Read Time:9 Minute

ഡോ. വി. ഉണ്ണിക്കൃഷ്ണന്‍

ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന  ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ  പരിസരദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിക്കുകയും രണ്ടുവർഷങ്ങൾക്കുശേഷം പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. ജർമ്മനിയുടെ പങ്കാളിത്തത്തോടെ കൊളംബിയ ആണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥ്യമരുളുന്നത്. 150 ലധികം രാജ്യങ്ങളിൽ ഈ ദിനം ആചരിക്കും.  ജനങ്ങളെ  ബോധവൽക്കരിച്ചുകൊണ്ട് വിവിധ പ്രവർത്തനങ്ങളിലൂടെയും പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളെ നിയന്ത്രിച്ചുകൊണ്ടും ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. പ്രകൃതി, ജൈവവൈവിധ്യശോഷണം എന്ന പ്രതിസന്ധി ഘട്ടത്തിലാണെന്ന് തിരിച്ചറിയാനും  ജൈവവൈവിധ്യത്തെ ആഘോഷമാക്കിക്കൊണ്ട് ഇത് പ്രകൃതിക്കുവേണ്ടിയുള്ള സമയമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനുമാണ് യു.എൻ. ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള കാലാവസ്ഥാസുസ്ഥിരതയ്ക്ക് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിധ്യശോഷണത്തിനും കാരണമാകും. 1968 ൽ വന്യജീവിഗവേഷകനായിരുന്ന റെയ്മണ്ട് എഫ്.  ദാസ്മാൻ ഉപയോഗിച്ച ബയോളജിക്കൽ ഡൈവേഴ്സിറ്റി (ജൈവികമായ വൈവിധ്യം) എന്നതിൻറെ ചുരുക്കെഴുത്തായ ബയോഡൈവേഴ്സിറ്റി  (ജൈവവൈവിധ്യം) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1985 ൽ വാൾട്ടർ  ജി.    റോസൻ ആണ്.

ഒരു പ്രദേശത്തെ ജീനുകൾ, സ്പീഷീസുകൾ, ആവാസവ്യവസ്ഥകൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് അവിടത്തെ ജൈവവൈവിധ്യം എന്ന നിർവചനമാണ്  ഐ.യു.സി.എന്നും യു.എൻ.ഇ.പിയും നൽകിയിരിക്കുന്നത്.  ഇതിൻറെ അടിസ്ഥാനത്തിൽ ജൈവവൈവിധ്യത്തെ ജനിതകവൈവിധ്യം, ജീവജാതിവൈവിധ്യം, ആവാസവ്യവസ്ഥാവൈവിധ്യം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യൻറെ ഇടപെടലിന്ടെയും ഫലമായാണ് നാമിന്ന് കാണുന്ന ജൈവവൈവിധ്യം രൂപപ്പെട്ടത്. ജൈവസമ്പത്തിന്ടെ കലവറയാണ് ഉഷ്ണമേഖലാ പ്രദേശം. അതിൽ തന്നെ തെക്കേ അമേരിക്കൻ ഭൂപ്രദേശമായ ആമസോൺ പ്രദേശത്താണ് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ളത്. ഉഷ്ണമേഖലയും മിതശീതോഷ്ണ മേഖലയും ഒക്കെ ഉൾപ്പെട്ടുവരുന്നതുകൊണ്ടും പർവ്വതനിരകൾ, സമതലങ്ങൾ, പീഠഭൂമികൾ, ഹൈലാൻഡുകൾ, തീരപ്രദേശങ്ങൾ, മരുഭൂമികൾ, നദീതടങ്ങൾ എന്നിവ ഉള്ളതുകൊണ്ടും ഇന്ത്യ ജൈവവൈവിധ്യ സമ്പന്നമാണ്. വേനൽക്കാലവും നീണ്ട മഴക്കാലവും ജലസമ്പത്തും 44 നദികളാൽ ഹരിതാഭമായ ഭൂപ്രകൃതിയും നീണ്ട കടൽത്തീരവും കേരളത്തെ ജൈവവൈവിധ്യസമ്പന്നമാക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട്കളിൽ അതീവ പ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യത്തിന് ഒരു കാരണവും ഇതാണ്. ഭൂമിയിൽ ജീവനെ താങ്ങിനിർത്തുന്ന ഈ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ജൈവവൈവിധ്യ സംരക്ഷണവും അസാധ്യമാണ്.

മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളും ഒക്കെ ഉൾപ്പെട്ടതാണ് ജൈവവൈവിധ്യം. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് മുതൽ തന്നെ അതിന്റെ നാശവും തുടങ്ങി. അഞ്ച് വലിയ വംശനാശവും അനേകം ചെറിയ വംശനാശങ്ങളും  ജൈവ വൈവിധ്യനാശത്തിനു  കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ  അഭിപ്രായപ്പെടുന്നു. 251 ബില്യൺ  വർഷങ്ങൾക്കു മുമ്പുണ്ടായ പെർമിയൻ  ട്രയാസ്സിക് വംശനാശമാണ് ഏറ്റവും വലിയ വംശനാശമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ വംശനാശത്തിൽ നിന്ന് കരകയറാൻ നട്ടെല്ലുള്ള ജീവികൾക്ക് 30 ദശലക്ഷം വർഷം വേണ്ടിവന്നു എന്ന് പറയപ്പെടുന്നു. ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളുടെ നാശത്തിന് കാരണമായ  ക്രിട്ടേഷ്യസ് പെർമിയൻ ട്രയാസ്സിക് വംശനാശമാണ്  അവസാന കാലത്തുണ്ടായ വംശനാശം.  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹോളോസീൻ വംശനാശം മനുഷ്യൻറെ ആവിർഭാവത്തോടുകൂടി ഉണ്ടായതാണ്. ഈ വംശനാശത്തിൽ ജനിതക വൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം, മലിനീകരണം, ആഗോളതാപനം ഇവയൊക്കെ ഇതിനു കാരണമാകുന്നു. കോവിഡ്-19 എന്ന മഹാമാരിയിൽ ലോകം പകച്ചുനിൽക്കുകയാണെങ്കിലും മനുഷ്യനെ ബാധിക്കുന്ന രോഗമായതുകൊണ്ട് നേടിയ അറിവിന്റെ പിൻബലത്തിൽ രോഗപ്പകർച്ചയെ ഒരു പരിധിവരെ  അവന് തടയാൻ കഴിയുന്നു. ഇത്തരം ഒരു രോഗാണു പരാഗകാരികളായ ഷട്ട്പദങ്ങളെയാണ് ആക്രമിച്ചിരുന്നതെങ്കിലോ. നമുക്ക് ചിന്തിക്കാൻ  കഴിയുന്നതിനും അപ്പുറമായിരിക്കും കാര്യങ്ങൾ.

പ്ലാസ്റ്റിക് മലിനീകരണം ഭൂമി നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. 778 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഭൂമിയിലെ സമ്പത്ത് കരുതലോടെ ഉപയോഗിച്ചാൽ മാത്രമേ വരുംതലമുറയ്ക്ക് ഇവിടെ  നിലനിൽക്കാൻ കഴിയൂ.
ആഗോളതാപനവും ഉയരുന്ന സമുദ്രനിരപ്പും ജീവിവർഗ്ഗത്തിന് വൻഭീഷണിയാണ്. മനുഷ്യൻറെ പ്രവർത്തികൾ കൊണ്ട് ഹരിതഗൃഹവാതകങ്ങൾ ആയ കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവ് അന്തരീക്ഷത്തിൽ ഉയരുകയും ആഗോളതാപനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ഓരോ ജീവിവർഗ്ഗത്തിനും  പ്രകൃതിയിൽ ഓരോരോ ധർമ്മം നിർവഹിക്കാനുണ്ട്. ജൈവവൈവിധ്യം ഉണ്ടെങ്കിൽ മാത്രമേ തുലനാവസ്ഥയിലുള്ള ഒരു ആവാസവ്യവസ്ഥ  ഉണ്ടാകൂ. വന്യജീവികൾക്കെതിരെയുള്ള മനുഷ്യൻറെ കടന്നുകയറ്റം ഒരിക്കലും അനുവദിക്കാൻ പാടില്ല. നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടിയിരിക്കുന്നുവെന്നു നാം ഓരോരുത്തരും തിരിച്ചറിയണം. ജനങ്ങളെ പരിസ്ഥിതിയുമായി കൂടുതൽ അടുപ്പിച്ചുകൊണ്ട് പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ ചെയ്യുകയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിൽ നാം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.  ലോകമാകമാനം വ്യാപിച്ചുകിടക്കുന്ന  ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ  പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. ഒപ്പം ഈ വർഷത്തെ പ്രവർത്തനങ്ങളിലൂടെ നമുക്കതിനു സാധിക്കുകയും വേണം.


പരിസ്ഥിതി സംബന്ധമായ ചില ലൂക്ക ലേഖനങ്ങള്‍

ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് ലൂക്ക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുമല്ലോ :  www.facebook.com/LUCAmagazine/

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനപോസ്റ്റര്‍

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
13 %
Angry
Angry
13 %
Surprise
Surprise
13 %

Leave a Reply

Previous post സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു
Next post കോവിഡാനന്തര വെല്ലുവിളികളും സാധ്യതകളും: മൃഗസംരക്ഷണ മേഖലയിൽ
Close