Read Time:15 Minute

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നതിനനുസരിച്ച് താപനില വർധിക്കുമെന്ന് 1955-ൽ ഗിൽബർട്ട് പ്ലാസ് കണ്ടെത്തിയിരുന്നു. 1965-ൽ അമേരിക്കൻ പ്രസിഡണ്ടിന്റെ ഉപദേശകസമിതി ഹരിതഗൃഹപ്രഭാവം ഗൗരവമുള്ള പ്രശ്‌നമാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ ആഗോളതാപനം അർഹിക്കുന്ന ഗൗരവത്തോടെ അപ്പോഴും ചർച്ചചെയ്യപ്പെടുകയുണ്ടായില്ല. 1972-ലെ സ്റ്റോക്‌ഹോം കോൺഫറൻസിൽ ആഗോളതാപനം അജണ്ടയായിരുന്നില്ല. 1987-ൽ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള മോൺട്രിയൽ ഉടമ്പടി നിലവിൽവന്നപ്പോൾ ഹരിതഗൃഹപ്രഭാവവും പരിഗണനാവിഷയമായിരുന്നു. ഇതേതുടർന്ന് 1988-ൽ IPCC – (Inter governmental Panel on Climate Change) രൂപീകരിക്കപ്പെട്ടു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച തെളിവുകൾ വിലയിരുത്തുന്നതിനാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ ആണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഒരു കരാറിന്റെ ആവശ്യകത ആദ്യമായി ചൂണ്ടിക്കാട്ടിയത് (1989).
1990-ൽ IPCC യുടെ ആദ്യവിലയിരുത്തൽ റിപ്പോർട്ട് പുറത്തുവന്നു. കഴിഞ്ഞ നൂറ്റാണ്ടിനേക്കാൾ താപനിലയിൽ 0.3 – 0.60c വർധനവുണ്ടായിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് വിലയിരുത്തി. 1992-ൽ റിയോവിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭാസമിതി UNFCCC (United Nations Framework Convention on Climate Change) നിലവിൽവന്നത്. 1992 മെയ് മാസത്തിൽ രൂപീകൃതമായി 1994 മാർച്ച് 21 മുതൽ പ്രാബല്യത്തിൽ വന്ന UNFCCC യിൽ 2015 ആയപ്പോൾ 195 അംഗങ്ങളുണ്ട്. 1995-ൽ പുറത്തുവന്ന IPCC യുടെ രണ്ടാംവിലയിരുത്തൽ റിപ്പോർട്ട് കാലാവസ്ഥാവ്യതിയാനത്തിലെ മനുഷ്യസ്വാധീനം കൃത്യമായി വെളിപ്പെടുത്തിയിരുന്നു.

ക്യോട്ടോപ്രോട്ടോക്കോൾ

ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പെരുമാറ്റച്ചട്ടം (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്. ഇത് 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്. കാലാവസ്ഥാവ്യതിയാനം കുറയ്ക്കുന്നതിന് ഏറെ സഹായകമാകും എന്ന പ്രതീക്ഷ നൽകിയ ഒന്നായിരുന്നു ക്യോട്ടോ പെരുമാറ്റച്ചട്ടം. തുടക്കത്തിൽ തന്നെ യു.എസ്.എ. ഈ പെരുമാറ്റച്ചട്ടത്തിൽനിന്നു പിന്മാറി. ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്ന യു.എസ്.എ.യുടെ പിൻമാറ്റം പെരുമാറ്റച്ചട്ടത്തിന്റെ വിജയസാധ്യതകളിൽ സംശയമുണ്ടാക്കി. പെരുമാറ്റച്ചട്ടത്തിൽ ഒപ്പുവച്ച രാജ്യങ്ങളെല്ലാം ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണം. എന്നാൽ യു.എസ്.എ യ്ക്ക് ഇന്നത്തെ നിലയിലുള്ള കാർബൺ ഉത്സർജനം കുറയ്ക്കാൻ കൂടുതൽ ബാധ്യതയുണ്ട്. 1990 അടിസ്ഥാനവർഷമായെടുത്ത് അന്നത്തെ നിലയിലേക്ക് കാർബൺ ഡൈ ഓക് സൈഡ് ഉത്സർജനം കുറയ്ക്കാൻ വികസിതരാജ്യങ്ങൾ ബാധ്യസ്ഥരാണ്. ഇതാണ് പൊതുവായതും എന്നാൽ വിവേചിക്കപ്പെട്ടതുമായ ഉത്തരവാദിത്തം (common but differentiated responsibilities) എന്ന് അറിയപ്പെടുന്നത്. വികസ്വര/അവികസിത രാജ്യങ്ങൾക്ക് അവിടങ്ങളിലെ ദാരിദ്ര്യം, അവികസിതാവസ്ഥ എന്നിവ പരിഹരിക്കുന്നതിനാവശ്യമായ കാർബൺ ഉത്സർജനം അനുവദിക്കുകയും ചെയ്തു. ‘‘കാലാവസ്ഥയിൽ അപകടകരമായ മനുഷ്യ ഇടപെടലുകൾ തടയപ്പെടുന്ന നിലയിൽ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവ് സ്ഥിരപ്പെടുത്തുക” എന്നതായിരുന്നു ക്യോട്ടോ പെരുമാറ്റച്ചട്ടത്തിന്റെ ലക്ഷ്യം. വികസ്വരരാജ്യങ്ങൾക്ക് കാർബൺ ഉത്സർജനം കുറയ്ക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ നൽകാനും അവ നടപ്പിലാക്കാൻ സാമ്പത്തിക സഹായം നൽകാനും വികസിതരാജ്യങ്ങളെ ബാധ്യസ്ഥരാക്കുകയും ചെയ്തു. വികസ്വരരാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനു വേണ്ടി ഒരു ഫണ്ടും ലക്ഷ്യമിട്ടിരുന്നു. ഈ വ്യവസ്ഥകൾ നിയമപരമായ ബാധ്യതകളാക്കുകയും 2008 മുതൽ 2012 വരെയുള്ള കാലംകൊണ്ട് ഇവ പ്രാവർത്തികമാക്കാൻ വ്യവസ്ഥചെയ്യുകയും ചെയ്തു. ഇതാണ് ഒന്നാം പ്രതിബദ്ധകാലഘട്ടം (first commitment period). ശുദ്ധവികസനരീതി (clean development mechanism) പ്രയോഗിച്ച് കാർബൺ ഉത്സർജനം കുറയ്ക്കുന്നതിന് കാർബൺ ക്രെഡിറ്റ് നൽകി പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടായി. വികസിതരാജ്യങ്ങൾക്ക് വികസ്വരരാജ്യങ്ങളുടെ കാർ ബൺ പരിധി വിലയ്ക്കുവാങ്ങാനും വ്യവസ്ഥയുണ്ടായി. യു.എസ്.എ. ക്യോട്ടോ പെരുമാറ്റച്ചട്ടത്തിൽ അംഗമായില്ല എന്ന് മുൻപേ പറഞ്ഞല്ലോ. കാർബൺ ക്രെഡിറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ഫലത്തിൽ കാർബൺ ഉത്സർജനം കുറഞ്ഞില്ല. ക്യോട്ടോ പെരുമാറ്റച്ചട്ടത്തിലെ പിൻഗാമിയായി ഒരു പുതിയ പദ്ധതി കോപ്പൻഹേഗനിൽ ചേർന്ന (2009) സമ്മേളനത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എന്നാൽ 2010-ൽ കാൻകണിൽ ചേർന്ന സമ്മേളനത്തിൽ 76 അംഗരാജ്യങ്ങൾ കാർബൺ ഉത്സർജനം കുറയ്ക്കുന്നതിന് സന്നദ്ധതാപ്രതിജ്ഞ എടുക്കുകയുണ്ടായി.

UNFCCC യുടെ അംഗങ്ങളുടെ സമ്മേളനം (Conference of Parties, COP) 2012-ൽ ദോഹയിൽ ചേർന്ന് ക്യോട്ടോ പെരുമാറ്റച്ചട്ടത്തിന് ഭേദഗതി കൊണ്ടുവരികയുണ്ടായി. എന്നാൽ ഇതിന് അംഗീകാരംനേടാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ 2012 മുതൽ 2020 വരെയുള്ള രണ്ടാംപ്രതിബദ്ധകാലഘട്ടം (Second commitment period) പ്രായോഗികമായില്ല.
ഈ സാഹചര്യത്തിലാണ് 2015 നവംബർ 29 മുതൽ ഡിസംബർ 12 വരെ പാരീസിൽ UNFCCC അംഗരാജ്യങ്ങളുടെ 21-ാമതു വാർഷികസമ്മേളനം ചേർന്നത്. കാലാവസ്ഥാവ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്നും അത് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് സംഭവിക്കുന്നതെന്നും പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ലോകസമൂഹത്തിന് ഈ സമ്മേളനം വലിയ പ്രതീക്ഷകളാണ് നൽകിയത്. അന്തർദേശീയ ട്രേഡ് യൂണിയൻ കോൺഫറൻസിന്റെ സെക്രട്ടറി പറഞ്ഞത് ”മരിച്ച ഒരു ഗ്രഹത്തിൽ തൊഴിലുകളുണ്ടാകില്ല” എന്നാണ്. 195 രാജ്യങ്ങൾ പങ്കെടുത്ത പാരീസ് കോൺഫറൻസിൽ IPCC അവരുടെ അഞ്ചാമത് അവലോകനറിപ്പോർട്ട് (2014) അവതരിപ്പിച്ചു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ.

അവലോകനറിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:

 • അന്തരീക്ഷവും സമുദ്രവും 1950 മുതൽ വലിയ അളവിൽ ചൂടായിക്കൊണ്ടിരിക്കുന്നു
 • ഇതിനു പ്രധാനകാരണം മനുഷ്യ ഇടപെടലുകളാണ്.
 • 1983-2013 (30 വർഷം) കാലം 1400 വർഷങ്ങൾക്കിടക്ക് ഏറ്റവും ചൂടുകൂടിയ കാലഘട്ടമായിരുന്നു.
 • 1971 നും 2010 നും ഇടയ്ക്ക് സമുദ്രങ്ങളുടെ മുകൾഭാഗം അധികതാപത്തിന്റെ 90 ശതമാനം സ്വീകരിച്ച് ചൂടുപിടിച്ചു.
 • ഗ്രീൻലാന്റ്, ആർട്ടിക്, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ ഹിമപാളികൾ ചെറുതായിക്കൊണ്ടിരുന്നു.
 • സമുദ്രനിരപ്പ് ഉയരുന്നു. ഹരിതഗൃഹവാതകങ്ങളുടെ അളവു വർധിക്കുന്നു.
 • ഭൂമിയിലെ താപവർധനവിന്റെ പ്രധാനഹേതു 1750 മുതൽക്ക് അധികമായുണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് ആണ്.
  ഇവയുടെ ഫലമായി\
 • ഹരിതഗൃഹവാതകങ്ങൾ വർധിച്ചാൽ ചൂട് ഇനിയും കൂടും.
 • താപനിലവർധനവ് 1850-1900 കാലഘട്ടത്തിലേതിൽനിന്ന് 1.50c യേക്കാൾ കൂടുതലാകും; 20c യേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്.
 • ആഗോളജലചക്രത്തിന് (global water cycle) മാറ്റം സംഭവിക്കാം. ജലാർദ്രവും വരണ്ടതുമായ സീസണുകൾ തമ്മിലുമുള്ള അന്തരം വർധിക്കും.
 • സമുദ്രങ്ങൾ ചൂടാവുന്നത് തുടരുകയും സമുദ്രാന്തർഭാഗ ത്തേക്ക് താപനം എത്തുകയും ചെയ്യും. ഇത് ജലപ്രവാഹങ്ങളെ ബാധിക്കും.
 • ധ്രുവപ്രദേശത്തെ മഞ്ഞ് കുറയും, ഉരുകൽ കൂടും.
 • സമുദ്രജലനിരപ്പ് ഉയരും.
 • കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം വർധിപ്പിക്കും.
 • കാർബൺ ഡൈ ഓക്‌സൈഡ് അവശോഷണം സമുദ്രത്തിന്റെ അമ്ലവൽക്കരണം വർധിപ്പിക്കും.
 • ഭാവിയിലെ ഉപരിതല താപനിലയെ നിർണയിക്കുക ഈട്ടംകൂടിയ കാർബൺ ഡൈ ഓക്‌സൈഡ് ആയിരിക്കും.
 • കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം നിർത്തിയാലും കാലാവസ്ഥാവ്യതിയാനം തുടരും.

മനുഷ്യന്റെ ഇടപെടൽ മൂലമാണ് ഇതെന്നു പൊതുവെ അംഗീകരിക്കപ്പെട്ടു. പക്ഷേ എല്ലാവരും ഒരുപോലെ ഉത്തരവാദികളാണോ? സാങ്കേതികവിദ്യയുടെ വികാസം നിരവധി ഉപഭോഗഉൽപന്നങ്ങൾ നൽകിയിട്ടുണ്ട്. അവയുടെ നിർമിതിക്കും ഉപയോഗത്തിനും ധാരാളം ഊർജം ആവശ്യമാണ്. സമ്പന്നരാജ്യങ്ങളിൽ ഭൂരിപക്ഷത്തിനും ഇത്തരം ഉപഭോഗവസ്തുക്കൾ ലഭ്യമാണ്. അതുകൊണ്ട് അവരുടെ ഊർജഉപഭോഗവും കൂടുതലാണ്. എന്നാൽ ദരിദ്രരാജ്യങ്ങളിൽ ഭൂരിപക്ഷത്തിനും ഇത്തരം ഉപഭോഗസാധ്യത ഇല്ല. അവരുടെ ഊർജഉപഭോഗവും കുറവാണ്. ഊർജഉപഭോഗം വർധിക്കുംതോറും കാർബൺ ഉത്സർജനവും വർധിക്കുന്നു. വ്യവസായവിപ്ലവത്തിനുശേഷം സാങ്കേതികവും സാമ്പത്തികവുമായ വളർച്ച പ്രാപിച്ച വികസിതരാജ്യങ്ങളാണ് അവരുടെ വ്യാവസായികവളർച്ചയുടെ ഭാഗമായി ഹരിതഗൃഹവാതകങ്ങൾ ഉത്സർജിച്ചത്. അതോടൊപ്പം നഗരവൽക്കരണത്തിന്റെ ഭാഗമായും വ്യവസായവൽക്കരണത്തിന്റെ ഭാഗമായും വൻതോതിൽ വനനശീകരണം നടന്നതും കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കാൻ ഇടയായി. കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജിക്കു ന്ന 10 രാജ്യങ്ങളാണ് മൊത്തം കാർബൺ ഉത്സർജനത്തിന്റെ 72 ശതമാനവും നടത്തുന്നത്. അന്തരീക്ഷത്തിൽ ഇന്നുള്ള കാർ ബൺ ഡൈ ഓക്‌സൈഡിന്റെ സിംഹഭാഗവും വികസിതരാജ്യങ്ങൾ പുറത്തുവിട്ടതാണ്. എന്നാൽ ഇരുപതാംനൂറ്റാണ്ടിന്റെ അവസാനപാദം ആയപ്പോഴേക്ക് ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങളുടെ കാർബൺ ഉത്സർജനം ഗണ്യമായി വർധിച്ചു.

സഞ്ചിത കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം (മൊത്തം ഉത്സർജനത്തിന്റെ ശതമാനമെന്ന നിലയ്ക്ക്)

രാജ്യം 1850-2011 1990-2011
യു.എസ്.എ. 27 16
ചൈന 11 15
യൂറോപ്യൻ യൂണിയൻ 25 12
റഷ്യ 8 6
ബ്രസീൽ 1 5
ഇന്തോനേഷ്യ  1 4
ഇന്ത്യ 3 4
ജപ്പാൻ 4 3
കാനഡ  2 2
മെക്‌സിക്കോ 1 2
ബാക്കി രാജ്യങ്ങൾ 17 31

ഇക്കാരണങ്ങളാലാണ് കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിച്ചതിനുള്ള പരിഹാരം വികസിതരാജ്യങ്ങളിൽ നിന്നുവേണം എന്ന് ക്യോട്ടോ പെരുമാറ്റച്ചട്ടം പറഞ്ഞത്. ആ ബാധ്യത ഏറ്റെടുത്താൽ തങ്ങളുടെ ഇന്നത്തെ വികസനരീതിയിൽ മാറ്റം വരുത്തേണ്ടിവരുമെന്നതുകൊണ്ടാണ് അമേരിക്ക ഈ പെരുമാറ്റച്ചട്ടത്തിൽ പങ്കാളിയാകാതിരുന്നത്.

അതെ; വ്യത്യസ്തസമൂഹങ്ങൾ അനുവർത്തിച്ചുവരുന്ന വികസനരീതി തന്നെയാണ് പ്രശ്‌നം. ഒരുപക്ഷെ ലാഭം, കൂടുതൽ ലാഭം എന്നും വളർച്ച, കൂടുതൽ വളർച്ച എന്നും മാത്രം ലക്ഷ്യമിടുന്ന മുതലാളിത്തവികസനരീതിയുടെ അനിവാര്യഘടകങ്ങളാണ് പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിത ഉപഭോഗം, പാരിസ്ഥിതികമായ അപചയം തുടങ്ങിയവ. ഉപഭോഗവസ്തുക്കളുടെ ഉൽപാദനത്തിലും അവയുടെ വിപണി വിപുലപ്പെടുത്തുന്നതിനുമുള്ള കോർപറേറ്റ് മത്സരം സമൂഹത്തിന്റെ ഉപഭോഗാസക്തി വർധിപ്പിക്കുകയാണ്. ഭൂമിക്ക് ഉൽപാദിപ്പിച്ചുതരാൻ കഴിയുന്നത് മനുഷ്യന് തികയാതെ വന്നിരിക്കുന്നു. മനുഷ്യൻ പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഇത് മനുഷ്യന്റെ ഉപഭോഗാസക്തി വർധിക്കുന്നതിനാലാണ്. മനുഷ്യന്റെ പാരിസ്ഥിതിക പാദമുദ്രയുടെ കണക്കെടുപ്പ് ഇതാണ് വ്യക്തമാക്കുന്നത് (ecological foot print).


മറ്റു ലേഖനങ്ങൾ

ആഗോളതാപനവും കാലാവസ്ഥാമാറ്റവും

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് ഹരിതഗൃഹപ്രഭാവം?
Next post എന്താണ് പാരിസ്ഥിതിക പാദമുദ്ര ?
Close