Fri. Jul 3rd, 2020

LUCA

Online Science portal by KSSP

ശാസ്ത്രബോധം – 1980ലെ  രേഖ 

നെഹ്‌റു സെന്ററിന്റെ ആഭിമുഖ്യത്തിൽ 1980 ഒക്‌ടോബറിൽ കൂനൂരിൽ രാജ്യത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും യോഗം ചേർന്ന് ചർച്ചചെയ്ത് രൂപംകൊടുത്ത ശാസ്ത്രബോധം എന്ന രേഖയുടെ വിവർത്തനം.

(ജവഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽ നിന്ന്  പ്രചോദനമുൾക്കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് നെഹ്‌റു കേന്ദ്രം (Nehru Centre). ഈ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 1980 ഒക്‌ടോബറിൽ കൂനൂരിൽ രാജ്യത്തെ പ്രഗത്ഭ ശാസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരും ചരിത്രകാരന്മാരും യോഗം ചേർന്ന് ചർച്ചചെയ്ത് രൂപംകൊടുത്ത ശാസ്ത്രബോധം എന്ന രേഖയുടെ വിവർത്തനം. ഡോ.പി.എൻ.ഹക്‌സർ, പ്രൊഫ. എച്ച്.നരസിംഹയ്യ, പ്രൊഫ.സതീഷ് ധവാൻ, ഡോ.എ.കെ.എൻ.റെഡ്ഡി, പ്രൊഫ.വി.കെ.ദാമോദരൻ തുടങ്ങിയവരാണ് രേഖയിൽ ഒപ്പുവച്ചിട്ടുള്ളത്. വിവർത്തകൻ : ചുനക്കര ഗോപാലകൃഷ്ണൻ) 

നെഹ്‌റു സെന്റർ മുംബൈ

മുഖവുര

സുദീർഘമായ ചരിത്രമാണ് മനുഷ്യവർഗത്തിന്റേത്. വൈവിധ്യമുള്ള സംഭവങ്ങളുടെ ചരിത്രം. തുടർച്ചയുള്ള പരിവർത്ത നത്തിന്റെ ചരിത്രം. പ്രകാശിതവും ഇരുളടഞ്ഞതുമായ കാലഘട്ടങ്ങൾ ഇടകലർന്നു നിർണയിച്ച ചരിത്രം. എത്രയെത്രയോ സംസ്‌കാരങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച ചരിത്രം. ഈ ചരിത്രത്തെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ആർക്കും മനസ്സിലാകുന്ന ഒന്നുണ്ട്, കൂടുതൽ കൂടുതൽ അറിവുനേടുന്നതിലേക്കും ചുറ്റുപാടിന്മേൽ അധികമധികം ആധിപത്യം സ്ഥാപിക്കുന്നതിലേക്കും മനുഷ്യൻ നടത്തിയ സന്തതമായ മുന്നേറ്റം. 

നെഹ്‌റു സെന്ററിലെ പ്രദർശനത്തിൽ നിന്നും

മനുഷ്യരാശി ഒന്നടങ്കം വിജ്ഞാനസമാഹരണം നടത്തുന്നു വെങ്കിലും, ആ വിജ്ഞാനം, രാജ്യങ്ങളുടെയെല്ലാം പൊതു നന്മയ്ക്കും പുരോഗതിക്കും വേണ്ടി ഉപയോഗിക്കപ്പെടുമെന്നുള്ളതിന് ഉറപ്പൊന്നുമില്ല. മാത്രമല്ല, പ്രബലമായ സാമൂഹിക- സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയസമ്പ്രദായങ്ങൾ വിജ്ഞാനസമാഹരണത്തെ തടഞ്ഞുനിർത്തിയതിന്റെ ഫല മായി വിവേകവും യുക്തിചിന്തയും ശാസ്ത്രവും ക്ഷയിച്ച തിന്റെയും പിന്നാക്കം പോയതിന്റെയും ഉദാഹരണങ്ങളും ചരിത്രത്തിലുണ്ട്. ശാസ്ത്രത്തിലും മനുഷ്യചിന്തയിലും പുതിയ ഉണർവ് സൃഷ്ടിച്ച നവോത്ഥാനം ജന്മംകൊണ്ടത് ഇറ്റലിയി ലായിരുന്നു; ആധുനിക ശാസ്ത്രത്തിന്റെ ബീജാവാപം ചെയ്ത ഗലീലിയോയും ഇറ്റലിക്കാരനായിരുന്നു. എന്നാൽ നവോത്ഥാന ത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കാൻ ഇറ്റലിക്ക് ഇടയായില്ല. മതത്തിന്റെയും പള്ളിയുടെയും അതിശക്തമായ പ്രതിപ്രവർ ത്തനമാണ് ഇറ്റലിയെ അന്ധകാരത്തിൽതന്നെ പിടിച്ചുനിർത്തി യത്. ഈ പ്രതിഭാസം ശക്തമല്ലാതിരുന്ന യൂറോപ്പിന്റെ വടക്കൻ പ്രദേശങ്ങൾ നവോത്ഥാനത്തിന്റെ പുതിയ വെളിച്ചത്തെ ഉൾക്കൊള്ളുകയും വികസിക്കുകയും ചെയ്തു. തുടർന്ന് നവോത്ഥാനവും ക്രൈസ്തവസഭാവിപ്ലവവും (ചരിത്രപ്രസിദ്ധമായ റിഫർമേഷൻ) വിചാരത്തെയും സമൂഹത്തെയും സമൂല പരിവർത്തനത്തിന് വിധേയമാക്കി. 

ആധുനിക ശാസ്ത്രത്തിന്റെ ബീജാവാപം -ഗലീലിയോ – | നാടകം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

അന്വേഷണതൃഷ്ണ ശാസ്ത്രീയവിജ്ഞാനസമാഹരണത്തിലേക്കു നയിച്ച സൃഷ്ടിപരമായ കാലഘട്ടങ്ങൾ നമ്മുടെ രാഷ്ട്രത്തിലും ഉണ്ടായിരുന്നു. അന്നിവിടെ ശാസ്ത്രബോധം തളിർക്കുകയും പൂക്കുകയും ചെയ്തു. സാഹിത്യത്തിലും സംഗീതത്തിലും മറ്റു കലകളിലും സർഗാത്മകത തുടിച്ചുനിന്നു. ഈ സർഗചൈതന്യം പൂർണമായും കെട്ടടങ്ങിയ കാലഘട്ട ങ്ങളെക്കുറിച്ചും നമുക്കറിയാം. താരതമ്യേന സുദീർഘങ്ങളായിരുന്ന ആ ഇരുണ്ട കാലഘട്ടങ്ങളിൽ ചോദ്യംചെയ്യാൻ പാടില്ലാത്ത ചില പ്രമാണങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും മൃതമായ ആചാരാനുഷ്ഠാനങ്ങളിലേക്കും എല്ലാം ചുരുങ്ങിച്ചെറുതായി. അന്വേഷണതൃഷ്ണയും ചോദ്യം ചെയ്യാനുള്ള കരുത്തും അന്ന് മരവിച്ചു. കണ്ണടച്ച് അംഗീകരിക്കുക, നിശ്ചേഷ്ടമായി സ്വീകരിക്കുക എന്ന നിലയിലേക്ക് സർവവും അന്ന് തരം താഴ്ന്നു. അതിന്റെയെല്ലാം അന്തിമഫലമായി ഏറ്റവും വലിയ നാശം നമ്മെ കീഴ്‌പ്പെടുത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീശത്വത്തിനും അടിച്ചേൽപിക്കലിനും നാം കരുവായി. 

കൊടിയൊരു പതനത്തിലേക്കാണ് നാം ചെന്നുപെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ വളരെ വൈകി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കനത്ത കരങ്ങൾ ആഞ്ഞുപതിച്ചപ്പോഴാണ് നാം ഉണരാൻ തുടങ്ങിയത്. എന്തുകൊണ്ടിത് സംഭവിച്ചുവെന്ന് ചിലരെങ്കിലും ചിന്തിക്കാൻ തുടങ്ങി. അതിന്റെ ഫലമായി മരവിച്ചുകിടന്ന ചിന്തയും അന്വേഷണതൃഷ്ണയും ഉണർന്നു. തൽഫലമായി ഒരു വലിയ സാമൂഹികസാംസ്‌കാരികമുന്നേറ്റം – ഇതിനെ ഇന്ത്യൻ നവോത്ഥാനമെന്നു വിളിക്കാം – ഈ രാജ്യത്തുണ്ടായി. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് നമ്മുടെ ചില സമുന്നതരായ നേതാക്കൾ സ്വതന്ത്രമായും നിർഭയമായും ചിന്തി ക്കാനും അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനും ജനങ്ങളെ നിരന്തരമായി പ്രേരിപ്പിച്ചു. ഈ ശ്രമത്തിന് ആഗ്രഹിച്ച ഫല മുണ്ടായി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതാനുള്ള ഇച്ഛാശക്തി ജനങ്ങളിൽ വളർന്നു വന്നു. രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള ദേശീയസമരത്തിന് വിത്തുപാകിയത് ഈ ഇച്ഛാശക്തിയല്ലാതെ മറ്റൊന്നുമല്ല. നിക്ഷിപ്തതാൽപര്യ ങ്ങൾക്കുവേണ്ടി മാത്രം നിലകൊണ്ടിരുന്ന ബ്രിട്ടീഷ്‌സാമ്രാജ്യം ഇന്ത്യൻ ജനതയിൽ അലയടിച്ചുവന്ന ദേശീയതയുടെ മഹാപ്രവാഹത്തെ തകർക്കാൻ മതനവീകരണനയങ്ങളിലൂടെയും വിജ്ഞാനപ്രചാരണത്തെ ബോധപൂർവം തടയുന്ന തിലൂടെയും മറ്റും പരിശ്രമിച്ചുവന്നു. നമ്മുടെ പ്രാചീനസാമൂഹികക്രമങ്ങളെ ചോദ്യം ചെയ്യാൻ നാം ഒരിക്കലും തയ്യാറായിരുന്നി ല്ലെങ്കിലും, നിർഭാഗ്യവശാൽ അത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച കൾക്ക് നാം തയ്യാറായെങ്കിലും, വിജ്ഞാനസമ്പാദനത്തിനുള്ള നമ്മുടെ അഭിനിവേശവും ശാസ്ത്രീയവീക്ഷണവും ദൃഢമായി നിലനിന്നു. അന്തിമമായി, ചോദ്യം ചെയ്യാനുള്ള ജന ങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തിനു മുമ്പിൽ അതിശക്ത മെന്നും മാറ്റാൻ കഴിയാത്തതെന്നും ധരിക്കപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുട്ടുകുത്തേണ്ടിവന്നു. 

പതിനെട്ടാം നൂറ്റാണ്ടിലെ കൊൽക്കത്താ നഗരം | നെഹ്‌റു സെന്ററിലെ പ്രദർശനത്തിൽ നിന്നും

നമ്മുടെ ഭൗതികവും സാമൂഹികവുമായ നിലനിൽപിനെ കാര്യമായി സ്വാധീനിക്കുന്ന മഹത്തായ കണ്ടുപിടിത്തങ്ങൾ നിറഞ്ഞ ശാസ്ത്രയുഗത്തിലാണ് നാം ജീവിക്കുന്നത്. ചുരുക്കം ചില ഭൗതികനിയമങ്ങൾ കൊണ്ടുമാത്രം സ്‌പേസിന്റെ അനന്തതയിൽ സ്ഥിതിചെയ്യുന്ന ബൃഹത്തായ ഭൗമേതരവസ്തുക്കളെ മുതൽ അണുവിനെയും അണുകേന്ദ്രത്തെയും പോലെയുള്ള അതിസൂക്ഷ്മ ദ്രവ്യരൂപങ്ങളെവരെ വിശദീകരിക്കാൻ നമുക്കു കഴിയുന്നുവെന്നത് തീർച്ചയായും അഭിമാനാർഹമായ കാര്യം തന്നെ. ജീവശാസ്ത്രരംഗത്ത് ദൂരവ്യാപകഫലങ്ങൾ ഉളവാക്കുന്ന മഹത്തായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിദീർഘമായ മനുഷ്യചരിത്രം പരിശോധിച്ചാൽ, അദമ്യമായ അന്വേഷണ തൃഷ്ണ അഥവാ ശാസ്ത്രബോധം ആണ് ശാസ്തത്തിന്റെ വളർച്ചയെ സഹായിക്കുന്നതും പരിതസ്ഥിതികളെ മെരുക്കി യെടുക്കാൻ നമ്മെ കരുത്തരാക്കുന്നതും എന്നു മനസ്സിലാക്കാൻ കഴിയും. 

[box type=”success” align=”” class=”” width=””]മനുഷ്യന്റെ ഏറ്റവും മഹത്തായ പാരമ്പര്യം അവനിലുള്ള ശാസ്ത്രബോധമാണെന്ന് പ്രസ്താവിക്കാൻ കഴിയും. ഈ ബോധമാകട്ടെ മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഉരുത്തിരിഞ്ഞിട്ടുള്ളതും. [/box]

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി മറ്റുള്ള രാജ്യങ്ങൾക്കൊപ്പം മുന്നേറുക എന്ന ലക്ഷ്യം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യയിൽ ശാസ്ത്രബോധത്തിന് പ്രചോദനം നൽകി. ശാസ്ത്രീയനേട്ടങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. പിന്നിട്ട നൂറ്റാണ്ടുകളിലെ മന്ദഗമനമല്ല, കുതിച്ചുചാട്ടമാണ് ഇനി ഈ രംഗത്ത് വേണ്ടതെന്ന് അദ്ദേഹം വാദിച്ചു. ഈയൊരു കാഴ്ചപ്പാടിലൂടെയുള്ള പ്രവർത്തനം ഇവിടത്തെ ജനങ്ങളുടെ ചിന്താരീതിയിൽ സാര മായ മാറ്റം വരുത്തി. നമ്മുടെ ഭരണഘടനയും ശാസ്ത്രനയത്തെ പ്പറ്റിയുള്ള നമ്മുടെ പ്രഖ്യാപനവും പഴയ ചിന്താരീതികളിൽ മൗലികമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന ധാരണയിൽ ത്തന്നെ കരുപ്പിടിപ്പിച്ചവയാണ്. എന്നാൽ, നിർഭാഗ്യവശാൽ പ്രഖ്യാപിതലക്ഷ്യവും ലക്ഷ്യത്തിൽ എത്തുന്നതിന് രൂപം കൊടുത്ത മാർഗങ്ങളും തമ്മിൽ കാര്യമായ പൊരുത്ത മുണ്ടായില്ല. എന്തും നന്ദിപൂർവം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തുവരുന്ന ഒരു ജനതയെ അന്വേഷണതൃഷ്ണ യുള്ളവരും ചോദ്യം ചെയ്യുന്നവരുമായി പരിവർത്തനപ്പെടുത്തി യെടുക്കുന്നതിന് വ്യവസ്ഥാപിതവും നിരന്തരവുമായ യാതൊരു ശ്രമവും നടന്നില്ല. അതിന്റെ ഫലമായി ജനങ്ങൾ അവരുടെ വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും അടിയുറച്ചുനിന്നു. ശാസ്ത്രബോധത്തിന് ഒരു ജനകീയാടിത്തറയോ, പ്രായോഗിക സംഘടനാരൂപങ്ങളോ (പ്രത്യേകിച്ചും വിദ്യാഭ്യാസസമ്പ്രദായ ത്തിൽ) കെട്ടിപ്പടുക്കുന്നതിൽ നേരിട്ട പരാജയം നമ്മുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നമുക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ തുടങ്ങി.

ഇത്തരമൊരു സാഹചര്യത്തിൽ ശാസ്ത്രതൃഷ്ണയെ കൊളോണിയൽ ഘടന അധ്യാരോപിതമായിരിക്കുന്ന പഴമയുടെ വിലക്ഷണശക്തികൾ കടന്നാക്രമിക്കുക സ്വാഭാവികമാണ്. അതിന്റെ ഫലമായി, ശാസ്ത്രസാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് രാഷ്ട്രപുനർനിർമാണം സാധ്യ മാക്കാമെന്ന നമ്മുടെ ആശ സഫലമാകാതെ പോയി. ഈ തകർച്ച പഴയ മൂല്യങ്ങളിലേക്കു തിരിച്ചുപോകാൻ ഭരണാധി കാരികളെയും പ്രേരിപ്പിച്ചു. അതിന്റെ ഫലമായി താൽക്കാലിക പരിഹാരങ്ങളിലേക്കും മാന്ത്രികവിശ്വാസങ്ങളിലേക്കുമുള്ള ഒരു തരം ഒളിച്ചോട്ടമാണ് പിന്നീടുണ്ടായത്. റോമൻ ബുദ്ധിജീവികൾ ഒരുകാലത്ത് ലെവന്റയ്ൻ മാജിക്കുകളിൽ അഭയം പ്രാപിച്ചിരുന്നതിനെ ഓർമപ്പെടുത്തുമാറ്, ഇവിടെയും മൂല്യവത്തായ            മാറ്റങ്ങൾക്ക് ഉപയോഗിക്കേണ്ട ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഈ മാന്ത്രികപരിഹാരങ്ങൾക്കുള്ള കുറുക്കുവഴി യായി ഉപയോഗിച്ചു. ശാസ്ത്രസാങ്കേതികവിദ്യകളും സമൂഹവും തമ്മിലുള്ള പ്രവർത്തനത്തിന്റെ സ്വാധീനത്തെയും ശാസ്ത്ര സാങ്കേതികവിദ്യകളുടെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചേരണ മെങ്കിൽ സാമ്പത്തിക-സാമൂഹികസാഹചര്യങ്ങൾ അതിന് ഉതകുന്ന തരത്തിൽ പാകപ്പെട്ടിരിക്കണമെന്ന കാര്യത്തെയും വേണ്ട ഗൗരവത്തിൽ നാം കണ്ടില്ല. സാംസ്‌കാരികസാഹചര്യ ങ്ങളും സാമൂഹിക-സാമ്പത്തികസ്ഥിതിഗതികളും സംഘട നാരൂപങ്ങളും ജനങ്ങളുടെ അന്വേഷണതൃഷ്ണയെ പ്രതിരോധിക്കുമ്പോൾ ഒരിക്കലും ലക്ഷ്യത്തിലേക്ക് മുന്നേറാനാവില്ല. 

നമ്മുടെ ദു:സ്ഥിതിയുടെ രൂക്ഷത നാൾക്കുനാൾ വർധിച്ചു വരികയാണ്. വ്യാവസായികമായി മുന്നണിയിൽ എത്തിയ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട്. ശാസ്ത്രസാങ്കേതിക പരിശീലനം നേടിയ മനുഷ്യശക്തി സ്വന്തമായിട്ടുള്ള രാജ്യ ങ്ങളിൽ 3-ാം സ്ഥാനം ഇന്ത്യക്കാണ്. എന്നാൽ പ്രതിശീർഷ ആഹാരവിനിയോഗത്തിൽ, ആയുർദൈർഘ്യത്തിൽ, ആരോഗ്യ രക്ഷയിൽ, ജീവിതനിലവാരത്തിൽ നാം ലോകരാജ്യങ്ങളുടെ പട്ടികയിൽ താഴേത്തട്ടിലാണ്. ഈ രാജ്യത്തെ മുഴുവൻ ജന ങ്ങൾക്കും ശുദ്ധജലവും ആഹാരവും പാർപ്പിടവും ആരോഗ്യ രക്ഷയും പ്രദാനം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ നമ്മുടെ കൈവശമുണ്ട്. പക്ഷേ അവ പ്രയോഗിക്കാൻ നമുക്ക് കഴി യുന്നില്ല. എവിടെയോ തെറ്റുപറ്റിയിട്ടുണ്ട്. നമ്മുടെ ആസൂത്രണ ത്തിന്റെ കാഴ്ചപ്പാടും സാമൂഹിക-സാമ്പത്തികപരിതസ്ഥിതികളും പൊരുത്തപ്പെടാനാവാത്ത അകലത്തിലാണ് ഇവിടെ. ഇവിടെത്തന്നെയാണ് നമ്മുടെ തകർച്ചയുടെയും നിരാശയുടെയും അടിവേരുകൾ. 

ഇന്ത്യയിലെ സാമൂഹികസ്ഥിതിഗതികളുടെ കാര്യക്ഷമമായ വിലയിരുത്തൽ നടത്തിയതിനുശേഷമേ ദേശീയപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നയങ്ങൾക്കു രൂപംകൊടുക്കാൻ പാടുള്ളൂ. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അന്ധവിശ്വാസങ്ങൾ ക്യാൻസർപോലെ പടർന്നിരിക്കുന്നു. സർക്കാരിന്റെ  മേൽ നോട്ടത്തിൽത്തന്നെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ മതപരമായ ചടങ്ങുകൾ നടത്തുന്നു. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ പിന്തിരിപ്പൻ ചിന്താഗതികളിൽ അധിഷ്ഠിതമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏർപ്പെടുന്നു. അധികാരസ്ഥാനങ്ങളെയും പ്രാമാണ്യത്തെയും അനുസരിക്കാനും ചോദ്യം ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്ന അറുപഴഞ്ചൻ രീതിയിലാണ് വിദ്യാഭ്യാസസമ്പ്രദായമാകെ കരുപ്പിടിപ്പിച്ചിരിക്കുന്നത്. 

ഒരുപറ്റം ഭരണാധികാരികൾ യുക്തിചിന്തയ്ക്കും വിജ്ഞാന സമ്പാദനത്തിനും എതിരായി എടുത്തിട്ടുള്ള നടപടികൾ   ചോദ്യം ചെയ്യാനുള്ള മനുഷ്യന്റെ കഴിവിനെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെ അടിച്ചമർത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. യുക്ത്യധിഷ്ഠിത സമീപനം, തീരുമാന ങ്ങളെടുക്കുന്ന ഘട്ടത്തിൽ വിസ്മരിക്കപ്പെടുന്നു. വസ്തുനിഷ്ഠ മായതും ശാസ്ത്രീയസമീപനത്തിലുറച്ചതുമായ യാതൊരു ദീർഘകാലകാഴ്ചപ്പാടും നമുക്കില്ല. ആസൂത്രിതപദ്ധതികൾക്കു പകരം അഡ്‌ഹോക്കിസവും ഇടുങ്ങിയ ചിന്താഗതികളും ഭാവിയിലേക്കുള്ള വികസനത്തിന്റെ പാതയൊരുക്കുന്നു. ആവശ്യമായ പരിശോധനയിലൂടെയോ, ദേശീയാവശ്യകതയുടെ ശാസ്ത്രീയ അവലോകനത്തിലൂടെയോ, നടപ്പിലാക്കുന്ന തിന്റെ സൗകര്യസാധ്യതകളെ മുൻനിർത്തിയോ അല്ല, പരിപാടി കളുടെ പ്രാമുഖ്യം നിർണയിച്ചുവരുന്നത്. പ്രവർത്തിക്കുന്ന തിനുപകരം മുദ്രാവാക്യങ്ങൾകൊണ്ടു പുകമറ സൃഷ്ടിച്ച് നേട്ടങ്ങളുടെ മിഥ്യാലോകം കെട്ടിപ്പടുക്കുന്നു. ക്രാഷ് പ്രോഗ്രാമു കളിലൂടെ പുരോഗതിയെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കുന്നു. ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണം നമുക്കില്ല. പഞ്ച വത്സരപദ്ധതികൾപോലും ഫണ്ടുവിതരണം ചെയ്യുന്ന വാർഷിക അഭ്യാസങ്ങളായി അധ:പതിച്ചുകഴിഞ്ഞു. 

മുന്നോട്ടുള്ള പ്രയാണത്തിന് മുമ്പെന്നത്തെക്കാൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രണ്ട് മാർഗങ്ങളാണു മുന്നിലുള്ളത്. തടസ്സങ്ങളെ മറികടന്ന് മുന്നോട്ടുപോവുക; അല്ലെങ്കിൽ ഭാവി യുടെ ഇരുണ്ട പുതപ്പ് സ്വയം സ്വീകരിക്കുക. ശാസ്ത്രബോധ ത്തിന്റെ അർഥം മാത്രമല്ല അതിന്റെ വ്യാപ്തിയും കാലിക പ്രസക്തിയും നാം ഉൾക്കൊള്ളണം. നമ്മുടെ ഭാവി വിധാതാക്കൾ നമ്മൾ തന്നെയെന്നും അധികാരശക്തികളുടെ ദ്രോഹചിന്തയുടെ മാപ്പുസാക്ഷികളാവരുത് നാമെന്നും മനസ്സി ലാക്കേണ്ടിയിരിക്കുന്നു. അത് സാധ്യമാകണമെങ്കിൽ ശാസ്ത്ര ബോധത്തെ പിന്നോട്ടുവലിക്കുന്ന വിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കേണ്ടതുണ്ട്. ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിച്ച് മുന്നേറേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ മാത്രമേ ഇരുണ്ടു തുടങ്ങിയ നമ്മുടെ ദേശീയചക്രവാളത്തിൽ പുലരിയുടെ കൈത്തിരി കത്തിച്ചുവയ്ക്കാൻ നമുക്ക് കഴിയൂ. അങ്ങനെ  മാത്രമേ ജനതക്ക് ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യാനും അത് യാഥാർഥ്യമാക്കിത്തീർക്കാനും സാധ്യമാവൂ. ഇത്തരമൊരു കാഴ്ചപ്പാട് ശാസ്ത്രബോധത്തിന്റെ പൊക്കിൾക്കൊടിയിലേ ജനിക്കൂ. 

ശാസ്ത്രബോധം എന്നാൽ

ശാസ്ത്രത്തിന്റെയോ സാങ്കേതികവിദ്യയുടെയോ വ്യാപനത്തേക്കാൾ പ്രധാനമാണ് ശാസ്ത്രബോധത്തിന്റെ വ്യാപനം. ശാസ്ത്രബോധം അറിവ് വർദ്ധിപ്പിക്കുന്നുവെന്നത് ശരിയാണ്. യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതും ശരിയാണ്. എന്നാൽ കേവലം അറിവ് സമാഹരിക്കലോ യുക്തിചിന്തയോ അല്ല ശാസ്ത്രബോധം. ജനതയെ ഒരു പ്രത്യേക കാഴ്ചപ്പാടി ലേക്കും പെരുമാറ്റരീതിയിലേക്കും നയിക്കാനുതകുന്ന ഒരു മാനസികവ്യാപാരമാണ് അത്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രശ്‌നങ്ങളോടുമുള്ള സമീപനങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മൂല്യബോധങ്ങളിൽ ആവശ്യമായ മാറ്റം വരുത്താൻ പര്യാപ്തമായ വിധത്തിൽ സമൂഹ ത്തിലാകെ വ്യാപിക്കേണ്ട ഒന്നാണ് ശാസ്ത്രബോധം. 

മറ്റു കാര്യങ്ങളോടൊപ്പം താഴെ പറയുന്ന നാല് പ്രധാനപ്പെട്ട പ്രമേയങ്ങളുടെ അംഗീകാരവും ശാസ്ത്രബോധത്തിൽ ഉൾപ്പെടുന്നു. 

  1. അറിവ് ആർജിക്കാനുള്ള ഒരു സുവിദിതമാർഗം പ്രദാനം ചെയ്യുന്നു ശാസ്ത്രീയരീതി. 
  2. ശാസ്ത്രീയമാർഗങ്ങൾ പ്രയോഗിക്കുന്നതിലൂടെ ലഭ്യ മാകുന്ന അറിവ് മനുഷ്യന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും ഉപയോഗിക്കാം. 
  3. നീതിശാസ്ത്രം മുതൽ രാഷ്ട്രീയ-സാമ്പത്തികശാസ്ത്ര ങ്ങൾവരെ ദൈനംദിനജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രീയരീതി പൂർണമായും അനുവർത്തിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്റെ നിലനിൽപും പുരോഗതിയും സാധ്യമാവൂ. 
  4. ശാസ്ത്രരീത്യാകണ്ടെത്തിയ അറിവിനെ കാലഘട്ടത്തിന് ഏറ്റവും യോജിച്ച സത്യമായി അംഗീകരിക്കണം – അതോടൊപ്പം ആ അറിവുമായി പൊരുത്തപ്പെടാത്തവയെ ചോദ്യം ചെയ്യുകയും വേണം. ആധുനികവിജ്ഞാനത്തിന്റെ അടിസ്ഥാനതത്വങ്ങളെ ഇടയ്ക്കിടെ പുന:പരിശോധിക്കാനും തയ്യാറാകണം. 

[box type=”success” align=”” class=”” width=””]അറിവുകൾ ശേഖരിക്കുക : ശേഖരിക്കപ്പെടുന്ന അറിവുകൾ ഉപയോഗപ്പെടുത്തി മനുഷ്യനെയും അവന്റെ പ്രാകൃതിക സാമൂഹികസാഹചര്യങ്ങളെയും വ്യവസ്ഥാപിതമായി മനസ്സി ലാക്കുക; ഇത് സാധ്യമാക്കുന്ന പ്രക്രിയയാണ് ശാസ്ത്രരീതി യെന്നുപറയാം. ഈ അർഥത്തിൽ വിനിമയസാധ്യമായ മനുഷ്യ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളെയും – പ്രകൃതിശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രായോഗികശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടെ – ശാസ്ത്രരീതി ഉൾക്കൊള്ളുന്നുവെന്ന് മനസ്സിലാക്കാം. [/box]

അന്വേഷണതൃഷ്ണയും ചോദ്യം ചെയ്യുന്നതിനും ചോദ്യം ചെയ്യപ്പെടുന്നതിനുമുള്ള സൻമനോഭാവവും ശാസ്ത്രബോധ ത്തിന്റെ അടിസ്ഥാനങ്ങളാണ്. ഒരു വസ്തുവിനെയൊ പ്രതി ഭാസത്തെയോ സംഭവത്തെയൊ സംബന്ധിച്ച് എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങളുന്നയിക്കുവാൻ ശാസ്ത്രബോധം പ്രേരിപ്പിക്കുന്നു. പക്ഷേ, ഒരുകാര്യം – ചോദ്യം ചെയ്യലും ശാസ്ത്രരീതിക്ക് അനുയോജ്യമായ വിധത്തിൽ ആയി രിക്കണം; വിശ്വാസം അടിച്ചേൽപ്പിക്കലാവരുത്. അതിനാൽ എല്ലാ തരത്തിലുമുള്ള അധികാരസ്ഥാനങ്ങളെയും പ്രമാണ ങ്ങളെയും, ചോദ്യം ചെയ്യലിന് അതീതരെന്ന് കരുതിവരുന്ന പൗരോഹിത്യവർഗത്തെയും അംഗീകരിക്കൽ ശാസ്ത്രബോധ വുമായി പൊരുത്തപ്പെടുന്നതല്ല. മനസ്സിലാക്കാവുന്നവയും വിവ രിക്കാവുന്നവയുമായ പ്രകൃതിശക്തികളുടെയും സാമൂഹിക ശക്തികളുടെയും പ്രതിപ്രവർത്തനങ്ങളിലൂടെയാണ് സംഭവങ്ങളും പ്രതിഭാസങ്ങളും ഉണ്ടാവുന്നതെന്നും അല്ലാതെ ആരെങ്കിലും (അയാൾ എത്ര മഹാനോ പ്രഗത്ഭനോ ദിവ്യനോ ആയാലും) സൃഷ്ടിക്കുന്നതല്ലെന്നും മനസ്സിലാക്കുവാൻ ശാസ്ത്രബോധം വഴിതെളിക്കുന്നു. ഇവിടെ പരാമർശിക്കപ്പെട്ട ശക്തികൾ അതിസങ്കീർണങ്ങളോ എളുപ്പം വേർതിരിക്കാൻ കഴിയാത്ത ഗാഢബന്ധത്തിൽ പുലരുന്നവയോ ആകാം. മിക്ക പ്പോഴും അവയുടെ കുരുക്കഴിച്ച് പരിശോധിക്കേണ്ടതായും വരും. 

നിരീക്ഷണവും ഉൾക്കാഴ്ചയുമായും, വ്യവസ്ഥാപിതമായ പ്രവർത്തനവും സൃഷ്ടിപരമായ ആവേഗവുമായും പൊരുത്ത പ്പെടുന്നതുതന്നെയാണ് ശാസ്ത്രബോധം. മനുഷ്യന് ഇന്നും അജ്ഞാതമായ വിപുലമായ മേഖലകളെപ്പറ്റിയുള്ള ശരിയായ ബോധം ഉൾക്കൊണ്ടുകൊണ്ടുതന്നെ, നമ്മെ ചുറ്റിനിൽക്കുന്ന നിഗൂഢതകളെ ക്രമേണ അനാവരണം ചെയ്യുവാനും മനസ്സി ലാക്കുവാനും നമുക്ക് സാധിക്കുമെന്ന ശുഭവിശ്വാസം ഉളവാക്കുന്ന ഒരു മാനസികാവസ്ഥ സംജാതമാക്കുന്നു, ശാസ്ത്ര ബോധം. ഈ പ്രക്രിയയിൽ, മുൻവിധികൂടാതെ സത്യത്തെ അന്വേഷിക്കുവാൻ വഴിതെളിക്കുന്ന ഒരു ജീവിതരീതിയുടെയും തത്വശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗ മായി മാറുന്നു, ശാസ്ത്രബോധം.

1987 ൽ അഖിലേന്ത്യാ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത ജ്ഞാന വിജ്ഞാനജാഥ -കേരളത്തിൽ നിന്നും ഭോപ്പാലിലേക്ക് പുറപ്പെട്ട സയൻസ് ട്രയിൻ ദൃശ്യം 

പഴയ ആശയങ്ങളെയും വിശ്വാസങ്ങളെയും സിദ്ധാന്തങ്ങളെയും നിയമങ്ങളെയും, പലപ്പോഴും, ഖണ്ഡിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടാണ് അറിവ് വികസിക്കുന്ന തെന്ന തത്വം അംഗീകരിക്കലും ശാസ്ത്രബോധത്തിൽ ഉൾ പ്പെടുന്നു. അറിവിനെ അത് ചിരവികസ്വരവും അന്തിമമല്ലാത്ത      തുമായി കരുതുന്നു. സിദ്ധാന്തങ്ങളും തത്വങ്ങളും മറ്റും പരി ശോധനകളിലൂടെ തെളിയിക്കപ്പെടണമെന്നും, എത്രതവണ ആവർത്തിച്ചാലും അവ ശരിയാവണമെന്നുമുള്ള തത്വങ്ങൾക്ക് ശാസ്ത്രബോധം പ്രത്യേക പ്രാധാന്യം കൽപിക്കുന്നു. മാത്രമല്ല, പരിശോധിച്ചറിയാവുന്ന തരത്തിലുള്ള പ്രവചനങ്ങൾ നടത്തുവാൻ ഉതകുന്നവയാണ് ശാസ്ത്രീയസിദ്ധാന്തങ്ങളും നിയമങ്ങളും ആശയങ്ങളുമെന്ന വസ്തുതയ്ക്കും അത്  ഊന്നൽ നൽകുന്നു. പല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉടൻ ഉത്തരം നൽകാനാവുകയില്ലെന്ന കാര്യവും അത് അംഗീകരിക്കുന്നു. അതേസമയം, ”എനിക്കത് അറിയില്ല” എന്ന് പറയാനുള്ള ധൈര്യവും വിനയവും ഉണ്ടാവണമെന്നും ശരി യായ ശാസ്ത്രബോധം ആവശ്യപ്പെടുന്നു. 

ആധ്യാത്മികവാദപരവും ആത്മീയവാദപരവുമായ, വിശേ ഷിച്ചും മതത്തിന്റെ പേരിൽ ഉദ്‌ഘോഷിക്കപ്പെട്ടിട്ടുള്ള പ്രമാണ ങ്ങളെ സംബന്ധിച്ച, നിലപാടും ശാസ്ത്രീയമായ നിലപാടും തമ്മിൽ ഒട്ടേറെ ഗുരുതരമായ വ്യത്യാസങ്ങളുണ്ടെന്ന് അംഗീകരി ക്കുവാനും ശാസ്ത്രബോധം ആവശ്യപ്പെടുന്നു. മാത്രമല്ല, എല്ലാതരം പ്രമാണങ്ങൾക്കുമുണ്ട് ശാസ്ത്രവുമായുള്ള ഈ പൊരുത്തമില്ലായ്മ. ശാസ്ത്രം സാർവലൗകികമാണ്; വ്യവസ്ഥാപിതമതങ്ങളും മതപ്രമാണങ്ങളുമാകട്ടെ വിഭാഗീയ പ്രവണതകൾ വളർത്തുന്നവയാണ്. ക്രിസ്തുമതവും ഇസ്ലാം മതവും ഹിന്ദുമതവും ബുദ്ധമതവും തമ്മിൽ നിലനിൽക്കുന്ന വിഭാഗീയവിശ്വാസങ്ങളും തത്വങ്ങളും വൈവിധ്യങ്ങളും തന്നെ പരിഗണിച്ചുനോക്കൂ. ഇതിന് വിപരീതമായി ശാസ്ത്രം വിഭാഗീയതകൾക്ക് ഉപരിയാണ്, സാർവലൗകികമാണ്.  ശാസ്ത്രബോധത്തിന് ഗാഢമായ വൈകാരികസത്തയുണ്ട്. അതിന് ആന്തരികമായി സൗന്ദര്യബോധമുണ്ട്. ഒരേകാര്യത്തെ സംബന്ധിച്ച രണ്ടു വ്യത്യസ്തസിദ്ധാന്തങ്ങളിൽ ഏത് സ്വീകരി ക്കപ്പെടണമെന്ന് തീരുമാനിക്കുമ്പോൾ, മറ്റ് കാര്യങ്ങളിലെല്ലാം രണ്ടിനും തുല്യമായ നിലനിൽപ്പുണ്ടായാൽപോലും സൗന്ദര്യ ത്തെയും ലാളിത്യത്തെയും ആശ്രയിക്കുന്നത് അതിനാലാണ്. 

[box type=”info” align=”” class=”” width=””]മൂല്യങ്ങളെ വകതിരിച്ചറിഞ്ഞ് തീരുമാനിക്കൽ ശാസ്ത്ര ബോധത്തിന്റെ സഹജഭാവമാണ്. നമ്മുടെ സമൂഹത്തിൽ ശാസ്ത്രബോധം ഉറപ്പാക്കിയാൽ ജനങ്ങൾ യുക്തിബോധത്തോടെ ചിന്തിക്കുന്നവരാകും, ലക്ഷ്യബോധമുള്ളവരാകും. അതിന്റെ ഫലമായി രാഷ്ട്രീയ-സാമൂഹികമണ്ഡലങ്ങളിൽ സമത്വാധിഷ്ഠിതവും ജനാധിപത്യപരവും മതേതരവും സാർവ ദേശീയവുമായ വീക്ഷണത്തിന് അനുകൂലമായ പരിതസ്ഥിതി സംജാതമാകും.[/box]അമ്പതുശതമാനത്തിലധികം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെക്കഴിയുന്ന, എഴുപതുശതമാനത്തില ധികം (വിശേഷിച്ചും സ്ത്രീകൾ) നിരക്ഷരരായ, രാഷ്ട്രീയവും സാമൂഹികവുമായി തികഞ്ഞ അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ശാസ്ത്രബോധം പുഷ്ടിപ്പെടുവാൻ സാധ്യ മല്ലെന്ന് ആനുഷംഗികമായി പറയാതെ വയ്യ. സാമൂഹികനീതി, പരക്കെയുള്ള വിദ്യാഭ്യാസം, നിയന്ത്രണമില്ലാത്ത ആശയവിനി മയസാധ്യത എന്നിവ ശാസ്ത്രബോധത്തിന്റെ പ്രചാരണ ത്തിനും, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഫലങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുന്നതിനും അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഉപാധികളാണ്. 

പരുത്തി വ്യവസായശാലയിലെ തൊഴിലാളിസ്ത്രീകൾ | കടപ്പാട്‌ : i.pinimg.com 

ശാസ്ത്രബോധത്തിന് സാധിക്കാനുള്ളത്

ശാസ്ത്രബോധത്തെപ്പറ്റി പ്രാഥമികമായ ചില കാര്യങ്ങളാണ് ഇതുവരെ പരാമർശിച്ചത്. ഈ പശ്ചാത്തലത്തിൽ നമ്മുടെ ദേശീയരംഗത്തെ ഒന്ന് അവലോകനം ചെയ്യാം. ശാസ്ത്രബോധത്തിനുവേണ്ടി ജവഹർലാൽ നെഹ്‌റു വാദിച്ചിരുന്നിട്ടു പോലും അന്ധവിശ്വാസങ്ങളുടെയും വിജ്ഞാനവിരുദ്ധ ചിന്താഗതിയുടെയും അതിശയകരമായ മുന്നേറ്റത്തിനാണ് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യദൈവങ്ങളുടെയും ജാലവിദ്യക്കാരുടെയും എണ്ണവും സ്വാധീനവും നമ്മുടെ സമൂഹത്തിൽ അപകടകരമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൽക്ഷണപരിഹാരങ്ങളും മാന്ത്രികപരിഹാരങ്ങളും  നിലനിൽക്കുന്നുവെന്നു വരുത്തിത്തീർക്കുവാൻ ആധുനിക പ്രചാരണ, വാർത്താവിനിമയ ഉപാധികൾ ഇവിടെ ഉപയോഗി ക്കപ്പെടുന്നു. 

കടപ്പാട് : indiatoday

മനുഷ്യൻ ചന്ദ്രനിലെത്തി സുരക്ഷിതമായി തിരിച്ചെത്തി യിട്ടുള്ള ഇക്കാലത്തും ഗ്രഹനിലയെയും കൈരേഖകളെയും, പേരിലുള്ള അക്ഷരങ്ങളുടെ എണ്ണത്തെയും മറ്റും അടിസ്ഥാന മാക്കിയുള്ള പ്രവചനങ്ങൾ പരക്കെ വിശ്വസിക്കപ്പെടുന്നു. അമിതാഹാരഭ്രമവും യുക്തിക്കുനിരക്കാത്ത ആരോഗ്യപാലന രീതികളും വർദ്ധിച്ചുവരുന്നു. കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന ഈ രാജ്യത്ത് യാഗങ്ങൾക്കും യജ്ഞങ്ങൾക്കും മറ്റുമായി എത്രമാത്രം സ്വത്താണ് പാഴാക്കുന്നത്! 

[box type=”warning” align=”” class=”” width=””]നമ്മുടെ കഴിഞ്ഞകാലത്തെപ്പറ്റി ഒട്ടധികം കെട്ടുകഥകൾ മെനഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജാതിവ്യവസ്ഥയെ ന്യായീകരി ക്കുന്നവിധത്തിലും, ചില ജാതികൾ സ്വാഭാവികമായിത്തന്നെ ശ്രേഷ്ഠമാണെന്ന് വരുത്തിത്തീർക്കുവാൻ അനുയോജ്യമായ രീതിയിലും ജാതിവ്യവസ്ഥയുടെ ഉത്ഭവവും ധർമവും വിശദീ കരിക്കപ്പെട്ടിരിക്കുന്നു. വെറും ദുരഹന്തമാത്രമായ അതിരുകടന്ന സ്വരാജ്യാഭിമാനം (chauvinism) ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിക്കത്തക്ക വിധത്തിൽ നമ്മുടെ ചരിത്രത്തിലെ പ്രാചീനകാലഘട്ടം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. വർഗീയതയ്ക്ക് വളംവച്ചുകൊടുക്കുന്നരീതിയിൽ മധ്യകാല ഘട്ടത്തെയും തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു. അതുമാത്രമല്ല, ഏതാനും മഹാന്മാരായ നേതാക്കന്മാരുടെ കൈവേല കൊണ്ടു മാത്രമാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും അല്ലാതെ ജനങ്ങൾക്കതിൽ പങ്കൊന്നുമില്ലെന്നുമുള്ള മട്ടിൽ സ്വാതന്ത്ര്യ സമരത്തെ ലഘൂകരിച്ചുകാണിക്കുന്നു.[/box]

ഇത്തരം അശാസ്ത്രീയവിശ്വാസങ്ങളുടെ ഉത്ഭവത്തെ   ക്കുറിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. പക്ഷേ, അതിനേക്കാൾ പ്രധാനവും അടിയന്തിരസ്വഭാവമുള്ളതുമാണ് ഇത്തരം വിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുവെന്ന് മനസ്സിലാക്കുക എന്നതും, ആ വിശ്വാസങ്ങളുടെ സാമൂഹിക (ദൂഷ്യ)ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാകുക എന്നതും. 

1987 ൽ കേരളത്തിൽ നിന്നും ഭോപ്പാലിലേക്ക് പുറപ്പെട്ട സയൻസ് ട്രയിൻ ദൃശ്യം

ഇത്തരം അന്ധവിശ്വാസങ്ങളുടെയും മിഥ്യാസങ്കൽപങ്ങളുടെയും നിലനിൽപ്, അടിസ്ഥാനപരമായി, ചരിത്രപരവും സാമൂഹികവുമായ പ്രക്രിയയാണെന്ന് നാം അംഗീകരിക്കണം. ജനങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും വ്യക്തിപരമായ പരിത സ്ഥിതികൾക്കു സംഗതമായിരിക്കുന്നുവെന്നതുകൊണ്ടാണ് ഈ വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നത്. നിത്യജീവിത ത്തിലെ വിപുലമായ അനിശ്ചിതത്വങ്ങൾ, അഭിലാഷങ്ങളുടെ കൊഴിഞ്ഞുവീഴൽ, ജീവിതത്തിൽ ആവേശം ജനിപ്പിച്ചു മുന്നേറാനുള്ള പ്രേരണ ചെലുത്താൻ ഉപകരിക്കുന്ന ലക്ഷ്യ ബോധത്തിന്റെ അഭാവം (അങ്ങനെയുള്ള ചിന്തകൾക്കു വിലങ്ങിടൽ) തുടങ്ങിയവ മനുഷ്യനെ കേവലവിശ്വാസങ്ങളിൽ സമാധാനം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. തന്റെ ദുരിത        പൂർണ്ണമായ ജീവിതത്തിന് സമീപഭാവിയിലെങ്ങും മാറ്റം സാധ്യമല്ലെന്ന് മനസ്സിലാക്കുന്ന ഒരാൾ അത് തന്റെ വിധി യാണെന്നുകരുതി സമാശ്വസിക്കുക സ്വാഭാവികമാണ്. അപ്പോൾ വിശ്വാസങ്ങൾ അയാളുടെ താൽക്കാലികസ്ഥിതിയെ സയുക്തീകരിക്കുകയും വിനാശകരമായ വിശ്വാസപ്രമാണ ങ്ങൾക്ക് വളം വയ്ക്കുകയും ചെയ്യുന്നു. ഇതാണിന്ന് ഇന്ത്യ യിലെ സാമാന്യജനതയുടെ പൊതുസ്ഥിതി. സാംസ്‌കാരികവും സാമൂഹികവുമായ ആകുലത നിറഞ്ഞ ഇത്തരം സന്ദർഭത്തിൽ ശാസ്ത്രബോധത്തിന് ഒരു പ്രധാന ധർമ്മം നിർവ്വഹിക്കാനുണ്ട് – അന്ധവിശ്വാസങ്ങളുടെ പാളയത്തിൽ അകപ്പെട്ടുനിൽക്കുന്ന ജനങ്ങളിൽ ആത്മവിശ്വാസം പകർന്ന്  ഒരു പുനർചിന്തക്ക് അവരെ പ്രേരിപ്പിക്കുകയെന്ന മഹത്തായ പ്രവർത്തനമാണ് അത്. ജനങ്ങളിൽ സമത്വബോധവും അഭി മാനബോധവും ജനിപ്പിക്കുവാനും തൊഴിലിന്റെ മാന്യതയെപ്പറ്റി അവരെ ബോധവാന്മാരാക്കുവാനും ഓരോരുത്തരുടെയും പ്രവർത്തനങ്ങൾക്കുണ്ടായിരിക്കേണ്ട സാമൂഹികബാധ്യത കളെപ്പറ്റി മനസ്സിലാക്കിക്കൊടുക്കുവാനും സാധിക്കുന്ന തരത്തി ലാവണം, ശാസ്ത്രബോധം വളർത്തുവാനുള്ള പ്രചാരണം. നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിവർത്തനത്തിന് ഇതെല്ലാം അനി വാര്യമാണ്. 

[box type=”note” align=”” class=”” width=””]ശാസ്ത്രത്തിന്റെ മാർഗത്തിന് ഇത്രയും വലിയ ഊന്നൽ നൽകുന്നതുകൊണ്ട്, എല്ലാ കാലത്തും എല്ലാവരുടെയും മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുവാൻ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും സാധിക്കുമെന്ന് അർഥമാക്കരുത്. എന്നു മാത്രമല്ല, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അവതരണത്തിലൂടെയും അനുഷ്ഠാനത്തിലൂടെയും എല്ലാ സാമൂഹികപ്രശ്‌നങ്ങളും വൈരുദ്ധ്യങ്ങളും സ്വയമേവ പരിഹരിക്കപ്പെടുമെന്ന മട്ടിലുള്ള ലാഘവമായ കാഴ്ചപ്പാടിനെതിരെ താക്കീതും നൽകുന്നുണ്ട്, ശാസ്ത്രബോധം. പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ശാസ്ത്രീയമായ അറിവ് പ്രയോഗിക്കുക; ശാസ്ത്രീയമായ അന്വേഷണരീതിയെ മുറുകെപ്പിടിക്കുക; ശാസ്ത്രബോധത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സാമൂഹികപരിവർത്തനത്തിനുവേണ്ടി യത്‌നിക്കുക. ഇവയൊക്കെയാണ് നമ്മുടെ യുക്തിചിന്തയുപയോഗിച്ച് സാധി ക്കേണ്ടതായ അവശ്യധർമങ്ങൾ.[/box]

ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും ഒരുതരം   മാജിക്കാണെന്നുകരുതി പെരുമാറാനുള്ള പ്രവണതയ്‌ക്കെ തിരെയും നാം ജാഗരൂകരായിരിക്കണം. ഒരുകൂട്ടം പ്രശ്‌ന ങ്ങൾക്കുള്ള ശാസ്ത്രീയവും സാങ്കേതികവുമായ പരിഹാര മാർഗങ്ങൾ ഒരുപക്ഷേ നിലവിലുണ്ടാവാം. പക്ഷേ, ഈ മാർഗ ങ്ങൾ അതേപടി സ്വീകരിച്ച് അത്തരം പ്രശ്‌നങ്ങൾ എവിടെയും പരിഹരിക്കാമെന്നതും അങ്ങേയറ്റം അശാസ്ത്രീയമാണെന്ന് മനസ്സിലാക്കണം. സാമൂഹികക്രമങ്ങളും ശക്തിവിന്യാസവും       

ആ സാധ്യതയെ തടയുന്നു. ഉദാഹരണമായി, സാങ്കേതികമായി നോക്കുമ്പോൾ, ഓരോരുത്തർക്കും ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ ഉൽപാദിപ്പിക്കുവാൻ കഴിയുമെന്നുവരാം; എന്നാൽ, അങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ബഹു ഭൂരിപക്ഷം ജനങ്ങൾക്കും എത്തിച്ചേരുന്നതിനെ തടയുന്ന തരത്തിൽ ഗുരുതരമാണ് വരുമാനവിതരണത്തിലെ അപാകത കൾ. തികച്ചും ന്യായവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട തുമായ പരിഹാരമാർഗങ്ങൾ പ്രയോഗിക്കുന്നതിനെ സാമൂഹിക ഘടനയും അസമത്വവും തടയുമ്പോൾ ഈ സാമൂഹികഘടന മൂലമുള്ള ദുഷിച്ച പ്രതിബന്ധങ്ങളുടെ നഗ്നമായ ചിത്രം ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ശാസ്ത്രബോധത്തിന് കഴിയണം. 

കടപ്പാട് :  idiva.com

ഈ ലോകത്ത് നമ്മുടെ സ്ഥാനം വീണ്ടെടുക്കണമെങ്കിൽ, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് ഒരിക്കൽക്കൂടി നാം വലി ച്ചെറിയപ്പെടാതിരിക്കണമെങ്കിൽ, ദാരിദ്ര്യം കാർന്നുതിന്നുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് ഒരുപുതുജീവിതം പ്രദാനം ചെയ്യണമെങ്കിൽ, നമ്മുടെ സംസ്‌കാരത്തിന്റെ തിരിനാളം അണഞ്ഞുപോകാതിരിക്കണമെങ്കിൽ അടിയന്തിരപ്രാധാന്യം കൊടുത്തുതന്നെ ശാസ്ത്രബോധം വളർത്തുവാനുള്ള ജോലി നാം ഏറ്റെടുക്കണം. ശാസ്ത്രകാരന്മാരും സാങ്കേതികവിദ ഗ്ധന്മാരും, സാമൂഹികശാസ്ത്രജ്ഞന്മാരും, വിദ്യാഭ്യാസചിന്ത കന്മാരും അധ്യാപകരും വാർത്താമാധ്യമങ്ങളുടെ രംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ നാമെല്ലാവരും കൈകോർത്തു പിടിച്ച് ഈ കർത്തവ്യനിർവഹണത്തിന് മുന്നോട്ടുവരണം. എല്ലാ മേഖലകളിലുമുള്ള നമ്മുടെ ജനങ്ങൾ കൊളോണിയൽ ഭരണത്തിനെതിരെ ഒത്തൊരുമിച്ച് പടവെട്ടിയ മഹത്തായ ചരിത്രത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് നമുക്ക് പടക്കള ത്തിലേക്ക് ഇറങ്ങാം. ഇച്ഛാശക്തിയുണ്ടെങ്കിൽ മാത്രമേ ഈ പ്രവർത്തനം നമുക്ക് വിജയിപ്പിക്കാനാകൂ. നഷ്ടപ്പെടുത്താൻ നമുക്ക് സമയമില്ല. [box type=”warning” align=”” class=”” width=””]നമ്മുടെ രാജ്യത്തിന്റെ നിലനിൽപും  ഭാവിയും ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ഭാവിയിലേക്കുള്ള സുവർണകവാട ത്തിലേക്ക് കടന്നുകൂടാനും ഭാവിയാകെ അന്ധകാരമയമാക്കാനും അന്ധവിശ്വാസങ്ങളെ അനുവദിച്ചകൂടാ.[/box]

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജനകീയ ശാസ്ത്ര പ്രസ്ഥാനവും ഇന്ത്യൻ സമൂഹവും എന്ന പുസ്തകത്തിൽ നിന്നും)


ശാസ്ത്രബോധം – 1980ലെ രേഖയുടെ പുനരവലോകനം 2011

%d bloggers like this: