Read Time:18 Minute

ആദ്യത്തെ കണ്മണി

ആദ്യം നാമം നൽകിയ ഡൈനസോർ ആണ് മെഗലോസോർ.. ആ നാമം നൽകലിന് 2024 ഫെബ്രുവരി 20 ന് 200 വയസ്സാകുകയാണ്.

1824 ഫിബ്രുവരി 20. ലണ്ടനിലെ ജിയോളജിക്കൽ സൊസൈറ്റിയുടെ മീറ്റിങ്ങിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജിയോളജി പ്രൊഫസർ വില്യം ബക്ക്‌ലാൻഡ് (William Buckland) ഒരു പേപ്പർ വായിക്കുന്നു. “Notice on the Megalosaurus or great Fossil Lizard of Stonesfield” എന്ന ആ പേപ്പറിലാണ് ആദ്യമായി ഒരു ഡൈനസോറിന്റെ സയൻ്റിഫിക് വിവരണം ലോകത്തിനു ലഭിക്കുന്നത്. സ്റ്റോൺസ്ഫീൽഡിലെ ഭീമൻ പല്ലിയ്ക്ക് ബക്ക്‌ലാൻഡ് കൊടുത്ത പേരാണ് ‘മെഗാലോസോറസ്’ എന്നത്.

വില്യം ബക്ക്‌ലാൻഡും മേരി ബക്ക്‌ലാൻഡും

ബക്ക്‌ലാൻഡ് പണിയെടുത്തിരുന്ന ഓക്സ്ഫോർഡിനടുത്തുള്ള സ്റ്റോൺസ്ഫീൽഡിലെ കുമ്മായക്കൽ ക്വാറികളായിരുന്നു ഒരുപാട് ഫോസ്സിൽ എല്ലുകളുടേയും പല്ലുകളുടേയും ഉറവിടം. ഏതാനും വർഷങ്ങളായി ബക്ക്‌ലാൻഡിന് അവിടെ നിന്നുള്ള സ്പെസിമനുകൾ കിട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഭീമാകാരനായ ഒരു ജീവിയുടേതാണിതെന്ന് അദ്ദേഹത്തിന് മനസ്സിലായി. വില്യം കോണിബ്യേർ (William Conybeare) എന്ന ജിയോളജിസ്റ്റും മേരി മോർലാൻഡ് (Mary Morland) എന്ന അമേച്വർ ഫോസ്സിൽ കളക്ടറും അദ്ദേഹത്തെ സഹായിച്ചിരുന്നു. കോണിബ്യേർ ആണ് മെഗലോസോറസ് എന്ന പേര് നിർദേശിച്ചത്. മേരി മോർലാൻഡ് ആണ് ഈ ഫോസ്സിലുകളുടെ ചിത്രങ്ങൾ വരച്ചത്. ഈ ചിത്രങ്ങൾ പലതും പ്രസിദ്ധ ഫ്രഞ്ച് ശരീരശാസ്ത്രജ്ഞനായ ജോർജ് കുവിയർക്ക് (George Cuvier) അയച്ചു കൊടുത്തിരുന്നു. 1817ൽ കുവിയർ ലണ്ടൻ സന്ദർശിച്ചപ്പോൾ ബക്ക്‌ലാൻഡിന്റെ ഫോസ്സിലുകൾ നേരിട്ട് കാണുകയുമുണ്ടായി. ഇവരുടെയെല്ലാം അഭിപ്രായത്തിൽ ഇത് മുൻപ് ജീവിച്ചിരുന്ന ഒരു വലിയ ഉരഗത്തിൻ്റേതാണെന്നും ഈ ജീവി ഒരി ഇരപിടിയൻ ആയിരുന്നുവെന്നുമായിരുന്നു. കൂട്ടത്തിൽ പറയട്ടെ, മേരി മോർലാൻഡ് പിന്നീട് ബക്ക്‌ലാൻഡിനെ വിവാഹം ചെയ്ത് മേരി ബക്ക്‌ലാൻഡ് ആയിത്തീർന്നു. പിന്നീടങ്ങോട്ട് ബക്ക്‌ലാൻഡിൻ്റെ പഠനങ്ങളിലെല്ലാം മേരിയുടെ സഹായവും പങ്കാളിത്തവുമുണ്ടായിരുന്നു.

ബാൻഡിന് സ്റ്റോൺസ് ഫീൽഡ് ക്വാറികളിൽ നിന്നു കിട്ടിയ മെഗാലോസോറസ് ഫോസ്സിലുകൾ. ഇവയെല്ലാം ഒരു മൃഗത്തിൽ നിന്നുള്ളവയല്ല. (മേരി മോർലാൻഡ് വരച്ചത്)

മെഗലോസോറസിന്റെ രൂപവും വലിപ്പവും

കുവിയറിൻ്റെ കണക്കു പ്രകാരം ഏതാണ്ട് 12 മീറ്റർ നീളമാണ് ബക്ക്‌ലാൻഡ് മെഗാലോസോറസിന് കണക്കാക്കിയത്. മാത്രമല്ല, കുവിയറൂം ബക്ക്‌ലാൻഡും പിന്നീട് ഈ ഫോസിലുകൾ പഠിച്ച പ്രസിദ്ധ ബയോളജിസ്റ്റ് ആയ റിച്ചാർഡ് ഓവനുമൊക്കെ മെഗാലോസോറസ് ഒരു നാൽക്കാലിയാണെന്നാണ് കരുതിയത്. ഇന്ന് നാം കരുതുന്നത് ഈ ജീവി ഏതാണ്ട് 9 മീറ്റർ നീളവും 3 മീറ്റർ പൊക്കവുമുള്ള രണ്ടു പിൻകാലുകളിൽ നിൽക്കുകയും നടക്കുകയും ചെയ്തിരുന്ന ടി റെക്സിൻ്റെയൊക്കെ കുടുംബമായ തെറോപോഡുകളിലെ (Theropods) ഒരംഗമാണെന്നാണ്. സങ്കൽപ്പങ്ങളിൽ വന്ന ഈ മാറ്റം ഡൈനോസോറുകൾ എന്ന ഒരു പുതിയ വിഭാഗത്തിൻ്റെ ആവിഷ്കാരത്തിലൂടെ ഉണ്ടായതാണ്. ഇതിൽ ഒരു മുഖ്യ പങ്ക് വഹിച്ചത് റിച്ചാർഡ് ഓവൻ തന്നെയാണ്.

മെഗാലോസോറസിന്റെ രൂപസങ്കൽപ്പത്തിൽ വന്ന മാറ്റം

മെഗാലോസോറസിനു ശേഷം

1824 ൽ മെഗാലോസോറസ് പേപ്പർ അവതരിപ്പിക്കപ്പെട്ടതിൻ്റെ പിറ്റേ വർഷമാണ് രണ്ടാമത്തെ ഡൈനോസോറിൻ്റെ വിവരണം പുറത്തു വരുന്നത്. 1825 ൽ പടിഞ്ഞാറൻ സസ്സക്സിലെ ഡോക്ടറും അമേച്വർ ഫോസ്സിൽ പഠിതാവുമായ ഗിഡിയോൺ മാൻ്റൽ (Gideon Mantell) ആണ് ഈ പേപ്പർ അവതരിപ്പിക്കുന്നത്. ഗിഡിയോണിൻ്റെ ഭാര്യ മേരി ആൻ ഗിഡിയോൺ (Mary Ann Gideon) ആണ് ആദ്യ ഫോസ്സിൽ കണ്ടെത്തിയതെന്നാണ് ഇന്ന് പരക്കെ കരുതപ്പെടുന്നത്. ഒരിക്കൽ റോഡ് പണി നടക്കുന്ന ഒരിടത്ത് നടക്കുമ്പോൾ പൊട്ടിച്ചിട്ട കല്ലിൽ വളരെ വലിയ പല്ലിൻ്റെ ഒരു ഫോസ്സിൽ അവരുടെ ശ്രദ്ധയിൽ പെടുകയും അത് പണിക്കാരുടെ കൈയിൽ നിന്ന് വാങ്ങി ഗിഡിയോണിൻ്റെ കൈയിൽ എത്തിക്കുകയുമായിരുന്നത്രെ. നോക്കുമ്പോൾ ഗിഡിയോണിൻ്റെ ശേഖരത്തിൽ ഇതു പോലുള്ള പല്ലുകൾ വേറെയുമുണ്ടായിരുന്നു. മെഗാലോസോറസിൻ്റെ കഥയിൽ നാം കണ്ട പല കഥാപാത്രങ്ങളും ഇതിലുമുണ്ട്. ജോർജ് കുവിയറെ ഈ പല്ലുകൾ കാണിക്കുകയും ഇവ സസ്യഭുക്കായ ഒരു വലിയ ജീവിയുടേതായിരുന്നെന്ന ഗിഡിയോണിൻ്റെ സംശയം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. ബക്ക്‌ലാൻഡ് ആദ്യം എതിർത്തെങ്കിലും പിന്നീട് ഇതു ശരി വെച്ചു. അതു വരെ കണ്ടിരുന്ന എല്ലാ വലിയ ഉരഗങ്ങളും മാംസഭുക്കുകളായിരുന്നതു കൊണ്ടാണ് പലരും ഇത്തരം ഒരു ജീവിയെ അംഗീകരിക്കാൻ ആദ്യം മടിച്ചത്. ഈ പല്ലുകൾക്ക് ഇഗ്വാനയുടെ പല്ലുകളുമായുള്ള ബാഹ്യമായ സാമ്യം  കാരണം ഗിഡിയോൺ 1925ൽ ഈ ജീവിയെ ഇഗ്വാനോഡോൺ (Iguanodon) എന്ന് നാമകരണം ചെയ്തു. നാലു കാലിൽ നടന്നിരുന്ന ഈ സസ്യഭുക്കിന് 9-11 മീറ്റർ നീളവും നാലര ടണ്ണോളം ഭാരവുമുണ്ടായിരുന്നു.

പടിഞ്ഞാറൻ സസ്സക്സിൽ നിന്നു തന്നെ കിട്ടിയ മറ്റൊരു കൂട്ടം ഫോസ്സിൽ എല്ലുകളിൽ നിന്ന് ഗിഡിയോൺ 1832ൽ ഹൈലിയോസോറസ് (Hylaeosaurus) എന്ന് പേരിട്ട മറ്റൊരു ഭീമൻ സസ്യഭുക്കിനെ കണ്ടെത്തി. നാലു കാലിൽ നടന്നിരുന്ന ഈ സസ്യഭുക്കിന് ഏതാണ്ട് 5 മീറ്ററോളം നീളമുണ്ടായിരുന്നു. രക്ഷാ കവചമെന്നോണം പുറത്ത് നടുവിലായി എല്ലുപോലുള്ള പ്ളേറ്റുകളും അതിനുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.

ഹൈലിയോസോറസും ഇഗ്വാനോഡോണും. മുകളിൽ കാണുന്നത് ഇഗ്വാനോഡോണിൻറെ പല്ല് (മേരി ആൻ മാൻറ്റൽ വരച്ചത്)

റിച്ചാർഡ് ഓവനും ഡൈനോസോറിയയും

റിച്ചാർഡ് ഓവൻ (RIchard Owen 1804-92) പ്രസിദ്ധ ബ്രിട്ടീഷ് ബയോളജിസ്റ്റും, അനാട്ടമിസ്റ്റും ഫോസ്സിൽ വിദഗ്ദ്ധനുമായിരുന്നു. ഡൈനസോർ വംശം ആദ്യമായി നിർവചിക്കുന്നത് അദ്ദേഹമാണ്. ബ്രിട്ടീഷ് മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററി സ്ഥാപിച്ചത് ഇദ്ദേഹമാണ്. അവസാന വർഷങ്ങളിൽ, ഡാർവിൻ്റെ പരിണാമ സിദ്ധാന്തത്തെ എതിർത്തതിൻ്റെ കുപ്രസിദ്ധി ഉണ്ടായിരുന്നെങ്കിലും അക്കാലത്തെ ബയോളജിയിലെ ഒരു അതികായനായിരുന്നു അദ്ദേഹമെന്ന കാര്യത്തിൽ സംശയമില്ല.

റിച്ചാർഡ് ഓവൻ

1840-കളിൽ മെഗാലോസോറസ്, ഇഗ്വാനോഡോൺ, ഹൈലിയോസോറസ് എന്നീ ജീവികളുടെ കണ്ടുപിടുത്തത്തിനു ശേഷം അവയ്ക്ക് സാധാരണ ഉരഗങ്ങളുമായൂള്ള വ്യത്യാസങ്ങളെ പറ്റി ഓവൻ ബോധവാനായി. മറ്റ് ഉരഗങ്ങളെ അപേക്ഷിച്ച് ഇവയുടെ കാലുകൾ നീളം കൂടുതൽ ഉള്ളവയും ശരീരത്തിനെ താങ്ങും വിധം അതിൻ്റെ നേരെ അടിയിലുമായിരുന്നു. മറ്റ് ഉരഗങ്ങളിൽ കാലുകൾ ശരീരത്തിൻ്റെ പാർശ്വങ്ങളിലാണ് കാണപ്പെടുക. സാധാരണ ഉരഗങ്ങളിൽ നിന്നുള്ള മറ്റൊരു വ്യത്യാസം തുടയെല്ല് ഇടുപ്പിനോട് ചേരുന്നിടത്തുള്ള സന്ധിയിൽ ഒരു ദ്വാരം ഉണ്ടായിരുന്നതാണ്. ഈ വ്യത്യാസങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം ഈ ജീവികൾക്ക് ഉരഗങ്ങളേക്കാൾ വേഗതയിൽ നടക്കാനും ഓടാനുമുള്ള കഴിവുണ്ടായിരുന്നു എന്നതാണ്. ഇക്കാര്യത്തിൽ ഇവ സസ്തനികളെ പോലെയായിരുന്നു എന്ന് അനുമാനിക്കപ്പെട്ടു. അങ്ങിനെ വേഗത്തിൽ സഞ്ചരിക്കണമെങ്കിൽ അവ സസ്തനികളെ പോലെ ഉഷ്ണരക്ത ജീവികൾ ആയിരുന്നിരിക്കണം. ഇക്കാരണങ്ങളാൽ, ഓവൻ മേൽപ്പറഞ്ഞ മൂന്നു ജീവികളെ ഉരഗങ്ങളിൽ നിന്ന് വേർപ്പെടുത്തി മറ്റൊരു വിഭാഗമാക്കി. ഈ ഗ്രൂപ്പിന് ഭീകര പല്ലികൾ (Terrible lizards) എന്ന അർത്ഥം വരുന്ന ‘ഡൈനോസോറിയ’ (Dinosauria) എന്ന പേരുമിട്ടു.

ഇങ്ങനെയായിരുന്നു നാം ഇന്നാഘോഷിക്കുന്ന ഡൈനസോറുകളുടെ കഥ തുടങ്ങുന്നത്. ഡൈനസോറുകൾ 65 ദശലക്ഷം വർഷം മുൻപ് അപ്രത്യക്ഷമായി എന്നും അതിനുള്ള പ്രധാന കാരണം ഒരു വലിയ ഉൽക്ക ഭൂമിയിൽ വന്ന് പതിച്ചതാണെന്നുമൊക്കെ നമുക്കിന്നറിയാം. മാത്രമല്ല, ഡൈനോസോറുകളുടെ ഒരു വിഭാഗം നശിക്കാതെ നില നിന്ന് ഇന്നത്തെ പക്ഷികൾ ആയിത്തീരുകയും ചെയ്തു. പക്ഷികൾ ഉഷ്ണരക്ത ജീവികൾ ആണെന്നതും ഇന്ന് ലോകത്തിലെ ഏറ്റവും വേഗത കൂടിയ ജീവി (peregrine falcon) ഒരു പക്ഷിയാണെന്നതുമൊക്കെ നമുക്ക് ഈ അവസരത്തിൽ ഓർക്കാം.

കുവിയറും ബക്ക്‌ലാൻഡും ഓവനുമൊക്കെ ബൈബിളിൽ പറഞ്ഞ സൃഷ്ടികഥ അതേ പടി വിശ്വസിക്കുന്നവരായിരുന്നില്ല. അവരുടെ തന്നെ പഠനങ്ങൾ അതിനൊക്കെ വിരുദ്ധമായിരുന്നു. സൃഷ്ടിക്കപ്പെട്ട ജീവികൾക്ക് വശനാശം വരാമോ എന്നതായിരുന്നു അന്നത്തെ ഒരു പ്രധാന ചോദ്യം. പല വിചിത്ര ജീവികളുടേയും ഫോസ്സിലുകൾ ലഭിക്കുമ്പോൾ പല തരം വിശദീകരണങ്ങൾ വഴിയാണ് ദൈവശാസ്ത്രജ്ഞർ അതിനെ മറികടന്നത്. അത്തരം ജീവികൾ ഇന്നും എവിടെയെങ്കിലുമൊക്കെ – പ്രത്യേകിച്ചും അധികമൊന്നും അറിയാത്ത ആഴക്കടലുകളിൽ – ജീവിച്ചിരിക്കുന്നുണ്ടാവും എന്നതായിരുന്നു ഒരു വിശദീകരണം. കുവിയർ ആണ് ആദ്യമായി വംശനാശം പല കാലങ്ങളിലായി സംഭവിച്ചിട്ടുണ്ടെന്നും പല കാലത്തെ പാറകളിൽ ഉള്ള ജീവികൾ വ്യത്യസ്തമാണെന്നും തെളിയിച്ചത്. അക്കാലത്തെ ഒരു വിശദീകരണം നോഹയുടെ പ്രളയം പോലെ പല കാലത്ത് പ്രളയങ്ങളും മറ്റ് അത്യാഹിതങ്ങളും കാരണം പല ജീവികളും മരണപ്പെട്ടുകാണുമെന്നായിരുന്നു.മറ്റൊരു ചോദ്യം ദയാമയനായ ദൈവം എന്തിന് മെഗാലോസോറസുകളെ പോലെ ഇത്ര ഭീകരവും ക്രൂരവുമായ ജീവികളെ സൃഷ്ടിച്ചു എന്നതായിരുന്നു. ബക്ക്‌ലാൻഡ് അതിനു വിശദീകരണം നൽകിയത് പ്രായം കൊണ്ടും മറ്റ് അവശതകൾ കൊണ്ടും കഷ്ടപ്പെടുന്ന ജീവികളുടെ ദൈന്യം അവസാനിപ്പിച്ച് ഇരപിടിയന്മാർ ലോകത്തിലെ മൊത്തം ദു:ഖം ലഘൂകരിക്കുന്നു എന്നാണ്!
കുവിയറും ബക്ക്‌ലാൻഡും ഓവനുമൊക്കെ ജീവികൾ ഏറ്റവും പൂർണതയോടെയും കുറ്റമറ്റ രീതിയിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് സമർത്ഥിച്ചവരായിരുന്നു. സൃഷ്ടിയുടെ ഈ അത്ഭുതമില്ലാതെ എങ്ങിനെ മെഗാലോസോറസിനെ പോലെ ഒരു ജീവി ഉണ്ടായിവരുമെന്ന് അന്നത്തെ പരിണാമവാദികളോട് ഓവൻ ചോദിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ അവർക്ക് അതിന് കൃത്യമായ ഉത്തരം ഇല്ലായിരുന്നു.

സ്ഥിതിഗതികൾ മാറിയത് 1859 ൽ ഡാർവിൻ പ്രകൃതിയുടെ തെരഞ്ഞെടുക്കൽ എന്ന ശക്തിമായ വിശദീകരണവുമായി രംഗത്തെത്തുമ്പോഴാണ്. നീണ്ട കാലത്തിൻ്റെ സഹായമുണ്ടെങ്കിൽ എന്തു തരം അനുയോജ്യമായ മാറ്റങ്ങളും ഈ പ്രകൃതി-തെരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് ഡാർവിൻ പല പല ഉദാഹരണങ്ങൾ നിരത്തി വിശദീകരിച്ചു. കുവിയറും ബക്ക്‌ലാൻഡും അപ്പോഴേക്ക് മണ്മറഞ്ഞു പോയിരുന്നു. ഇല്ലെങ്കിൽ അവർ അഭിപ്രായം മാറ്റുമായിരുന്നോ എന്ന് നമുക്കറിയില്ല. ഓവൻ ഏതായാലും തൻ്റെ വാർദ്ധക്യത്തിൽ ഈ ആശയത്തിനെതിരെ പട നയിച്ചു പരാജയപ്പെട്ടു.

ഡാർവിൻ്റെ ആശയങ്ങൾ ഇല്ലായിരുന്നെങ്കിൽ മെഗാലോസോറസും ഇഗ്വാനോഡോണും മറ്റും അത്ഭുതങ്ങളും നിഗൂഢ പ്രതിഭാസങ്ങളുമായി നില നിന്നേനെ. നാച്ചുറൽ സെലക്ഷൻ എന്ന പ്രക്രിയ ഇതൊക്കെ മനസ്സിലാക്കുവാൻ ഇന്ന് നമ്മെ സഹായിക്കുന്നു. “പരിണാമ സിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ അല്ലാതെ ബയോളജിയിൽ ഒന്നിനും ഒരർത്ഥവുമില്ല” എന്ന് തിയോഡോസിയസ് ദൊബ്സാൻസ്കി പറഞ്ഞത് എത്ര ശരിയെന്ന് നാം വീണ്ടും ഓർക്കുന്നു.

അധികവായനയ്ക്ക്

  1. The Oxford Dinosaur that started it all >>>
  2. 2. New light on the history of Megalosaurus , the great lizard of Stonesfield >>>
  3. Search for the real Iguanodon >>>
  4. Extinction: Brief history of an idea. >>>
  5. 5. Dinosauria: how the ‘terrible lizards’ got their name >>>

പംക്തിയിലെ മറ്റു ലേഖനങ്ങൾ

അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആറ്റങ്ങളെ പഠിക്കാന്‍ ഒരു പുതിയ വിദ്യ
Next post തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
Close