നാരങ്ങയും കോവിഡും – വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം

ഡോ.യു. നന്ദകുമാര്‍

എല്ലാ ദിവസവും നമുക്ക് കിട്ടുന്ന സന്ദേശങ്ങളിലൊന്ന് നാരങ്ങയെക്കുറിച്ചാണ്. നാരങ്ങ പലരീതിയിൽ കഴിക്കാൻ അവർ ആവശ്യപ്പെടുന്നു. കൊറോണ രോഗം മാറാനുള്ള ഔഷധമാണത്രെ അത്. ചൈന മുതൽ അമേരിക്ക വരെയുള്ള ഡോക്ടർമാർ പരീക്ഷിച്ച സാക്ഷ്യം പറച്ചിൽ ഒപ്പമുണ്ട്. അതിലെ വിറ്റാമിന്‍ സി ആണ് വൈറസിനെ തുരത്തുന്നത് എന്നാണ് കള്ളപ്രചരണം. നാരങ്ങായിലാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ സി ഉള്ളതെന്ന കഥ നമ്മുടെ നാട്ടിലേതാണ്. അതിലുള്ളതിനേക്കാൾ വിറ്റാമിൻ സി പേരക്ക, ചിലതരം മുളക്, പപ്പായ, കിവി, മധുരക്കിഴങ്ങ്, ടൊമാറ്റോ, ഇവയിലെല്ലാമുണ്ട്.

വ്യാജസന്ദേശങ്ങൾ അയക്കുന്നതിനു മുമ്പ് നാമോർക്കണം. സർക്കാരും നിരവധി അന്താരാഷ്ട്ര ഏജൻസികളും കൊറോണ വ്യാപനം തടയാൻ പണിയെടുക്കുന്നു. നാലു നാരങ്ങായിൽ തീരാവുന്നതാണ് കോറോണയെങ്കിൽ  അതെന്താ ഇതുവരെ അവർ തന്നെ പറയാത്തത്?

ഇനി പറയുന്ന കാര്യം വിഡ്ഢിത്തം  പ്രചരിപ്പിക്കുന്നവർ ശ്രദ്ധിക്കുമല്ലോ:

  1. നൂറു ഗ്രാം നാരങ്ങായിൽ വെറും  53 മില്ലിഗ്രാം വിറ്റാമിന്‍ സി മാത്രമേ അടങ്ങിയിട്ടുള്ളു. അതായത്, 500 മില്ലിഗം വിറ്റാമിന് സി ശരീരത്തില്‍ എത്തണമെങ്കിൽ 9 നാരങ്ങായെങ്കിലും കഴിക്കണം. അതെത്രപേർക്കാകുമോ ആവോ ?
  2. നാരങ്ങയുടെ പുറം തോടിൽ വിറ്റാമിൻ സി ഇല്ല.
  3. നാരങ്ങയും വിറ്റാമിൻ സിയും ജർമനിയും തമ്മിൽ ഒരു ചരിത്രവും ഇല്ല.
  4. വിറ്റാമിൻ സി വൈറസിനെ നശിപ്പിക്കുമെന്ന ആശയം വളരെക്കാലമായി ഉണ്ടായിരുന്നു. അതിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
  5. പത്തുമുതൽ 15 ഗ്രാം വരെ വിറ്റാമിന്‍ സി കഴിച്ചാൽ വൈറൽ ഫ്ലൂ തടയുമെന്ന് ഡോ. ലിനസ് പോളിംഗ് എന്ന പ്രശസ്ത ശാസ്ത്രജ്ഞൻ പറയുകയുണ്ടായി. അദ്ദേഹം ജർമൻ സ്വദേശിയല്ല. വളരെ ഗവേഷണങ്ങൾ ഇതിൽ  നടത്തിയെങ്കിലും നാളിതുവരെ കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ല.
  6. പത്തു ഗ്രാം വിറ്റാമിന് സി ലഭിക്കാൻ എത്ര നാരങ്ങ ദിവസേന കഴിക്കണമെന്ന് എഞ്ചുവടി കയ്യിലുള്ളവർ കണക്കു കൂട്ടുക. എനിക്ക് കിട്ടിയത് 180 നാരങ്ങ എന്നാണ് !!!

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക..


കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം

 

Leave a Reply