Read Time:10 Minute
ഹോളിവുഡ് സിനിമകളിലെ ശബ്ദലേഖനവുമായി ബന്ധപ്പെട്ട് ഏഴ് തവണ ഓസ്കാർ അവാർഡുകൾ നേടിയ ആളാണ് ഗേരി റിഡ്സ്ട്രോം (Gary  Rydstrom). അവയിൽ രണ്ടെണ്ണം നേടിക്കൊടുത്തത് 1993 ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പീൽബെർഗിന്റെ ജുറാസ്സിക്ക് പാർക്ക് ആയിരുന്നു. ശബ്ദ രൂപകല്പനയ്ക്കും (Sound design ) ശബ്ദമിശ്രണത്തിനും (Sound mixing ). 2013 ൽ നടത്തിയ ഒരു മുഖാമുഖത്തിൽ ഡൈനസോർ ശബ്ദങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കുന്നുണ്ട്. ടൈറനോസോറസ് റെക്സ് (Tyrannosaurus rex) എന്ന ഭീമാകാരൻ മാംസഭോജി ഡൈനസോറിന്റെ കാട് കിടുക്കുന്ന അലർച്ചയ്ക്ക്  അദ്ദേഹം ഉപയോഗിച്ച ശബ്ദം ഒരു കുട്ടിയാനയുടേതായിരുന്നത്രേ. കുതിര, കഴുത, പശു,പട്ടി, ആമ, വാത്ത്, മൂങ്ങ, കുറുക്കൻ തുടങ്ങി ഒട്ടനേകം ജീവികളുടെ ശബ്ദങ്ങളുപയോഗിച്ചാണ് വിവിധതരം ഡൈനസോറുകൾക്ക് അദ്ദേഹം ശബ്ദം നല്കിയത്.

യഥാർഥത്തിൽ ഡൈനസോറുകൾ ഇത്തരം ഭീകരശബ്ദങ്ങൾക്കുടമകളായിരുന്നോ? അല്ലെന്നാണ് സമീപകാലത്ത് നടന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അവ നിശ്ശബ്ദരായിരുന്നോ? അതുമല്ല. എങ്കിൽ ഏത് തരം ശബ്ദമായിരിക്കും അവ പുറപ്പെടുവിച്ചിട്ടുണ്ടാവുക? ഗവേഷകർ എന്താണ് പറയുന്നത് എന്ന് നോക്കാം.

സ്വനപേടകങ്ങളുടെ ഫോസിലുകൾ

ശബ്ദമുണ്ടാക്കാൻ സ്വനപേടകങ്ങൾ വേണമല്ലോ. അവയുടെ ഘടന പരിശോധിച്ചാൽ അവയുണ്ടാക്കിയേക്കാവുന്ന ശബ്ദങ്ങളെ കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാൻ കഴിയും. നിർഭാഗ്യവശാൽ ഉരഗങ്ങളുടേയും പക്ഷികളുടേയും ഫോസ്സിൽ സ്വനപേടകങ്ങൾ തീർത്തും ദുർലഭമാണ് . അതുകൊണ്ടുതന്നെ സ്വനപേടകങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള അറിവും അപൂർണ്ണമാണ്. ഡൈനസോറുകളുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽ  പ്രധാനികൾ പക്ഷികളും (പക്ഷികളെ പറവ ഡൈനസോറുകൾ- avian dinosaurs- എന്നാണ് വിളിക്കുന്നത്) മുതലകളുമാണ്. പക്ഷികളുടെ സ്വനപേടകം സൈറിൻക്സും (Syrinx) മുതലകളുടേത് സസ്തനികളുടേത് പോലെ ലാരിൻക്സുമാണ് (Larynx). ലാരിൻക്സ്  ശ്വാസനാളത്തിന്റെ (Trachea) തുടക്കത്തിലും സൈറിൻക്സ് ഒടുക്കത്തിലുമാണ്. ശബ്ദമുണ്ടാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പക്ഷികളൊഴിച്ചുള്ള (neognaths) നാൽക്കാലികളിലെല്ലാം (tetrapods) സ്വനപേടകങ്ങളുടെ നിർമ്മിതി തരുണാസ്ഥികൾ കൊണ്ടാണ്. അതായിരിക്കാം അവ ഫോസ്സിലുകളിൽ കാണാത്തത് എന്നായിരുന്നു പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ വാദത്തെ ഖണ്ഡിക്കുന്ന രീതിയിലുള്ള ഒരു കണ്ടുപിടുത്തം 2016 ൽ   ടെക്സസ് സർവകലാശാലയിലെ  ജൂലിയ ക്ലാർക്കും സംഘവും പ്രസിദ്ധീകരിക്കുകയുണ്ടായി. അന്റാർട്ടിക്കയിലെ ‘വേഗ’ ദ്വീപിൽ നിന്നും കണ്ടെടുത്ത ഒരു പക്ഷിയുടെ ഫോസ്സിലിൽ അവർ സൈറിൻക്സിന്റെ ഭാഗങ്ങൾ കണ്ടെത്തി. 66-68 ദശലക്ഷം വർഷങ്ങൾ മുൻപ് ജീവിച്ച പക്ഷിയായിരുന്നു അത്. എന്നു പറഞ്ഞാൽ ഡൈനസോറുകൾ ജീവിച്ചിരുന്ന കാലം.

പക്ഷികളിലെ  സൈറിൻക്സ് ഫോസ്സിലീകരണത്തിന് വിധേയമാകുമെങ്കിൽ എന്തുകൊണ്ട് ഡൈനസോറുകളുടെ ഫോസ്സിലുകളിൽ സ്വനപേടകങ്ങൾ  കണ്ടെത്തിയില്ല എന്നതായി അടുത്ത ചോദ്യം. അവയ്ക്ക് സ്വനപേടകങ്ങളില്ലായിരുന്നു എന്നതായിരുന്നു അനുമാനം. സ്വനപേടകങ്ങളില്ലാതെയും ജീവികൾ ശബ്ദമുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് മുതലകൾ. അവയ്ക്ക് സ്വനപേടകമുണ്ടെങ്കിലും ഇണകളെ ആകർഷിക്കുന്ന പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നത് സ്വനപേടകത്തിന്റെ സഹായമില്ലാതെയാണ്. അങ്ങനെയാണെങ്കിൽ ഡൈനസോറുകളും സ്വനപേടകത്തിന്റെ സഹായമില്ലാതെ ശബ്ദം പുറപ്പെടുവിച്ചിരിക്കാം എന്നും അനുമാനമുണ്ട്. ഈ വാദത്തിന് ഉപോൽബലകമായ തെളിവുകളുണ്ട്.

കൊമ്പും കുഴലും

ചില ഡൈനസോറുകൾക്ക് തലയുടെ പിൻഭാഗത്തേക്ക് വളരുന്ന നീണ്ട് വളഞ്ഞ കൊമ്പുകളുള്ളതായി കണ്ടിട്ടുണ്ട്. ഇവയുടെ ഉള്ള് പൊള്ളയായിരിക്കും. ഇതിലൂടെ വായു ശക്തിയോടെ ഊതിയാൽ ആവൃത്തി കുറഞ്ഞ, വലിയ ശബ്ദമുണ്ടാകും. ഉദാഹരണത്തിന് പാരാസൌറോലോഫസ് (Parasaurolophus) വിഭാഗത്തിൽ പെട്ട ഡൈനസോറുകൾ.

ദക്ഷിണ കാസോവറി (Southern Cassowary ) പക്ഷി

1995 ൽ ന്യൂ മെക്സിക്കോ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ആന്റ് സയൻസ് അത്തരമൊരു  ഡൈനസോറിന്റെ തലയോട്ടിയുടെ ഫോസ്സിൽ കുഴിച്ചെടുത്തിരുന്നു. അതിന്റെ കൊമ്പിനെ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനർസൃഷ്ടിക്കുകയും അതിലൂടെ വായു കടത്തിവിടുമ്പോൾ ഉണ്ടാകുന്ന ശബ്ദം എങ്ങനെയായിരിക്കുമെന്ന് പഠിക്കുകയും ചെയ്തു. ആസ്ത്രേലിയയിൽ ജീവിക്കുന്ന ദക്ഷിണ കാസോവറി (Southern Cassowary ) പക്ഷിയുടെ ശബ്ദത്തിന് സമാനമായിരുന്നത്രേ പ്രസ്തുത ശബ്ദം. എന്നാൽ എല്ലാ ഡൈനസോറുകളും കൊമ്പുകളുള്ളവയല്ലല്ലോ. അവ എങ്ങനെയായിരിക്കും ശബ്ദമുണ്ടാക്കിയിരിക്കുക?

ദക്ഷിണ കാസോവറി (Southern Cassowary ) പക്ഷിയുടെ ശബ്ദം കേൾക്കാം

വായ മൂടി ഉണ്ടാക്കുന്ന ശബ്ദങ്ങൾ

സ്വനപേടകത്തിലൂടെ  വായു കടത്തി വിടുന്നതിന് പകരം, വായ മൂടി, തൊണ്ട വികസിപ്പിച്ചു ശബ്ദമുണ്ടാക്കുന്ന പക്ഷികളുണ്ട്. മുതലകൾ ഇണകളെ വിളിക്കുന്നതും സമാനമായ രീതിയിൽ തന്നെ. ഡൈനസോറുകൾ ശബ്ദമുണ്ടാക്കിയതും ഇതുപോലെയായിരിക്കാമെന്നാണ് ചില ഗവേഷകർ കരുതുന്നത്. വായ പിളർത്തി അലറിവിളിക്കുന്ന  ടൈറനോസോറസ് റെക്സ് ഭാവനാ സൃഷ്ടി മാത്രമായിരിക്കാനാണ് സാധ്യത. മനുഷ്യന് കേൾക്കാൻ കഴിയാത്ത, ഇൻഫ്രാസോണിക്ക് ശബ്ദമായിരിക്കും  ഡൈനസോറുകൾ ഉണ്ടാക്കിയിരിക്കുക എന്നാണ് മിക്ക ഗവേഷകരും കരുതുന്നത്.

ആദ്യത്തെ സ്വനപേടകം

ഫോസ്സിൽ സ്വനപേടകങ്ങൾ തീർത്തും ദുർലഭമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അവയ്ക്ക് സ്വനപേടകങ്ങൾ  ഇല്ലായിരുന്നുവെന്ന വാദവും ശക്തമാണ്. എന്നാൽ 2023 ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആദ്യമായി ഒരു ഡൈനസോർ ലാരിൻക്സിന്റെ അംശങ്ങൾ കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ട്. ഈ കണ്ടെത്തൽ ഡൈനസോർ ശബ്ദങ്ങളുടെ പരിണാമത്തിലേക്ക് കൂടുതൽ  വെളിച്ചം വീശുമെന്നാണ് ജപ്പാനിലെ ഹൊക്കൈഡോ സർവകലാശാലയിലെ ജുൻകി യോഷിദ (Junky Yoshida) യും സംഘവും കരുതുന്നത്. നമുക്ക് കാത്തിരിക്കാം.

Evolution of hyolaryngeal apparatus in Archosauria. , illustration by Tatsuya Shinmura Credit : Nature Communication Biology

അധികവായനയ്ക്ക്

  1. Clarke JA, Chatterjee S, Li Z, Riede T, Agnolin F, Goller F, Isasi MP,  Martinioni DR, Mussel FJ, and Novas FE (2016) Fossil evidence of the avian vocal organ from the Mesozoic. Nature, 538: 502-505.
  2. Phil Senter (2008) Voices of the past: a review of Paleozoic and Mesozoic animal sounds, Historical Biology, 20:4, 255-287.
  3. Suthers RA, Fitch WT, Fay RR, and Popper AN (2016). Vertebrate Sound Production and Acoustic Communication. Springer
  4. Yoshida J, Kobayashi Y and Norell MA (2023). An ankylosaur larynx provides insights for bird-like vocalization in non-avian dinosaurs.  Communications biology. 6:152.

Happy
Happy
28 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
11 %

Leave a Reply

Previous post മൂന്നാം ചന്ദ്രയാന്റെ വിശേഷങ്ങൾ
Next post ‘ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്’ – എന്ത് ? എന്തുകൊണ്ട് ?
Close