Read Time:32 Minute
Climate Dialogue – ഡോ. സി. ജോർജ്ജ് തോമസ് എഴുതുന്ന കോളം

കാലാവസ്ഥാമാറ്റത്തിന്റെ ആഘാതങ്ങൾ സമ്പന്നരും ദരിദ്രരും, സ്ത്രീകളും പുരുഷന്മാരും, പ്രായമായവരും യുവതലമുറയും അടങ്ങുന്ന വിവിധ ജനവിഭാഗങ്ങളെ  ബാധിക്കുന്നത് ഒരേ രീതിയിലല്ല. വികസിത-വികസ്വരരാഷ്ട്രങ്ങൾ തമ്മിലും ഇക്കാര്യത്തിൽ വലിയ അന്തരം കാണാം. അതുകൊണ്ടാണ്, കാലാവസ്ഥാനീതിയെക്കുറിച്ച്  നമുക്ക് സംസാരിക്കേണ്ടിവരുന്നത്. അതായത്, കാലാവസ്ഥാ പ്രതിസന്ധിയെ മനുഷ്യാവകാശത്തിന്റെ കണ്ണടയിൽ കൂടിയും കാണണം എന്നർത്ഥം. സാധാരണക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം  ആരോഗ്യകരവും വൃത്തിയുള്ളതുമായ ചുറ്റുപാടുകളിൽ ജീവിക്കാനും, ജോലി ചെയ്യാനും, പഠിക്കാനും, കളിക്കാനും കഴിയുന്ന സാഹചര്യം ഉണ്ടാകണം. ‘കാലാവസ്ഥാനീതി’ (climate justice) എന്നൊരു പ്രയോഗംതന്നെ അന്താരാഷ്ട്ര തലത്തിൽ ഉടലെടുത്തിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങൾ, മഞ്ഞുമല ഉരുകൽ, സമുദ്ര നിരപ്പ് ഉയരൽ എന്നിവയെ കുറിച്ചുള്ള പ്രഭാഷണങ്ങളെക്കാളുപരി കാലാവസ്ഥാ ആഘാതങ്ങൾക്ക് വിധേയമാവുന്ന ഏറ്റവും ദുർബലരായ ജനങ്ങളുടെയും സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതും പ്രശ്നം തന്നെയാണ്.  ഐക്യരാഷ്ട്രസഭയുടെ ‘ആരെയും പുറകിലാക്കരുത് ‘ (Leave no one behind, LNOB) എന്ന സമീപനം ഇവിടെയും ബാധകമാണ്.

കഴിഞ്ഞ 200 വർഷത്തിനിടെയുണ്ടായ ആഗോളതാപന പ്രശ്നങ്ങൾക്ക് മനുഷ്യനാണ് ഉത്തരവാദിയെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതിൽ വികസ്വര രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർക്ക് കാര്യമായ പങ്കില്ല. വൈദേശികാധിപത്യത്തിൽനിന്ന് വിമുക്തമായ ദരിദ്രരാജ്യങ്ങൾ സാമ്പത്തികമായി ഉയർന്നുതുടങ്ങുന്നത് 1950കൾക്ക് ശേഷമാണെന്നത് ഓർക്കുക.     ഇന്ത്യയെപ്പോലുള്ള മൂന്നാംലോകരാജ്യങ്ങൾ വികസനത്തിന്റെ പാതയിൽ വന്നതാണ് ഇപ്പോഴത്തെ  സർവ കുഴപ്പത്തിന്റെയും കാരണമായി ചിലരെങ്കിലും കാണുന്നത്.  അമേരിക്കയും, യൂറോപ്പും, ജപ്പാനുമൊക്കെ കാലങ്ങളായി ഒന്നും നോക്കാതെ ഹരിതഗൃഹവാതകങ്ങൾ തള്ളിയാണ് വികസിച്ചുനില്ക്കുന്നത്. കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് അതിന് അവസരം കിട്ടാതിരിക്കുകയോ, അല്ലെങ്കിൽ അവസരം നിഷേധിക്കപ്പെടുകയോ ചെയ്തു. ഇന്ത്യ വികസനത്തിന്റെ പാതയിൽ എത്തുന്നത് 1951 ൽ ആരംഭിച്ച ഒന്നാം പഞ്ചവൽസര പദ്ധതിയോടെയാണെന്ന് നിസ്സംശയം പറയാം.

1850നുശേഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വേനൽക്കാലമായിരുന്നു 2023ലേത് എന്ന് ഇപ്പോൾ വ്യക്തമായിരിക്കയാണ്. ലോകമെമ്പാടും കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയുൾപ്പെടെയുള്ള തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ഓരോ വർഷവും വർദ്ധിച്ചുവരുന്നു. ഇവ എല്ലാ രാജ്യങ്ങളെയും വിവേചനരഹിതമായി ബാധിക്കുന്നു. എന്നാൽ വികസ്വര രാജ്യങ്ങൾ, പ്രത്യേകിച്ച്, ചെറിയ ദ്വീപ് രാജ്യങ്ങൾ,  കാലാവസ്ഥാ ദുരന്തങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങൾ കൂടുതലായി  ഏറ്റുവാങ്ങേണ്ടി വരുന്നു.  ഈ ദുർബലരാജ്യങ്ങളുടെ പരാധീനതകൾ പതിവായിക്കൊണ്ടിരിക്കുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങളെ തികഞ്ഞ മാനുഷികപ്രതിസന്ധികളാക്കി മാറ്റുന്നു. 2023-ൽ വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മണ്ണിടിച്ചിലുകൾ എന്നിവ കാരണം ആഗോളതലത്തിൽ 12,000 പേരെങ്കിലും മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ‘ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേർസ് ’1 പറയുന്നു, ഇത് 2022-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കൂടുതലാണ്. ഈ സഹചര്യങ്ങളിലാണ്  ‘കാലാവസ്ഥാനീതി’ എന്ന പ്രയോഗം വ്യാപകമാവുന്നത്. കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ (Intergovernmental Panel on Climate Change, IPCC) റിപ്പോർട്ടിലും ‘കാലാവസ്ഥാനീതി’ സ്ഥാനം പിടിച്ചിട്ടുണ്ട്.

IPCCയുടെ ആറാമത്തെ വിലയിരുത്തലിന്റെ അവസാന അദ്ധ്യായമായ സിന്തസിസ് റിപ്പോർട്ടിൽ പറയുന്നപ്രകാരം ലോകജനസംഖ്യയുടെ പകുതിയോളം പേരും കാലാവസ്ഥാ മാറ്റത്തിന് ഇരയാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ് എന്നിവയിൽ നിന്നുള്ള മരണങ്ങൾ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ 15 മടങ്ങ് കൂടുതലായിരുന്നു.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാർബൺ ഉൽസർജനത്തിലെ അസമത്വം,  രാജ്യങ്ങൾ തമ്മിലും ഒരു രാജ്യത്തിനുള്ളിൽതന്നെ വ്യത്യസ്ത വരുമാനക്കാർക്കിടയിലും കാണപ്പെടാം. ലോക ജനസംഖ്യയിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള 10 ശതമാനമാണ് കാർബൺ ഉൽസർജനത്തിന്റെ ഏകദേശം 50 ശതമാനത്തിനും ഉത്തരവാദികൾ.2 ഇവരിൽ മൂന്നിൽ രണ്ടും  വികസിതരാജ്യങ്ങളിൽ താമസിക്കുന്നവരാണ്. ലോകജനസംഖ്യയിൽ ഏറ്റവും കുറഞ്ഞ വരുമാനം മാത്രമുള്ള 50 ശതമാനം വരുന്ന ആളുകൾ മൊത്തം കാർബൺ ഉത്സർജനത്തിന്റെ 12ശതമാനത്തിന് മാത്രമാണ് ഉത്തരവാദികൾ.  അതായത്, ആഗോളതാപനത്തിന് വളരെകുറച്ചുമാത്രം കാരണക്കാരായവരെ കാലാവസ്ഥാ മാറ്റം കൂടുതലായി ബാധിക്കുന്നു  എന്നതും, അവർ  അതിന്റെ പേരിൽ കൂടുതൽ കഷ്ടപ്പെടേണ്ടി വരുന്നു എന്നതും തീർച്ചയായും നീതീയല്ല.

ആഗോളതാപനം: ചരിത്രപരമായ ഉത്തരവാദിത്തം ആർക്ക് ? 

ആഗോളതാപനവും  കാലാവസ്ഥാമാറ്റവും  പൂർണയാഥാർത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. ആരാണ് ഇതിന്റെ ഉത്തരവാദികൾ? 2022 അവസാനം  ഈജിപ്തിലെ ‘ഷാം ഇൽ ഷെയ്ക്കി’ൽ വെച്ചുനടന്ന യു.എൻ. കാലാവസ്ഥാ ഫ്രെയിംവർക്ക് കക്ഷികളുടെ കോൺഫറൻസിൽ (COP-27) ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെപ്പോലെ വളരെ വൈകിമാത്രം വികസനത്തിന്റെ പാതയിലേക്കുവന്ന രാജ്യങ്ങളെയും   ഉത്തരവാദികളാക്കാൻ കാര്യമായ ശ്രമം നടന്നു. ചരിത്രപരമായി നോക്കിയാൽ  ആഗോളതാപനത്തിന്റെ ഉത്തരവാദിത്തം  മുതലാളിത്ത രാജ്യങ്ങൾക്ക് മാത്രമാണ്. സമ്പന്ന രാഷ്ട്രങ്ങൾ സാങ്കേതികവിദ്യയുടെയും ഫണ്ടിന്റെയും ലഭ്യത വർധിപ്പിക്കാതെ ലഘൂകരണ പ്രവൃത്തികളിലൂടെ (mitigation) കാലാവസ്ഥാ ലക്ഷ്യങ്ങൾ പരിഷ്കരിക്കാൻ തങ്ങളെ പ്രേരിപ്പിക്കുമെന്ന ആശങ്ക വികസ്വര രാജ്യങ്ങൾക്കുണ്ടായിരുന്നു.  കാലാവസ്ഥാനീതി പോലുള്ള കാര്യങ്ങൾ പരിഗണിക്കാതെ കാർബൺ ഡയോക്സൈഡ്  ഏറ്റവുമധികം പുറന്തള്ളുന്ന ആദ്യ 20 രാജ്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ ശ്രമം മറ്റ് വികസ്വര രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ തടഞ്ഞു.

യു.എൻ.പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി.) പുറത്തിറക്കിയ ‘എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് 2022: ദി ക്ലോസിംഗ് വിൻഡോ’3 കാണിക്കുന്നത് 1850മുതൽ 2019വരെയുള്ള ചരിത്രപരമായ കാർബൺ പുറന്തള്ളലിൽ,  ഏറ്റവുമധികം ഉത്തരവാദിത്തം യു.എസ്.എ.യ്ക്ക് തന്നെയെന്നാണ്. ലോക ജനസംഖ്യയിൽ വെറും 4 ശതമാനം മാത്രമുള്ള അവർ 25 ശതമാനം ആഗോളതാപനത്തിന് ഉത്തരവാദിയാണ്. രണ്ടാം സ്ഥാനത്ത് 17 ശതമാനവുമായി 27രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ  യൂറോപ്യൻ യൂണിയനാണ്.  ചൈന 13ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്ത് റഷ്യ,  7 ശതമാനം. അതേസമയം ലോകജനസംഖ്യയുടെ 18ശതമാനം അധിവസിക്കുന്ന ഇന്ത്യയുടെ ബാധ്യത വെറും 3ശതമാനം മാത്രമാണ്. തീരെ അവികസിതമായ രാജ്യങ്ങൾ (LDCs) എല്ലാം കൂടി 0.5 ശതമാനം മാത്രവും.

ഇതോടൊപ്പം ഏറ്റവും പുതിയ കാർബൺ എമിഷൻ സ്ഥിതിവിവരം (2022) കൂടി നോക്കാം.  യു.എൻ.ഇ.പി പുറത്തിറക്കിയ ‘എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് 2023: ബ്രോക്കൻ റെക്കോർഡ് ’4 പ്രകാരം ആകെ കാർബൺ ഉൽസർജനത്തിൽ ലോക ജനസംഖ്യയുടെ 17ശതമാനം അധിവസിക്കുന്ന ചൈനയാണ് ഒന്നാം സ്ഥാനത്ത്. 30ശതമാനം. എന്നാൽ 4ശതമാനം ജനങ്ങൾ  മാത്രമുള്ള യു. എസ്.  11 ശതമാനം ഉൽസർജനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ചൈനയേക്കാൾ ജനസംഖ്യയുള്ള ഇന്ത്യ (18%), 7ശതമാനം ഉൽസർജനവുമായി മൂന്നാം സ്ഥാനത്ത് വരുന്നു എന്നുള്ളതുകൊണ്ട് മാത്രം നമ്മുടെ ഉത്തരവാദിത്തം കൂടുന്നില്ല.

ലോക ജനസംഖ്യയുടെ വെറും 6 ശതമാനംമാത്രം അധിവസിക്കുന്ന 27രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ  യൂറോപ്യൻ യൂണിയന്റെ പങ്കും 7ശതമാനം തന്നെ.   1850മുതൽ 2019വരെയുള്ള ചരിത്രപരമായ കാർബൺ പുറന്തള്ളലിൽ തീരെ അവികസിതമായ 49രാഷ്ട്രങ്ങളുടെ പങ്ക്  0.5 ശതമാനം മാത്രമാണ്. എന്നാൽ 2022ലെ കണക്കിൽ അവരുടെ പങ്ക് 3 ശതമാനമാണ്. അവികസിതരാഷ്ട്രങ്ങളുടെ കാർബൺ ഉൽസർജനം കൂടിവരുന്നു എന്നുള്ളതാണ് മുതലാളിത്ത രാജ്യങ്ങളുടെ നെഞ്ചിടിപ്പിക്കുന്നത്. അവികസിതരാജ്യങ്ങളുടെ വികസനം പരമാവധി തടയാനുള്ള ശ്രമമാണ് ഇതിന്റെ മറവിൽ നടക്കുന്നത്. അതുകൊണ്ടാണ്, കാലാവസ്ഥാനീതി പരിഗണിക്കുമ്പോൾ രാജ്യങ്ങളുടെ ആകെ കാർബൺ ഉൽസർജനം മാത്രമല്ല, പ്രതിശീർഷ ഉൽസർജനവും വിലയിരുത്തണം എന്നുപറയുന്നത്.

പ്രതിശീർഷ ഉൽസർജനത്തിലെ ഭീമമായ അന്തരം 

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി.) അംഗീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുപ്രകാരം 2022ൽ ലോകത്താകെയുള്ള പ്രതിശീർഷ ഹരിതഗൃഹവാതക ഉത്സർജനം  6.8 ടൺ (CO2e)ആണ്5. അതേസമയം, യു. എസ്. എ. യുടേത് 17.9 ടൺ, ചൈന 11 ടൺ, യൂറോപ്യൻ  യൂണിയൻ 8.1 ടൺ  എന്നിങ്ങനെയാണ്. റഷ്യ (18  ടൺ), കാനഡ (19.8 ടൺ), ആസ്ത്രേലിയ (22 ടൺ) എന്നീ രാജ്യങ്ങളും മോശമല്ല.  ഇക്കാലയളവിൽ, ഇന്ത്യയുടെ  പ്രതിശീർഷ കാർബൺ പുറന്തള്ളൽ (CO2e)  2.8ടൺ മാത്രമാണ്. ഇന്ത്യ അവകാശപ്പെടുന്നതുപോലെ, ലോകം മുഴുവൻ ഇന്ത്യക്കാരുടെ പ്രതിശീർഷ കാർബൺ എമിഷനിലേക്കെത്തിയാൽ മിക്ക കാലാവസ്ഥാ കുഴപ്പങ്ങളും വരുതിയിൽ നില്ക്കും. അതായത്,  താപനില വർദ്ധനവ് 1.5 ഡിഗ്രിക്ക് താഴെയായി നിൽക്കും.  ആഗോള പ്രതിശീർഷ  ശരാശരി എമിഷൻ 6.8ടണ്ണിൽനിന്ന് 4ടണ്ണിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ലോക രാജ്യങ്ങൾ നടത്തുന്നത് എന്നുകൂടി നാം ഓർക്കണം.

സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ ആഡംബരപൂർണമായ ജീവിതശൈലി മാറ്റാൻ തയ്യാറല്ല. പകരം, മറ്റ് ദരിദ്രരാജ്യങ്ങളിൽ ചെലവുകുറഞ്ഞ ലഘുവായ ബദലുകൾ തിരഞ്ഞു കൊണ്ടിരിക്കയാണ്. പാവപ്പെട്ട രാജ്യങ്ങളെക്കൊണ്ട് ലഘൂകരണത്തിന്റെ (mitigation)  കാര്യം പറഞ്ഞു പേടിപ്പിച്ചും ‘കാർബൺ ക്രെഡിറ്റ് ’ കൊണ്ടുവന്നു പിഴിയാൻ പറ്റുമോ എന്നുമാണ് ഇപ്പോഴും നോട്ടം. ഇത്തരം ഗ്രീൻ വാഷിംഗ് (green washing) കൊണ്ട് ആർക്കാണ് പ്രയോജനം? (ഒരു ഉൽപ്പന്നത്തിന്റെയോ പ്രയോഗത്തിന്റെയോ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ നടത്തുന്ന പ്രവർത്തനമാണ് ഗ്രീൻവാഷിംഗ്). ഐക്യരാഷ്ട്രസഭ ഗ്രീൻ വാഷിംഗിനെതിരെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്6.

അതിജീവന ഉൽസർജനവും ആഡംബര ഉൽസർജനവും 

കാർബൺ ഉൽസർജനം തീർത്തും ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല. മനുഷ്യ പ്രവൃത്തികളിൽ അതിജീവനത്തിനു വേണ്ടിയുള്ള നടത്തുന്ന പ്രവർത്തനങ്ങൾ കാരണമായും  ഉൽസർജനം നടക്കും. ഇവയെ വേറിട്ടുകാണുന്നതിനാണ് അതിജീവനഉൽസർജനം (survival emission), ആഡംബരഉൽസർജനം (luxury emission) എന്നീ പ്രയോഗങ്ങൾ ഉയർന്നു വന്നിട്ടുള്ളത്. ഇന്ത്യയുടെ വാദം അടിസ്ഥാനപരമായി ഇന്ത്യയിലെ കാർബൺ ഉൽസർജനം ‘അതിജീവന ഉൽസർജന’മാണെന്നും പാശ്ചാത്യരുടെ കാര്യത്തിലെന്നപോലെ ‘ആഡംബര ഉൽസർജന’മല്ലെന്നുമാണ്.  ഫലപ്രദമായ ബദലുകൾ കാണാതെ തങ്ങൾക്കിത് ഒഴിവാക്കാൻ കഴിയില്ല. ഇത് തികച്ചും ശരിയായ നിലപാടാണ്. ഉദാഹരണത്തിന്, പാശ്ചാത്യരുടെ വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷിയും കന്നുകാലി വളർത്തലുമൊക്കെ ‘ആഡംബരഉൽസർജന’മാണ് നടത്തുന്നത്.

ഇതുമായി ഇന്ത്യാക്കാരന്റെ അതിജീവനത്തിനുവേണ്ടിയുള്ള ചെറുകിടകൃഷിയെയും കന്നുകാലി വളർത്തലിനെയും താരതമ്യം ചെയ്യാനാവില്ല. സമ്പന്നരാഷ്ട്രങ്ങൾ അവരുടെ ആഡംബരഎമിഷനുകൾ കുറയ്ക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാതെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളോട് അതിജീവനഎമിഷനുകൾ ഉടൻ കുറയ്ക്കാൻ അവശ്യപ്പെടുന്നത് എങ്ങിനെ നീതീകരിക്കാനാവും?

ഹരിതഗൃഹവാതകങ്ങൾ (ജി.എച്ച്.ജികൾ) ഉണ്ടാകുന്നത്, സ്വാഭാവികമായ പ്രവർത്തനങ്ങൾ വഴിയും, മാനുഷികമായ ഇടപെടലിന്റെ ഫലമായുമാണ്. രണ്ടാമത് പറഞ്ഞതിലാണ് അതിജീവന ഉൽസർജനവും ആഡംബര ഉൽസർജനവും ഉൾപ്പെടുക.  ആഗോളതാപനം പ്രാദേശികമായി സംഭവിക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൽ ആഡംബര എമിഷനുകൾ  നടത്തുന്ന രാഷ്ട്രങ്ങൾക്കുതന്നെയാണ് ഏറ്റവുമധികം ഉത്തരവാദിത്തം. ജി.എച്ച്.ജികൾ ആഗോളതലത്തിൽ അന്തരീക്ഷത്തിൽ കൂടിച്ചേരുന്നതിനാൽ, അവ കൃത്യമായി എവിടെയാണ് കുറയുന്നത് എന്നത് പ്രശ്നമല്ല. അവ എവിടെയും കുറയ്ക്കുന്നത് ഗുണകരമാണ്. പക്ഷേ, ലോകത്തിലെ പ്രധാന ഹരിതഗൃഹവാതകസൃഷ്ടാക്കൾ നേരെയാകാതെ കുറച്ച് പാവപ്പെട്ട രാജ്യങ്ങളുടെ വികസനസ്വപ്നങ്ങളെ തച്ചുടച്ചതുകൊണ്ടുമാത്രം ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.

ആഗോളതാപനത്തെ അതിജീവിക്കാൻ മാർഗ്ഗങ്ങളുണ്ട്  

ആഗോളതാപനത്തെ അതിജീവിക്കാൻ എന്താണ് മർഗ്ഗങ്ങൾ? വാചകമടിയിൽനിന്ന് കാര്യത്തിലേക്ക് വരികയും ഉത്തരവാദിത്തങ്ങൾ സമയബന്ധിതമായി രാജ്യങ്ങൾ നിറവേറ്റുകയും ചെയ്യണം. ആഗോള താപനത്തെ വരുതിയിൽ നിർത്താൻ ലോകത്തിന് എന്തൊക്കെ ചെയ്യാനാവും? അഞ്ചു കാര്യങ്ങളാണ് വിദഗ്ധർ  മുമ്പോട്ടു വെക്കുന്നത്.

 1. പൊരുത്തപ്പെടൽ (adaptation)
 2. ലഘൂകരണം (mitigation)
 3. പണം മുടക്കൽ (finance)
 4. സാങ്കേതികവിദ്യയുടെ കൈമാറ്റം (technology transfer)
 5. ശേഷീനിർമ്മാണം (capacity building)

മേൽപ്പറഞ്ഞവയിൽ ആദ്യത്തെ രണ്ടുമാണ് ഏറ്റവും പ്രധാനം. പൊരുത്തപ്പെടലും (climate adaptation), ലഘൂകരണവും (climate mitigation).  മറ്റുള്ളവ ഇവ നടപ്പിലാക്കാനുള്ള അനുസാരികൾ മാത്രമാണ്. കാലം തെറ്റിവരുന്ന മഴ, വെള്ളപ്പൊക്കം, വരൾച്ച, എന്നിവയെ നേരിടുന്നതിന് ദരിദ്രരാജ്യങ്ങൾക്ക് കോടിക്കണക്കിന് തുക  പൊരുത്തപ്പെടലിന്റെ ഭാഗമായി ചെലവഴിക്കേണ്ടിവരും. അതിനിടയിൽ അവരോടു  കാർബൺ ലഘൂകരണംകൂടി ഉടൻ ചെയ്യണമെന്ന് പറയുന്നത് നീതിയല്ല. പകരം,  ഇതിനൊക്കെയുള്ള സാമ്പത്തിക സഹായം, സാങ്കേതികവിദ്യ, ശേഷീനിർമ്മാണം എന്നിവയിൽ കയ്യയച്ച് സഹായിക്കുകയാണ് വേണ്ടത്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലിന് ലഘൂകരണത്തെക്കാൾ  പ്രാധാന്യം കൊടുക്കേണ്ടിവരും. ജനസാമാന്യത്തിന് അടച്ചുറപ്പുള്ള വീട് വേണം, റോഡ് വേണം, ഊർജ്ജം വേണം. ഇതൊന്നും ലഘൂകരണം വഴി നേടാവുന്നതല്ല. ഇന്ത്യ (കേരളവും) കൂടുതൽ ഊന്നൽ നൽകേണ്ടത് ലഘൂകരണത്തിനല്ല (mitigation) മറിച്ച് പൊരുത്തപ്പെടലിന് (adaptation) തന്നെയാണ്.

ചരിത്രപരമായി കാലാവസ്ഥാമാറ്റത്തിന്  ഉത്തരവാദികളായ സമ്പന്നരാജ്യങ്ങൾ ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിച്ച് 2050 ഓടെ ‘നെറ്റ് സീറോ’ ആക്കി മാതൃക കാണിക്കുകയാണ് വേണ്ടത്. വികസ്വരരാജ്യമായ ഇന്ത്യ 2050ൽ നെറ്റ് സീറോയുമായി പോയി നല്ലപിള്ള ചമഞ്ഞാലുള്ള അപകടം MoEFCC യിലെ ചില വിദഗ്ധർക്ക് മനസ്സിലായതുകൊണ്ട് 2070 ആയി അത് നീട്ടിക്കിട്ടിയിട്ടുണ്ട്. ഇത് ശരിയായ തീരുമാനംതന്നെയാണ്. ഇന്ത്യയുടെ ജനസംഖ്യ ചൈനയെ കടത്തി വെട്ടിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ 141 കോടിയെന്നാണ് മതിപ്പ്.  ഇത് 2050 ൽ 167 കോടിയാകുമെന്ന് കരുതേണ്ടിയിരിക്കുന്നു.  അതായത് ഭക്ഷ്യോൽപ്പാദനവും മറ്റും  വർധിപ്പിക്കേണ്ടി വരും.

2021ൽ ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ കോൺഫറൻസിൽ (COP 26) പ്രധാന ഫോസ്സിൽ ഇന്ധനമായ പെട്രോളിയത്തിന്റെ  കാര്യം മിണ്ടാതെ ഇന്ത്യയെക്കൊണ്ട്  കൽക്കരിയുടെ ഉപയോഗം  ഇല്ലാതാക്കുക (phase out)എന്ന തീരുമാനമെടുപ്പിക്കാൻ കുറേ സമ്മർദ്ദമുണ്ടായി. അവസാനം കൽക്കരിയുടെ ‘ഉപയോഗം കുറച്ചു കൊണ്ടുവരിക’ (phase down) എന്നതിന് ഇന്ത്യ സമ്മതിച്ചു. ചെറിയൊരു മാറ്റമാണെങ്കിലും അത് നല്കുന്ന സന്ദേശം വലുതാണ്. ഇന്ത്യയുടെ 70 ശതമാനത്തിലധികം വരുന്ന വൈദ്യുതി കൽക്കരിയിൽ നിന്നായിരിക്കെ  ഫലപ്രദമായ ബദലുകൾ കാണാതെ കൽക്കരി പൂർണമായി ഉപേക്ഷിക്കാൻ ഇന്ത്യയ്ക്കാവില്ല.

ദുബായിയിൽവെച്ച് നടന്ന 2023 ലെ COP28ൽ കൽക്കരിയോടൊപ്പം പെട്രോളിയവും  ചേർത്ത് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ക്രമേണ കുറച്ചുകൊണ്ട് വരണം’ (phase away) എന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി നിർത്തണം’ (phase out) എന്ന വാക്കായിരുന്നു വേണ്ടിയിരുന്നത് എന്ന് അഭിപ്രായമുള്ള രാജ്യങ്ങളും  ഉണ്ടായിരുന്നു. സ്വാഭാവികമായും ഒപെക് രാജ്യങ്ങങ്ങളാണ്  ‘phase out’ ന് എതിരെ നിലയുറപ്പിച്ചത്.    ഊർജോല്പാദനത്തിന്  കൽക്കരിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരണം’ (phase down) എന്ന സമീപനമാണ് സ്വീകരിച്ചത്. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് പടിപടിയായി മാറുക എന്നതുമാത്രമാണ് പ്രതിവിധി.   പരിവർത്തന ഇന്ധനം (transitional fuel) ആയി പ്രകൃതിവാതകം ഉപയോഗിക്കുക എന്ന നിർദ്ദേശവും ഉയർന്നുവന്നു. പെട്രോൾ, കൽക്കരി എന്നിവയെക്കാൾ ഭേദം  പ്രകൃതിവാതകം തന്നെയാണ്. ഇതിൽ അതിശയകരമായി തോന്നിയത് കാലാവസ്ഥാ മാറ്റത്തിന് ചരിത്രപരമായി കാരണക്കാരായ വികസിത രാഷ്ട്രങ്ങൾ, അതായത്, യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടെയുള്ള പാശ്ചാത്യ മഹാശക്തികളെല്ലാം ഫോസിൽ ഇന്ധനങ്ങൾ ‘phase out’ ചെയ്യണമെന്ന അവശ്യമുന്നയിച്ചവരെ പിന്തുണച്ചു എന്നതാണ്. ഒന്നും കാണാതെ അവരിത് ചെയ്യുമെന്ന് തോന്നുന്നില്ല. അവർക്കു നന്നായറിയാം, OPEC രാജ്യങ്ങൾ, ചൈന, ഇന്ത്യ എന്നിവർ ‘phase out’ ന് സമ്മതിക്കാൻ സാധ്യതയില്ലെന്ന്. ഒന്നുകിൽ നല്ലപിള്ള ചമയാൻ നോക്കുന്നതാവും, അല്ലെങ്കിൽ കിടിലൻ ബദലുകൾ കണ്ടുപിടിച്ചു വെച്ചിട്ടുണ്ടാകും.

ഒരു കാര്യം ഉറപ്പാണ്, ഫോസിൽ ഇന്ധനങ്ങളായ പെട്രോളിയം, കൽക്കരി എന്നിവയെ   ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവന്നു നിർത്തുകയല്ലാതെ പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാവില്ല. ഫോസിൽ ഇന്ധനനങ്ങളെ പാടേ ഉപേക്ഷിക്കണമെങ്കിൽ ശുദ്ധമായ ബദൽ ഇന്ധനങ്ങൾ കൈവശമുണ്ടായിരിക്കണം. എല്ലാവരും ഉറ്റുനോക്കുന്ന ഇന്ധനം ഹരിത ഹൈഡ്രജനാണ്.   ചെലവുകുറഞ്ഞ സാങ്കേതികവിദ്യയും അതിന്റെ കൈമാറ്റവും  (technology transfer) ഇക്കാര്യത്തിൽ  സുപ്രധാനമാണ്, അതോടൊപ്പം ശേഷീനിർമ്മാണവും.

വൈകിയെങ്കിലും നാശ-നഷ്ട നിധി യാഥാർത്ഥ്യമായി?

ആഗോളതാപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് വിഭവദാരിദ്ര്യമനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് വൻതോതിൽ പണം ചെലവഴിക്കേണ്ടിവരും. കാലാവസ്ഥാ ഫ്രയിംവർക്ക് കൺവെൻഷനുകീഴിൽ അനെക്സ്-II പാർട്ടികൾ എന്നറിയപ്പെടുന്ന യു. എസ്, യു. കെ, ജപ്പാൻ    പോലുള്ള വികസിതരാജ്യങ്ങൾ വികസ്വരരാജ്യങ്ങളെ ഉത്സർജനം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂലഫലങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനും സാമ്പത്തികസഹായം നൽകാൻ ബാധ്യസ്ഥരാണ്. ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല.  സമ്മർദ്ദങ്ങൾക്കൊടുവിൽ  ദുബായിയിൽവെച്ച് നടന്ന  COP28ൽ  ദുർബലരാജ്യങ്ങളെ സഹായിക്കുന്നതിന്  ‘നാശ-നഷ്ട നിധി’ (loss and damage funds) നിധി രൂപീകൃതമായി.

‘നാശവും നഷ്ടവും’ എന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു. മനുഷ്യജീവന്റെ നഷ്ടം, അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ, വസ്തുവകകളുടെയും വിളകളുടെയും നഷ്ടം, അതുപോലെതന്നെ ആവാസവ്യവസ്ഥയുടെ തകർച്ച എന്നിങ്ങനെയുള്ള ആഘാതങ്ങളുടെ ഒരു ശ്രേണിയെയാണ് നാശ-നഷ്ടങ്ങൾ (loss and damage) എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.

‘നാശ-നഷ്ടനിധി’ വികസിത രാജ്യങ്ങളുടെ ഔദാര്യമൊന്നുമല്ല. കാലാവസ്ഥാമാറ്റത്തിന് യഥാർഥ ഉത്തരവാദികളായ വികസിത രാജ്യങ്ങൾ, അതിൽ പങ്കാളികൾ അല്ലാതിരുന്നിട്ടും പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന ദുർബലരാജ്യങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരമായാണ് മേൽപ്പറഞ്ഞ  നാശ-നഷ്ടനിധി വിഭാവനം ചെയ്തിട്ടുള്ളത്. ദുർബല രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ദൂരീകരിച്ച് പൊരുത്തപ്പെട്ടു പോകണമെങ്കിൽ പ്രതിവർഷം 21,500 മുതൽ 38,700 കോടി ഡോളർ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്ക്.7 എന്നാൽ, കാലാവസ്ഥാമാറ്റത്തിന്റെ യഥാർത്ഥ ഉത്തരവാദികളായ വികസിത രാജ്യങ്ങളെല്ലാംകൂടി  വാഗ്ദാനം ചെയ്തിരിക്കുന്നത് ഏകദേശം 70 കോടി ഡോളർ മാത്രമാണ്! എങ്കിലും, ഇങ്ങനെയൊരു നിധി ഉണ്ടാവുകയും പ്രവർത്തനം തുടങ്ങി എന്നതും ഏറെ പ്രതീക്ഷ നല്കുന്ന ഒന്നാണ്.  കാലക്രമത്തിൽ കൂടുതൽ ഫണ്ട് ഈ നിധിയിലേക്ക് വന്നുചേരുമെന്നും വികസ്വരരാഷ്ട്രങ്ങൾക്ക്  ആഗോളതാപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിനായുള്ള പൊരുത്തപ്പെടൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനാവുമെന്നും പ്രതീക്ഷിക്കാം.

അധിക വായനയ്ക്ക്

 1. OCHA [UN Office for the Coordination of Humanitarian Affairs] 2023. In Review: Climate disasters claimed 12,000 lives globally in 2023. https://reliefweb.int/report/world/2023-review-climate-disasters-claimed-12000-lives-globally-2023
 2. World Inequality Database 2023.  World Inequality Report 2022. https://wir2022.wid.world/
 3. UNEP 2022. Emissions Gap Report 2022: The Closing Window: https://www.unep.org/resources/emissions-gap-report-2022
 4. UNEP  2023. Emissions Gap Report 2023: Broken Record – Temperatures hit new highs, yet world fails to cut emissions (again): https://www.unep.org/resources/emissions-gap-report-2023
 5. Crippa et al. 2023. GHG per capita emissions. https://edgar.jrc.ec.europa.eu/report_2023?vis=ghgpop#emissions_table
 6. United Nations 2024. Greenwashing – the deceptive tactics behind environmental claims. https://www.un.org/en/climatechange/science/climate-issues/greenwashing
 7. UNEP 2023. Adaptation Gap Report 2023: Underfinanced. Underprepared. https://www.unep.org/resources/adaptation-gap-report-2023

അനുബന്ധ ലൂക്ക ലേഖനങ്ങൾ

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ
Next post 2024 ഏപ്രിൽ മാസത്തെ ആകാശം
Close