Fri. Jun 5th, 2020

LUCA

Online Science portal by KSSP

കോവിഡ് മാത്രമല്ല, വയനാട് കുരങ്ങുപനിക്കെതിരെയും കരുതലിലാണ്

ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരി തടയാന്‍ അതിജാഗ്രതയിലാണെങ്കില്‍ വയനാട്ടിലെ വന, വനാതിര്‍ത്തി ഗ്രാമങ്ങള്‍ കോവിഡിനെതിരെ മാത്രമല്ല കുരങ്ങുപനി രോഗത്തിനെതിരെയും അതീവകരുതലിലാണ്.

Asif

ഡോ. മുഹമ്മദ് ആസിഫ് എം.

ലോകം മുഴുവൻ കോവിഡ്-19 എന്ന മഹാമാരി തടയാന്‍ അതിജാഗ്രതയിലാണെങ്കില്‍ വയനാട്ടിലെ വന, വനാതിര്‍ത്തി ഗ്രാമങ്ങള്‍ കോവിഡിനെതിരെ മാത്രമല്ല കുരങ്ങുപനി രോഗത്തിനെതിരെയും അതീവകരുതലിലാണ്.

വയനാട്ടിലെ പൂതാടിയിലെയും തിരുനെല്ലിയിലെയും നൂല്‍പ്പുഴയിലെയും അപ്പപ്പാറയിലെയും പാക്കത്തെയുമൊക്കെ വനഗ്രാമങ്ങളില്‍ അധിവസിക്കുന്ന പരമ്പരാഗത ഗോത്രസമൂഹങ്ങളിലെ ജനങ്ങളുടെ ആശങ്ക കൊറോണ വൈറസിനേക്കാള്‍ കുരങ്ങുപനി വൈറസിനെപ്പറ്റിയാണ്. വയനാട്ടില്‍ ഈ വര്‍ഷം ഇതുവരെ പതിനാല് പേര്‍ക്ക് കുരങ്ങുപനി കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. രോഗം ബാധിച്ച് ഒരു സ്ത്രീ മരണപ്പെടുകയും ചെയ്തു.

ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് രോഗമേഖലയില്‍ നടപ്പിലാക്കുന്ന പ്രതിരോധകുത്തിവെയ്പ് അടക്കമുള്ള രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണപരിപാടികളും വഴി കുരങ്ങുപനിയുടെ വ്യാപനം ഇപ്പോള്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ അവസാനം വരെ കുരങ്ങുപനി രോഗം പടരാന്‍ ഏറ്റവും അനുകൂലമായ കാലമായതിനാല്‍ ജാഗ്രതയും പ്രതിരോധവും ഈ കൊറോണ കാലത്തും തുടരുകയാണ്.

കുരങ്ങുപനി കാട്ടില്‍ നിന്നും നാട്ടിലെത്തിയ വ്യാധി

കർണാടകയിലെ ശിവമോഗ്ഗ ജില്ലയിലെ ക്യാസനൂർ വനമേഖലയിൽ കുരങ്ങുകൾ വ്യാപകമായി ചത്തൊടുങ്ങുന്നതായുള്ള വാർത്ത ആദ്യമായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് വിഖ്യാത പക്ഷിനിരീക്ഷകൻ ഡോ. സലീം അലിയായിരുന്നു. 1957- ൽ ക്യാസനൂർ വനമേഖലയിൽ നടത്തിയ പക്ഷിനിരീക്ഷണത്തിനിടെയായിരുന്നു കുരങ്ങുകളുടെ അസാധാരണ കൂട്ടമരണം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. കറുത്ത മുഖമുള്ള ലംഗൂർ കുരങ്ങുകളും ചുവന്ന മുഖമുള്ള ബോണറ്റ് കുരങ്ങുകളുമായിരുന്നു ചത്ത് വീണവയത്രയും. കുരങ്ങുകളുടെ കൂട്ടമരണത്തിന് പിന്നാലെ വനമേഖലയോട് ചേർന്ന സാഗർ, സോറാബ് തുടങ്ങിയ താലൂക്കുകളിൽ അധിവസിക്കുന്ന ആളുകൾക്കിടയിൽ ഏതോ ഒരപൂർവ്വ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവാൻ തുടങ്ങി. ശക്തമായ പനി, വിറയൽ, മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, മലത്തിൽ രക്താംശം, കഠിനമായ പേശിവേദന തുടങ്ങിയവയെല്ലാമായിരുന്നു ലക്ഷണങ്ങൾ.

1957- ൽ മാത്രം 500 – ൽ അധികം പേർക്ക് ഈ രോഗം പിടിപ്പെട്ടെന്ന് മാത്രമല്ല എഴുപതോളം ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു. തുടർന്ന് നടന്ന വിശദമായ ശാസ്ത്രാന്വേഷണമാണ് കുരങ്ങുകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന കുരങ്ങുപനിയെന്ന രോഗത്തെയും രോഗകാരിയായ വൈറസിനേയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

1957- ല്‍ കണ്ടെത്തുന്നത് വരെ ഈ ജന്തുജന്യരോഗം ലോകത്തിന് അജ്ഞാതമായിരുന്നു. കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ ആദ്യമായി കണ്ടെത്തിയതിനാല്‍ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി.) എന്നാണ് കുരങ്ങുപനി ഇന്ന് ആഗോളമായി അറിയപ്പെടുന്നത്. രോഗകാരിയായ വൈറസുകൾ അറിയപ്പെടുന്നത് കെ.എഫ്.ഡി. വൈറസുകളെന്നാണ്. ഫ്ളാവിവൈറിഡെ എന്ന ആര്‍.എന്‍.എ. (റൈബോ ന്യൂക്ലിക് ആസിഡ്) വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് വൈറസുകൾ.

മനുഷ്യരിലേക്ക് കെ.എഫ്.ഡി. വന്ന വഴി

കുരങ്ങുകളിലും മനുഷ്യരിലും രോഗത്തിനും മരണത്തിനും കാരണമാവുന്നത് കെ.എഫ്.ഡി വൈറസുകളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വൈറസുകൾ എങ്ങനെയാണ് പരക്കുന്നത് എന്നതിനെക്കുറിച്ച് ആദ്യകാലങ്ങളിൽ ധാരണയില്ലായിരുന്നു. കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമായ മഞ്ഞപ്പനി ( യെല്ലോ ഫീവർ) രോഗത്തോട് സാമ്യമുള്ളവയായിരുന്നു കുരങ്ങുപനി രോഗത്തിന്റെ ലക്ഷണങ്ങളിൽ ഏറെയും. ഇക്കാരണത്താൽ വൈറസ് ബാധിച്ച കുരങ്ങുകളിൽ നിന്നും കൊതുകുകൾ വഴിയാണ് രോഗം പകരുന്നത് എന്നാണ് ആദ്യ ഘട്ടത്തിൽ ധരിച്ചത്. തുടർന്ന് രോഗനിയന്ത്രണത്തിനായി നടപ്പിലാക്കിയ പ്രതിരോധമാർഗം വനമേഖലയിലെ കൊതുകുനശീകരണമായിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും രോഗനിയന്ത്രണം സാധ്യമായില്ല. മാത്രമല്ല വനമേഖലയിൽ നിന്നും വിവിധയിനം കൊതുകുകളെ ശേഖരിച്ച് പഠനം നടത്തിയെങ്കിലും കെ.എഫ്.ഡി വൈറസിന്റെ സാന്നിധ്യം അവയിലൊന്നും കണ്ടെത്താനുമായില്ല.

ആഗോളമായി വേരുകളുള്ള   ശാസ്ത്ര സാമൂഹിക   പ്രസ്ഥാനമായ   റോക്കിഫെല്ലർ ഫൗണ്ടേഷന്റെ ന്യൂയോർക്കിലെ ലബോറട്ടറിയിൽ സാമ്പിളുകൾ എത്തിച്ച് നടത്തിയ തുടർ പഠനങ്ങളിലാണ് കെ.എഫ്.ഡി വൈറസുകൾക്ക് എലികളിൽ നിന്നും പകരുന്ന റഷ്യൻ സ്പ്രിങ് സമ്മർ എൻസഫലൈറ്റിസ് ( ടിക്ക് ബോൺ എൻസഫലൈറ്റിസ്) രോഗമുണ്ടാക്കുന്ന വൈറസുകളുമായാണ് സാമ്യം എന്ന് തിരിച്ചറിഞ്ഞത്. മൂഷികവർഗത്തിൽ പെട്ട ജീവികളുടെ ശരീരത്തിൽ നിന്നും രക്തം ഊറ്റി കുടിച്ച് ജീവിക്കുന്ന ബാഹ്യപരാദങ്ങളായ ഒരിനം പട്ടുണ്ണി (ടിക്ക്) പരാദങ്ങളുടെ കടിയേൽക്കുന്നത് വഴിയായിരുന്നു റഷ്യൻ സ്പ്രിങ് സമ്മർ എൻസഫലൈറ്റിസ് വൈറസുകൾ മനുഷ്യരിലേക്ക് പകർന്നത്. ഈ നിഗമനത്തെ തുടർന്ന് രോഗബാധിതരും ചത്ത് വീണതുമായ കുരങ്ങുകളുടെ ശരീരത്തിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികളെ ശേഖരിച്ച് നടത്തിയ പഠനത്തിൽ അവയിൽ കെ.എഫ്.ഡി വൈറസുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കെ.എഫ്. ഡി വൈറസിന്റെ പ്രധാന സ്രോതസ്സും പെരുകൽ കേന്ദ്രവുമായ കുരങ്ങുകളുടെ
ശരീരത്തില്‍ നിന്നും രക്തം ഊറ്റിക്കുടിച്ച് രോഗവാഹകരായി തീരുന്ന ചിലയിനം പട്ടുണ്ണികളുടെ ( Tick ) കടിയേല്‍ക്കുന്നത് വഴിയാണ് കെ.എഫ്.ഡി. വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എന്ന വസ്തുത
ഇതോടെ ശാസ്ത്രലോകത്തിന് ബോധ്യമായി. രോഗവാഹകരായ പെൺപട്ടുണ്ണികളിൽ നിന്നും അവയുടെ മുട്ടകൾ വഴി അടുത്ത തലമുറയിലേക്ക് വൈറസ് വ്യാപനം നടക്കാമെന്നതും പിന്നാലെ വ്യക്തമായി. കുരങ്ങുകൾ മാത്രമല്ല ചുണ്ടെലി, കാട്ടുമുയൽ, മുള്ളൻപന്നി, കീരി തുടങ്ങിയ സസ്തനികളും കെ.എഫ്.ഡി വൈറസിന്റെ സംഭരണ, പെരുകൽ കേന്ദ്രങ്ങൾ ആവാൻ സാധ്യതയുണ്ടന്നും തുടർ പഠനങ്ങളിൽ കണ്ടെത്തുകയുണ്ടായി.

ന്യൂയോർക്ക് ആസ്ഥാനമായ റോക്കിഫെല്ലർ ഫൗണ്ടേഷൻ, പൂണെയിലെ വൈറോളജി റിസർച്ച് സെന്റർ ( ഇന്നത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി), ലോകാരോഗ്യ സംഘടന, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും , വിഖ്യാത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലീം അലി, എന്റമോളജിയിൽ ലോകമറിയപ്പെടുന്ന ഗവേഷകനായ ഹാരി ഹൂഗ്സ്ട്രാൽ, വൈറോളജി ശാസ്ത്രജ്ഞരിൽ പ്രമുഖനായ പയ്യലോർ കെ. രാജഗോപാലൻ തുടങ്ങിയ ശാസ്ത്രജ്ഞരുടെയും കൂട്ടായ പരിശ്രമം കുരങ്ങുപനിയുടെ ശാസ്ത്രം തേടി വർഷങ്ങൾ നീണ്ട പരിശ്രമത്തിലുണ്ടായിരുന്നു.
കടപ്പാട് വിക്കിപീഡിയ

ഹീമാഫൈസാലിസ് സ്പിനിജറേ, ഹീമാഫൈസാലിസ് ടുർട്ടുറിക്ക എന്ന് ശാസ്ത്രീയമായി വിളിക്കപ്പെടുന്ന രണ്ട് ഇനം പട്ടുണ്ണികളാണ് ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് വൈറസിന്റെ വാഹകരിൽ പ്രധാനികൾ. ഇവ കൂടാതെ പതിനാറോളം ഗണത്തിൽ പെട്ട പട്ടുണ്ണികളിലും വൈറസിന്റെ സാന്നിധ്യം പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. പട്ടുണ്ണികളുടെ ശൈശവദശയിലെ ലാര്‍വകള്‍ വളര്‍ന്നുണ്ടാവുന്ന നിംഫുകളുടെ കടിയേല്‍ക്കുന്നത് വഴിയാണ് രോഗം പ്രധാനമായും മനുഷ്യരിലെത്തുന്നത്. പ്രാദേശികമായി ഈര്, പൂത എന്നെല്ലാമാണ് നിംഫുകള്‍ അറിയപ്പെടുന്നത്. രോഗബാധയേറ്റതോ ചത്തതോ ആയ കുരങ്ങുകളുമായി സുരക്ഷാ മുന്‍കരുതലുകളില്ലാതെ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും രോഗം ബാധിക്കാനുള്ള സാധ്യത കൂട്ടും. നിംഫുകളുടെയും മുതിര്‍ന്ന പട്ടുണ്ണികളുടെയും കടിയേല്‍ക്കുന്നത് വഴി മനുഷ്യരിൽ മാത്രമല്ല സസ്തനികളായ പശു, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലും വൈറസുകള്‍ എത്താനിടയുണ്ട്. എന്നാല്‍  വളർത്തുമൃഗങ്ങളിൽ രോഗമുണ്ടാവാനും, ഇവയില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുമുള്ള സാധ്യത തീര്‍ത്തും വിരളമാണ്.

കുരങ്ങുപനി മനുഷ്യരില്‍

സംസ്തനി മൃഗങ്ങളുടെ രക്തം ഊറ്റി കുടിച്ച് മണ്ണിൽ വീഴുന്ന മുതിർന്ന പെൺ പട്ടുണ്ണികൾ മുട്ടകള്‍ ഇടാൻ ആരംഭിക്കുക മഴക്കാലത്തിനൊടുവിലാണ്. 2000 മുതൽ 3000 വരെ മുട്ടകളാണ് ഓരോ പെൺപട്ടുണ്ണികളുമിടുക. മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളും, അവ  വളർന്നുണ്ടാവുന്ന  നിംഫുകളും സജീവമാവുന്നത് ഒക്ടോബർ മുതല്‍ മുതല്‍ മെയ് അവസാനം വരെ നീളുന്ന വരണ്ട കാലത്താണ് . വിറക് ശേഖരണം, തേന്‍ ശേഖരണം, കന്നുകാലികളെ മേയ്ക്കല്‍ തുടങ്ങിയ വിവിധ ഉപജീവനാവശ്യങ്ങള്‍ക്കായി മതിയായ സുരക്ഷാമുന്‍കരുതലുകള്‍ ഒന്നുമില്ലാതെ കാട്ടില്‍ പോവുന്നവര്‍ക്കും വനവുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്കും ഈ അവസരത്തില്‍ വൈറസ് വാഹകരായ പട്ടുണ്ണി നിംഫുകളുടെ കടിയേല്‍ക്കാനും വൈറസ് ബാധയേല്‍ക്കാനും സാധ്യത ഉയര്‍ന്നതാണ്.

വളര്‍ച്ചയെത്തിയ ആണ്‍ , പെണ്‍, നിംഫ്, ലാര്‍വ ഘട്ടങ്ങളിലെ പട്ടുണ്ണികള്‍ (Haemaphysalis spinigera) കടപ്പാട് : Getty Images

വൈറസുകള്‍ ശരീരത്തില്‍ കടന്ന് മൂന്ന് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിതുടങ്ങും. വിറയലോട് കൂടിയ ശക്തമായ പനി, തലവേദന, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. തുടര്‍ന്ന് 2-3 ദിവസങ്ങള്‍ കഴിയുമ്പോള്‍ കടുത്ത പേശിവേദന, വയറുവേദന, രക്തത്തോട് കൂടിയ വയറിളക്കം, ഛര്‍ദി, മൂക്കില്‍ നിന്നും തൊണ്ടക്കുഴിയില്‍ നിന്നും മോണകളില്‍ നിന്നും രക്തവാര്‍ച്ച. ദഹനതകരാറുകള്‍, കാഴ്ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ശരീരത്തിന്റെ വിവിധ അവയവങ്ങളിൽ നിന്നുമുള്ള രക്തസ്രാവം പ്രധാന ലക്ഷണങ്ങളിൽ ഒന്നായതിനാൽ ഹെമറാജിക് ഫീവർ ഗണത്തിലാണ് കുരങ്ങുപനി ഉൾപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും, മതിയായ ചികിത്സകള്‍ ഉറപ്പുവരുത്താതിരിക്കുകയും ചെയ്താല്‍ രോഗം തീവ്രമായി തീരും. ക്രമേണ മസ്തിഷ്കജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാവുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

കുരങ്ങുപനി ബാധിച്ചാല്‍ ജീവാപായസാധ്യത 10-15 ശതമാനം വരെയാണ്. ആരംഭത്തിൽ തന്നെ കൃത്യമായ ചികിത്സകള്‍ ലഭിച്ചാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കകം രോഗത്തില്‍ നിന്നും മുക്തമാവുമെങ്കിലും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. രോഗം ബാധിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് സമ്പർക്കം വഴി രോഗം പകരില്ല.

കുരങ്ങുപനി കേരളത്തിൽ

1957 മുതല്‍ 2006 വരെ കര്‍ണ്ണാടകയിലെ ശിവമോഗ്ഗ, ഉഡുപ്പി, മാംഗ്ളൂരു, ചിക്കമാംഗ്ളൂരു, ഉത്തരകന്നഡ തുടങ്ങിയ ജില്ലകളിൽ മാത്രം ഒതുങ്ങി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കുരങ്ങുപനി പിന്നിടാണ് പശ്ചിമഘട്ടമേഖലയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയത്. കർണാടകത്തിന് പുറത്ത് കുരങ്ങുപനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2006- ൽ മഹാരാഷ്ട്രയിലായിരുന്നു. ഇന്ന് ഇന്ത്യയിൽ 500 മുതല്‍ 600 വരെ കുരങ്ങുപനി കേസുകള്‍ വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക് .

കേരളത്തിൽ 2013 ഏപ്രില്‍ മാസത്തിൽ വയനാട്ടിലായിരുന്നു ആദ്യമായി കുരങ്ങുപനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുത്തങ്ങ വനത്തിലെ അരുവിയിൽ മീൻ പിടിക്കാൻ പോയ ഒരു ബാലനിലായിരുന്നു രോഗം കണ്ടെത്തിയത്. ഇടയ്ക്ക് മഴപെയ്തപ്പോൾ അടുത്തുള്ള ഇല്ലിമുളക്കുട്ടത്തിന്റെ കീഴിൽ കയറി നിന്ന ഈ കുട്ടി അടുത്തൊരു കുരങ്ങ് ചത്തുകിടന്നതായി കണ്ടെങ്കിലും കാര്യമാക്കിയില്ല. പിന്നീട് വിട്ടുമാറാത്ത പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുപനിയാണെന്ന് ഉറപ്പിച്ചത്. തുടര്‍ന്ന് 2014- ലും രോഗം വയനാട്ടിൽ കണ്ടെത്തുകയുണ്ടായി. ആ വർഷം വയനാട്ടിൽ മാത്രമല്ല മലപ്പുറം നിലമ്പൂർ കരുളായി വനമേഖലയിലും കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 2015 -ലായിരുന്നു കുരങ്ങുപനി അതിന്‍റെ രൗദ്രഭാവത്തോട് കൂടി വയനാട്ടിലെത്തിയത്. അന്ന് 130- ഓളം ആളുകള്‍ക്ക് രോഗം ബാധിച്ചെന്ന് മാത്രമല്ല, സാമൂഹിക ആരോഗ്യപ്രവര്‍ത്തകയും വനം വാച്ചറും ഉൾപ്പെടെ 11 പേര്‍ രോഗബാധയേറ്റ് മരണമടയുകയും ചെയ്തു. പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗതഗോത്ര സമൂഹങ്ങളിലെ ജനങ്ങളായിരുന്നു രോഗത്തിന്‍റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത്. എന്നാല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍ തുടങ്ങിയവ നടപ്പിലാക്കിയതിനാൽ തൊട്ടടുത്തവര്‍ഷം 2016- ല്‍ രോഗം ബാധിച്ചവരുടെ എണ്ണം 9 മാത്രമായി ചുരുക്കാന്‍ സാധിച്ചു. 2017 -ല്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2018 -ല്‍ കേസുകള്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏഴോളം പേർക്ക് രോഗബാധയേല്‍ക്കുകയും രണ്ട് പേരുടെ ജീവന്‍ കുരങ്ങുപനി കവരുകയും ചെയ്തു.

കുരങ്ങുപനിയെ പ്രതിരോധിക്കാന്‍കുരങ്ങുപനി വൈറസിനെതിരെ പ്രയോഗിക്കാവുന്ന കൃത്യമായ മരുന്നുകള്‍ ഒന്നും തന്നെയില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ മാത്രമാണ് ചികിത്സ. ഈ സാഹചര്യത്തില്‍ കുരങ്ങുപനി വരാതെ നോക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. വനത്തിനുള്ളില്‍ പോകുമ്പോള്‍ ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, പട്ടുണ്ണികള്‍ കയറാത്ത വിധത്തില്‍ കാലുകളിൽ ഗംബൂട്ട് ധരിക്കുക, പട്ടുണ്ണികളെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക, ശരീരത്തില്‍ പട്ടുണ്ണികളും നിംഫുകളും പിടിച്ചിരിക്കുന്നതായി കണ്ടാല്‍ അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക, പട്ടുണ്ണികളെ നീക്കിയ ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ചു കഴുകുക, കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക, ചത്ത കുരങ്ങുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രോഗമേഖലയിൽ പ്രതിരോധകുത്തിവെയ്പ്പും നടക്കുന്നുണ്ട്. കന്നുകാലികള്‍ വഴി പട്ടുണ്ണികള്‍ വ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ വനത്തിനകത്ത് മേയാന്‍ പോവുന്ന കന്നുകാലികള്‍ക്ക് പുരട്ടാനുള്ള പട്ടുണ്ണി പ്രതിരോധ ലേപനങ്ങളും വിതരണം ചെയ്യുന്നുണ്ട്.

കുരങ്ങുപനി പ്രതിരോധം – മാറേണ്ട സമീപനംഇക്കാലമത്രയും കുരങ്ങുപനിയുടെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടവന്നിട്ടുള്ളത് വയനാട്ടിലെ പരമ്പരാഗതഗോത്രസമൂഹങ്ങളിലെ ജനങ്ങളാണ്. കുരങ്ങുപനി വ്യാപനത്തെ പറ്റിയുള്ള മതിയായ അവബോധമില്ലായ്മ, ഗംബൂട്ടുകള്‍, ശരീരം മൂടുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ സുരക്ഷാമാര്‍ഗ്ഗങ്ങളുടെ അഭാവം, ഉപജീവനാവശ്യാര്‍ത്ഥം കാടുമായുള്ള നിരന്തര സമ്പര്‍ക്കം, വാക്സിനേഷന്‍ പരിപാടികളോടുള്ള വിമുഖത തുടങ്ങിയ പല കാരണങ്ങളും രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കണ്ടെത്താന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ വരും നാളുകളിൽ കുരങ്ങുപനി പ്രതിരോധത്തിനായി ഒരു പുതിയ സമീപനം അനിവാര്യമാണ്.

രോഗമേഖലകളിൽ പഞ്ചായത്ത് തലത്തിൽ മൃഗസംരക്ഷണവകുപ്പ്, വനം വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, പൊതുജനങ്ങള്‍ തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക നിരീക്ഷണസംവിധാനം രൂപികരിക്കേണ്ടതുണ്ട്. ബോധവല്‍ക്കരണം, പട്ടുണ്ണികളെ പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങള്‍, മറ്റ് സുരക്ഷാ ഉപാധികള്‍ എന്നിവയെല്ലാം വനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രാദേശിക നിരീക്ഷണ സംവിധാനം വഴി നേതൃത്വം നല്‍കണം.
വനമേഖലയില്‍ കുരങ്ങുകൾ ചാവുന്നത് പലപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്നുണ്ടെന്ന പരാതി പ്രദേശവാസികള്‍ക്കിടയിലുണ്ട്. വനമേഖലയില്‍ ചത്തുവീഴുന്ന കുരങ്ങുകളെ കണ്ടെത്തല്‍, അവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി അയക്കല്‍ , കുരങ്ങുകളുടെ ജഡം സുരക്ഷിതമായി മറവുചെയ്യല്‍, രോഗമുന്നറിയിപ്പുകള്‍ നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമിനേയും രൂപീകരിക്കാവുന്നതാണ്. ഈ ടീം നിരീക്ഷണ സംവിധാനത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കണം.

മൃഗങ്ങളില്‍ നിന്നും പട്ടുണ്ണി, ചെള്ള് എന്നീ പരാദങ്ങള്‍ വഴി മനുഷ്യരിലേക്ക് പടരുന്ന സ്ക്രബ് ടൈഫസ് (ചെള്ള് പനി) , ലൈം ഡിസീസ് (മാന്‍ ചെള്ള് പനി) തുടങ്ങിയ രോഗങ്ങളും കുരങ്ങുപനിക്കൊപ്പം വയനാട്ടിൽ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. തൈലേറിയോസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് തുടങ്ങിയ പരാദജന്യരോഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളിലും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പരാദജന്യരോഗങ്ങളെപ്പറ്റിയുള്ള പഠനത്തിനും നീരീക്ഷണം ശക്തിപ്പെടുത്തുന്നതിനും മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കുന്നതിനുമായി മൃഗസംരക്ഷണം, ആരോഗ്യം, വനം, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ തുടങ്ങിയവയില്‍ നിന്നുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി പരാദജന്യരോഗനിരീക്ഷണകേന്ദ്രം ( Vector born disease control unit) വയനാട്ടിൽ ആരംഭിക്കേണ്ടത് പരിഗണിക്കേണ്ടതുണ്ട്.

വനവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന രോഗസാധ്യതയുള്ള മുഴുവന്‍ ആളുകള്‍ക്കും യഥാസമയം കുരങ്ങുപനി തടയാനുള്ള വാക്സിൻ ഉറപ്പാക്കുന്നതില്‍ ഒരു ഉപേക്ഷയും അരുത്.
കെ.എഫ്.ഡി. വാക്സിന്‍ ആദ്യതവണ എടുത്തശേഷം ഒരുമാസത്തിന് ശേഷവും പിന്നീട് ആറുമാസത്തിന് ശേഷവും ആവര്‍ത്തിക്കേണ്ടതുണ്ട്. തുടര്‍ന്ന് അഞ്ച് വർഷം വരെ വര്‍ഷാവര്‍ഷം ബൂസ്റ്റര്‍ കുത്തിവെപ്പുകള്‍ എടുക്കേണ്ടതും ഫലപ്രാപ്തിക്ക് പ്രധാനമാണ്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്നതടക്കമുള്ള തെറ്റിദ്ധാരണകൾ കാരണം കെ.എഫ്.ഡി. പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഗോത്രസമൂഹത്തിനിടയില്‍ വിമുഖത നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന വിമുഖത മാറ്റാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ഗ്രാമസഭകൾ, ഊരുകൂട്ടങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം . കുരങ്ങുപനി വ്യാപകമായ കര്‍ണ്ണാടകയിലെ ശിവമോഗ ജില്ലയില്‍ കുരങ്ങുപനി തിരിച്ചറിയുന്നതിന് മാത്രമായി ഒരു വൈറോളജി ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ സ്ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്.
എല്ലാ വര്‍ഷവും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വയനാട്ടിലും കുരങ്ങുപനി നിരീക്ഷണത്തിനായി ഒരു വൈറോളജി ലാബ് സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.

https://luca.co.in/kyasanur-forest-disease/
%d bloggers like this: