കോവിഡ് രാജ്യത്തെ സ്ഥിതി

ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

നസംഖ്യയുടെ കാര്യത്തിൽ ചൈന (144 കോടി) കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (135 കോടി) മാത്രമല്ല. കേരളം, തമിഴ്നാട്, ഹിമാചൽ പ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങളൊഴിച്ചാൽ ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനം വളരെ ദുർബലവുമാണ്. ആരോഗ്യമേഖലക്ക് ഏറ്റവും കുറവ് തുക മുടക്കുന്ന (ദേശീയ വരുമാനത്തിന്റെ 1.1%) രാജ്യവുമാണ് ഇന്ത്യ. ജനസാന്ദ്രത കൂടിയ മുംബൈ, ചൈന്നൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളും അവയെ ചുറ്റിപറ്റിയുള്ള ലക്ഷക്കണക്കിനാളുകൾ തിങ്ങി പാർക്കുന്ന ചേരി പ്രദേശങ്ങളും പരസ്പരം ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളൂം ചേർന്നതാണ് ഇന്ത്യ. അങ്ങിനെ നോക്കുമ്പോൾ കോവിഡ് പോലുള്ള ഒരു മഹാമാരി അതിവേഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ള രാജ്യമാണ് നമ്മുടേത്.

ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് അമേരിക്കയും (37 ലക്ഷം) ബ്രസീലൂം (20 ലക്ഷം) കഴിഞ്ഞാൽ ഏറ്റവുമധികം രോഗികളൂള്ള (10 ലക്ഷം) രാജ്യമാണ് ഇന്ത്യ. എന്നാൽ മരണനിരക്ക് കണക്കിലെടുത്താൽ ലോക ശരാശരിയിലും (4.57) ഇന്ത്യ (2.77) താഴെയാണ്. അത് പോലെ രോഗം ഭേദമാകുന്നവരുടെ ശതമാനവും രാജ്യത്ത് കൂടുതലാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലെ ഇരട്ടിക്കൽ ദിവസം (Doubling Time) ഇന്ത്യയിൽ കുറവാണ്. (അതായത് രോഗവർധനാ നിരക്ക് കൂടുതൽ) .. രോഗം പ്രധാനമായും വ്യാപീച്ച് വരുന്നത് മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ് നാട് , പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അതേയവസരത്തിൽ പിന്നാക്ക സംസ്ഥാനങ്ങളായ അസം, ജാർഖണ്ഡ്, ബീഹാർ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി ആപേക്ഷികമായി മെച്ചവുമാണ്.

പ്രധാനമായും ചെന്നൈ, മുംബൈ, പൂന, ഡൽഹി ഇങ്ങനെ നഗര പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് രാജ്യത്ത് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് പ്രധാനമായും ഒരു നഗര പ്രതിഭാസമാണ്. വൻനഗരങ്ങളിലെ എയർപോർട്ടുകളിൽ വിദേശത്ത് നിന്നും എത്തുന്നവരുടെ എണ്ണം വളരെ കൂടുതലായതാവാം ഇതിനു കാരണം. രാജ്യത്തെ മൊത്തം 736 ജില്ലകളിൽ 550 ലും കോവിഡ് വ്യാപിച്ചിട്ടുണ്ട്. എന്നാൽ മൊത്തം കോവിഡ് രോഗികളിൽ 21 ശതമാനം മാത്രമാണ് ഗ്രാമങ്ങളിൽ കാണപ്പെടുന്നത്.

പൊതുവിൽ പ്രതീക്ഷിച്ചത് പോലെ നിയന്ത്രാണാതീതമായി രാജ്യത്ത് കോവ്ഡ് ഇതുവരെ വ്യാപിച്ച് തുടങ്ങിയിട്ടില്ല. ഉഷ്ണമേഖല പ്രദേശമാണെന്നത്, നമ്മുടെ ജനിത ഘടനയുടെ പ്രത്യേകത, ബിസി ജി വാസ്കിൻ എല്ലാവർക്കും നൽകുന്നത് കൊണ്ട് ഒരു പക്ഷേ അതിലൂടെ കിട്ടാൻ സാധ്യതയുള്ള രോഗ പ്രതിരോധ ശേഷി ഇങ്ങിനെ ഇതുവരെ തെളിയിക്കപ്പെടാത്ത പലഘടകങ്ങളും ഇതിനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

ലോക്ക് ഡൌൺ കേരളമടക്കം നിരവധി സംസ്ഥാനങ്ങളെ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്. ഇപ്പോഴും രോഗം വർധിക്കുന്നതനുസരിച്ച് തമിഴ് നാടുപോലെ ചില സംസ്ഥാനങ്ങൾ വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നുണ്ട്. എന്നാൽ ലോക്ഡൌണിനായി കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളുടെ ജീവിതം പെട്ടെന്നുള്ള ലോക്ക്ഡൌൺ പ്രഖ്യാപനം ദുരിതമയമാക്കി. സാമ്പത്തിക സ്ഥിതിയാകെ കുഴപ്പത്തിലായി., ഉചിതമായ സമയം നൽകി കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്വന്തം സംസ്ഥാനങ്ങളീലേക്ക് മടങ്ങാനും സാമ്പത്തിക മേഖല ക്രമീകരിക്കാനും സമയം നൽകിയിരുന്നെങ്കിൽ ഇത്രയേറെ സാമൂഹ്യ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നില്ല.

ഉത്തേജന പാക്കേജിന്റെ ഭാഗമായി ആരോഗ്യ മേഖലക്ക് 2 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും കേവലം 15,000 കോടി മാത്രമാണ് മാറ്റി വെച്ചത്. സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥതയോടെ രോഗ നിയന്ത്രണത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് പരാതി വ്യാപകമായുണ്ട്.

ഉചിതമായ ഇടപെടലുകളിലൂടെ മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ കോവിഡ് വ്യാപന നിരക്ക് 12 ശതമാനത്തിൽ നിന്നും ഒരു ശതമാനമായി കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. . ഇങ്ങിനെ ചില നല്ല അനുഭവങ്ങളും രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡൽഹിയിൽ സൈനികരുടെ സഹായത്തോടെ 10,000 പേരെ ചികിത്സിക്കാൻ ഉതകുന്ന ആശുപത്രി നിർമ്മിച്ചത് മറ്റൊരു ഉദാഹരണം. .

നേരത്തെ രോഗവ്യാപനം കുറവായിരുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ച് വരുന്നതായുള്ള റിപ്പോർട്ട് ആശങ്കാജനകമാണെങ്കിലും ആദ്യഘട്ടത്തിൽ രോഗവ്യാപാനം ശക്തമായിരുന്ന ഡൽഹി, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗനിയന്ത്രണത്തിനായി നടക്കുന്ന ശക്തമായ ഇടപെടലുകൾ ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. ഇങ്ങനെ പൊതുവിൽ നോക്കിയാൽ അല്പം ആശ്വാസകരമാണ് രാജ്യത്തെ സ്ഥിതിയെന്ന് തോന്നുമെങ്കിലും രോഗികളൂടെ എണ്ണം ആശങ്കാജനകമായി വർധിച്ച് വരുന്നത് കാണാതിരുന്നുകൂടാ.


കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി, ഇനി എങ്ങോട്ട്?

കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി, ഇനി എങ്ങോട്ട്?

 

Leave a Reply