Read Time:10 Minute
ആഗോള താപനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ആർക്ക് ?

ഈയിടെ ഈജിപ്തിൽ നടന്ന COP-27 ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമെന്ന് കരുതുന്നു. ആഗോളതാപനവും കാലാവസ്ഥാ മാറ്റവും യാഥാർഥ്യങ്ങളാണ്. ആരാണ് ഇതിന്റെ ഉത്തരവാദികൾ? COP-27 ൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെപ്പോലെ വളരെ വൈകി മാത്രം വികസനത്തിന്റെ പാതയിലേക്ക് വന്ന രാജ്യങ്ങളെയും ഉത്തരവാദികളാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടന്നു.

ആഗോളതാപനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം (historical polluters) സമ്പന്ന രാജ്യങ്ങൾക്കു തന്നെ! മറ്റ് കാര്യങ്ങൾ പരിഗണിക്കാതെ കാർബൺ ഡൈ ഓക്സൈഡ് ഏറ്റവുമധികം പുറന്തള്ളുന്ന ആദ്യ 20 രാജ്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ ശ്രമം മറ്റ് വികസ്വര രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ തടഞ്ഞു.

സമ്പന്ന രാഷ്ട്രങ്ങൾ സാങ്കേതിക വിദ്യയുടെയും ഫണ്ടിന്റെയും ലഭ്യത വർധിപ്പിക്കാതെ ലഘൂകരണ പ്രവൃത്തികളിലൂടെ (Mitigation Works Programme) കാലാവസ്ഥാ ലക്ഷ്യങ്ങൾ പരിഷ്കരിക്കാൻ തങ്ങളെ പ്രേരിപ്പിക്കുമെന്ന ആശങ്ക വികസ്വര രാജ്യങ്ങൾക്കു ഉണ്ടായിരുന്നു.

സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ ജീവിത ശൈലി മാറ്റാൻ തയ്യാറല്ല. പകരം, മറ്റ് രാജ്യങ്ങളിൽ ചിലവ് കുറഞ്ഞ ബദലുകൾ തിരഞ്ഞു കൊണ്ടിരിക്കയാണ്. പാവപ്പെട്ട രാജ്യങ്ങളെക്കൊണ്ട് ലഘൂകരണത്തിന്റെ (mitigation) കാര്യം പറഞ്ഞു പേടിപ്പിച്ചും “കാർബൺ ഓഫ്സെറ്റ് ക്രെഡിറ്റ്” കൊണ്ടു വന്നു പിഴിയാൻ പറ്റുമോ എന്നുമാണ് ഇപ്പോഴും നോട്ടം!

കാലാവസ്ഥാ മാറ്റത്തെ വരുതിയിൽ നിർത്താൻ അഞ്ചു കാര്യങ്ങളാണ് ചെയ്യേണ്ടത്.

  1. പൊരുത്തപ്പെടൽ (adaptation)
  2. ലഘൂകരണം (mitigation)
  3. പണം മുടക്കൽ (finance)
  4. സാങ്കേതിക വിദ്യയുടെ കൈമാറ്റം (Technology transfer)
  5. ശേഷി നിർമ്മാണം (capacity building)

ഇവയിൽ ആദ്യത്തെ രണ്ടുമാണ്— പൊരുത്തപ്പെടൽ (adaptation), ലഘൂകരണം (mitigation) പ്രധാനം. മറ്റുള്ളവ ഇവ നടപ്പിലാക്കാനുള്ള അനുസാരികൾ മാത്രമാണ്. കാലം തെറ്റി വരുന്ന മഴ, വെള്ളപ്പൊക്കം, വരൾച്ച, ഇവയെ നേരിടുന്നതിന് ദരിദ്ര രാജ്യങ്ങൾക്ക് കോടിക്കണക്കിന് തുക പൊരുത്തപ്പെടലിന്റെ (adaptation) ഭാഗമായി ചിലവഴിക്കേണ്ടി വരും. അതിനിടയിൽ അവരോടു കാർബൺ ലഘൂകരണം (mitigation)കൂടി ഉടൻ ചെയ്യണമെന്ന് പറയുന്നത് നീതിയല്ല.

ഒരു വിശകലനം കാണിക്കുന്നത്, 1850 മുതൽ 2019 വരെയുള്ള ചരിത്രപരമായ കാർബൺ പുറന്തള്ളലിൽ ഇന്ത്യയുടെ പങ്ക് 3.0 ശതമാനമാണ് എന്നാണ്. അതേസമയം, ഏറ്റവും വലിയ പങ്ക് ആഗോളതലത്തിൽ USA യുടെതാണ്, 25 ശതമാനം! യൂറോപ്പ്യൻ യൂണിയൻ 17 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ചൈന മൊത്തം തള്ളലിന്റെ 13 ശതമാനവുമായി മൂന്നാം സ്ഥാനത്തുണ്ട്. റഷ്യ 7 ശതമാനം. ഇന്തോനേഷ്യയും ബ്രസീലും 1 ശതമാനം വീതമാണ്. വികസ്വര രാഷ്ട്രങ്ങൾ എല്ലാം കൂടി 0.5 ശതമാനം. ലോക ജനസംഖ്യയിൽ വെറും 5 ശതമാനം മാത്രം ജനസംഖ്യയുള്ള USA, 25 ശതമാനം ആഗോള മലീനീകരണത്തിന് ഉത്തരവാദിയാണ്!

Sources: University of Notre Dame; Global Carbon Project.

COP 27 നു മുന്നോടിയായി UNEP പുറത്തു വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 2020 ൽ ലോക പ്രതിശീർഷ കാർബൺ പുറന്തള്ളൽ (കാർബൺ പാദമുദ്ര, carbon footprint)- 6.3 ടൺ (CO2e) ആണ്. ഇന്ത്യയുടേത് 2.4 ടൺ മാത്രമാണ്, ആഗോള ശരാശരിയുടെ ഏതാണ്ട് മൂന്നിലൊന്നു മാത്രം! അതേ സമയം, US ന്റേത് 14 ടൺ ആണ്. റഷ്യ 13 ടൺ, ചൈന – 9.7 ടൺ, ബ്രസീൽ 7.5 ടൺ , ഇന്തോനേഷ്യ 7.5 ടൺ, യൂറോപ്പ്യൻ യൂണിയൻ 7.2 ടൺ (ഒരു രാജ്യമോ , സ്ഥാപനമോ, വ്യക്തിയോ എത്ര മാത്രം ഹരിത ഗ്രഹവാതകങ്ങൾക്കാണ് ഉത്തരവാദി എന്നു പറയുന്നതാണ് കാർബൺ പാദമുദ്ര). വികസ്വര രാഷ്ട്രങ്ങളുടെ ശരാശരി പാദമുദ്ര 2.3 ടൺ മാത്രമാണ് എന്നും മനസ്സിലാക്കണം.

ഇതിനിടെ “ഗ്ലോബൽ കാർബൺ ബജറ്റ് റിപ്പോർട്ട് 2022” എന്നൊരു സ്വതന്ത്ര റിപ്പോർട്ട് പുറത്തു വന്നു. ഇതനുസരിച്ച്, 2021-ൽ ലോകത്തെ CO2 പുറന്തള്ളലിന്റെ പകുതിയിലധികവും ചൈന (31 ശതമാനം), യുഎസ് (14 ശതമാനം), യൂറോപ്യൻ യൂണിയൻ (8 ശതമാനം) എന്നിവരുടെ സംഭാവനയാണ് . നാലാം സ്ഥാനത്ത്, 7 ശതമാനവുമായി ഇന്ത്യയും. 2022-ൽ ചൈനയിലും (0.9 ശതമാനം) യൂറോപ്യൻ യൂണിയനിലും (0.8 ശതമാനം) കാർബൺ തള്ളൽ കുറയുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നു. എന്നാൽ, യുഎസിൽ 1.5 ശതമാനവും ഇന്ത്യയിൽ 6 ശതമാനവും വർധനവുണ്ടാകും. ഇതാണ് സമ്പന്ന രാഷ്ട്രങ്ങളെ വിറളി പിടിപ്പിക്കുന്നത് എന്നു തോന്നുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ ലോകത്ത് കാർബൺ ബഹിർഗമനത്തിൽ ഏറ്റവുമധികം വർദ്ധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും പറയുന്നുണ്ട്. കൽക്കരി (5% വർദ്ധനവ്), എണ്ണ (10% വർദ്ധനവ്) എന്നിവ കാരണം 2022-ലെ കാർബൺ തള്ളൽ ഇന്ത്യയിൽ വർദ്ധിക്കുമെന്നാണ് റിപ്പോർട് പറയുന്നത്.

കൽക്കരിയുടെ ഉപയോഗം ഘട്ടം ഘട്ടമായി നിർത്താനുള്ള (phase out) ശ്രമത്തിലാണ് ഇന്ത്യ. കൽക്കരി ഉടനെ വേണ്ടന്നു വെക്കാൻ ഇന്ത്യക്കാവില്ല.ജനസമാന്യത്തിന് അടച്ചുറപ്പുള്ള വീട് വേണം, റോഡ് വേണം, ഊർജ്ജം വേണം. ഇതൊന്നും നേരെ കാർബൺ ലഘൂകരണം വഴി നേടാവുന്നതല്ല . ഇന്ത്യൻ ജനസംഖ്യ 2023 ൽ ചൈനയെ കടത്തി വെട്ടുമെന്ന് കേൾക്കുന്നു. അതായത് ഭക്ഷ്യോൽപ്പാദനവും വർധിപ്പിക്കേണ്ടി വരും. സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങൾ മാത്രം ലഘൂകരണം നടത്തിയിട്ട് ഒരു പ്രയോജനവും ഇല്ല. ട്രില്യൺ ( ലക്ഷം കോടി) കണക്കിന് പണച്ചിലവുള്ള പരിപാടിയാണ് ലഘൂകരണം (mitigation) എന്നു ഓർക്കുക.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ വികസനത്തിന്റെ പാതയിൽ വന്നതാണ് ഇപ്പോഴത്തെ സർവ കുഴപ്പത്തിന്റെയും കാരണം! ശരിയാണ്, വൈദേശിക ആധിപത്യത്തിൽ നിന്നും മോചനം നേടി സാമ്പത്തികമായി ഉയരുന്നത് തന്നെയാണ് കാരണം! survival emission, luxury emission എന്ന പ്രയോഗങ്ങളുടെ അർഥം മനസ്സിലാക്കിയാൽ സംഗതി പിടി കിട്ടും.
ആഗോള തലത്തിൽ ആകെ കാർബൺ തള്ളലിന്റെ 7 ശതമാനം ഇന്ത്യയുടെ കണക്കിൽ വരുന്നു എങ്കിൽ ലോക ജനസംഖ്യയുടെ 18 ശതമാനം ഇവിടുണ്ട് എന്ന് ഓർക്കണം! ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളുടെത് survival emission ആണ്.

അതേ സമയം, സമ്പന്ന രാഷ്ട്രങ്ങളുടേത് luxury emission ആണ്. ഇന്ത്യ അവകാശപ്പെടുന്നത് പോലെ, ലോകം മുഴുവൻ ഇന്ത്യക്കാരുടെ ശരാശരി പ്രതിശീർഷ കാർബൺ ഉപഭോഗത്തിലേക്കെത്തിയാൽ (ആഗോള ശരാശരിയുടെ മൂന്നിലൊന്ന്), എല്ലാ കാലാവസ്ഥാ കുഴപ്പങ്ങളും വരുതിയിൽ നീർത്താം. താപനില വർദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ തന്നെ വരും!

COP-27 കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ അവസാനിച്ചു. നാശനഷ്ടങ്ങൾക്കുള്ള ഒരു ഫണ്ട് (Loss and damage fund) അംഗീകരിക്കപ്പെട്ടുവെന്നതാണ് ഒരു നേട്ടം. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇത് കിട്ടില്ല എന്നും പറഞ്ഞു കഴിഞ്ഞു .Happy
Happy
57 %
Sad
Sad
14 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
29 %

Leave a Reply

Previous post അമേരിക്കയിൽ ശീതകാല കൊടുങ്കാറ്റും ബോംബ് ചുഴലിക്കാറ്റും
Next post ബക്കിബോൾ കൊണ്ടൊരു കളി
Close