Read Time:23 Minute

ഡോ.ശ്രീനിധി കെ.എസ്. എഴുതുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും വാർത്തകളും വിശകലനം ചെയ്യുന്ന പംക്തി.

പോഡ്കാസ്റ്റ് അവതരണം : അശ്വതി കെ.

കേൾക്കാം

എന്താണ് COP 28 ?

COP28 എന്തെന്ന് അറിയണമെങ്കിൽ ആദ്യം UNFCCC എന്തെന്ന് അറിയേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാൻ വേണ്ടി രൂപീകരിച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് United Nations Framework Convention on Climate Change  (UNFCCC). 1994 മാർച്ച് 21ന് ആണ് UNFCCC നിലവിൽ വന്നത്. UNFCCC യിൽ അംഗമായ രാജ്യങ്ങളെ Parties to the Convention എന്ന് വിളിക്കുന്നു. വർഷം തോറും ഈ അംഗരാജ്യങ്ങൾ ഏതെങ്കിലും ഒരു രാജ്യത്ത് ഒത്തു കൂടി കാലാവസ്ഥാമാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഈ സമ്മേളനത്തെയാണ് Conference of the Parties അഥവാ COP എന്ന് വിളിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ നടപടികൾ ചർച്ച ചെയ്ത് കൈക്കൊള്ളുന്നതിനും വേണ്ടി ആണ് ഈ സമ്മേളനങ്ങൾ. കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സമ്മേളനങ്ങൾ ആണ് COP സമ്മേളനങ്ങൾ. വിവിധ രാജ്യങ്ങളുടെയും ആഗോളതലത്തിൽ കൂട്ടായും ഉള്ള കാലാവസ്ഥാപ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചകളും രൂപരേഖകളും ഉടമ്പടികളും എല്ലാം ഉണ്ടാകുന്നത് പ്രധാനമായും COP സമ്മേളനങ്ങളിൽ ആണ്. ഇതിനു മുൻപ് 21ആം COP സമ്മേളനത്തിൽ (COP21) ആണ് സുപ്രധാനമായ പാരീസ് ഉടമ്പടി അംഗീകരിക്കപ്പെട്ടത്.  ഇത്തരത്തിൽ ഇരുപത്തിയെട്ടാമത്തെ സമ്മേളനം ആണ് (COP28)  ഇക്കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 12 വരെ യു.എ.ഇ.യിൽ വച്ച് നടന്നത്. നിലവിൽ UNFCCC അംഗങ്ങളായ 199 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആണ് COP28ൽ പങ്കെടുത്തത്. ഈ രാജ്യങ്ങളിലെ ഭരണാധികാരികൾ, നയതന്ത്രവിദഗ്ധർ മറ്റ് ഉദ്യോഗസ്ഥർ ഒക്കെ ആണ് പ്രതിനിധിസംഘങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനു പുറമെ സർക്കാരിതരസംഘടനകൾ, പരിസ്ഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ഗവേഷകർ തുടങ്ങിയവർ എല്ലാം ചേർന്ന് എൺപത്തിഅയ്യായിരത്തോളം ആളുകൾ COP28ൽ പങ്കെടുത്തിരുന്നു.

വിവാദങ്ങൾ 

ആഗോളതലത്തിൽ തന്നെ പ്രധാന ഫോസിൽ ഇന്ധന ഉൽപ്പാദകരിൽ ഒന്നായ യു.എ.ഇ. COP28ന് ആതിഥേയത്വം വഹിക്കുന്നത്‌ തുടക്കം മുതൽ തന്നെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ADNOCന്റെ തലവൻ കൂടി ആയ യു.എ.ഇ മന്ത്രി സുൽത്താൻ അൽ ജാബറിനെ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആയി നിയമിച്ചത് കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി. സമ്മേളനത്തിന്റെ ആത്യന്തികലക്ഷ്യവുമായി ഇത് ചേർന്നു പോകില്ലെന്ന് ആയിരുന്നു പരാതി. സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ ചില പ്രസ്താവനകൾ കൂടുതൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയാണ് ഉണ്ടായത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടം ആയി കുറക്കുന്നത് (fossil fuel phase-out) കാലാവസ്ഥാമാറ്റത്തെ ചെറുക്കാൻ സഹായിക്കും എന്നതിന് ശാസ്ത്രീയ അടിത്തറ ഒന്നും ഇല്ലെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇത് സുസ്ഥിരവികസനത്തിനു സഹായിക്കുന്നതിന് പകരം ഗുഹായുഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുക എന്നും അദ്ദേഹം പ്രസ്താവിച്ചു. കാലാവസ്ഥാമാറ്റം സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സമ്മേളനത്തിൽ, സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയത് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതിപ്രവർത്തകരുടെയും ഇടയിൽ വലിയ പ്രതിഷേധം ആണ് സൃഷ്ടിച്ചത്. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നും താൻ ശാസ്ത്രത്തെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആൾ ആണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

ഗ്ലോബൽ സ്റ്റോക്ടേക്ക് (Global Stocktake-GST)

COP28 ന്റെ പ്രധാന പ്രത്യേകത, സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒന്നാം ഗ്ലോബൽ സ്റ്റോക്ടേക്ക്  (Global Stocktake) ആയിരുന്നു. പാരീസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആഗോളശ്രമങ്ങളുടെ അവലോകനമാണ് ഗ്ലോബൽ സ്റ്റോക്ടേക്ക് അഥവാ GST. കാലാവസ്ഥാ സംരക്ഷണപ്രവർത്തനത്തിൽ ലോകം എവിടെ എത്തി നിൽക്കുന്നു എന്നും എന്തെല്ലാം വിടവുകൾ ഉണ്ട് എന്നും പ്രവർത്തനങ്ങൾ എങ്ങനെ കൂടുതൽ വേഗവും ഫലപ്രദവും ആക്കാം എന്നും കണ്ടെത്താൻ വേണ്ടി ആണ് ഈ അവലോകനം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗവണ്മെന്റുകളുടെയും നയരൂപീകരണം നടത്തുന്നവരുടെയും ശാസ്ത്രജ്ഞരുടെയും എല്ലാം കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും. 2015 ലെ പാരീസ് ഉടമ്പടിക്ക് ശേഷം ആദ്യമായി ഗ്ലോബൽ സ്റ്റോക്ക്ടേക്ക് നടക്കുന്നത് COP28ൽ ആണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഗ്ലോബൽ സ്റ്റോക്ക്ടേക്ക് നടത്താൻ ആണ് തീരുമാനിച്ചിട്ടുള്ളത്.

COP28 സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട് ആണ് ഗ്ലോബൽ സ്റ്റോക്ടേക്ക് ഡ്രാഫ്റ്റ് (GST Draft) എന്ന് അറിയപ്പെടുന്ന റിപ്പോർട്. സമ്മേളനത്തിനിടയിൽ പല ഘട്ടങ്ങളിൽ ആയി ഈ രേഖയുടെ പല പതിപ്പുകൾ പുറത്തു വിടുകയും അവയിലെ ന്യൂനതകളും പഴുതുകളും സംബന്ധിച്ച്  ചർച്ചകളും പ്രതിഷേധങ്ങളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് പരിഷ്കരിച്ച റിപ്പോർട്ടിന്റെ അവസാനത്തെ രൂപം സമ്മേളനം കഴിഞ്ഞ് അടുത്ത ദിവസം (ഡിസംബർ 13) പുറത്തു വിടുകയും സമാപനയോഗത്തിൽ അംഗീകരിക്കുകയും ചെയ്തു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2019ലേത് അപേക്ഷിച്ചു 2030ഓടെ 43 ശതമാനവും 2035ഓടെ 60 ശതമാനവും കുറക്കേണ്ടത് അത്യാവശ്യമാണെന്ന് ഡ്രാഫ്റ്റിൽ സൂചിപ്പിക്കുന്നു. ‘ഫോസിൽ ഇന്ധനത്തിൽ നിന്നുള്ള മാറ്റം (transition away from fossil fuels) സാധ്യമാക്കാൻ വേണ്ടി എട്ട് ഘട്ടങ്ങൾ അടങ്ങിയ ഒരു പദ്ധതി ഡ്രാഫ്റ്റിൽ വിശദീകരിക്കുന്നുണ്ട്. മുൻ പതിപ്പുകളെ അപേക്ഷിച്ചു ഭാഷയിലും ഘടനയിലും ചില സുപ്രധാന മാറ്റങ്ങൾ ഈ അന്തിമരൂപത്തിൽ വരുത്തിയിട്ടുണ്ട്. എങ്കിലും അന്തിമഡ്രാഫ്റ്റിൽ നില നിൽക്കുന്ന അപാകതകൾ സംബന്ധിച്ച വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ phase-out (ഉപയോഗം ഇല്ലാതാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ അവയുടെ ഉപയോഗം പൂർണ്ണവും ആസൂത്രിതവുമായി കുറച്ചു കൊണ്ടുവരുക) പ്രക്രിയക്ക് പ്രാധാന്യം കൊടുത്തിട്ടില്ല എന്നതാണ് പ്രധാന വിമർശനം. ആഗോളതാപനം 1.5oC ആയി പരിമിതപ്പെടുത്താനുള്ള ലക്ഷ്യത്തിലേക്ക് ഓരോ രാജ്യവും നയിക്കപ്പെടണമെന്ന് ഡ്രാഫ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിനു വേണ്ട കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഡ്രാഫ്റ്റിൽ നൽകിയിട്ടില്ല എന്നാണു കാലാവസ്ഥാപ്രവർത്തകർ വിമർശിക്കുന്നത്. ഗ്ലോബൽ സ്റ്റോക്ക്ടേക്ക് ഡ്രാഫ്റ്റിന്റെ അന്തിമരൂപം ഇവിടെ വായിക്കാം.

നാശനഷ്ടഫണ്ട് (Loss and Damage Fund)

കാലാവസ്ഥാവ്യതിയാനം മൂലം ദുർബലരാജ്യങ്ങളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടാൻ വേണ്ടി വികസിത രാജ്യങ്ങൾ നൽകുന്ന നാശനഷ്ടഫണ്ടിന്റെ (Loss and Damage Fund) രൂപരേഖ ഉണ്ടാക്കി എന്നത് COP28ലെ ഒരു പ്രധാന മുന്നേറ്റം ആയിരുന്നു. വികസിത രാജ്യങ്ങൾ ദുർബലരാജ്യങ്ങൾക്ക് നൽകുന്ന സഹായമോ, വായ്പ്പയോ അല്ല ഈ ഫണ്ട് എന്ന് മനസിലാക്കേണ്ടതുണ്ട്. മറിച്ച്, കാലാവസ്ഥാമാറ്റത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം പേറുന്ന വികസിതരാജ്യങ്ങൾ, അതിൽ പങ്കാളികൾ അല്ലാതിരുന്നിട്ടും പരിണിതഫലങ്ങൾ അനുഭവിക്കുന്ന ദുർബലരാജ്യങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം ആണ് ഇത്. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള വരൾച്ച, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയവയെല്ലാം നേരിടുന്ന ദുർബലരാജ്യങ്ങളിലെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുക. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായുള്ള അവികസിത-വികസ്വര രാജ്യങ്ങളുടെ ശ്രമഫലമായാണ് ഇത്തരം ഒരു ഫണ്ട് സംബന്ധിച്ച പ്രാഥമികതീരുമാനം  COP28ൽ ഉണ്ടായത്.  ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ 108 മില്യൺ ഡോളർ വീതവും, യു.എ.ഇ,, ജർമ്മനി എന്നീ രാജ്യങ്ങൾ 100 മില്യൺ ഡോളർ വീതവും ഫണ്ടിലേക്ക് നൽകുമെനാണ് പറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ ഡെന്മാർക്ക് (50 മില്യൺ), അയർലൻഡ് (27 മില്യൺ) നോർവേ (25 മില്യൺ), കാനഡ (12 മില്യൺ) തുടങ്ങിയ രാജ്യങ്ങളും തുകകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ആകെ സംഭാവന 245 മില്യൺ ഡോളർ ആണ്. ചരിത്രപരമായി ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന, ഏറ്റവും വലിയ എണ്ണ-വാതക ഉൽപ്പാദകർ കൂടിയായ യു.എസ്.  17.5 മില്യൺ ഡോളർ മാത്രമാണ് ഈ ഫണ്ടിലേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നുത് ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിൽ ഏകദേശം 800 മില്യൺ ഡോളർ തുകയാണ് ഫണ്ടിലേക്ക് ലഭിക്കും എന്ന് ധാരണയായിട്ടുള്ളത്. എന്നാൽ വികസ്വരരാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം സംബന്ധിച്ച് ഉണ്ടായിട്ടുള്ള സാമ്പത്തിക, സാമ്പത്തികേതര നഷ്ടങ്ങളുടെ ഒരു  ശതമാനത്തിൽ താഴെ മാത്രമാണ് ഈ തുക എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ദുർബലരാജ്യങ്ങളുടെ നിരന്തരപ്രവർത്തനത്തിന്റെ ഫലമായി നാശനഷ്ടഫണ്ട് സംബന്ധിച്ച തീരുമാനം ഉണ്ടായത് ആശ്വാസം ആണെങ്കിലും, തൃപ്തികരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല എന്നതാണ് വാസ്തവം.

ഇന്ത്യ @ COP 28

കാലാവസ്ഥാനീതി എന്ന ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാടാണ് ഇന്ത്യ COP28ൽ സ്വീകരിച്ചത്. ഉദ്‌ഘാടനയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലും പിന്നീട് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അവതരിപ്പിച്ച രാജ്യത്തിന്റെ ദേശീയപ്രസ്താവനയിലും കാലാവസ്ഥാനീതിയുടെ പ്രാധാന്യം ഉയർത്തി പിടിച്ചിരുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തുല്യതയും കാലാവസ്ഥാ നീതിയുമാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു എന്നും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് വികസിതരാജ്യങ്ങൾ നേതൃത്വം നൽകുമ്പോൾ മാത്രമേ ഇത് ഉറപ്പാക്കാനാകൂ എന്നും ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കൂടെ കാലാവസ്ഥാ സംരക്ഷണപ്രവർത്തനത്തിൽ ഇന്ത്യക്ക് സാധിച്ചിട്ടുള്ള നേട്ടങ്ങൾ ഉയർത്തിക്കാണിക്കുകയും പ്രതീക്ഷകൾ പങ്കു വക്കുകയും ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായുണ്ടായ ഔദ്യോഗികപ്രഖ്യാപനങ്ങളൊന്നും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. 2030-ഓടെ പുനരുപയോഗഊർജ ഉൽപാദനശേഷി മൂന്നിരട്ടിയാക്കാനും കൽക്കരിയിലെ പുതിയ നിക്ഷേപം അവസാനിപ്പിക്കാനും ലക്ഷ്യമിടുന്ന പ്രതിജ്ഞ, ആരോഗ്യമേഖലയിലെ ഹരിതഗൃഹവാതകപുറന്തള്ളൽ കുറക്കാൻ ആഹ്വാനം ചെയ്യുന്ന പ്രഖ്യാപനം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ത്യയെ പോലെ ജനസംഖ്യ കൂടുതൽ ഉള്ള, ദാരിദ്ര്യനിർമ്മാർജ്ജനം ഇപ്പോഴും സാധ്യമായിട്ടില്ലാത്ത രാജ്യത്ത് തീർത്തും അപ്രായോഗികമായ പ്രഖ്യാപനങ്ങൾ ആയത് കൊണ്ടാണ് ഈ വിട്ടുനിൽക്കൽ എന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയുടെ ഔദ്യോഗിക പ്രസ്താവന ഇവിടെ വായിക്കാം

COP28 പ്രഖ്യാപനങ്ങൾ, പ്രതിജ്ഞകൾ 

സുപ്രധാനമായ പത്ത് പ്രഖ്യാപനങ്ങൾ ആണ് COP28ൽ ചർച്ച ചെയ്യുകയും വിവിധ രാജ്യങ്ങൾ ഒപ്പ് വക്കുകയും ചെയ്തത്. സുസ്ഥിരകൃഷി, പ്രതിരോധശേഷിയുള്ള ഭക്ഷ്യസമ്പ്രദായങ്ങൾ, കാലാവസ്ഥാപ്രവർത്തനം എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽ (Declaration on Agriculture, Food and Climate) 158 രാജ്യങ്ങൾ ആണ് നിലവിൽ ഒപ്പ് വച്ചിട്ടുള്ളത്. അതാത് രാജ്യങ്ങളിലെ കാലാവസ്ഥാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ അവിടങ്ങളിലെ കൃഷിയും ഭക്ഷ്യസമ്പ്രദായങ്ങളും ഉൾക്കൊള്ളിക്കുന്നതിനായുള്ള പ്രഖ്യാപനം ആണ് ഇത്. കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനത്തിൽ (Declaration on Climate and Health) 143 രാജ്യങ്ങൾ ഒപ്പ് വച്ച് കഴിഞ്ഞു. ആരോഗ്യ സംവിധാനങ്ങളെ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളതും, കാർബൺ ബഹിർഗമനം കുറഞ്ഞതും, സുസ്ഥിരവും ആയ സംവിധാനങ്ങളാക്കാൻ ഉള്ള നടപടികൾ ആണ് ഈ പ്രഖ്യാപനത്തിന്റെ കാതൽ. ആഗോള പുനരുപയോഗ,ഊർജ്ജ കാര്യക്ഷമത പ്രതിജ്ഞയിൽ (Global Renewables and Energy Efficiency Pledge 130 രാജ്യങ്ങൾ ആണ് ഇതുവരെ പങ്കാളികൾ ആയിട്ടുള്ളത്. 2030-ഓടെ പുനരുപയോഗഊർജ ഉൽപ്പാദനം മൂന്നിരട്ടി ആക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് പ്രതിജ്ഞയിലെ പ്രധാന ഭാഗങ്ങളിൽ ഒന്ന്. ഇതിനു പുറമെ കാലാവസ്ഥാധനകാര്യം, ലിംഗനീതി, സുസ്ഥിര ശീതീകരണ സംവിധാനങ്ങൾ തുടങ്ങിയവയുമായൊക്കെ ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ COP28ന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. ഓരോ പ്രഖ്യാപനങ്ങളുടെയും വിശദാംശങ്ങളും ഏതെല്ലാം രാജ്യങ്ങൾ ഇവയിൽ ഒപ്പ് വച്ചു എന്നും അറിയാനായി സന്ദർശിക്കുക

COP 29 – COP 30

2024ൽ COP29 അസർബൈജാനിൽ വച്ചും , 2025ൽ COP30 ബ്രസീലിൽ വച്ചും നടത്താൻ ആണ് തീരുമാനിച്ചിട്ടുള്ളത്. വരുന്ന രണ്ട് വർഷങ്ങൾ കാലാവസ്ഥാപ്രവർത്തനങ്ങളിൽ സുപ്രധാനമാകും എന്നാണു കരുതുന്നത്. അടുത്ത വർഷത്തേക്ക്, അതായത് COP29 ആകുമ്പോഴേക്കും, കാലാവസ്ഥാപ്രശ്നങ്ങളുടെ തീവ്രതയും അടിയന്തിരതയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുതിയ കാലാവസ്ഥാസാമ്പത്തികലക്ഷ്യം (climate finance goal) സർക്കാരുകൾ രൂപീകരിക്കണം എന്നാണു തീരുമാനിച്ചിട്ടുള്ളത്. COP30 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളും 1.5°C താപനപരിധിയുമായി ചേർന്ന് പോകുന്ന, എല്ലാ ഹരിതഗൃഹ വാതകങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള, സാമ്പത്തികവ്യവസ്ഥയെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, കാലാവസ്ഥാ പ്രവർത്തന പദ്ധതി അഥവാ Nationally Determined Contributions (NDC) തയ്യാറാക്കേണ്ടതുമുണ്ട്.

വാക്ക് : ഫേസ് ഔട്ട്, ഫേസ് ഡൌൺ

ഉപയോഗം പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും ഘട്ടം ഘട്ടം ആയി കുറക്കുന്നതിനെയാണ് ഫേസ്-ഔട്ട് (Phase-out) എന്ന് പറയുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമമായി കുറക്കുന്ന പ്രക്രിയയാണ് ഫേസ് ഡൌൺ (Phase-down). ഫേസ് ഡൗണിൽ നിന്നും ഫേസ് ഔട്ട് വ്യത്യസ്തമാകുന്നത് ഈ പ്രക്രിയയുടെ അന്തിമലക്ഷ്യം എന്താണ് എന്നതിലാണ്. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഫോസിൽ ഇന്ധന ഉപയോഗം ഏകദേശം പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് ഫേസ് ഔട്ട് പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം. എന്നാൽ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, കാലക്രമേണ അതിന്മേൽ ഉള്ള മനുഷ്യരാശിയുടെ ആശ്രിതത്വം കുറയ്ക്കുന്നതിൽ മാത്രമാണ് ഫേസ് ഡൌൺ പ്രക്രിയയുടെ ഊന്നൽ. അത് കൊണ്ട് തന്നെ ഫേസ് ഡൌൺ പ്രക്രിയ ഫേസ് ഔട്ടിനെക്കാൾ കുറച്ചുകൂടി സാവധാനത്തിൽ ഉള്ള ഒന്നാണ്. ഫോസിൽ ഇന്ധനങ്ങൾ ഫേസ് ഔട്ട് ചെയ്യണോ അതോ ഫേസ് ഡൌൺ ചെയ്യണോ എന്ന തർക്കം കുറെ കാലമായി നിലവിൽ ഉണ്ട്. ഫേസ് ഔട്ട് പ്രക്രിയ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനംത്തിനു പെട്ടെന്ന് തടയിടാൻ കൂടുതൽ ഫലപ്രദമായിരിക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിലും ഉപയോഗത്തിലും വലിയ രീതിയിൽ ആശ്രയിച്ചു നിലനിൽക്കുന്ന രാജ്യങ്ങളിൽ ഫേസ് ഔട്ട് പ്രക്രിയ പ്രാവർത്തികമല്ല, അത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.

അനുബന്ധ ലൂക്ക ലേഖനങ്ങൾ

  1. COP28: വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവ്
  2. COP-28 – കാലാവസ്ഥാ ഉച്ചകോടിയുടെ ഇരുപത്തെട്ടാം സമ്മേളനം
  3. Mock COP 28
കോഴ്സ് പേജ് സന്ദർശിക്കാം
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “Polar Bear 2 – COP 28 ൽ സംഭവിച്ചത്

Leave a Reply

Previous post ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം
Next post COP28: വാക്കും പ്രവൃത്തിയും തമ്മിലുള്ള വലിയ വിടവ്
Close