Read Time:14 Minute

മനുഷ്യന് ജീവിക്കാൻ വേണ്ടതെല്ലാം ലഭ്യമാകേണ്ടത് ഭൂമിയിൽനിന്നാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, വെള്ളം, വായു എന്നിങ്ങനെ പലതും. ഇവ നൽകാൻ ഭൂമിയുടെ എല്ലാ ഭാഗങ്ങ ൾക്കും ഉള്ള കഴിവ് ഒരേപോലെയല്ല. ഫലഭൂയിഷ്ഠമായ കൃഷി ഭൂമി, വനം, മേച്ചിൽപുറങ്ങൾ, മത്സ്യബന്ധന ഇടങ്ങൾ എന്നിങ്ങനെ ഉൽപാദനയോഗ്യമായ ഇടങ്ങളുണ്ട്. മരുഭൂമി, ഗ്ലേസിയറുകൾ എന്നിവ ഉൽപാദനയോഗ്യമല്ല. ഭൂമിയുടെ ജൈവഉൽപാദനയോഗ്യമായ ആകെ വിസ്തൃതിയെ (ഉൽപാദനക്ഷമതയിൽ വ്യത്യാസമുണ്ടെന്നതുകൊണ്ട് ശരാശരി ഉൽപാദനക്ഷമതയാണ് കണക്കാക്കുന്നത്) ആകെ ജനസംഖ്യകൊണ്ടു ഹരിച്ചാൽ ഭൂമിയുടെ പ്രതിശീർഷ ജൈവശേഷി (bio capacity) ലഭിക്കും. ഉൽപാ ദനശേഷി കണക്കാക്കുന്നത് മാലിന്യങ്ങളെ അവശോഷണം ചെയ്യാനും സംരക്ഷിക്കാനും ഉള്ള കഴിവുകൂടി കണക്കിലെടുത്താണ്. ഭൂമിയുടെ മൊത്തം ജൈവശേഷി 12 ശതകോടി ഹെക്ടറാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഉൽപാദനക്ഷമത കുറയുകയോ മാലിന്യങ്ങളുടെ അളവു കൂടുകയോ ചെയ്യുമ്പോൾ ഇതിൽ കുറവുവരുമെന്നത് വ്യക്തമാണല്ലൊ. ജനസംഖ്യയിലുണ്ടാകുന്ന വർധനവ് പ്രതിശീർഷ ജൈവശേഷിയിൽ കുറവുവരുത്തുമെന്നതും വ്യക്തം.
പാരിസ്ഥിതികപാദമുദ്രയും ഇതോടൊന്നിച്ചു കണക്കാക്കുന്നത് നമ്മുടെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകും. ഒരു വ്യക്തി ഉപഭോഗിക്കുന്ന എല്ലാ ജൈവവസ്തുക്കളും പുറന്തള്ളുന്ന മാലിന്യങ്ങളും പരിഗണിച്ചാണ് അയാളുടെ പാരിസ്ഥിതികപാദമുദ്ര കണക്കാക്കുന്നത്. ഒരു വ്യക്തി ഒരു വർഷം ഉപഭോഗിക്കുന്ന വസ്തുക്കളും സേവന ങ്ങളും ഉൽപാദിപ്പിക്കുന്നതിനും അയാൾ പുറന്തള്ളുന്ന മാലിന്യങ്ങൾ അവശോഷണം ചെയ്യുകയോ സംസ്‌കരിക്കുകയോ ചെയ്യുന്നതിനും ആവശ്യമായ ഭൂവിസ്തൃതി (ഹെക്ടറിൽ) ആണ് ആ വ്യക്തിയുടെ പാരിസ്ഥിതികപാദമുദ്ര. ഒരു വ്യക്തിയുടെ എന്നതുപോലെ തന്നെ ഒരു പ്രദേശത്തിന്റെയോ, രാജ്യത്തിന്റെയോ പ്രതിശീർഷപാരിസ്ഥിതിക പാദമുദ്രയും കണക്കാക്കാവുന്ന താണ്. പാരിസ്ഥിതികപാദമുദ്ര ജൈവശേഷിക്കു തുല്യമാണെങ്കിലോ കുറവാണെങ്കിലോ ഭൂമിയുടെ (പ്രദേശത്തിന്റെ) പാരിസ്ഥിതിക അവസ്ഥ ആരോഗ്യകരമാണെന്നു കരുതാം. എന്നാൽ പാരിസ്ഥിതിക പാദമുദ്ര ജൈവശേഷിയേക്കാൾ അധികമാകുന്ന അവസ്ഥയിൽ ഭൂമിയുടെ പാരിസ്ഥിതികാവസ്ഥ അപകടകരമാണെന്നു വരുന്നു. ജൈവശേഷി വളരെ നേരത്തേതന്നെ ഉപയോ ഗിക്കപ്പെടുന്നു. ഇത് പാരിസ്ഥിതിക കടം (ecological debt) ഉണ്ടാക്കുന്നു. ഗ്ലോബൽ ഫുട്പ്രിന്റ് നെറ്റ്‌വർക്ക് (global footprint network) കണക്കാക്കിയതുപ്രകാരം 2015-ലെ ശരാശരി (ആഗോള) പാരിസ്ഥിതികപാദമുദ്ര 2.84 ഗ്ലോബൽ ഹെക്ടർ ആണ്. ജൈവശേഷിയാകട്ടെ 1.73 ഗ്ലോബൽ ഹെക്ടറും. അതായത് 1.1 ഗ്ലോബൽ ഹെക്ടറിന്റെ കുറവ്. ഭൂമിയുടെ ജൈവശേഷി വളരെ നേരത്തെ അവസാനിക്കുന്നു എന്നർഥം. ഇത്തരത്തിൽ ഭൂമിയുടെ ജൈവശേഷി അവസാനിക്കുന്നതായി കണക്കാക്കുന്ന ദിവസത്തെ ഭൗമകടദിനം (earth debt day), ഇക്കോളജിക്കൽ ഓവർഷൂട്ട് ദിനം (ecological overshoot day) എന്നിങ്ങനെയാണ് പറയുന്നത്. ഈ വർഷം അത് ആഗസ്റ്റ് 2 ആയിരുന്നു. അതായത് ആഗസ്റ്റ് 2-നുശേഷമുള്ള ഉപഭോഗത്തിന് മനുഷ്യൻ ഭൂമിയോടു കടപ്പെട്ടിരിക്കുന്നു. വികസിതരാജ്യങ്ങളെല്ലാം തന്നെ ജൈവശേഷിയേക്കാൾ കൂടുതൽ പാരിസ്ഥിതികപാദമുദ്രയുള്ളവയാണ്. അഥവാ ജൈവശേഷി കമ്മിയുള്ളവയാണ്. വികസ്വരരാജ്യങ്ങളും അവികസിതരാജ്യങ്ങളും ജൈവശേഷി മുഴുവൻ ഉപയോഗിക്കാത്തവയോ പാരിസ്ഥിതികപാദമുദ്ര ആഗോളശരാശരിയിൽ താഴെയുള്ള വയോ ആണ്. ഏതാനും രാജ്യങ്ങളുടെ ജൈവശേഷിയും പാരി സ്ഥിതികപാദമുദ്രയും പട്ടിക നൽകിയിരിക്കുന്നതു പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ഏതാനും രാജ്യങ്ങളുടെ ജൈവശേഷിയും പാരിസ്ഥിതിക പാദമുദ്രയും (ഗ്ലോബൽ ഹെക്ടറിൽ) (2016).

രാജ്യം ജൈവ ശേഷി പാരിസ്ഥിതിക പാദമുദ്ര ജൈവശേഷി കമ്മി
യു.എ.ഇ.  0.85  10.68  9.83
യു.എസ്.എ.  3.76  8.00  4.24
ആസ്‌ട്രേലിയ 16.57 6.84 -9.73
ബ്രിട്ടൻ 6.56  7.93  1.37
റഷ്യ 6.79   5.69 -1.1
ബ്രസീൽ  9.08  3.11 -5.97
ഖത്തർ 1.24 10.51 9.29
ചൈന  0.94 3.38 2.44
ഇന്ത്യ  0.45 1.16 0.71
ലോകം (ശരാശരി) 2.84 1.73 1.1

പാരിസ്ഥിതികപാദമുദ്ര കൂടിവരികയും ഭൂമിയുടെ ഉൽപാദനക്ഷമത കുറയുക, മാലിന്യങ്ങളുടെ അളവു വർധിക്കുക, ജനസംഖ്യ വർധിക്കുക എന്നീകാരണങ്ങളാൽ ജൈവശേഷി കുറയുകയും ചെയ്യുന്നതായി കാണാൻ കഴിയും. ഇത് അപകടകരമാണ്. പാരിസ്ഥിതികപാദമുദ്രയുടെ മുഖ്യഭാഗവും കാർബൺ ഉത്സർജനവുമായി ബന്ധപ്പെട്ട കാർബൺ പാദമുദ്രയാണ് (carbon foot print). കാർബൺ പാദമുദ്ര ജീവിതത്തിന്റെ സമസ്തമേഖലയുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഗതാഗതം എന്നിങ്ങനെയുള്ള സമസ്ത പ്രവർത്തനങ്ങളിലും കൂടിയോ കുറഞ്ഞതോ ആയ കാർബൺ ഉത്സർജനമുണ്ട്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാജ്യത്തിന്റെ തന്നെയോ ഉപഭോഗവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ സ്വഭാവവും കാർബൺപാദമുദ്രയെ സ്വാധീനിക്കുന്നു. ഒരുൽപന്നത്തിന്റെ നിർമാണത്തിലും അതിന്റെ കടത്തലിലും (transport) പുറന്തള്ളുന്ന കാർബണിന്റെ (ടൺ കണക്കിൽ) അളവാണ് ആ പദാർഥത്തിന്റെ കാർബൺപാദമുദ്ര. അപ്പോൾ പ്രാദേശികമായുൽപാദിപ്പിച്ച ഒരു പഴത്തിന്റെ കാർബൺപാദമുദ്രയേക്കാൾ എത്രയോ കൂടുതലായിരിക്കും അന്യദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴത്തിന്റേത് എന്നു മനസ്സിലാക്കാവുന്നതാണ്. അതുതന്നെ വിമാനമാർഗം എത്തിച്ചതാണെങ്കിൽ വളരെ കൂടുതലായിരിക്കും എന്നു വ്യക്തം. ഒരു വ്യക്തിയോ ഒരു വ്യാപാരമോ ഒരു സ്ഥാപനമോ ഒരുവർഷം പുറത്തുവിടുന്ന കാർബണിന്റെ ടൺകണക്കിലുള്ള അളവാണ് ആ വ്യക്തിയുടെ അഥവാ വ്യാപാരത്തിന്റെ കാർബൺപാദമുദ്ര. അതായത് ആ വ്യക്തി ഉപഭോഗിക്കുന്ന വസ്തുക്കളുടെ അളവും തരവും അനുസരിച്ച് കാർബൺ പാദമുദ്രയും വ്യത്യാസപ്പെടും. ഇത് കണക്കാക്കാവുന്നതാണ്. അങ്ങനെയാണ് വികസിതസമൂഹങ്ങളിലെ കാർബൺ പാദമുദ്ര അവികസിത സമൂഹങ്ങളുടേതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയത്.

World map of countries by their raw ecological footprint, relative to the world average biocapacity (2007).

ഒരു രാജ്യത്തിന്റെ മൊത്തം കാർബൺ (കാർബൺ ഡൈ ഓക്‌സൈഡ് ഉത്സർജനം) ജനതയുടെ ഉപഭോഗത്തെയും മൊത്തം ജനസംഖ്യയെയും ആശ്രയിച്ചിരിക്കും. 2016-ലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്നത് ചൈനയാണ്. മൂന്നാംസ്ഥാനത്ത് ഇന്ത്യയാണ്. ജനസംഖ്യകൂടി പരിഗണിച്ച് പ്രതിശീർഷ കാർബൺ ഉത്സർജനം കണക്കാക്കുമ്പോൾ ചൈനപോലും വികസിതരാജ്യങ്ങളേക്കാൾ വളരെ പിറകിലാണ്. ഇന്ത്യയാണെങ്കിൽ ലോകശരാശരിയേക്കാൾ താഴെയാണ്. പട്ടിക 3-ൽ കാർബൺ ഉത്സർജനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 5 രാജ്യങ്ങളുടെ മൊത്തം ഉത്സർജനവും പ്രതിശീർഷ ഉത്സർജനവും നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കുന്നത് രസകരമായിരിക്കും.
പട്ടിക 3-ൽനിന്ന് ഒരുകാര്യം വ്യക്തമാകും. ഒരു രാജ്യത്തിന്റെ മൊത്തം കാർബൺ ഉത്സർജനമല്ല അവിടത്തെ പ്രതിശീർഷ കാർബൺ ഉത്സർജനമാണ് താരതമ്യം ചെയ്യേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ വേണം ആരാണ് കാർബൺ ഉത്സർജനത്തിൽ കുറ്റവാളിയെന്നു തീരുമാനിക്കാൻ.

കാർബൺ ഉത്സർജനം (2016)

രാജ്യം ആഗോള ഉത്സർജനത്തിന്റെ ശതമാനം പ്രതിശീർഷ ഉത്സർജനം
(ടൺ പ്രതിവർഷം)
ചൈന 28.21 7.5
യു.എസ്.എ. 15.99 16.5
ഇന്ത്യ 6.24 1.7
റഷ്യ 4.53 11.9
ജപ്പാൻ 3.67 9.5
(10.9% കാർബൺ ഉത്സർജനം യൂറോപ്യൻ യൂണിയന്റേതാണ്)

മറ്റൊരു വാദംകൂടി ഉയർന്നുവരുന്നുണ്ട്. ഒരു രാജ്യം അഥവാ സമൂഹം ഉപഭോഗിക്കുന്ന വസ്തുക്കളുടെ നിർമിതിയും കടത്തുമായി ബന്ധപ്പെട്ട കാർബൺ ഉത്സർജനം അത് ഉൽപാദിപ്പിച്ച സമൂഹത്തിന്റെ /രാജ്യത്തിന്റെ കണക്കിലാണോ അതോ അവ ഉപഭോഗിച്ച സമൂഹത്തിന്റെ/രാജ്യത്തിന്റെ കണക്കിലാണോ പെടുത്തേണ്ടത്? ഉപഭോഗം ചെയ്തവർക്കല്ലേ ബാധ്യതവരേണ്ടത്? വികസ്വരരാജ്യങ്ങളും അവികസിതരാജ്യങ്ങളും നിർമി ക്കുന്ന ഉൽപന്നങ്ങളുടെ നല്ല പങ്കും വികസിതരാജ്യങ്ങളുടെ ആവശ്യത്തിനുവേണ്ടി കയറ്റുമതി ചെയ്യുകയാണ് – ഇതുകൂടി പരിഗണിച്ചാൽ വികസിതരാജ്യങ്ങളുടെ കാർബൺ ഉത്സർജനം ഇനിയും വർധിക്കും. വികസിതാവസ്ഥയിലുള്ള അസമത്വവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കുവേണ്ടിയുള്ള ഉയർന്ന കാർബൺ ഉത്സർജനവും കണക്കിലെടുത്താണ് കാർബൺ ഉത്സർജനം കുറയ്ക്കുന്നതിൽ വികസിതസമൂഹങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ വർധിച്ച ഉത്തരവാദിത്തമുണ്ടെന്ന് ക്യോട്ടോ പെരുമാറ്റച്ചട്ടം വ്യക്തമാക്കിയത്. അതനുസരിച്ചുള്ള ബാധ്യത അവരെ ഏൽപിക്കുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിൽ അംഗമാകാതെ അമേരിക്ക ആദ്യംതന്നെ ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവായി. മറ്റുവികസിതരാജ്യങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായെങ്കിലും വികസ്വരരാജ്യങ്ങളെ കാര്യമായി സഹായിച്ചില്ല എന്നതാണ് വാസ്തവം. കാർബൺ ഉത്സർജനം കുറഞ്ഞ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതികവിദ്യാകൈമാറ്റമായിരുന്നു അതിൽ പ്രധാനം. അതുനടന്നില്ല. ആഗോളതാപനത്തിന്റെ ദൂഷ്യങ്ങൾ കുറയ്ക്കുന്നതിന് വികസ്വരരാജ്യങ്ങൾക്ക് ധനസഹായം നൽകേണ്ടിയിരുന്നു. ഇതുമുണ്ടായില്ല. എന്നാൽ ഗ്ലോബൽ എൻവയേൺമെന്റൽ ഫെസിലിറ്റി (GEF)യുടെ പ്രോത്സാഹനത്തോടെ കാർബൺ ഉത്സർജനം കുറവുള്ള ശുദ്ധവികസനരീതികൾ (Clean Development Mechanism – CDM) വിക സിക്കുകയുണ്ടായിട്ടുണ്ട്. വികസ്വരരാജ്യങ്ങളുടെയും അവികസിതരാജ്യങ്ങളുടെയും കാർബൺ ഉത്സർജനത്തിന് അനുവദിച്ചു നൽകിയ പരിധി വിലയ്‌ക്കെടുത്ത് വികസിതരാജ്യങ്ങൾ കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്ന അവസ്ഥയാണ് കാർബൺ ക്രെഡിറ്റിന്റെ (Carbon Credit) പേരിൽ ആത്യ ന്തികമായി സംഭവിച്ചത് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാർബൺ ക്രെഡിറ്റ് സംബന്ധിച്ച അവകാശവാദങ്ങൾ പലതും വസ്തുതാപരമായി ശരിയായിരുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് ക്യോട്ടോ പെരുമാറ്റച്ചട്ടം നടപ്പാ ക്കാൻ തുടങ്ങിയതെങ്കിലും കാർബൺ ഉത്സർജനം കുറഞ്ഞില്ലെന്നു മാത്രമല്ല, വളരെയേറെ വർധിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. മുതലാളിത്ത വികസനരീതിയുടെ ഭാഗമായി ഉപഭോഗം വർധിച്ചുകൊണ്ടിരുന്നാൽ ഇത്തരത്തിൽ സംഭവിക്കാതെ നിവൃത്തിയില്ലല്ലൊ.


മറ്റു ലേഖനങ്ങൾ

ആഗോളതാപനവും കാലാവസ്ഥാമാറ്റവും

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാചർച്ചകളും ഉടമ്പടികളും
Next post കാലാവസ്ഥാമാറ്റവും പാരീസ് കരാറും
Close