ഭൂമി എന്ന ഗ്രഹത്തെക്കുറിച്ച് കുട്ടികളോട് 12 ചോദ്യങ്ങൾ

ഡോ.ഡി ബാലസുബ്രമണ്യൻ

പരിഭാഷ :  ജയ് സോമനാഥൻ വി കെ

ഡോ.ഡി ബാലസുബ്രമണ്യൻ ഉന്നതനായ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമാണ്. 2002 ൽ പദ്മശ്രി പുരസ്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2002 ലെ സയൻസ് കമ്യൂണിക്കേഷനുള്ള ദേശീയ അവാർഡ്‌, ശാസ്ത്ര പ്രചരണത്തിനായി യുനെസ്കൊ ഏർപ്പെടുത്തിയ കലിംഗ അവാർഡ്(1997), ഫ്രെഞ്ച് ഗവർമെണ്ട് നൽകിയ ഷെവലിയർ പുരസ്കാരം…. തുടങ്ങി നിരവധി ബഹുമതികൾ അദേഹത്തിന് ലഭിച്ചിട്ടുണ്ട്.2008 ജനുവരി 17 ന് ഗവർമെണ്ടിന്റേയും അല്ലാതെയുമുള്ള ശാസ്ത്ര സംഘടനാ പ്രതിനിധികളുമായി ഹൈദരാബാദിൽ “ഭൂമിയെന്ന ഗ്രഹത്തെ മനസ്സിലാക്കുക” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഉപയോഗപ്പെടുത്തിയ ചോദ്യങ്ങളാണിവ..

കുട്ടികളിൽ ഭാവനാവികാസത്തിനും, ആലോചിച്ചുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ഈ രസകരമായ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. 2008 അന്താരാഷ്ട്ര ഭൂമിഗ്രഹ വർഷമായി ദേശിയ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രഖ്യാപിച്ചിരുന്നുവല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന നാൽപ്പതോളം ശാസ്ത്രവുപ്പുകളോട് ഇത്തരത്തിലുള്ള പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് വരാൻ ആഹ്വാനവും ചെയ്തിരുന്നു. സ്കൂൾ വിദ്യാർത്ഥികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

പ്രത്യേകതകൾ

ഈ പ്രവർത്തനങ്ങളിലൂടെ ഭൂമിയെക്കുറിച്ച്, പ്രധാനമായും ഭൂമിയുടെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കാനാവും. ഒരു വശത്ത് ഭൂമിയെ മുന്നോട്ട് നയിക്കാനുള്ള സ്ഥിരതക്കുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. മറുവശത്താകട്ടെ മനുഷ്യരുടേയും, മനുഷ്യേതരവുമായ പ്രവർത്തനങ്ങൾ മൂലം ഭൂമണ്ഡലം ദുർബ്ബലമായിക്കൊണ്ടിരിക്കുന്നു. ഭൂമി എന്ന നമ്മുടെ ഗ്രഹം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ എങ്ങിനെ വളർത്തിയെടുക്കാം?, ഭൂമിയുടെ പ്രത്യേകതകളും , വസ്തുതകളും മനസ്സിലാക്കുന്നതിനായുള്ള താൽപ്പര്യം അവരിൽ എങ്ങിനെ ജനിപ്പിക്കാം… ഇത്തരം കാര്യങ്ങൾ ശാസ്ത്ര പ്രവർത്തകരുമായി ചർച്ച ചെയ്യാനവസരം ലഭിച്ചതിൽ എനിക്ക് വളരെേറെ സന്തോഷമുണ്ട്. കുട്ടികളിൽ താൽപ്പര്യം വളർത്താനായി 12 ചോദ്യങ്ങൾ ചോദിക്കാമെന്ന് ഞാൻ കരുതി.

പ്രകൃതിയെക്കുറിച്ച്

പ്രകൃതിയിലുള്ള വസ്തുക്കളെ ഭാവനയിൽ കാണുക എന്നത് കുട്ടികളെ സംബന്ധിച്ചേടത്തോളം സ്വാഭാവികമാണ്. ഇങ്ങനെ ഭാവനയിൽ കാണാനും , പരീക്ഷണങ്ങൾ ചെയ്യാനുമുള്ള മനോഭാവം അവരിൽ വളർത്താനും ഈ ചോദ്യാവലി ഉപയോഗിച്ചുള്ള ശാസ്ത്ര സംവാദം ഉപകരിക്കും. അദ്ധ്യാപകർ നൽകാറുള്ള ദൈനംദിന പ്രവർത്തനങ്ങളായ പ്രൊജക്റ്റ് കളിൽ നിന്നും, മോഡൽ നിർമ്മാണങ്ങളിൽ നിന്നും വ്യത്യസ്ഥമാണത്. 12 ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.

1.അന്തരീക്ഷത്തിലെ ജ്യോതിശാസ്ത്ര പിണ്ഡങ്ങളിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളത്.ഈ പ്രകാരത്തിലുള്ള ഏക ഗ്രഹമാണിത്. ഇത് ശരിയാണൊ? ഭൂമിയിൽ മാത്രം ജീവൻ സംഭവിക്കാൻ കാരണമെന്താണ്? ഭൂമിക്കെന്താണ് പ്രത്യേകത?

അന്യഗ്രഹങ്ങൾ

ചന്ദ്രനെപ്പോലുള്ള അന്യഗഹങ്ങളിൽ ജീവനുണ്ടൊ? അങ്ങിനെ മററ് ഗ്രഹങ്ങളിലേതിലെങ്കിലും ജീവനുണ്ടെങ്കിൽ നമ്മളാഗ്രഹിക്കുമ്പോൾ അവരെ കാണാൻ കഴിയുമോ? എന്താണതിനുള്ള വഴി? ഒരു ശബ്ദത്തിന്റെ രൂപത്തിലൊ അല്ലെങ്കിൽ മറ്റേത് ഭാഷയിലാണ് നമ്മുടെ സന്ദേശം ഒരു സങ്കേതം എന്ന രീതിയിൽ അവർക്ക് എത്തിക്കാനും, അവർക്കത് മനസ്സിലായി എന്നുറപ്പ് വരുത്താനും കഴിയുക?

സ്കൂളിൽ നിന്ന് പഠിക്കുന്ന നിലവിലുള്ള ശാസ്ത്ര നിയമങ്ങളും, സിദ്ധാന്തങ്ങളും ഉപയോഗത്തിൽ വരുത്താനും, നിലവിലെ സങ്കീർണ്ണ സാഹചര്യങ്ങളിൽ നിന്നും പുറത്ത് കടന്ന് മുന്നോട്ട് ചിന്തിക്കുന്നതിനും ഇത്തരം ചോദ്യങ്ങൾ കുട്ടികളെ ബാദ്ധ്യസ്ഥരാക്കും.

ഇതിലൂടെ കുട്ടികളൊരു ധാരണയിലെത്തും-നമുക്ക് വസിക്കാനൊരിടമേയുള്ളു. നമ്മുടെ ഭൂമി.അതുകൊണ്ട് തന്നെ ഭൂമിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

ഇതിനെല്ലാറ്റിനും കൃത്യമായി ഉത്തരം ലഭിക്കണമെന്നില്ല. പാഠ്യ പദ്ധതിയിൽ ഇതെല്ലാം ഉൾപ്പെട്ടു കാണില്ല. പാഠപുസ്തകങ്ങളിൽ നിന്നും, ഇന്റർനെറ്റിൽ നിന്നുമൊക്കെ ഇതിനുള്ള ഉത്തരങ്ങൾ ലഭിക്കില്ല. എന്നാൽ നിങ്ങളുടെ മുന്നോട്ടുള്ള ദിശ നിർണയിക്കാൻ അവയെല്ലാം സഹായകരമാകും.

2. മനുഷ്യരായ നമ്മളെല്ലാവരും ഭൂമിയിലെ ജീവികളിലൊന്നു മാത്രമാണ്. ഇവിടെ കോടിക്കണക്കിനു തരത്തിലുള്ള ജീവികളുണ്ട്. ഉദാഹരണമായി, സൂക്ഷ്മജീവികൾ, കീടങ്ങൾ, ചെടികൾ, മൃഗങ്ങൾ തുടങ്ങി… എല്ലാം കൂടി കൂട്ടി നോക്കിയാൽ എത്ര ജീവികൾ? 10 ലക്ഷം? , 1 കോടി?, 10 കോടി ? നമുക്ക് എങ്ങിനെയാണിത് കണക്കാക്കാനാവുക? ഇത്രയെന്ന് നമുക്ക് അവസാനമായി പറയാൻ കഴിയുമോ?

3. എന്തുകൊണ്ടാണ് ജീവികൾ എന്ന് വിളിക്കുന്നത്? അണുക്കൾ, പദാർത്ഥങ്ങൾ, അവയുടെ സംയോജകങ്ങൾ തുടങ്ങി പ്രധാനമായും ജീവനുള്ള പ്രാണികളെക്കുറിച്ചാണ് ഈ വാക്ക് കൂടുതൽ പ്രയോഗിക്കുന്നത്.ഇതിന്റെയെല്ലാം മുഖ്യ അടിസ്ഥാനം കാർബ്ൺ ആണ്. ഇതെല്ലാം കാർബണിലൂടെ ഉണ്ടായതാണ്. കാർബൺ എങ്ങിനെയാണ് ഉണ്ടായത്? എത്രയൊ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങളിലൂടെ 100 മൂലകങ്ങളാൽ രൂപപ്പെട്ടതാണ്.ഇത് അദ്വിതീയമാണ്. മൂലകങ്ങളാൽ രൂപപ്പെട്ട മറ്റേതെങ്കിലും ജീവരൂപങ്ങൾ സംഭവിക്കാമൊ?

4.ഭൂമിയിൽ ജീവൻ കോടിക്കണക്കിന് രൂപങ്ങളിലുണ്ട്. ഓരോന്നും മറ്റൊന്നിനേക്കാൾ പ്രധാനപ്പെട്ടതാണ്, അതെന്തുകൊണ്ടാവാം? ഡയനോസർ, ബോഡൊ പക്ഷി എന്നീ ജീവികൾ എക്കാലത്തേക്കമായി ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. സിംഹം, തിമിംഗലം.. തുടങ്ങിയ ജീവികളും അധികം വൈകാതെ വംശനാശം സംഭവിക്കാൻ പോകുന്നു. നമ്മൾ മനുഷ്യർ ഇതിന് ഉത്തരവാദികളാണ്. ഇനി ഈ ജീവികൾ മനുഷ്യർക്ക് കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുന്നു എന്നു തന്നെ ഇരിക്കട്ടെ, എന്നു വെച്ച് ആ ജീവികളെ ഒന്നാകെ അവസാനിപ്പിക്കുന്നത് ശരിയാണൊ? സിംഹം, പാമ്പ്, തേൾ.. തുടങ്ങിയ ജീവികളെക്കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? ഇവയൊക്കെയില്ലാതായിക്കഴിഞ്ഞാൽ എന്താണ് സംഭവിക്കുക? ഇക്കൊസിസ്റ്റം എന്നാലെന്താണ്?

5. എന്താ നമ്മൾ ജീവിതത്തിന് പൂർണ്ണ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടോ? വിഷവൃക്ഷങ്ങൾ, വിഷച്ചെടികൾ, സർപ്പങ്ങൾ, അപകടകാരിയായ തേളുകൾ, ദുഷ്ടരായ മനുഷ്യർ…. ഇവരുടെയൊക്കെ ജീവിതത്തിനും ?

6.കരിമ്പന ഉഷ്ണമേഖലയിലും, സമുദ്രതീരപ്രദേശത്തും മാത്രം വളരുന്നതെന്തുകൊണ്ടാണ്? കങ്കാരു ആസ്ത്രേലിയയിലും, ചിമ്പൻസി ആഫ്രിക്കയിലും, ധൃവക്കരടി ആർടിക് പ്രദേശത്തും, പെൻഗ്വിൻ അന്റാർട്ടിക്കയിലും , കണ്ടൽച്ചെടികൾ ചില നിശ്ചിത സമുദ്രതീരങ്ങളിലും, അമേരിക്കൻ കടുവകൾ (Jaguars) തെക്കെ അമേരിക്കയിലും മാത്രം കാണപ്പെടുന്നത് എന്തുകൊണ്ടാണ്?

7.ഇക്കൊസിസ്റ്റം ‘എന്നാലെന്താണ്? തമിഴ്നാട്ടിൽ അഞ്ച് ആണ്, മുല്ലൈ(Mullai), മരുതം(Marutam), പാലൈ(Palai), സാലൈ(Salai), കാരൈ(Karai) എന്നിവയാണ്. നിങ്ങടെ സംസ്ഥാനത്ത് എത്ര ഇക്കൊസിസ്റ്റമുണ്ട്?, ഇന്ത്യയിലെത്രയുണ്ട്?

8. ഈ ഇക്കൊസിസ്റ്റമെല്ലാം നമുക്കാവശ്യമുള്ളതാണൊ? നമ്മുടെ ആവശ്യങ്ങൾക്കും, ഇഷ്ടങ്ങൾക്കും അനുസരിച്ച് എന്തുകൊണ്ട് ഇവയെയെല്ലാം ഒരു പോലെയാക്കിക്കൂട? ഓരോന്നിനേയും സംരക്ഷിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? എങ്ങിനെ?

9. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് നമ്മൾ ധാരാളം കേൾക്കുന്നുണ്ടല്ലൊ. ഇതെല്ലായ്പ്പോഴും സംഭവിക്കുന്നതാണൊ? പ്രകൃതിയിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണൊ? കാലാവസ്ഥ മാറ്റങ്ങളെ സ്വാധീനിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും നമുക്ക് കഴിയുമൊ? ഇങ്ങനെ കാലാവസ്ഥ മാറ്റങ്ങൾ തുടർയായി സംഭവിച്ചുകൊണ്ടേയിരുന്നാൽ അതിന്റെ അനന്തരഫലങ്ങളെന്താകാം?

10. സമുദ്രനിരപ്പ് ഉയരുന്നു. സമുദ്രനിരപ്പ് എന്തുകൊണ്ടാണ് ഉയരുന്നത്? ഇതെ രീതിയിൽ സമുദ്രനിരപ്പ് ഉയർന്ന് കൊണ്ടിരുന്നാൽ ദീപസമൂഹങ്ങളുടേയും, രാജ്യങ്ങളുടേയും സ്ഥിതി എന്താവും? നമ്മുടെ മേഖലയിൽ ഇതിന്റെ പ്രത്യാഘാതം ഏറ്റവും അധികം അനുഭവിക്കാൻ സാദ്ധ്യതയുള്ള രാജ്യങ്ങളേതൊക്കെയാണ്? ഇങ്ങനെ സമുദ്രനിരപ്പ് ഉയർന്നു കൊണ്ടിരുന്നാൽ ഈ രാജ്യങ്ങളെ ഇതെരീതിയിൽ നിലനിർത്താൻ സാധിക്കുമോ?

11. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ നമുക്ക് കാലാവസ്ഥാ മാറ്റങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. എങ്ങിനെയാണതിന് കഴിയുക? അപകടാവസ്ഥയിലുള്ള രാജ്യങ്ങളേയും ,ജനങ്ങളേയും സംരക്ഷിക്കുന്നതിനായി എന്താണ് ചെയ്യാനാവുക? ഭീമാകാരനായ ഉൽക്കാപിണ്ഡമോ ,വാൽനക്ഷത്രമൊവേർപെട്ട് ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന അവസ്ഥ വന്നാൽ എങ്ങിനെയാണ് ഭൂമിയെ സംരക്ഷിക്കാൻ കഴിയുക?

12.ജനസംഖ്യാ വിസ്ഫോടനം. നമ്മുടെ ഭൂമിയിൽ കോടിക്കണക്കായ ജീവജാലങ്ങളും, സസ്യ വർഗങ്ങളുമുണ്ട്. എല്ലാറ്റിനേയും അതിന്റേതായ രീതിയിൽ വളർത്തി വലുതാക്കിയ ഭൂമിയോട് നമ്മളെല്ലാവരും കടപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിത ശൈലിയുടെ ഫലമായി ജനസംഖ്യ അതിവേഗം പെരുകിക്കൊണ്ടിരിക്കയാണ്. നിങ്ങളുടെ മുത്തഛനും ,മുത്തശ്ശിയും ജനിച്ച കാലത്ത് ഇന്ത്യയുടെ ജനസംഖ്യ ഏതാണ്ട് 30 കോടിയായിരുന്നു. ഭൂമിയിലാകെയാണെങ്കിൽ 160 കോടിയും. ഭാരതത്തിലെ ഇന്നത്തെ ജനസംഖ്യ 121 കോടിയിലധികമാണ്. ഭൂമിയിലാകെയുള്ള ജനസംഖ്യയാണെങ്കിൽ 700 കോടിയിലധികവും. ഭൂമിക്ക് എത്ര പേരെ താങ്ങാനാവും? നമുക്കെത്ര മാത്രം പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കാനാവും? ഭൂമിക്ക് വഹിക്കാവുന്ന ക്ഷമത എത്രയാണ്?

ജീവന്റെ അടിസ്ഥാന തത്വം

എല്ലാ ജീവികളും ജീവ ശാസ്ത്രപരമായി രൂപപ്പെട്ടതാണ്. ഒരെ മാതിരിയാണ് പിറക്കുന്നത്. ഭക്ഷണം, വളർച്ച ,കുട്ടികളെ പ്രസവിക്കൽ, ജീവിതവും മരണവും…..ഒക്കെ ഒരു പോലെയാണ്. കാഴ്ച്ചയിൽ നമ്മൾ വ്യത്യസ്ഥരാണ്. കഴിക്കുന്ന ഭക്ഷണത്തിലും വ്യത്യാസമുണ്ട്. രീതി സമ്പ്രദായങ്ങൾ ഭിന്നമാണ്. ചിന്തിക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്. എന്നാൽ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ,നമ്മുടെ ജീവശാസ്ത്രപരമായ പ്രവർത്തന പദ്ധതികളിൽ ,ശാരീരിക പ്രവർത്തനങ്ങളിൽ നമ്മുടെ ‘ഹാർഡ് ഡിസ്ക്’ പ്രധാനമായും’ ജിനോം’ (genome) അല്ലെങ്കിൽ ഡി എൻ എ യുമായി ബന്ധപ്പെട്ട ക്രമങ്ങൾ അദ്ഭുതകരമാം വിധം സാമ്യമുള്ളതാണ്. ജാതി, സമുദായം, രാഷ്ട്രം, ആദിവാസികൾ, വർണ്ണങ്ങൾ…… തുടങ്ങിയവ ജീവ ശാസ്ത്രപരമൊ, ഡി എൻ എ യെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതൊ അല്ല. ഇവയെല്ലാം ചീഞ്ഞ് നാറിയ ജീവിത ദർശനങ്ങളേയും, ദുഷിച്ച സമ്പ്രദായങ്ങളേയും അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്. അപ്പോൾ എന്തിനാണ് നമ്മൾപരസ്പരം വിവേചനം കാണിക്കുന്നത്? ഒരു സമൂഹം മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമാണെന്ന ധാരണ എന്തിനാണ് വെച്ചു പുലർത്തുന്നത്? ഇതൊക്കെ തെറ്റായ പ്രവണതകളല്ലേ?

ഇതിനേപ്പറ്റിയൊക്കെയുള്ള ആലോചനകളിലേക്ക് നയിക്കാനാണ് ഈ 12 ചോദ്യങ്ങൾ ചോദിച്ചത്. ഒറ്റ തവണയായി ഇതെല്ലാം അവതരിപ്പിക്കാനാവില്ല. ഓരോന്നുംപ്രത്യേകമായി കുട്ടികളുടെ സമൂഹങ്ങളിൽ ചോദിച്ച് ചർച്ചകൾക്ക് തുടക്കമിടാവുന്നതാണ്. ഇത്തരം ചർച്ചകളിൽ ഭാഷക്കത്ര വലിയ പ്രാധാന്യം കൊടുക്കേണ്ട. മാതൃകകളും അത്ര വലിയ കാര്യമാക്കേണ്ടതില്ല. ഉപനിഷദ് പാരമ്പര്യത്തിലെന്ന പോലെ നമ്മളോരോരുത്തരും സംവാദത്തിൽ പങ്കാളികളാവുക എന്നതാണ് പ്രധാനം.ഇതിനോടുള്ള പ്രതികരണങ്ങളും,r മറുപടികളും ചിലപ്പോൾ നമ്മെ അദ്ഭുതപ്പെടുത്തിയേക്കാം. നല്ലൊരു  ശാസ്ത്ര സംവാദ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരം ലഭിക്കട്ടെ എന്നാശംസിക്കുന്നു.

പരിസ്ഥിതി സംബന്ധമായ ചില ലൂക്ക ലേഖനങ്ങള്‍

ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് ലൂക്ക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുമല്ലോ : www.facebook.com/LUCAmagazine/

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനപോസ്റ്റര്‍

Leave a Reply