Read Time:17 Minute
സെപ്റ്റംബർ 2 ലോക നാളികേര ദിനം. നാളികേരത്തെക്കുറിച്ച് കൗതുകകരമായ ചിലകാര്യങ്ങൾ അറിയാം. കേര കൗതുകം- എഴുതിയത് പാലക്കാട് വിക്ടോറിയ കോളേജിലെ അധ്യാപകനായ ഡോ.സുരേഷ് വി. അവതരണം : മായ സജി
ലയാളികളുടെ നിത്യ ജീവിതത്തിൽ ഇത്രമാത്രം സാംസ്കാരികമായും  സാമൂഹികമായും ഇഴുകിച്ചേർന്ന മറ്റൊരു സസ്യം ഉണ്ടാവില്ല.  സസ്യ ലോകത്തെ സ്വിസ് ആർമി നൈഫ്  എന്നാണ് തെങ്ങ് അറിയപ്പെടുന്നത്.  ചെറിയ കീചെയിനിൽ മടക്ക് കത്തിയും,  കത്രികയും, സൂചിയും സ്ക്രൂഡ്രൈവറും അങ്ങനെ അത്യാവശ്യം വേണ്ട ഉപകരണങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് പോക്കറ്റിൽ കരുതാവുന്ന ചെറുകത്തിയെ ആണ് സ്വിസ് ആർമി നൈഫ്   എന്ന് വിളിക്കുന്നത്. 

മലയാളികരിച്ച് പറയുകയാണെങ്കിൽ നമ്മൾ ഏവരും കേട്ട കല്പ വൃക്ഷം എന്ന പദത്തിന്റെ  ഇംഗ്ലീഷ് വകഭേദമാണ് സ്വിസ് ആർമി നൈഫ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും ഒരു ഉപയോഗം ഉള്ളവയാണ് എന്നത് കൊണ്ടാണല്ലോ അങ്ങനെ ഒരു വിളിപ്പേര് വന്നത്.   തെങ്ങിന്റെ ശാസ്ത്രനാമം കൊക്കോസ് നൂസിഫെറ  എന്നാണ്. തേങ്ങയുടെ മൂന്ന് കണ്ണ് കണ്ടാൽ തലയോട്ടിയുമായി സാമ്യതയുള്ളതിനാൽ ആ അർത്ഥം വരുന്ന പോർച്ചുഗീസ് വാക്കാണ് കൊക്കോ. നൂസിഫെറ എന്നാൽ പരിപ്പ് ഉള്ളത് എന്നൊക്കെയാണ് അർത്ഥം. തെങ്ങിന്റെയും തേങ്ങയുടെയും ഏതാനും  കൗതുകങ്ങളാണ് ഇനി.

തേങ്ങയും മാങ്ങയും ഒരുപോലെ എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?  

ആളുകൾ മൂക്കത്ത് വിരൽ വെക്കും. എന്നാൽ സസ്യശാസ്ത്രപരമായി സംഗതി സത്യമാണ്. നാളികേരത്തിന് കോക്കനട്ട് എന്നാണ് വിളിപ്പേരെങ്കിലും സസ്യശാസ്ത്രപരമായി ഇത് കശുവണ്ടി (Cashew Nut) ഉള്‍പ്പെടുന്ന നട്ട് (nut) എന്ന ഗണത്തിൽ വരുന്ന ഒരു ഫലമല്ല, പകരം മാങ്ങ ഉൾപ്പെടുന്ന ഡ്രൂപ്പ് എന്ന ഗണത്തിലാണ് വരുന്നത്. പുറമേ കാണുന്ന തൊലിയെ എക്സോ കാർപ്പ് എന്നും ഇടയ്ക്ക് കാണുന്ന ചകിരിയെ മീസോ കാർപ്പ് എന്നും ചിരട്ടയെ എൻഡോകാർപ്പ് എന്നുമാണ് സാങ്കേതികമായി പറയുന്നത്.

ഇന്ത്യയ്ക്കും തെങ്ങിനും ഒരേ പ്രായം എന്ന് കേട്ടാലോ? 

പരിണാമപരമായി നോക്കിയാൽ  തെങ്ങിന്റെ ഉത്ഭവം ക്രട്ടേഷ്യസ് പീരിയഡിൽ ആണ് എന്ന് കരുതപ്പെടുന്നു,  പുരാതന ഭൂഖണ്ഡമായ ഗോണ്ടുവാന ലാൻഡ് വിഭജിച്ച് ഇന്നത്തെ ഇന്ത്യയും ഓസ്ട്രേലിയയും ആഫ്രിക്കയും എല്ലാം വേർപിരിഞ്ഞ് പോകാൻ തുടങ്ങിയ കാലഘട്ടമാണ് ഇത്. അതിനാൽ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡം രൂപം കൊണ്ട കാലഘട്ടത്തിൽ തന്നെയാണ് തെങ്ങിന്റെയും ഉൽഭവം. ആ കാലഘട്ടത്തിലെ ലഗൂണുകളിലെ തീരപ്രദേശങ്ങളിലും പവിഴപ്പുറ്റുകൾക്ക് അടുത്തുമായാണ് പൂർവിക തെങ്ങുകളുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു.

നാവിക വിദഗ്ധരായ തേങ്ങകള്‍

തേങ്ങയുടെ അത്രയും സമുദ്രങ്ങൾ താണ്ടിയ മറ്റൊരു ഫലം ഉണ്ടാവില്ല.   തേങ്ങയുടെ തൊണ്ട് അഥവാ മീസോ കാർപ്പിൽ ധാരാളം വായു  നിറഞ്ഞ കോശങ്ങളാണ് ഉള്ളത്.  നമ്മൾ ചകിരി ചോറ് എന്ന് വിളിക്കുന്ന ഭാഗം.  ഇത് വെള്ളത്തിൽ പൊന്തി കിടക്കാൻ തേങ്ങയെ സഹായിക്കുന്നു.  കടലോരങ്ങളിലാണ് ഉത്ഭവം എന്നതുകൊണ്ടുതന്നെ കടലിൽ വീണ തേങ്ങ ഒഴുകി മറ്റു വിദൂര  ഭൂപ്രദേശങ്ങളിൽ എത്തുകയും തീരത്ത് അടിയുകയും അങ്ങനെ വിത്ത് വിതരണം നടക്കുകയും ചെയ്യുന്നു.  ലോകത്തിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ  തെങ്ങ് വളരാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം.  ഉപ്പു വെള്ളത്തിൽ മുങ്ങിയാലും മണ്ണിനടിയിലെ ശുദ്ധജലം വേരുകൾ ഉപയോഗിച്ച് വലിച്ചെടുക്കാൻ കഴിയുന്നതിനാൽ കടലോര പ്രദേശങ്ങളിൽ തെങ്ങ് ഒരു സ്ഥിരം സസ്യമാണ്.

പൊങ്ങ് എന്ന പോഷകാഹാരം

അനുകൂല സാഹചര്യങ്ങളും നനവും ഉണ്ടെങ്കിൽ തേങ്ങ മുളയ്ക്കുകയും അതിന്റെ കണ്ണിൽ കൂടെ വേരുകൾ പുറത്തേക്ക് വരികയും ചെയ്യും. ആദ്യം വേരുകളും പിന്നീട് മുഴുവൻ  ചെടിയും പുറത്തുവരുന്നു.  മുളയ്ക്കുന്ന ആദ്യഘട്ടത്തിൽ തേങ്ങയ്ക്ക് അകം സ്പോഞ്ച് പോലെയുള്ള ഒരു ഹോസ്റ്റോറിയ (Haustoria) അല്ലെങ്കിൽ പൊങ്ങ് എന്നറിയപ്പെടുന്ന മധുരമുള്ള പദാർത്ഥം കൊണ്ട് നിറയും.  ഏറെ രുചികരമായ പൊങ്ങ് ഒരു ഭക്ഷ്യ പദാർത്ഥം കൂടെ ആണ്.  തേങ്ങ അതിന്റെ കാമ്പിൽ സംഭരിച്ച് വെച്ചിട്ടുള്ള പോഷകങ്ങൾ – മുളക്കുന്ന ഭ്രൂണത്തിലോട്ട് പകർന്നു കൊടുക്കുന്ന പ്രത്യേക അവയവങ്ങളാണ് ഇവ.

ഒറ്റത്തടി വളര്‍ച്ച 

തെങ്ങ് ഒരു വൃക്ഷമായാണ് നമുക്ക് അറിയുന്നതെങ്കിലും മറ്റു വൃക്ഷങ്ങൾ പോലെയുള്ള ദ്വിതീയ വളർച്ച ഇവയ്ക്ക് ഇല്ല.  ഏറ്റവും തുമ്പിൽ കാണുന്ന മെരിസ്റ്റമിക  കലകളുടെ പ്രവർത്തനഫലമായി തെങ്ങിൻ തടിയും പട്ടയും  മറ്റും രൂപപ്പെടുന്നു.  പിന്നീട് ഒരു വളർച്ച തെങ്ങിൻറെ തടിക്കോ മറ്റു ഭാഗങ്ങൾക്കോ ഇല്ല.  തെങ്ങ് മുറിച്ചാൽ നമ്മൾ വെട്ടി കഴിക്കുന്ന മധുരമുള്ള കാമ്പ് ഈ മെസ്റ്റമിക കലകളാണ്.

പുഷ്പിക്കല്‍, പരാഗണം 

പ്രായപൂർത്തി ആവുന്ന തെങ്ങിന്റെ വലിയ സ്പാഡിക്സുകളിൽ പൂക്കുല  ഉണ്ടാവുന്നു. പൂക്കുലയില്‍ ധാരാളം ആണ്‍ പുഷ്പങ്ങളും ഏതാനും പെണ്‍പുഷ്പങ്ങളും ഉണ്ടാകും.  ഇവ വിരിയുന്നതോടെ ധാരാളം തേനീച്ചകളും പുഷ്പങ്ങള്‍ സന്ദര്‍ശിക്കും, ഇവ പരാഗണത്തിന് സഹായിക്കുന്നു, ഒപ്പം കാറ്റും ഒരു പരാഗവാഹി ആണ്.  തുറക്കാത്ത പൂക്കുലയില്‍ നിന്നും മധുരമുള്ള നീര ചെത്തി എടുക്കാം. ഇത് ഒരു പഞ്ചസാര സ്രോതസ്സായി ഉപയോഗിക്കുന്നു, ഒപ്പം ഫെര്‍മെന്റ് ചെയ്തു മദ്യ നിര്‍മാണത്തിനും ഉപയോഗിക്കാം.

തേങ്ങയിൽ ആരാണ് വെള്ളം നിറയ്ക്കുന്നത്?

പരാഗണം കഴിഞ്ഞ പെണ്‍ പൂവ്  വെള്ളക്ക അഥവാ മച്ചിങ്ങ ആയി  വളർന്നു വരുമ്പോൾ ഒപ്പം അതിൽ ദ്രാവക രൂപത്തിലുള്ള   പോഷക വസ്തുവായ എന്‍ഡോസ്പേം   (endosperm) കൂടെ നിറഞ്ഞു വരുന്നു.  ഇത്  ന്യൂക്ലിയർ എന്‍ഡോസ്പേം എന്ന വിഭാഗത്തിൽ വരുന്നതാണ്.  അതായത് കോശങ്ങളില്‍  മർമ്മ വിഭജനം കഴിഞ്ഞാൽ  കോശ ഭിത്തി ഉടൻതന്നെ ഉണ്ടാവാതെ കുറെയേറെ ന്യൂക്ലിയസുകൾ അഥവാ കോശമർമ്മങ്ങൾ ദ്രവ രൂപത്തിൽ തന്നെ കിടക്കുന്നു.  ക്രമേണ ഇവ ഇളനീരിന്റെ ഉള്ളിൽ അടിഞ്ഞു കൂടുകയും കോശ ഭിത്തി  ഉണ്ടായി തേങ്ങയുടെ കാമ്പ് ആയി മാറുകയും ആണ് ചെയ്യുന്നത്. ഇളനീർ വെള്ളം അഥവാ ലിക്വിഡ് എന്‍ഡോസ്പേം  ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. നിരവധി  ആൻറി മൈക്രോബിയല്‍ പെപ്റ്റയിഡുകളും ലോറിക്  അമ്ലവും (lauric acid and antimicrobial peptides Cn-AMP (1, 2, and 3)  ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ബാക്ടീരിയ ഫംഗസ് പോലെയുള്ള സൂക്ഷ്മജീവികൾക്ക് അത്ര എളുപ്പം ഇതിലേക്ക് അണുബാധ നടത്തുക സാധ്യമല്ല. അതിനാൽ തന്നെ പ്രകൃതിയാൽ ഉള്ള ഏറ്റവും പരിശുദ്ധമായ ദ്രാവകങ്ങളിൽ ഒന്നാണ് ഇളനീർ വെള്ളം എന്ന് പറയാം.

ജീവൻ രക്ഷിക്കുന്ന IV ദ്രാവകം

രണ്ടാം ലോക മഹാ യുദ്ധകാലത്ത് വിദൂര സ്ഥലങ്ങളില്‍ പരിക്കേറ്റ സൈനികര്‍ക്ക് രക്തം നഷ്ടപ്പെട്ട അവസ്ഥയില്‍ IV ഫ്ലൂയിഡ് ആയി ഇളനീര്‍ വെള്ളം ഉപയോഗിച്ചുകൊണ്ട് സൈനികരുടെ ജീവന്‍ രക്ഷിച്ച കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. വിവിധ മിനറലുകളും പോഷകങ്ങളും കൊണ്ട് സമ്പന്നമായ ഇളനീർ വെള്ളം ഐ വി ലായനിക്ക് തത്തുല്യമായി കരുതപ്പെട്ടിട്ടുണ്ട്.  ചില സിനിമകളിലും മറ്റും കാട്ടിലും മരുഭൂമിയിലും അകപ്പെടുന്ന നായകനോ നായികയോ ജീവൻ രക്ഷിക്കാനായി ഇളനീർ വെള്ളം ഐവി ആയി കൊടുക്കുന്നത് കാണിക്കുന്നുണ്ട്. പിന്നീട് നടന്ന വിവിധ പഠനങ്ങള്‍ അലര്‍ജി ഇല്ലാത്ത ആളുകള്‍ക്ക് തീരെ നിവൃത്തി ഇല്ലാത്ത അവസരത്തില്‍ ഇങ്ങനെ ഇളനീര്‍ വെള്ളം IV ക്ക് ഉപയോഗിച്ച് വൈദ്യ സഹായം ലഭിക്കുന്നത് വരെ തുടരാം എന്ന് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്, എന്നാല്‍ അത് മെഡിക്കല്‍ എത്തിക്സ്ന് എതിരാണ്, ആയതിനാല്‍ ഇങ്ങനെ ഉപയോഗിച്ച അവസരങ്ങളില്‍ നിരവധി നിയമ നടപടികളും ഉണ്ടായിട്ടുണ്ട്.

ചിരട്ടക്കരി 

ചിരട്ട വിവിധ കരകൗശല നിർമ്മാണത്തിനും ഐസ്ക്രീം കപ്പുകൾ പോലെയുള്ള ആവശ്യങ്ങൾക്കും ചെറിയ പാത്രങ്ങളായും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്.  എന്നാൽ ചിരട്ട കത്തിച്ച് കിട്ടുന്ന ചിരട്ടക്കരി പ്രകൃതിയാൽ ഉള്ള ആക്ടിവേറ്റഡ് കാർബണിന്റെ ഒരു മികച്ച ഉറവിടമാണ് അതിനാൽ തന്നെ ഇതിൻറെ വ്യാവസായിക പ്രാധാന്യം വളരെ കൂടുതലാണ്.  ചെടികൾ നടുമ്പോൾ പോട്ടിംഗ് മാധ്യമത്തിൽ പൂപ്പല്‍  വളർച്ച തടയാനുള്ള ഒരു ഉപാധിയായി ചിരട്ടയിൽ നിന്നുള്ള ആക്ടിവേറ്റഡ് കാർബൺ ചേർക്കാറുണ്ട്.

ചകിരി പടച്ചട്ട അണിഞ്ഞ കിരിബാത്തി യുവാവ്

ചകിരി പടച്ചട്ട

പസഫിക് സമുദ്രത്തിലെ  കിരിബാത്തി എന്ന ദ്വീപിലെ നിവാസികൾ പണ്ട് ചകിരി കയർ ഉപയോഗിച്ച് പടച്ചട്ടകൾ ഉണ്ടാക്കുകയും അവരുടെ പടയാളികൾ അതണിഞ്ഞ് യുദ്ധത്തിന് പോവുകയും ചെയ്യുമായിരുന്നു.  കത്തി, വാൾ കുന്തം  പോലെയുള്ള ആയുധങ്ങളുടെ പ്രയോഗത്തിൽ നിന്നും അണിയുന്നയാളെ സംരക്ഷിക്കാൻ കിരിബാത്തി ചകിരി പടച്ചട്ടകൾക്ക് കഴിഞ്ഞിരുന്നു

അമേരിക്കന്‍ പ്രസിഡന്റ്  ജോൺ എഫ്.  കെന്നഡിയുടെ ചിരട്ട

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിലെ ഒരു കമാൻഡർ ആയിരുന്നു പിന്നീട് അമേരിക്കൻ പ്രസിഡണ്ടായി തീർന്ന ജോൺ എഫ്.  കെന്നഡി. യുദ്ധത്തിനിടെ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപസമൂഹങ്ങൾക്കിടയിൽ  പട്രോൾ ചെയ്യുകയായിരുന്നു കെന്നഡിയുടെ ട്രൂപ്പ്. അവരുടെ ബോട്ടിൽ ജപ്പാന്റെ ആക്രമണം ഉണ്ടാവുകയും ബോട്ട് തകർന്ന്  കെന്നഡിയും സംഘവും  മൈലുകളോളം സമുദ്രത്തിൽ നീന്തി അടുത്തുള്ള സോളമൻ ദ്വീപിൽ എത്തിപ്പെട്ടു. തങ്ങളെ രക്ഷിക്കാനുള്ള ഒരു സന്ദേശം ചിരട്ടയിൽ കുത്തികോറിക്കൊണ്ട് സോളമൻ ദ്വീപ് നിവാസിയുടെ കയ്യിൽ കൊടുത്ത് സഖ്യകക്ഷികളുടെ മറ്റ് സൈനികരിൽ എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സന്ദേശം കിട്ടിയ സഖ്യ സൈന്യം കുടുങ്ങിക്കിടക്കുന്ന ഗ്രൂപ്പിനെ കണ്ടെത്തി രക്ഷിച്ചു. പിന്നീട് പ്രസിഡണ്ടായി തീർന്നപ്പോൾ കെന്നഡി ഈ ചിരട്ടക്കഷണത്തെ ഒരു പേപ്പർ വെയിറ്റ് ആയി മാറ്റുകയും തൻറെ ഓവൽ ഓഫീസ് ടേബിളിൽ വയ്ക്കുകയും ചെയ്തിരുന്നു. NAURO ISL COMMANDER NATIVE KNOWS POS’IT HE CAN PILOT 11 ALIVE NEED SMALL BOAT KENNEDY എന്നായിരുന്നു അദ്ദേഹം ചിരട്ടയിൽ കോറി വരച്ചത്.

തെങ്ങ് കയറുന്ന ഞണ്ടുകൾ

പസഫിക് സമുദ്രത്തിലെ  ദ്വീപുകളിൽ കാണുന്ന തേങ്ങ ഞണ്ടുകൾ (Coconut Crab, Birgus latro) കരയിലെ തന്നെ ഏറ്റവും വലിയ ഞണ്ടുകളാണ്. ഏകദേശം രണ്ടര കിലോ വരെ ഭാരം കാണുന്ന  ഇവ യുടെ പ്രധാന ഭക്ഷണം തേങ്ങാ  കാമ്പ്  ആണ്.  ഉയരത്തിൽ ഉള്ള  തെങ്ങുകളിൽ വലിഞ്ഞുകയറാനും  തെങ്ങിൽ കുലയിൽ നിന്നും തേങ്ങകൾ അടർത്തിയിടാനും ഇവയ്ക്ക് പറ്റും. താഴെ വീഴുന്ന തേങ്ങകള്‍  എടുത്തു കൊണ്ടു പോയി സ്വന്തം മാളത്തിന് അരികിൽ എത്തിച്ചു ശക്തിയാർന്ന കൈകൾ കൊണ്ട് പൊതിക്കുന്നു. ഇതിന് മണിക്കൂറുകൾ തന്നെ എടുത്തേക്കും ചകിരി മുഴുവൻ മാറ്റി അത് സ്വന്തം മാളത്തിൽ ശേഖരിച്ചു വയ്ക്കും.  തേങ്ങയുടെ ചിരട്ടക്കണ്ണിൽ കൂടെ കൂർത്ത കൈ ഉപയോഗിച്ച് തുരന്നു കയറി അകത്തുള്ള കാമ്പിനെ ചുരണ്ടിയെടുക്കുകയും ഒപ്പം അതുവഴി തേങ്ങയെ പൊട്ടിക്കാനും ഇവയ്ക്ക് കഴിയും. . ഇവയുടെ കൈകൾക്ക് വളരെ ശക്തിയേറിയ പിൻസേഴ്‌സ് ആണ് ഉള്ളത്. പ്രദേശത്തെ ആളുകൾ ഭക്ഷണത്തിനായി ഇവയെ വ്യാപകമായി വേട്ടയാടുന്നതിനാൽ  തേങ്ങ ഞണ്ടുകൾ ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
21 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
12 %

One thought on “കേര കൗതുകം

Leave a Reply

Previous post ഹാലോ – സൂര്യന് ചുറ്റും പ്രകാശവലയം
Next post കേരളത്തിലെ സുസ്ഥിര തെങ്ങുകൃഷി – സാദ്ധ്യതകളും സമീപനങ്ങളും
Close