Read Time:26 Minute

ധുനിക ശാസ്ത്രത്തിന്റെ കണ്ണിൽ ഏറ്റവും വിവാദപരമായ അനുപൂരക ചികിത്സാ പദ്ധതി ഹോമിയോപ്പതി തന്നെയാണ്. അടിസ്ഥാന ശാസ്ത്ര തത്വങ്ങളുമായി ചേർന്നു പോകാത്തതായി പലതും ഹോമിയോപ്പതിയുടെ പ്രമാണങ്ങളിലുണ്ടെന്നതാണ് കാരണം. ഹോമിയോപ്പതി വിശദീകരണ യുക്തമാകണമെങ്കിൽ രണ്ടിലൊന്ന്- ശാസ്ത്രതത്വങ്ങളോ ഹോമിയോ പ്രമാണങ്ങളോ – വഴിമാറിയേതീരൂ.

ഹോമിയോപ്പതിയെപ്പറ്റിയുള്ള അപഗ്രഥനത്തിൽ രണ്ടു കാര്യങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. 

  1.  ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണങ്ങളുടെ ശാസ്ത്രീയത
  2. ഹോമിയോ ചികിത്സയുടെ ഫലപ്രാപ്തി.

ഇവ രണ്ടും ഒന്നിച്ചുപോകണമെന്നില്ല. അടിസ്ഥാന പ്രമാണങ്ങൾ ശരിയല്ലെങ്കിലും ചികിത്സയ്ക്ക് ഫലപ്രാപ്തിയില്ലെന്നർഥമില്ല. അപ്പോൾ പ്രമാണങ്ങളും വിശദീകരണങ്ങളും മാറ്റേണ്ടതായി വരും. എന്നാൽ ഫലപ്രാപ്തിയില്ലെങ്കിലോ? അപ്പോൾ ആ ചികിത്സാപദ്ധതിതന്നെ തള്ളിക്കളയേണ്ടി വന്നേക്കാം. 

ഹോമിയോപ്പതി വളരെ പ്രചാരമുള്ള ചികിത്സയാണ് – വിശേഷിച്ചും ഇന്ത്യയിൽ, കേരളത്തിൽ 6 ശതമാനം പേർ രോഗം വന്നാൽ പ്രാഥമികമായി ആശ്രയിക്കുന്നത് ഹോമിയോപ്പതിയെയാണ്59. അതായത്, രണ്ടാഴ്ചക്കാലയളവിൽ എതാണ്ട് രണ്ടരലക്ഷം പേർ. യൂറോപ്പിലും അമേരിക്കയിലുമെല്ലാം 4-6 ശതമാനം പേർ ആണ്ടിലൊരിക്കലെങ്കിലും ഹോമിയോ ചികിത്സ തേടുന്നു എന്നും പഠനങ്ങൾ കാണിക്കുന്നു.

സാമുവൽ ഹാനിമാന്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, സാമുവൽ ഹാനിമാനാണ് ഹോമിയോപ്പതിക്ക് രൂപം നൽകിയത്. “ഓർഗനോൺ’ എന്ന ഗ്രന്ഥത്തിലാണ് ഹാനിമാന്റെ ആശയങ്ങളും ചികിത്സാപദ്ധതിയും അടങ്ങിയിരിക്കുന്നത്. ഇന്നും ഹോമിയോപ്പതിയുടെ അടിസ്ഥാനപ്രമാണം ഇതുതന്നെയാണ്. അന്നത്തെ മുഖ്യാധാരാ വൈദ്യശാസ്ത്രത്തെ ഹാനിമാൻ അലോപ്പതി എന്നു വിളിച്ചു. 1832ൽ യുറോപ്പിൽ കോളറ പടർന്നു പിടിച്ചപ്പോഴാണ് ഹോമിയോപ്പതിയുടെ പ്രചാരം വർധിക്കുന്നത്. മുഖ്യധാരാ വൈദ്യശാസ്ത്രം ഇതിനെ നേരിട്ടത് രക്തസ്രാവം (Bloodletting), രസം ഉപയോഗിച്ചുള്ള വയറിളക്കൽ തുടങ്ങിയ പ്രാകൃത മുറകളിലൂടെയാണ്. നിരവധി പേർ മരണമടഞ്ഞ മഹാമാരിയായിരുന്നു അത്. ഇതേസമയം ഹാനിമാന്റെ മരുന്നുകൾ അലോപ്പതി പോലെ ദോഷമൊന്നും ചെയ്തില്ല. സ്വാഭാവികമായി രോഗം മാറുന്നവരെങ്കിലും രക്ഷപ്പെട്ടു. ഹോമിയോപ്പതി രാജസദസ്സുകളിലും മറ്റും ശ്രദ്ധിക്കപ്പെട്ടു. 

ഓർഗനോൺ

പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ അലോപ്പതിയെ മാറ്റിമറിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അതു ശാസ്ത്രീയ വൈദ്യം (Scientific Medicin) ആയി രൂപാന്തരപ്പെട്ടു. പഴയ ചികിത്സാമുറകളെല്ലാം ചരിത്രവസ്തുതകൾ മാത്രമായി. ഈ കാലയളവിൽ ഹോമിയോപ്പതിയിൽ മാറ്റമൊന്നുമുണ്ടായില്ല. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ നിരാകരിക്കുകയോ അവഗണിക്കുകയോ ആണ് ഹോമിയോ ചികിത്സകൾ ചെയ്തത്. ക്രമേണ, ചലനഹിതമായ ഒരു ചികിത്സാപദ്ധതിയുടെ പ്രവാചകനായി ഹാനിമാനും, അതിന്റെ വേദപുസ്തകമായി ‘ഓർഗനോണും’ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ഇന്നും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.

‘സമാനം സമാനത്തെ ഭേദമാക്കുന്നു’ (similia similibus curantur) എന്നതാണ് ഹാനിമാന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്. രോഗങ്ങളെന്നത്തിനേക്കാൾ രോഗലക്ഷണങ്ങൾക്കാണ് ഹോമിയോപ്പതിയിൽ പ്രാധാന്യം, ഒരു മരുന്ന് ചില പ്രത്യക രോഗലക്ഷണങ്ങളുണ്ടാക്കുന്നുണ്ടെങ്കിൽ അതേ രോഗ ലക്ഷണങ്ങളുള്ള രോഗികൾക്ക് നേർപ്പിച്ച തോതിൽ അത് ഉപയോഗപ്രദമാവുമെന്നാണ് ഹാനിമാൻ സമർഥിച്ചത്. ചെറിയ ഡോസിൽ ഈ മരുന്നു നൽകുമ്പോൾ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശക്തി ഉത്തേജിപ്പിക്കപ്പെടുമെന്നും അതുവഴി രോഗം മാറുമെന്നും അദ്ദേഹം കരുതി. രോഗാണുക്കളെ കണ്ടെത്തുന്നതിനു മുമ്പായിരുന്നു ‘ഓർഗനോൺ ‘ രചിക്കപ്പെട്ടത്. രോഗാണുക്കളെ നശിപ്പിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ തന്ത്രവും അതിന്റെ ഫലമായുണ്ടായ നിഷേധിക്കാനാവാത്ത ചികിത്സാ മുന്നറ്റവും ഹോമിയോപ്പതി ഇനിയും അംഗീകരിച്ചിട്ടില്ല.

രോഗാണുബാധ മൂലമുണ്ടാകുന്ന ന്യൂമോണിയ, ക്ഷയം, മെനിൻജറ്റിസ് തുടങ്ങിയ നിരവധി മാരകരോഗങ്ങൾ കാരണമുള്ള മരണങ്ങൾ തടയാനായത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇതിനു കഴിയാതിരുന്നതുകൊണ്ടുതന്നെ ഹോമിയോപ്പതിയുടെ പ്രചാരത്തിന് ഇരുപതാംനൂറ്റാണ്ടിൽ വലിയ ഇടിവുണ്ടായി. പകർച്ചവ്യാധികളുടെ നിയന്ത്രണം വികസിത രാജ്യങ്ങളിലെങ്കിലും യാഥാർഥ്യമായതോടെയാണ് ഹോമിയോപ്പതിയുടെ പ്രിയം പഴയതോതിലല്ലെങ്കിലും വീണ്ടും വർധിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളുടെ പാർശ്വഫലങ്ങളും യന്ത്രവൽക്കരണവും അമിതമായ കച്ചവടവൽക്കരണവും ചെലവും അമാനവീകരണവുമൊക്കെ ഹോമിയോപ്പതിയുടെ ഈ ഉയിർത്തെഴുന്നേൽപ്പിനു കാരണമായിട്ടുണ്ട്.

 

ഹോമിയോപ്പതിയുടെ ഏറ്റവും വിവാദപരമായ പ്രമാണം ‘നേർപ്പിക്കൽ’ – (Dilution) ആണ്. നേർപ്പിക്കുംതോറും മരുന്നിന്റെ വീര്യം (Potency) വർധിക്കുന്നു എന്നാണീ പ്രമാണം. മരുന്നിനെ അനുയോജ്യമായ പദാർഥത്തിൽ ലയിപ്പിച്ചുണ്ടാക്കുന്ന ലായനി (Ticture) യെ വീണ്ടും വീണ്ടും നേർപ്പിക്കുമ്പോൾ അതിന്റെ വീര്യം വർധിക്കുമെന്ന് ഹാനിമാൻ സമർഥിച്ചു. 1D എന്ന് ലായനിയെന്നാൽ പത്തുമടങ്ങ് നേർപ്പിച്ച ഔഷധമാണ്. അതിനെ വീണ്ടും പത്തുമടങ്ങു നേർപ്പിച്ചാൽ അത് 2D ആകുന്നു. വീണ്ടും പത്തുമടങ്ങു നേർപ്പിച്ചാൽ 3D എന്നിങ്ങനെ 1200D വരെ അർപ്പിച്ച ഔഷധങ്ങളുണ്ട് ഹോമിയോപ്പതിയിൽ, ഒരു ലായനിയിൽ എത്ര തന്മാത്രകളുണ്ടെന്ന് അവോഗ്രാഡോ  നമ്പർ ഉപയോഗിച്ച് കണക്കാക്കാവുന്നതാണ്. 30D- 40D നേർപ്പുള്ള ഹോമിയോ ഔഷധങ്ങളിൽ ഇതുപ്രകാരം ഒൗഷധത്തിന്റെ തന്മാത്രകൾ ഒന്നുതന്നെ കാണണമെന്നില്ലെന്നു ആധുനിക രസതന്ത്രം പറയുന്നു. പിന്നെ ഔഷധങ്ങൾ പ്രവർത്തിക്കുന്നതെങ്ങിനെ? ‘ഫ്ളൂ’ രോഗത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഹോമിയോ ഔഷധമാണ് ‘ഓസിലോകോക്സീനിയം’, താറാവിന്റെ കരളും ഹൃദയവുമാണ് ഔഷധം. ഇതിന്റെ വീര്യം 400D ആണ്. താറാവിൽ നിന്നുള്ള ഒരംശം പോലും മരുന്നിൽ അവശേഷിക്കുന്നില്ല എന്നുറപ്പാണ്. വെറും ലാക്ടോസ് പഞ്ചസാര മാത്രമേ വിൽക്കുന്ന പൊടിയിലുള്ളൂ. എന്നിട്ടും ഇതിനു ഔഷധഗുണമുണ്ടെന്ന വാദം ആധുനിക ശാസ്ത്രത്തിന് എങ്ങനെ സ്വീകാര്യമാകും?

ഹാനിമാൻ കരുതിയത് ഓരോ തവണ അർപ്പിക്കുന്നതിനിടയിലും ഉള്ള ശക്തമായ ഇളക്കൽ (Succussion) ദ്രാവകത്തിൽ തന്മാത്രയുടെ തേജസ്സ് എങ്ങനെയോ പതിപ്പിക്കുന്നു എന്നാണ്. ഇന്നത്തെ ഹോമിയോ ചികിത്സകർ പറയുന്നത് തന്മാത്രയുടെ “സ്മരണ” ദ്രാവകത്തിൽ ഒരു ഹോളോഗ്രാം പോലെ നിലനിൽക്കുന്നു എന്നത്. ഇതെങ്ങിനെ എന്നത് ആധുനിക രസതന്ത്രത്തിന്റെ വിശദീകരണത്തിനപ്പുറത്താണ്. മാത്രമല്ല, ഇളക്കൽ പ്രക്രിയയിൽ ഓർമ പതിപ്പിച്ചാൽ മാത്രം പോരാ, നേർപ്പം കൂടുംതോറും ഈ ഓർമ വർധിക്കുകയും അങ്ങനെ ഔഷധത്തിന്റെ വീര്യം കൂടുകയും ചെയ്യേണ്ടതായി വരും. ഇതു വിശദീകരിക്കുക കൂടുതൽ ദുർഘടമായിത്തീരും.

1988ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഷാക്ക് ബെനവിനസ്സെയുടെ(Jacques Benveniste) ഒരു  പഠനം പ്രശസ്ത സയൻസ് ജേർണലായ ‘നേച്ചർ’ പ്രസിദ്ധീകരിച്ചു. രക്തത്തിലെ ബേസോഫിൽ കോശങ്ങൾ അലർജിക്കു കാരണമാകുന്ന അലർജനുകളുമായി കൂട്ടിമുട്ടുമ്പോൾ അവയുടെ അകത്തുള്ള തരികൾ വിസർജിക്കുന്നു. ബെനെവിസ്റ്റയുടെ പരീക്ഷണത്തിൽ അലർജനെതിരെ പ്രവർത്തിക്കുന്ന ആന്റി 1gE തന്മാത്രകളെ വെള്ളത്തിൽ എത്ര നേർപ്പിച്ചാലും ബേസോഫിൽ കോശങ്ങൾ തരിവിസർജനം നടത്തുന്നതായി കണ്ടെത്തി60. വെള്ളത്തിൽ ഈ തന്മാത്രകളുടെ ഓർമ നിലനിൽക്കുന്നതുകൊണ്ടാകാണിതെന്ന് ബെനവിസ്റ്റെ വാദിച്ചു. 

ഷാക്ക് ബെനവിനസ്സെ (Jacques Benveniste) കടപ്പാട് q-mag.org

യഥാർത്ഥത്തിൽ ബെനവിസ്റ്റെയുടെ ഈ പരീക്ഷണത്തോടെയാണ് ഹോമിയോ വിശ്വാസികൾക്കിടയിൽ “സ്മരണാവാദം’ ശക്തമായത്. എന്നാൽ നേച്ചറിന്റെ എഡിറ്റർ ജോൺ മഡോക്സ് ഒരു സംഘം ശാസ്ത്രജ്ഞരുമായി ബെനവിസ്റ്റെയുടെ ലബോറട്ടറി സന്ദർശിച്ചപ്പോൾ പരീക്ഷണങ്ങളിൽ പല അപാകതകളുമുള്ളതായി കണ്ടെത്തി. ഇവരുടെ മേൽനോട്ടത്തിൽ തന്റെ പരീക്ഷണം വിജയകരമായി നടത്താൻ ബെനവിസ്റ്റെക്കായില്ല.61 ബെനവിസ്റ്റെയുടെ പരീക്ഷണം ആവർത്തിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാകുന്നു. 

‘ഹിസ്റ്റമീൻ’ എന്ന പദാർഥം പ്രത്യേക സാഹചര്യങ്ങളിൽ ബേസോഫിലിന്റെ തരിവിസർജനം തടയുന്നു. ഹോമിയോപ്പതി രീതിയിൽ അതിയായി നേർപ്പിച്ച ഹിസ്റ്റമീൻ, ബോസോഫിൽ തരിവിസർജനം തടയുന്നു എന്ന് ചിലർ അവകാശവാദം ഉന്നിയിച്ചു. മാഡലീൻ എന്നിസ് എന്ന അലർജി ഗവേഷക ഈ പരീക്ഷണം സ്വയം നടത്തിനോക്കി ഇത് ശരിയാണെന്നും, എന്നാൽ ഇതിനു ശാസ്ത്രീയ വിശദീകരണമില്ലെന്നും അഭിപ്രായപ്പെട്ടു.62,63 അടഞ്ഞ അധ്യായമെന്നു കരുതിയ ബെനവിസ്റ്റെ വിവാദം അങ്ങനെ പുനരുജ്ജീവി പ്പിക്കപ്പെട്ടു.

പ്രസിദ്ധ മാന്ത്രികനായ ജെയിംസ് റാൻഡി ഹോമിയോപ്പതിയുടെ സിദ്ധാന്തങ്ങൾ ശരിയെന്നു തെളിയിക്കുന്നവർക്ക് 10 ലക്ഷം ഡോളർ സമ്മാനമായി നൽകാമെന്ന് വാതു വെച്ചിരുന്നു. ബി.ബി.സിയുടെ ഹൊറൈസൺ പരിപാടിയുടെ സംഘാടകർ ഈ സമ്മാനത്തുക നേടാനുള്ള പരീക്ഷണം പരസ്യമായി നടത്താൻ തീരുമാനിച്ചു. റോയൽ സൊസൈറ്റിയുടെ വൈപ്രസിഡണ്ട് പ്രാഫസർ ജോൺ എൻഡർബിയുടെ മേൽനോട്ടത്തിൽ ബ്രിട്ടണിലെ മുൻനിര ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞരാണ് പരീക്ഷണം നടത്തിയത്. നിരീക്ഷണത്തിനായി റാൻഡിയുമെത്തിച്ചേർന്നു. മാഡലീൻ എന്നീസും കൂട്ടരും നടത്തിയ പരീക്ഷണങ്ങൾ തന്നെയാണ് ഇവർ ചെയ്തത്. എല്ലാ സാമ്പിളുകൾക്കും എൻഡർബി കോഡ് നമ്പറുകൾ നൽകി. പരീക്ഷകർ ഹോമിയോപ്പതിപ്രകാരം നേർപ്പിച്ച സാമ്പിളാണോ വെറും വെള്ളമാണോ എന്നറിയാതെ എല്ലാ സാമ്പിളുകളും ‘ഫ്ളോസെറ്റോമീറ്റർ’ എന്ന ഉപകരണത്തിലൂടെ ടെസ്റ്റു ചെയ്തു. എല്ലാ സാമ്പിളുകളും ടെസ്റ്റു ചെയ്തതിനു ശേഷം, എൻഡർബി കോഡുകൾ അടങ്ങിയ കവർ പൊട്ടിച്ച് അതുമായി ഒത്തുനോക്കി. സാംഖികശാസ്ത്രജ്ഞരുടെ സഹായത്തോടെ ഫലങ്ങൾ അവലോകനം ചെയ്തു. ഹോമിയോ വിധി പ്രകാരം അർപ്പിച്ച ഹിസ്റ്റമീനും വെറും വെള്ളവും തമ്മിൽ ഫലങ്ങളിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. റാൻഡിയുടെ സമ്മാനത്തുക ഇനിയൊരവസരത്തിന് കാത്ത് ബാങ്കിൽ തന്നെയിരിക്കുന്നു. രസതന്ത്രത്തിന്റെയും ഭൌതികത്തിന്റെയും അടിത്തറ ഭദ്രമായിത്തന്നെ തുടരുന്നു.

വെള്ളത്തിന്റെ സ്മരണ അഥവാ ശരിയാണെന്നു വാശിപിടിക്കുകയാണെങ്കിൽ തന്നെ ഹോമിയോപ്പതിയുടെ താത്വിക പ്രതിസന്ധി തീരുന്നില്ല. ഹോമിയോ ഗുളികകളും പൊടികളും ഉണ്ടാക്കുന്നത് ഔഷധം നേർപ്പിച്ച വെള്ളം പഞ്ചസാരയിൽ ചേർത്ത് വറ്റിച്ചിട്ടാണ്. അപ്പോൾ വെള്ളത്തിലുള്ള ഓർമയ്ക്ക് എന്തു സംഭവിക്കും? ഈ ഓർമ പഞ്ചസാരയിലേക്ക് മാറ്റപ്പെടുന്നുവോ? വെള്ളത്തിന്റെ ക്ലസ്റ്ററുകളെ ഉപയോഗിച്ചുണ്ടാക്കിയ പല ഊഹ സിദ്ധാന്തങ്ങളും ഉപയോഗശൂന്യമാവില്ലേ? പഞ്ചസാരയുടെ ഘടന വെച്ച് പുതിയ ഊഹാപോഹങ്ങൾ ഉണ്ടാക്കേണ്ടിവരില്ലേ?

ഷാക്ക് ബെനവിസ്റ്റെ ഏതായാലും തോൽവി സമ്മതിച്ചിട്ടില്ല. ‘ഡിജി ബയോ’ എന്നൊരു കമ്പനി രൂപീകരിച്ചിരിക്കയാണ് അദ്ദേഹം. വെള്ളത്തിലെ സ്മരണ ഡിജിറ്റൽ വിവരമായി മാറ്റാമെന്നും അത് ഇ-മെയിൽ വഴി അയക്കാമെന്നുമൊക്കെയാണ് അദ്ദേഹമിപ്പോൾ പറയുന്നത്. ഇ-മെയിൽ വഴി മരുന്നു കഴിക്കുന്ന അത്ഭുതകാലത്തിനു വേണ്ടി വിശ്വാസികൾക്ക് കാത്തിരിക്കാം.64

ഇതിനിടെ മറ്റൊരു ശാസ്ത്രപഠനംകൂടി ഹോമിയോപ്പതി തെളിയിക്കുന്നവയുടെ കൂട്ടത്തിൽപ്പെടുത്തിയത് ചെറിയൊരു വിവാദം സൃഷ്ടിച്ചു. കൊറിയയിൽ നിന്നുള്ള രണ്ടു ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ ‘ഫുള്ളറീൻ’ തുടങ്ങിയ ചില പദാർഥങ്ങൾ വെള്ളത്തിൽ നേർപ്പിക്കുമ്പോൾ തന്മാത്രകൾ അകലുന്നതിനു പകരം കൂടിച്ചേർന്നു കണികകളായിത്തീരുന്നതു കണ്ടു. കണികകൾ ഇല്ലാത്ത തോതിൽ നേർപ്പിച്ചതായോ, നേർപ്പിക്കുന്നതിനനുസരിച്ച് ലായനിയുടെ വീര്യം കൂടുന്നതായോ പരീക്ഷണത്തിൽ കാണിച്ചിട്ടില്ലായിരുന്നു. ചുരുക്കത്തിൽ ഹോമിയോപ്പതിയുടെ സിദ്ധാന്തവുമായി ഇതിനു ബന്ധമൊന്നുമില്ലായിരുന്നു. പ്രബന്ധകർത്താക്കളിലൊരാൾ തന്നെ ഇതു പറയുകയും ചെയ്തു.66 അതോടെ ഈ വിവാദവും ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്.

അടിസ്ഥാന വിശദീകരണങ്ങൾ തെറ്റാണെന്നതുകൊണ്ട് മാത്രം ഒരു ചികിത്സാപദ്ധതി ഫലപ്രദമല്ലെന്നു വരുന്നില്ല. ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വിപരീത കാഴ്ചപ്പാടുകളുണ്ട്. എല്ലാവിധ ഭാഗങ്ങൾക്കും ഏറ്റവും ഫലപ്രദമായ ചികിത്സയാണിതെന്ന് ഒരു കൂട്ടർ. പ്ലസീബോ പ്രഭാവത്തിനപ്പുറം ഫലമൊന്നും ഹോമിയോ മരുന്നിനില്ലെന്നു മറുകൂട്ടർ. സത്യം ഇവരണ്ടിനും ഇടയിൽ എവിടെയോ ആകാനാണു സാധ്യത.

ഈ മരുന്ന് ഇന്ന രോഗത്തിന് ഫലപ്രദമാണോ എന്നു പരിശോധിക്കുകയാണ് RCTകൾ ചെയ്യുന്നത്. ഇത് ഹോമിയോപ്പതിക്കു ബാധകമല്ലെന്നും  ഹോമിയോ ചികിത്സ രോഗാടിസ്ഥാനത്തിലെന്നതിനേക്കാൾ വ്യക്തിഗത രീതിയിലാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഹോമിയോപ്പതി രംഗത്തുള്ളവർതന്നെ ഇന്ന് RCTകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ വ്യക്തിഗത RCTകളും കൂടുതലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

ഹോമിയോ രംഗത്തുള്ള RCT പഠനങ്ങളുടെ ഫലങ്ങളും വ്യക്തമല്ല. അധിക പഠനങ്ങളിലും ഒരുപാടു ന്യൂനതകളുള്ളതായി അഭിപ്രായമുയർന്നിട്ടുണ്ട്.67  മൂന്ന് മെറ്റാ-അനാലിസിസുകളിൽ (കുറേ പഠനഫലങ്ങൾ ഒന്നിച്ചു  ചേർത്ത് അപഗ്രഥിക്കുന്ന രീതി) രണ്ടെണ്ണം ഹോമിയോപ്പതിക്ക് പ്ലസീബോയെ അപേക്ഷിച്ച് മികവുണ്ടെന്നു കണ്ടെത്തിയപ്പോൾ,68,69  മൂന്നാമത്തേതിന്റെ നിഗമനം ഫലമില്ലെന്നായിരുന്നു.70 വിവിധ രോഗങ്ങളും ചികിത്സകളും അടങ്ങിയ നിരവധി പഠനങ്ങൾ കൂട്ടിക്കുഴച്ചതായതുകൊണ്ട് ഇവയുടെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

വ്യക്തിഗത ഹോമിയോപ്പതി പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസിൽ  പ്ലസീബോയെ അപേക്ഷിച്ച് ഗുണമുണ്ടെന്നു കണ്ടു. എന്നാൽ ഇതിൽ അടങ്ങിയ പഠനങ്ങളിൽ പലതും ഏറെ കുറവുകളുള്ളവയായിരുന്നു. കുറ്റമറ്റ പഠനങ്ങൾ മാത്രമെടുത്ത് അപഗ്രഥിച്ചപ്പോൾ പ്ലസീബായും ഹോമിയോപ്പതിയും തമ്മിലുള്ള വ്യത്യാസം പ്രകടമല്ലാതായി.71

ഏറ്റവും പ്രചാരമുള്ള ചില ഹോമിയോ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങളുമുണ്ട്.  ഒസിലോകോക്സീനിയത്തെപ്പറ്റിയുള്ള ഏഴു പഠനങ്ങളുടെ അപഗ്രഥനത്തിൽ കണ്ടത് അവയ്ക്ക് “ഇൻഫ്ളുവൻസ’ പോലുള്ള വൈറൽ പനികളെ  തടയാൻ കഴിവില്ലെന്നാണ്. അതേസമയം രോഗം വന്നവർക്ക് വളരെ ചെറിയ തോതിൽ രോഗത്തിന്റെ കാലയളവ് കുറയ്ക്കാൻ (0.28 ദിവസം) കഴിവു – ണ്ടായേക്കാമെന്നും കണ്ടെത്തി72. ‘ആർണിക്ക’ എന്ന ഹോമിയോ മരുന്ന് മുറിവുകൾക്കും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 37 പഠനങ്ങളുടെ രണ്ടു അപഗ്രഥനങ്ങളിൽ  ഒന്ന് ആർണിക്കക്ക് പ്ലസീബാവിനെ അപേക്ഷിച്ച് ഗുണമുണ്ടെന്നും മറ്റേതു  ഗുണമില്ലെന്നും കണ്ടത്തി.73,74

ആസ്ത്മക്കും മൂക്കിലെ അലർജിക്കും ഹോമിയോ വിധിപ്രകാരം നേർപ്പിച്ച ഔഷധങ്ങൾ ഫലപ്രദമാണെന്നു സൂചിപ്പിക്കുന്നതും, മറിച്ച് അവയ്ക്ക് പ്ലസീബായെ അപേക്ഷിച്ച് ഗുണമൊന്നുമില്ലെന്നു കാണിക്കുന്നതുമായ പഠനങ്ങളുണ്ട്. 75,76 ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന RCT പഠനത്തിൽ മുക്കിലെ അലർജിക്ക് ഹോമിയോപ്പതി മരുന്നു ലഭിച്ചവർക്കും നിയന്ത്രിത പ്ലസീബോ ഗ്രൂപ്പിനും ചികിത്സകൊണ്ട് ഗുണമുണ്ടായതായി കണ്ടു.75 രോഗികളുടെ സ്വയാനുഭവം അളക്കുന്ന സ്കോറിൽ ഇരുഗ്രൂപ്പുകളും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ, മൂക്കിലൂടെയുള്ള വായുസഞ്ചാരം അളക്കുന്നതിൽ ഹോമിയോ മരുന്നു ലഭിച്ചവർക്ക് കൂടുതൽ ഗുണമുണ്ടായതായി കണ്ടു, ഈ പഠനത്തിന്റെ അതേ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട മറ്റൊരു പഠനത്തിൽ ഈ ഫലം ഉണ്ടായതായി തെളിവുഞ്ഞതുമില്ല 76.

ഹോമിയോപ്പതിയുടെ ഫലപ്രാപ്തിക്കുറിച്ച് അവസാനവാക്കൊന്നും പറയാറായിട്ടില്ല, ഗുണനിലവാരമുള്ള നിരവധി പഠനങ്ങൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്. ഇതുവരെയുള്ള മിക്ക പഠനങ്ങളിലും നിയന്ത്രിത ഗ്രൂപ്പിന് പ്ലസീബാ മരുന്നുകളാണ് നൽകിവരുന്നത്. ഇതാണോ ശരിയായ മാത്യക എന്ന സംശയവും ഉയർത്തപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ ഇന്നു ലഭ്യമായ ഏറ്റവും ഫലപ്രദമായ മരുന്നോ ചികിത്സയോ ആയിരിക്കേണ്ടേ നിയന്ത്രിത  ഗ്രൂപ്പിന് നൽകേണ്ടത് എന്ന ചോദ്യം നിലനിൽക്കുന്നു.


റഫറന്‍സ്

  1. Kannan, KP, KR Thankappan, V Raman Kutty, KP Aravindan (1991): Health and Development in Rural Kerala: A Study of the Linkages between Socioeconomic Status and Health Status. Integrated Rural Technology Center, Kerala Sastra Sahitya Parishad, Thiruvananthapuram.
  1. Davenas E, Beauvais F, Amara J et al. Human basophil degranulation triggered by very dilute antiserum against IgE. Nature. 333: 816-818. 1988.
  1. ‘High-dilution’ experiments a delusion. Nature. 334: 287-290. 1988.
  2. Belon P, Cumps J, Ennis M, Mannaioni PF, Sainte-Laudy J, Roberfroid M, Wiegant Inhibition of human basophil degranulation by successive histamine dilutions: results of a European multi-centre trial.Inflamm Res. 1999;48 Suppl 1:S17-8
  1. Brown V, Ennis M. Flow-cytometric analysis of basophil activation: inhibition by histamine at conventional and homeopathic concentrations. Inflamm Res. 2001;50 Suppl 2:S47-8
  1. http://www.digibio.com/cgi-bin/node.pl?nd=n12 (Accessed on 16/07/03)
  2. Samal A, Geckeler KE. Unexpected solute aggregation in water on dilution. Chemical Communications 2224-2225, 2001
  1. http://www.homeowatch.org/research/molecules.html(Accessed on 15/07/03)
  2. Linde K, Hondras M,Vickers A et al. Systematic reviews of complementary therapies – an annotated bibliography. Systematic reviews of complementary therapies – an annotated bibliography. Part 3: Homeopathy. BMC Complement Altern Med. 2001;1(1):4
  1. Cucherat, M, Haugh, MC, Gooch, M, & Boissel, JP: Evidence of clinical efficacy of homeopathy. A meta-analysis of clinical trials Eur J Clin Pharmacol 2000, 56:2733.
  1. Linde, K, Clausius, N, Ramirez, G, & et, al: Are the clinical effects of homeopathy placebo effects? A meta-analysis of randomised placebo-controlled trials Lancet 1997, 350:834843
  1. Walach, H: PhD thesis, Psychologisches Institut, Albert-Ludwigs-Universität Freiburg, 1997
  1. Linde, K & Melchart, D: Randomized controlled trials of individualized homeopathy: a state-of-the art review J Alt Complement Ther 1998, 4:371388
  1. Vickers AJ, Smith C. Homoeopathic Oscillococcinum for preventing and treating influenza and influenza-like syndromes (Cochrane Review). In: The Cochrane Library, Issue 2 2003.
  1. Lüdtke, R & Wilkens, J: In: Karl und Veronica Carstens-Stiftung, Jahrbuch Band 5 (1998). Edited by Albrecht H, Frühwald M. Essen: KVC Verlag 1999:97112.
  1. Ernst E, Pittler MH. Efficacy of homeopathic arnica: a systematic review of placebo- controlled clinical trials. Arch Surg. 1998 Nov;133(11):1187-90.
  1. Taylor, MA, Reilly, D, Llewellyn-Jones, RH, McSharry, C, & Aitchison, TC: Randomised controlled trials of homoeopathy versus placebo in periennial allergic rhinitis with overview of four trial series BMJ 2000, 321:471476
  2. G T Lewith GT, Watkins AD, Hyland ME, Shaw S, Broomfield JA, Dolan G, Holgate ST. Use of ultramolecular potencies of allergen to treat asthmatic people allergic to house dust mite: double blind randomised controlled clinical trial. BMJ 2002;324:520

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ 
Next post ചൈനീസ് വൈദ്യവും അക്യുപങ്ചറും 
Close