Read Time:12 Minute

ജീവിക്കുന്ന ഫോസിലുകൾ

ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളെക്കുറിച്ച് , അവയിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ‘സീലാകാന്തി’നെക്കുറിച്ച് വായിക്കാം

ന്ന് ഫേസ്ബുക്ക് തുറന്നപ്പോൾ കണ്ടത് ഈയിടെ കൊല്ലത്ത് ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനലുകളെ പോലീസ് എപ്പോൾ പിടിക്കുമെന്ന് കൃത്യമായി പ്രവചിക്കുന്ന ജ്യോത്സ്യനെയാണ്. 1.12.2023 ന് 10.23 നകം പ്രതികളെ കേരളാ പോലീസ് പിടിച്ചിരിക്കും എന്ന് ജ്യോതിഷ കണക്കുകൾ കൂട്ടി അദ്ദേഹം പറയുന്നു. 

സയൻസിന്റെ കണക്കുകൂട്ടലുകൾ വെച്ച് വിദൂരഗ്രഹങ്ങളിലേക്ക് പോലും കൃത്യമായി പേടകങ്ങൾ എത്തിച്ച് നിരീക്ഷണങ്ങൾ നടത്തുന്ന ഈ കാലത്തും ആധുനികലോകം തള്ളിക്കളഞ്ഞ പഴയ കണക്കുകൾ ഉപയോഗിച്ച്, ശരിയാവാനുള്ള സാധ്യത വളരെ വിരളമായ ഇത്തരം പ്രവചനങ്ങൾ ഇതുപോലെ ധൈര്യമായി നടത്തുന്നവരെ എന്തു വിളിക്കണം? എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ‘ജീവിക്കുന്ന ഫോസിൽ’ (Living Fossil) എന്നറിയപ്പെടുന്ന ജീവികളെയാണ്. അവയിൽ തന്നെ ഏറ്റവും പ്രസിദ്ധി നേടിയ ജീവിയാണ് ‘സീലാകാന്ത്’ എന്ന മത്സ്യം. സീലാകാന്തിനെ പറ്റിയാണ് ഈ കുറിപ്പ്. 

മത്സ്യങ്ങളുടെ വംശാവലി

നട്ടെല്ലുള്ള ജീവികളിൽ താടിയെല്ലുള്ളവ (Jawed vertebrates) ഏതാണ്ട് 90 ശതമാനത്തോളം വരും. നമ്മൾ മനുഷ്യർ അടങ്ങുന്ന ഈ വൻവംശം ആദ്യമായി ഉരുത്തിരിഞ്ഞു വന്നത് കടലിലാണ്. ആദ്യത്തെ മത്സ്യങ്ങൾ അസ്ഥിപഞ്ജരത്തിൽ കാൽസ്യം അടങ്ങുന്ന ദൃഢമായ യഥാർത്ഥ എല്ലുകൾക്കു പകരം കാർട്ടിലേജ് (തരുണാസ്ഥി) ഉള്ളവയായിരുന്നു. ഏതാണ്ട് 460 ദശലക്ഷം വർഷം മുൻപ് പ്രത്യക്ഷപ്പെട്ട ഈ ഗ്രൂപ്പിലാണ് സ്രാവുകളുടെ സ്ഥാനം. പിന്നീട് എകദേശം 425 ദശലക്ഷം വർഷം മുൻപ് യഥാർത്ഥ എല്ലുകളുള്ള (മുള്ളുകൾ) മത്സ്യങ്ങളുടെ വരവായി. 

ഇവയുടെ ചിറകുകളിൽ അതിനെ താങ്ങിനിർത്തുന്ന നേർത്ത എല്ലുകളുണ്ട്. Ray-finned fishes (Actinopterygii) എന്നറിയപ്പെടുന്ന ഈ വിഭാഗത്തിലാണ് 99% മത്സ്യങ്ങളും. സുമാർ 418 ദശലക്ഷം വർഷം മുൻപ് മറ്റൊരു വിഭാഗം മത്സ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. അവയുടെ ചിറകുകൾ തടിച്ചതും അവയ്ക്കുള്ളിൽ പേശികൾ ഉള്ളവയുമായിരുന്നു. Lobe-finned fishes (Sarcopterygii) എന്നാണ് അവ അറിയപ്പെട്ടത്. ഇരുവശത്തും ജോഡികളായുള്ള ചിറകുകളിൽ രണ്ടുജോഡി -ശരീരത്തോട് ഘടിപ്പിച്ചിരുന്ന- എല്ലുകൾക്ക് കരയിലേക്ക് ചേക്കേറിയ നട്ടെല്ലികളുമായി ഏറെ സമാനതകളുണ്ടായിരുന്നു. ഈ തടിച്ച ചിറകുകളാണ് പരിണമിച്ച് ഉഭയജീവികളിലും മറ്റ് നാൽക്കാലികളിലും കൈകാലുകളായി മാറിയത്. ഈ തടിച്ച ചിറകുകാരിൽ രണ്ടുവിഭാഗങ്ങൾ ഉണ്ടായിരുന്നു. സീലാകാന്തുകളും (Coelacanth) ശ്വാസകോശ മത്സ്യങ്ങളും (Lung fishes). ഇവയെ മിക്കവാറും ഫോസിലുകൾ വഴിയാണ് അറിഞ്ഞിരുന്നത്. ആകെ അഞ്ചാറു സ്പീഷീസ് ശ്വാസകോശമത്സ്യങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സീലാകാന്തുകളാകട്ടെ അനേകം ദശലക്ഷം വർഷങ്ങൾക്കു മുൻപ് വംശനാശം നേരിട്ടതാണെന്നാണ് കരുതിയിരുന്നത്. 

സീലാകാന്ത് എന്ന ലസാറസ്

1938 ൽ ദക്ഷിണാഫ്രിക്കയുടെ പടിഞ്ഞാറ് ഇന്ത്യാ സമുദ്രത്തിൽ മീൻ പിടിക്കുന്നവർക്ക് ഒരു അസാധാരണ മത്സ്യത്തെ കിട്ടി. അതിനടുത്തുള്ള കിഴക്കൻ ലണ്ടൻ എന്ന പട്ടണത്തിലെ മ്യൂസിയത്തിലെ ക്യൂറേറ്റർ ആയിരുന്ന മർജോറീ കോർട്ട്നി ലാറ്റിമർ (Marjorie Courtenay-Latimer) എന്ന് മുപ്പത്തിയൊന്നുകാരി അവിടുത്തെ മീൻപിടുത്തക്കാരോട് പറഞ്ഞേൽപ്പിച്ചിരുന്നു അസാധാരണമായി എന്തു കണ്ടാലും അവരെ അറിയിക്കണമെന്ന്. അഞ്ചടി നീളമുള്ള ഈ മത്സ്യം അസാധാരണം തന്നെയായിരുന്നു. അവർ അതുവരെ കണ്ടിട്ടില്ലാത്ത. ഇളംനീല നിറം, ദേഹമാസകലം ചെറിയ വെള്ളപ്പൊട്ടുകൾ, തടിച്ചു കൊഴുത്ത ചിറകുകൾ. മർജോറിയ്ക്ക് അതെന്തെന്ന് പിടി കിട്ടിയില്ല. പക്ഷെ ഇത് അത്യസാധാരണമാണെന്ന് തീർച്ചയുണ്ടായിരുന്നു. മത്സ്യശാസ്ത്രത്തിൽ വിദഗ്ദ്ധനായിരുന്ന റോഡ്സ് യൂണിവെഴ്സിറ്റിയിലെ പ്രൊഫസർ ജെ.എൽ.ബി സ്മിത്ത് മർജോറിയുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തെ വിവരമറിച്ചെങ്കിലും അദ്ദേഹം വന്നെത്താൻ രണ്ടു മാസമെടുത്തു. വന്ന് കണ്ടയുടൻ തന്നെ സ്മിത്തിന് ഒരു കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. ഇത് കാലത്തിൽ മണ്മറഞ്ഞുപോയ സീലാകാന്ത് തന്നെ! പുറത്തുനിന്ന് നോക്കുമ്പോഴെങ്കിലും നൂറോ ഇരുനൂറോ ദശലക്ഷം മുൻപുള്ള ഫോസ്സിലുകളിൽ നിന്ന് വ്യത്യാസമൊന്നുമില്ല.

ഇങ്ങനെ വ്യത്യാസമൊന്നുമില്ലാതെ പഴയ ഫോസ്സിലുകളുടെ അതേ രീതിയിൽ തുടരുന്നതിനെ ഉദ്ദേശിച്ചാണ് ‘ജീവിക്കുന്ന ഫോസിൽ’ എന്ന പേര് വീണത്. ഓസ്ട്രേലിയയിലെ പ്ലാറ്റിപ്പസ് ഇന്നും പ്രാചീന ഫോസിലുകളുടെ അതേ പടി ഇരിക്കുന്നും അതിനാൽ അതിനെ ‘ജീവിക്കുന്ന ഫോസിൽ‘ എന്നു വിളിക്കാമെന്നും ഡാർവിൻ ‘ഒറിജിൻ ഓഫ് സ്പീഷീസിൽ’ പറയുന്നുണ്ട്. ഈ പദം ആദ്യമായി ഉപയോഗിക്കുന്നതും ഡാർവിൻ തന്നെയാണ്.

സീലാകാന്ത് (Coelacanth)

ചില ഗ്രൂപ്പുകൾ ഫോസിലുകളിലൂടെ ആദ്യം അറിയപ്പെടുകയും പിന്നീട് ഏറെക്കാലം ഫോസിലുകളിൽ പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്തതിനു ശേഷം പിന്നീട് ജീവനോടെ എവിടെയെങ്കിലും കണ്ടെത്തുന്നു. സീലാകാന്ത് തന്നെ ഏറ്റവും നല്ല ഉദാഹരണം. 1938 ൽ മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങുമ്പോൾ അതിനു മുൻപ് അറിയപ്പെട്ട സ്പെസിമെൻ 66 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ ആയിരുന്നു. ഇത്തരം ഗ്രൂപ്പുകളെ ലസാറസ് ടാക്സോൺ (Lazarus taxon) എന്നറിയപ്പെടുന്നു. സംശയിക്കണ്ട, പുതിയ നിയമത്തിൽ യേശു കല്ലറയിൽ നിന്ന് പുനർജീവിപ്പിച്ച ലസാറസ് തന്നെ. യഥാർത്ഥത്തിൽ അവ പൂർണമായൊന്നും നശിച്ചുപോയിക്കാണില്ല, ചെറിയ ഗ്രൂപ്പുകളായി ലോകത്തിൻ്റെ ഏതെങ്കിലും മൂലയിൽ ജീവിച്ചിരുന്നവയുടെ അക്കാലത്തെ ഫോസിലുകൾ കാണാൻ കഴിഞ്ഞില്ല എന്നു മാത്രം.

ഏതായാലും പുതുതായി കണ്ടെത്തിയ ഈ സ്പീഷീസ് മത്സ്യത്തിന് അതിനു കാരണക്കാരിയായ മർജോറിയുടെ പേർ ചേർത്ത് Latimeria chalumnae എന്ന് നാമകരണം ചെയ്തു. 

ജീവിക്കുന്ന ഫോസ്സിലുകൾ ഒരു മാറ്റവുമില്ലാതെ തുടരുന്നുവോ?

ബാഹ്യമായ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും ഒരു ജീവിക്കും അനേകലക്ഷം വർഷങ്ങൾ മാറ്റമില്ലാതെ തുടരാൻ സാധിക്കില്ല. പ്രകൃതിയുടെ തെരഞ്ഞെടുക്കൽ സമ്മർദ്ദങ്ങൾ (Selection pressures) ഇല്ലെങ്കിൽ പോലും ജനിതക ഒഴുക്ക് (Genetic drift) എന്ന സ്വാഭാവിക ക്രമരഹിത പ്രക്രിയയിലൂടെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സീലാകാന്തിന്റെ ജിനോം പഠിച്ചപ്പോൾ കണ്ടത് കഴിഞ്ഞ പത്ത് ദശലക്ഷം വർഷത്തിനുള്ളിൽ തന്നെ എതാണ് അറുപത്തി രണ്ടോളം പുതിയ ജീനുകളിൽ അവയിൽ ഉണ്ടായിട്ടുണ്ടെന്നാണ്. പുറമേ വലിയ മാറ്റങ്ങൾ കാണാനില്ലെങ്കിലും, മാറ്റമാണ് പരമസത്യമെന്ന ബയോളജിയുടെ നിയമം സീലാകാന്ത് അടക്കമുള്ള ജീവിക്കുന്ന ഫോസിലുകൾക്കും ബാധകമാണ്.


സീലാകാന്തിനെ കണ്ടെത്തിയ കഥ


അധിക വായനയ്ക്ക്

  1. Coelacanth, Latimeria chalumnae Smith, 1939.https://australian.museum/coelacanth-1939/
  2. Finding the Coelacanth | DinoFish https://www.youtube.com/watch?v=4jl_txxYQEA&t=38s
  3. Not a living fossil: How the Coelacanth recently evolved dozens of new genes. https://phys.org/news/2021-02-fossil-coelacanth-evolved-dozens-genes.html


Happy
Happy
33 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
17 %
Surprise
Surprise
0 %

Leave a Reply

Previous post ജുറാസിക്ക് പാർക്കിലെ കൊതുക്
Next post എംഗൽസ്, വിർക്കോ, അലൻഡെ സാമൂഹികാരോഗ്യ സമീപനങ്ങൾ
Close