Read Time:8 Minute

ന്ത്യൻ വൈദ്യത്തെപ്പോലെ അതി പുരാതനമാണ് ചൈനീസ് വൈദ്യവും. വളരെ വലിയ ഔഷധശേഖരവും ചികിത്സാ മാർഗങ്ങളും ഇതിലുമുണ്ട്. യിംഗ് എന്ന സ്ത്രീശക്തിയും യാംഗ് എന്ന പുരുഷശക്തിയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് എല്ലാ രോഗങ്ങൾക്കും കാരണമെന്ന് ചൈനീസ് വൈദ്യം വിശ്വസിക്കുന്നു. പ്രാചീനഭാരതത്തിലെ പ്രകൃതി-പുരുഷ സങ്കൽപ്പങ്ങളുമായി ഇതിനുള്ള സാദൃശ്യം ശ്രദ്ധേയമാണ്. മനുഷ്യശരീരത്തിൽ ചീ എന്ന ജീവശക്തി ഒഴുകുന്നത് യിംഗ്-യാംഗ് സന്തുലനത്തെ സഹായിക്കുന്നു. മെരിഡിയനുകൾ എന്ന പാതകളിലൂടെ (channels)യാണ് ചീ ഒഴുകുന്നത്. മെരിഡിയനുകളും ഉപമെരിഡിയനുകളും തടസ്സപ്പെടുമ്പോൾ ചീയുടെ ഒഴുക്കിനെ അത് ബാധിക്കുന്നു. യിംഗ്-യാംഗ് അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ചീയുടെ ഒഴുക്ക് പുനസ്ഥാപിക്കലാണ് രോഗചികിത്സയുടെ ലക്ഷ്യം .

മെരിഡിയനുകളുടെയും ഉപമെരിഡിയനുകളുടെയും പാതയിലുള്ള ബിന്ദുക്കളാണ് അക്യുപങ്ചറിനായി ഉപയോഗിക്കുന്നത്. രണ്ടായിരത്തോളം ബിന്ദുക്കൾ ചൈനീസ് വൈദ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബിന്ദുക്കളിൽ സുചി കടത്തിയോ (Acupuncture), സമ്മർദം ചെലുത്തിയോ (Acupressure) രോഗചികിത്സ നടത്താം. യിംഗ്,യാംഗ്, ചീ തുടങ്ങിയവ അളക്കാനോ ആധുനിക ശാസ്ത്രത്തിന്റെ ഭാഷയിൽ വിശദീകരിക്കാനോ ആധുനിക ശാസ്ത്രോപകരണങ്ങൾ വെച്ച് കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അനുഭവത്തിലൂടെ ഫലമുണ്ടെന്ന് കണ്ട് ചില ചികിത്സാരീതികൾക്ക് താത്വിക വിശദീകരണം നൽകാൻ ശ്രമിക്കുന്ന ചില ഭൗതികേതര ആശയങ്ങളായി (Metaphysical concepts) മാത്രമേ ഇവയെ കാണാൻ കഴിയു.

1970-ൽ റിച്ചാർഡ് നിക്സൺന്റെ ചൈനാ സന്ദർശനത്തിനു ശേഷമാണ് അക്യുപങ്ചർ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. അക്യുപങ്ചർ മാത്രമുപയോഗിച്ച് ഹൃദയശസ്ത്രക്രിയകൾ വരെ ചെയ്യുന്നത് കണ്ട് ഡോക്ടർമാർ അടക്കമുള്ള അമേരിക്കക്കാർ അത്ഭുതസ്തബ്ധരായി. എന്നാൽ സഹനശക്തി കൂടുതലുള്ള രോഗികളെ തെരഞ്ഞെടുത്ത്, വേദന നശീകരണ ഔഷധങ്ങളും നേരിയതോതിൽ മയക്കുമരുന്നുകളുമൊക്കെ കൊടുത്ത്, നടത്തിയ പ്രത്യേക പ്രദർശനങ്ങളായിരുന്നു ഇവയെന്ന് പിന്നീട് പലർക്കും ബോധ്യപ്പെട്ടു. ഇന്ന് ചൈനയിൽപോലും അക്യൂപങ്ചർ മാത്രം ഉപയോഗിച്ച് ആരും ഹൃദയശാസ്ത്രക്രിയയും മറ്റും നടത്തുന്നില്ല.

വേദനകൾ ശമിപ്പിക്കാൻ അക്യുപങ്ചറിന് കഴിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ തോതത്ര, ഏതെല്ലാം രോഗങ്ങൾക്ക് ഈ ചികിത്സ ഫലപ്രദമാണ്, തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ഇനിയും ഒട്ടേറെ അറിയാനുള്ളത്, അക്യുപങ്ചറിന്റെ പ്രവർത്തനരീതി എങ്ങനെയെന്നും വ്യക്തമല്ല. സൂചികൾ കയറ്റുമ്പോൾ ശരീരത്തിലെ വേദനാ സംഹാരികളായ എൻഡോർഫിനുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് ചില  ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതിന് അക്യുപങ്ചർ ബിന്ദുക്കളിൽ തന്നെ സൂചി ഇറക്കണമെന്നില്ല. മറ്റു പ്രദേശങ്ങളിൽ സൂചി കുത്തിയുള്ള പ്ലസീബോ അക്യൂപങ്ചറിനും വേദന ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. നാഡികളിലെ വൈദ്യുത പൊട്ടൻഷ്യലുകളിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് അക്യുപങ്ചറിന്റെ ഫലസിദ്ധിയെന്ന് മറ്റു ചില – ശാസ്ത്രജ്ഞർ വാദിക്കുന്നു. അനുപൂരക വൈദ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം RCTകളും മറ്റു പഠനങ്ങളും നടന്നിട്ടുള്ളത് അക്യുപങ്ചർ ചികിത്സാ മേഖലയിലാണ്. എന്നാൽ പൊതുവേ ഈ പഠനങ്ങളുടെ ഗുണനിലവാരം തൃപ്തികരമല്ല. എന്നാണ് വിലയിരുത്തൽ.

ശസ്ത്രക്രിയക്കു ശേഷമുള്ള മനംപുരട്ടലും ഛർദിയും തടയുന്നതിന് അക്യുപങ്ചർ ഉപയോഗപ്രദമാണെന്ന കാര്യത്തിൽ ഇതേപ്പറ്റി നടത്തിയ മിക്ക പഠനങ്ങളും യോജിക്കുന്നു. 84,85 അതേപോലെ, പുകവലി ഉപേക്ഷിക്കുന്നതിന് അക്യുപങ്ചർ പ്ലസീബോയെ അപേക്ഷിച്ച് ഒട്ടും സഹായകരമല്ലെന്ന കാര്യത്തിലും മിക്ക പഠനങ്ങൾക്കും ഏകാഭിപ്രായമാണുള്ളത്86,87. ഗവേഷണം നടന്ന മറ്റു മേഖലകളിലൊക്കെ അക്യുപങ്ചറിന്റെ ഫലപ്രാപ്തിയെപ്പറ്റി രണ്ടഭിപ്രായങ്ങളുണ്ട്. തീർപ്പുകൽപ്പിക്കാൻ ഇനിയും പഠനങ്ങൾ ആവശ്യമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം.

പുറംവേദന, കഴുത്ത് വേദന, തലവേദന എന്നിവയിലൊക്കെ നടന്ന പഠനങ്ങൾ വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല. ഫൈബ്രാ മയാൾജിയ എന്ന പേശീരോഗത്തിന്റെ വേദന ശമിപ്പിക്കാൻ അക്യുപങ്ചർ ഉപയോഗപ്രദമാണെന്ന് പ്രാരംഭപഠനങ്ങൾ സൂചിപ്പിക്കുന്നു.88 ഓസ്റ്റിയോ ആർതൈറ്റിസ് രോഗത്തിന് അക്യുപങ്ചറും പ്ലസീബോ അക്യുപങ്ചറും ഗുണം ചെയ്യും. പക്ഷേ, ഇവ തമ്മിൽ ഫലപ്രാപ്തിയുടെ കാര്യത്തിൽ വ്യത്യാസമൊന്നു മില്ല89. ആസ്ത്മയ്ക്ക് ഈ ചികിത്സകൊണ്ട് ഗുണമുണ്ടെന്നതിന് തെളി വൊന്നുമില്ല 90

ചുരുക്കത്തിൽ, മറ്റു അനുപൂരക വൈദ്യങ്ങളെപ്പോലെ ചില രോഗങ്ങൾക്ക്, പ്രത്യേകിച്ചും വേദനകൾക്ക് ശമനമുണ്ടാക്കാൻ, അക്യുപങ്ചറിന് കഴിഞ്ഞേക്കും. ഏതെല്ലാം രോഗങ്ങൾക്ക് ഇത് ഫലപ്രദമാണെന്നും മറ്റും അറിയാൻ ഇനിയും പഠനങ്ങൾ ഏറെ നടക്കേണ്ടതായിട്ടുണ്ട്.


റഫറന്‍സ്

  1. Vickers AJ: Can acupuncture have specific effects on health? A systematic review of acupuncture antiemesis trials J Roy Soc Med 1996;89:303-311
  1. White AR, Rampes H. Acupuncture in smoking cessation (Cochrane Review) In: The Cochrane Library, Issue 4, 1998. Oxford: Update Software.
  1. ter Riet G, Kleijnen J, Knipschild P. A meta-analysis of studies into the effect of acupuncture in addiction Br J Gen Prac 1990, 40:379-382
  1. Berman BM, Ezzo J, Hadhazy V, Swyers JP. Is acupuncture effective in the treatment of fibromyalgia? J Fam Pract 1999;48:213-218
  1. Ernst E. Acupuncture as a symptomatic treatment of osteoarthritis Scand J Rheumatol 1997;26:444-447
  1. Linde K, Jobst K, Panton J. Acupuncture for the treatment of asthma bronchiale (Cochrane Review) In: The Cochrane Library, Issue 4, 1998. Oxford: Update Software

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹോമിയോപ്പതി
Next post ഇന്ത്യൻ വൈദ്യം 
Close