Read Time:60 Minute

ആമുഖം

കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയിലും സാമൂഹ്യ-സംസ്ക്കാരിക ജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വിളയാണ് തെങ്ങ്. സംസ്ഥാനത്തിന്റെ കൃഷിയിട വിസ്തൃതിയുടെ 30% തെങ്ങുകൃഷിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനായി പ്രത്യക്ഷമായോ പരോക്ഷമായോ തെങ്ങിനെ ആശ്രയിക്കുന്നുണ്ട്. കൊപ്ര നിർമ്മാണം, വെളിച്ചെണ്ണ ആട്ടൽ, കയറും കയറുൽപ്പന്നങ്ങളും, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത മേഖലകൾ ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ധാരാളം കുടുംബങ്ങൾ ഈ മേഖലകളിൽ നിന്നും വരുമാനം നേടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും തെങ്ങുകൃഷിയുടെ കാര്യത്തിൽ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ല. കേരളത്തിൽ സമഗ്ര കേര വികസനം കൈവരിക്കുന്നതിനുള്ള സാദ്ധ്യതകളും നടപ്പിലാക്കേണ്ടുന്ന സമീപനങ്ങളുമാണ് ഈ പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്.

തെങ്ങുകൃഷി കേരളത്തിൽ – ചില സ്ഥിതി വിവരക്കണക്കുകൾ

2020-21 ലെ കണക്കനുസരിച്ച് കേരളത്തിൽ 7.68 ലക്ഷം ഹെക്ടർ പ്രദേശത്ത് തെങ്ങ് കൃഷിയുണ്ട്. ഇതിൽ നിന്നുള്ള വാർഷിക ഉൽപ്പാദനം 6042 ദശലക്ഷം നാളികേരവും ഉൽപ്പാദനക്ഷമത ഹെക്ടറൊന്നിന് 9030 നാളികേരവുമാണ്. ഇന്ത്യയിലെ മൊത്തം തെങ്ങുകൃഷിയുടെ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ തെങ്ങുകൃഷി മേഖലയുടെ വളർച്ചാതോത് കുറവാണ്. 1956-ൽ ഇന്ത്യയിലെ മൊത്തം തെങ്ങുകൃഷി വിസ്തൃതിയുടെ 69%വും ഉൽപ്പാദനത്തിന്റെ 73% വും കേരളത്തിന്റെ സംഭാവനയായിരുന്നു. എന്നാലത് 2020-21 ലെ കണക്കനുസരിച്ച് യഥാക്രമം 35% വും 33% വുമായി കുറഞ്ഞിരിക്കുന്നു. കേരളത്തിൽ തെങ്ങുകൃഷിയുടെ വിസ്തൃതിയും കുറഞ്ഞു വരുന്നു. 2000-01 ൽ 9.2 ലക്ഷം ഹെക്ടറായിരുന്നത് 2020-21 ൽ 7.68 ലക്ഷം ഹെക്ടറായി കുറഞ്ഞു, അതായത് ഇക്കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വിസ്തൃതിയിൽ 16% കുറവുണ്ടായി. തെങ്ങിന്റെ ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥിതി ഒട്ടും തന്നെ ആശാവഹമല്ല.

പട്ടിക 1. കേരളത്തിലെ തെങ്ങുകൃഷി കഴിഞ്ഞ 20 വർഷങ്ങളിൽ

വർഷംവിസ്തൃതി
(ആയിരം ഹെക്ടർ)
ഉൽപാദനം
(ദശലക്ഷം നാളികേരം)
ഉൽപ്പാദനക്ഷമത
(നാളികേരം ഹെക്ടറൊന്നിന്)
2000925.855365980
2005897.8163267046
20107886239.57918
2015770.627429.399641
2020768.816942.69030
(സ്രോതസ്സ് ഹോർട്ടികൾച്ചർ ഡിവിഷൻ, കൃഷി സഹകരണ വകുപ്പ, കൃഷി-കർഷക ക്ഷേമ മന്ത്രാലയം, ഭാരത സർക്കാർ)

കാർഷിക മേഖലയിലെ പൊതുവായ പ്രശ്നങ്ങൾക്കു പുറമേ നിരവധി സവിശേഷ പ്രശ്നങ്ങളും തെങ്ങുകൃഷി മേഖല നേരിടുന്നുണ്ട്. പ്രായാധിക്യം കൊണ്ടും കീടരോഗബാധ കൊണ്ടും ഉൽപ്പാദന ക്ഷമത തീരെ കുറഞ്ഞ തെങ്ങുകളുടെ ആധിക്യം, തെങ്ങു കയറ്റത്തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന കൂലി നിരക്കും, കീടരോഗ ബാധകൾ മൂലമുള്ള വിളനഷ്ടം, വളരെ കുറഞ്ഞ തോതിൽ മാത്രമുള്ള ഉല്പന്ന വൈവിധ്യവൽക്കരണം, ശാസ്ത്രീയ വിള പരിപാലനം അനുവർത്തിക്കുന്നതിലെ പോരായ്മകൾ, മെച്ചപ്പെട്ട ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതി എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ കേരളത്തിലെ തെങ്ങുകൃഷി മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇവയ്ക്ക് പുറമേ വിപണിയിൽ നാളികേരത്തിന്റെ കുറഞ്ഞ വില നിലവാരവും വില വ്യതിയാനങ്ങളും വർദ്ധിച്ചു വരുന്ന കൃഷിച്ചെലവും കേര കൃഷിയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ്. കേരളത്തിന്റെ പ്രധാന നാണ്യവിളയായ തെങ്ങു കൃഷിയിൽ നിന്നുള്ള വരുമാനം ഗണ്യമായി വർദ്ധിപ്പിച്ചാൽ മാത്രമേ സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലെ മൊത്തം വരുമാന വർദ്ധന സാദ്ധ്യമാകൂ.

കേരളത്തിൽ തെങ്ങിന്റെ ഉൽപാദന ക്ഷമത

ഒടുവിലത്തെ കണക്കനുസരിച്ച് ഹെക്ടറൊന്നിന് 9030 നാളികേരം മാത്രമാണ് തെങ്ങിന് കേരളത്തിൽ ലഭിക്കുന്ന വിളവ്. അതായത്. തെങ്ങൊന്നിന് പ്രതിവർഷം 51 നാളികേരം മാത്രം. ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. തൊട്ടടുത്ത തമിഴ്നാട്ടിൽ 12225 നാളികേരമാണ് ഒരു ഹെക്ടറിൽ വിളവെടുക്കുന്നത്.

തെങ്ങ് കൃഷി ചെയ്യപ്പെടുന്ന കേരളത്തിലെ കാർഷിക പരിസ്ഥിതി യൂണിറ്റുകളിലെല്ലാം തന്നെ തെങ്ങിന്റെ കൈവരിക്കാൻ സാധിക്കുന്ന ഏറ്റവും മെച്ചപ്പെട്ട വിളവും യഥാർത്ഥത്തിൽ ഇപ്പോൾ ലഭിക്കുന്ന ശരാശരി വിളവും തമ്മിലുള്ള വിടവ് (വിളവ് വിടവ് സൂചിക) വലുതാണെന്ന് (ചില യൂണിറ്റുകളിൽ 4.61 വരെ ഉയർന്നത്) പഠനങ്ങൾ സൂചിപ്പിക്കുന്നു.

പട്ടിക 2. കേരളത്തിലെ വിവിധ കാർഷിക പരിസ്ഥിതി യൂണിറ്റുകളിൽ തെങ്ങിന്റെ ഉൽപാദനക്ഷമത (നാളികേരം ഹെക്ടറൊന്നിന്)

ക്രമ നം.കാർഷിക പരിസ്ഥിതി യൂണിറ്റ്ശരാശരി വിളവ് (തെങ്ങൊന്നിന് നാളികേരം)കൈവരിക്കാവുന്ന മെച്ചപ്പെട്ട വിളവ്
(തെങ്ങൊന്നിന് നാളീകേരം)
വിളവ് വിടവ് സൂചിക
1AEU 1331473.45
2AEU 2461802.91
3AEU 3521501.88
4AEU 4361954.44
5AEU 5261464.61
6AEU 652910.75
7AEU 741.51522.66
8AEU 8331754.3
9AEU 9351092.11
10AEU 10501602.2
11AEU 11481912.97
12AEU 12371122.02
13AEU 13521431.75
14AEU 1439760.94
15AEU 15561862.32
16AEU 16271002.7
17AEU 1745700.55
18AEU 181102501.3
19AEU 20882501.84
21AEU 21422003.76
22AEU 22612002.3
23AEU 23631200.9

ശരാശരി48.75154.68

കേരള കൃഷിവകുപ്പിന്റെ സഹായത്തോടെ കണ്ണൂർ, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ 2018-2020 കാലയളവിൽ സി.പി.സി.ആർ.ഐ. നടത്തിയ ഒരു പഠനത്തിന്റെ ഭാഗമായി വിവിധ കാർഷിക പരിസ്ഥിതി യൂണിറ്റുകളിലായി 1032 തെങ്ങുകൃഷിക്കാരുടെ കൃഷിയിടങ്ങളിൽ വിളപരിപാലന മുറകൾ അനുവർത്തിക്കുന്ന തോതും ലഭിക്കുന്ന വിളവും വിശകലനം ചെയ്തിരുന്നു. പ്രസ്തുത പഠനം സൂചിപ്പിക്കുന്നത് കൃത്യമായ അകലത്തിൽ തെങ്ങ് നട്ട് പരിപാലിക്കൽ, സന്തുലിത വളപ്രയോഗം, മണ്ണു – ജല സംരക്ഷണം, സംയോജിത കീട-രോഗ നിയന്ത്രണം തുടങ്ങിയ ഘടകങ്ങൾ ഉയർന്ന ഉൽപ്പാദനക്ഷമത കൈവരിക്കുന്നതിനെ ഏറെ സ്വാധീനിക്കുന്നു എന്നാണ്.

സമഗ്ര കേര വികസനം – ഇടപെടലുകൾ

കേരളത്തിലെ സാഹചര്യത്തിൽ തെങ്ങുകൃഷിയിൽ നിന്നും ഉൽപാദന ക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്നതിനു ഫലപ്രദമെന്ന് പഠനങ്ങൾ തെളിയിച്ച സാദ്ധ്യതകളും സമീപനങ്ങളും ചുവടെ ചേർക്കുന്നു.

(i) ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ ഉല്പാദനം

കേരളത്തിൽ തെങ്ങിന്റെ ഉൽപ്പാദന ക്ഷമത കുറയാനിടയാക്കുന്ന ഒരു പ്രധാന കാരണം പ്രായാധിക്യം കൊണ്ടും കീടരോഗബാധ കൊണ്ടും ഉൽപ്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകളുടെ ആധിക്യമാണ്. ഇത്തരം തെങ്ങുകൾ മുറിച്ചു മാറ്റി മെച്ചപ്പെട്ട ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ നട്ടു പിടിപ്പിക്കുന്നതിനുള്ള സമഗ്ര കേര പുനരുദ്ധാരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കേണ്ടത് കേരളത്തിലെ സുസ്ഥിര കേര വികസനത്തിന് അത്യന്താപേക്ഷിതാണ്. ഈ ലക്ഷ്യം മുൻനിർത്തി നാളികേര വികസന ബോർഡും കൃഷിവകുപ്പും പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അവ ഫലപ്രദമാകുന്നില്ല എന്നതാണ് പ്രായോഗിക തലത്തിലെ അനുഭവം. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന പ്രധാന ഘടകം മെച്ചപ്പെട്ട തെങ്ങിനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ ആവശ്യത്തിന് ലഭ്യമാക്കാൻ സാധിക്കുന്നില്ല എന്നതാണ്. തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് ലഭ്യമാകുന്ന സഹായധനവും ഒട്ടും പര്യാപ്തമല്ല. ഒരു വർഷം ഏതാണ്ട് 30 ലക്ഷത്തോളം തെങ്ങിൻ തൈകൾ കേരളത്തിൽ ആവശ്യമാണെന്ന് കണക്കാക്കുന്നു. എന്നാൽ കൃഷിവകുപ്പ്, സി.പി.സി.ആർ.ഐ, കാർഷിക സർവ്വകലാശാല, നാളികേര വികസന ബോർഡ് തുടങ്ങിയ പൊതുമേഖലാ ഏജൻസികളുടെ നഴ്സറി സംവിധാനങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നത് പ്രതിവർഷം ശരാശരി 10 ലക്ഷം തൈകൾ മാത്രമേയുള്ളൂ. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വലിയ അന്തരം മുതലെടുത്ത് വിവിധ ഏജൻസികൾ കർഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഒരു നൂറ്റാണ്ട് പിന്നിട്ട കേര ഗവേഷണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് ഉയർന്ന വിളവും മറ്റു സ്വഭാവ സവിശേഷതകളുമുള്ള സങ്കരയിനങ്ങളുൾപ്പെടെയുള്ള തെങ്ങിന്റെ മെച്ചപ്പെട്ട ഇനങ്ങൾ വികസിപ്പിച്ചെടുത്തതാണ്. സി.പി.സി.ആർ.ഐ. യിൽ നിന്നും 21 തെങ്ങിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയും വിവിധ തെങ്ങിനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്, പക്ഷേ കേരളത്തിലെ തെങ്ങിൻ തോട്ടങ്ങളിൽ 90% ത്തിലധികവും ഉയരം കൂടിയ നാടൻ ഇനത്തിൽപ്പെട്ട (പശ്ചിമതീര നെടിയ ഇനം) തെങ്ങുകൾ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ, കേരളത്തിലെ സുസ്ഥിര കേരവികസനം കൈവരിക്കുന്നതിനുള്ള സമഗ്ര പുനരുദ്ധാരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടി വരുന്ന നെടിയ ഇനങ്ങൾ, കുറിയ ഇനങ്ങൾ, സങ്കരയിനങ്ങൾ എന്നിവയുടെ അനുപാതവും ആവശ്യകതയും നിർണ്ണയിച്ച് അതിനനുസരിച്ച് ഗുണമേന്മയുള്ള തൈകൾ ലഭ്യമാകുന്നതിനുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള സമീപനങ്ങളും ഹൃസ്വകാല സമീപനങ്ങളും അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം. ഒരു പ്രദേശത്തെ സുസ്ഥിര വികസനത്തിന് നെടിയ ഇനങ്ങൾ, കുറിയ ഇനങ്ങൾ, സങ്കരയിനങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിന്റെ അനുപാതം 60:20:20 എന്ന തോതിലാകണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കാതെ കർഷക പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃത കേര നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സമീപനം വളരെ പ്രസക്തമാണ്.

ദീർഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതി സമീപനങ്ങളിൽ പ്രധാനം തെങ്ങിന്റെ പുതിയ വിത്തു തോട്ടങ്ങൾ അനുയോജ്യമായ പ്രദേശങ്ങളിൽ ആരംഭിക്കുക എന്നതും നിലവിലുള്ള തെങ്ങിന്റെ വിത്തു തോട്ടങ്ങൾ നവീകരിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ്. ഉദാഹരണത്തിന്, കൃഷിവകുപ്പിനു കീഴിലുള്ള മലപ്പുറം ജില്ലയിലെ മുണ്ടേരിയിൽ പ്രവർത്തിക്കുന്ന കോക്കനട്ട് സീഡ് ഗാർഡൻ കോംപ്ലക്സ് എന്ന ഫാമിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി തെങ്ങിൻ തൈകളുടെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിന് ഏറെ സാധ്യതകളുണ്ട്. ഇതുപോലെ കൃഷിവകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലുള്ള കേരനഴ്സറികളിൽ സങ്കരയിനങ്ങളുൾപ്പെടെ കേരളത്തിലേക്ക് ആവശ്യമായ തെങ്ങിനങ്ങളുടെ തൈകൾ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ മാതൃവൃക്ഷങ്ങൾ പരിപാലിക്കണം. ഇത്തരത്തിലുള്ള മാതൃവൃക്ഷങ്ങളുടെ ശേഖരം സർക്കാർ കേരനഴ്സറികളിൽ ഇപ്പോഴില്ല. സി.പി.സി.ആർ.ഐ, കാർഷിക സർവ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും വിവിധ ഇനങ്ങളുടെ തൈകൾ ലഭ്യമാക്കി കൃഷിവകുപ്പ് കേരനഴ്സറികളിലും ഫാമുകളിലും മാതൃവൃക്ഷങ്ങളുടെ ശേഖരം സ്ഥാപിച്ച് പരിപാലിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം. ടിഷ്യൂകൾച്ചർ രീതിയാണ് മെച്ചപ്പെട്ട തെങ്ങിനങ്ങളുടെ തൈകൾ വലിയ തോതിൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതി. എന്നാൽ തെങ്ങിന്റെ ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ല. സ്ഥാപനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്തു നടപ്പിലാക്കേണ്ട ഗവേഷണ പരിപാടികളിൽ അതുകൊണ്ടു തന്നെ തെങ്ങിന്റെ ടിഷ്യൂകൾച്ചർ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനു പ്രഥമ പരിഗണന നൽകണം.

ഹൃസ്വകാലാടിസ്ഥാനത്തിലുള്ള സമീപനത്തിന്റെ ഭാഗമായി വികേന്ദ്രീകൃത കേരനഴ്സറികൾ പ്രോത്സാഹിപ്പിക്കണം. ഇതിനായി കർഷകരുടെ തോട്ടങ്ങളിൽ നല്ലയിനം മാതൃ വൃക്ഷങ്ങൾ കണ്ടെത്തണം. വികേന്ദ്രീകൃതാടിസ്ഥാനത്തിൽ സങ്കരയിനങ്ങളുടെ തൈകൾ ഉത്പാദിപ്പിക്കുന്നതിനായി കൃത്രിമ പോളിനേഷൻ രീതിയും മറ്റും തെങ്ങുകയറ്റത്തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും, കേരഗവേഷണസ്ഥാപനങ്ങളിൽ നിന്നും വിവിധ ഇനങ്ങളുടെ പിതൃവൃക്ഷങ്ങളിൽ നിന്നുള്ള പൂമ്പൊടി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകണം. വികേന്ദ്രീകൃത കേര നഴ്സറികൾ സ്ഥാപിച്ച് ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അതാത് പ്രദേശങ്ങളിലെ കേരോത്പാദക ഫെഡറേഷനുകളെയും കമ്പനികളെയും പങ്കാളികളാക്കുകയും കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുകയും വേണം. ഇതിനാവശ്യമായ പലിശീലനവും മറ്റും സി.പി.സി.ആർ.ഐ, കാർഷിക സർവ്വകലാശാല എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. 2017 മുതൽ 2020 വരെ സി.പി.സി.ആർ.ഐ.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ 12 ജില്ലകളിൽ നടപ്പിലാക്കിയ വികേന്ദ്രീകൃത കേര നഴ്സറികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഈ സമീപനത്തിന്റെ ഫലപ്രാപ്തി തെളിയിച്ചിതാണ്.

തെങ്ങിൻ തൈകളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും ഗുണനിയന്ത്രണം ഉറപ്പുവരുത്തുന്നതിനായി കേര നഴ്സറികൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. നഴ്സറികൾക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണം. ശാസ്ത്രീയ കേര നഴ്സറി പരിപാലനത്തിൽ പരിശീലന പരിപാടികൾ കൃഷി വകുപ്പുദ്യോഗസ്ഥർ, കേരകർഷക കൂട്ടായ്മകൾ, സ്വകാര്യ സംരംഭകർ എന്നീ വിഭാഗങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുകയും സ്വകാര്യ സംരംഭകർക്ക് നഴ്സറി അക്രഡിറ്റേഷൻ ലഭ്യമാകാൻ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും വേണം. കാറ്റുവീഴ്ച രോഗബാധിത പ്രദേശങ്ങളിലേക്കുവേണ്ട തെങ്ങിൻ തൈകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് കാറ്റുവീഴ്ച രോഗം രൂക്ഷമായി കാണുന്ന പ്രദേശങ്ങളിൽ രോഗം ബാധിക്കാതെ പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന തെങ്ങിന്റെ മാതൃവൃക്ഷങ്ങൾ കർഷകരുടെ തോട്ടങ്ങളിൽ കണ്ടെത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്ക് ഊന്നൽ നൽകണം. ഉയരം കുറഞ്ഞതും എന്നാൽ കൊപ്ര ഉല്പാദനത്തിന് അനുയോജ്യവുമായ തെങ്ങിനം വികസിപ്പിക്കുന്നതിന് കേരഗവേഷണ സ്ഥാപനങ്ങൾ ഊന്നൽ നൽകണം. അതോടൊപ്പം ജലസേചന സൗകര്യമില്ലാത്ത മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെക്കും, കുറഞ്ഞ തോതിൽ പരിചരണം ലഭ്യമാകുന്ന സാഹചര്യങ്ങളിലേക്കും യോജിച്ച ഇനങ്ങളും, ഇളനീർ, നീര തുടങ്ങിയ ഉൽപ്പന്നങ്ങൾക്കു വേണ്ടിയുള്ള ഇനങ്ങളും ലഭ്യമാകുന്നതിനുള്ള ഗവേഷണവും ശക്തിപ്പെടുത്തണം.

കുറിയ ഇനം തെങ്ങുകൾ എല്ലാം പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാകുമെന്ന തെറ്റിദ്ധാരണ കർഷകർക്കിടയിൽ പരക്കെയുണ്ട്. ഇളനീരിനും, സങ്കരയിനം തെങ്ങിൻ തൈകളുടെ ഉല്പാദനത്തിനുമാണ് കുറിയ ഇനം തെങ്ങുകൾ പ്രധാനമായും പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. കുറിയ ഇനങ്ങൾ കൊപ്ര ഉണ്ടാക്കുവാൻ പൊതുവെ യോജിച്ചവയല്ല. അതുപോലെ നീര ഉൽപാദിപ്പിക്കുവാനും ഇവ അനുയോജ്യമല്ല. കുറിയ ഇനങ്ങൾക്ക് താരതമ്യേന രോഗകീടബാധ കൂടുതലുമാണ്. ഇക്കാര്യങ്ങളെ കുറിച്ച് കേരകർഷകരെ ബോധവാന്മാരാക്കേണ്ടതുണ്ട്. ആരോഗ്യ പാനീയമെന്ന നിലയിൽ ഇളനീരിന് പ്രചാരം കിട്ടി വരുന്ന സാഹചര്യത്തിൽ കുറിയ ഇനം തെങ്ങുകളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഇളനീരിന് ഏറ്റവും അനുയോജ്യമായ ഇനം ചാവക്കാട് കുറിയ ഓറഞ്ച് ആണ്. ചാവക്കാട് കുറിയ പച്ച, മലയൻ മഞ്ഞ, മലയൻ പച്ച, ഗംഗാബോണ്ടം എന്നീ ഇനങ്ങളും ഇളനീരിന് യോജിച്ചവയാണ്. ഇവയുടെ ഗുണമേന്മയുള്ള തൈകളും കർഷകർക്ക് ലഭ്യമാക്കണം.

(ii) ഉത്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കാൻ ശാസ്ത്രീയ വിള പരിപാലനം

ശാസ്ത്രീയ വിള പരിപാലന മുറകൾ അനുവർത്തിക്കുന്നതിലൂടെ വിളവ് വർദ്ധിപ്പിക്കുകയും കൃഷിചെലവ് കുറയ്ക്കുകയും ചെയ്യേണ്ടത് തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ വിള പരിപാലനത്തിന്റെ അപര്യാപ്തതയാണ് കേരളത്തിൽ തെങ്ങിന്റെ ഉൽപ്പാദന ക്ഷമത കുറയുന്നതിനിടയാക്കുന്ന ഒരു പ്രധാന കാരണം. വളപ്രയോഗം, ജലസേചനം, മണ്ണ്-ജല സംരക്ഷണം, ബഹുവിള സമ്മിശ്ര കൃഷി രീതികൾ തുടങ്ങി കേരോത്പാദനം മെച്ചപ്പെടുന്നതിനുതകുന്ന സാങ്കേതിക വിദ്യകൾ കേര ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കൃഷിയിടങ്ങളിൽ അവ പ്രാവർത്തികമാക്കുന്നതിന്റെ തോത് വളരെ കുറവാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ 2019-20ൽ സി.പി.സി.ആർ.ഐ.യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഗവേഷണ പദ്ധതിയിൽ കരളത്തിലെ തെങ്ങിൻ തോട്ടങ്ങളിൽ ശാസ്ത്രീയ വിളപരിപാലന നിർദ്ദേശങ്ങൾ അനുവർത്തിക്കുന്നതിന്റെ തോത് നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട പഠനഫലം പട്ടികയിൽ കൊടുത്തിരിക്കുന്നു.

പട്ടിക 3. കേരളത്തിലെ തെങ്ങുകൃഷിയിൽ വിളപരിപാലന രീതികൾ അനുവർത്തിക്കുന്നതിന്റെ തോത്

ക്രമ. നം.പരിപാലനംഅനുവർത്തിക്കുന്നതിന്റെ തോത്
(%)
അനുവർത്തിക്കുന്നതിന്റെ തോത്(%)
1മെച്ചപ്പെട്ട ഇനങ്ങളുടെ കൃഷി8.98
2കൃത്യമായ അകലത്തിൽ തൈകൾ നടുക32.59
3ശാസ്ത്രീയ ഇടവിള കൃഷി47.49
4സമ്മിശ്രകൃഷി സമ്പ്രദായം25.68
5മണ്ണു-ജല സംരക്ഷണ രീതികൾ38.36
6ജലസേചനം51.83
7മണ്ണിപരിശോനയുടെ അടിസ്ഥാനത്തിലുള്ള രാസവള പ്രയോഗം11.97
8സംയോജിത കീട നിയന്ത്രണം29.42
9സംയോജിത രോഗ നിയന്ത്രണം8.80
10തോട്ടത്തിലെ ജൈവാവശിഷ്ടങ്ങളുടെ പുനഃചംക്രമണം31.66

മെച്ചപ്പെട്ട വിളവ് ലഭിക്കാൻ ഒരേക്കറിൽ 70 തെങ്ങ് എന്ന തോതിലാണ് തെങ്ങുകളുടെ എണ്ണം ക്രമീകരിക്കേണ്ടത്. എന്നാൽ കൃത്യമായ നടീൽ അകലം പാലിക്കാതെ തെങ്ങ് നട്ടതുകൊണ്ട് കേരളത്തിൽ ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ ശരാശരി നൂറിലധികം തെങ്ങുകളുണ്ട്. ഇത് വിളവ് കുറയുന്നതിനിടയാക്കുന്നു. തെങ്ങ് കൃഷി പുനരുദ്ധാരണ പദ്ധതിയിൽ തെങ്ങുകളുടെ എണ്ണം ശാസ്ത്രീയമായി നിർദ്ദേശിക്കപ്പെട്ട തോതിൽ പുനഃക്രമീകരിക്കുന്നതിന് ഊന്നൽ നൽകണം.

രൂക്ഷമായ അമ്ലത പ്രാഥമിക ദ്വിതീയ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം എന്നിവ കാരണം തെങ്ങിൻ തൊട്ടങ്ങളിലെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ട് ഉല്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം കേരളത്തിലെ സുസ്ഥിര കേരവികസനത്തിനുള്ള പ്രധാന വെല്ലുവിളിയാണ്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹായത്തോടെ 2015 മുതൽ 2019 വരെ കേരളത്തിലെ തെങ്ങുകൃഷി മെച്ചപ്പെടുന്ന അഞ്ച് പ്രധാന കാർഷിക പരിസ്ഥിതി യൂണിറ്റുകളിലായി തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ തെങ്ങിൻ തോട്ടങ്ങളിൽ നടപ്പിലാക്കിയ ഗവേഷണ-വിജ്ഞാന വ്യാപന പദ്ധതിയുടെ പഠനഫലം തെളയിച്ചത് മണ്ണിന്റെ ശാസ്ത്രീയ മായ ആരോഗ്യപരിപാലനത്തിലൂടെ ശരാശരി 49% വിളവ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ്.

ഗുണമേന്മയുള്ള ജൈവ വളം ആവശ്യത്തിന് കിട്ടാനില്ല എന്ന പരാതിയും സ്ഥിരമായി കേൾക്കാറുണ്ട്. തെങ്ങിൻ തോട്ടങ്ങളിൽ സന്തുലിത വളപ്രയോഗമുൾപ്പെടെ മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ ഉല്പാദനക്ഷമത കൂട്ടി വരുമാനം വർദ്ധിപ്പിക്കുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കണം. ഇതിനായി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. തെങ്ങിൻ തോട്ടത്തിൽ ലഭ്യമായ തെങ്ങോല ഉൾപ്പെടെയുള്ള ജൈവാവിശിഷ്ടങ്ങൾ മണ്ണിരക്കമ്പോസ്റ്റാക്കിയോ അതല്ലാതെ നേരിട്ടോ തടത്തിൽ ചേർത്തു കൊടുക്കുക, പയറുവർഗ്ഗ പച്ചിലവളച്ചെടികൾ തടത്തിൽ വളർത്തി ജൈവവള ലഭ്യത മെച്ചപ്പെടുത്തുക തുടങ്ങിയ രീതികൾ പ്രോത്സാഹിപ്പിക്കണം. കേരളത്തിൽ തെങ്ങുകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളിൽ ഏറ്റവും പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ഒന്നാണ് മണ്ണിന്റെ ആരോഗ്യപരിപാലനത്തിലൂടെ വിളവ് വർദ്ധിപ്പിക്കുക എന്നത്.

“നനകൊണ്ടു മാത്രം നാളികേരമേറും എന്നാണ് ചൊല്ല്. എന്നാൽ ജലസേചനം ലഭ്യമാകുന്ന തെങ്ങിൻ തോപ്പുകൾ കേരളത്തിൽ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ലഭിക്കുന്ന മഴയുടെ അളവ് കൂടുതലാണെങ്കിലും വിതരണ ക്രമത്തിലെ പോരായ്മകൾ കാരണം വടക്കൻ കേരളത്തിൽ ദീർഘിച്ച് വേനൽക്കാലമാണനുഭവപ്പെടുന്നത്. അതു കൊണ്ടു തന്നെ ജലദൗർലഭ്യമുള്ള തെങ്ങിൻ തോപ്പുകളിൽ ലഭ്യമായ വെള്ളം കാര്യക്ഷമമായി വിനിയോഗിക്കാൻ സാധിക്കുന്ന തുള്ളിനന അഥവാ കണിക ജലസേചന രീതി പ്രോത്സാഹിപ്പിക്കണം. പലവിധ കാരണങ്ങൾ കൊണ്ട് തുള്ളിനന രീതി ആരംഭിച്ച തെങ്ങിൻ തോട്ടങ്ങളിൽ നാലിലൊന്ന് തോട്ടങ്ങളിൽ മാത്രമേ അവ ശരിയായി പരിപാലിക്കുന്നുളളൂ. നിരവധി തോട്ടങ്ങളിൽ അവയുടെ പ്രവർത്തനം നിലച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കണിക തെങ്ങിൻ തോട്ടങ്ങളിൽ ശാസ്ത്രീയമായി വിന്യസിച്ച് പരിപാലിക്കുന്നതിനുള്ള പദ്ധതികൾ കൃഷിവകുപ്പ് ഫലപ്രദമായി നടപ്പിലാക്കണം. അതുപോലെ മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങളും മഴവെള്ളക്കൊയ്ത്തിലൂടെയുള്ള ജലസംരക്ഷണപ്രവർത്തനങ്ങളും വഴി തെങ്ങിന്റെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനു യോജിച്ച പദ്ധതികളും നടപ്പിലാക്കണം.

തെങ്ങ് ഒരു ഏകവിള എന്ന രീതിയിൽ നിന്നും മാറി തെങ്ങധിഷ്ഠിത ബഹുവിള സമ്മിശ്രകൃഷി അനുവർത്തിക്കുന്നതിനായി കർഷകരെ പ്രോത്സാഹിപ്പിക്കണം. ഏകവിള കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ ബഹുവിള സമ്മിശ്രകൃഷിയിലൂടെ അറ്റാദായം രണ്ട് മടങ്ങ് വർദ്ധിപ്പിക്കുവാൻ കഴിയും. വിവിധ കാർഷിക കാലാവസ്ഥാ സാഹചര്യങ്ങളിൽ അനുയോജ്യമായ കേരാധിഷ്ഠിത ബഹുവിള സമ്മിശ്രകൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ കൃഷിവകുപ്പ് മുഖാന്തിരം നടപ്പിലാക്കണം.

(iii) സംയോജിത കീടരോഗ നിയന്ത്രണ നടപടികളിലൂടെ വിളനഷ്ടം കുറയ്ക്കൽ

വിവിധ കീടങ്ങളും രോഗങ്ങളും മൂലമുള്ള വിളനഷ്ടമാണ് കേരളത്തിലെ തെങ്ങുകൃഷിക്കാർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ വ്യാപകമായി കാണുന്ന കാറ്റുവീഴ്ച രോഗം മൂലം പ്രതിവർഷം 968 ദശലക്ഷം നാളികേരം നഷ്ടമാകുന്നുവെന്നാണ് പഴയൊരു കണക്ക് സൂചിപ്പിക്കുന്നത്. ഇതിനു പുറമേ ഓല ചീയൽ, കൂമ്പു ചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം തുടങ്ങിയ രോഗങ്ങളും, കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, മണ്ഡരി, പൂങ്കുല ചാഴി, തെങ്ങോല പുഴു, വേരുതീനി പുഴു, അടുത്തിടെ വ്യാപകമായ വെള്ളീച്ച തുടങ്ങിയ കീടങ്ങളും തെങ്ങിനെ ബാധിക്കുന്നുണ്ട്. തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള സസ്യപോഷണം ഉൾപ്പെടെയുള്ള വിളപരിപാലനമുറകൾ അനുവർത്തിക്കുന്നത് അപര്യാപ്തമായതു കൊണ്ട് കീടരോഗബാധ മൂലമുള്ള വിളനഷ്ടത്തിന്റെ തോത് വർദ്ധിക്കുന്നു. കീടരോഗബാധയുടെ തോത് താരതമ്യേന കുറവായ കാസറഗോഡ് ജില്ലയിൽ പോലും പ്രതിവർഷം 150 കോടി രൂപയുടെ വിളനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് സംസ്ഥാന ആസൂത്രണബോർഡിന്റെ സഹായത്തോടെ സി.പി.സി.ആർ.ഐ. നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത്. പലവിധ കാരണങ്ങൾ കൊണ്ട് തെങ്ങിന്റെ കീടരോഗ ബാധകൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള സംയോജിത നിയന്ത്രണ രീതികൾ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുന്നത് വളരെ കുറവാണ്. രോഗകീടബാധയ്ക്കെതിരെ ഓരോ പ്രദേശത്തും കർഷകരുടെ കൂട്ടായ്മയോടെയുള്ള പ്രവർത്തനമാണ് ഫലപ്രദമാകുക. അതല്ലാതെ ഏതെങ്കിലും ഒന്നോ രണ്ടോ കർഷകർ മാത്രം സസ്യസംരക്ഷണ നടപടികൾ അനുവർത്തിച്ചാൽ ഫലപ്രദമാവില്ല. കർഷക പങ്കാളിത്തത്തിലൂന്നിയുള്ള വികേന്ദ്രികൃത വിജ്ഞാന പരിപാടികൾക്ക് ഊന്നൽ നൽകണം. കാറ്റുവീഴ്ച, കൊമ്പൻ ചെല്ലി, കൂമ്പു ചീയൽ എന്നിവയ്ക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട ചില പ്രദേശങ്ങളിൽ കർഷക പങ്കാളിത്തത്തിലൂന്നിയ വിജ്ഞാന വ്യാപന പരിപാടികൾ വിജയകരമായിരുന്നു. ഈ സമീപനം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രാവർത്തികമാക്കണം. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹായത്തോടെ സി.പി.സി.ആർ.ഐ. കാസർഗോഡ് ജില്ലയിൽ സംഘടിപ്പിച്ച തെങ്ങിന്റെ വിവിധ രോഗകീട ബാധയുടെ വ്യാപനത്തെയും രൂക്ഷതയെയും നിർണ്ണയിക്കുന്നതിനുള്ള പരിപാടി പ്രധാനപ്പെട്ട എല്ലാ കേരോത്പാദക ജില്ലകളിലും സംഘടിപ്പിക്കുകയും വിളനഷ്ടം ഒഴിവാക്കുന്നതിനുള്ള ഉചിതമായ ഇടപെടലുകൾക്ക് രൂപം നൽകുകയും വേണം.

തെങ്ങിന്റെ കീടരോഗ ബാധ നിയന്ത്രിക്കുന്നതിനുള്ള വിജ്ഞാന വ്യാപന പരിപാടികളിൽ കർഷകരെ കൂടാതെ തെങ്ങുകയറ്റ തൊഴിലാളികളെയും ഉൾപ്പെടുത്തണം. പ്രാദേശിക തലത്തിൽ തെങ്ങിന്റെ സസ്യസംരക്ഷണത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരോത്പാദക സംഘങ്ങളെയും അഗ്രോ സർവ്വീസ് സെന്ററുകളെയും തെങ്ങിന്റെ “ചങ്ങാതിക്കൂട്ടം’ പരിപാടിയിൽ പരിശീലനം നേടിയ യുവതീ യുവാക്കളെയും പങ്കാളികളാക്കണം.

(iv) ഉത്പാദന വൈവിധ്യവൽക്കരണത്തിലൂടെ മൂല്യവർദ്ധനവ്

തെങ്ങു കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിലുള്ള സമീപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പരമ്പരാഗത ഉത്പന്നങ്ങളായ കൊപ്ര, വെളിച്ചെണ്ണ എന്നിവയെ മാത്രം ആശ്രയിച്ചുകൊണ്ട് നാളികേരത്തിന്റെ വില നിശ്ചയിക്കപ്പെടുന്ന അവസ്ഥ മാറി ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെ മൂല്യവർദ്ധനവു നേടുക എന്നതാണ്. ഇളനീർ, തേങ്ങാവെള്ളം, നാളികേര കാമ്പ്, തൊണ്ട്, ചിരട്ട, ഓല, തെങ്ങിൻ തടി എന്നിങ്ങനെ വിവിധ ഭാഗങ്ങളുപയോഗിച്ച് നിരവധി മൂല്യവർദ്ധിത കേരോത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിലേക്കെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ കേരോത്പാദക രാജ്യങ്ങൾ ഈ മേഖലയിൽ ഏറെ മുന്നേറി കഴിഞ്ഞു. നാമിപ്പോഴും വളരെ പുറകിലാണ്. നാളികേര ഉൽപ്പാദക ഫെഡറേഷനുകൾ, കമ്പനികൾ എന്നിവയുടെ നേതൃത്വത്തിലും സ്വകാര്യ സംരംഭകരുടെ ആഭിമുഖ്യത്തിലും കേരോത്പന്ന വൈവിധ്യവൽക്കരണ സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പ്രശ്നങ്ങളാണ് അവ നേരിടുന്നത്. കേരോൽപ്പന്ന വൈവിധ്യവൽക്കരണ സംരംഭങ്ങൾ ഫലപ്രദമായി നടത്തിക്കൊണ്ട് പോകുന്നതിനുള്ള പ്രവർത്തന മൂലധനം സമാഹരിക്കുന്ന തിനുള്ള ബുദ്ധിമുട്ടുകൾ, സാങ്കേതിക വിദ്യകൾ, യന്ത്രാപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതുണ്ട്. ഇതിനായി കൃഷി വകുപ്പ്, നാളികേര വികസന ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കേരഗവേഷണ സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധ ഏജൻസികൾ ഏകോപിത രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഉൽപന്ന വൈവിധ്യവൽക്കരണ സംരംഭങ്ങൾ വിശകലനം ചെയ്യുമ്പോൾ ചർച്ച ചെയ്യേണ്ടുന്ന ഒരു പ്രധാന വിഷയം നീരയുമായി ബന്ധപ്പെട്ടതാണ്.

നീര ഉത്പാദനം വഴി തെങ്ങു കൃഷിക്കാർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ ഏറെ പൊലിപ്പിച്ച് അവതരിപ്പിക്കുകയും അബ്കാരി നയത്തിൽ ഭേദഗതി വരുത്തി കേരകർഷക കൂട്ടായ്മ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഏജൻസികൾക്ക് നീര ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള അനുമതി ലഭ്യമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഒട്ടേറെ സംരംഭങ്ങൾക്ക് ആരംഭം കുറിച്ചു. ഏതാണ്ട് 200 ലധികം ഫെഡറേഷനുകൾ നീര ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടുകയും അവയിൽ പകുതിയോളം ഉത്പാദനം തുടങ്ങുകയും ചെയ്തിരുന്നു. വിപണന രംഗത്തെ ബുദ്ധിമുട്ടുകൾ, തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന മൂല്യ നിരക്കും, നീര ഉത്പാദിപ്പിക്കുന്നതിന് അനുവർത്തിക്കുന്ന പോരായ്മകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയും പ്രവർത്തനം തുടങ്ങിയ ഭൂരിഭാഗവും നീര ഉത്പാദനം നിർത്തിവയ്ക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ ഇടയിൽ അവരുടെ താത്പര്യങ്ങളെ കുറിച്ചും ആരോഗ്യപാനീയം എന്ന നിലയിൽ നീരയെക്കുറിച്ചുള്ള അഭിപ്രായങ്ങളെക്കുറിച്ചും വേണ്ടത് കൺസ്യൂമർ പഠനങ്ങൾ നടത്തിയിരുന്നില്ല. വിപണി സാധ്യത പഠനങ്ങളും കൃത്യമായി നടത്തിയിട്ടില്ല. അതുപോലെ നീര ഉത്പാദിപ്പിക്കുന്നതിനായി വിവിധ ഏജൻസികൾ ലഭ്യമാക്കിയിട്ടുള്ള സാങ്കേതിക വിദ്യകളുടെ ഫലപ്രാപ്തി നിർണ്ണയവും ആവശ്യമായ നവീകരണത്തെ കുറിച്ചുമുള്ള ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ല. ഏറ്റവും ഉചിതമായ സാങ്കേതിക വിദ്യ സംരംഭകർക്ക് ലഭ്യമാക്കുന്നതിനു മുമ്പ് ഈ പഠനങ്ങൾ നടത്തേണ്ടതായിരുന്നു. ആരോഗ്യപാനീയം എന്ന നിലയിൽ നീരയുടെ ഗുണമേന്മാ സൂചകങ്ങൾ നിർണ്ണയിക്കുന്നത് നീര ഉത്പാദന വിപണന രംഗത്ത് ഗുണനിയന്ത്രണം ഉറപ്പുവരുത്തുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇതും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. നീരയ്ക്ക് പുറമേ നീരയിൽ നിന്നും നാളികേര ശർക്കര, നാളികേര പഞ്ചസാര എന്നിവ വിപണിയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകളും അധികമൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. അതുപോലെ വിപണിയിൽ കേരളത്തിൽ നിന്നുള്ള നീര ഒരു ബാൻഡിൽ വിപണനം നടത്തുന്നതിനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തണം.

ഈ പശ്ചാത്തലത്തിൽ നീര ഉത്പാദക വിപണന രംഗത്തെ കുറിച്ച് സമഗ്രമായി പഠനം നടത്തുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിച്ച് നീര സംരംഭങ്ങളെ ആദായകരമാക്കുന്നതിനുള്ള പരിപാടി സംസ്ഥാന സർക്കാരിന്റെയും നാളികേര വികസന ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കണം. പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിന്റെ തനത് ഉത്പന്നം എന്ന നിലയിൽ ശുദ്ധമായ (മധുര) കള്ള് ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിന് ടൂറിസം മേഖലയലും മറ്റുമുള്ള സാധ്യതകളെക്കുറിച്ചും ചർച്ചകളുണ്ടാവണം.

(v) സംഭരണം, വിപണനം

വർദ്ധിച്ചു വരുന്ന കൃഷിച്ചെലവിന് ആനുപാതികമായി നാളികേരത്തിന് വില കിട്ടാത്ത സാഹചര്യം ദീർഘനാളായി വിപണിയിൽ നിലനില്ക്കുന്നതുകൊണ്ടാണ് കർഷകർ തെങ്ങിനെ അവഗണിക്കുന്ന രീതിയുണ്ടായത്. വിലത്തകർച്ചയും വിലവ്യതിയാനങ്ങൾ മൂലവുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടുന്ന കേര കർഷകർക്ക് സഹായകമായ നയങ്ങളും വികസന പദ്ധതികളും സർക്കാർ നടപ്പിലാക്കേണ്ടതുണ്ട്. വെളിച്ചെണ്ണയുടെ വില മറ്റു ഭക്ഷ്യ എണ്ണകളുടെ വില നിലവാരവുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യ എണ്ണകളിൽ പ്രധാനം പാമോയിലാണ്. വെളിച്ചെണ്ണയുമായി മത്സരിക്കുന്ന പ്രധാന ഭക്ഷ്യ എണ്ണ പാമോയിലാണ്. ഇറക്കുമതി താരിഫിൽ കുറവു വരുത്തിയും വിപണന സാദ്ധ്യതയും പാമോയിലുമായി താരതമ്യപ്പെടുത്തുമ്പോൾ കുറയുകയും ചെയ്യുന്നു. വെളിച്ചെണ്ണയുടെ വില ഉയരുമ്പോൾ മായം ചേർത്ത് വിപണിയിലെത്തിക്കുവാനും പാമോയിൽ വൻതോതിൽ ഉപയോഗപ്പെടുത്തുന്നു. ഇപ്പോൾ ക്രൂഡ് പാമോയിലിന്റെ ഇറക്കുമതി ചുങ്കം 55%വും റിഫൈൻഡ് പാമോയിലിന്റേത് 12.5%വുമാണ്. ഈ നിരക്കുകൾ തീർച്ചയായും വർദ്ധിപ്പിക്കണം. 2009 മുതൽ നാളികേര വികസന ബോർഡിനെ കേരോത്പന്നങ്ങളുടെ (കയറും കയറ്റുത് പന്നങ്ങളുമൊഴികെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ആയി ഇന്ത്യ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. പ്രധാന കേരോത്പാദക രാജ്യങ്ങളിൽപ്പെടുന്ന തെക്കു കിഴക്കേഷ്യൻ രാജ്യങ്ങൾ വെളിച്ചെണ്ണ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്, കാരണം കയറ്റുമതി രംഗത്ത് ആ രാജ്യങ്ങൾ വളരെ മുമ്പു തന്നെ സജീവമായിട്ടുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് അന്താരാഷ്ട്ര കേര വാണിജ്യരംഗത്ത് ഇന്ത്യയുടെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന കേരോത്പന്നങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ലഭ്യമാക്കണം. മറ്റു കാർഷികോത്പന്നങ്ങൾക്ക് കയറ്റുമതി രംഗത്ത് ലഭ്യമാകുന്ന പ്രോത്സാഹനങ്ങളും സഹായ പദ്ധതികളും വെളിച്ചെണ്ണ കയറ്റുമതിക്കും ലഭ്യമാക്കണം.

ദക്ഷിണേന്ത്യൻ, ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെട്ടിട്ടുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടികൾ ഇന്ത്യയിലെ തെങ്ങുകൃഷിക്ക് ഏറെ ദോഷം ചെയ്യും, പ്രത്യേകിച്ചും ആ രാജ്യങ്ങളൊക്കെ, ലോകത്തിലെ പ്രധാന കേരോത്പാദക രാഷ്ട്രങ്ങളായതിനാൽ അനുകൂല വിനിമയ നിരക്കുകളുടെ അധിക സൗകര്യം ലഭ്യമായതുകൊണ്ട് ശ്രീലങ്ക പോലെയുള്ള രാജ്യങ്ങൾക്ക് ഈ ഉടമ്പടികൾ ഏറെ ഗുണം ചെയ്യും. മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യയിൽ നാളികേരത്തിന്റെ വിലത്തകർച്ചയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്. കേരോത്പന്നങ്ങളുടെ ഇറക്കുമതി കാര്യത്തിൽ കുറച്ചൊക്കെ താരിഫ് സംരക്ഷണം ലഭ്യമാകുന്നുണ്ടെങ്കിലും ആസിയാൻ കരാറിന്റെ പുനർനിർണ്ണയ സമയത്ത് കുറേ കേരോത്പന്നങ്ങൾ കൂടി നിയന്ത്രിത ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ഇന്ത്യയിലെ കേര വ്യവസായം ആഗോളതല മത്സര ക്ഷമമാകുന്നതിനുതകുന്ന വിധത്തിലുള്ള നയരൂപീകരണം നടത്തിയാൽ മാത്രമേ കേരകർഷകർക്ക് നിലനില്പ്പുണ്ടാവുകയുള്ളൂ. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന RCEP (Re- gional Comprehensive Economic Partnership) പോലെയുള്ള പുതിയ വ്യാപാര കരാറുകളിൽ കേര കർഷകർക്കു ദോഷകരമായ നയസമീപനങ്ങൾ ഉൾപ്പെടാതിരിക്കാനും ശ്രദ്ധ പതിപ്പിക്കണം. തെക്കനേഷ്യൻ സ്വതന്ത്ര വ്യാപാര ഉടമ്പടി (SAFTA) യുടെ ഭാഗമായി ശ്രീലങ്കയിൽ നിന്നും തുൾ തേങ്ങ ഇറക്കുമതി ചെയ്തതിന്റെ ദോഷഫലം നമ്മൾ ഇതിനകം തന്നെ അനുഭവിച്ചതാണ്. ഭക്ഷ്യസുരക്ഷ, ജീവന സുരക്ഷ, ഗ്രാമീണ മേഖലയിലെ തൊഴിൽ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് മേഖലാ സ്വതന്ത്ര വ്യാപാര ഉടമ്പടികളിൽ നാളികേരത്തിന് പ്രത്യേക പരിരക്ഷ ഏർപ്പെടുത്തേണ്ടതാണ്. കേരകർഷകർക്ക് ആദായകരമായ ഉൽപന്നവില ലഭ്യമാക്കുന്നതിനുള്ള വിപണി ഇടപെടൽ നടപടികളുടെ ഭാഗമായി കൊപ്രയ്ക്ക് താങ്ങുവില ഏർപ്പെടുത്തുന്ന രീതി 1986 മുതൽ നടപ്പിലാക്കി വരുന്നുണ്ട്. വർദ്ധിച്ചു വരുന്ന കൃഷിച്ചെലവിന് ആനുപാതികമായി താങ്ങുവില നിശ്ചയിക്കണം. മാത്രമല്ല താങ്ങുവില നിശ്ചയിച്ച് തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെ കൊപ്ര സംഭരണം നടത്തുന്ന സർക്കാരിന്റെ വിപണി ഇടപെടൽ പലപ്പോഴും വേണ്ടത്ര കാര്യക്ഷമമാകുന്നില്ല. കൊപ്ര സംഭരണ പ്രക്രിയ വിപണിയിലെ വില നിലവാരം താങ്ങുവിലയേക്കാൾ കുറയുന്ന സാഹചര്യങ്ങളിൽ വിപുലമായ കൊപ്ര സംഭരണ സംവിധാനം ഏർപ്പെടുത്തുമ്പോൾ വിളവെടുപ്പിന്റെ തോത് ഉയർന്നു നിൽക്കുന്ന വർഷത്തിലെ ആദ്യ ആറു മാസക്കാലയളവിൽത്തന്നെ പരിരക്ഷ ലക്ഷ്യമാകുന്നത് ഉറപ്പു വരുത്തുകയും ആവശ്യമായ അളവിൽ സംഭരിക്കുന്നതിനുള്ള സൗകര്യങ്ങളേർപ്പെടുത്തുകയും വേണം. സഹകരണ സംഘങ്ങൾക്കു പുറമേ കേരോത്പാദക സംഘങ്ങൾ വഴി സംഭരണം ഏർപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് സംഘങ്ങൾക്ക് സഹായം നൽകുകയും വേണം. ഭൂരിഭാഗം കേരകർഷകരും പച്ചത്തേങ്ങ ആയാണ് ഉൽപ്പന്നം വിൽക്കുന്നത്. വളരെ കുറച്ചു കർഷകർ മാത്രമേ കൊപ്ര തയ്യാറാക്കി വിപണനം നടത്തുന്നുള്ളൂ. അതുകൊണ്ട് കർഷകരിൽ നിന്നും പച്ചത്തേങ്ങ സംഭരിക്കുന്ന നടപടി ഏറെ പ്രാധാന്യമർഹിക്കുന്നു. പലതരത്തിലുള്ള അപാകതകൾ ഉണ്ടായിരുന്നെങ്കിലും കേരഫെഡിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവൻ വഴി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി ഏറെ ഗുണം ചെയ്തിരുന്നു. പക്ഷേ വിവിധ കാരണങ്ങൾകൊണ്ട് പച്ചത്തേങ്ങ സംഭരണം നിലച്ചിരിക്കുന്നു. എല്ലാ കൃഷി ഭവനുകളിലൂടെയും തേങ്ങ സംഭരിക്കുന്നതും, സംഭരിച്ച തേങ്ങ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യം ഇല്ലാത്തതും, പ്രാഥമിക സംസ്കരണം നടത്തി കൊപ്രയാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമില്ലാത്തതും, സംഭരിക്കുന്ന തേങ്ങയുടെ വില കർഷകർക്ക് യഥാസമയം ലഭ്യമാക്കാൻ കഴിയാത്തതുമൊക്കെ പച്ചത്തേങ്ങ സംഭരണത്തിന്റെ കാര്യക്ഷമത കുറയാനിടയാക്കി. വിവിധ തെങ്ങുകൃഷി മേഖലകളിൽ നിന്നും സംഭരിക്കുന്ന തേങ്ങയിൽ നിന്നും ലഭ്യമാകുന്ന കൊപ്രയുടെയും വെളിച്ചെണ്ണയുടെയും തോത് എത്രയെന്ന് പഠനങ്ങൾ നടത്തി നിർണ്ണയിച്ച് സംഭരണവും സംസ്കരണവും അഴിമതി രഹിതവും സുതാര്യവുമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പച്ചത്തേങ്ങ സംഭരണം, കൊപ്ര തയ്യാറാക്കൽ, വെളിച്ചെണ്ണ ഉൽപ്പാദനം എന്നിവയിൽ കേരഫെഡിന്റെയും കൃഷിഭവന്റെയും ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം അതായത് പ്രദേശങ്ങളിലെ കേരോത്പാദക ഫെഡറേഷനുകളെയും കമ്പനികളെയും പങ്കാളികളാക്കുന്നതിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം. ഇത് കർഷക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് സഹായകമാവും. തൊണ്ട്, ചിരട്ട, തേങ്ങാവെള്ളം എന്നീ ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിന്റെ സാദ്ധ്യതകൾ കൂടി പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണം.

(vi) തൊഴിലാളി ലഭ്യത

തെങ്ങുകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേര കർഷകരുടെയും തെങ്ങു കയറ്റത്തൊഴിലാളികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. തെങ്ങു കയറ്റത്തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തതും ഉയർന്ന കൂലി നിരക്കും പ്രധാന പ്രശ്നമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശിക തലത്തിൽ തെങ്ങു കയറ്റത്തിനും തെങ്ങിന്റെ വിള പരിപാലനത്തിനും പരിശീലനം നേടിയ യുവതീ യുവാക്കളുടെ ലേബർ ബാങ്ക് പ്രോത്സാഹിപ്പിച്ച് സേവനം ലഭ്യമാക്കുകയും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അഗ്രോ സർവ്വീസ് സെന്ററുകളുടെ വികസനം തെങ്ങുകൃഷി വികസനത്തിന് കൂടുതൽ പ്രയോജനപ്പെടുത്തുകയും വേണം. തെങ്ങുകയറ്റ യന്ത്ര സഹായത്തോടെ തെങ്ങു കയറുന്നതിനും തെങ്ങിന്റെ ശാസ്ത്രീയ വിളപരിപാലനം അനുവർത്തിക്കുന്നതിനുമായി നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ യുവതി യുവാക്കളുടെ സേവനം ഈ മേഖലയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സുരക്ഷിതമായും ലളിതമായും ഉപയോഗിക്കാവുന്ന തെങ്ങുകയറ്റ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണം ശക്തിപ്പെടുത്തുകയും വേണം.

(vii) കർഷക കൂട്ടായ്മകൾ

കേരളത്തിലെ ബഹുഭൂരിപക്ഷം തെങ്ങിൻതോപ്പുകളും ചെറുകിട പരിമിത കൃഷിയിടങ്ങളാണ്. ഇവയിൽ ശാസ്ത്രീയ വിളപരിപാലനത്തിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ച് ആദായം കൂട്ടുക എന്നത് വലിയ വെല്ലുവിളിയാണ്. അതുപോലെ തെങ്ങിൻ തോപ്പുകൾ കൈവശമുള്ള ഭൂരിപക്ഷം പേരുടെയും മുഖ്യ വരുമാന മാർഗ്ഗം തെങ്ങുകൃഷിയല്ല. ഈ സാഹചര്യത്തിൽ കേര കർഷക കൂട്ടായ്മകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കൂലിച്ചെലവ് കുറയ്ക്കുന്നതിനും ഉൽപാദന വിധ്യവൽക്കരണത്തിനും ഉത്പാദനം കൂട്ടുന്നതിനുള്ള സംരംഭങ്ങൾ നടത്തുന്നതിനും കേരകർഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തണം. കൃഷി വകുപ്പും നാളികേര വികസന ബോർഡും പ്രോത്സാഹിപ്പിച്ച് രൂപീകരിക്കപ്പെട്ടിട്ടുള്ള കേര കർഷക കൂട്ടായ്മകളിൽ പലതും ഫലപ്രദമാകുന്നില്ല. സർക്കാർ ലഭ്യമാക്കുന്ന സഹായങ്ങൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതി നുള്ള ഇടത്തട്ടു ഏജൻസികളായി ഇവയുടെ പ്രവർത്തനം പരിമിതപ്പെട്ട് പോകുന്നുണ്ട്. ഒരു പരിപാലനവും ലഭിക്കാതെ അവഗണിക്കപ്പെട്ട നിലവിലുള്ള തെങ്ങിൻ തോട്ടങ്ങളിൽ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ പ്രാദേശിക തലത്തിൽ കർഷക കൂട്ടായ്മകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവ വഴി പ്രാവർത്തികമാക്കുന്നതിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനാവശ്യമായ നയസമീപനങ്ങൾ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്.

നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളി ലായി സംഘടിപ്പിക്കപ്പെട്ട നാളികേര ഉൽപാദക സംഘങ്ങൾ, നാളികേര ഉൽപാദക ഫെഡ റേഷനുകൾ, നാളികേര ഉൽപാദക കമ്പനികൾ എന്നീ ത്രിതല കർഷക കൂട്ടായ്മകളുടെ വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

പട്ടിക 4. നാളികേര കർഷക കൂട്ടായ്മകൾ കേരളത്തിൽ

ക്രമ. നം.ജില്ലനാളികേര ഉൽപാദക സംഘങ്ങളുടെ എണ്ണംനാളികേര ഉൽപാദക ഫെഡറേഷനുകളുടെ എണ്ണംനാളികേര ഉൽപാദക കമ്പനികളുടെ എണ്ണം
1കാസറഗോഡ്580332നാളികേര ഉൽപാദക കമ്പനികളുടെ എണ്ണം
2കണ്ണൂർ498292
3കോഴിക്കോട്18071179
4വയനാട്11591
5മലപ്പുറം1308995
6പാലക്കാട്458261
7തൃശൂർ477262
8എറണാകുളം224151
9കോട്ടയം276211
10ഇടുക്കി18215
11പത്തനംതിട്ട262
12ആലപ്പുഴ719502
13കൊല്ലം255111
14തിരുവനന്തപുരം307142
ആകെ72321467
29
(സ്രോതസ്സ് – നാളികേര വികസന ബോർഡ്, കൊച്ചി)

ഉപസംഹാരം

കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപന്ന വൈവിധ്യവൽക്കരണത്തിലൂടെ മൂല്യവർദ്ധനവ് കൈവരിക്കുന്നതിനും അതുവഴി തെങ്ങു കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനും ഏറെ സാദ്ധ്യതകളുണ്ട്. ഇതിനായി ലഭ്യമായ സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പുവരുത്തണം. പങ്കാളിത്ത സമീപനത്തിലൂന്നിയ വിജ്ഞാന വ്യാപന പരിപാടികളും കേര കർഷക കൂട്ടായ്മ കൾ ശക്തിപ്പെടുത്തുന്ന സമീപനങ്ങളും പ്രാവർത്തികമാക്കണം. കേര ഗവേഷണം, വികസനം, വിജ്ഞാന വ്യാപനം, വിപണനം തുടങ്ങിയ മേഖലകളിൽ തെങ്ങു കൃഷി അഭിവൃദ്ധിപ്പെടുത്തുന്ന ലക്ഷ്യം വച്ച് നിരവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടുള്ള പ്രവർത്തനശൈലിയാണ് വിവിധ ഏജൻസികൾ അവലംബിക്കുന്നത്. ഇവയുടെയെല്ലാം ഏകോപിച്ചുള്ള പ്രവർത്തനം കേരസമൃദ്ധി തിരിച്ചു പിടിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.


അനുബന്ധ ലേഖനം

Happy
Happy
63 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
0 %
Angry
Angry
13 %
Surprise
Surprise
13 %

Leave a Reply

Previous post കേര കൗതുകം
Next post ഹോർത്തൂസ് മലബാറിക്കൂസിലെ തെങ്ങ്
Close