ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ?
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കഴിയുന്നത്ര കുറക്കേണ്ടതുണ്ട് എന്നത് എല്ലാവരും സമ്മതിക്കുന്നു. പക്ഷേ ഊർജഉപഭോഗം കുറയ്ക്കാൻ തയ്യാറല്ല. എന്നല്ല അത് കൂട്ടുകയും ചെയ്യുന്നു. പുതുക്കപ്പെടുന്ന ഊർജസ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കുക എന്നതാണ് പരിഹാരമാർഗമായി വന്നിട്ടുള്ളത്. ജലവൈദ്യുതപദ്ധതികൾ, സൗരോർജം, പവനോർജം, ജൈവഇന്ധനങ്ങൾ എന്നിവയിൽ ഊന്നിയ ഊർജഉൽപാദന മാർഗങ്ങൾ ക്കാണ് ഊന്നൽ കിട്ടിയിരിക്കുന്നത്. വൻകിട ജലവൈദ്യുത പദ്ധതികൾ പ്രാദേശികമായ എതിർപ്പുകൾമൂലം വളരെയൊന്നും സാധ്യമാകാതെ വന്നിരിക്കുന്നു. എന്നാൽ ചെറുകിട ജലവൈദ്യുതപദ്ധതികൾക്ക് സാധ്യതയുണ്ട്. ജൈവഇന്ധനങ്ങളുടെ മേഖലയിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. എഥനോൾ (ethanol) പെട്രോളുമായി മിശ്രണംചെയ്ത് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന രീതി വൻപ്രചാരം നേടി. ബ്രസീലാണ് ഇതിനു തുടക്കംകുറിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനും വാഹനഇന്ധന ഉപയോഗത്തിന്റെ ഗണ്യമായ പങ്ക് എഥനോൾ ആക്കണമെന്ന് സർക്കാർ തലത്തിൽ തീരുമാനിച്ച് നടപടികൾ ആരംഭിച്ചു. അമേരിക്ക അവരുൽപാദിപ്പിക്കുന്ന ചോളത്തിന്റെ സിംഹഭാഗവും എഥനോൾ ആക്കാൻ തുടങ്ങി. 2000-ൽ 90% ചോളവും ദരിദ്രരാജ്യങ്ങൾക്ക് കയറ്റി അയച്ചിരുന്നു. 5 ശതമാനം മാത്രമാണ് എഥനോൾ ഉൽപാദനത്തിനുപയോഗിച്ചിരുന്നത്. എന്നാൽ 2013 ആയപ്പോഴേക്ക് 40% എഥനോളിനും 40% കാലിവളർത്തലിനും 15 ശതമാനം മാത്രം ഭക്ഷണാവശ്യങ്ങ ൾക്കും എന്ന അവസ്ഥയാണുണ്ടായത്. ചോളം കയറ്റുമതി തീരെ ഇല്ലാതായത് ദരിദ്രരാജ്യങ്ങളിൽ ഭക്ഷ്യധാന്യലഭ്യത കുറയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവർധനവിനും ഇടയാക്കി. 2008-ൽ ആഗോളതലത്തിലുണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഇതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കൂടുതൽ ഭൂമി ചോളക്കൃഷിക്ക് ഉപയോഗിക്കപ്പെട്ടത് മറ്റു ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം കുറയാനിടയായി. അമേരിക്കയിൽമാത്രം 2013 ആയപ്പോഴേക്ക് 2.9 ദശലക്ഷം ഏക്കർ ഗോതമ്പുപാടങ്ങളും 1.3 ദശലക്ഷം ഏക്കർ പുൽമേടുകളും ചോളക്കൃഷിക്കു മാറ്റുകയുണ്ടായി. യൂറോപ്യൻ യൂണിയനിലും ഗോതമ്പുപാടങ്ങൾ ചോള ക്കൃഷിക്കും എഥനോൾ ഉൽപാദനത്തിനും ഉപയോഗിക്കപ്പെട്ടതുകൊണ്ട് ഗോതമ്പുൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. ബ്രസീലിലാകട്ടെ വർഷംതോറും ഒരു ദശലക്ഷം ഏക്കർ ഉഷ്ണമേഖലാവനങ്ങൾ കരിമ്പുകൃഷിക്കും എഥനോൾ ഉൽപാദന ത്തിനുംവേണ്ടി വെട്ടിവെളുപ്പിക്കപ്പെടുന്നുണ്ട്. ചോളം കാലി ത്തീറ്റയായി ലഭ്യമല്ലാതെവന്നത് മാംസം, മുട്ട, പാല്, വെണ്ണ എന്നി വയുടെ വില വർധനവിനും ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലും എഥനോൾ ചേർത്ത പെട്രോൾ (EBP, ethanol blended petrol) സർക്കാർ നയമായിവരുന്നത് നെൽപാടങ്ങളും ഗോതമ്പുപാടങ്ങളും കരിമ്പുപാടങ്ങളായി മാറാനിടയാകും. ഇത് ഭക്ഷ്യസുരക്ഷയ്ക്കു ഭീഷണിയാകും. ജൈവഇന്ധന ഉൽപാദനത്തിനായി ജട്രോഫപോലുള്ള സസ്യങ്ങളുടെ കൃഷിക്കും ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണ് ഉപയോഗിക്കപ്പെടുന്നത്. ഭക്ഷ്യധാന്യങ്ങളുടെ വിലവർധനവിനിടയാക്കുകയും ദരിദ്രജനവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതുകൊണ്ട് ഓക്‌സ്ഫാംപോലുള്ള സംഘടനകൾ ജൈവഇന്ധനങ്ങളെ എതിർക്കുകയാണ്. കോർപറേറ്റുകളും നിക്ഷേപകസ്ഥാപനങ്ങളും വികസ്വര/അവികസിതരാജ്യങ്ങളിൽ ധാരാളമായി കൃഷിഭൂമി കൈവശപ്പെടുത്തുന്നുണ്ട്. 2000-2011 കാലഘട്ടത്തിൽ ഇത്തരത്തിൽ 500 ദശലക്ഷം ഏക്കർ കൃഷിഭൂമി പ്രാദേശിക ചെറുകിട നാമമാത്ര കർഷകരിൽ നിന്ന് കോർപ്പറേറ്റുകൾ കൈവശപ്പെടുത്തിയതായി ഓക്‌ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉൽപാദനക്ഷമമായ ഈ ഭൂമിയുടെ 21 ശതമാനവും ഊർജകൃഷി (energy farming)ക്കാണ് ഉപയോഗിക്കുന്നത്. ജൈവഇന്ധനങ്ങൾക്ക് സർക്കാരുകളുടെ സബ്‌സിഡിയുമുണ്ട്. ഇത് ലോകജനതയുടെ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു.
എഥനോളിന്റെ കാർബൺ ഉത്സർജനം പെട്രോളിനേക്കാൾ കുറവാണെന്നതു വാസ്തവമാണ്. എന്നാൽ എഥനോൾ നിർമാണത്തിലും അതിനുവേണ്ട ധാന്യഉൽപാദനത്തിലും പുറത്തുവി ടുന്ന കാർബൺകൂടി കണക്കിലെടുത്താൽ എഥനോൾ കാർ ബൺ ഉത്സർജനം കുറയ്ക്കാൻ സഹായിക്കുന്നുവെന്നു പറയാൻ കഴിയില്ലെന്ന് IPCC (Inter Governmental Consultative Commitee) യുടെ സമീപകാലറിപ്പോർട്ടുകൾ തന്നെ സൂചിപ്പിക്കുന്നുണ്ട്.
സൗരോർജരംഗത്തെ വളർച്ച പ്രതീക്ഷ നൽകുന്നു. മേൽക്കൂരകളിലും, ജലാശയങ്ങളുടെ മുകളിലും, കനാലുകളുടെയും റിസർവോയറുകളുടെ മുകളിലും കൃഷിയോഗ്യമല്ലാത്ത പാറക്കെട്ടുകൾപോലുള്ള സ്ഥലങ്ങളിലും എല്ലാം സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. എന്നാൽ ഫലഭൂയിഷ്ഠമായ നെൽപാടങ്ങളും ഗോതമ്പുപാടങ്ങളും സൗരപാടങ്ങളായി (solar fields) മാറുന്നത് ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തും. കൃഷിഭൂമിയുടെ ഉടമസ്ഥരായ സമ്പന്നർ കൃഷിയിൽനിന്നു കിട്ടുന്ന ലാഭത്തേക്കാൾ കൂടുതൽ ലാഭം സൗരോർജകൊയ്ത്തിനു നൽകിയാൽ കിട്ടും എന്നതുകൊണ്ട് കൃഷിയിടങ്ങൾ സൗരോർജകമ്പനികൾക്ക് പാട്ടത്തിനു നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഏക്കറിന് 500-750 ഡോളർ വാർഷികപാട്ടം കിട്ടുമത്രെ. നോർത്ത് കരോളിനയിൽ മാത്രം ഇത്തരത്തിൽ 7000 ഏക്കർ പാട്ടത്തിനു നൽകിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഗോതമ്പുപാടങ്ങൾ സൗരോർജകമ്പനികൾക്കു പാട്ടത്തിനു നൽകിയതായി റിപ്പോർട്ടുകളുണ്ട്. ബദൽ ഊർജത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്നതാവരുത്. ലാഭം, കൂടുതൽ ലാഭം എന്നുമാത്രം കാണുന്നവർ ഊർജകൃഷി കൂടുതൽ ലാഭം നൽകുന്ന ഒന്നായി കാണുന്നു. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റത്തിനും ഭക്ഷ്യഇറക്കുമതിക്കും കൂടുതൽ ഫോസിൽ ഇന്ധന ഉപയോഗത്തിനും ഇടവരുത്തും.
ഇന്ത്യൻ സാഹചര്യം
കാർബൺ ഉത്സർജനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് മൂന്നാംസ്ഥാനമാണ്. ഒന്നും രണ്ടും സ്ഥാനക്കാരേക്കാൾ വളരെ താഴെയാണ് മൂന്നാംസ്ഥാനക്കാർ (പട്ടിക-3). പ്രതിശീർഷ കാർബൺ ഉത്സർജനം കണക്കിലെടുത്താൽ ലോകശരാശരിയേക്കാൾ താഴെയാണ്. എന്നാൽ ഉയർന്ന കാർബൺ ഉത്സർജകരുടെ കൂട്ടത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര ഉൽപാദനത്തിൽ (GDP) മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തുന്നതുകൊണ്ട് കാർബൺ ഉത്സർജനം വർധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് കാർബൺ ഉത്സർജനം കുറക്കേണ്ടത് അനിവാര്യമായിവരുന്നു. എന്നാൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനിൽക്കുന്ന ദരിദ്രജനങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കേണ്ടതുമുണ്ട്. 36 കോടിയിലേറെ ദരിദ്രർ, വൈദ്യുതിലഭ്യമല്ലാത്ത 30 കോടിയിലേറെ ജനങ്ങൾ, കുടിവെള്ളം ലഭ്യമല്ലാത്ത 10 കോടിയോളം ജനങ്ങൾ, മനുഷ്യവികസനസൂചകം കണക്കിലെടുത്താൽ ലോകരാജ്യങ്ങളിൽ 135-ാമതുസ്ഥാനം – ഇതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കാൻ, വൈദ്യുതി ലഭ്യമാക്കാൻ, പട്ടിണി ഇല്ലാതാക്കാൻ എല്ലാം ഊർജം ആവശ്യമാണ്. ഇത് കാർബൺ ഉത്സർജനം വർധിപ്പിക്കും. ഇത് ഇന്ത്യയെപ്പോലെ നിരവധി വികസ്വരരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന അവസ്ഥയാണ്. പിന്നോക്കം നിൽക്കുന്ന ദരിദ്രവിഭാഗങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. അതേസമയം കാർബൺ ഉത്സർജനം കുറയ്ക്കുകയും വേണം.
പാരീസ് ചർച്ചകളിൽ ഇന്ത്യ സമർപ്പിച്ച സ്വേച്ഛാപരമായ ഉത്സർജനം കുറയ്ക്കൽ നിർദേശങ്ങളെ ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ.
- മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ ഉത്സർജനതീവ്രത 2005-ലെ നിലയിൽനിന്ന് 2030 ആകുമ്പോഴേക്ക് 33-35 ശതമാനം കുറയ്ക്കും.
- 2030 ആകുമ്പോഴേക്കും വൈദ്യുതിയുടെ 40 ശതമാനം ഫോസിൽ ഇന്ധനങ്ങളിൽനിന്നല്ലാതെ ആയിരിക്കും.
- 2030 ആകുമ്പോഴേക്ക് 2.5 – 3 ടൺ കാർബൺ ഡൈ ഓക് സൈഡ് അവശോഷിപ്പിക്കാൻ പര്യാപ്തമായ വൃക്ഷാവരണം അധികമായുണ്ടാക്കും.
തുടങ്ങിയവയാണ് ഏറ്റെടുത്തിട്ടുള്ള പ്രധാന ഉത്തരവാദിത്തങ്ങൾ.
ഈ ലക്ഷ്യങ്ങൾ നേടുന്നതിന്
- ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതരീതി പ്രയോഗത്തിൽ വരുത്തും.
- കാർബൺ ഉത്സർജനം കുറയ്ക്കും
- കാലാവസ്ഥാസൗഹൃദവും ശുദ്ധവുമായ വികസനപാത സ്വീകരിക്കും.
- കാലാവസ്ഥാവ്യതിയാനം ദോഷകരമായി ബാധിക്കുന്ന മേഖലകളിൽ – കൃഷി, ജലസ്രോതസ്സുകൾ, ഹിമാലയൻ പ്രദേശം, തീരദേശം, ആരോഗ്യമേഖല, അപകടനിവാരണം – നിക്ഷേപം നടത്തി കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടുന്ന നടപടികൾ സ്വീകരിക്കും.
ഇതനുസരിച്ച് ഇന്ത്യയുടെ കാലാവസ്ഥാവ്യതിയാനത്തിനുള്ള കർമപദ്ധതി (India’s Action Plan on Climate Change) തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പവനോർജം, സൗരോർജം, ചെറുകിട ജലവൈദ്യുതപദ്ധതികൾ, ആണവോർജം, ബയോമാസിൽനിന്നുള്ള ഊർജം തുടങ്ങിയ മേഖലകളിൽ ഊർജോൽപാദനം വർധിപ്പിക്കാൻ വേണ്ട നടപടികളും സമയപരിധികളും കർമപദ്ധതികളുടെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്ത്യയിൽ കാണുന്നത്. കൽക്കരി അധിഷ്ഠിതവൈദ്യുതോൽപാദനം മുന്നോട്ടുകൊണ്ടുപോകുമെന്ന് സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുതന്നെ പറയു ന്നു. 2030 ആകുമ്പോഴേക്ക് ഡീസൽ ഉപഭോഗം ഇന്നത്തെ 90 ശതകോടി ലിറ്ററിൽനിന്ന് 150 ശതകോടി ലിറ്ററാകുമെന്നും പെട്രോൾ ഉപഭോഗം 30 ശതകോടി ലിറ്ററിൽനിന്ന് 50 ശതകോടി ലിറ്ററാകുമെന്നും വകുപ്പുമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം വളരെയേറെ ദോഷകരമായി ബാധിക്കാനിടയുള്ള പ്രദേശമാണ് ഇന്ത്യ. അപകടങ്ങൾ കഴിയുന്നത്ര കുറയ്ക്കാനും കാലാവസ്ഥാമാറ്റവുമായി സമരസപ്പെട്ടുപോകാനും കഴിയുന്ന പ്രവർത്തനങ്ങൾ പ്രധാനമാകുന്നു.
കേരളത്തിലെ അവസ്ഥ
ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുന്ന പ്രദേശമാണ് കേരളം. കാലാവസ്ഥയിൽ ഗണ്യമായമാറ്റം ദൃശ്യമായിക്കഴിഞ്ഞു. മഴദിവസങ്ങളുടെ എണ്ണം കുറയുന്നു. മൺസൂണിന്റെ ആദ്യപകുതിയിൽ (ജൂൺ-ജൂലൈ) മഴ കുറയുന്നു. പകൽ താപനില വർധിക്കുന്നു. പകൽ താപനിലയും രാത്രി താപനിലയും തമ്മിലുള്ള വ്യത്യാസം കൂടുന്നു. തീരദേശത്ത് താപനിലവർധന താരതമ്യേന കൂടുതലാണ്. ഈർപ്പം കുറയുന്നു, വരൾച്ചയുള്ള വർഷങ്ങൾ കൂടുന്നു. തരിശ് സൂചകം (arid index) വർധിക്കുന്നു. ഇവയെല്ലാം നിരീക്ഷിക്കപ്പെട്ടവയാണ്. ഇവയുടെ ഫലമായി വിളകളുടെയും പ്രാണികളുടെയും ജീവിതക്രമത്തിൽ ഗണ്യമായ മാറ്റം സംഭവിക്കുകയാണ്. കൃഷിയെയും മത്സ്യബന്ധനത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമായിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സംസ്ഥാനകർമപദ്ധതി (State Action Plan on Climate Change – SAPCC) പറയുന്നത് ആലപ്പുഴ, പാലക്കാട് ജില്ലകളെയാണ് ഏറ്റവുംകൂടുതൽ ദോഷകരമായി ബാധിക്കുക എന്നാണ്. പാരിസ്ഥി തികപ്രാധാന്യമുള്ള തണ്ണീർത്തടങ്ങളും കായലുകളും ആഗോളതാപനത്തിന്റെ അനന്തരഫലങ്ങൾക്ക് എളുപ്പം വശംവദമാകും. 10c താപനില വർധനവ് നെല്ലുൽപാദനത്തിൽ 6% കുറവുവരുത്തുമത്രെ. കാടുകൾക്കും ഹരിതമേലാപ്പിനും ഉണ്ടാകാനിടയുള്ള ശോഷണം ഇടുക്കി, വയനാടുജില്ലകളെ ദോഷകരമായി ബാധിക്കും. കാലാവസ്ഥാസ്വാധീനം ഏറെയുള്ള വാണിജ്യവിളകളെ ദോഷകരമായി ബാധിക്കും. ഇന്നത്തെ നിലയിൽ പോയാൽ 2050 ആകുമ്പോഴേക്ക് താപനില 20c വർധിക്കുമെന്നാണ് കണക്കാക്കുന്നത്. സമുദ്രനിരപ്പ് ഒരു മീറ്റർ ഉയർന്നാൽ കൊച്ചിക്കുചുറ്റുമുള്ള 169 ച.കി.മീ. പ്രദേശം വെള്ളത്തിനടിയിലാകുമെന്നും കണക്കാക്കപ്പെടുന്നു. രോഗാണുവാഹകരായ കീടങ്ങളുടെ വളർച്ച വർധിക്കുമെന്നതുകൊണ്ട് പകർച്ചവ്യാധികളും കാലികൾക്കുള്ള രോഗങ്ങളും വർധിക്കും. ഇവയുടെ പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിനും മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുമുള്ള പരിശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളും വിളക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളും വിശദമായ പഠനത്തിനു വിധേയമാക്കുകയും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയും വേണം.
നമുക്കെന്തു ചെയ്യാം?
ലോകത്തിൽ ഇതുവരെ ആകെ ഈട്ടംകൂടിയ കാർബൺ ഡൈ ഓക്‌സൈഡിന്റെ (ഹരിതഗൃഹവാതകങ്ങൾ) അളവാണ് ആഗോളതാപനത്തെ നിർണയിക്കുന്നത്. ഇന്ന് അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുക സാധ്യമല്ലെന്നുതന്നെ പറയാം. എന്നാൽ ഇനിയും വർധിക്കാതെ നോക്കാൻ കഴിയും. അത് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുമാത്രമേ നടക്കൂ. ലാഭത്തെ മാത്രം ലക്ഷ്യമിടുന്ന വികസനരീതിയും അതിന്റെ ഉൽപന്നമായ ഉപഭോഗാസക്തിയും മാറി സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഒരു വികസനരീതി ലോകസമൂഹങ്ങൾ അനുവർത്തിക്കുക എന്നതാണ് ആത്യന്തികപരിഹാരം. ഇതിന് വികസിതരാജ്യങ്ങളുടെ മേൽ സമ്മർദം ഉണ്ടാകേണ്ടതുണ്ട്. പുനരുൽപാദിപ്പിക്കുന്ന ഊർജരൂപങ്ങളിലേക്ക് ഊന്നൽ ശക്തമാകേണ്ടതുണ്ട്. ഇതോടൊപ്പം പൊതുഗതാഗതം ശക്തമാക്കുകയും സ്വകാര്യവാഹനങ്ങൾ നിരുത്സാഹപ്പെടുത്തുകയും വേണം. സ്വതന്ത്രവ്യാപാരവും അതുമായി ബന്ധപ്പെട്ട ചരക്കുകടത്തുമാണ് കാർബൺ ഉത്സർജനത്തിന്റെ മറ്റൊരു പ്രധാന കാരണം. പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയും പ്രാദേശിക സ്വാശ്രിതത്വം നിത്യോപയോഗവസ്തുക്കളുടെ കാര്യത്തിലെങ്കിലും ഉറപ്പാക്കുകയാണ് ഇതിന് പരിഹാരം. ഊർജ ദുരുപയോഗം ഇല്ലാതാക്കലും ഊർജക്ഷമത കൂടിയ ഉപകരണ ങ്ങളുടെ ഉപയോഗവുംവഴി ഊർജാവശ്യം കുറയ്ക്കാനും കഴിയണം.
കാലാവസ്ഥാവ്യതിയാനം ഒരു യാഥാർഥ്യമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ കഴിയുന്നത്ര കുറയ്ക്കുന്നതിനുവേണ്ട നടപടികൾ വേണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം എന്നീ മേഖലകളിൽ പഠനങ്ങളും പരിഹാര ഇടപെടലുകളും ആവശ്യമാണ്. അതുപോലെ പ്രധാനമാണ് രോഗപ്രതിരോധവും. പകർച്ചവ്യാധികളും കീടബാധയും മനുഷ്യന്റെ നിലനിൽപ് അപകടപ്പെടുത്തുന്ന അവസ്ഥയിലേക്കെത്താതെ നോക്കേണ്ടതുണ്ട്. അതിനുവേണ്ട പഠനങ്ങളും പരിഹാരനടപടികളും താമസംകൂടാതെ തുടങ്ങേണ്ടതുണ്ട്. പ്രതിസന്ധികൾ കൂടുതൽ ഏറ്റുവാങ്ങേണ്ടിവരുന്ന ദരിദ്രജനവിഭാഗങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ടതുമുണ്ട്. വനവൽക്കരണവും വനനശീകരണം തടയലും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയുന്നതിൽ പ്രധാന ഇടപെടലുകളാണ്. വരൾച്ചയുണ്ടാകാനും വെള്ളപ്പൊക്കത്തിനും ഉള്ള സാധ്യതകളെ പരിമിതപ്പെടുത്താൻ തണ്ണീർത്തടങ്ങളുടെയും നെൽപ്പാടങ്ങളുടെയും സംരക്ഷണവും അനിവാര്യമാണ്. പകർച്ചവ്യാധികൾ തടയാൻ മാലിന്യസംസ്‌കരണവും ഒരു പരിധിവരെ സഹായകമാകും.