ആഗോളതാപനവും കാലാവസ്ഥാമാറ്റവും

പ്രൊഫ.പി.കെ.രവീന്ദ്രൻ

ചൂടുകൂടിക്കൊണ്ടിരിക്കുകയാണ്; ഭൂമിയിൽ എല്ലായിടത്തും, കരയിലും കടലിലും അന്തരീക്ഷത്തിലും. ലോകമാകെ താപനിലയിൽ വർധനവുണ്ടാകുന്ന ഈ പ്രതിഭാസത്തെയാണ് ആഗോളതാപനം എന്നുപറയുന്നത്. വ്യവസായവൽക്കരണകാലത്തെ താപനിലയേക്കാൾ 1.10c കൂടുതലാണ് ഇന്നത്തെ താപനിലയെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ പഠനവകുപ്പ് പറയുന്നത് നമ്മുടെ താപനില ഒരു നൂറ്റാണ്ടു മുൻപത്തേതിനേക്കാൾ 0.60c വർധിച്ചിട്ടുണ്ടെന്നാണ്. ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങളുണ്ടാകുന്നു. ഇക്കാരണത്താൽ കാലാവസ്ഥാവ്യതിയാനം (climate change) ആഗോളതാപനം (global warming) എന്നീ പദങ്ങൾ ഏതാണ്ട് ഒരേ അർത്ഥത്തിലാണ് ഇന്ന് പ്രയോഗിക്കപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ ഭാവന മാത്രമാണെന്ന് പുച്ഛിച്ചിരുന്ന രാഷ്ട്രീയനേതൃത്വങ്ങളുണ്ടായിരുന്നു. എന്നാൽ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും വസ്തുതയാണെന്നും ലോകം അതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചുതുടങ്ങിയെന്നും എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു (അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ഡൊനാൾഡ് ട്രംപ് സമ്മതിക്കുന്നില്ല). സ്വാഭാവികകാരണങ്ങളാലല്ല ഇത് സംഭവിച്ചത്. മനുഷ്യന്റെ ഇടപെടലുകളാണ് ഇതിനു കാരണം എന്നതും ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കു ന്നു. കൂടുതൽ മനുഷ്യരുടെ കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യ ങ്ങൾക്കും കുറെപേരുടെ ആഡംബരങ്ങൾക്കും വേണ്ടി മനുഷ്യൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ആഗോളതാപനം എന്നതാണ് ആ തിരിച്ചറിവ്. ഇനിയെന്തു പ്രതി വിധി എന്ന ചോദ്യമുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ മയപ്പെടുത്തുന്നതിനും മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിനുമുള്ള മാർഗങ്ങൾ തെരയുന്ന തിരക്കിലാണ് ഭരണകൂടങ്ങൾ. എങ്ങനെ ഇത്തരമൊരവസ്ഥ ഉണ്ടായി എന്ന് മനസ്സിലാകണമെങ്കിൽ ആഗോളതാപനത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും അറിയേണ്ടതുണ്ട്. ഈ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഫലപ്രദമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും പ്രാവർത്തികമാക്കാനും കഴിയൂ.

കാലാവസ്ഥാമാറ്റം

കാലാവസ്ഥയിൽ ഗണ്യമായ മാറ്റമുണ്ടായതായി പലരും പറയുന്നു. ഏതാനും ദിവസങ്ങളിലെ താപനിലവ്യത്യാസമോ ഒന്നോ രണ്ടോ വർഷത്തെ വർഷപാതത്തിലെ വ്യതിയാനമോ കാലാവസ്ഥാവ്യതിയാനമായി കണക്കാക്കപ്പെടുന്നില്ല. സാധാരണ മൂന്നുദശകമടങ്ങുന്ന ചാക്രികകാലഘട്ടത്തിലുണ്ടാവുന്ന മാറ്റമാണ് പരിഗണിക്കപ്പെടുക. താപനിലയിൽ വർധനവുവന്നതായി എല്ലാവരും അംഗീകരിക്കുന്നു. വർധനവ് ഏകസമാനമല്ല. എങ്കിലും എല്ലാ പ്രദേശങ്ങളിലും വർധനവുണ്ടായിട്ടുണ്ട്. കാലവർഷത്തിന്റെ പ്രകൃതത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. അതിവൃഷ്ടി പലപ്പോഴും സംഭവിക്കുന്നു. ഇന്ത്യൻ നഗരങ്ങളായ മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലുണ്ടാകുന്ന അതിവൃഷ്ടി ഉദാഹരണമാണ്. ചുഴലിക്കാറ്റുകളും മർദവ്യതിയാനങ്ങളും വിനാശകരമായ അളവിൽ വർധിച്ചിരിക്കുന്നു. മേഘവിസ്‌ഫോടനം (cloud burst) കാട്ടുതീ (forest fires) താപവിസ്‌ഫോടനം (heat burst), താപതരംഗങ്ങൾ (heat waves), സൂര്യതാപം (Sun burns) തുടങ്ങിയ പ്രതിഭാസങ്ങൾ കൂടുതൽ ഉണ്ടാകുന്നു.
കേരളത്തിൽതന്നെ 1961-നുശേഷം മഴയിൽ കുറവുവന്നതായി കാണുന്നു. കാലവർഷം ആദ്യമാസങ്ങളിൽ (ജൂൺ-ജൂലൈ) കുറയുകയും രണ്ടാംപകുതിയിൽ (ആഗസ്റ്റ്-സെപ്തംബർ) കൂടുകയും ചെയ്യുന്നു. മഴയുടെ മൊത്തം അളവിൽ ഗണ്യമായ കുറവില്ലെങ്കിലും മഴദിവസങ്ങളുടെ എണ്ണത്തിൽ കുറവുകാണുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടക്ക് അന്തരീക്ഷതാപനിലയിൽ 0.650c യുടെ വർധനവ് ഉണ്ടായി. പകൽസമയത്തെ ചൂട് വർധിച്ചി ട്ടുണ്ട് (0.990c). പകൽസമയത്തെ ശരാശരി ചൂട് 32.30c ആണ്. തീരദേശത്ത് വർധനവ് വളരെ കൂടുതലാണ് (1.230c). പകൽസമയത്തെ ചൂടും രാത്രിസമയത്തെ ചൂടും തമ്മിലുള്ള വ്യത്യാസവും വർധിക്കുന്നു. മലനാട്ടിൽ പകൽസമയത്തെ ചൂട് വർധിക്കു മ്പോൾ രാത്രിസമയത്തെ ചൂട് കുറയുന്നതായി കാണുന്നു. വരൾച്ച വർധിച്ചിട്ടുണ്ട്. ഈർപ്പം (humidity) കുറഞ്ഞ് ഉണക്കസൂചകം (arid index) വർധിക്കുന്നതായി കണ്ടിട്ടുണ്ട്.

ആഗോളതാപനം

ആഗോളതാപനം (global warming) എന്ന പദം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് 1975-ൽ ആണ്. അതിനുമുൻപുതന്നെ അന്തരീക്ഷവായുവിലെ ചില ഘടകങ്ങൾക്ക് ഭൂമിയുടെ താപ നില വർധിപ്പിക്കാൻ കഴിയുമെന്നും ഇതിൽ പ്രധാനം കാർ ബൺ ഡൈ ഓക്‌സൈഡാണെന്നും ശാസ്ത്രലോകം മനസ്സിലാക്കിയിരുന്നു. ഈ താപനത്തിന് കാരണം ഹരിതഗൃഹപ്രഭാവം (green house effect) എന്നാണ് അറിയപ്പെടുന്നത്.


മറ്റു ലേഖനങ്ങൾ

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം

Leave a Reply