Read Time:19 Minute

ടി ജയരാമൻ, കമൽ മുരാരി

ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.


[dropcap][/dropcap]മസോണില്‍ അടുത്തകാലത്ത് വ്യാപകമായുണ്ടായ കാട്ടുതീ, ആഗോളതലത്തിലുണ്ടാക്കിയ പാരിസ്ഥിതിക ആശങ്കളും അത് വനവല്‍ക്കരണകാര്യത്തില്‍ ഉണ്ടാക്കിയ പുതിയ സമ്മര്‍ദ്ദവും വളരെ വലുതാണ്. ആഗോളതാപനം മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായേക്കാമെന്ന തിരിച്ചറിവിന്റെ വ്യക്തമായ തെളിവാണിത്. ബ്രസീൽ പ്രസിഡണ്ട് ജയര്‍ ബോള്‍സനാറോവിന്റെയും (Jair Bolsonaro) സഹപ്രവര്‍ത്തകരുടെയും പല നിലപാടുകളും പ്രവര്‍ത്തനങ്ങളും ആശങ്കയ്ക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്. പ്രകോപനപരമാകും വിധം പരിസ്ഥിതിവിരുദ്ധമായ നിലപാടുകൾ, കാലാവസ്ഥാവ്യതിയാനത്തെ നിരാകരിക്കുന്ന പ്രസ്താവനകള്‍, കാഴ്ചപ്പാടുകള്‍, പാരിസ്ഥിതികമായ നിയന്ത്രണങ്ങളെ കടിഞ്ഞാണിടുന്ന പ്രവൃത്തികള്‍, തുടക്കത്തില്‍ പ്രസിഡണ്ട് കാണിച്ച ഉദാസീനത, കാരണങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ വികലമായ പ്രത്യാരോപണങ്ങള്‍ ഇവ എല്ലാം അതില്‍പ്പെടും. പ്രതീക്ഷിക്കാവുന്നതുപോലെ ഇവയെല്ലാം ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെയും പൊതുസമൂഹങ്ങളുടെയും ചില രാഷ്ട്രങ്ങളുടെയും രോഷത്തിനിടയാക്കുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍, ഈ ഏറ്റുമുട്ടലില്‍, യാഥാര്‍ത്ഥ്യങ്ങളും ശാസ്ത്രീയമായ തെളിവുകളും പാര്‍ശ്വവത്കരിക്കപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളിയ്ക്കെതിരായി ആഗോളതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഈ അമിതാവേശം മറച്ചുവെച്ചു. ഈ ഏറ്റുമുട്ടല്‍ കാലാവസ്ഥാനയങ്ങളുടെ കാര്യത്തിലുള്ള ആഗോള ചര്‍ച്ചകളെ തിരിച്ചുവിടാനും ഇടയാക്കി. വികസിതരാജ്യങ്ങള്‍ ആഗോളതലത്തില്‍തന്നെ തെക്കന്‍ രാജ്യങ്ങളുടെ മേല്‍ അഭൂതപൂര്‍വ്വമായ സമ്മര്‍ദ്ദം ചെലുത്താനും ഇത് വഴിതെളിച്ചു.


ഉത്സര്‍ജ്ജനത്തിന്റെ ഗണിതം.
ആഗോളതലത്തില്‍ കാലാവസ്ഥാവ്യതിയാനത്തിനുള്ള കാരണങ്ങളില്‍ വനനശീകരണത്തിനും ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍ക്കും ഉള്ള സംഭാവന എത്രയാണ് ? ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) അവരുടെ അഞ്ചാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ (AR5) പറയുന്നത് 1750 മുതല്‍ നാളിതുവരെ ഭൗമാന്തരീക്ഷ വ്യവസ്ഥയിലേക്കുള്ള സഞ്ചിത കാര്‍ബണ്‍ നിക്ഷേപം (Cumulative net Carbon Addition) ഏകദേശം 30ഗിഗാ.ടണ്‍ (30x1000000000ton)ആണെന്നാണ്. അതില്‍ 4.5 ഗിഗാടണ്ണിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നും പറയുന്നു. AR5ല്‍ IPCC പറയുന്നത് ഇപ്രകാരമാണ്, “1750 മുതല്‍ ഭൂവിനിയോഗമാറ്റങ്ങളും മറ്റു കാരണങ്ങളും മൂലമുണ്ടായ എല്ലാ ഭൗമിക പരിസ്ഥിതിവ്യൂഹങ്ങളുടെയും അസ്സല്‍ നീക്കിയിരുപ്പ് സമതുലിതാവസ്ഥയ്ക്ക് അടുത്താണ്.” ഇവിടത്തെ സുപ്രധാനവാക്ക് അസ്സല്‍ (net) എന്നതാണ്. കൃഷിഭൂമിയുടെ വിസ്തൃതി ആറിരട്ടിയിലധികം വര്‍ദ്ധിച്ചതിനാല്‍ ഭൂവിനിയോഗമാറ്റങ്ങളുടെ ഫലമായി 1750 മുതലുണ്ടായ സഞ്ചിത ഉത്സര്‍ജ്ജനം (cumulative emissions) ഏകദേശം 180 ഗിഗാടണ്ണിനോടടുക്കുമെങ്കിലും ഭൂവിനിയോഗ മാറ്റത്തിനു വിധേയമാകാത്ത നിലവിലെ സസ്യജാലം ആകമാനം 160 ഗിഗാടണ്‍ ആഗീരണം ചെയ്യുകയുണ്ടായി. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വഴി 1750 നുശേഷം 375 ഗിഗാടണ്‍ ആണ് സംഭാവന ചെയ്തത്, ഭൂതലത്തിലെ പരിസ്ഥിതിവ്യൂഹങ്ങളുടെ അസ്സല്‍ സഞ്ചിത ഉത്സര്‍ജ്ജനത്തിന്റെ (net cumulative emissions) 12 ഇരട്ടി !


കാര്‍ബണ്‍ കണക്കെടുപ്പിലെ ഈ മാതൃക വാര്‍ഷിക ഉത്സര്‍ജ്ജനത്തിലേക്കും (annual emissions) വ്യാപിപ്പിക്കാം. ഗ്ലോബല്‍ കാര്‍ബണ്‍ പ്രോജക്ട്(Global Carbon Project) റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ ഫോസില്‍ ഇന്ധനം മൂലമുള്ള ഉത്സര്‍ജ്ജനം വഴി ഓരോ വര്‍ഷവും 9.9 ഗിഗാടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പമ്പുചെയ്യുന്നു എന്നാണ്. അതേ സമയം ഭൂവിനിയോഗമാറ്റങ്ങളുടെ കണക്കില്‍ 1.5 ഗിഗാടണ്‍ മാത്രമാണുള്ളത്. അതേസമയം ഭൂതല പരിസ്ഥിതിവ്യൂഹം (terrestrial ecosystems) 3.8 ഗി.ടണ്‍ ആഗീരണം ചെയ്യുന്നു. ഉറവിടങ്ങളും സ്വീകരണി(സിങ്കും-Sink)യും ഒരുമിച്ചെടുത്താല്‍ അവ ഒരു അസ്സല്‍(നെറ്റ്) സ്വീകരണിയാണ്.
ഉഷ്ണമേഖലാ വനങ്ങളെ മാത്രമെടുക്കുമ്പോള്‍ AR5ല്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് (1990മുതല്‍ 2007 വരെ ശരാശരി) വനനശീകരണവും മരംവെട്ടും മൂലമുള്ള കാര്‍ബണ്‍ ഉത്സര്‍ജ്ജനം 2.9 ഗി.ടണ്‍ ആണ്. എന്നാല്‍ വനം വീണ്ടും വളരുന്നതുമൂലം 1.64 ഗി.ട ആഗിരണം ചെയ്യുന്നുണ്ട്. നിലനില്‍ക്കുന്ന വനം 1.19 ഗി. ടണ്‍ ആഗിരണം ചെയ്യുന്നു. തത്‍ഫലമായി ഉഷ്ണമേഖലാവനങ്ങള്‍ ഏകദേശം 0.11 ഗി.ട. കാര്‍ബണ്‍ മാത്രമേ പുറത്തുവിടുന്നുള്ളു. തീര്‍ച്ചയായും ഇവിടെ ആത്മസംതൃപ്തിക്ക് വകയില്ല, എങ്കിലും ഇതൊരു വലിയ അടിയന്തിരാവസ്ഥയുമല്ല.


മാന്ത്രിക വെടിയുണ്ട ഇല്ല
ആമസോണ്‍ നദീതീരവും അതിലെ ഉഷ്ണമേഖലാ മഴക്കാടുകളും സംബന്ധിച്ചുള്ള കഥയും തികച്ചും സമാനമായതാണ്. ഒരു
ശാസ്ത്രീയ കണക്കുകൂട്ടലനുസരിച്ച് 1980 ല്‍ ആമസോണ്‍ കാടുകൾക്ക്‌ 128 ഗി.ട. കാര്‍ബണ്‍ ശേഖരിച്ചുവെയ്ക്കാനായി. അതില്‍ 94 ഗി.ട. സസ്യജാലത്തിലും 33 ഗി.ട. മണ്ണിന്റെ കാര്‍ബണ്‍ പ്രക്രിയയിലൂടെയും ആണ്. തുടര്‍ന്ന് ആമസോണിലെ കാര്‍ബണ്‍ സംഭരണശേഷിയുടെ വളര്‍ച്ച ഒരു സങ്കീര്‍ണ്ണമായ കാര്യമാണ്‌. ആമസോണിനെ ഒരു കാര്‍ബണ്‍ സംഭരണി എന്ന നിലയിൽ സംരക്ഷിക്കേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും അത്തരം പരിരക്ഷ ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന ആഘാതത്തിനെതിരെ പ്രയോഗിക്കാവുന്ന ഒരു കുറുക്കുവഴിയോ ഒറ്റമൂലിയോ അല്ല.

ഈ തെളിവുകള്‍ നല്‍കുന്ന പ്രധാന ആശയം ഫോസില്‍ ഇന്ധനഉത്സര്‍ജ്ജനത്തിന്(fossil fuel emissions) വനനശീകരണത്തിനോ ഭൂവിനിയോഗമാറ്റങ്ങള്‍ക്കോ ഇല്ലാത്ത രീതിയിലുള്ള ഒരു ശാശ്വതമായ ആഘാതം ഉണ്ടെന്നാണ്. രണ്ടാമത്തേതിന്റെ ഫലം കാലക്രമേണ സാവധാനമായെങ്കിലും ഭാഗികമായി മാറ്റിയെടുക്കാവുന്നതാണ് എന്നാണ് ഉഷ്ണമേഖലാവനങ്ങളുടെ ഡാറ്റ വിശദമാക്കുന്നത്. എന്നാല്‍ കന്യാവനങ്ങളും ജൈവത്തായ ബയോമാസ്സും തുടര്‍ച്ചയായി കാര്‍ബണ്‍ ആഗീരണം ചെയ്യുന്നു. കല്‍ക്കരി, എണ്ണ, വാതകം എന്നിവയില്‍ നിന്നുള്ള ഉത്സര്‍ജ്ജനം അത് വന്നിടത്തയ്ക്ക് ഏതായാലും തിരിച്ചുവിടാന്‍ കഴിയുകയില്ല. മാത്രമല്ല, അവയുടെ സഞ്ചിതഉത്സര്‍ജ്ജനം (cumulative emissions) പച്ചപ്പിനെ വര്‍ദ്ധിപ്പിച്ചുകൊണ്ട് പകരം വയ്ക്കാനുമാകില്ല. കാരണം, അത് ഭൗമ പരിസ്ഥിതിവ്യൂഹത്തിന്റെ മൊത്തമായ ആഗീരണം ഒരു അവിശ്വസനീയമായ നിലയിലേക്ക് എത്തിക്കുകയും ചെയ്യും. വനപരിസ്ഥിതിവ്യൂഹമാകട്ടെ, ആഗോളതാപനത്തിന്റെ ആകമാനമുള്ള ആഘാതം ഏല്‍ക്കേണ്ടിവരികയും, അതുവഴി അതിന്റെ ഗുണമേന്മയ്ക്ക് ശോഷണമുണ്ടാവുകയും ചെയ്യും.
ആമസോണിന്റെ ബ്രസീലിയന്‍ ഭാഗത്ത് ഇപ്പോഴുണ്ടാണ്ടായ കാട്ടുതീയിനെക്കുറിച്ച് പറ്റി ലോകമാകെ ഭയാശങ്കകള്‍ അടിസ്ഥാനം പരിശോധിക്കേണ്ടതാണ്. ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസില്‍ നിന്നുള്ള ഡാറ്റ പോലും കാണിക്കുന്നത് ആഗസ്റ്റിലെ തീപിടുത്തങ്ങളുടെ എണ്ണം വലുതാണെങ്കിലും അവ അസാധാരണമല്ല എന്നാണ്. ആഗസ്റ്റ് 25 വരെയുള്ള ഇക്കൊല്ലത്തെ കണക്ക് 80,626 ആണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും വര്‍ദ്ധന 78 ശതമാനവും. എന്നാല്‍ പെറുവില്‍ അത് 105 ശതമാനം കൂടുതലാണ്, ബൊളീവിയയില്‍ 107% വും. ഇവ രണ്ടും ആമസോണ്‍ തടത്തിന്റെ ഭാഗമാണല്ലോ. കാട്ടുതീ വേറെ സ്ഥലങ്ങളിലുമുണ്ട്. ആഫ്രിക്കയില്‍ ധാരാളമായുണ്ട്, പ്രത്യേകിച്ച് അംഗോളയിലും സാംബിയയിലും, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും. ഇത് കാടുവെട്ടിത്തെളിച്ച് കത്തിക്കുന്ന കാര്‍ഷികരീതിയുടെ ഫലമാണ്. സൈബീരിയയിലും (മൂന്ന് മില്യന്‍ ഹെക്ടര്‍) കാനഡയിലും കാടു കത്തിയത് വേനലിലെ അത്യുച്ച താപനിലമൂലമാണ് (ഈ ജൂലൈ ഏറ്റവും ഉയര്‍ന്ന താപനില ഉണ്ടായ മാസമാണ്). ബ്രസീലിന്റെ ഇക്കൊല്ലത്തെ കണക്ക് അവിടെ 2005 – 10 കാലഘട്ടത്തിലുണ്ടായതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. അന്ന് 1,20,000ത്തിനു മുകളിലായിരുന്നു.


ബ്രസീലിന്റെ പരിശ്രമങ്ങള്‍
കഴിഞ്ഞ ദശകത്തിലൂടെ വനനശീകരണം കുറച്ചുകൊണ്ടുവരാന്‍ ബ്രസീല്‍ കാര്യമായ പരിശ്രമം നടത്തിയിട്ടുണ്ട്. അങ്ങിനെ 2013ലേതിനേക്കാള്‍ 75% കുറയ്ക്കാനായത് ആഗോളതലത്തില്‍ തന്നെ ശ്ലാഘിക്കപ്പെട്ട വിജയമാണ്. ഈ പ്രയത്നത്തിനുവേണ്ടി സ്വീകരിച്ച കടുത്ത നടപടിയുടെ പശ്ചാത്തലത്തിൽ നിന്നുള്ള പ്രതികരണമാകാം ബോള്‍സനാരോയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നില്‍. ഈ വിജയത്തിന് പിന്നിൽ സോയാബീനും ബീഫും ഉല്പാദിപ്പിക്കുന്ന വന്‍കിട അഗ്രി-ബിസിനസ് ആണെന്ന വാദം ശരിയെന്നു തോന്നാമെങ്കിലും അതുമാത്രമല്ല, മറിച്ച് കാടുവെട്ടിത്തെളിച്ച് കത്തിച്ചു കൃഷിചെയ്തു വന്ന തങ്ങളുടെ പാരമ്പര്യരീതി മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടിയ വലിയൊരു കൂട്ടം ചെറുകിട കര്‍ഷകകർ കൂടിയുണ്ട്‌. വനനശീകരണത്തിന്റെ കാര്യമൊഴിച്ചാല്‍ ബ്രസീല്‍ ഒരിക്കലും വന്‍തോതില്‍ കാര്‍ബണ്‍ പുറംതള്ളുന്ന രാജ്യമല്ല, മാത്രവുമല്ല, ജലവൈദ്യുതിയും ബയോഫ്യുവലും ഉപയോഗിച്ചുകൊണ്ട് പാരമ്പര്യേതര സ്രോതസ്സുകളുടെ ഉപയോഗത്തില്‍ ഒരു മാതൃയാക്കേണ്ട രാജ്യവുമാണ്.


പിന്നെന്തുകൊണ്ടാണ് മിസ്റ്റര്‍ ബോള്‍സനാരോയുടെ മുകളില്‍ ഈ അന്താരാഷ്ട്ര കടന്നുകയറ്റം? ആഗോള പൊതുജനാഭിപ്രായത്തില്‍ വനവല്‍ക്കരണം ആഗോളതാപനത്തെ ചെറുക്കുവാനുള്ള ഒരുതരം മാജിക് ബുള്ളറ്റാണ്. സംരക്ഷണത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും കാര്യത്തില്‍ ആമസോണ്‍ എക്കാലത്തും ഒരു പരസ്യമോഡല്‍ ആയിരുന്നു. അവിടത്തെ വനനശീകരണം തടയുക എന്നത് ആഗോളതലത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകരുടെയും അവരുടെ പ്രസ്ഥാനങ്ങളുടെയും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന കേസാണ്. ആഗോളതാപനത്തോടൊപ്പം ഫോസില്‍ ഇന്ധനഉത്സര്‍ജ്ജനങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിലുള്ള വിമുഖതയും ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് കൂടുതൽ സ്വീകാര്യത കിട്ടുന്നു. തെളിവുകള്‍ അവര്‍ക്ക് എതിരാണെങ്കില്‍ പോലും.

എന്നിരുന്നാലും ഈ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന വികസിതരാജ്യങ്ങളിലെ സര്‍ക്കാരുകളുടെയും നിരവധി അന്താരാഷ്ട്ര എന്‍.ജി.ഒ.കളുടെയും നിലപാട് വ്യക്തമായും മറ്റു പ്രത്യേകപരിഗണനകളാല്‍ നയിക്കപ്പെട്ടതാണ് എന്നത് വ്യക്തമാണ്. ഈ രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ഉത്സര്‍ജ്ജനം കുറയ്ക്കുന്ന കാര്യത്തില്‍ വ്യക്തമായും പരാജയപ്പെട്ടിരിക്കുന്നു. യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (UNFCCC ) അതിന്റെ 2018 ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ വികസ്വര രാജ്യങ്ങള്‍ 1990 മുതലുള്ള 26 കൊല്ലങ്ങളില്‍ വെറും 1.3 % കുറവു മാത്രമേ വരുത്തിയുള്ളു. (മുന്‍ സോവിയറ്റ് യൂണിയനില്‍ പെട്ടിരുന്ന രാജ്യങ്ങളിലാകട്ടെ, തങ്ങളുടെ ഉത്സര്‍ജ്ജനനിയന്ത്രണം മൂലം അവരുടെ സമ്പദ്ഘടനപോലെ തന്നെ തകര്‍ന്നടിഞ്ഞു). അവര്‍ക്ക്, തങ്ങള്‍കൂടി പങ്കാളികളായ പാരീസ് എഗ്രിമെന്റ് വാഗ്ദാനം പാലിക്കണമെങ്കില്‍, അതായത് ആഗോളതാപനം 2ഡിഗ്രി സെല്‍ഷ്യസിനു താഴെ, (അല്ലെങ്കില്‍ 1.5 ഡിഗ്രിയില്‍ എത്തിക്കണമെങ്കില്‍) വ്യവസായമേഖലയ്ക്ക് വെളിയിലും നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചേ പറ്റു. വികസ്വരരാജ്യങ്ങളിലെ ഇത്തരം ഉത്സര്‍ജ്ജനങ്ങള്‍ കേവലമായ അളവില്‍ എത്ര നിസ്സാരമാണെന്നു തോന്നിക്കുമെങ്കിലും അതിന് വലിയ പങ്കാണുള്ളത്.


സമ്മര്‍ദ്ദ തന്ത്രങ്ങള്‍
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രമ്പ് പിരിയേറ്റിയതാണെങ്കില്‍ പോലും, ബോല്‍സനാരോയുടെ എതിര്‍പ്പ്, ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും സ്വാഗതാര്‍ഹമല്ല. പക്ഷേ ഒരു സൂപ്പര്‍ പവര്‍ ആയ രാജ്യത്തെ ചട്ടം പഠിപ്പിക്കാനാവുകയില്ല. ചൈന, ഇന്ത്യ തുടങ്ങിയ വലിയ വികസ്വരരാജ്യങ്ങളുടെ കാര്യവും അങ്ങിനെയാണെന്നിരിക്കെ, ബ്രസീല്‍ കുറച്ചുകൂടി ദുര്‍ബ്ബലമായ ലക്ഷ്യം ആയി എന്നു മാത്രം. യൂറോപ്യന്‍ യൂണിയന്റെ ഇഷ്ടക്കേട് രേഖപ്പെടുത്തുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ – മെര്‍ക്കോസര്‍ വ്യാപാരക്കരാര്‍ തടഞ്ഞുവയ്ക്കുമെന്നുള്ള ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ (Emmanuel Macron) ഭീഷണി കാലാവസ്ഥാവെല്ലുവിളി നേരിടുന്ന കാര്യത്തില്‍ തെക്കന്‍ രാജ്യങ്ങളുടെ മേല്‍ ആഗോള വടക്കന്‍ശക്തികളുടെ (Global North’s) സമ്മര്‍ദ്ദത്തിന്റെ ഏറ്റവും താണതരത്തിലുള്ള ഒന്നായി മാറി. അപകടകരമായ ഒരു മുന്നറിയിപ്പെന്ന നിലയ്ക്ക് അമേരിക്കയുടെ ഒരു പ്രമുഖ വിദേശനയ വ്യാഖ്യാതാവായ സ്റ്റീഫന്‍ വാള്‍ട്ട് (Stephen Walt) ഫോറിന്‍ പോളിസി മാഗസിനില്‍ അമ്മാതിരി തന്ത്രങ്ങളേക്കുറിച്ചുള്ള ഊഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ഊഹിച്ച മറ്റൊരു കാര്യം കാലാവസ്ഥാവ്യതിയാന കാര്യത്തില്‍ വിമുഖത കാണിക്കുന്ന രാജ്യങ്ങളെ നിലയ്ക്കുനിര്‍ത്താനായി വന്‍ ശക്തികള്‍ സൈനിക ഇടപെടല്‍ പോലും നടത്താനിടയുണ്ട് എന്നാണ്. കാലാവസ്ഥാ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ആഗോളതലത്തിലുള്ള ഒരു സംഭാഷണം, ശാസ്ത്രീയമായ തെളിവിന്റെ അടിത്തറ ഇല്ലെങ്കില്‍ പോലും, അതിന്റെ തുടക്കം എത്രമാത്രം സദുദ്ദേശത്തോടുകൂടി ഉള്ളതാണെങ്കില്‍ പോലും, ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് അറിയാതെതന്നെ പ്രേരണനല്‍കും.


ആമസോണും ഭൂതലത്തിലെ മറ്റു പരിസ്ഥിതിവ്യൂഹങ്ങളും ആഗോളതാപന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിനായുള്ള ഉപായങ്ങള്‍ മെനയുന്നതിനാവശ്യമായ ഇടം നല്‍കുന്നുണ്ട്. എങ്കിലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കര്‍ശനമായി കുറയ്ക്കുകയും ആഗോള വടക്കന്മാര്‍ തങ്ങളുടെ കാര്‍ബണ്‍ കടം തിരിച്ചടയ്ക്കുന്നതിനു മുന്‍കൈ എടുക്കുകയും ചെയ്യാതെ കാലാവസ്ഥാവ്യതിയാനമെന്ന വെല്ലുവിളി നേരിടാമെന്ന് ഒട്ടും പ്രതീക്ഷിക്കേണ്ട.


ദി ഹിന്ദു പത്രത്തിൽ സെപ്‌റംറംബർ 10 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം ജി.ഗോപിനാഥൻ

Happy
Happy
0 %
Sad
Sad
67 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
0 %

Leave a Reply

Previous post HOW DARE YOU ? നിങ്ങള്‍ക്കെങ്ങനെ ഈ ധൈര്യം വന്നു?
Next post ബദൽ  നൊബേല്‍ പുരസ്കാരം ഗ്രേത തൂണ്‍ബെര്‍ഗിന്
Close