Read Time:43 Minute

1980ലെ ശാസ്ത്രബോധത്തെ സംബന്ധിച്ച രേഖ 2011 ൽ നടന്ന ശാസ്ത്രബോധം വിഷയമായുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പുനരവലോകനം ചെയ്ത് പ്രസിദ്ധീകരിച്ചു. പലാമ്പൂർ പ്രഖ്യാപനം (Palampur Declaration) എന്നാണ് ഇതറിയപ്പെടുന്നത്. ഇന്ത്യയിലെ ശാസ്ത്രഗവേഷണഏജൻസികളുടെയും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലായിരുന്നു ഇത്. വിവർത്തനം : വി.ജി.ഗോപിനാഥൻ

1980ലെ രേഖയുടെ അന്ത:സത്ത

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആണ് ആദ്യമായി ശാസ്ത്രബോധം എന്ന സങ്കൽപനത്തെ  വിശദീകരിച്ചത്. 1946ൽ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി : ”ഒരു ജീവിതരീതി, ഒരു ചിന്താപ്രക്രിയ, കൂടെയുള്ളവരോട് സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ഒരു രീതി.” സന്ദേഹാത്മകതയും മാനവികതയും ഇന്ത്യയുടെ ബൗദ്ധികപാരമ്പര്യത്തിന് പുതുമയുള്ളതല്ല. അവയൊക്കെ നമ്മെ പൗരാണികതയിലെത്തിക്കും. ജൈന, സാംഖ്യ, ബുദ്ധ പാരമ്പര്യങ്ങൾ എല്ലാംതന്നെ അന്വേഷണത്തിന്റെ സത്ത ആവർത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നവോത്ഥാനകാലഘട്ടത്തിൽ അന്നത്തെ നേതാക്കളിൽ ഒരു പാട് പേർ ശാസ്ത്രാന്വേഷണമനോഭാവം പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും അതെല്ലാം പിന്നീട് ഭാരതീയചിന്തകളുടെ ഭാഗമായി മാറുകയും ചെയ്തു.

1954 ഒക്ടോബർ 9 റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS) ഉദ്ഘാടനം

ഇന്ത്യയിൽ ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസത്തിനാവശ്യമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നെഹ്‌റുവിന്റെ പങ്ക് നിർണ്ണായകമാണ്. സർവകലാശാലകൾ,  IIT, CSIR പരീക്ഷണശാലകൾ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഈ സ്ഥാപനങ്ങളൊക്കെ ഇന്ത്യയിലെ ശാസ്ത്രസാങ്കേതികവിദ്യ കളുടെ ‘Hardware’ ആയി മാറിയതോടൊപ്പം ഇന്ത്യൻ ജനതയുടെ ശാസ്ത്രബോധം ‘Software’ ആയി മാറേണ്ടതായിരുന്നു. 1976ൽ ലോകത്ത് ആദ്യമായി ഭരണഘടനയിൽ ശാസ്ത്രബോധവും മാനവികതയും വളർത്തേണ്ടത് പൗരന്റെ മൗലിക കടമകളായി ഉൾപ്പെടുത്തിയ (Article 51A(h) രാജ്യമായി ഇന്ത്യ മാറി.

1980ൽ ഇന്ത്യയിലെ ഒരു സംഘം അക്കാദമികപണ്ഡിതന്മാരും ബുദ്ധിജീവികളും നാലുദിവസം ഊട്ടിയിലെ കൂനൂരിൽ ഒത്തുചേർന്ന് ഇന്ത്യയിലെ ശാസ്ത്രബോധത്തിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച് സൂക്ഷ്മമായ ചർച്ചകൾ നടത്തുകയുണ്ടായി. അതിനെത്തുടർന്ന് ‘ശാസ്ത്രബോധത്തെ സംബന്ധിച്ച ഒരു പ്രസ്താവന’ എന്ന രേഖ 1981 ജൂലൈ 19ന് പുറത്തിറക്കി. രാജ്യം നേരിടുന്ന സാമൂഹിക-സാമ്പത്തിക ദുഃസ്ഥിതിയിൽ നിന്ന് മോചനം നേടുന്നതിന് സമൂഹത്തിൽ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഈ രേഖ ഊന്നൽ നൽകുന്നു. സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന് പര്യാപ്തമാകുംവിധം രാജ്യത്ത് രൂപം കൊള്ളേണ്ട ഒരു പ്രസ്ഥാനത്തിന് (രണ്ടാംഭാരതീയ നവോത്ഥാനം) മാർഗദർശിയാകേണ്ടതായിരുന്നു ഈ രേഖ.

[box type=”warning” align=”” class=”” width=””]വിശാലമായ അർത്ഥത്തിൽ ഈ രേഖയിലെ ശാസ്ത്രത്തിന്റെ രീതിയോടുള്ള പ്രതിപത്തി രാജ്യത്ത് നിലനിൽക്കുന്ന അന്ധവിശ്വാസജടിലമായ വ്യവസ്ഥകൾക്കും പാരമ്പര്യ ജാതിമത സിദ്ധാന്തങ്ങൾക്കും ഒരു മറുമരുന്നാകുമായിരുന്നു. അത് സാധ്യമായില്ല എന്നുമാത്രമല്ല, ഇത്തരം പ്രാചീനവിശ്വാസങ്ങൾക്ക് ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവ വഴിയായി രാജ്യത്ത് മുമ്പെങ്ങുമില്ലാത്തവിധം വലിയ പ്രചാരം കിട്ടുകയും ചെയ്തിരിക്കുന്നു. [/box]

ഈ രേഖയുടെ ആമുഖത്തിൽ മാനവരാശിക്ക് അതിന്റെ ചുറ്റുപാടുകളിൽ നിയന്ത്രണം കയ്യാളാൻ സഹായിക്കുന്ന വിധത്തിലുള്ള അറിവിന്റെ നിരന്തരസമാഹരണത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അറിവിന്റെ വ്യാപനവും, പ്രയോഗവും ഏകമാനമായല്ല നടക്കുന്നത്. അതിന് കാരണം ലോകത്ത് ഇന്ന് നിലനിൽക്കുന്ന അസമത്വങ്ങളും അറിവിന്റെ മേൽ വരേണ്യവിഭാഗത്തിനുള്ള നിയന്ത്രണവുമാണ്. സ്വാഭാവികമായും ഇത്തരം വിരസമായ സാഹചര്യങ്ങളിൽ വിധിവാദം വിജയിക്കും, വിജ്ഞാനവിരോധത്തിന് മൂർച്ച കൂടും, യുക്തിക്ക് പകരം യുക്തിരാഹിത്യം മേൽകൈ നേടും. എന്നാൽ ശാസ്ത്രയുഗത്തിൽ മുന്നേറുന്നതിന് നമ്മൾ ശാസ്ത്രബോധത്തിന്റെ ആവശ്യകതയും അർത്ഥതലങ്ങളും നന്നായി മനസ്സിലാക്കണം. ഏതെങ്കിലും വിദൂരനക്ഷ്രതങ്ങളുടെ വിദ്രോഹങ്ങളുടെ നിസ്സഹായനായ ഇരയാകാതെ സ്വന്തം ഭാഗധേയം സ്വയം നിശ്ചയിക്കാൻ കഴിവുള്ളവനാണ് മനുഷ്യൻ എന്ന ചിന്താഗതിയിലുള്ള ഊന്നലാണ് ഇതിന്റെ അന്ത:സത്ത. അങ്ങനെ രാജ്യത്തിന്റെ തിളക്കമാർന്ന ഭാവിക്ക് ശാസ്ത്രബോധം അത്യന്താപേക്ഷിതമായിത്തീരുന്നു.

ശാസ്ത്രബോധത്തെ പ്രകൃതിശാസ്ത്രവും സാമൂഹികശാസ്ത്രവും ഉൾപ്പെടെ മാനവരാശി ആർജ്ജിച്ച മുഴുവൻ വിജ്ഞാനത്തെയും ഉൾക്കൊള്ളുന്ന ശാസ്ത്രത്തിന്റെ രീതിയായാണ് ഈ രേഖയിൽ വിവക്ഷിച്ചിട്ടുള്ളത്. അന്വേഷണത്വര, ചോദ്യം ചെയ്യാനും ചെയ്യപ്പെടാനുമുള്ള അവകാശം എന്നിവ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനതത്വങ്ങളാണ്. അറിവ് സദാ വികസിക്കുന്നതും പുതുക്കപ്പെടുന്നതുമാണ്. ദൈവശാസ്ത്രപരവും അതിഭൗതികപരവുമായ വിശ്വാസങ്ങളോട് ശാസ്ത്രബോധത്തിന് പൊരുത്തപ്പെടാൻ ആവില്ല. ശാസ്ത്രം സാർവ ലൗകികമാണെങ്കിൽ, മതങ്ങളും അവയുടെ വിശ്വാസസംഹിതകളും വിയോജിപ്പിന്റെയും ഭിന്നതയുടെയും രൂപങ്ങളാണ്.

ജനസംഖ്യയിൽ പകുതിയോളം പേർ ദരിദ്രരായിരിക്കുന്ന, 70 ശതമാനത്തോളം പേർ, വിശേഷിച്ചും സ്ത്രീകൾ, നിരക്ഷരരായി കഴിയുന്ന, അസമത്വങ്ങൾ നിറഞ്ഞ സമൂഹത്തിൽ ശാസ്ത്രബോധം വളരുക ദുഷ്‌കരമാണ്. സാമൂഹികനീതി, സാർവത്രികവിദ്യാഭ്യാസം, അനിയന്ത്രിതമായ ആശയവിനിമയ ഉപാധികൾ എന്നിവ ശാസ്ത്രബോധവ്യാപനത്തിന്റെ മുന്നുപാധികളാണ്. എങ്കിലേ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ ഫലത്തെക്കുറിച്ചും ശുഭപ്രതീക്ഷ ഉണ്ടാവൂ. 

വിധിവിശ്വാസത്തെ നിരാകരിച്ചുകൊണ്ട് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും വളർത്തുന്നതിൽ ശാസ്ത്രബോധത്തിനുള്ള സുപ്രധാന പങ്ക് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രബോധത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ അതുകൊണ്ടുതന്നെ സമത്വം, തൊഴിലിന്റെ മാന്യത, ഓരോരുത്തർക്കും വേണ്ട  സാമൂഹികമായ ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ പരിപോഷിപ്പിക്കുന്നതുമാവണം. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രസാങ്കേതികവിദ്യകൾ എന്ന മാന്ത്രികവടിയിലൂടെ ലഭ്യമാകുമെന്ന് കരുതുന്നതിനെതിരെ രേഖ മുന്നറിയിപ്പ് നൽകുന്നു. സമൂഹത്തിലെ സാമൂഹികശ്രേണികളുടെ സവിശേഷതകളും അധികാരഘടനയും അത്തരം പരിഹാരങ്ങളുടെ സ്വീകാര്യതക്ക് വിഘാതമാണ്.

സാങ്കേതികമായി അവരവർക്കുവേണ്ട ഭക്ഷണം ഉണ്ടാക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ നിലനിൽക്കുന്ന സാമ്പത്തിക വിതരണരീതി, വർദ്ധിച്ച ഭക്ഷ്യോൽപാദനത്തിന്റെ നേട്ടം എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിന് തടസ്സമായിരിക്കും. അസമത്വങ്ങൾ നിറഞ്ഞ ഒരു സമൂഹത്തിൽ ശാസ്ത്രബോധം ഇത്തരം തിന്മകളെ ഇഴകീറി പരിശോധിക്കാനുതകണം.  

[box type=”note” align=”” class=”” width=””]ഇന്ത്യയിൽ ഒരു രണ്ടാംനവോത്ഥാനത്തിന് ഈ തയ്യാറാക്കിയ രേഖ പ്രേരകമായില്ല എന്നുമാത്രമല്ല അതിന്റെ ഉപജ്ഞാതാക്കൾ ആഗ്രഹിച്ചതിനടുത്തുപോലും എത്തിയില്ല. ശാസ്ത്രബോധം ഇപ്പോഴും ആലങ്കാരികപ്രസ്താവനകളിൽ മാത്രമായി ഒതുങ്ങുന്നു. ഖേദകരമെന്നു പറയട്ടെ, സാമൂഹികശാസ്ത്രജ്ഞർ പോലും ശാസ്ത്രബോധമെന്ന സങ്കൽപനത്തെ നവീകരിക്കുന്നതിനോ പ്രാവർത്തികമാക്കുന്നതിനോ ശ്രമിച്ചില്ല. [/box] അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്ര സാങ്കേതിക-സാമ്പത്തികക്രമമുയർത്തുന്ന അപസ്വരങ്ങളുടെ കോലാഹലത്തിൽ പ്പെട്ട് നഷ്ടപ്പെടുന്നതിനുമുമ്പ് ഈ സങ്കൽപനത്തെ തിരിച്ചുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ 1981ലെ രേഖ പുനരവലോകനം ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു.

അക്കാദമികപണ്ഡിതന്മാരും രാഷ്ട്രം തന്നെയും വേണ്ടത്ര പ്രയോജനപ്പെടുത്താതെ വിട്ടിരുന്ന ബൗദ്ധികമേഖല ഇന്ന് ഒരു പരിധിവരെ വ്യത്യസ്ത സന്നദ്ധസംഘടനകളും പൗരസമൂഹ സംഘടനകളും കയ്യടക്കിയിരിക്കുകയാണ്. 1980നുശേഷം രാജ്യത്ത് ഇത്തരം സംഘടനകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സമൂഹത്തിൽ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ എന്ത് സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത് എന്ന കാര്യം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഈ ശ്രമങ്ങളൊക്കെ ശ്ലാഘനീയമാണ് എന്നിരിക്കിലും യുക്തിരാഹിത്യത്തിന്റെ കുത്തൊഴുക്കിനെ നേരിടാൻ പര്യാപ്തമായിട്ടില്ല.

1981ലെ രേഖ പുറത്തിറക്കിയ ശേഷമുള്ള കാലയളവിൽ വിരുദ്ധസ്വഭാവങ്ങളുള്ളതും സമകാലികവുമായ രണ്ട് മാറ്റങ്ങൾ രാജ്യത്ത് കാണാം. ശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളും ശാസ്ത്രസ്ഥാപനങ്ങളും നടത്തിയ കൂട്ടായ പ്രവർത്തനങ്ങൾ – അതെത്ര ചെറുതാണെങ്കിലും – ഏറെ വ്യത്യസ്തവും സംതൃപ്തി നൽകുന്നതുമാണ്. 1995ലെ സമ്പൂർണ്ണസൂര്യഗ്രഹണം വീക്ഷിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് ആളുകളെ പുറത്തിറക്കിയപ്പോഴും സൈലന്റ്‌വാലിപദ്ധതിയുടെ കാര്യത്തിൽ ചെയ്തതുപോലെ പൊതുനയങ്ങളെ വിമർശനാത്മകമായി പരിശോധിക്കാൻതയ്യാറായപ്പോഴുമൊക്കെ ഇതിന്റെ സ്വാധീനം നാം മനസ്സിലാക്കിയതാണ്.

അതേസമയം തന്നെ കഴിഞ്ഞ 30 വർഷമായി രാജ്യത്ത്  മതപരവും വിഭാഗീയവുമായ സ്വത്വാവിഷ്‌കാരങ്ങളും അനാചാര ങ്ങളും അയുക്തികമായ ആരാധനകളും വിജ്ഞാനവിരോധവും മതാത്മകതയും മതപരമായ പ്രതീകങ്ങളുടെ പ്രയോഗവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം ചേർന്ന് പൊതുഇടങ്ങളിലും സ്വകാര്യഇടങ്ങളിലും പലപ്പോഴും നടക്കുന്ന അശാസ്ത്രീയവും ക്രൂരവുമായ പ്രവൃത്തികൾക്ക് ഒരു ആശയാടിത്തറ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്നും നിലനിൽക്കുന്ന                       അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭാഗമായി ലിംഗ, ജാതി, വർണ്ണവ്യത്യാസങ്ങളുടെയടിസ്ഥാനത്തിൽ ഉടലെടുക്കുന്ന വിവേചനം കൂടിക്കൂടിവരികയാണ്. അവ നമ്മുടെ സമൂഹത്തിലെ കറുത്തപൊട്ടുകളാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സ്വകാര്യവൽക്കരണം യുക്തിരാഹിത്യത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയും ശക്തികൾക്ക് സമൂഹത്തിലെ ഇടങ്ങൾ കൂടുതൽ കൂടുതൽ കയ്യടക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. 

മാറുന്ന ലോകക്രമം

നവലോകക്രമത്തിനെതിരെ പുതുതും വലുതുമായ സാമൂഹികമുന്നേറ്റങ്ങൾക്ക് കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സാക്ഷ്യം വഹിക്കുകയാണ്. കമ്പോളാധിപത്യത്തിനുവേണ്ടി വാദിക്കുന്ന നവഉദാരവൽക്കരണഭരണ ക്രമമെന്നും സാമ്പത്തിക-സാമൂഹികമേഖലകളിൽ നിന്നും ഭരണകൂടത്തിന്റെ പിൻവാങ്ങലെന്നും പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ നവലോകക്രമം. ഈ മുന്നേറ്റങ്ങളാവട്ടെ, സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള യുക്തിബദ്ധവും വസ്തുനിഷ്ഠവുമായ അറിവിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ടവയാണ്. 

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ ലോകത്തുണ്ടായ ശ്രദ്ധേയമായ വികാസം സേവന, വ്യാപാരമേഖലകളിലെ അതിദ്രുതമായ ആഗോളവൽക്കരണമായിരുന്നു. അതാകട്ടെ വിവരവിനിമയസാങ്കേതികവിദ്യകളുടെ സഹായത്താലുമായിരുന്നു. ലോകത്തിനുമേൽ പൊതുവിലും ലോകത്തുള്ള പ്രകൃതിവിഭവങ്ങളുടെ മേൽ വിശേഷിച്ചും ബഹുരാഷ്ട്രകുത്തകകമ്പനികൾക്കുള്ള സാമ്പത്തികമേധാവിത്തത്തിന്റെ ഏകോപനം ഇന്റർനെറ്റും വേൾഡ്‌വെബും ചേർന്ന് സുഗമമാക്കുകയും ചെയ്തു. മറുഭാഗത്ത് ഇതേ നവഉദാരവൽക്കരണം തന്നെയാണ് അന്തർ                    ദേശീയതലത്തിൽ ഇത്തരം സാമ്പത്തികമേൽക്കോയ്മകൾക്കെതിരായി സംഘടിതപ്രതിരോധങ്ങൾ വളർന്നുവരാനിടയാക്കുന്നതും. വളരെ വിപുലമായ സൈബർലോകത്തിന്റെ സൃഷ്ടി ശാസ്ത്രപ്രസിദ്ധീകരണങ്ങൾ അടക്കമുള്ള ഇലക്‌ട്രോണിക് രേഖകളുടെ സൂക്ഷിപ്പ്, തെരച്ചിൽ, വീണ്ടെടുക്കൽ എന്നീ കാര്യങ്ങളിൽ ഇക്കാലയളവിൽ വിപ്ലവാത്മകമായ മാറ്റം വരുത്തുകയുണ്ടായി. ഇത് ഒരു ന്യൂനപക്ഷം കയ്യടക്കിവച്ചിരുന്ന ശാസ്ത്രജ്ഞാനത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് വികസ്വ രരാജ്യങ്ങളിലെ ഗവേഷകർക്ക് ശാസ്ത്രവിജ്ഞാനം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാക്കിക്കൊണ്ട് അവരെ ശാക്തീകരിക്കുന്നതിന് സഹായിച്ചു. ഇന്ന് വൈദഗ്ധ്യമില്ലാത്തവർക്കുപോലും ഒരു പുഷ്ബട്ടൺ അമർത്തിയാൽ വിവിധ ശാസ്ത്രവിജ്ഞാനശാഖകൾ പ്രാപ്യമാകുന്നു. ഇതൊക്കെത്തന്നെ ശാസ്ത്രപണ്ഡിതന്മാർ നാളിതുവരെ പുലർത്തിപ്പോന്ന, ഏതാണ്ട് മതാധിപത്യത്തോട് സമാനമായ, കർക്കശവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നുണ്ട്. ഇന്ന് ശാസ്ത്രത്തിന്റെ ജനാധിപത്യപരവും സുതാര്യവും തുറന്നതും സമത്വാധിഷ്ഠിതവുമായ സ്വഭാവം വൻതോതിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ ഈ സൈബർലോകം അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നവർക്കുകൂടി ലഭ്യമാണ് എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. ഇക്കൂട്ടർ ഇതുപയോഗിച്ചുകൊണ്ട് അവരുടെ പ്രവർത്തനമണ്ഡലം വ്യാപിപ്പിക്കുന്നതിന് ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യയിൽ ഇതേ സൈബർമണ്ഡലങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം ശക്തികളെ നേരിടുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ കാണുന്നുമില്ല.

ജൈവസാങ്കേതികവിദ്യയുടെ വികാസം മാനവരാശിയുടെ എല്ലാ മണ്ഡലങ്ങളെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിശാസ്ത്രത്തിലെയും സാമൂഹികശാസ്ത്രത്തിലെയും ഒട്ടുമിക്ക ശാഖകളിലുമുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് ഇത് പുതിയ ഉൾക്കാഴ്ച നൽകുന്നുണ്ട്. അതോടൊപ്പംതന്നെ ചൂടേറിയ പൊതുസംവാദങ്ങൾക്ക് ഇട നൽകുകയും പുത്തൻ പ്രതിരോധപ്രസ്ഥാനങ്ങൾക്ക് രൂപംനൽകുകയും ചെയ്തിട്ടുണ്ട്. മേൽ സൂചിപ്പിച്ചതരം വികാസങ്ങൾ സാമൂഹികബന്ധങ്ങളെ മാത്രമല്ല മനുഷ്യ-പ്രകൃതിബന്ധങ്ങളെയും ശക്തമായി സ്വാധീനിക്കുന്നുണ്ട്.

ശാസ്ത്രസാങ്കേതികവിദ്യകളുടെ ഇന്നത്തെ സ്ഥിതി കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുള്ള അക്കാദമികപ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും അടിസ്ഥാനത്തിൽ നോക്കിയാൽ ലോകത്തിലെ മാനവവിഭവശേഷിയിലും ഗവേഷണഫലങ്ങളിലും അഭൂതപൂർവമായ വർദ്ധനവുണ്ടായതായി കാണാൻ കഴിയും. വ്യവസായസമ്പദ്ഘടനയിൽ നിന്ന് വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. മാറിവരുന്ന ഈ ലോകക്രമത്തിൽ ഇന്ത്യ അതിന്റെ ശാസ്ത്രീയവും സാമ്പത്തികവുമായ പങ്ക് വർദ്ധിപ്പിക്കാൻ പാടുപെടുകയാണ്. എന്നാൽ ഇവിടത്തെ ഉയർന്ന നിരക്ഷരതയും സാർവത്രികവിദ്യാഭ്യാസത്തിന്റെ അഭാവവും പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്താണ് വ്യവസ്ഥാപിത വിദ്യാഭ്യാസം? ഇന്ത്യൻ സാഹചര്യത്തിൽ വിജ്ഞാന സമൂഹം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഈ വിജ്ഞാനസമൂഹത്തിൽ ആരുടെ അറിവിനാണ് പരിഗണന? 

ശാസ്ത്രപ്രയോഗത്തിന്റെ രൂപത്തിലും സ്വഭാവത്തിലും തന്നെ കഴിഞ്ഞ ഇരുപതുവർഷമായി മാറ്റം വന്നിരിക്കുന്നു. ശാസ്ത്രവിജ്ഞാനത്തിന്റെ ഉൽപാദനവും പ്രയോഗവും ദീർഘകാലത്തേക്ക് വേർതിരിക്കപ്പെട്ടിരുന്നില്ല. പൗരന്മാരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും ശാസ്ത്രം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ ശാസ്ത്രവും സാങ്കേതിക വിദ്യയും മുതലാളിത്തരാജ്യങ്ങളെയും സോഷ്യലിസ്റ്റ് രാജ്യങ്ങളെയും ഒരുപോലെ അവരുടെ വ്യാവസായികസമ്പദ്ഘടന വളർത്തുന്നതിന് അതിയായി സഹായിച്ചിട്ടുണ്ട്. നിർഭാഗ്യ                      വശാൽ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും സ്വീകരിച്ച നവ ഉദാരവൽക്കരണനയങ്ങൾ ശാസ്ത്രത്തിന്റെ ഈ സാമൂഹിക ഉത്തരവാദിത്തത്തിൽ മാറ്റം വരുത്തുകയും, അത് കമ്പോളത്തിന്റെയും കോർപറേറ്റുകളുടെയും താൽപര്യങ്ങൾക്കുതകുന്നതായിത്തീരുകയും ചെയ്തു.    

ബൗദ്ധികസ്വത്തവകാശം(IPR) നടപ്പാക്കിയതോടെ ഗവേഷണസ്ഥാപനങ്ങളും ഗവേഷണം തന്നെയും സ്വകാര്യവൽക്കരിക്കപ്പെട്ടു. തൽഫലമായി അടിസ്ഥാനഗവേഷണവും പ്രയുക്തഗവേഷണവും തമ്മിലുള്ള അതിർവരമ്പുകളും അവയ്ക്ക് ജൈവ ശാസ്ത്രത്തിലെന്നപോലെ സാങ്കേതികവിദ്യകളുമായുള്ള ബന്ധവും ദുർബലമായി. പണ്ഡിതസദസ്സുകളിലും നയരൂപീകരണസമിതികളിലും ശാസ്ത്രത്തിനുപകരം ‘കണ്ടെത്തൽ’ (Innovation)  സ്ഥാനം പിടിച്ചിരിക്കുന്നു. ഇതാകട്ടെ ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, സംഘാടനം തുടങ്ങി നിരവധി ഘടകങ്ങളുടെ ഒരു മിശ്രിതമാണ്. ഇത്തരം കണ്ടെത്തലുകൾക്കുവേണ്ടി നടത്തുന്ന പഠനങ്ങൾ/നയങ്ങളും വൻകിടസ്ഥാപനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള മത്സരങ്ങളും കൂടിച്ചേർന്ന് ബൗദ്ധികമേഖലയെയും നയരൂപീകരണമേഖ ലയെയും കയ്യടക്കിയിരിക്കുന്നു. മാത്രമല്ല, ഇതുതന്നെയാണ് വികസനത്തിന്റെയും സാമ്പത്തികവളർച്ചയുടെയും അളവു കോലാക്കിയിരിക്കുന്നതും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ശാസ്ത്രം അനുഭവഭേദ്യമാകുന്നത് സാങ്കേതിക വിദ്യയിലൂടെയും യന്ത്രോപകരണങ്ങളിലൂടെയുമാണ്.

അവശ്യംവേണ്ട ശാസ്ത്രവിജ്ഞാനത്തിന്റെ പിൻബലമില്ലാതെയുള്ള സാങ്കേതികവിദ്യയുടെ അതിദ്രുതമായ കടന്നുകയറ്റം നിലനിൽക്കുന്ന പരമ്പരാഗതകാഴ്ചപ്പാടിൽ സാമൂഹികവും സാംസ്‌കാരികവുമായ ചില വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. ശാസ്ത്രവിജ്ഞാനം പൊതുജനങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച ഈ വ്യതിയാനങ്ങളെ ഏകോപിപ്പിക്കുകയും അവ ജനാധിപത്യ സംവിധാനത്തിനുതന്നെ ഭീഷണിയായിത്തീരുകയും ചെയ്യുന്നു. സാങ്കേതികവിദ്യകളാൽ നയിക്കപ്പെടുന്ന ഒരു ആധുനികീകരണപ്രക്രിയ പരമ്പരാഗതവിജ്ഞാനത്തിന്റെ അഭാവത്താൽ ബോധമണ്ഡലത്തിൽ വിടവുകൾ സൃഷ്ടിക്കുകയും ആ സ്ഥലത്ത് മതാത്മകത പുതിയ രൂപത്തിൽ കടന്നുകയറുകയും ചെയ്യും.

വർത്തമാനലോകത്ത് ശാസ്ത്രബോധത്തിന്റെ പ്രസക്തി

മുകളിൽ സൂചിപ്പിച്ചിട്ടുള്ള ആശങ്കകൾ കണക്കിലെടുക്കുമ്പോൾ സമൂഹത്തിൽ ശാസ്ത്രബോധം കൂടുതൽ വ്യാപിപ്പിക്കുകയും ശക്തമാക്കുകയും വേണമെന്ന് നമുക്ക് ബോധ്യമാകും. ഒരർത്ഥത്തിൽ ശാസ്ത്രബോധത്തെ, യുക്തിയും തെളിവും   അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയരീതിയുടെ പ്രയോഗവുമായി തുലനം ചെയ്യാം. ഇങ്ങനെ നോക്കുമ്പോൾ ശാസ്ത്രബോധം എന്നത്, വിശുദ്ധഗ്രന്ഥങ്ങളും അന്ധവിശ്വാസങ്ങളും മാത്രം തെളിവുകളായിട്ടുള്ള ”വെളിപ്പെട്ട അറിവുകൾക്ക്” അതീതവും അതിന് വിരുദ്ധവുമാണ്.

എന്നാൽ പ്രകൃത്യതീതവും ”വെളിപ്പെട്ടതു”മായ അറിവുകളിൽ അഭയം പ്രാപിക്കാതെത്തന്നെ ജീവനെയും മനസ്സിനെയും പ്രപഞ്ചത്തെയും മനസ്സിലാക്കാൻ സാധിക്കും എന്ന് ശാസ്ത്രം തെളിയിച്ചു. അതുകൊണ്ട് ശാസ്ത്രവിജ്ഞാനം സാർവലൗകികവും വിശ്വസനീയവുമാണ്. മതങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അടിത്തറയിൽ പടുത്തുയർത്തിയിട്ടുള്ള, ജീവനെയും പ്രപഞ്ചത്തെയും പറ്റിയുള്ള വിവിധ വേദാന്തവ്യാഖ്യാനങ്ങൾക്ക് അത് വിരുദ്ധവുമാണ്. 

ശാസ്ത്രബോധം അടിസ്ഥാനപരമായി ഒരു ലോകവീക്ഷണമാണ്. അതിനാൽ അത് അത്യന്താപേക്ഷിതവുമാണ്. എന്തെന്നാൽ സാധാരണജനങ്ങളെ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഉചിതവും വിശ്വസനീയവുമായ തീരുമാനങ്ങളെടുക്കാൻ അത് പ്രാപ്തമാക്കുന്നു. ഏതെങ്കിലും ഒരു ശാസ്ത്രശാഖയിൽ ഒരു വ്യക്തി സ്വായത്തമാക്കുന്ന പാണ്ഡിത്യമല്ല ശാസ്ത്രബോധം, മറിച്ച് യുക്തിപൂർവ്വമായ അന്വേഷണം നടത്താനുള്ള കഴിവാണ്. 

സാമൂഹികപ്രതിഭാസങ്ങളെ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും വിട്ടുകൊടുക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടു തന്നെ ശാസ്ത്രബോധം സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുംവിധം വ്യാപിപ്പിച്ചിരുന്നെങ്കിൽ, ശാസ്ത്രീയരീതി കുറച്ച് കൂടി വിപുലമാക്കുകയും അന്തർവൈജ്ഞാനികമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പുനർനിർവ്വചിക്കുകയും ചെയ്യാൻ കഴിയുമായിരുന്നു. 

”സാമൂഹികമാറ്റത്തിന് സഹായകമായ നയങ്ങൾ രൂപപ്പെടുത്തുന്നതിനും മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടി ശാസ്ത്രസാങ്കേതികവിദ്യാവികാസങ്ങളെ ആഗിരണം ചെയ്ത് ഉപയോഗിക്കാൻ കഴിവുള്ള ചലനാത്മകമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനും സാമൂഹികപ്രതിഭാസങ്ങളെക്കുറിച്ചും മാനവചേഷ്ടകളെക്കുറിച്ചുമുള്ള ധാരണയും സാമൂഹികപ്രക്രിയകളെക്കുറിച്ചും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു മുള്ള അറിവും അത്യാവശ്യമാണ്.”(വി.കെ.ആർ.വി.റാവു) 

ഇന്ത്യയുടെയും ലോകത്തിന്റെയും സ്ഥൂലതലത്തിലുള്ള സാമൂഹിക-സാമ്പത്തികപുരോഗതിക്ക് ശാസ്ത്രസാങ്കേതിക വിദ്യ വൻതോതിൽ സംഭാവന ചെയ്തിട്ടുണ്ട്. 1960കളിൽ ഹരിതവിപ്ലവത്തിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും ഇന്ത്യക്ക് കഴിഞ്ഞത് ഇതിന്റെ ഫലമാണ്. വരുമാനത്തിലുള്ള അസമാനത, പാരിസ്ഥിതികതകർച്ച എന്നിങ്ങനെ ചില ദൂഷ്യഫലങ്ങൾ ഹരിതവിപ്ലവത്തിലുണ്ടായിരുന്നു. എന്നാൽ ജനോന്മുഖമായ നയങ്ങളി                          ലൂടെയും നൂതനശാസ്ത്രസാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഈ പ്രശ്‌നങ്ങൾ മറികടക്കാവുന്നതാണ്.

  • സാധാരണ കണ്ടുവരുന്ന അസുഖങ്ങൾക്കെതിരെയുള്ള ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകളുടെ ലഭ്യത ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ടി.വി, മൊബൈൽഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയുടെ കടന്നുകയറ്റം വാർത്താവിനിമയരംഗത്തും, പുരോഗതിയുണ്ടാക്കി. ഈ പുരോഗതി നേടുമ്പോഴും വിദ്യാഭ്യാസലഭ്യതയിൽ അന്തരം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്ര സാങ്കേതികവിദ്യയുടെ ഫലങ്ങൾ മത-ലിംഗ-ജാതി-ദേശഭേദ മെന്യേ എല്ലാവരിലേക്കും എത്തുന്നില്ല. ഈ അവസരത്തിൽ മേൽപറഞ്ഞ സാമ്പത്തികവും ശാസ്ത്രീയവുമായ നേട്ടങ്ങൾ – ശാസ്ത്രബോധം പോലും – ഇന്ത്യയിലെ സാധാരണക്കാരിലേക്ക് എത്രകണ്ട് ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ശാസ്ത്രപുരോഗതി ശാസ്ത്രീയമായ അറിവിനെ മറികടക്കുന്ന ഈ കാലഘട്ടത്തിൽ, ശാസ്ത്രസാങ്കേതികവിദ്യയെ വലിയ അളവിൽ ആശ്രയിക്കുന്ന ഒരു ജനത അവയുടെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്തവരാണ് എന്നത് വലിയ ഒരു പോരായ്മ തന്നെയാണ്. അതിനനുസൃതമായി അത്തരം ജനങ്ങളുടെ ജനാധിപത്യപ്രക്രിയയിലുള്ള പങ്കാളിത്തം ഏറെ നിസ്സാരമായിരിക്കും. ഒരു സമൂഹം അതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രീയരീതികൾ           പ്രയോഗിക്കുമ്പോൾ മാത്രമാണ് അവർക്കിടയിൽ ശാസ്ത്രബോധം വളർന്നുവെന്ന് കരുതാൻ പറ്റുകയുള്ളൂ. 
  • അന്ധവിശ്വാസങ്ങളും മതാനുഷ്ഠാനങ്ങളുമാണ് ശാസ്ത്ര ബോധം വളർത്തുന്നതിന്റെ മുഖ്യഎതിരാളി എന്ന് അതിന്റെ വക്താക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ശാസ്ത്രബോധം മതാധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ ക്കെതിരെയുള്ള ഒരു പ്രത്യയശാസ്ത്രമാണ്. നിർഭാഗ്യവശാൽ ഇന്ത്യയിൽ ജനങ്ങളുടെ കാഴ്ചപ്പാടിനെയോ മൂല്യബോധത്തെയോ മാറ്റുന്നതിൽ ഈ പ്രക്രിയ – സാഹിത്യഭാഷയിൽ പ്രസരണരീതി – കാര്യമായി വിജയിച്ചില്ല എന്നുപറയാം. എന്നുമാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലയിലുമുള്ള പൊതുപ്രവർത്തകർ മതപരമായ ചടങ്ങുകളിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്ന പ്രവണത വർദ്ധിക്കുകയാണ്.
  • ശാസ്ത്രജ്ഞർപോലും ഇത്തരം മതകേന്ദ്രിതമായ ആചാരങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. പല ശാസ്ത്രജ്ഞരുംആൾദൈവങ്ങളിലുള്ള  തങ്ങളുടെ വിശ്വാസം പരസ്യമായിത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ടി.വി, ഇന്റർനെറ്റ് മുതലായ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ പ്രചാരത്തോടെ ഇത്തരം പൊതുവും സ്വകാര്യവുമായ എല്ലാ ചെയ്തികളും പൊതുസമൂഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്. ഇത് ശേഖരിച്ചുവയ്ക്കുകയും വീണ്ടും പ്രദർശിപ്പിക്കുകയും ചെയ്യാം. ഇത് ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനുള്ള ആദർശമാതൃകകൾ എന്ന നിലയ്ക്കുള്ള ശാസ്ത്രജ്ഞരുടെ നിലനിൽപ്പിനെ വല്ലാതെ ദുർബലമാക്കും.
  • മതപരമായ പ്രതീകങ്ങൾ, രൂപങ്ങൾ, ബിംബങ്ങൾ, പ്രതിമകൾ തുടങ്ങിയവ സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കുന്നതും ശാസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനവേളയിലും മറ്റും മതപരമായ ചടങ്ങുകൾ നടത്തുന്നതും മറ്റും ഈ സ്ഥാപനങ്ങളുടെ പ്രത്യേകിച്ചും, ഇന്ത്യൻ  സമൂഹത്തിന്റെ പൊതുവേയുമുള്ള മതനിരപേക്ഷസ്വഭാവത്തെ കളങ്കപ്പെടുത്തുകയാണ്. ഇത്തരം പല പ്രവൃത്തികളെയും ‘സംസ്‌കാര’ത്തിന്റെ മുഖംമൂടി അണിയിച്ച് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിന് സർക്കാർ സ്ഥാപനങ്ങളിലും ചടങ്ങുകളിലും ഇത്തരം പ്രകടനങ്ങൾ ഒഴിവാക്കുകതന്നെ വേണം.
  • മന്ത്രവാദം പോലുള്ള സംഗതികൾ ശാസ്ത്രീയപ്രതിഭാസ മാണെന്നുപറഞ്ഞ് നിയമാനുസൃതമാക്കാൻ ഈ അടുത്തകാല ത്തായി തുടങ്ങിയിട്ടുള്ള നീക്കങ്ങൾ തികച്ചും അപലപനീയമാണ്. മറ്റ് അറിവുൽപാദനരൂപങ്ങളുടെമേൽ ശാസ്ത്രത്തിന്റെ പരമാധികാരം അംഗീകരിപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ മെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥത്തിൽ ശാസ്ത്രത്തെ അപകീർത്തിപെടുത്തുകയും അതിനെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
  • ആധുനികവിദ്യാഭ്യാസമാണ് ശാസ്ത്രീയമായ അറിവിനെയും വിവരത്തെയും നമ്മുടെ കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ ഘടകം. നിരവധി വർഷങ്ങളിലൂടെ നമ്മുടെ രാജ്യത്തെ ശാസ്ത്രീയവിവരങ്ങളുടെ സഞ്ചയം വിപുലമായിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ ഈ വിവരം വിജ്ഞാനമായി പരിവർത്തനം ചെയ്യപ്പെടുകയോ അതിലൂടെ സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസരീതി യുവമനസ്സുകളിൽ ശാസ്ത്രബോധം വളർത്തുന്നതിന് ഇപ്പോഴും പര്യാപ്തമല്ല.
  • ശാസ്ത്രസംബന്ധിയായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പ്രസരിപ്പിക്കാൻ ആരംഭിച്ചത് അച്ചടിമാധ്യമങ്ങളാണ്. ശാസ്ത്രീയഗവേഷണഫലങ്ങൾ വിനിമയം ചെയ്യുന്നതിന് അക്കാദമികജേണലുകളും ശാസ്ത്രീയവിവരം പൊതുസമൂഹത്തിൽ എത്തിക്കുന്നതിന് പത്രമാസികകളും വലിയ പങ്കുവഹിച്ചു. പിന്നീട് റേഡിയോപ്രക്ഷേപണം ഈ വിനിമയരീതികൾ ശക്തിപ്പെടുത്തി. ടെലിവിഷന്റെ വരവാണ് ബഹുജനമാധ്യമരംഗത്ത് ഏറ്റവും ശക്തമായ സ്വാധീനത്തിന് കാരണമായത്. ഇന്ത്യയിൽ അശാസ്ത്രീയത വ്യാപിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്ന മാധ്യമമായി ടി.വി മാറിയിട്ടുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം ഉപയോഗിക്കുന്നത് യുക്തിരഹിതവും പഴഞ്ചനും കാലഹരണപ്പെട്ടതുമായ ആശയങ്ങൾ പ്രചരിപ്പിക്കാനാണ്. അങ്ങനെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ശാസ്ത്രവിരുദ്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുകയാണ്. ഇന്ന് നിരവധി മതപരമായ ചാനലുകളുണ്ട്. പക്ഷേ, ഒരൊറ്റ സയൻസ്ചാനൽ പോലുമില്ല. മൗലികവാദശക്തികൾ സാങ്കേതികവിദ്യയെ ബോധപൂർവം കാലഹരണപ്പെട്ട ആശയങ്ങളുടെ പ്രചാരണ ത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. ആധുനികശാസ്ത്രീയ വിജ്ഞാനത്തിന്റെ പ്രചാരണമാണ് യുക്തിരാഹിത്യത്തെ തകർക്കുന്നത്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ശക്തികൾക്ക് ഇത് സ്വീകാര്യവുമല്ല. 

ഇന്ത്യയിൽ ശാസ്ത്രബോധം വ്യാപിപ്പിക്കാനുള്ള ചില തന്ത്രങ്ങൾ

  • ശാസ്ത്രീയമായ വിവരങ്ങളുടെ ശേഖരത്തിലാണ് ശാസ്ത്ര ബോധം പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി രൂപപ്പെടുത്തിയ പുത്തൻവിവരങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് വളരെ പ്രസക്തമാകുന്നു. എന്നാൽ ശാസ്ത്രീയമായ വിവരങ്ങളെ ശാസ്ത്രാവബോധമായി സാമ്യപ്പെടുത്തുന്നത് അടിസ്ഥാനരഹിതമാണ്. 
  • ഒരു സാധാരണ മനുഷ്യന്റെ ചിന്താഘടന ശാസ്ത്രീയവും ശാസ്ത്രീയേതരവുമായ ഇടങ്ങളെക്കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും പരസ്പരാശ്രയത്വത്തിലും സമാധാനപരമായ സഹവർത്തിത്തത്തിലും കഴിയുന്നവയാണ്. ഇതിൽ ഒന്നിന്റെ പ്രവർത്തനം സാമൂഹികമായോ രാഷ്ട്രീയമായോ സാംസ്‌കാരികമായോ ഉള്ള ചോദനയുടെ ഫലമാകും. ഒരാൾ ശാസ്ത്രബോധം വ്യാപിപ്പിക്കൽ തന്റെ അടിസ്ഥാനകടമയായി കണക്കാക്കുന്നുണ്ടെങ്കിൽ തന്റെ ശാസ്ത്രീയ ഇടം വികസിപ്പിക്കാൻ ശ്രമിക്കണം. ശാസ്ത്ര ബോധത്തിന്റെ മുന്നണിപ്പടയാളികളായി ഇന്ത്യൻ ജനത മാറണം.
  • സർക്കാർ സ്ഥാപനങ്ങളിലും പൊതുപണമുപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സാംസ്‌കാരികപ്രവർത്തനമെന്ന പേരിൽ നടത്തുന്ന മതപരമായ പ്രതീകങ്ങളുടെ പ്രയോഗവും മതപരമായ ചടങ്ങുകളും കർശനമായി നിരോധിക്കണം.
  • മാധ്യമചാനലുകളിലും വിദ്യാഭ്യാസസമ്പ്രദായത്തിലും, പ്രത്യേകിച്ചും സ്‌കൂൾതലംവരെ, കടന്നുകൂടുന്ന അശാസ്ത്രീയമായ ഉള്ളടക്കം നിരന്തരം നിരീക്ഷിക്കുന്നതിനും ആവശ്യമായ മാർഗനിർദേശം നൽകുന്നതിനും വ്യക്തമായ അധികാരം നൽകിക്കൊണ്ട് ദേശീയതലത്തിൽ ഒരു നിരീക്ഷണസംവിധാനത്തിന് രൂപം നൽകണം.
  • ശാസ്ത്രജ്ഞരും ശാസ്ത്രസ്ഥാപനങ്ങളും കൂടുതൽ സുതാര്യമായി പ്രവർത്തിച്ചാൽ മാത്രം പോര, ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും ശാസ്ത്രസ്ഥാപനങ്ങളിലും വിശ്വാസമുണ്ടാക്കുന്ന വിധത്തിൽ പൊതുസമൂഹത്തിൽ ഇടപെടുകയും വേണം.
  • ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനുവേണ്ടി സർക്കാർ സഹായത്തോടെ ഒരു ടെലിവിഷൻചാനൽ ആരംഭിക്കണം.
  • സർക്കാർ ഏജൻസികളിൽ നിക്ഷിപ്തമായിട്ടുള്ള ശാസ്ത്രവിജ്ഞാനവിനിമയപ്രവർത്തനങ്ങൾ യുക്തിബദ്ധതയിലും അന്വേഷണാത്മകതയിലും ഉള്ളടക്കത്തേക്കാൾ അതിന്റെ രീതിയിലും ഊന്നുന്നതായിരിക്കണം. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. സാംസ്‌കാരികവും മതപരവുമായ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക ആവശ്യങ്ങളുണ്ട്. മൗലികവാദപരവും അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ ആശയങ്ങൾ മതഭൂരിപക്ഷത്തിന്റെ ഇടയിൽ മാത്രമല്ല നിലനിൽക്കുന്നത്. ന്യൂനപക്ഷക്കാരും പ്രാന്തവൽക്കരിക്കപ്പെടുന്നവരുമായ ആളുകളുടെ ഇടയിലുമുണ്ട്. ഒരുഭാഗത്ത് അശാസ്ത്രീയമായ വിശ്വാസങ്ങൾ ന്യൂനപക്ഷജീവിതങ്ങളെ ഭരിക്കുന്നു. മറുഭാഗത്ത് ഭൂരിപക്ഷ സമുദായത്തിലെ ശാസ്ത്രബോധമില്ലായ്മ കാരണം ഈ ന്യൂനപക്ഷങ്ങൾ കൂടുതൽ പ്രാന്തവൽക്കരിക്കപ്പെടുന്നു. ഇവരുടെ പ്രത്യേകാവശ്യങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുള്ള നയങ്ങൾ കരുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

എല്ലാവരും ജനിക്കുന്നത് ശാസ്ത്രബോധത്തോടെയാണ്.  ഒരു കുട്ടി സ്പർശിച്ചും അനുഭവിച്ചും പരീക്ഷിച്ചും സ്വയം ബോധ്യപ്പെടുവാൻ ആഗ്രഹിക്കുന്നു. ശാസ്ത്രബോധത്തിന്റെ അടിസ്ഥാനഘടകങ്ങളാണിവ. എന്നാൽ സാമൂഹികമോ പരമ്പരാഗതമോ ആയ സ്വാധീനത്തിന്റെയോ, നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെയോ ഫലമായി അവർ ഇതിൽനിന്ന് അകന്നുപോവുകയാണ്. ചോദ്യങ്ങൾ ചോദിക്കാനും പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിക്കാനുമുള്ള പ്രവണത കുട്ടികളിൽ ഇല്ലാതാവുകയാണ്. ശാസ്ത്രീയമായ ജാഗ്രതയില്ലാതെ അത്തരം പ്രതിഭാസങ്ങളെ അവർ അംഗീകരിക്കുന്നു. അതുകൊണ്ട് ശാസ്ത്രബോധം എല്ലാ തലത്തിലുമുള്ള സ്‌കൂൾകരിക്കുലത്തിൽ ഉൾപ്പെടുത്തണം. അതിലൂടെ ശാസ്ത്രീയാന്വേഷണത്തിന്റെ അന്തഃസത്ത ചെറുപ്പത്തിൽ ത്തന്നെ അവരിൽ സന്നിവേശിപ്പിക്കാൻ കഴിയും.

(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജനകീയ ശാസ്ത്ര പ്രസ്ഥാനവും ഇന്ത്യൻ സമൂഹവും എന്ന പുസ്തകത്തിൽ നിന്നും)


 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ശാസ്ത്രബോധം – 1980ലെ രേഖയുടെ പുനരവലോകനം

Leave a Reply

Previous post ശാസ്ത്രബോധം – 1980ലെ  രേഖ 
Next post ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യാനാകുമോ ?
Close