Read Time:34 Minute

1949ഐൻസ്റ്റൈൻ എഴുതിയ ലേഖനം
1949 മുതൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര സോഷ്യലിസ്റ്റ് മാസികയാണ് മന്ത്‌ലി റിവ്യൂ (Monthly Review). ആധുനിക ഭൗതികശാസ്ത്രത്തിൽ ഒട്ടേറെ മികച്ച സംഭാവനകൾ നൽകിയ ആൽബർട്ട് ഐൻസ്റ്റൈൻ എഴുതിയ “Why Socialism?” എന്ന കുറിപ്പോടെയാണ് മന്ത്‌ലി റിവ്യുവിന്റെ ആദ്യ ലക്കം, 1949-ലെ മേയ് മാസത്തിൽ, പ്രസിദ്ധീകരിക്കപ്പെട്ടത്. ഐൻസ്റ്റെയിന്റെ പ്രസ്തുത കുറിപ്പിന്റെ മലയാള പരിഭാഷ

കടപ്പാട് വിക്കിപീഡിയ
സാമ്പത്തിക സാമൂഹിക വിഷയങ്ങളിൽ വൈദഗ്ദ്ധ്യമില്ലാത്തയാൾ സോഷ്യലിസത്തെ സംബന്ധിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഔചിത്യക്കുറവുണ്ടോ എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടും അങ്ങനെ അഭിപ്രായം പറയുന്നതിൽ പ്രശ്നമില്ലായെന്ന് ഞാൻ കരുതുന്നു.ആദ്യം ശാസ്ത്ര വിജ്ഞാനത്തിന്റെ വീക്ഷണകോണിൽ നിന്ന് നമുക്ക് ഈ ചോദ്യത്തെ പരിശോധിക്കാം.

പ്രത്യക്ഷത്തിൽ ജ്യോതിശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും തമ്മിൽ രീതിശാസ്ത്രപരമായ മാറ്റങ്ങൾ കാണുവാൻ സാധിക്കില്ല. ക്ലിപ്തപ്പെടുത്തിയ പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള പൊതുസമ്മതമായ നിയമങ്ങൾ കണ്ടുപിടിക്കുവാനും, അത് വഴി പരമാവധി സ്പഷ്ടതയോടെ ഈ പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കുവാനുമാണ് ഈ രണ്ട് മേഖലകളിലെയും ശാസ്ത്രജ്ഞന്മാർ ശ്രമിക്കുന്നത്. എന്നിരുന്നാലും, യഥാർത്ഥത്തിൽ ഇവർക്കിടയിൽ രീതിശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു എന്ന് തന്നെ കാണാം. മിക്കപ്പോഴും നിരീക്ഷണവിധേയമാക്കപ്പെടുന്ന സാമ്പത്തിക പ്രതിഭാസങ്ങളെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടാകാറുണ്ട്. വേർപിരിച്ച് പഠിക്കുവാൻ ബുദ്ധിമുട്ടുള്ളവയാണ് ഇവയെല്ലാം എന്നത് കൊണ്ടു തന്നെ സാമ്പത്തികശാസ്ത്രത്തിൽ പൊതുനിയമങ്ങൾ കണ്ടുപിടിക്കുന്നത് ദുർഘടമാണ്. അത് കൂടാതെ തന്നെ, മനുഷ്യ ചരിത്രത്തിൽ സാംസ്കാരികതയുടെ ആരംഭഘട്ടം മുതൽ സഞ്ചിതമായ അനുഭവങ്ങളെ സ്വാധീനിച്ചതും പരിമിതപ്പെടുത്തിയതുമായ കാരണങ്ങൾ ഒരു തരത്തിലും തനിസാമ്പത്തിക സ്വഭാവങ്ങൾ ഉള്ളവ ആയിരുന്നില്ല. ഉദാഹരണത്തിന് ചരിത്രത്തിലെ പ്രധാനപ്പെട്ട ഭരണകൂടങ്ങളെല്ലാം ദിഗ്‌വിജയങ്ങളിലൂടെയാണ് നിലനിന്ന് പോന്നത്. വിജയികളായ ജനത കീഴടക്കപ്പെട്ട പ്രദേശത്ത്, സാമ്പത്തികമായും നിയമസംബന്ധമായും, ഒരു പ്രബല വിഭാഗമായി അവരോധിക്കപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥതയ്ക്ക് മേലുള്ള അവകാശം അവർ സ്വന്തം കുത്തകയാക്കുകയും തങ്ങളുടെ ആളുകളിലൊരാളെ പൗരോഹിത്യ ചുമതലകൾ ഏല്പിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ നിയന്ത്രണത്തിലൂടെ, പുരോഹിതർ, വർഗ വിഭജനത്തെ ഒരു സനാതന വ്യവസ്ഥയാക്കുകയും പൗരോഹിത്യ സൃഷ്ടമായ ഒരു മൂല്യവ്യവസ്ഥയിലൂടെ ജനതയുടെ സാമൂഹിക സ്വഭാവങ്ങളെ, ഒരു വലിയ പരിധി വരെയെങ്കിലും അബോധപൂർവമായെങ്കിലും, നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

ഇന്നലെകളെ പറ്റി സംസാരിക്കുക എന്നതാണ് ചരിത്രപരമായ സമ്പ്രദായം. തോർസ്റ്റീൻ വെബ്ലെൻ (Thorstein Veblen) വിശേഷിപ്പിച്ച മനുഷ്യ വികാസത്തിന്റെ “ഹിംസ്രാത്മകമായ ഘട്ടം” കടന്നൊരിടത്തും നാം മുന്നോട്ടു പോയിട്ടില്ല. ആ ഘട്ടത്തിന്റെ ഭാഗമാണ് നാമറിയുന്ന ഗോചരമായിട്ടുള്ള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ. ഈ ഘട്ടത്തിൽ നിന്നും ഉരുത്തിരിയുന്ന നിയമങ്ങൾ, നമുക്ക്, മറ്റുള്ള ഒരു ഘട്ടത്തിലും ബാധകമാക്കുവാൻ സാധ്യമല്ല. മനുഷ്യ വികാസത്തിന്റെ ഹിംസ്രാത്മകമായ ഈ ഘട്ടത്തെ സൂക്ഷ്മമായി തരണം ചെയ്ത് കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സോഷ്യലിസത്തിന്റെ യഥാർത്ഥ ഉദ്ദേശം. അത്കൊണ്ട് തന്നെ ഇന്നത്തെ കാലഘട്ടത്തിലെ സാമ്പത്തിക ശാസ്ത്രത്തിന് ഭാവിയിലെ സോഷ്യലിസ്റ്റ് സമൂഹത്തെ പറ്റി അധികം ധാരണകൾ ഉണ്ടാക്കുവാൻ സാധ്യമല്ല.

രണ്ടാമത്, സോഷ്യലിസം ലക്ഷ്യം വയ്ക്കുന്നത് നൈതികതയും, സാമൂഹിക സുരക്ഷയുമാണ്. മനുഷ്യവർഗ്ഗത്തിന്റെ ഉള്ളിൽ തട്ടുന്ന രീതിയിൽ ഒരു ലക്ഷ്യമോ അതിൽ കുറഞ്ഞ ഒന്നോ നിർമ്മിക്കുവാൻ ഒരു രീതിയിലും ശാസ്ത്രത്തിനു കഴിയില്ല. അതേസമയം ഒരു പരിധിവരെ ശാസ്ത്രത്തിനു കഴിയുന്നത് ചില ലക്ഷ്യങ്ങൾ നേടി എടുക്കുവാനുള്ള വഴികൾ തുറന്നുകൊടുക്കുക എന്നതാണ്. എന്നാൽ നൈതികതയിൽ വിശ്വസിക്കുന്ന, ഉന്നതമായ ആദർശങ്ങൾ പാലിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ആവിഷ്കരിക്കുന്ന ലക്ഷ്യങ്ങൾ -ചാപിള്ളകളല്ലാത്ത, സജീവവും ഓജസുള്ളവയുമായ ലക്ഷ്യങ്ങള്‍- അല്പ ഗ്രാഹ്യത്തോടെയാണെങ്കിലും നിരവധി മനുഷ്യർ ഏറ്റെടുക്കയും മുന്നോട്ടുനയിക്കയും ചെയ്യുന്നതിലൂടെയാണ് സമൂഹത്തിന്റെ പടിപടിയായുള്ള വളർച്ച നിർണയിക്കപ്പെടുന്നത്.

മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടപ്പോൾ, മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ രീതികളെയും (scientific methods) ആശ്രയിക്കുന്നതോടൊപ്പം തന്നെ നാം മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അത് പോലെ, സമൂഹത്തിന്റെ ഘടനയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിദഗ്ദ്ധർക്ക് മാത്രമേ അഭിപ്രായം പറയുവാൻ ഉള്ള അവകാശമുള്ളൂ എന്ന് നാം ധരിക്കരുത്.

മനുഷ്യ സമൂഹം ഒരു പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നതെന്നും അതിന്റെ സ്ഥിരത ഗുരുതരമായ വിധത്തിൽ തകർന്ന് വീണുകൊണ്ടിരിക്കുകയാണെന്നും കുറച്ചു നാളായി പല ശബ്ദങ്ങളും ഉറക്കെ പറയുന്നുണ്ട്. വ്യക്തികൾ താന്താങ്ങളുടെ സമൂഹത്തോട് തന്നെ ഉദാസീനതയോടെയും ശത്രുതാ മനോഭാവത്തോടെയും പെരുമാറുന്നത് ഈയൊരു സാഹചര്യത്തിന്റെ സവിശേഷതയാണ്. ഇത് വിശദീകരിക്കുവാൻ ഞാൻ എന്റെയൊരു വ്യക്തിപരമായ അനുഭവം കുറിക്കട്ടെ. സമർത്ഥനും വകതിരിവുള്ളതുമായ ഒരാളുടെ അടുത്ത് മറ്റൊരു യുദ്ധമുണ്ടാക്കാവുന്ന ഭീഷണിയെക്കുറിച്ച് ഞാൻ ചർച്ച ചെയ്യുകയായിരുന്നു. മനുഷ്യരാശിയുടെ നിലനില്പ് തന്നെ അപകടത്തിലാകുവാൻ ഈ യുദ്ധം സാഹചര്യമൊരുക്കിയേക്കാം എന്നായിരുന്നു എന്റെ അഭിപ്രായം. ഈ യുദ്ധഭീഷണിയിൽ നിന്നും സംരക്ഷണം നൽകുവാൻ ഒരു രാഷ്ട്രാതീത (supra-national) സംഘടനയ്ക്കേ സാധിക്കുകയുള്ളൂ എന്നും ഞാൻ കൂട്ടിച്ചേർക്കുകയുണ്ടായി. “എന്ത് കൊണ്ടാണ് മനുഷ്യരാശിയുടെ തിരോധാനത്തെ നിങ്ങൾ അടച്ചെതിർക്കുന്നത്?” എന്നായിരുന്നു എന്റെ അതിഥി തികഞ്ഞ അക്ഷോഭ്യതയോടെയും നിർവികാരതയോടെയും കൂടി എന്നോട് ചോദിച്ചത്.

ഒരു നൂറ്റാണ്ട് മുമ്പ് പോലും ഒരാളും ഇത്തരം ഒരു പ്രസ്താവന നടത്തുകയില്ലെന്നു എനിക്കുറപ്പുണ്ട്. തന്നിൽ തന്നെയുള്ള സന്തുലനത്തിനു വൃഥാ മത്സരിച്ച്, മിക്കവാറും അതിൽ ജയിക്കാമെന്നുള്ള പ്രതീക്ഷ നശിച്ച ഒരു മനുഷ്യന്റെ പ്രസ്താവനയാണിത്. ഈ ദിവസങ്ങളിൽ നിരവധിയാളുകൾ സഹിക്കുന്ന വേദന നിറഞ്ഞ ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും പ്രകടനമാണിത്. എന്താണിതിന്റെ കാരണം? ഇതിൽ നിന്നും പുറത്തേക്കൊരു വഴി സാധ്യമാണോ?

കടപ്പാട് വിക്കിപീഡിയ

ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർത്തുക എളുപ്പമാണ്; എന്നാൽ എന്തെങ്കിലും തരത്തിലുള്ള ഉറപ്പിൽ ഒരു ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എന്നെക്കൊണ്ടാവും വിധം ഞാൻ ശ്രമിക്കാം; എന്നിരുന്നാലും നമ്മുടെ വികാരങ്ങളും പരിശ്രമങ്ങളും ലളിതസമവാക്യങ്ങൾ കൊണ്ടും പ്രകടിപ്പിക്കുവാനാവാത്ത വിധം പലപ്പോഴും വൈരുദ്ധ്യാത്മകവും ഗൂഢവുമാണ് എന്ന വസ്തുതയെ കുറിച്ച് ഞാൻ ബോധവാനാണ്.

മനുഷ്യൻ ഒരേസമയം ഏകാന്തജീവിയും സാമൂഹ്യജീവിയുമാണ്. ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ തന്റെ അഭിലാഷങ്ങളും സഹജവാസനകളും സഫലീകരിക്കുന്നതിന്റെ ഭാഗമായി സ്വന്തം നിലനിൽപ്പിനേയും അവനോട് ഏറ്റവും അടുത്തവയുടെ നിലനിൽപ്പിനേയും സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. മറ്റ് മനുഷ്യരുടെ സന്തോഷങ്ങൾ പങ്കിടുകയും സങ്കടങ്ങളിൽ ആശ്വസിപ്പിക്കുകയും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു കൊണ്ട് ഒരു സമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ മറ്റ് മനുഷ്യരുടെ അംഗീകാരവും സ്നേഹവും നേടാൻ ഇച്ഛിക്കുന്നു. മാറികൊണ്ടിരിക്കുന്ന, തുടർച്ചയായി ഏറ്റുമുട്ടുന്ന, മത്സര സ്വഭാവത്തിന്റെ നിലനില്‍പ്പാണു മനുഷ്യന്റെ പ്രത്യേക സ്വഭാവവത്തിനു നിദാനം. ഇവയുടെ നിര്‍ദ്ദിഷ്ട കൂടിച്ചേരലുകളാണ് എത്ര ഫലപ്രദമായ രീതിയിൽ ഒരു മനുഷ്യന്റെ ആന്തരിക സന്തുലനവും അവനു സമൂഹത്തിനെന്തു സംഭാവന ചെയ്യാൻ കഴിയുമെന്നതും നിശ്ചയിക്കുന്നത്. പാരമ്പര്യനിഷ്ഠകളിലും വ്യവസ്ഥകളിലും സംഘടനകളിലും സാഹിത്യത്തിലും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളിലും, കലയിലും പ്രസ്തുത പുരോഗതിയുടെ ആവിഷ്ക്കാരങ്ങൾ കാണാവുന്നതാണ്.

ഈ രണ്ട് ഉൾപ്രേരണകളുടെ ആപേക്ഷികമായ ശക്തി പ്രധാനമായും പൂർവാർജ്ജിതമാണ്. എന്നാൽ ഒരുവന്റെ ആത്യന്തികമായ വ്യക്തിത്വം രൂപപ്പെടുന്നത് അവനവന്റെ തന്നെ വികാസപരിണാമ ഘട്ടങ്ങളിലെ സ്വയം കണ്ടെത്തലുകൾ, അവനെ വാർത്തെടുത്ത സാമൂഹ്യഘടന, പ്രസ്തുത സമൂഹത്തിന്റെ പാരമ്പര്യം, സമൂഹം അംഗീകരിച്ചു നല്കിയിട്ടുള്ള പെരുമാറ്റ രീതികൾ എന്നിവയിലൂടെയാണ്. ഒരു വ്യക്തിക്ക് തന്റെ സമകാലികരോടും മുൻഗാമികളോടുമുള്ള പ്രത്യക്ഷവും പരോക്ഷവുമായ ബന്ധത്തിന്റെ ആകെത്തുകയാണ് ¨സമൂഹ¨മെന്ന അയാളുടെ അമൂർത്ത സങ്കല്പം. ഒരു വ്യക്തിക്ക് ചിന്തിക്കുവാനും, അനുഭവിക്കുവാനും, പരിശ്രമിക്കുവാനും തനിക്കുവേണ്ടി അധ്വാനിക്കുവാനും കഴിയും. പക്ഷേ -ശാരീരികമായ, ബുദ്ധിപരമായ, മാനസികമായ നിലനില്പ്പിനു- സമൂഹത്തിന്റെ ചട്ടക്കൂടിനു പുറത്തുള്ള തന്നെക്കുറിച്ച് ചിന്തിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്തരീതിയിൽ അവൻ സമൂഹത്തെ വളരെയധികം ആശ്രയിക്കുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം, പണിയായുധങ്ങൾ, ഭാഷ, ചിന്തയുടെ രൂപം, ചിന്തക്കുള്ള മിക്കവാറുമെല്ലാ വിഷയങ്ങൾ, ഇവയെല്ലാംസമൂഹമാണ് മനുഷ്യനു നല്കുന്നത്; സമൂഹം എന്ന ചെറിയൊരു വാക്കിനു പുറകിൽ ഒളിച്ചിരിക്കുന്ന, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേക കോടി മനുഷ്യരുടെ അധ്വാനവും വിജയവുമാണ് അവന്റെ ജീവിതം സാധ്യമാക്കുന്നത്.

ഉറുമ്പുകളിലും തേനീച്ചകളിലുമെന്നത് പോലെ, ഒരു വ്യക്തിക്ക് സമൂഹത്തിന്മേലുള്ള ആശ്രയത്വം നിഷേധിക്കുവാനാകാത്ത ഒരു വസ്തുതയാണ് എന്നത് അതുകൊണ്ട് തന്നെ വളരെ സ്പഷ്ടമാണ്. എന്നാൽ ഉറുമ്പുകളുടെയും തേനീച്ചകളുടെയും മുഴുവൻ ജീവപ്രക്രിയകളുടെയും സൂക്ഷ്മമായ അംശങ്ങൾ ദൃഢവും ജന്മസിദ്ധവുമായ സഹജവാസനകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, മനുഷ്യരുടെ കാര്യത്തിൽ സാമൂഹിക ക്രമങ്ങളും പരസ്പരബന്ധങ്ങളും തീർത്തും അസ്ഥിരവും മാറ്റങ്ങൾക്ക് വിധേയവുമാണ്. ജൈവികമായ ചോദനകളാൽ അനുശാസിക്കപ്പെടാതെ തന്നെ പുരോഗതി കൈവരിക്കുവാൻ, ഓർമ്മശക്തി, പുതിയ സംയോഗങ്ങൾ നിർമിക്കുവാനുള്ള കഴിവ്, വാച്യമായ ആശയവിനിമയത്തിനുള്ള വരം തുടങ്ങിയവ കൊണ്ട് മനുഷ്യന് സാധിച്ചു. പാരമ്പര്യനിഷ്ഠകളിലും വ്യവസ്ഥകളിലും സംഘടനകളിലും സാഹിത്യത്തിലും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളിലും, കലയിലും പ്രസ്തുത പുരോഗതിയുടെ ആവിഷ്ക്കാരങ്ങൾ കാണാവുന്നതാണ്. എങ്ങനെ മനുഷ്യന് സ്വന്തം നടപടികളിലൂടെ തന്റെ ജീവിതത്തിനെ സ്വാധീനിക്കുവാൻ കഴിയുമെന്നും ബോധപൂർവമായ മനനങ്ങൾക്കും ആഗ്രഹങ്ങൾക്കും ഈ പ്രക്രിയയുടെ ഭാഗമാകുവാൻ കഴിയുമെന്നും ഇത് വിശദീകരണം നൽകുന്നു.

മനുഷ്യഗണത്തിന്റെ സവിശേഷതയായ നൈസർഗികമായ ത്വരകൾ ഉൾപ്പടെ, നിശ്ചിതവും മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുവാൻ കഴിയാത്തതുമായ ഒരു ജൈവഘടനയാണ് പാരമ്പര്യത്തിലൂടെ ജനനസമയത്ത് മനുഷ്യൻ ആർജിക്കുന്നത്. ഇത് കൂടാതെ, മനുഷ്യന്റെ ജീവിതകാലയളവിൽ ആശയവിനിമയത്തിലൂടെയും മറ്റനവധി സ്വാധീനങ്ങളിലൂടെയും സമൂഹത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു സാംസ്കാരികഘടനയും മനുഷ്യൻ ആർജ്ജിക്കുന്നു. കാലം മുമ്പോട്ട് പോകുന്നതിന് അനുസരിച്ച് ഈ സാംസ്കാരിക ഘടനയാണ് മാറ്റങ്ങൾക്ക് വിധേയമാകുന്നതും, ഒരു വലിയ പരിധി വരെ വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുന്നതും. ആദിമ സംസ്ക്കാരങ്ങളുടെ താരതമ്യ പഠനങ്ങളിലൂടെ ആധുനിക നരവംശശാസ്ത്രം നമ്മളെ പഠിപ്പിച്ചത് നിലനിൽക്കുന്ന സാംസ്കാരിക ക്രമങ്ങളും സമൂഹത്തിലെ പ്രബലമായ വ്യവസ്ഥിതികളും എങ്ങനെയന്നതിനെ ആശ്രയിച്ച് മനുഷ്യരുടെ സാമൂഹ്യ വ്യവഹാരങ്ങൾ വളരെയധികം വ്യത്യാസപ്പെടാമെന്നാണ്. മനുഷ്യര്‍ പരസ്പരം ഉന്മൂലനം ചെയ്യുന്നതിനോ സ്വയംകൃതമായ ഒരു ക്രൂരഭാവിയുടെ ദയയില്‍ കഴിയേണ്ടി വരുന്നതിനോ അവരുടെ ജൈവ ഘടനയെ നിന്ദിക്കേണ്ടതില്ല എന്നതിലായിരിക്കും മനുഷ്യരെ മെച്ചപ്പെടുത്തുവാന്‍ അത്യദ്ധ്വാനം ചെയ്യുന്നവര്‍ തങ്ങളുടെ പ്രതീക്ഷകള്‍ അര്‍പ്പിക്കുവാന്‍ പോകുന്നത്.

മനുഷ്യജീവിതം സംതൃപ്തമാക്കുവാൻ വേണ്ടി ഏത് തരത്തിലാണ് സമൂഹിക ഘടനയും സാംസ്കാരിക മനോഭാവവും മാറ്റേണ്ടതെന്ന് ചോദിക്കുകയാണെങ്കില്‍, ചില സാഹചര്യങ്ങളില്‍ നമുക്ക് യാതൊരു തരത്തിലുമുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കാത്തതാണ് എന്നത് നാം മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്. മേല്‍ സൂചിപ്പിക്കപ്പെട്ടത് പോലെ, മനുഷ്യന്റെ ജൈവപ്രകൃതം മാറ്റങ്ങള്‍ക്ക് വിധേയമല്ല. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായുള്ള സാങ്കേതികവും ജനസംഖ്യാപരവുമായ വികസനങ്ങള്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുവാന്‍ തന്നെ പോവുകയാണ്. താരതമ്യേന നിബിഡമായ ജനവാസകേന്ദ്രങ്ങളില്‍ നിരന്തരമായ നിലനില്പിന് വേണ്ടിയുള്ള ഒഴിച്ചുകൂടാനാവത്ത ഉല്പന്നങ്ങള്‍ക്ക് തൊഴില്‍ വിഭജനവും കേന്ദ്രീകൃതമായ ഉല്പാദനവ്യവസ്ഥയും അത്യന്താപേക്ഷിതമാണ്. വ്യക്തികളോ താരതമ്യേന ചെറിയ സംഘങ്ങളോ സമ്പൂര്‍ണ സ്വയം പര്യാപ്തത കൈവരിക്കുമ്പോള്‍ സമയം, ഒരു ഗ്രാമകാവ്യം പോലെ, വളരെയേറെ മുന്നോട്ട് പോകും. ഉല്പാദനവും ഉപഭോഗവും നടത്തുന്ന ഒരു ആഗോള സമൂഹം മാത്രമാണ് ഇപ്പോഴും മനുഷ്യാരാശി എന്ന് പറയുന്നത് ഒരു ചെറിയ അതിശയോക്തി മാത്രമാണ്.

തുടർന്നുള്ള ഭാഗങ്ങളിൽ നമ്മൾ ജീവിക്കുന്ന ഇക്കാലത്തെ പ്രതിസന്ധിയുടെ ഉള്ളടക്കം എന്നെ സംബന്ധിച്ചിടത്തോളം എന്താണെന്ന് ഞാൻ ചുരുക്കി പറയാം. സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണത്. സമൂഹവുമായുള്ള തന്റെ ആശ്രയത്വത്തെ കുറിച്ച് വ്യക്തി മുൻപില്ലാത്ത വിധം ബോധവാനായിരിക്കുന്നു. പക്ഷേ ഈ ആശ്രയത്വം ഒരു ധനാത്മക സമ്പാദ്യമായോ ഒരു ജൈവിക ബന്ധനമായോ ഒരു സംരക്ഷണ ശക്തിയായോ അല്ല അവൻ കാണുന്നത്, മറിച്ച് അവന്റെ സ്വാഭാവിക അവകാശങ്ങൾക്കും സാമ്പത്തിക നിലനിൽപ്പിനുമെതിരെയുള്ള ഭീഷണിയായിട്ടാണ്. സ്വാഭിമാന പ്രവണതകൾ ഉത്തേജിപ്പിക്കുന്ന തരത്തിലും സ്വാഭാവികമായും ദുർബലമായ സാമൂഹിക ത്വരകൾ വീണ്ടും ശോഷിപ്പിക്കുന്ന തരത്തിലുമാണ് അവന്റെ സമൂഹത്തിലെ സ്ഥാനം. സമൂഹത്തിൽ ഏതുതരം സ്ഥാനം വഹിക്കുന്നവരുമായ എല്ലാ മനുഷ്യരും ഇത്തരം ശോഷണത്താൽ ക്ലേശിക്കുന്നു. തങ്ങളുടെ തന്നെ അഹംഭാവത്തിന്റെ തടവുകാരായതിനാൽ, അവർക്ക് അരക്ഷിതത്വവും എകാന്തതയും അനുഭവപ്പെടുന്നു, മാത്രമല്ല ജീവിതത്തിലെ നിഷ്‌കളങ്കവും ലളിതവും സരളവുമായ സന്തോഷം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ക്ഷണികവും ആപല്‍കരവുമാണെങ്കിലും ജീവിതത്തിന്റെ അർത്ഥം, സമൂഹത്തിനായി സ്വയം സമർപ്പിക്കുന്നതിലൂടെ മാത്രമേ മനുഷ്യനു കണ്ടെത്താനാകൂ.

എന്റെ അഭിപ്രായത്തിൽ, മുതലാളിത്ത സമൂഹത്തിലെ സാമ്പത്തിക അരാജകത്വമാണ് എല്ലാ തിന്മകളുടെയും ഹേതു. തങ്ങളുടെ കൂട്ടായ അധ്വാനത്തിന്റെ ഫലം മറ്റുള്ളവർക്ക്, ബലം പ്രയോഗിച്ചല്ലാതെ, കൃത്യമായും നിയമവിധേയമായിത്തന്നെ, നിഷേധിക്കുവാൻ വിശ്രമമില്ലാതെ മത്സരിക്കുന്ന ഉല്പാദകരുടെ വലിയ സമൂഹത്തെ നമുക്ക് കാണാനാകും. ഇക്കാരണത്താൽ, ഉല്പാദന സംവിധാനം, ഉപഭോഗ വസ്തുക്കളുടെയും മൂലധന വസ്തുക്കളുടെയും ഉല്പാദനത്തിനാവശ്യമായ മുഴുവൻ ഉല്പാദനശേഷിയും, നിയമപരമായി ഏതാണ്ട് മൊത്തമായിത്തന്നെ വ്യക്തികളുടെ സ്വകാര്യസ്വത്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ലാളിത്യത്തിനായി, തുടർന്നുള്ള ചർച്ചയിൽ ഉല്പാദന സംവിധാനത്തിന്റെ ഉടമാവകാശം ഇല്ലാത്തവരെ ഞാൻ ‘തൊഴിലാളികൾ’ എന്ന് വിളിക്കുന്നു. കീഴ്വഴക്കം അനുസരിച്ച് ഈ വാക്കിന്റെ ഉപയോഗം ഇത്തരത്തിലാകണമെന്നില്ല. ഉല്പാദന സംവിധാനത്തിന്റെ ഉടമാവകാശം ഉള്ളയാൾക്ക് തൊഴിലാളിയുടെ അധ്വാനശക്തി വിലയ്ക്ക് വാങ്ങുവാൻ സാധിക്കും. ഉല്പാദന സംവിധാനം ഉപയോഗിച്ച് തൊഴിലാളി ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ മുതലാളിയുടെ സ്വത്ത് ആയിത്തീരുന്നു. തൊഴിലാളി ഉല്പാദിപ്പിക്കുന്ന വസ്തുവും തൊഴിലാളിയുടെ കൂലിയും തമ്മിലുള്ള ബന്ധമാണ് ഈ പ്രക്രിയയിലെ അടിസ്ഥാനപരമായ കാര്യം, അളക്കുന്നത് ഇവ രണ്ടിന്റെയും യഥാർത്ഥ മൂല്യമാണ്. തൊഴിലുടമ്പടി ‘സ്വതന്ത്ര’മായിരിക്കുന്നിടത്തോളം, താൻ ഉല്പാദിപ്പിച്ച വസ്തുവിന്റെ യഥാർത്ഥ മൂല്യമല്ല, മറിച്ച് അവന്റെ ഏറ്റവും കുറഞ്ഞ ആവശ്യങ്ങളും തൊഴിലിനായി മത്സരിക്കുന്നവരുടെ എണ്ണവും അതിനനുസരിച്ചുള്ള മുതലാളിക്ക് വേണ്ട തൊഴിൽശക്തിയുടെ ആവശ്യക്തയുമാണ് തൊഴിലാളിയുടെ കൂലി നിശ്ചയിക്കുന്നത്. താത്വികമായിപ്പോലും തൊഴിലാളിയുടെ കൂലി, അവന്റെ ഉൽപ്പന്നത്തിന്റെ മൂല്യത്തിനനുസരിച്ചല്ല നിർണയിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

കുത്തകമുതലാളിമാര്‍ക്കിടയിലുള്ള മത്സരവും, സാങ്കേതികവിദ്യയുടെ വികാസവുമാണ് സ്വകാര്യമൂലധനം വളരെ കുറച്ചു കൈകളിൽ കേന്ദ്രീകരിക്കപ്പെടുവാൻ കാരണം. ഉല്പാദനത്തിനുള്ള ചെറിയ ഘടകങ്ങളെ പിന്തള്ളി വമ്പൻ യൂണിറ്റുകളിലേക്കുള്ള രൂപാന്തരത്തിനു തൊഴിൽ വിഭജനം സഹായിക്കുന്നുണ്ട്. ഇത്തരം സംഭവവികാസങ്ങൾ സ്വകാര്യമൂലധനത്തിന്റെ സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക. ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ച ഒരു രാഷ്ട്രീയസമൂഹത്തിനു പോലും മൂലധനത്തിന്റെ ശക്തിയെ തിരിച്ചറിയാൻ സാധിക്കില്ല. നിയമനിര്‍മാണസഭകളിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുന്നത് രാഷ്ട്രീയപാർടികളാണ്. അവരിലൊരു വലിയ വിഭാഗം കുത്തകമുതലാളിത്തത്തിന്റെ താല്പര്യസംരക്ഷകരാവുന്നുണ്ട്. തങ്ങളുടെ താല്പര്യങ്ങൾക്ക്‌ വേണ്ടി മുതലാളിത്തം, സമ്മതിദായകനെ നിയമനിർമാതാവിൽ നിന്നും അകറ്റി നിർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അനന്തരം, മർദിതജനതയുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ജനപ്രതിനിധികൾക്ക് സാധിക്കാതെ വരും. മാത്രമല്ല, നിലവിലുള്ള സാഹചര്യങ്ങളിൽ അറിവിന്റെ പ്രധാനപ്പെട്ട മിക്ക മേഖലകളെയും (പത്രം, റേഡിയോ, വിദ്യാഭ്യാസമേഖല) നിയന്ത്രിക്കുന്നത് (നേരിട്ടോ, അല്ലാതെയോ) സ്വകാര്യമുതലാളിമാരാണ്. അതുകൊണ്ട് ഒരു വ്യക്തിക്ക്, സാധാരണ പൗരനെന്ന നിലയിൽ വസ്തുനിഷ്ഠമായ നിഗമനങ്ങളിലെത്തുവാനും രാഷ്ട്രീയപരമായ അവകാശങ്ങളെ ഉപയോഗിക്കുവാനും വളരെയധികം പരിമിതികളുണ്ട്, മിക്കവാറും സന്ദര്‍ഭങ്ങളിൽ അത് അസാധ്യവുമാണ്.

മൂലധനത്തിന്റെ സ്വകാര്യഉടമസ്ഥതയിൽ അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയിൽ രണ്ടു കാര്യങ്ങൾ പ്രകടമായി കാണാം. ഉല്പാദനവ്യവസ്ഥയിലെ സ്വകാര്യ ഉടമസ്ഥതയാണതിലൊന്ന്. തങ്ങള്‍ക്കുചിതമായ രീതിയിൽ ഉടമസ്ഥർ അതിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പൂർണമായ മുതലാളിത്തം എന്നൊന്ന് യഥാർത്ഥത്തിൽ ഇല്ല. നീണ്ടതും ക്ലേശങ്ങൾ നിറഞ്ഞതുമായ നിരവധി രാഷ്ട്രീയസമരങ്ങളിലൂടെ “സ്വതന്ത്ര തൊഴിൽ ഉടമ്പടി”യുടെ തന്നെ ഏറ്റവും ജനകീയവും ഉപകാരപ്രദവുമായ ഘടന രൂപപ്പെടുത്തിയെടുക്കുന്നതിൽ തൊഴിലാളികൾ വിജയിച്ചിട്ടുണ്ട്. പക്ഷെ മുഴുവനായെടുത്താൽ ഇന്ന് നിലവിലുള്ള സമ്പദ് വ്യവസ്ഥയും ശുദ്ധമായ മുതലാളിത്തവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ല.

കടപ്പാട് വിക്കിപീഡിയ

ലാഭത്തിനു വേണ്ടിയാണ് ഉല്പാദനം, ഉന്നമനത്തിനു വേണ്ടിയല്ല. അധ്വാനിക്കുവാൻ യോഗ്യരും സന്നദ്ധരുമായവർക്കും എന്നും തൊഴിൽ ലഭിക്കണമെന്നുമില്ല. ”തൊഴിൽ രഹിതരായവരുടെ വലിയ പട” തന്നെ എന്നുമെപ്പോഴും നിലനിൽകുന്നുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന നിരന്തരമായ ഭീതിയിലാണ് തൊഴിലാളി. തൊഴിൽരഹിതരും കുറഞ്ഞ വേതനം വാങ്ങുന്നവരും ലാഭകരമായ വിപണി സൃഷ്ടിക്കുന്നില്ല എന്നുവെക്കുക, ഇത് ഉപഭോക്താക്കൾക്ക് ആവശ്യമായ ചരക്കുകളുടെ ഉല്പാദനത്തെ കുറയ്ക്കും. വലിയ ദുരിതങ്ങളായിരിക്കും ഇതിന്റെ ഭാഗമായി ഉണ്ടാവുക. സാങ്കേതികവിദ്യയുടെ വളർച്ച തൊഴിൽ ബാധ്യതകൾ കുറയ്ക്കുന്നതിനു പകരം കൂടുതൽ തൊഴിലില്ലായ്മയിലേക്ക് വഴിവെക്കും. ലാഭേച്ഛയും കുത്തകമുതലാളിമാർക്കിടയിലെ മത്സരവുമാണ് മൂലധനത്തിന്റെ സമാഹരണത്തിലും ഉപഭോഗത്തിലും അസ്ഥിരത സൃഷ്ടിക്കുന്നത്. ഇത് കടുത്ത സാമ്പത്തികമാന്ദ്യങ്ങള്‍ക്ക് വഴിവെക്കും. അനിയന്ത്രിതമായ മത്സരം അധ്വാനത്തിന്റെ ദുർവ്യയത്തിലാണ് ചെന്നെത്തുക. ഞാൻ നേരത്തെ പറഞ്ഞ പോലെ, വ്യക്തികളുടെ സാമൂഹികബോധത്തിന്റെ വികലീകരണവും ഇതിന്റെ കൂടെ സംഭവിക്കും.

പൊതുബോധത്തിനു സംഭവിക്കുന്ന ഈ അംഗവൈകല്യമാണ് മുതലാളിത്ത വ്യവസ്ഥയിലെ ഏറ്റവും വലിയ വിപത്ത്. നമ്മുടെ വിദ്യഭ്യാസസമ്പ്രദായം ഇതിനൊരുദാഹരണമാണ്. ഭാവിയിലെ ഔദ്യോഗികജീവിതത്തിനു വേണ്ടിയുള്ളതെല്ലാം ആർജിക്കുവാനുള്ള രീതിയിൽ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നു. ഇതിനു വേണ്ടി ഊതിപ്പെരുപ്പിച്ച ഒരു മത്സരബുദ്ധി അവരിലടിച്ചേല്പിക്കുന്നു.

ഈ വിപത്തുകളെ ഇല്ലാതാക്കുവാന്‍ ഒരു വഴിയേയുള്ളൂ. സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെയും, അതിനോടൊപ്പം സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസരീതിയുടെയും സംസ്ഥാപനം. അത്തരമൊരു സംവിധാനത്തിൽ, ഉല്പാപദനോപാധികളുടെ ഉടമസ്ഥത സമൂഹത്തിനു തന്നെയായിരിക്കും. അവയുടെ ഉപഭോഗമാകട്ടെ നിശ്ചിതമായ രീതിയിൽ നിയന്ത്രിക്കപ്പെടും. ആസൂത്രിതമായ ഇത്തരമൊരു സംവിധാനത്തിന് കീഴിൽ ഉല്പാദനമെന്നത് സമൂഹത്തിന്റെ ആവശ്യകതകൾക്കനുസരിച്ചു നിശ്ചിതപ്പെടുത്തിയിരിക്കും. അധ്വാനശേഷിയുള്ള എല്ലാവർക്കുമിടയിൽ തൊഴിൽ വീതിച്ചു നൽകാനും ഓരോ പുരുഷനും, സ്ത്രീക്കും, ശിശുവിനും ഉപജീവനത്തിനായുള്ള വഴിയൊരുക്കുവാനും ഈ വ്യവസ്ഥിതിക്ക് സാധിക്കും. അധികാരത്തോടുള്ള ആരാധനയ്ക്കും സമൂഹത്തിനകത്തുള്ള വിജയമെന്ന ആശയത്തിനും പകരം, ചുറ്റുമുള്ളവരോട് തനിക്കുണ്ടാകേണ്ട ഉത്തരവാദിത്തത്തെ കുറിച്ചുള്ള ബോധ്യത്തെ വളർത്തിയെടുക്കുവാനായിരിക്കും വിദ്യാഭ്യാസം ഊന്നൽ നൽകുക. വ്യക്തിയുടെ ജന്മനായുള്ള കഴിവുകളെ വളർത്തിയെടുക്കാനും ഈ രീതി ഉപകരിക്കും.

എന്നിരുന്നാലും ഒരു ആസൂത്രിത സമ്പദ് വ്യവസ്ഥ സോഷ്യലിസം ആകുന്നില്ല. ആസൂത്രിത സമ്പദ് വ്യവസ്ഥയിലും ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ ഹനിക്കുന്ന ഘടകങ്ങൾ ഉണ്ടാവാം. സോഷ്യലിസം എന്ന അവസ്ഥയിൽ എത്തുക എന്നാൽ ചില സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നത് കൂടിയാണ്. രാഷ്ട്രീയ, സാമ്പത്തിക അധികാരങ്ങൾ കേന്ദ്രീകൃതം ആകുമ്പോൾ എങ്ങനെയാണ് ഉദ്യോഗസ്ഥ വൃന്ദത്തെ അധികാര ദുർവിനിയോഗത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സാധിക്കുക? എങ്ങനെയാണ് ഒരു വ്യക്തിയുടെ അവകാശത്തെയും ഉദ്യോഗസ്ഥരുടെ അവകാശങ്ങളെയും തുലനം ചെയ്തു കൊണ്ട് പോകുവാൻ സാധിക്കുക?

പരിവർത്തനത്തിന്റെ ഈ കാലഘട്ടത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നങ്ങളെയും ലക്ഷ്യത്തെയും പറ്റി വ്യക്തത ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിലവിലെ സ്ഥിതിയിൽ ഈ പ്രശ്നങ്ങളെ പറ്റി ഉള്ള ചർച്ച വിലക്കപ്പെട്ട ഒന്നായതിനാൽ ഈ മാഗസിന്റെ സ്ഥാപനം സമൂഹത്തിന് വളരെ വിലപ്പെട്ട ഒന്നായി മാറുന്നു.

1949 മുതൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര സോഷ്യലിസ്റ്റ് മാസികയാണ് മന്ത്‌ലി റിവ്യൂ (Monthly Review). സുപ്രസിദ്ധ മാർക്സിസ്റ്റ് സാമ്പത്തിക വിദഗ്ദ്ധനായിരുന്ന പോൾ സ്വീസി, 1949-ൽ മാസിക തുടങ്ങിയത് മുതൽ 2004-ൽ അദ്ദേഹം മരിക്കുന്നത് വരെ, മന്ത്‌ലി റിവ്യൂവിന്റെ എഡിറ്റർമാരിൽ ഒരാളായിരുന്നു. ആധുനിക ഭൗതികശാസ്ത്രത്തിൽ ഒട്ടേറെ മികച്ച സംഭാവനകൾ നൽകിയ ആൽബർട് ഐൻസ്റ്റെയിൻ എഴുതിയ “Why Socialism?” എന്ന കുറിപ്പോടെയാണ് മന്ത്‌ലി റിവ്യുവിന്റെ ആദ്യ ലക്കം, 1949-ലെ മേയ് മാസത്തിൽ, പ്രസിദ്ധീകരിക്കപ്പെട്ടത്. ഐൻസ്റ്റെയിന്റെ പ്രസ്തുത കുറിപ്പിന്റെ മലയാള പരിഭാഷ, കൂടുതൽ വായനയ്ക്കും ചർച്ചകൾക്കുമായി ബോധികോമണ്‍സ് പ്രസിദ്ധീകരികരിച്ച പരിഭാഷ: പ്രതീഷ് പ്രകാശ്, ഡാ ലി, അമൽ ദാസ്

കടപ്പാട്:  ബോധി കോമൺസ്‌

Happy
Happy
39 %
Sad
Sad
0 %
Excited
Excited
56 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൽബർട്ട് ഐൻസ്റ്റൈൻ – ജീവിതം, ശാസ്ത്രം, ദർശനം
Next post ചിന്താവിഷ്ടനായ പൂച്ച – LUCA TALK
Close