക്ക് 26.2%, കാൻസാസ് പുരുഷൻമാരുടേത് 20.9% ക്രിസ്ത്യൻ സയൻസ് സ്ത്രീകൾ 11.3%, കാൻസാസ് സ്ത്രീകൾ 9.9%. മദ്യവും പുകയിലയും തീരെ ഉപയോഗിക്കാതിരുന്നിട്ടും ഈ യാഥാസ്ഥിതികരുടെ മരണനിരക്ക് കൂടുതലാണെന്നർത്ഥം.9 ക്രിസ്ത്യൻ സയൻസുകാരും സെവൻത്ത് ഡേ അഡ് വെന്റിസ്റ്റുകളും തമ്മിലുള്ള ഒരു താരതമ്യപഠനവും ലഭ്യമാണ് (1945-83 കാല ഘട്ടത്തിൽ പ്രിൻസിപ്പിയ കോളേജിലും സെവൻത്ത് ഡേ അഡ് വെന്റിസ്റ്റുകളുടേതായ ലോമെലിൻഡ യൂണിവേഴ്സിറ്റിയിലും നിന്ന് പാസ്സായവർ). സെവൻത്ത് ഡേ അനുയായികളും പുകയില, മദ്യം എന്നിവ ഉപയോഗിക്കാത്തവരാണ്. എന്നാൽ അവർ ആധുനിക ചികിത്സ സ്വീകരിക്കുന്നു. മരണനിരക്കുകൾ – പുരുഷൻമാർ; പ്രിൻസിപ്പിയ 40/1000; ലോമ 22/1000, സ്ത്രീകൾ പ്രിൻസിപ്പിയ 27/1000; ലോമ 12/1000. ആധുനിക വൈദ്യത്തിനു പകരം  പ്രാർഥനയാകുമ്പോൾ മരണങ്ങൾ വർധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്10.

മരിക്കാൻ ഭയമില്ലാത്ത വിശ്വാസികളുടെ സ്വാതന്ത്യത്തെ ചോദ്യം ചെയ്യാൻ നമുക്കവകാശമില്ല. എന്നാൽ അവരുടെ കുട്ടികളെ ചികിത്സിക്കില്ലെന്നും പ്രതിരോധ കുത്തിവെപ്പുകൾ നൽകില്ലെന്നുമുള്ള തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടോ? ആധുനിക ചികിത്സ നിരാകരിക്കുന്ന യാഥാസ്ഥിതിക മതവിഭാഗത്തിൽപ്പെട്ടവരുടെയിടയിലെ 172 ബാലമരണങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ അവയിൽ 90 ശതമാനവും ചികിത്സകൊണ്ട് രക്ഷപ്പെടുത്താനാവുന്നവയായിരുന്നു എന്നാണ് കണ്ടത്.11 

എൺപതുകളിൽ റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡണ്ടായതിനു ശേഷം അവിടെ മതമൗലികവാദികളുടെ സുവർണകാലമായിരുന്നു. മതത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങൾക്ക് ഇക്കാലത്ത് ധന സഹായം ധാരാളമായി ലഭിക്കുന്ന സ്ഥിതി വന്നു. ചില ശാസ്ത്രജ്ഞരും ഇതിൽ ചാടിവീണു. രോഗികൾപോലും അറിയാതെ അവർക്കു വേണ്ടി മറ്റുള്ളവർ പ്രാർഥിക്കുന്നതിന്റെ (Intercessary prayer) ഗുണം അളക്കുന്നതാണ് ഇവയിൽ ചില പഠനങ്ങൾ !.  കാര്യ-കാരണ ബന്ധങ്ങളെപ്പറ്റിയുള്ള ശാസ്ത്രത്തിന്റെ ചട്ടക്കൂടുകൾക്കു പുറത്തുള്ള ഇത്തരം പഠനങ്ങളെ അസംബന്ധമായി മാത്രമേ കാണാൻ കഴിയൂ. മിക്ക ശാസ്ത്രജ്ഞരും ഇങ്ങനെയുള്ള കാര്യങ്ങൾക്കുവേണ്ടി RCTകളും മറ്റും നടത്തുന്നത് അവയുടെ ദുരുപയോഗമായി മാത്രമേ കാണുകയുള്ളൂ. എന്നാൽ ഇത്തരം ഒരു പഠനത്തിൽ ഹൃദയ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട 990 രോഗികളെ രണ്ടായി തരംതിരിച്ചു. ഇവയിൽ ഒരു ഗ്രൂപ്പിനു വേണ്ടി അവരറിയാതെ പ്രാർഥന നടന്നു. മറ്റുള്ളവർക്കു സാധാരണ ചികിത്സ മാത്രം. രണ്ടു ഗ്രൂപ്പുകളും തമ്മിൽ മരണനിരക്കിലോ ആശുപത്രിയിൽ ചിലവിടേണ്ടിവന്ന ദിവസങ്ങളുടെ കാര്യത്തിലോ ഒരു വ്യത്യാസവുമുണ്ടായില്ല. എന്നാൽ ഇതുകൊണ്ട്  തൃപ്തരാവാത്ത ഗവേഷകർ നിർമിച്ചെടുത്ത ഒരു പ്രത്യേക സ്കോറിൽ പ്രാർഥിക്കപ്പെട്ടവരുടെ സ്ഥിതി നേരിയ തോതിൽ മെച്ചമായിരുന്നത്രെ ! 12  ഇതേ പോലെ സംഘടിപ്പിക്കപ്പെട്ട 393 രോഗികളുടെ മറ്റൊരു പഠനത്തിലും മരണനിരക്കും ആശുപത്രി താമസ ദൈർഘ്യവും രണ്ടു ഗ്രൂപ്പിലും വ്യത്യസ്തമായിരുന്നില്ല. എന്നാൽ മറ്റുചില രോഗ കാഠിന്യ അളവുകളിൽ പ്രാർഥിക്കപ്പെട്ടവരുടെ കോറുകൾ 5 ശതമാനത്തോളം കുറവായിരുന്നുവത്രെ. പ്രാർഥിക്കപ്പെട്ടവരുടെ ശരാശരി വയസ്സ് രണ്ടുവർഷം കുറവായിരുന്നു. ഇതു തീർത്തും അവഗണിച്ചുകൊണ്ട് ഗവേഷകൻ വിധിയെഴുതിയതെന്തെന്നോ? “ജൂത – ക്രിസ്ത്യൻ ദൈവത്തോട് പ്രാർഥിക്കുന്നതുകൊണ്ട് രോഗികൾക്ക് ഗുണമുണ്ടാവുന്നു” എന്ന്.13

ഇവരുടെ സങ്കൽപ്പത്തിലെ ജൂത – ക്രിസ്ത്യൻ ദൈവത്തിന്റെ സ്ഥിതിയൊന്നാലോചിച്ചു നോക്കു. പ്രാർഥനകൾ വരുന്ന മുറയ്ക്ക് ഇടപെട്ടുകൊണ്ടേയിരിക്കണം. മരണം ഒഴിവാക്കാനോ ആശുപത്രിയിൽ കിടക്കുന്ന ദിവസങ്ങൾ കുറയ്ക്കാനോ ഒന്നും പാവത്തിനു പറ്റില്ല. പിന്നെ ചെറിയ ചെറിയ അഡ്ജസ്റ്റുമെന്റുകൾ ചെയ്യാം, പ്രാർഥനാ ലോബിയുടെ RCTകളിൽ സംഖ്യാ തൃപ്തി (Stastistical significance) വരാൻ വേണ്ട തോതിൽ മാത്രം . സർവ വ്യാപിയും സർവശക്തനുമായ ഈശ്വരനിൽ നിന്നുള്ള പതനം എത്ര ദയനീയം! പിന്നെ, പ്രാർഥനക്കാരുടെ ലിസ്റ്റിൽപ്പെട്ടില്ല എന്ന ഒറ്റ കുറ്റം കൊണ്ട് നിയന്ത്രിത ഗ്രൂപ്പുകാരെ തീർത്തും കയ്യൊഴിയുന്ന ദൈവത്തിന്റെ നീതിബോധത്തെപ്പറ്റി എന്തു പറയാൻ. 

2001 ക്രിസ്തുമസ് പതിപ്പിൽ പ്രസിദ്ധ വൈദ്യശാസ്ത്ര ജേർണലായ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ ഒരു പഠനറിപ്പോർട്ട് പ്രത്യക്ഷപ്പെട്ടു, ലീബോവിച്ചി എന്ന ഇസായേൽകാരന്റെ പേരിൽ. രക്തത്തിൽ അണുബാധയായി (Septicemia) 1996ൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 3393 പേരെ – പഠനഗ്രൂപ്പും നിയന്ത്രിത ഗ്രൂപ്പുമായി തരംതിരിച്ചു. പഠനഗ്രൂപ്പിനു ജൂത സ്റ്റൈൽ പ്രാർഥനയും പതിവുപടി ചികിത്സയും (പ്രാർഥന മാത്രമായാൽ ദൈവത്തിനു പോലും രക്ഷിക്കാനാവില്ലെന്ന പൂർണബോധം ഈ പഠനം നടത്തുന്നവർക്കെല്ലാമുണ്ടെന്നതു ശ്രദ്ധിക്കുക) നിയന്ത്രിത ഗ്രൂപ്പിനു ചികിത്സ മാത്രവും. മരണനിരക്കുകൾ രണ്ടിലും ഒരേപോലെ. എന്നാൽ പ്രാർഥിക്കപ്പെട്ടവർക്ക് പനിയുടെ തോതിലും ആശുപത്രിവാസ ദൈർഘ്യത്തിലും നേരിയ തോതിൽ കുറവ്. രസം അതല്ല, രോഗികൾ ആശുപത്രിയിലുണ്ടായിരുന്നത് 1996ൽ. അവർക്കു വേണ്ടി പ്രാർഥന നടന്നതോ 2000-ാമാണ്ടിൽ! മുൻകാല പ്രാബല്യത്തോടെ ദൈവം അവരുടെ പനി കുറച്ചു ! 14 കാര്യകാരണ ബന്ധങ്ങളെ  തലകീഴാക്കുന്ന ഈ പഠനം പ്രത്യക്ഷപ്പെട്ടതിനു ശേഷം നിരവധി പ്രമുഖ ശാസ്ത്രജ്ഞരും , സാംഖ്യിക വിദഗ്ധരും (Statisticians) മാസികയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഇത് തികഞ്ഞ അസംബന്ധമാണെന്നായിരുന്നു മിക്കവാറും എല്ലാവരും അഭിപ്രായപ്പെട്ടത്. ഇത് ഏപ്രിൽ ആദ്യലക്കത്തിലായിരുന്നു വരേണ്ടതെന്ന് ഒരാൾ എഴുതി. ഈ പഠനം RCTകളുടെ പരിമിതികൾ വ്യക്തമാക്കുന്നതാണെന്ന് ചിലർ വിധിയെഴുതി. പ്രപഞ്ചത്തിന്റെ നടത്തിപ്പിൽ ശുപാർശകൾ സ്വീകരിച്ച് ദൈവം സ്ഥിരമായി ഇടപെട്ടുകൊണ്ടിരുന്നാൽ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊന്നും പ്രസക്തിയുണ്ടാവില്ല എന്ന അഭിപ്രായവുമുണ്ടായി. -RCTകൾ അന്തിമ സത്യങ്ങളൊന്നുമല്ല.

മിക്ക പഠനങ്ങൾക്കുമുള്ള വിശ്വാസ്യത (confidence) 95 ശതമാനമാണ്. അതായത് 100 RCTകൾ നടത്തിയാൽ അഞ്ചെണ്ണമെങ്കിലും തെറ്റായ നിഗമനങ്ങളിലെത്തിച്ചേർന്നേക്കാമെന്നർഥം. കാര്യകാരണ ബന്ധവും ജൈവശാസ്ത്രപരമായി അർഥവുമുള്ള ഹൈപ്പോ ത്തിസീസുകൾ പരിശോധിക്കുമ്പോഴത്തെ സ്ഥിതിയാണിതെന്നോർക്കണം. അറിയപ്പെടുന്ന സ്വാഭാവിക നിയമങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ള പഠനങ്ങളാണെങ്കിൽ തെളിവുകൾ കൂടുതൽ വേണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. “അസാധാരണമായ അവകാശവാദങ്ങൾക്ക് അസാധാരണമായ തെളിവുകൾ ആവശ്യമാണ്” (Extra ordinary claims need extra ordinary proof). അസംബന്ധ പഠനങ്ങളിൽ (ഇവ നടത്തുന്ന മുൻവിധിയുള്ള ശാസ്ത്രജ്ഞർ സത്യം പറയുകയാണെന്നു വിശ്വസിച്ചാൽ തന്നെ) കാണുന്ന ചെറിയ വ്യത്യാസങ്ങൾ അവഗണിക്കുകയാണ് വേണ്ടത്.

ട്രാന്‍സ് – മലയാള സിനിമയുടെ പോസ്റ്ററില്‍ നിന്നും

ഏതായാലും പ്രാർഥനയുടെ മാഹാത്മ്യം വിളിച്ചോതുന്ന പഠനങ്ങൾ വന്നതിനു ശേഷം, “സാധാരണ’ ശാസ്ത്രജ്ഞർ ഇവ പഠിക്കേണ്ടതാണെന്നു തീരുമാനിച്ചു. പ്രസിദ്ധ വൈദ്യശാസ്ത്ര കേന്ദ്രമായ മേയോ ക്ലിനിക്കിൽ 799 ഹൃദ്രോഗികളെ പഠിച്ചതിൽ, പ്രാർഥനാ ഗ്രൂപ്പിന് ഒരു മെച്ചവുമുള്ളതായി കണ്ടില്ല 15. വൃക്കരോഗങ്ങൾ, സന്ധിരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മദ്യാസക്തി എന്നിവയിലെല്ലാം വിദൂര പ്രാർഥനയുടെ ഫലം കണ്ടെത്താനായി RCTകൾ സംഘടിപ്പിക്കപ്പെട്ടു. ഒരു ഫലവുമില്ലെന്നായിരുന്നു ഈ പഠനങ്ങളുടേയും നിഗമനം 16,17,18,19

ഹിപ്നോസിസ്

ഹിപ്നോസിസ് എന്നു കേട്ടാൽ നമുക്കു മനസ്സിൽ വരുന്നത് ഫ്രഞ്ചു താടിയുള്ള മനോരോഗ വിദഗ്ധൻ ഒരു ലോക്കറ്റോ സ്ഫടികമോ മറ്റോരോഗിയുടെ മുന്നിൽ ആട്ടിക്കൊണ്ട് അവരെ മയക്കത്തിലാക്കുന്നതും, അബോധമനസ്സിൽ നിന്ന് പല നിഗൂഢ രഹസ്യങ്ങളും ചികഞ്ഞെടുക്കുന്നതും മറ്റുമാണ്. “മണിച്ചിത്രത്താഴി’ൽ ശോഭന ഇടയ്ക്കിടെ മൺമറഞ്ഞുപോയ ഒരു തമിഴ് നർത്തകിയായി മാറുന്നതും, അവർക്കറിയാത്ത ഭാഷയായ തമിഴ് മണിമണിയായി സംസാരിക്കുന്നതും, ഒടുവിൽ മനോരോഗ വിദഗ്ധനായ മോഹൻലാൽ അതിവിദഗ്ധമായി ഹിപ്പ്നോസിസ് ഉപയോഗിച്ച് അവരെ ചികിത്സിക്കുന്നതും മറ്റും കണ്ടിട്ടില്ലേ? ഇത്തരത്തിലുള്ള ഹിപ്പ്നോസിസ് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. പ്രേതബാധയ്ക്കും മന്ത്രവാദത്തിനുമൊക്കെ ആധുനിക ലേബലുകൾ നൽകി അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. യഥാർഥത്തിലുള്ള ഹിപ്പ്നോസിസ് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധം കുറയുന്നു. നല്ല പാട്ടു കേൾക്കുമ്പോൾ നാം എല്ലാം മറക്കുന്നതും, പകൽക്കിനാവു കാണുന്നതുമൊക്കെ പ്പോലെ. ഈ അവസരത്തിൽ മനസ്സിനു പ്രേരണകൾ (suggestions) കൂടുതൽ സ്വീകാര്യമാവുന്നു. ചുറ്റുപാടുകൾ മറന്നുള്ള ഏകാഗ്രതയിലേക്കു നയിച്ച് ഗുണപരമായ പ്രേരണകൾ നൽകുകയാണ് ഹിപ്പ്നോട്ടിസ്റ്റ് ചെയ്യുന്നത്. ആത്യന്തികമായി ഹിപ്പ്നോസിസിന് വിധേയമാകുന്ന വ്യക്തി തന്നെയാണ് ഇതു ചെയ്യുന്നത്. ഹിപ്പ്നോട്ടിസ്റ്റ് ഒരു സഹായി മാത്രമാണ്. ഓഡിയോ ടേപ്പുകളും മറ്റും ഉപയോഗിച്ച് സ്വയം ഹിപ്പ്നോസിസ് (self hypnosis) ചെയ്യുന്ന രീതികളുമുണ്ട്.

യഥാർഥ ഹിപ്പ്നോസിസ് അബോധമനസ്സിൽ ഒളിഞ്ഞുകിടക്കുന്ന കാര്യങ്ങളെ പുറത്തുകൊണ്ടു വരുന്നൊന്നുമില്ല. സത്യം പറയിക്കാൻ ഇത് ഉപ യോഗിക്കുന്നതിലും അർഥമില്ല. ഹിപ്പ്നോട്ടെസ് ചെയ്യപ്പെടുന്ന വ്യക്തിയുടെ സഹകരണമില്ലാതെ ഹിപ്പ്നോസിസ് അസാധ്യമാണ്. അതുപോലെ ഈ  സങ്കേതം ഉപയോഗിച്ച് ഹിപ്പ്നോട്ടിസ്റ്റിന് നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാമെന്ന ധാരണയും മാധ്യമങ്ങളുടെ ഭാവനാവിലാസമാണ്. എല്ലാ വ്യക്തികളെയും ഒരേ തോതിൽ ഹിപ്പ്നോട്ടെസ് ചെയ്യാൻ കഴിയില്ല. ഹിപ്പ്നോസിസിന് രോഗിയുടെ പൂർണ സഹകരണം ആവശ്യമാണ്.

ഇത്തരത്തിലുള്ള ഹിപ്പ്നോസിസിന് ചില രോഗങ്ങളുടെ ചികിത്സയിൽ പങ്കുവഹിക്കാനാവുമെന്നതിന് തെളിവുകളുണ്ട്. മാനസിക ഘടകം പ്രധാനമായിട്ടുള്ള രോഗങ്ങൾക്കാണ് ഇത് കൂടുതലായി ഫലിക്കുക. മാനസിക അയവു വരുത്തുന്നതിനു പുറമേ ചില ശാരീരിക മാറ്റങ്ങൾക്കുള്ള ഉൾപ്രേരണ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.  

കുടലിന്റെ സാധാരണ പ്രവർത്തനം മാനസികനിലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉദ്വേഗജനകമായ വാർത്ത കേട്ടാൽ ചിലപ്പോൾ വയറിന് അസ്വാസ്ഥ്യം തോന്നുന്നതും കക്കൂസിൽ പോകാൻ തോന്നുന്നതും സാധാരണ അനുഭവമാണല്ലോ. ചിലർക്ക് കുടലിനു ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടെയുള്ള വയറുവേദനയും വയറിളക്കവുമൊക്കെയുണ്ടാകുന്നു. “Irritable Bowel Syndrome” (IBS) എന്ന പേരിലറിയപ്പെടുന്ന ഈ രോഗം ഒരു മനോശാരീരിക രോഗമായാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഹിപ്പ്നോസിസ് ചികിത്സ ഇതിനു ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട് 20, 21.

പലതരം വേദനകളുടെ തീവ്രത കുറയ്ക്കുന്നതിനും ഹിപ്പ്നോസിസ്  പ്രയോജനപ്പെടുന്നതായി അനുഭവമുണ്ട്. ഇതിൽ അത്ഭുതപ്പെടാനില്ല. കാരണം വേദനയെന്നതിന് ശാരീരിക കാരണമുണ്ടാവാമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ തലച്ചോറ് എങ്ങനെ പരിഭാഷപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദീർഘസ്ഥായിയായ ഓസ്റ്റിയോ ആർതൈറ്റിസ് എന്ന സന്ധിരോഗം കൊണ്ടുള്ള വേദനയുടെ കാഠിന്യം കുറയ്ക്കാൻ ഹിപ്പ്നോസിസ് പ്രയോജനകരമെന്നു കണ്ടിട്ടുണ്ട് 22. ശസ്ത്രക്രിയക്കു മുമ്പ് ബോധം കെടുത്തുന്നതിന്റെ ആദ്യവേളയിൽ ഹിപ്പ്നോസിസ് പ്രേരണ നൽകുന്നത് പിന്നീടുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും കുറയ്ക്കാൻ സഹായിക്കുന്നതായും ചില പഠനങ്ങൾ കാണിക്കുന്നു 23, 24,

മാനസിക പ്രരണ നേരിയ തോതിൽ പ്രതിരോധ കോശങ്ങളുടെ  പ്രവർത്തനത്തെ ശക്തിപ്പെടുത്തിയേക്കാമെന്ന് ചില പ്രാരംഭപഠനങ്ങൾ അഭിപ്രായപ്പെടുന്നു 25. സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങളുടെ ചികിത്സയിലും ഹിപ്പ്നോസിസ് വഴിയുള്ള മാനസിക പ്രരണ ഫലം ചെയ്തേക്കാമെന്ന് ആദ്യറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു 26. എന്നാൽ ഇവയുടെയൊക്കെ ഫലപ്രാപ്തി വളരെ നേരിയ തോതിലേ ഉള്ളൂ എന്നും അതു പോലും പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നും ഓർക്കേണ്ടതുണ്ട്.

ശാസ്ത്രീയമല്ലാത്ത രീതികളിലും ഹിപ്പ്നോസിസ് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. ഹിപ്പ്നോസിസിന്റെ ആരംഭം തന്നെ 18-ാം നൂറ്റാണ്ടിൽ ഫാൻസ് ആന്റൺ മെസ്ലർ എന്ന വിയന്നയിലെ ഭിഷഗ്വരന്റെ ജാലവിദ്യാസമാനമായ ചികിത്സാ പദ്ധതികളിൽ നിന്നാണ്. മെസ്മറിസം, മാസ്മരികത, മാസ്മരശക്തി തുടങ്ങിയ വാക്കുകളുടെ ഉത്ഭവവും ആ പേരിൽനിന്നു തന്നെ. ഇന്നത്തെ സുവിശേഷക്കാരുടെ പോലെ, തന്റെ വാക്ചാതുരിയും പ്രേരണാശക്തിയും കാന്തങ്ങൾ പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു മെസ്മറിന്റെ ചികിത്സ. മെസ്മറിന്റെ സിദ്ധാന്തങ്ങൾക്ക് ഇന്നാരും വില കൽപ്പിക്കുന്നില്ല.

1980-കളിൽ ലോകമെമ്പാടും ഒരു പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടു. “ബഹു-വ്യക്തിത്വരോഗം’ (Mutliple Personality Disorder – MPD) എന്ന പേരിൽ. ഒന്നിലധികം വ്യക്തികളായി ജീവിക്കുന്ന ആയിരക്കണക്കിനു രോഗികളെ മനോരോഗ വിദഗ്ധർ കണ്ടെത്തി. മണിച്ചിത്രത്താഴിലെ ഗംഗ, നാഗവല്ലിയാകുന്നതുപോലെ ഇടയ്ക്കിടെ അപരവ്യക്തിത്വം പ്രത്യക്ഷപ്പെടും. ഈ സമയത്ത് നടക്കുന്നതൊന്നും പിന്നീട് രോഗിക്ക് ഓർമയുണ്ടായിരിക്കുകയില്ല. കുട്ടിക്കാലത്തുള്ള കടുത്ത ശാരീരിക- മാനസിക പീഡനങ്ങളോ മറ്റ് മാനസിക ആഘാതങ്ങളോ ആണ് ഈ രോഗത്തിന്റെ മൂലകാരണമെന്ന് സമർഥിക്കപ്പെട്ടു. ഈ ആഘാതങ്ങളുടെ ഓർമകൾ മറച്ചുവെയ്ക്കാനാണത്ര അബോധമനസ്സ് മറ്റ് വ്യക്തിത്വങ്ങളെ തേടി കണ്ടെത്തുന്നത്. ശൈശവത്തിലെ പീഡനങ്ങളുടെ ഓർമ മനസ്സിൽ നിന്ന് പൂർണമായും തമസ്കരിക്കപ്പെടുന്നു. മനോരോഗവിദഗ്ധർ ഈ ഓർമകളെ ഹിപ്പ്നോസിസിലൂടെ പുറത്തുകൊണ്ടുവരുന്നു.

സിബിൽ’ (sybil) സിനിമയുടെ പോസ്റ്റര്‍ കടപ്പാട് meristation.as.com

 

1973-ൽ പ്രസിദ്ധീകരിച്ച “സിബിൽ’ (sybil) എന്ന സംഭവകഥ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് 1977-ൽ ഇത് സിനിമാരൂപത്തിൽ പുറത്തുവന്നു. മുപ്പത്തിയേഴാം വയസ്സിൽ സിബിൽ പലതരം മാനസിക പ്രശ്നങ്ങൾക്കായി കോർണീലിയ വിൽബർ എന്ന മനോരോഗവിദഗ്ധയെ സമീപിക്കുന്നു. വിൽബർ സിബിലിനെ ഹിപ്പ്നോട്ടെസ് ചെയ്തപ്പോൾ അവൾക്ക് പതിനാറ് അപരവ്യക്തിത്വങ്ങൾ ഉള്ളതായി കണ്ടെത്തി. അമ്മയുടെ കയ്യിൽനിന്നുള്ള മാനസിക-ലൈംഗിക പീഡനങ്ങളായിരുന്നു സിബിലിന്റെ അവസ്ഥയ്ക്ക കാരണമെന്ന് വിൽബർ കണ്ടെത്തി. പിന്നീട് വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സയിൽ ഈ പതിനാറു വ്യക്തിത്വങ്ങളെയും വിശദമായി പഠിക്കുകയും അവയെല്ലാം ചേർത്ത് ഒരു പൂർണ വ്യക്തിത്വത്തിനു രൂപം നൽകുകയും ചെയ്ത് വിൽബർ അങ്ങിനെ സിബിലിനെ പൂർണമായും സുഖപ്പെടുത്തുന്നു. സിബിലായി അഭിനയിച്ച സാലി ഫീൽഡിന് എമ്മി അവാർഡു ലഭിച്ച ഈ സിനിമയ്ക്ക് ശേഷമാണ് അതുവരെ അത്യപൂർവരോഗമായിരുന്ന MPD കൂടുതൽ കൂടുതൽ പേരിൽ കണ്ടെത്തി തുടങ്ങിയത്. എൺപതുകളിൽ മാസികകൾ, പ്രേതങ്ങൾ, ടെലിവിഷൻ എന്നിവയിലെല്ലാം MPD നിറഞ്ഞുനിന്നു. മനോരോഗവിദഗ്ധർ ഡിക്ടറ്റീവുകളെപ്പോലെ കുട്ടിക്കാലത്തെ മറന്നുപോയ ഓർമകൾ പുറത്തെടുക്കാൻ തുടങ്ങി. ഒരു ശതമാനം പേർക്കെങ്കിലും MPD യുണ്ടെന്നും, മൂന്നിലൊന്നോളം സ്ത്രീകൾക്ക് ശൈശവത്തിൽ അച്ഛനിൽ നിന്നോ മറ്റു ബന്ധുക്കളിൽ നിന്നോ ലൈംഗികപീഡനം ഏറ്റിട്ടുണ്ടെന്നും ഈ “മനോരോഗജ്ഞർ’ അഭിപ്രായപ്പെട്ടു. മനോരോഗികളുടേയും ശൈശവ ലൈംഗിക പീഡനത്തിനിരയായവരുടേയും എണ്ണം പൊടുന്നനെ കൂടി. പല കുടുംബബന്ധങ്ങളും ശിഥിലമായി. 

കോർണീലിയ വിൽബർ സ്ഥലത്തില്ലാതിരുന്ന സമയത്ത് സിബിലിനെ ചികിത്സിച്ച ഡോ. ഹെർബർട്ട് സ്പീഗൽ MPD എന്ന രോഗത്തിൽ വിശ്വസിച്ചിരുന്നില്ല. സിബിലിന് ഒരുതരം ഹിസ്റ്റീരിയ ആയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഹിപ്പ്നോസിസ് സമയത്ത് സിബിലിനുണ്ടായിരുന്ന വിവിധ മാനസിക അവസ്ഥകൾക്ക് ഓരോ വ്യക്തികളുടെ പേര് കൊടുക്കുകയും അതെല്ലാം അപരവ്യക്തിത്വങ്ങളാണെന്ന് സിബിലിനെക്കൊണ്ട് വിശ്വസിപ്പിക്കുകയുമാണ് വിൽബർ ചെയ്തതെന്ന് സ്പീഗൽ പറയുന്നു. കോർണീലിയ വിൽബർ സിബിലുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ ടേപ്പ് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. സ്പീഗലിന്റെ വാദം ശരി വയ്ക്കുന്നതാണ് ടേപ്പുകളിലെ ഉള്ളടക്കം 27. നിക്കോളാസ് സ്പാനോസ് എന്ന മനശ്ശാസ്ത്രതജ്ഞന്റെ അഭിപ്രായത്തിൽ MPD എന്ന രോഗം മുഖ്യമായും മനോരോഗ വിദഗ്ധരുടെ സൃഷ്ടിയാണ്. ചികിത്സാസമയത്ത് രോഗിയുടെ മനസ്സിൽ മനോരോഗജ്ഞൻ വിതയ്ക്കുന്ന വിത്തുകളാണ് അപരവ്യക്തിത്വങ്ങളായി പ്രത്യക്ഷപ്പെടുന്നത്. കുട്ടിക്കാലത്തെ മറന്നുപോയ ഓർമകൾ പുറത്തെടുക്കുന്നതും ശരിയായിക്കൊള്ളണമെന്നില്ല. ഹിപ്പ്നോസിസ് ചെയ്യപ്പെടുമ്പോൾ ഡോക്ടറുടെ നിരന്തരമായ ചോദ്യങ്ങളും നിർദേശങ്ങളും സൂചനകളുമൊക്കെക്കൂടെയാവുമ്പോൾ  ഭാവനയിൽ നിന്നു മെനഞ്ഞെടുക്കുന്നതാണ് മിക്ക പീഡനകഥകളും. യഥാർത്ഥ പീഡനമേറ്റവർ മിക്കവരും അതോർമിക്കുകയാണ് പതിവ്. നാസി കോൺസൺട്രേഷൻ ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്കൊന്നും അതിന്റെ ഓർമകൾ നഷ്ടമായിരുന്നില്ല. അവർക്കാർക്കും MPDയും ഇല്ലായിരുന്നു. ചുരുക്കത്തിൽ ചില മനശ്ശാസ്ത്ര വിദഗ്ധരുടെ ഭാവനയിൽ ഉദിച്ച് രോഗികളുടെ സഹായത്തോടെ അവർ സൃഷ്ടിച്ചെടുത്ത് അവർ തന്നെ ചികിത്സയും വിധിച്ചതാണ് MPD എന്ന രോഗം. പണ്ടുകാലത്ത് പ്രേത ബാധയേറ്റവരിൽ നിന്ന് പ്രേതത്തെ കുടിയിറക്കിയിരുന്നതുപോലെ (Exorcism), ആധുനിക യുഗത്തിലെ മന്ത്രവാദമാണ് ബഹു-വ്യക്തിത്വരോഗം 28.

ബഹു-വ്യക്തിത്വരോഗത്തിന്റെ മേഖലയിലെ വിദഗ്ധരിൽ അഗ്രഗണ്യനായിരുന്നു, ഡോ. ബെന്നറ്റ് ബ്രോൺ. ഈ രോഗത്തിന്റെ ചികിത്സയ്ക്കായി ഒരു പ്രത്യേക കേന്ദ്രം തന്നെ ഇദ്ദേഹം തുടങ്ങുകയുണ്ടായി. 1986ൽ അവിടെ പ്രവേശിപ്പിക്കപ്പെട്ട രോഗിയായിരുന്നു പാറ്റ് ബർഗസ് എന്ന സ്ത്രീ. രണ്ടാമത്തെ കുട്ടിയുടെ വിഷമം പിടിച്ച പ്രസവത്തിനു ശേഷം വിഷാദരോഗം ബാധിച്ചതായിരുന്നു അവർക്ക്. അവരെ പരിശോധിച്ച ബ്രോൺ അവരിൽ 300 അപരവ്യക്തിത്വങ്ങൾ കണ്ടെത്തി. അതിനു കാരണം കുട്ടിക്കാലത്ത പീഡനവും സാത്താനെ പ്രീതിപ്പെടുത്താൻ പ്രാർഥന നടത്തിയതും മനുഷ്യമാംസം തിന്നുന്ന ആചാരങ്ങൾ അനുഷ്ഠിച്ചതും മറ്റുമാണെന്ന് ബ്രോൺ ആ പാവത്തിനെ “ബോധ്യപ്പെടുത്തി’ (എല്ലാം ഹിപ്പ്നോസിസിലൂടെ കണ്ടെത്തിയത്!). പാറ്റിന്റെ രണ്ടു മക്കൾക്കും ജനിതകമായി MPD ഉണ്ടാകാനിടയുണ്ടെന്ന് പറഞ്ഞ ബോൺ അവരിൽ നിന്നും പല പീഡനകഥകളും പുറത്തെടുത്തു. ഹിപ്പ്നോസിസ് സമയത്ത് ഓർമയ്ക്ക് സഹായകമാകാൻ തോക്ക്, കയ്യാമങ്ങൾ എന്നിവയൊക്കെ ഈ കുട്ടികളെ കാണിക്കുക പതിവായിരുന്നു. മൊത്തം മൂന്ന് ദശലക്ഷം ഡോളർ ചെലവാക്കിയ പാറ്റും മക്കളും ശരിക്കും മനോരോഗികളായി മാറി. പാറ്റും ഇതുപോലെയുള്ള മറ്റു രോഗികളും കൊടുത്ത കേസുകളുടെ അടിസ്ഥാനത്തിൽ കോടതി ബ്രോണിനെതിരെ വിധിയെഴുതി. അനേക ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ അയാൾ നിർബന്ധിതനായി. തുടർന്ന് മനോരോഗശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള ബ്രോണിന്റെ ലൈസൻസ് എടുത്തുകളയുകയും മനോരോഗജ്ഞരുടെ സംഘടനയിൽ നിന്ന് (American Psychiatric Association) അദ്ദേഹത്തെ നീക്കം ചെയ്യുകയും ചെയ്തു. 

മനോരോഗശാസ്ത്രത്തിന് “അപക്വമായ ശാസ്ത്രം’ എന്ന ചീത്തപ്പേരു ലഭിക്കുന്നതിൽ കോർണീലിയ വിൽബറും, ബെന്നറ്റ് ബ്രൗണും മറ്റും വഹിച്ച പങ്ക് ചെറുതല്ല. മനോരോഗവിദഗ്ധരിൽ ഈ തിരിച്ചറിവ് ഉണ്ടായതോടെ MPD രോഗമായി മുദ്ര കുത്തുന്നവരുടെ എണ്ണം കുത്തനെ താണു. പല MPD ക്ലിനിക്കുകളും അടച്ചുപൂട്ടി. ചികിത്സകരുണ്ടാക്കുന്ന രോഗമാണ് MPD എന്ന ആരോപണം ശക്തമായതോടെ രോഗത്തിന്റെ പേരുതന്നെ മാറ്റി, Dissociative Identity Disorder (DID) എന്നാക്കി. ശാസ്ത്രത്തിന്റെ രീതികൾ മുറുകെ പിടിക്കാതെ സ്വന്തം ഭാവനാവിലാസങ്ങളെ ശാസ്ത്രമെന്നു കൊട്ടിഘോഷിച്ചാലുണ്ടാകുന്ന വിപത്തിന്റെ നല്ലൊരുദാഹരണമാണ് MPD എന്ന ഇല്ലാരോഗം.

ശൈശവ ലൈംഗിക പീഡനങ്ങളുടെ ഓർമകൾ നിർമിച്ചെടുക്കുന്ന മനോരോഗജ്ഞർക്ക് സ്ത്രീ-വിമോചന പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. 1988-ൽ പ്രസിദ്ധീകരിച്ച “മുറിവുണക്കാനുള്ള ധൈര്യം’ (Courage to heal) എന്ന പുസ്തകം ഇവരുടെ ആധികാരിക ഗ്രന്ഥമായി മാറി. ഇല്ലാത്ത ലൈംഗിക പീഡനകഥകൾ കെട്ടിച്ചമച്ച് നിരവധി നിരപരാധികളെ ക്രൂശിക്കുന്നതിൽ ഈ പുസ്തകവും ചില ഫെമിനിസ്റ്റുകളും വഹിച്ച പങ്ക് ചില്ലറയല്ല. ശാസ്ത്രത്തിന്റെ രീതികളെ നിരാകരിച്ചാലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകളെപ്പറ്റി പ്രസ്ഥാനങ്ങളിലും ബോധ്യമുണ്ടാവേണ്ടിയിരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. 

വെറുംകൈ ശസ്ത്ര ക്രിയ (Bare hand surgery)

 2002 ഓഗസ്റ്റ്, സ്ഥലം ബാംഗ്ലൂരിലെ വിധാൻ സൗധം. ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയിരിക്കുന്നു. പല മാറാരോഗങ്ങളുള്ളവരുമതിലുണ്ട്. കൂടാതെ കർണ്ണാടകത്തിലെ മന്ത്രിമാരും നിയമസഭാസാമാജികരുമുണ്ട്. എല്ലാം അലക്സ് ഓർബിറ്റോ എന്ന ഫിലിപ്പീൻസുകാരന്റെ അത്ഭുത ചികിത്സ തേടിയെത്തിയവർ. വയറ്റിലെ കാൻസർ ബാധിച്ച ഒരാളിനെ ഓപ്പറേഷൻ മേശയിൽ കിടത്തുന്നു. സാധാരണ ഓപ്പറേഷൻ തീയറ്ററുകൾ പോലെ മയക്കാനുള്ള സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ല. ഓർബിറ്റോ ഒരു നിമിഷം ധ്യാനനിമഗ്നനാവുന്നു. പിന്നീട് വെറും കൈകൾ രോഗിയുടെ വയറ്റിലേക്കിട്ട് “ദുഷിച്ച’ രക്തവും മാംസവുമെല്ലാം പുറത്തെടുക്കുന്നു. അഞ്ചു മിനിറ്റു കൊണ്ട് ശസ്ത്രക്രിയ തീർന്നു. വയറു തുടച്ചു കഴിഞ്ഞതിനു ശേഷം, അത്ഭുതമെന്നേ പറയേണ്ടു ഒരു പാടു പോലും രോഗിയുടെ ശരീരത്തിലില്ല! രോഗി എഴുന്നേറ്റു നടന്നുപോകുന്നു, തന്റെ രോഗം ദിവ്യനായ ചികിത്സകൻ പൂർണമായും സുഖപ്പെടുത്തിയെന്ന ഉത്തമവിശ്വാസത്തോടെ.

ഇതാണ് വെറുംകൈ ശസ്ത്രക്രിയ അഥവാ ആത്മീയ ശസ്ത്രക്രിയ (Psychic surgery). ഫിലിപ്പീൻസിലാണ് ഇതിന്റെ ഉത്ഭവം. ഓർബിറ്റോവിനെ കൂടാതെ നൂറു കണക്കിന് വെറുംകൈ വൈദ്യന്മാരുണ്ടിവിടെ. ഫിലി പ്പീൻസിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമായി വെറുംകൈ ശസ്ത്രക്രിയ അവതരിപ്പിക്കപ്പെടുന്നു. വർഷംതോറും ആയിരക്കണക്കിനാളുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് അങ്ങോട്ടു പ്രവഹിക്കുന്നു. അലക്സ് ഓർബിറ്റോ പിരമിഡ് ആകൃതിയിൽ എല്ലാ ടൂറിസ്റ്റ് സൗകര്യങ്ങളുമുള്ള ഒരു വൻ ചികിത്സാകേന്ദ്രം തന്നെ തുറന്നിരിക്കുന്നു. അതിനകത്ത് ജൈവ-ഊർജം (പ്രാണൻ) വളരെ ഉയർന്ന തോതിലുണ്ടത്രേ! 

ജെയിംസ് റാന്‍ഡി ഓപ്പണ്‍ മീഡിയ ടെലിവിഷന്‍ പരമ്പരയില്‍ സൈക്കിക് സര്‍ജറി തട്ടിപ്പ് തുറന്നുകാണിക്കുന്നു (1991) കടപ്പാട് വിക്കിപീഡിയ

വെറുംകൈ വൈദ്യന്മാർ ചെയ്യുന്നത് വെറും ഹിപ്പ്നോസിസോ പ്ലസീബോ -ശസ്ത്രക്രിയയോ ആണെങ്കിൽ നമുക്കത് മനസ്സിലാക്കാം. എന്നാൽ അവർ പറയുന്നത് അതല്ല, ശരിയ്ക്കും രോഗിയുടെ ഉള്ളിൽ നിന്ന് ദിവ്യശക്തിയുപയോഗിച്ച് ദുഷിച്ച രക്തവും കാൻസറുമെല്ലാം പുറത്തെടുക്കുന്നുവെന്നാണ്. ഇത് വെറും തട്ടിപ്പാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്. 1986ൽ ഗാരിമാഗ്നോ എന്ന പ്രസിദ്ധ ആത്മീയ വൈദ്യൻ തട്ടിപ്പിന് അറസ്റ്റു ചെയ്യപ്പെട്ടു മൃഗങ്ങളുടെ രക്തവും മാംസവുമടങ്ങിയ പ്ലാസ്റ്റിക്ക് പാക്കറ്റുകളുമായി. ജോ ബുഗാരിൻ, പ്ലാസിഡോ, പാലിട്യായൻ എന്നിവരും ഇത്തരത്തിൽ അമേരിക്കയിൽ തട്ടിപ്പിന് അറസ്റ്റിലായ പ്രമുഖ ആത്മീയ വൈദ്യന്മാരാണ് 28.

ബാംഗ്ലൂരിലെ ക്യാമ്പിൽ പങ്കെടുത്ത സ്തനാർബുദ രോഗിയായിരുന്നു അമിത്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനായ സതീഷ്ചന്ദ്രശർമയുടെ ഭാര്യ. ദേഹമാകെ പടർന്ന അർബുദരോഗത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാവുമോ എന്ന അവസാന ശ്രമത്തിലായിരുന്നു അവർ. ഓർബിറ്റോ അവരുടെ കാൻസർ വെറും കൈ കൊണ്ടു നീക്കം ചെയ്ത് രക്തവും മറ്റും ചവറ്റുകുട്ടയിലേക്കെറിഞ്ഞു. ഈ ചികിത്സയ്ക്കു ശേഷം സ്കാൻ ചെയ്ത നോക്കിയപ്പോൾ കാൻസർ പഴയ പടി തന്നെ നിലനിൽക്കുന്നതായാണ് കണ്ടത് 29

ബാംഗ്ലൂർ മഹാമഹത്തിന്റെ പ്രധാന സംഘാടകൻ മുൻ സി.ബി.ഐ ഡയരക്ടറായിരുന്ന ഡി.ആർ. കാർത്തികേയനായിരുന്നു (രാജീവ്ഗാന്ധി വധക്കേസ് അന്വേഷണത്തിലൂടെ പ്രസിദ്ധനായയാൾ). ഇത്തരം പ്രകടമായ തട്ടിപ്പുകൾ പോലും മനസ്സിലാക്കാൻ കഴിയാത്ത ഈ മാന്യദേഹം സി.ബി.ഐയുടെ തലവനായിരുന്നു എന്നത് രസകരം തന്നെ.


റഫറന്‍സ്

 1. Barrows KA, Jacobs BP. Med Clin North Am 2002 Jan;86(1):11-31
 2. Alexander CN, Langer EJ, Newman RI, Chandler HM, Davies JL. Transcendental meditation, mindfulness, and longevity: an experimental study with the elderly. J Pers Soc Psychol. 1989;57(6):950-64
 3. Randi, James. Flim-Flam! (Buffalo, New York: Prometheus Books, 1982), chapter “The Giggling Guru: A Matter of Levity”.
 4. The various implications Arising from the practice of transcendental meditation An empirical analysis Of pathogenic structures As an aid in counseling Institute for youth and society bensheim 1980
 5. Meditation: concepts, effects and uses in therapy by Alberto Perez-De-Albeniz and Jeremy Holmes International Journal of Psychotherapy, Mar2000, Vol. 5 Issue 1, p49
 1. Rose L. Faith Healing. Baltimore: Penguin Books, 1971.
 2. Nolen W. Healing: A Doctor in Search of a Miracle. New York, 1974, Random House Inc.
 1. Randi J. The Faith Healers. Amherst, N.Y.: Prometheus Books,1987
 2. Simpson WF. Comparative longevity in a college cohort of Christian Scientists. JAMA 262:1657-1658, 1989.
 1. MMWR Morb Mortal Wkly Rep 1991 Aug 23;40(33):579-82
 2. Asser S, Swan R. Child fatalities from religion-motivated medical neglect. Pediatrics 101:625-629, 1998
 1. Harris WS, Gowda M, Kolb JW, Strychacz CP, Vacek JL, Jones PG, Forker A, O’Keefe JH, McCallister BD. A randomized, controlled trial of the effects of remote, intercessory prayer on outcomes in patients admitted to the coronary care unit. Arch Intern Med 1999;159(19):2273-8z
 1. Byrd RC. Positive therapeutic effects of intercessory prayer in a coronary care unit population. South Med J 1988;81(7):826-9
 1. Leibovici L. Effects of remote, retroactive intercessory prayer on outcomes in patients with bloodstream infection: randomised controlled trial. BMJ 2001 Dec 22-29;323(7327):1450-1
 1. Aviles JM, Whelan SE, Hernke DA, Williams BA, Kenny KE, O’Fallon WM, Kopecky SL Intercessory prayer and cardiovascular disease progression in a coronary care unit population: a randomized controlled trial. Mayo Clin Proc 2001;76(12):1192-8
 1. Matthews WJ, Conti JM, Sireci SG.The effects of intercessory prayer, positive visualization, and expectancy on the well-being of kidney dialysis patients. Altern Ther Health Med 2001;7(5):42-52
 1. Harkness EF, Abbot NC, Ernst E. A randomized trial of distant healing for skin warts. Am J Med 2000;108(6):448-52
 1. Matthews DA, Marlowe SM, MacNutt FS. Effects of intercessory prayer on patients with rheumatoid arthritis. South Med J 2000;93(12):1177-86
 1. Walker SR, Tonigan JS, Miller WR, Corner S, Kahlich L Intercessory prayer in the treatment of alcohol abuse and dependence: a pilot investigation. Altern Ther Health Med 1997;3(6):79-86
 1. Palsson OS, Turner MJ, Johnson DA, Burnelt CK, Whitehead WE. Hypnosis treatment for severe irritable bowel syndrome: investigation of mechanism and effects on symptoms.Dig Dis Sci 2002;47(11):2605-14
 1. Houghton LA, Calvert EL, Jackson NA, Cooper P, Whorwell PJ. Visceral sensation and emotion: a study using hypnosis.Gut 2002;51(5):701-4
 1. Gay MC, Philippot P, Luminet O. Differential effectiveness of psychological interventions for reducing osteoarthritis pain: a comparison of Erikson [correction of Erickson] hypnosis and Jacobson relaxation.Eur J Pain 2002;6(1):1-16
 1. Montgomery GH, Weltz CR, Seltz M, Bovbjerg DH. Brief presurgery hypnosis reduces distress and pain in excisional breast biopsy patients. Int J Clin Exp Hypn 2002;50(1):17-32
 1. Cowan GS Jr, Buffington CK, Cowan GS 3rd, Hathaway D. Assessment of the effects of a taped cognitive behavior message on postoperative complications (therapeutic suggestions under anesthesia).Obes Surg 2001;11(5):589-93
 1. Kiecolt-Glaser JK, Marucha PT, Atkinson C, Glaser R. Hypnosis as a modulator of cellular immune dysregulation during acute stress. J Consult Clin Psychol 2001;69(4):674-82
 1. Tausk F, Whitmore SE. A pilot study of hypnosis in the treatment of patients with psoriasis.Psychother Psychosom 1999;68(4):221-5
 1. Rieber RW. Hypnosis, false memory and multiple personality: a trinity of affinity. Hist Psychiatry 1999;10(37):3-11
 1. Spanos, Nicholas P. Multiple Identities and False Memories: A Sociocognitive Perspective (Washington, D.C.: American Psychological Association, 1996).
 1. Brenneman, Richard J. Deadly Blessings : Faith Healing on Trial (Buffalo, N.Y.: Prometheus Books, 1990).
 1. N Bhanutej. Fake healing – Filipino psychic takes Indians for a ride. The Week. Sept 8, 2002

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

 

 

Leave a Reply