Read Time:24 Minute

നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ നോക്കുമ്പോൾ,നിങ്ങൾക്ക് ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും, നിങ്ങളുടെ മൊബൈലിൽ ഒരു ക്ഷണം കടന്നു വരും. വരൂ, നിങ്ങളുടെ IQ സൗജന്യമായി നോക്കാം എന്നായിരിക്കും ആ സന്ദേശം. അത് നിങ്ങൾ നോക്കുവാൻ ശ്രമിച്ചാൽ, അതിന്റെ പലതരം ചോദ്യാവലിക്കു ശേഷം നിങ്ങളുടെ IQ സ്കോർ കാണിച്ചുകൊണ്ട് ഒരു നമ്പർ തെളിഞ്ഞു വരും. മിക്കവാറും അത് നൂറിനടുത്തുള്ള ഒരു നമ്പർ ആയിരിക്കും. ഒന്നുകിൽ 100, അല്ലെങ്കിൽ 110, അതുമല്ലെങ്കിൽ 120 അങ്ങനെയങ്ങനെ. ഈ സ്കോർ എന്താണ്? ഇത് എങ്ങനെ ആണ് അളക്കുന്നത്? യഥാർത്ഥത്തിൽ ഈ സ്കോർ ഒരു വിശ്വസിക്കാവുന്ന സംഗതി ആണോ?

ആൽഫ്രഡ്‌ ബിനെയും തിയോഡോർ സിമോണും

1905 ൽ ആൽഫ്രഡ്‌ ബിനെ (Alfred Binet) എന്നും, തിയോഡോർ സിമോൺ എന്നും പേരായ രണ്ടു ഫ്രഞ്ച്  മനഃശാസ്ത്രജ്ഞർ  ഉണ്ടാക്കിയെടുത്ത ഒരു മനഃശാസ്ത്ര പരീക്ഷണം ആയിരുന്നു IQ ടെസ്റ്റ്.  ഈ ആശയം അവർക്കു വീണു കിട്ടിയത്,  ഫ്രാൻസിസ് ഗൾട്ടൻ എന്ന മറ്റൊരു വ്യക്തിയുടെ  ചില നിഗമനങ്ങളിൽ നിന്നും ആയിരുന്നു. ഇംഗ്ളണ്ടിൽ ജനിച്ച ഇദ്ദേഹം ചില ജനിതക പ്രേത്യേകതകൾ ഉള്ള മനുഷ്യർ മാത്രമാണ് ലോകത്തു ജീവിക്കാൻ അർഹത ഉള്ളവർ എന്ന അബദ്ധ ശാസ്ത്ര ചിന്തയായ യൂജിനിക്സ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആയിരുന്നു. അതുകൊണ്ടു തന്നെ ഗൾട്ടൻ അഭിപ്രായപ്പെട്ടത്, ബുദ്ധി എന്നത് ജനിതകമായി ലഭിക്കുന്നതാണെന്നും, പല സന്ദർഭങ്ങളിലും അത് എങ്ങനെ കൃത്യമായി പ്രയോഗിക്കുന്നു എന്ന് അളന്നാൽ ഓരോരുത്തർക്കും എത്രത്തോളം ബുദ്ധി  ഉണ്ട് എന്ന് മനസ്സിലാക്കാം എന്നുമായിരുന്നു. ഈ ആശയം സത്യമാണോ എന്ന് പരീക്ഷിക്കുവാൻ നിരവധി വിവരങ്ങൾ ബിനെ ശേഖരിച്ചു.  എന്നിട്ടു പരിശോധിച്ചു നോക്കി. എന്നാൽ ഗൾട്ടൻറെ സിന്ധാന്തവും, ഈ വിവരങ്ങളും തമ്മിൽ കൃത്യമായി ഒത്തുപോയില്ല. തീർത്തും, അബദ്ധജടിലമായ ഇത്തരം ആശയങ്ങളോട് അതിനാൽ തന്നെ ബിനെയ്ക്ക് എതിർപ്പുണ്ടായിരുന്നു..

അതിനിടയിൽ സുപ്രധാനമായ ഒരു സാമൂഹിക മാറ്റം ഫ്രഞ്ച് സമൂഹത്തിൽ  ഉണ്ടായി. 1904 ൽ, സാർവത്രിക വിദ്യാഭാസം എന്ന ആശയം നടപ്പാക്കുവാൻ ഫ്രഞ്ച് ഗവണ്മെന്റ് തീരുമാനിച്ചു. എന്നാൽ സ്കൂൾ ഡ്രോപ് ഔട്ട് അന്ന് വളരെ കൂടുതൽ ആയിരുന്നു. പലതരം സാമൂഹിക സാഹചര്യങ്ങളിൽ നിൽക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതിൻ്റെ ഫലമായി സ്കൂൾ ക്‌ളാസ്സുകളിൽ നിന്നും പുറത്താക്കപ്പെടുകയോ, അല്ലെങ്കിൽ പഠനം നിർത്തുകയോ ചെയ്തും പോന്നു. ഇത്തരത്തിൽ പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ ആയ കുട്ടികളെ കണ്ടെത്തി അവർക്കു കൃത്യമായ ട്രെയിനിങ് കൊടുക്കുന്നതിനു ഒരു പരീക്ഷ  നടത്തണം എന്ന് അന്നത്തെ വിദ്യാഭ്യാസ വിദഗ്‌ദ്ധർ നിർദ്ദേശിച്ചു. അത് അത്ര എളുപ്പം അല്ലായിരുന്നു. കാരണം, യുക്തിഭദ്രമായ ഒരു പരീക്ഷ അവരുടെ പഠനനിലവാരം അളക്കുന്നതിനായി അന്ന് വരെ രൂപപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ, അന്ന് എക്സിപീരിമെന്റൽ സൈക്കോളജിയിൽ പ്രഗത്ഭൻ ആയി മാറിയിരുന്ന ബിനെറ്റിലേക്കാണ് ഇതിനു വേണ്ടി  ഫ്രഞ്ച് സർക്കാർ എത്തിച്ചേർന്നത്.

ബിനെറ്റ്-സിമോൺ സ്കെയിൽ – അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രീകരണം

ബിനെറ്റിന്റെ സൈക്കോളജിക്കൽ പരീക്ഷണങ്ങളിൽ ആകൃഷ്ടനായി സൈക്കോളജിയും, തത്വശാസ്ത്രവും ഒരുപോലെ പ്രാക്‌ടീസ്‌ ചെയ്തിരുന്ന ആൽഫ്രഡ്‌ സിമോൺ എന്ന ഒരു ഡോക്ടർ കൂടി ആ പരീക്ഷണത്തിൽ പങ്കു ചേർന്നു. അങ്ങനെ അവരിരുവരും ചേർന്ന് ലോകത്തിലെ ആദ്യത്തെ ഉത്തമമായ ഒരു ബുദ്ധിപരീക്ഷ  ഉണ്ടാക്കിയെടുത്തു. ബിനെറ്റ്-സിമോൺ സ്കെയിൽ എന്ന് അത് അറിയപ്പെട്ടു. ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന പതിവ് ബുദ്ധി പരീക്ഷകൾ അല്ല യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് എന്നവർ  അഭിപ്രായപ്പെട്ടു. അങ്ങനെ ക്ലാസ് മുറികളുടെ മാനങ്ങളിൽ നിന്നും പുറത്തെടുത്ത 30 ചോദ്യങ്ങൾ അവർ നിർമ്മിച്ചെടുത്തു. ഇതിനെ ശാസ്ത്രീയമായ അടിസ്ഥാനത്തിൽ രൂപപ്പെടുത്തി എടുത്ത ആദ്യത്തെ IQ നിർണ്ണയ ടെസ്റ്റ് ആയി ഇതിനെ കരുതിപ്പോരുന്നു.

ലൂയിസ് ടെർമൻ  (Lewis Terman)

പിന്നീട്, ഒന്നാം ലോകമഹാ യുദ്ധകാലഘട്ടത്തിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെ സൈക്കോളജിസ്റ് ആയിരുന്ന ലൂയിസ് ടെർമൻ  (Lewis Terman) ഈ ടെസ്റ്റിനെ പരിഷ്കരിച്ചു. ഇതിൽ പുതിയൊരു ആശയം കൊണ്ടു വന്നു. IQ സ്കോർ. ഈ ടെസ്റ്റിന് വിധേയം ആകുന്നവരുടെ മാനസ്സിക പ്രായവും, ശാരീരിക പ്രായവും തമ്മിലുള്ള അനുപാതത്തിനെ 100 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സ്കോർ ആണ് IQ.  ഉദാഹരണത്തിന് IQ ടെസ്റ്റ് കണക്കാക്കുവാൻ പങ്കെടുക്കുന്ന ആൾക്ക് 20 വയസ്സ്  ആണെന്നിരിക്കട്ടെ. അയാൾ ഉത്തരം രേഖപ്പെടുത്തുന്നതോ 25 വയസ്സ് പ്രായം ഉള്ളവർക്ക്‌ മാത്രം കൃത്യമായി ഉത്തരം രേഖപ്പെടുത്തുവാൻ സാധിക്കുന്ന ചോദ്യങ്ങൾക്കും. എങ്കിൽ അദ്ദേഹത്തിന്റെ IQ സ്കോർ (25/20)X100=125 ആയിരിക്കും. ഇത് പിന്നീട് സ്റ്റാൻഫോർഡ്-ബിനെറ്റ് ടെസ്റ്റ് എന്ന് അറിയപ്പെട്ടു.

David Weschler

എന്നാൽ Terman കൊണ്ട് വന്ന ഈ ടെസ്റ്റ് പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്ന് മാത്രമായിരുന്നു. ആ തിരിച്ചറിവാണ് David Weschler എന്നൊരു അമേരിക്കക്കാരൻ സൈക്കോളജിസ്റ്റ് ബിനെറ്റിന്റെ ടെസ്റ്റിന് മറ്റൊരു പരിഷ്കരണം കൊണ്ട് വരാൻ കാരണം ആയത്. മറ്റു ടെസ്റ്റുകളിൽ നിന്നും വിഭിന്നമായി, മനുഷ്യൻ്റെ മനസികശേഷിയുടെ പ്രതിഫലനം ആണ് അയാളുടെ ബുദ്ധിശക്തി എന്ന ആശയത്തിൽ ഊന്നി ആയിരുന്നൂ, Weschler അദ്ദേഹത്തിന്റെ ടെസ്റ്റുകൾ നിർമ്മിച്ചെടുത്തത്. പ്രധാനമായും മൂന്നു വകഭേദങ്ങൾ ആയിരുന്നൂ ഈ ടെസ്റ്റിൽ ഉണ്ടായിരുന്നത്. Wechsler Intelligence Scale for Children (WISC), Wechsler Preschool and Primary Scale of Intelligence (WPPS I), WAIS IV എന്നീ വകഭേദങ്ങൾ. ഒരാളുടെ ശരാശരി പ്രായത്തിലുള്ള മറ്റു ആൾക്കാരുമായി  അവരുടെ ടെസ്റ്റ് ഫലങ്ങൾ താരതമ്യം ചെയ്താണ് ഒരാൾ എത്രത്തോളം ബുദ്ധിമാനാണ് എന്ന് കണ്ടു പിടിക്കുന്നത്. അതിന്റെ ശരാശരി 100 നു അടുത്തുള്ള ഒരു സംഖ്യ ആയിരിക്കും.

ഇത്രയും പറഞ്ഞത് ബുദ്ധിപരീക്ഷകളുടെ അളവുകോലുകൾ നിർണ്ണയിക്കുന്ന ടെസ്റ്റുകളുടെ ചരിത്രം ആണ്. അതിന്റെ നിർമ്മാണത്തിന്റെ ചരിത്രം മാത്രമല്ല നമുക്ക് കാണേണ്ടത്. അതിന്റെ ഉപയോഗങ്ങൾ എങ്ങനെ ആയിരുന്നൂ എന്നും, മനുഷ്യചരിത്രത്തിൽ അത് എന്ത് തരം  സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും നോക്കേണ്ടതുണ്ട്.

ബുദ്ധിപരീക്ഷയുടെ  ഇരുണ്ടലോകം 

എന്നാൽ ഈ ബുദ്ധിപരീക്ഷകൾക്കു ഒരു മറുവശം കൂടി ഉണ്ടായിരുന്നു. ബുദ്ധിയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ തരം തിരിക്കുക എന്ന ആശയം.

1916 ൽ Lewis Terman ഈ ബുദ്ധി പരീക്ഷയെ പരിഷ്കരിച്ചതിൻ്റെ പ്രധാന  ഉദ്ദേശ്യം പട്ടാളത്തിൽ ആൾക്കാരെ കൃത്യമായി യുദ്ധാവശ്യങ്ങൾക്കു  ഉപയോഗിക്കുക എന്നത് ആയിരുന്നു. ഒന്നാം ലോകമഹായുദ്ധ സമയം ആയിരുന്നു അത്. അമേരിക്കൻ പട്ടാളത്തിലേയ്ക്ക് റിക്രൂട് ചെയ്യപ്പെടുന്ന സൈനികരെ അവരുടെ കഴിവുകൾ അനുസരിച്ചു വിന്യസിക്കാൻ സാധിക്കുമെന്ന് Committee on the Psychological Examination of Recruits ചെയർ ആയിരുന്ന Robert Yerkes എന്ന സൈക്കോളജിസ്റ് മനസ്സിലാക്കി.അതൊരു പരീക്ഷണം കൂടി ആയിരുന്നു. ഒരു വലിയ കമ്മ്യൂണിറ്റിയിൽ ബുദ്ധിയുള്ളവരും, ഇല്ലാത്തവരും എന്ന തരം തിരിക്കൽ നടത്തുവാൻ സാധിക്കുമോ എന്നുള്ള ട്രയൽ. ഒരു പരിധി വരെ അത് ഉപകാരപ്രദം എന്ന് അദ്ദേഹം മനസ്സിലാക്കി. യുദ്ധം അവസാനിച്ചു കഴിഞ്ഞ് അമേരിക്കയിലെ കുടിയേറ്റക്കാരിൽ ഇത്  ഉപയോഗിക്കുവാൻ തീരുമാനിച്ചു. അമേരിക്കൻ മണ്ണിലേക്ക് പുതുതായി എത്തിച്ചേരുന്ന ആൾക്കാരിൽ അവിടെ പ്രശ്നനങ്ങൾ സൃഷ്ടിക്കുവാൻ പരമ്പരാഗതമായി ബുദ്ധി കുറവുള്ള ചില  കുടിയേറ്റക്കാർക്ക് സാധിക്കും എന്നുള്ള വിഭജനത്തിനു ഈ പരീക്ഷണം കാരണമായി. മറ്റൊരു തരം ഉപയോക്താക്കൾ നേരത്തേ  പറഞ്ഞ  യൂജനിക്സ് എന്ന അസംബന്ധ ശാസ്ത്രത്തിന്റെ പ്രചാരകർ ആയിരുന്നു. ശുദ്ധമായ മനുഷ്യകുലം ഉന്മൂല നാശനങ്ങൾ എന്ന മാർഗ്ഗത്തിലൂടെ മാത്രമേ നടക്കൂ എന്ന വിശ്വാസികൾ. അതായതു മനുഷ്യസമൂഹം ബുദ്ധിയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കപ്പെട്ടിരിക്കുന്നുവത്രെ.

ഇത്തരത്തിൽ ബുദ്ധിപരീക്ഷകൾ ഒരു ഏകകം ആയി വെച്ച് കൊണ്ട് സമൂഹങ്ങൾ എങ്ങനെ വിഭജിക്കുവാൻ സാധിക്കും എന്നതിൽ തന്നെ നൂറു കണക്കിന് പ്രസിദ്ധീകരണങ്ങൾ വന്നിട്ടുണ്ട്. ഇതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അപകടകരമായ ഒരു ലേഖനം ആയിരുന്നൂ 1994 ൽ പ്രസിദ്ധീകരിച്ച ‘The Bell Curve’. Richard Heistein-ഉം, Charles Murray-ഉം ചേർന്ന് പ്രസിദ്ധീകരിച്ച ആ ലേഖനം മനുഷ്യകുലത്തിനെ അവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കാം എന്ന കപടശാസ്ത്രത്തിന്റെ വക്താക്കൾ ഇക്കാലത്തു പോലും പലയിടത്തും ഉപയോഗിച്ചു പോരുന്നുണ്ട്. ജീനുകളിലെ വ്യതിയാനങ്ങൾ ചില മനുഷ്യവർഗ്ഗങ്ങളെ കൂടുതൽ IQ ഉള്ളവരെന്നും , മറ്റു ചില വർഗ്ഗങ്ങളെ അങ്ങനെ  അല്ലാത്തവർ എന്നും വിഭജിക്കുന്നു എന്നായിരുന്നു ആ ലേഖനത്തിന്റെ സാരാംശം. നാസി ജർമ്മനിയിൽ ജർമ്മൻകാർ ആര്യവംശം ആണ് കൂടുതൽ ശുദ്ധിയുള്ളതെന്നും, അതാണ് ലോകത്തിനെ ഭരിക്കേണ്ടതെന്നും പറഞ്ഞ ചിന്തകളോട് ഏകദേശം സാമ്യമുള്ളതു തന്നെ ആയിരുന്നൂ ആ ലേഖനത്തിൻറെ ആശയവും.

ഇവിടെ ഓർക്കേണ്ടുന്ന ഒരു വസ്തുത ഉണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ അളവുകൾ തീർച്ചയായും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ അത് വംശം,ജാതി,മതം, രാഷ്ട്രം എന്നീ അടിസ്ഥാനങ്ങളിൽ തരം തിരിക്കാനാവില്ല.

ബുദ്ധിയുടെ ജീനുകൾ 

മനുഷ്യന്റെ ബുദ്ധിയുടെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി നിർണ്ണയിക്കുവാൻ സാധിച്ചത് 2003 ൽ പ്രസിദ്ധീകരിച്ച ഹ്യൂമൻ ജിനോം പ്രൊജക്റ്റ് ഫലങ്ങൾ ആയിരുന്നു. ഏകദേശം പതിമൂന്നു വർഷങ്ങൾ പല സ്ഥലങ്ങളിൽ ഇരുന്നു നിരവധി ശാസ്ത്രജ്ഞർ ചെയ്ത ജീൻ പഠനങ്ങളുടെ  ആകെ ഫലം ആയിരുന്നു അത്. പ്രസ്തുത റിപ്പോർട്ട് അനുസരിച്ച്, മനുഷ്യനിൽ ഏകദേശം 20000 മുതൽ, 25000 വരെ ജീനുകൾ ആണ് ഉള്ളത്. ഏതു നിറമോ, ജാതിയോ, വംശമോ ആയിക്കോട്ടെ, 99.5 ശതമാനം ജീനുകളും, എല്ലാ മനുഷ്യരിലും തുല്യം ആണ്. അതായത് കേവലം 125 ജീനുകൾ മാത്രമാണ് എല്ലാവരിലും വ്യത്യസ്തം ആയിട്ടുള്ളത്. ഈ ജീനുകൾ ആണോ ബുദ്ധിയുടെ പരീക്ഷങ്ങളിലെ ഏറ്റക്കുറച്ചിലുകൾ നിർണ്ണയിക്കുന്നത്?

ബുദ്ധിയുടെ വികാസത്തിൽ സ്വാധീനിക്കുന്നുവെന്നു കരുതുന്ന ജീനുകളിൽ ചിലതാണ്  DTNBP1, MECP2, NRG1, CNTNAP2 മുതലായവ.ബുദ്ധിവികാസം കുറഞ്ഞത് എന്ന് കരുതുന്ന ആൾക്കാരിൽ ഈ ജീനുകളുടെ ഏറ്റക്കുറച്ചിൽ അതുമായി ബന്ധപ്പെട്ട ചില അവസ്ഥയ്ക്ക് കാരണം ആകുന്നുണ്ട്. ഉദാഹരണമായി, NRG1 എന്ന് നാമകരണം ചെയ്യപ്പെട്ട ജീൻ നമ്മുടെ നാഡീവ്യുഹത്തിന്റെ വികാസത്തിന് സഹായിക്കുന്ന ഒന്നാണ്. ഓട്ടിസം ഉള്ള കുട്ടികളിൽ ഈ ജീനിനു മ്യൂട്ടേഷൻ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ബുദ്ധിയുടെ ഗുണങ്ങൾ കൊടുക്കുന്നത് എന്ന് കരുതുന്ന ഏകദേശം നൂറോളം ജീനുകളെ ആണ് ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഇവയെല്ലാം അതിൽ കൃത്യമായ സംഭാവനകൾ നടത്തുന്നുണ്ട്  എന്ന് പറയുക വയ്യ. ബുദ്ധിയെന്നത്, 50 ശതമാനം മാത്രം പാരമ്പര്യം ആയി ലഭിക്കുന്നതും, ബാക്കി പലതരം ജീനുകളുടെ ക്രമരഹിതമായ സങ്കലനവും ആണ്‌. എന്നാൽ ഈ സങ്കലനത്തിനായി ജീനുകളിൽ നടക്കുന്ന സങ്കീർണ്ണമായ പ്രക്രിയകൾ എന്താണ് എന്ന് ഇതു വരെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.

James R Flynn

അതിനാൽ, ബുദ്ധി അളക്കേണ്ടത് ജീനുകളുടെ ക്രമീകരണം എന്ന സങ്കീർണ്ണമായ പ്രക്രിയ വഴി അല്ല,  സങ്കീർണ്ണമായ  സാമൂഹിക സാഹചര്യങ്ങളുടെ വിശകലനത്തിലൂടെ ആയിരിക്കണം എന്നാണ് പൊതുവേ  ശാസ്ത്രകാരന്മാർ ആവശ്യപ്പെടുന്നത്. അത്തരം പഠനങ്ങളിൽ മുൻപന്തിയിൽ നില്കുന്ന ഒരു പഠനം ആയിരുന്നു James R Flynn ന്റേത്. അമേരിക്കയിലെ പ്രശസ്തനായ ഒരു സോഷ്യൽ സയന്റിസ്റ്  ആയിരുന്നൂ  James R Flynn. നേരത്തേ  നമ്മൾ The Bell Curve എന്ന പുസ്തകം എഴുതിയതായി പരിചയപ്പെട്ട Jensen എന്ന എഴുത്തുകാരന്റെ ഒരു പുസ്തകം ആയിരുന്നു Flynnനെ പുതിയൊരു പഠനത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമേരിക്കകാരുടെ ശരാശരി IQ സ്‌കോർ, അത്തരം അളവുകൾ  ആരംഭിച്ച സമയത്തു ലഭിച്ച  ശരാശരി സ്കോറിനേക്കാളും 13.8 മടങ്ങു കൂടുതൽ ആണ് (അതായതു 1910 കൾ), 46 വർഷത്തിന് ശേഷം ഉണ്ടായതു എന്നായിരുന്നു. ഇതേ പഠനം മറ്റു പതിനാലു രാജ്യങ്ങളിൽ കൂടി നടത്തിയപ്പോൾ ഇതേ ഫലം തന്നെ ലഭിച്ചു. ഈ 46 വർഷം കൊണ്ടൊന്നും മനുഷ്യന്റെ ജീനുകൾ പരിണമിക്കുവാൻ ഒന്നും പോകുന്നില്ല. അതായതു, IQ സ്കോർ ജീനുകളെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്. മറ്റു പല ഘടകങ്ങളെ കൂടി ആണ്.

അപ്പോൾ എന്താണ് ആ ഘടകങ്ങൾ?

ഈ 46 വർഷങ്ങൾക്കിടയിൽ ഈ പഠനം നടന്ന ജനവിഭാഗങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത്?

അവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മാറി. അതായിരുന്നു സംഭവിച്ച ഏറ്റവും പ്രധാന മാറ്റം. നല്ല ആഹാരം, നിലവാരമുള്ള വിദ്യാഭാസം,ചിന്താശേഷി കൂടുതൽ പ്രയോഗിക്കപ്പെടേണ്ടി വരുന്ന ജോലികൾ/ സാഹചര്യങ്ങൾ, അങ്ങനെ സാമൂഹിക സാഹചര്യങ്ങൾ കൂടുതൽ മനുഷ്യന് അനുകൂലമായി മാറി. ഈ സിദ്ധാന്തത്തിനെ പിന്നീട് Flynn Effect എന്ന് വിളിച്ചു. അപ്പോൾ ചില വംശങ്ങൾക്കു ഉയർന്ന ബുദ്ധിയുണ്ട് എന്ന നിലയിൽ മുൻപ് പ്രചരിച്ചിരുന്ന ചിന്തകൾക്ക് അടിസ്ഥാനം ഇല്ല എന്ന് വന്നു. അറിവിന്റെയും,മറ്റു മികച്ച സാമൂഹിക സാഹചര്യങ്ങളുടെയും ഗുണങ്ങൾ ഏതൊക്കെയോ കാലഘട്ടങ്ങളിൽ അവരിൽ കേന്ദ്രീകരിക്കപ്പെട്ടതു കൊണ്ടാണ് അവരൊക്കെ അങ്ങനെ ആയി തീർന്നത്.

ആധുനിക കാലഘട്ടത്തിൽ ഒരാളുടെ IQ അളക്കേണ്ടത് കേവലം ഗണിതപരമോ, ഭാഷാപരമോ ആയ പ്രക്രിയകൾ കൂടുതൽ കണിശതയോടെ ചെയ്യുന്നു എന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ മുൻപോട്ടു വെയ്ക്കുന്ന ആശയം. അതായത് മനുഷ്യ ബുദ്ധി എന്നത് വിവിധ ധ്രുവങ്ങൾ പ്രതിഫലിക്കുന്ന ഒന്നാണ്. അതിന്റെ പലവിധത്തിൽ ഉള്ള കൂടി ചേരലുകൾ ആണ്. കുറച്ചുകൂടി വ്യക്തമായി കോഗ്നിറ്റീവ് സൈക്കോളജി വിദദ്ധൻ ആയിരുന്ന Robert Sternberg വിശദീകരിക്കുന്നുണ്ട്. ഒരാളുടെ ഇന്റലിജൻസ് അയാളുടെ കാര്യങ്ങളെ വിശകലനം ചെയ്തു, ക്രിയാത്‌മകമായി പ്രവർത്തിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നുവത്രേ. ഈ മൂന്നു തലങ്ങൾ ഉൾപ്പെടുന്ന കഴിവിൽ ഒരാളുടെ പ്രവർത്തിക്കാനുള്ള കഴിവിനെ സാധാരണ IQ ടെസ്റ്റുകൾ കൊണ്ട് അളക്കുവാൻ കഴിയില്ല. അത് അവരുടെ സാമൂഹിക സാഹചര്യങ്ങൾ അനുസരിച്ചു പരുവപ്പെട്ടു വരുന്നതാണ്. അതിന്റെ മാറ്റം അത്തരം സാമൂഹിക സാഹചര്യങ്ങളിൽ കഴിയുന്ന മനുഷ്യരിൽ ബുദ്ധിക്കും മാറ്റം വരുത്താം.

Robert Sternberg

അതുപോലെ തന്നെ IQ ടെസ്റ്റുകളുടെ മറ്റൊരു അപര്യാപ്തത അത് വിവിധതരം സംസ്കാരങ്ങളെ കൃത്യമായി പ്രതിനിധീകരിച്ചു കൊണ്ടല്ല ചോദ്യങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ്. അതായതു, മിക്കവാറും IQ നിർണ്ണയ ടെസ്റ്റുകളിൽ  കൂടുതലും, യൂറോപ്യൻ അല്ലെങ്കിൽ അമേരിക്കൻ സമൂഹങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ അത് അങ്ങനെ തന്നെ നടത്തിയാൽ കിട്ടുന്ന ഫലം കൃത്യം ആയിരിക്കില്ല. മറ്റൊന്ന് IQ സ്‌കോറുകൾ ഒരു വ്യക്തിക്ക് സംഭവിച്ച മാനസികമോ,ശാരീരികമോ ആയ മുറിവുകളെ ആശ്രയിച്ചു വ്യതിയാനപ്പെടാം. ഇനി IQ ടെസ്റ്റുകൾ നിങ്ങൾ മുൻപ് എപ്പോഴെങ്കിലും പരിചയപ്പെട്ട പ്രശ്നങ്ങൾ ആണ് നിങ്ങൾക്ക് നിർദ്ധാരണം ചെയ്യുവാൻ തരുന്നത് എന്നിരിക്കട്ടെ. അപ്പോൾ നിങ്ങളുടെ IQ സ്കോർ മറ്റു സമകാലീനരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആയിരിക്കും.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ IQ നിർണ്ണയങ്ങൾ തീരെ കൃത്യത ഇല്ലാത്തതാണ്. അതുകൊണ്ടു തന്നെ നമ്മുടെ മുൻപിലേക്ക് പോപ്പ് അപ്പ് ചെയ്തു വരുന്ന ആ IQ ടെസ്റ്റുകളുടെ സ്‌കോറുകൾ നമ്മുടേത് അല്ല എന്ന് മനസിലാക്കുക. അത് മറ്റാരുടേതോ ആണ്. ചിലപ്പോൾ ഒരിക്കലും ജീവിച്ചിരിന്നിട്ടു പോലുമില്ലാത്ത ഒരു വ്യക്തിയുടേത് പോലും ആവാം.

അനുബന്ധ വായനയ്ക്ക്

Happy
Happy
44 %
Sad
Sad
0 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post ഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി
Next post മിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ
Close