Read Time:36 Minute

 

മിതമായ അവകാശവാദമാണ് കപടവൈദ്യത്തിന്റെ മുഖമുദ്ര. ഫലപ്രദമല്ലാത്ത ചികിത്സയും രോഗനിർണയരീതികളും ഫലപ്രദമെന്നു പറയുന്നതിനെ കപടവൈദ്യമെന്നു വിളിക്കാം. ഇംഗ്ലീഷിൽ “Quackery’ എന്നതാണ് സമാനമായ പദം. മധ്യകാല യൂറോപ്പിൽ സിഫിലീസ് രോഗം താണ്ഡവമാ ടിയിരുന്ന കാലത്ത് അതിനെതിരെ മരുന്നായി രസം (Mercury- Quicksilver) ഉപയോഗിച്ചിരുന്നു. അക്കാലത്ത് രസമടങ്ങിയ ഉൽപ്പന്നങ്ങൾ സർവരോഗങ്ങൾക്കും പരിഹാരമാണെന്നു പറഞ്ഞ് നടന്നു വിറ്റിരുന്നവരെ “quacks’ എന്നു വിളിച്ചു. പൊതുവെ തട്ടിപ്പുകാർ എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിക്കപ്പെടുന്നത്. എന്നാൽ കപടവൈദ്യം എല്ലായ്പ്പോഴും ബോധപൂർവമായ തട്ടിപ്പ് ആയിക്കൊള്ളണമെന്നില്ല. ഫലപ്രാപ്തിയുണ്ടെന്നു പൂർണമായി വിശ്വസിച്ചു നൽകുന്ന പല ചികിത്സകളും ഫലപ്രദമല്ല എന്നതാണ് വാസ്തവം. അങ്ങനെ വരുമ്പോൾ ഇവയെക്കൂടി കപടവൈദ്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തേണ്ടി വരും.

ചികിത്സയുടെ ഫലപ്രാപ്തി നിർണയിക്കുക എളുപ്പമല്ല. പല ചികിത്സകളും യഥാർഥത്തിൽ ഗുണം ചെയ്യുന്നില്ലെങ്കിൽപ്പോലും ഗുണമുണ്ടെന്ന തെറ്റിദ്ധാരണക്കുള്ള സാധ്യത വ്യാപകമാണ്. അധുനിക വൈദ്യശാസ്ത്ര ത്തിലും പാരമ്പര്യ വൈദ്യത്തിലും നൂതന ചികിത്സാ പദ്ധതികളിലുമൊക്കെ ഇതു സംഭവിക്കാം. ഇതിനുള്ള കാരണങ്ങൾ പലതാണ്. 

 1.  പല രോഗങ്ങളും ചികിത്സയൊന്നുമില്ലാതെ മാറുന്നവയാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശക്തിയും പ്രതിക്രിയാ പ്രവർത്തനങ്ങളുമാണി തിനു കാരണം. സമാനഘട്ടത്തിലുള്ള രോഗികളിൽ, ചികിത്സ നൽകിയവരും നൽകാത്തവരും തമ്മിലുള്ള താരതമ്യ പഠനങ്ങൾ വഴി മാത്രമേ ചികിത്സയുടെ ഫലപ്രാപ്തി അളക്കാനാവൂ. ഒന്നുകിൽ ചികിത്സ കിട്ടിയവരിൽ കൂടുതൽ പേർ രോഗവിമുക്തി നേടണം. അല്ലെങ്കിൽ കൂടുതൽ വേഗത്തിൽ അവരിൽ രോഗം മാറണം.
 2. പല ദീർഘസ്ഥായീ രോഗങ്ങൾക്കും (chronic diseases) സ്വാഭാവിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സാധാരണമാണ്. ഇങ്ങനെ രോഗം കുറയാൻ തുടങ്ങുന്നതിനു തൊട്ടുമുമ്പ് തുടങ്ങുന്ന ചികിത്സ ഫലപ്രദമാണെന്നും കൂടാൻ തുടങ്ങുന്നതിനു മുൻപു തുടങ്ങുന്നവ ദോഷകരമാണെന്നും തെറ്റിദ്ധരിക്കാൻ ഇത് ഇടയാക്കുന്നു. 
 3. പ്രേരണാഫലം (suggestion) മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ശക്തമായ പ്രതിഭാസമാണ്. ഒരു അധ്യാപകൻ ക്ലാസുമുറിയിൽ വെള്ളം സ്പ്രേ ചെയ്തതിനു ശേഷം വിദ്യാർഥികളോട് എന്തെങ്കിലും മണം അനുഭവപ്പെടുന്ന ഉടൻ കൈ പൊക്കാൻ പറഞ്ഞു. എഴുപത്തിമൂന്ന് ശതമാനം പേർ പല സമയങ്ങളിലായി കൈപൊക്കി. ഒരു രോഗത്തിനുവേണ്ടി മരുന്നു കഴിക്കുന്ന പലരിലും ഈ മാനസിക പ്രതിഭാസം കാരണം രോഗ ശമനം സംഭവിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു. കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ പ്രേരണയുടെ ശക്തിയും കൂടുതലായിരിക്കും. പ്രേരണകൊണ്ട് രോഗലക്ഷണങ്ങൾ മാത്രമല്ല, ചിലപ്പോൾ ലബോറട്ടറിയിൽ അളക്കുന്ന ടെസ്റ്റുകളിൽ പോലും മാറ്റമുണ്ടായേക്കാം. ചിലരിൽ രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധം ഊർജിതപ്പെടുത്തുക വഴി രോഗം വേഗം മാറാനും ഇത് സഹായിച്ചേക്കാം. എന്നാൽ ശരീര അവയവങ്ങളിൽ വ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ രോഗങ്ങളിൽ (കാൻസർ, വൃക്കമാന്ദ്യം, എയ്ഡ്സ് , ന്യൂമോണിയ തുടങ്ങിയവ) രോഗിക്ക് സ്ഥിതി മെച്ചപ്പെടുന്നതായി തോന്നാമെങ്കിലും രോഗം അതേപടി നിൽക്കുകയാണ് പതിവ്.  യഥാർഥ ഫലമില്ലാതെ പ്രേരണാഫലംകൊണ്ടുമാത്രം പ്രവർത്തിക്കുന്ന മരുന്നുകളെയും ചികിത്സയെയും പ്ലസീബോ (placebo) എന്നു പറയുന്നു. പലതരം വേദനകൾ അടക്കമുള്ള പല രോഗലക്ഷണങ്ങളും ചിലരിൽ മാനസിക കാരണങ്ങളാൽ ഉണ്ടാവാം ഇത്തരം മനോ-ശാരീരിക രോഗമുള്ളവർക്ക് (psycho somatic illness) വിറ്റാമിൻ ഗുളികപോലുള്ള പ്ലസീബോ മരുന്നുകൾ കൊടുക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ട ചികിത്സയാണ്.  രോഗിക്ക് ചികിത്സകനിലുള്ള വിശ്വാസം, ചികിത്സകന്റെ ആത്മവിശ്വാസം, അയാളുടെ വ്യക്തിപ്രഭാവം, വാചാലത എന്നിവയെല്ലാം പ്ലസീബോ പ്രഭാവത്തെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്. അമിതമായ ഉദ്യോഗം, മാനസിക പിരിമുറുക്കം എന്നിവ പല രോഗങ്ങളെയും മൂർഛിപ്പിക്കാൻ കാരണമാകാറുണ്ട്. ഇവയ്ക്കും പ്ലസീബോ ചികിത്സ ഫലപ്രദമായേക്കാം.
 4. ഒന്നിലേറെ ചികിത്സാരീതികൾ അവലംബിക്കുന്നവരിൽ ഏതാണ് ഫലിച്ചതെന്ന് പറയുവാൻ പ്രയാസമായിരിക്കും. ഫലമില്ലാത്ത ഔഷധത്തിനോ ചികിത്സാരീതിക്കോ അർഹിക്കാത്ത അംഗീകാരം ലഭിക്കാൻ ഇത് ഇടയാക്കുന്നു. 
 5. രോഗനിർണയത്തിൽ പറ്റുന്ന പിശകുകൾ ചികിത്സാഫലത്തെപ്പറ്റിയുള്ള ധാരണകളെ സങ്കീർണമാക്കുന്നു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ചികിത്സാ കേന്ദ്രങ്ങളിൽ പോലും പലപ്പോഴും രോഗ നിർണയത്തിൽ പിശകുവന്നേക്കാം. കാൻസർ രോഗത്തിന്റെ നിർണയം മുഖ്യമായും പത്തോളജിസ്റ്റുകളാണ് നടത്തുന്നത്. മൈക്രോസ്കോപ്പിലൂടെ നോക്കി വ്യക്തിഗതമായി അവർ എടുക്കുന്ന തീരുമാനമാണ് കാൻസർ രോഗനിർണയത്തിന്റെ മുഖ്യരീതി. വ്യക്തിഗത തീരുമാനമായതുകൊണ്ട് തന്നെ പിഴവുകൾ വരാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ തെറ്റായി കാൻസർ രോഗനിർണയം നടത്തപ്പെട്ട രോഗി, ഫലമില്ലാത്ത ഏതെങ്കിലും ചികിത്സയെ അവലംബിച്ചെന്നിരിക്കട്ടെ. കാൻസർ മാറ്റാൻ കഴിഞ്ഞുവെന്ന പ്രശംസയും സാക്ഷ്യപത്രവും ആ ചികിത്സയ്ക്ക് ലഭിക്കാൻ ഇത് ഇടയാക്കുന്നു. രോഗത്തിന്റെ ഗതിയെപ്പറ്റിയുള്ള തെറ്റായ അനുമാനങ്ങളും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കാൻസർ മുതലായ രോഗങ്ങൾകൊണ്ട് എപ്പോൾ മരണം നടക്കുമെന്നു പ്രവചിക്കുക ദുഷ്കരമാണ്. ചില ഡോക്ടർമാർ രോഗികളുടെ ബന്ധുക്കളോട് അവരുടെ ഊഹം ആധികാരികതയോടെ പറയാറുണ്ട്. രണ്ടുമാസത്തിലേറെ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നു വിധിയെഴുതപ്പെട്ട രോഗി നിഷ്ഫലമായ ഏതെങ്കിലും ചികിത്സാരീതി സ്വീകരിച്ച ശേഷം ആറു മാസം ജീവിച്ചെന്നിരിക്കട്ടെ. ജീവൻ നീട്ടിക്കിട്ടിയത് ആ ചികിത്സാരീതിയുടെ ഗുണംകൊണ്ടാണ് എന്ന് തെറ്റായി വിലയിരുത്തപ്പെടുന്നു. 
 6. താൽക്കാലികമായ മാനസിക ഉത്തേജനം ലഭിച്ച രോഗി, തന്റെ മാനസികാവസ്ഥയെ രോഗശമനമായി തെറ്റിദ്ധരിക്കുന്നു. ആത്യന്തികമായി ഫലപ്രദമല്ലാത്ത പല ചികിത്സാപദ്ധതികളുടെയും ഉപജ്ഞാതാക്കൾ രോഗിയെ ഇത്തരത്തിൽ മാനസികമായി സ്വാധീനിക്കാൻ കഴിവുള്ളവരാണ്. 
 7. അത്ഭുതങ്ങളിലും ആത്മീയതയിലും മറ്റും ദൃഢമായി വിശ്വസിക്കുന്നവർക്ക് ഭൗതികവാദത്തിലധിഷ്ഠിതമായ ശാസ്ത്രീയ വൈദ്യത്തേക്കാളേറെ, ആത്മീയതയോ, നിഗൂഢതയോ ഉള്ള അശാസ്ത്രീയ ചികിത്സാ പദ്ധതികളോടാണ് മാനസികമായി ആഭിമുഖ്യമുള്ളത്. ഇത്തരം ചികിത്സകൊണ്ട് യഥാർഥ ഫലമില്ലെങ്കിലും എന്തെങ്കിലും ഗുണമുണ്ടായി എന്നു പറയാനുള്ള പ്രവണത ഇത്തരക്കാരിൽ വളരെ കൂടുതലാണ്. 
 8. തന്റെ ചികിത്സയുടെ ഫലം ഉള്ളതിലേറെയായി പരിഗണിക്കാനുള്ള പ്രവണത ഡോക്ടർമാർക്കുമുണ്ടാവാം. ചികിത്സയ്ക്ക് യഥാർഥത്തിൽ ഉള്ളതിനേക്കാൾ ഫലപ്രാപ്തി ഉള്ളതായി വിലയിരുത്തപ്പെടാൻ ഇതു കാരണമാവുന്നു.

ഔഷധങ്ങളുടെയും ചികിത്സാ രീതികളുടെയും ഫലപ്രാപ്തി അളക്കു വാനായി രൂപകൽപ്പന ചെയ്യുന്ന പഠനങ്ങൾ മേൽ വിവരിച്ച ചതിക്കുഴികൾ ഒഴിവാക്കുന്ന രീതിയിലുള്ളവയായിരിക്കണം. ശാസ്ത്രീയ വൈദ്യം (Scientific Medicine) ഇന്ന് ഇത്തരം പഠനങ്ങളെ ആശ്രയിച്ചാണ് ഔഷധങ്ങളെയും ചികിത്സാരീതികളെയും വിലയിരുത്തുന്നത്.  ശാസ്ത്രീയപഠനങ്ങൾ തന്നെ പല തരത്തിലുള്ളവയാണ്. തെളിവിന്റെ ശക്തിയുടെ അടിസ്ഥാനത്തിൽ ഇവയെ അഞ്ചു തട്ടുകളായി തരംതിരിച്ചിരിക്കുന്നു. 

 1. റാൻഡമൈസ്ഡ് ക്ലിനിക്കൽ ട്രയൽ (Randomized Clinical Trial -RCT) 
 2. കോഹോർട്ട് പഠനങ്ങൾ 
 3. കേസ് – കൺട്രോൾ പഠനങ്ങൾ 
 4. കേസ് വിവരണങ്ങൾ 
 5. ശരീരശാസ്ത്രത്തെയും ഔഷധത്തെയും അടിസ്ഥാനമാക്കിയുള്ള വിദഗ്ധാഭിപ്രായം. 

ഇവയിൽ RCT വഴിയുള്ള തെളിവാണ് ഏറ്റവും ശക്തം. ഒടുവിൽ പറഞ്ഞ വിദഗ്ധാഭിപ്രായം ഏറ്റവും ദുർബലവും. ഒരു മരുന്നിനെപ്പറ്റി ഒന്നിലേറെ RCTകൾ നടന്നിട്ടുണ്ടെങ്കിൽ അവയുടെ ഫലങ്ങൾ ഒന്നിച്ചു പഠിക്കാവുന്നതാണ്. ഈ രീതിയെ മെറ്റാ അനാലിസിസ് (Meta analysis) എന്നു പറയുന്നു. ഒന്നിലേറെ RCTകൾ ഒരേ നിഗമനത്തിലെത്തുന്നുണ്ടെങ്കിൽ അത് ചികിത്സയുടെ ഫലപ്രാപ്തിയെപ്പറ്റിയുള്ള ശക്തമായ തെളിവാണ്. ആധുനിക വൈദ്യശാസ്ത്രം ഇന്ന് ഔഷധഫലപ്രാപ്തിക്കുള്ള യഥാർഥ തെളിവായി RCTകളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ. മറ്റു പഠനങ്ങൾ ശക്തമായ ഹൈപ്പോതിസീസിലേക്കു നയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചില രോഗങ്ങൾക്ക് സാങ്കേതിക കാരണങ്ങളാൽ RCTകൾ നടപ്പാക്കാൻ കഴിയാതെ പോകുന്നു. ഈ സാഹചര്യത്തിൽ, തെളിവിന് താരതമ്യേന ദുർബലമെങ്കിലും കോഹോർട്ട് പഠനങ്ങളെയോ കേസ് കൺട്രോൾ പഠനങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു.  

RCTകൾ നടത്തുന്നത് ഇപ്രകാരമാണ്. പഠന വിഷയമാക്കുന്ന രോഗികളെ രണ്ടു കൂട്ടമായി തരം തിരിക്കുന്നു: പഠനഗ്രൂപ്പും (study group) നിയന്ത്രിത ഗ്രൂപ്പും (control group). നറുക്കെടുപ്പുപോലെ ആകസ്മിക രീതിയിലാണിത് ചെയ്യുക. പ്രായം, ലിംഗം, രോഗകാഠിന്യം തുടങ്ങിയ ഒരു കാര്യത്തിലും രണ്ടു ഗ്രൂപ്പുകളിലുള്ളവർ തമ്മിൽ വ്യത്യാസങ്ങളുണ്ടാവാൻ പാടില്ല.

പഠനഗ്രൂപ്പിലുള്ളവർക്ക് പരിശോധനയ്ക്കു വിധേയമാക്കേണ്ട ഔഷധമോ ചികിത്സയോ നൽകുന്നു. നിയന്ത്രിത ഗ്രൂപ്പിന് പ്ലസീബോ മരുന്നോ അല്ലെങ്കിൽ നിലവിലുള്ള മറ്റൊരു ഫലപ്രദമായ ചികിത്സയോ നൽകുന്നു. ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്ത രോഗങ്ങൾക്കാണ് പ്ലസീബോകൾ നൽകുക (ചികിത്സ ലഭ്യമായ രോഗങ്ങൾക്ക് പ്ലസീബോ ഉപയോഗിക്കുന്നത് നൈതികമല്ല). ഏറ്റവും ശാസ്ത്രീയമായ RCTകളിൽ ഒരു രോഗി ഏതു ഗ്രൂപ്പിൽ പെടുന്നു എന്ന് രോഗിയോ ചികിത്സകനോ അറിയുന്നില്ല. ഇത്തരം പഠനങ്ങളെ ഡബിൾ ബ്ലെൻഡ് (Double blind) എന്നു വിളിക്കുന്നു. ആർ ഏതു ഗ്രൂപ്പിൽ പെടുന്നു, അവർക്ക് മരുന്നാണോ പ്ലസീബയാണോ നൽകിയത് എന്നീ വിവരങ്ങൾ മൂന്നാമതൊരാൾ സൂക്ഷിക്കുന്നു. പഠന വിശകലന സമയത്തുമാത്രമേ ഇത് പുറത്തെടുക്കുകയുള്ളൂ. എന്നാൽ ഇത്തരം പഠനങ്ങൾ എപ്പോഴും സാധ്യമാകണമെന്നില്ല. ഡബിൾ ബ്ലെൻഡ് അല്ലാത്ത പഠനങ്ങൾ സിംഗിൾ ബെൻഡ് (രോഗി മാത്രം അറിയാത്ത) പഠനങ്ങളോ “തുറന്ന’ (open) പഠനങ്ങളോ ആവാം. RCTകളിൽ രോഗശാന്തിയുടെ അളവുകൾ കൃത്യമായി നിർവചിക്കപ്പെട്ടിരിക്കും. അവ തികച്ചും വസ്തുനിഷ്ഠമായിരിക്കണം, കഴിയുന്നതും ഗണിതപരമായി അപഗ്രഥിക്കാൻ പാകത്തിലുള്ള അളവുകളുടെ രൂപത്തിൽ. പലപ്പോഴും ഇവ വസ്തുനിഷ്ഠമായ ലബോറട്ടറി ടെസ്റ്റുകളുടെ ഫലങ്ങളായിരിക്കും.

മരുന്നുകളുടെ ഫലപ്രാപ്തി (Effectiveness) മാത്രമല്ല ദോഷഫലങ്ങളും (Toxicity) അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത് ഏറെ വർഷങ്ങളെടുക്കുന്ന ഒരു സുദീർഘപ്രക്രിയയാണ്.
  ആദ്യമായി പലതരത്തിലുള്ള പരീക്ഷണമൃഗങ്ങളിൽ അവ പ്രയോഗിക്കുന്നു. കൂടാതെ വളർത്തുകോശങ്ങളിൽ (Cell culture) കാൻസറുണ്ടാക്കാൻ സാധ്യതയുള്ള മ്യൂട്ടേഷനുകൾ മുതലായവ ഉണ്ടാവുന്നുണ്ടോ എന്ന് പഠിക്കുന്നു. പാർശ്വഫലങ്ങൾ കുറവാണെന്നും പ്രധാന അവയവങ്ങൾക്ക് സ്ഥായിയായ കേടു സംഭവിക്കില്ലെന്നും ഉറപ്പുവന്നതിനു ശേഷം മാത്രമേ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ആദ്യം സന്നദ്ധതയുള്ള രോഗമില്ലാത്തവരിൽ പാർശ്വഫലങ്ങളെപ്പറ്റി പഠിക്കുന്നു. ഇങ്ങനെയുള്ള നിരവധി പഠനങ്ങളിലൂടെ ഔഷധത്തിന്റെ ഗുണസാധ്യത അതുമൂലമുണ്ടാകാവുന്ന ദൂഷ്യങ്ങളെക്കാൾ കൂടുതലാണ് എന്ന് ബോധ്യം വന്നാൽ മാത്രമേ RCTകളിലേക്കും തുടർന്ന് വിപണനത്തിലേക്കും നീങ്ങുകയുള്ളൂ. ഇത്രമാത്രം കർശനവും നിയന്ത്രിതവുമായ പഠനങ്ങൾക്കു ശേഷവും പല മരുന്നുകളും പിന്നീട് നിഷ്ഫലമെന്നോ, അപകടകാരിയെന്നോ തെളിഞ്ഞിട്ടുണ്ട്. ഓരോ വർഷവും ഇക്കാരണങ്ങളാൽ നിരവധി മരുന്നുകൾ വിപണിയിൽനിന്ന് പിൻവലിക്കപ്പെടുന്നു. സംഗതികൾ ഇതായിരിക്കെ, ശാസ്ത്രീയമായ രീതിയിൽ പഠിക്കപ്പെടാത്ത മരുന്നുകളുടെയും ചികിത്സാ രോഗനിർണയ രീതികളുടെയും കാര്യമോ? ഫലസിദ്ധിയില്ലാത്ത ഔഷധങ്ങളുടെയും ചികിത്സാരീതികളുടെയും തോത് ഇവയ്ക്കിടയിൽ വളരെ കൂടുതലാകാനാണ് സാധ്യത. എന്നിരിക്കിലും “സർവരോഗങ്ങൾക്കും പൂർണപരിഹാരം ചെയ്യുന്നവർ’ ഇവർക്കിടയിൽ വളരെ വ്യാപകമാണ്. ഈ അമിതാവകാശ വാദങ്ങൾ കപടവൈദ്യമായി മാത്രമേ കാണാനാവൂ.

ആധുനിക വൈദ്യശാസ്ത്രത്തിനു പുറത്തുള്ളവയെല്ലാം കപടവൈദ്യമാണെന്നല്ല ഉദ്ദേശിക്കുന്നത്. പല പാരമ്പര്യ വൈദ്യസമ്പ്രദായങ്ങളും നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്നത് അവ കാരണം ഒട്ടേറെ പേർക്ക് മെച്ചമുണ്ടായത് കൊണ്ടായിരിക്കണമല്ലോ. ഇവയിൽ ഫലമുള്ളവയും ഇല്ലാത്തവയുമായ ചികിത്സകൾ ഉണ്ടായിരിക്കും. ആധുനിക വൈദ്യശാസ്ത്രത്തിലെന്നപോലെ ശാസ്ത്രീയ വിശകലന രീതികൾ ഉപയോഗിച്ച് ഫലമുള്ളവയെ കണ്ടെത്താൻ കഴിയില്ലേ? നെല്ലും പതിരും തിരിച്ചെടുക്കുന്ന ശാസ്ത്രീയവിശകലന രീതികൾ ആധുനിക വൈദ്യശാസ്ത്രത്തിൽ മാത്രം മതിയെന്നും ഞങ്ങൾക്കിതൊന്നും ബാധകമല്ലെന്നുമുള്ള നിലപാട് ബുദ്ധിശൂന്യമാണ്.

മറ്റു വൈദ്യശാസ്ത്രശാഖകളെ പറ്റി ശാസ്ത്രീയമായി പഠിക്കാനും അവയിൽ നിന്ന് ഉപയോഗമുള്ളവയെ തിരഞ്ഞെടുത്ത് സ്വീകരിക്കാനുമുള്ള ആത്മാർഥമായ ശ്രമങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ചെറിയ തോതിലെങ്കിലും ആരംഭിച്ചിട്ടുണ്ട്. ആയുർവേദത്തിലും പരമ്പരാഗത ചൈനീസ് വൈദ്യത്തിലുമൊക്കെയുള്ള ചില ഔഷധങ്ങൾ ആധുനിക വൈദ്യത്തിൽ പഠനങ്ങൾക്കുശേഷം ഉപയോഗിക്കപ്പെടുന്നുണ്ട്. ആധുനിക വൈദ്യത്തിന് അനുപൂരകമായി (Complementary Medicine) മറ്റു ചികിത്സാ പദ്ധതികൾ ഉപയോഗിക്കാനുള്ള സന്നദ്ധതയും വളർന്നു വരുന്നുണ്ട്. ഇത്തരം പ്രവണതകളെ ശക്തിപ്പെടുത്തുകയും പ്രാത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഫലപ്രാപ്തിയെയും ദൂഷ്യങ്ങളെയും പറ്റിയുള്ള ശാസ്ത്രീയ വിശകലനങ്ങൾക്കു ശേഷമായിരിക്കണം ഇത് എന്നുമാത്രം.

പല പരമ്പരാഗത വൈദ്യപദ്ധതികളും സിദ്ധാന്തപരമായി ആധുനിക വൈദ്യശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നും ശാസ്ത്രത്തിന്റെ വിശകലന രീതികൾക്ക് വഴങ്ങുന്നവയല്ല അവയെന്നുമുള്ള വാദമുണ്ട്. ആയുർവേദത്തിന്റെ രോഗസിദ്ധാന്തം ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുൻഗാമികളായ ഗ്രീക്ക്-അറബി വൈദ്യങ്ങളിൽ നിന്നും വളരെ ഭിന്നമല്ല. ഗ്രീക്ക് വൈദ്യത്തിലും ആയുർവേദത്തിലും ഒരു പാട് സമാനതകൾ കാണാവുന്നതാണ്.  ഗ്രീക്ക്-അറബി വൈദ്യത്തിന് ശാസ്ത്രത്തിന്റെ രീതികൾ ഉപയോഗിച്ചുണ്ടായ പരിണാമം ചില ചരിത്രപരമായ കാരണങ്ങളാൽ ആയുർവേദത്തിനുണ്ടായില്ല എന്ന് മാത്രം. മറ്റ് പ്രാചീന വൈദ്യശാസ്ത്രങ്ങൾക്കെല്ലാം ഇത് ഏറെക്കുറേ ബാധകമാണ്. ശാസ്ത്രവിശകലന രീതികൾക്ക് നിരക്കാത്തതായി ഇവയിൽ ഒന്നുമില്ല എന്നർഥം. ഹോമിയോപ്പതി ഈ അർഥത്തിൽ ഇവയിൽനിന്ന് വ്യത്യസ്തമാണെന്നു കാണാം. അതിൽ രോഗങ്ങൾക്കല്ല, മറിച്ച്  പ്രത്യേക രോഗലക്ഷണങ്ങൾക്കാണ് ചികിത്സ. അതിനാൽ RCTകളും മറ്റും അവയുടെ പഠനത്തിന് അനുയോജ്യമല്ല എന്നു വാദിക്കുന്നവരുമുണ്ട്. ഇതും  ശാസ്ത്രീയ പഠനത്തിന് പ്രതിബന്ധമാവേണ്ടതില്ല. പ്രത്യേക രോഗലക്ഷണങ്ങളും വ്യക്തിഗുണങ്ങളുമുള്ളവരെ വെവ്വേറെ ഗ്രൂപ്പുകളായി തരംതിരിച്ച് അവയോരോന്നിനെയും നിയന്ത്രിത ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യാവുന്നതാണ് (ഹോമിയോപ്പതി രംഗത്ത് RCT പഠനങ്ങൾ അരങ്ങേറാൻ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു). ആധുനിക വൈദ്യശാസ്ത്രത്തിൽ RCT പോലുള്ള വിശകലന രീതികൾ വ്യാപകമായത് കഴിഞ്ഞ മുപ്പത്-നാൽപ്പത് വർഷക്കാലത്തിനുള്ളിലാണ്. അവ എല്ലാ ചികിത്സാപദ്ധതികളെയും വിശകലനം ചെയ്യു ന്നതിന് ഉപയോഗിക്കുന്നതിൽ ഒരപാകതയുമില്ല.

ബദൽ വൈദ്യം (Alternative Medicine) എന്ന പേരിലാണ് ആധുനികവൈദ്യമൊഴിച്ചുള്ള മിക്ക ചികിത്സാ പദ്ധതികളും അറിയപ്പെടുന്നത്. ഈ  കുടക്കീഴിൽ ഉള്ളവയെ എല്ലാം ഒരേ തരത്തിൽ കാണാൻ കഴിയില്ല. നൂറ്റാണ്ടുകളുടെ പഴക്കവും അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങളും രോഗങ്ങളെ പറ്റിയുള്ള തനതു വീക്ഷണവും അതിബൃഹത്തായ ഔഷധവിജ്ഞാനവുമൊക്കെയുള്ള ആയുർവേദം, ചൈനീസ് വൈദ്യം എന്നിവ തൊട്ട്, കച്ചവട താൽപ്പര്യങ്ങൾ കൊണ്ട് മാത്രം തട്ടിക്കൂട്ടിയ ആധുനിക തട്ടിപ്പുകൾ വരെയുണ്ട് ഇക്കൂട്ടത്തിൽ.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന പോരായ്മകൾ പലതും ബദൽവൈദ്യം പരിഹരിക്കുന്നതായി കരുതുന്നവരുണ്ട്. എന്നാൽ, ഇത്  യാഥാർത്ഥ്യങ്ങൾക്കു നിരക്കുന്നതാണെന്നു തോന്നുന്നില്ല. വ്യാപകമായി കണ്ടുവരുന്ന ചില തെറ്റിദ്ധാരണകൾ താഴെ പറയുന്നവയാണ്. 

തെറ്റിദ്ധാരണ 1

ആധുനിക വൈദ്യശാസ്ത്രം മനുഷ്യനെ അവയവങ്ങളും ശരീരഭാഗങ്ങളുമായി കാണുമ്പോൾ, ബദൽവൈദ്യം മനുഷ്യനെ മൊത്തമായി കാണുന്നു. അതായത് ബദൽവൈദ്യത്തിൽ ഹോളിസ്റ്റിക് സമീപനമുണ്ട്.

യഥാർഥത്തിൽ ആധുനിക വൈദ്യശാസ്ത്രവും ഹോളിസ്റ്റിക് സമീപനം വേണമെന്ന് തന്നെയാണ് പഠിപ്പിക്കുന്നത്. പ്രയോഗിക തലത്തിൽ, വിവരങ്ങളും സാങ്കേതികവിദ്യകളും കൂടുന്നതിനനുസരിച്ച്, എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഡോക്ടർ എന്ന സങ്കൽപ്പം സ്പെഷ്യലിസ്റ്റുകൾക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും വഴിമാറിയതാണ് ആശയക്കുഴപ്പത്തിന് കാരണം. എങ്കിൽ പോലും രോഗിയുടെ ശരീരത്തിന്റെ മുഴുവനായ അവസ്ഥ, മാനസികാവസ്ഥ, സാമൂഹിക ചുറ്റുപാട്, പാരിസ്ഥിതികഘടകങ്ങൾ എന്നിവയെല്ലാം സമഗ്രതയോടെ നോക്കികാണണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്നത്. ഇത് പലപ്പോഴും പൂർണമായി പാലിക്കപ്പെടാറില്ലെന്നത് സത്യമാണ്.

പ്രശ്നം ഇത് മാത്രമല്ല. രോഗിയെയും ചുറ്റുപാടിനെയുമൊക്കെ സമഗ്രതയോടെ നോക്കിക്കാണുവാനുള്ള അടിസ്ഥാനവിവരങ്ങൾ പൂർണമായി ലഭ്യമല്ല എന്നതും വസ്തുതയാണ്. കോശങ്ങളിലെ വിവിധ ജീനുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ, ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങൾ (gene-environment interaction) തലച്ചോറും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ തലച്ചോറും പ്രതിരോധ കോശങ്ങളുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധങ്ങൾ എന്നിവയെപ്പറ്റിയൊക്കെ മുമ്പെന്നത്തെക്കാളുമേറെ ഇന്ന് അറിയാമെങ്കിലും ഒട്ടേറെ അവ്യക്തതകൾ ഇനിയും ബാക്കിയാണ്. മനുഷ്യ- ജീനോം പ്രോജക്ടിനു (Human Genome Project) ശേഷമുള്ള ഗവേഷണങ്ങളും, തലച്ചോറിന്റെ പ്രവർത്തനങ്ങളെ പുതിയ രീതികളിൽ നോക്കിക്കാണാനുള്ള കഴിവുമെല്ലാം താമസിയാതെ ഈ അവ്യക്തതകൾക്ക് കുറേയൊക്കെ അറുതി വരുത്തുമെന്ന് കരുതപ്പെടുന്നു.

ബദൽ വൈദ്യത്തിന്റെ വക്താക്കൾ എല്ലായ്പ്പോഴും ഹോളിസ്റ്റിക് സമീ പനത്തെപ്പറ്റി പറയുമെങ്കിലും അതിലേക്കു നയിക്കുന്ന അടിസ്ഥാന വിവരങ്ങളുടെ അഭാവം വളരെ പ്രകടമാണ്. ആധുനിക ജീവശാസ്ത്രത്തിൽ നിന്ന് പദങ്ങൾ കടമെടുത്ത് ഉപയോഗിക്കുമെങ്കിലും അത് മിക്കപ്പോഴും കൃത്യതപാലിക്കാത്ത തരത്തിലാണ്. ആധുനിക ജീവശാസ്ത്രത്തിന്റെ സാങ്കേതിക  സങ്കേതങ്ങൾ ഉപയോഗിച്ചു വിവരങ്ങൾ ശേഖരിക്കാൻ ഒരു ശ്രമവും അവർ നടത്താറുമില്ല.

മാത്രമല്ല ബദൽ വൈദ്യങ്ങളിൽ പലതിലും ഹോളിസ്റ്റിക് പദപ്രയോഗം  വെറും പറച്ചിലിൽ ഒതുങ്ങി നിൽക്കുന്നു. പ്രായോഗിക തലത്തിൽ ഇതിനു കടകവിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നത്. ഇറിഡോളജി എന്ന ബദൽ വൈദ്യത്തിൽ കണ്ണിലെ മിഴിപ്പടല (Iris) ത്തിലെ പാടുകൾ പരിശോധിച്ച് മിക്ക രോഗങ്ങളും കണ്ടെത്താനാവുമെന്ന് അവകാശപ്പെടുന്നു. ചീറോപ്രാക്ടിക് (Chiropractic) വൈദ്യക്കാർ പറയുന്നത് മിക്ക രോഗങ്ങളും നട്ടെല്ലിന്റെ കുഴപ്പങ്ങൾ കാരണമാണെന്നാണ്. പല ഹോളിസ്റ്റിക് വൈദ്യൻമാർക്കും രോഗിയെ കാണുകയോ പരിശോധിക്കുകയോ തന്നെ വേണ്ട. ഇന്റർനെറ്റിലൂടെ ചികിത്സ നൽകുന്നവരിൽ ഏറ്റവും മുൻപന്തിയിലുള്ളത് ഹോമിയോപ്പതിക്കാരാണ്. ഇവരുടെയൊക്കെ കയ്യിൽ “ഹോളിസ്റ്റിക് വൈദ്യം’ കേവല മൊരു “ജാർഗൺ’ ആയി അധപ്പതിച്ചിരിക്കുന്നു. 

തെറ്റിദ്ധാരണ 2

ആധുനിക വൈദ്യശാസ്ത്രം ചികിത്സയ്ക്ക് ഊന്നൽ നൽകുമ്പോൾ ബദൽ വൈദ്യം പ്രതിരോധത്തിനും നിവാരണത്തിനും പ്രാധാന്യം നൽകുന്നു. 

ബദൽ വൈദ്യങ്ങൾ മിക്കതും പ്രവർത്തിക്കുന്നത് മനുഷ്യശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശക്തി വർധിപ്പിക്കുക വഴിയാണെന്നാണ് ഇവരുടെ പക്ഷം. ഇന്ന് പ്രതിരോധജീവശാസ്ത്ര (Immunology) ത്തെപ്പറ്റി ഒരുപാടു കാര്യങ്ങൾ നമ്മൾക്കറിയാം, സൂക്ഷ്മതലത്തിൽ തന്നെ. ബദൽവൈദ്യങ്ങളിലെ ചികിത്സ ഏതെങ്കിലും തരത്തിൽ പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുന്നെന്നോ അതുവഴി പ്രവർത്തിക്കുന്നെന്നോ ഉള്ളതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. \

രോഗനിവാരണരംഗത്ത് ആധുനികവൈദ്യശാസ്ത്രം നൽകിയിട്ടുള്ള സംഭാവനകൾ മനുഷ്യായുസ്സ് നീട്ടുന്നതിൽ വഹിച്ചിട്ടുള്ള പങ്ക് നിസ്തർക്കമാണ്. മനുഷ്യശരീരത്തിന്റെ ഘടന, പ്രവർത്തനം (Anatomy, Physiology), രോഗങ്ങളെപ്പറ്റിയുള്ള അറിവ് (Pathology), രോഗാണുക്കളെപ്പറ്റിയുള്ള പഠനങ്ങൾ (Microbiology) എന്നീ അടിസ്ഥാനശാസ്ത്രങ്ങളിലെ ഗവേഷണഫലങ്ങളാണ് ഈ നേട്ടങ്ങളുടെ പിന്നിലുള്ളത്. കുടിവെള്ളവും പാലും അണു വിമുക്തമാക്കുന്നത്, സാനിറ്ററി കക്കൂസുകളുടെ ഉപയോഗം, പ്രതിരോധകുത്തിവെയ്പ്പുകളും മരുന്നുകളും, പകർച്ചവ്യാധികളുടെ നിയന്ത്രണരീതികൾ എന്നിവയൊക്കെ മാനവചരിത്രത്തിന്റെ ഗതിതന്നെ മാറ്റുന്നതിൽ വഹിച്ച പങ്ക് ഒരിക്കലും കുറച്ചുകാണാൻ കഴിയില്ല.
ഇത്തരത്തിലുള്ള വലിയ മാറ്റങ്ങളൊന്നുംതന്നെ ബദൽവൈദ്യശാഖകൾ വഴി നടപ്പായിട്ടില്ല എന്നതും ചരിത്രവസ്തുതയാണ്. ചില ബദൽവൈദ്യങ്ങളുടെ പ്രവർത്തകർ പ്രതിരോധചികിത്സപോലുള്ള നിവാരണതന്ത്രങ്ങൾക്കെതിരെ പ്രചരണ പ്രവർത്തനങ്ങൾ നടത്തുക വഴി പൊതുജനാരോഗ്യത്തിന് ഭീഷണിയായിത്തീർന്നിരിക്കുന്നു എന്നും കാണാതിരുന്നുകൂടാ.

തെറ്റിദ്ധാരണ 3 

ബദൽവൈദ്യം സ്വാഭാവിക മരുന്നുകളെയും ചികിത്സാരീതികളെയും ആശ്രയിക്കുമ്പോൾ ആധുനികവൈദ്യം കൃത്രിമനിർമിത (synthetic) ഔഷധങ്ങളും ശസ്ത്രക്രിയപോലുള്ള അസ്വാഭാവിക ചികിത്സാരീതികളും ഉപയോഗിക്കുന്നു. 

ശരീരത്തിൽ സൂചികൾ കുത്തിക്കയറ്റിയുള്ള അക്യുപങ്ചർ ചികിത്സയിലും പ്രകൃതിചികിത്സക്കാർ നൽകുന്ന “എനിമ’കളിലുമൊന്നും സ്വാഭാവികമായി ഒന്നുമില്ല. ശസ്ത്രക്രിയ ഒരു ശാസ്ത്രമായി ആദ്യം വികസിച്ചത്  ആയുർവേദത്തിലാണ്. മാത്രമല്ല, ആധുനികവൈദ്യത്തിൽ സ്വാഭാവിക പദാർഥങ്ങൾ (ചെടികളിൽ നിന്നും മറ്റുമുള്ളവ) ധാരാളമായി ഉപയോഗിക്കുന്നു. പലതിന്റെയും ചികിത്സാഗുണമുള്ള പദാർഥം വേർതിരിച്ചെടുത്ത് അതിന്റെ രാസഘടന പഠിച്ച് പിന്നീട് കൃത്രിമമായി നിർമിക്കുന്നു എന്നത് ശരിയാണ്. ഇതുവഴി കൃത്യമായ അളവിൽ മരുന്നുകൾ നൽകാൻ കഴിയുന്നു.

ചെടികളിൽ നിന്നും ലഭിക്കുന്ന ഔഷധങ്ങൾ പ്രകൃതിദത്തമായതുകൊണ്ട് അവ അപകടകാരികളല്ലെന്നത് മറ്റൊരു മിഥ്യയാണ്. ഇതുവരെ കണ്ടത്തിയിട്ടുള്ള മാരകമായ വിഷങ്ങൾ പലതും പ്രകൃതിയിലുള്ളവയാണ് (അമാനിറ്റ കൂണ്, കുരാറെ). മുമ്പ് സസ്യ ഔഷധങ്ങളോ ആഹാരപോഷകങ്ങളോ ആയി പരസ്യം ചെയ്തു വിറ്റിരുന്ന “എഫ്രഡ’ കഴിച്ചതിന്റെ ഫലമായി ഏതാനും സ്പോർട്സ് താരങ്ങൾ മരിക്കാനിടയായതും “കാവ കാവ’ എന്ന സസ്യോൽപ്പന്നം മൂലമുണ്ടായ കരൾ രോഗങ്ങളും ഈ മിഥ്യാപ്രചാരണം തടയുന്നതിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടുന്നു.  ആധുനികവൈദ്യത്തിലും ബദൽവൈദ്യത്തിലും സ്വാഭാവികവും അസ്വാഭാവികവുമായ ചികിത്സാരീതികളും ഔഷധങ്ങളുമുണ്ട്. ഇവയുടെ ഗുണ ദോഷങ്ങൾ എത്ര ഗൗരവത്തിൽ പഠനവിധേയമാക്കുന്നു എന്നതാണ് പ്രധാനം.

ആധുനികവൈദ്യശാസ്ത്രം കുറ്റമറ്റതാണെന്ന അഭിപ്രായമൊന്നും ഞങ്ങൾക്കില്ല. പ്രായോഗികതലത്തിൽ കച്ചവടതാൽപ്പര്യങ്ങൾ കാര്യങ്ങൾ വഷളാക്കുന്നുണ്ട്. വേണ്ടത്ര മുൻകരുതലുകളില്ലാതെ അപകടം ചെയ്യുന്ന മരുന്നുകൾ വിപണനം ചെയ്യുന്നു; ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികിത്സകൾ പരസ്യം ചെയ്യുന്നു; ലളിതവും ശാസ്ത്രീയവുമായ പ്രതിവിധികൾക്കു പകരം ചെലവുകൂടിയ അതിസാങ്കേതിക പരിഹാരങ്ങൾ  പ്രചരിപ്പിക്കുന്നു; അമാനവീകരണത്തിന്റെയും ലാഭേച്ഛയുടേതുമായ അന്തരീക്ഷം ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ബാധിച്ചിരിക്കുന്നു; ഇങ്ങനെ പല പ്രശ്നങ്ങളും.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളുടെ വലിയൊരു ഭാഗം ആധുനികവൈദ്യത്തിലെ ഇത്തരം പ്രവണതകളെ തുറന്നുകാണിക്കാനായി ചെലവഴിച്ചിട്ടുണ്ട്. എന്നാൽ തെറ്റുകൾ കണ്ടെത്താനും തിരുത്താനുമുള്ള സംവിധാനങ്ങൾ ഈ ശാസ്ത്രത്തിൽ അന്തർലീനമാണെന്നും ഞങ്ങൾ തിരിച്ചറിയുന്നു. ഈ സംവിധാനങ്ങൾ തന്നെയാണ് തെറ്റുകൾക്കെതിരെയുള്ള  പ്രതിരോധത്തിന് ജനകീയ ശാസ്ത്രപ്രവർത്തകർക്ക് കരുത്തുനൽകുന്നത്. 

ആധുനികവൈദ്യത്തിന്റെ തെറ്റായ പോക്കിനെതിരെയുള്ള ഞങ്ങളുടെ എതിർപ്പുകൾ പലതരം കപടവൈദ്യങ്ങളെയും അശാസ്ത്രീയ ചിന്താഗതികളെയും പ്രോത്സാഹിപ്പിക്കുന്നതിലേക്കു നയിക്കരുത് എന്നു ഞങ്ങൾക്കു നിർബന്ധമുണ്ട്. ഈ ലേഖനപരമ്പരയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്ന് അതുതന്നെയാണ്. ആരോഗ്യരംഗത്തു നടമാടുന്ന അശാസ്ത്രീയ ചിന്താഗതികളെല്ലാം ഒരു ലേഖനത്തിൽ ഒതുക്കുക അസാധ്യമാണ്. ചിലപധാന ഉദാഹരണങ്ങൾ നൽകുക മാത്രമാണ് ഞങ്ങൾ ഇവിടെ ചെയ്യുന്നത്. 

ബദൽ ചികിത്സാ പദ്ധതികൾ – ഹ്രസ്വ അവലോകനം

ബദൽ ചികിത്സാ പദ്ധതികളെ ഇങ്ങനെ തരംതിരിക്കാം.

 1. മനോശാരീരിക ചികിത്സകൾ – മനസ്സു വഴി ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നവ. ഉദാ : ധ്യാനം, പ്രാർത്ഥന, ഹിപ്നോസിസ്, സംഗീതം, നൃത്തം , കല. 
 2. മുഖ്യമായും കായിക മാറ്റങ്ങളിലൂടെയുള്ളവ. ഉദാ : ഉഴിച്ചിൽ, യോഗ, ചിറോ പ്രാക്ടിക് വൈദ്യം. 
 3. ജൈവ – ഊർജ ചികിത്സ. ഉദാ : റെയ്കി, പ്രാണിക് ചികിത്സ, സ്പർശചികിത്സ, ക്വനയ് ഗോംഗ്.
 4. വൈദ്യുത – കാന്തിക തരംഗങ്ങൾ വഴിയുള്ളവ. ഉദാ : കാന്ത ചികിത്സ, ഫാർ ഇൻഫാറെഡ്.
 5. ജൈവ സാമഗ്രികൾ ഉപയോഗിച്ചുള്ളവ. ഉദാ : സസ്യോൽപ്പന്നങ്ങൾ, വിറ്റാമിനുകൾ, പ്രത്യേക ആഹാരക്രമങ്ങൾ, മൃഗോല്പന്നങ്ങൾ. –
 6. സമ്പൂർണ ചികിത്സാ പദ്ധതികൾ. ഉദാ : ഹോമിയോപ്പതി, ആയുർവേദം, ചൈനീസ് വൈദ്യം (അക്യുപങ്ചർ അടക്കം), പ്രകൃതി ചികിത്സ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Previous post പുസ്തകങ്ങളെ വെറുത്തിരുന്ന പെൺകുട്ടി
Next post മനോശാരീരിക ചികിത്സകൾ
Close