Read Time:14 Minute

ഡോ. വി. ഉണ്ണിക്കൃഷ്ണന്‍

2020 ലെ ഐ. യു. സി. എന്‍. റെഡ് ലിസ്റ്റ് പ്രകാരം 31000 ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണിയില്‍

പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നല്‍കപ്പെട്ട സംഘടനയായ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് (ഐ. യു. സി. എന്‍) 1948 ഒക്ടോബറിലാണ് സ്ഥാപിക്കപ്പെട്ടത്. 111 സര്‍ക്കാര്‍ ഏജന്‍സികള്‍, എണ്ണൂറിലധികം സര്‍ക്കാര്‍ ഇതര സംഘടനകള്‍, പതിനാറായിരത്തിലധികം ശാസ്തജ്ഞര്‍ എന്നിവരുടെ ശൃംഖലയുള്ള ഐ. യു. സി. എന്‍. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ. യു. സി. എന്‍. പുറത്തിറക്കുന്ന പുസ്തകമാണ് റെഡ് ലിസ്റ്റ്. 1964 മുതല്‍ റെഡ് ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്. വേണ്ടത പഠനം നടക്കാത്ത ജീവിവര്‍ഗ്ഗങ്ങള്‍, വസ്തുതകള്‍ അവ്യക്തമായ സ്പീഷീസുകള്‍, ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയിലുള്ള ജീവികള്‍, സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ സാധ്യതയുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍, ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ, ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിച്ച ജീവികള്‍, വംശനാശം സംഭവിച്ച ജീവികള്‍ എന്നിങ്ങനെയാണ് അവ.

പരിസ്ഥിതിയില്‍ നിന്ന് പൂര്‍ണ്ണമായും വംശം നശിച്ചുപോയ ജീവികളെയാണ് “വംശനാശം സംഭവിച്ച ജീവികള്‍Extinct (EX) –എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോഡോ പക്ഷികളും ദിനോസോറുകളും ഇത്തരത്തില്‍ വംശനാശം സംഭവിച്ചവയാണ്. പ്രജനനം നടക്കാതെ പോവുക, നിലനില്‍പ്പിന് ആവശ്യമായ പ്രകൃതി സാഹചര്യങ്ങള്‍ ഇല്ലാതിരിക്കുക, കാലാവസ്ഥാവ്യതിയാനം തുടങ്ങിയവ ഇതിന് കാരണമാകാം. അനിയന്ത്രിതമായ മത്സ്യബന്ധനം, വാസസ്ഥല നശീകരണം, വ്യാപകമായ സമുദ്ര മലിനീകരണം എന്നിവ മത്സ്യങ്ങളുടെയും സമുദ്ര ജൈവവൈവിധ്യത്തിന്‍റെയും നാശത്തിനു കാരണമാകാം.

പ്രകൃതിയുടെ മാറ്റമോ ഇരപിടുത്തമോ വേട്ടയാടലോ മറ്റു കാരണങ്ങളാലോ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ജീവികളെയാണ് “വംശനാശഭീഷണി നേരിടുന്ന ജീവികള്‍‘ – Endangered (EN) ആയി കണക്കാക്കിയിരിക്കുന്നത്. ഏഷ്യന്‍ ആനയും ബംഗാള്‍ കടുവയും സിംഹവാലന്‍ കുരങ്ങും നീലത്തിമിംഗലവും ഒക്കെ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ചെറിയ പുള്ളിപ്പരുന്ത് “വംശനാശ സാദ്ധ്യതയുള്ള‘ – Vulnerable (VU) ജീവിയാണ്. സംരക്ഷണനില സമീപഭാവിയില്‍ ഭീതിജനകമായ നിലയിലുള്ള സ്പീഷിസിനെയാണ് “സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗങ്ങള്‍’ Near threatened (NT)എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ. യു. സി. എന്നിന്‍റെ വിലയിരുത്തല്‍ പ്രകാരം ഒരു സ്പീഷീസിന്‍റെ എണ്ണത്തെപ്പറ്റിയും നിലനില്‍പ്പിനെപ്പറ്റിയും വേണ്ടത വസ്തുതകള്‍ ലഭ്യമല്ലാത്ത ജീവിവര്‍ഗങ്ങളെ “വസ്തുതകള്‍ അപര്യാപ്തമായ സ്പീഷീസുകള്‍’Data deficient (DD) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വേണ്ടത്ര പഠനം നടക്കാത്ത സ്പീഷീസുകളെയും ഐ. യു. സി. എന്‍. പ്രത്യേക വിഭാഗമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വന്തം ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിക്കുകയും എന്നാല്‍ മറ്റ് എവിടെയെങ്കിലും ഇപ്പോഴും സംരക്ഷിക്കപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്ന ജീവി സ്പീഷീസുകളെയാണ് “ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിച്ച സ്പീഷീസുകള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ വംശനാശസാധ്യതയുള്ള ജീവികളാണ്. സിംഹങ്ങളില്‍ ഏറ്റവും വലിയ വര്‍ഗ്ഗമായ ബാര്‍ബറി സിംഹം ഈ വിഭാഗത്തില്‍പെടുന്നു. ഇന്ത്യന്‍ കഴുകന്‍, കൊമ്പന്‍ സാവ്, മലബാര്‍ വെരുക്, ഇന്ത്യന്‍ കങ്കാരു പല്ലി എന്നിവ ഇന്ത്യയില്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളാണ്.

ആഗോളസ്ഥിതി

ആഗോളതലത്തില്‍ ജീവിവര്‍ഗ്ഗങ്ങള്‍ വന്‍തോതില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഐ. യു. സി. എന്നിന്‍റെ ഈ വര്‍ഷത്തെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 31000 ത്തിലധികം സ്പീഷീസുകള്‍ വംശനാശഭീഷണി നേരിടുന്നുണ്ട്. അതായത് ഭൂമിയില്‍ നാം കണ്ടെത്തിയിട്ടുള്ള ആകെ സ്പീഷീസുകളുടെ 27 ശതമാനം. അവയില്‍ 41% ഉഭയജീവികളും 25% സസ്തനികളും 34% പൈന്‍ വൃക്ഷവര്‍ഗ്ഗത്തില്‍പ്പെട്ട സസ്യങ്ങളും 14% പക്ഷികളും 30% സ്രാവുകളും 33% പവിഴപ്പുറ്റുവര്‍ഗ്ഗത്തില്‍പ്പെട്ടവയും 27% പുറന്തോടുള്ള (ചെമ്മീന്‍, ഞണ്ട്…) വര്‍ഗ്ഗത്തില്‍പ്പെട്ടവയും ആകുന്നു. ഇതുവരെ ഒരു ലക്ഷത്തിപതിനാറായിരത്തിലധികം സ്പീഷീസുകള്‍ റെഡ് ലിസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായി ഉള്‍പ്പെടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ 160000 സ്പീഷീസുകളെ ഇപ്രകാരം തരംതിരിക്കണമെന്നാണ് ഐ.യു.സി.എന്‍. ലക്ഷ്യമിടുന്നത്.

ഭൂമിയില്‍ 8.7 മില്യന്‍ സ്പീഷീസുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ വര്‍ഷവും ധാരാളം ജീവിവര്‍ഗ്ഗങ്ങള്‍ ഭൂമിയില്‍നിന്നും നശിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഭൂമിയില്‍ ഉള്ള സ്പീഷീസുകള്‍ എത്രയെന്ന് കൃത്യമായി അറിയാത്തതുകൊണ്ടുതന്നെ എത സ്പീഷീസുകളാണ് ഓരോ വര്‍ഷവും ഭൂമിയില്‍നിന്ന് നശിച്ചു പോകുന്നതെന്ന് നമുക്ക് കൃത്യമായി പറയാന്‍ കഴിയില്ല. അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ബാരോമീറ്റര്‍ ഉപയോഗിക്കുന്നതുപോലെ ജീവിവര്‍ഗ്ഗങ്ങളുടെ മേല്‍ ഏല്‍ക്കുന്ന മര്‍ദ്ദത്തെ അളക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതുകൊണ്ട് ഐ. യു. സി. എന്‍. റെഡ് ലിസ്റ്റിനെ “ബാരോമീറ്റര്‍ ഓഫ് ലൈഫ്’ എന്നറിയപ്പെടുന്നു.

81 സസ്തനി ഇനങ്ങള്‍, 159 പക്ഷി സ്പീഷീസുകള്‍, 30 ഉരഗ സ്പീഷീസുകള്‍, 33 ഉഭയജീവി സ്പീഷീസുകള്‍, 61 ഷഡ്പദസ്പീഷീസുകള്‍ ഉള്‍പ്പെടെ 755 ജന്തുവര്‍ഗ്ഗങ്ങള്‍, 123 സസ്യ സ്പീഷീസുകള്‍ എന്നിവ ഈ ഭൂമുഖത്തുനിന്ന് നശിച്ചുപോയതായി കണക്കാക്കിയിരിക്കുന്നു. ഐ. യു. സി. എന്നിന്‍റെ 2020ലെ കണക്കുകള്‍ പകാരം 203 സസ്തനി വര്‍ഗ്ഗങ്ങളും 225 പക്ഷിവര്‍ഗ്ഗങ്ങളും 309 ഉരഗങ്ങളും 587 ഉഭയ ജീവിവര്‍ഗങ്ങളും 595 മത്സ്യസ്പീഷീസുകളും 322 ഷഡ്പപദ സ്പീഷീസുകളും 667 മൊളസ്ക വര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുവര്‍ഗ്ഗങ്ങളും, 3325 സസ്യ സ്പീഷീസുകളും ഫംഗസ് വിഭാഗത്തില്‍പ്പെട്ട 20 സ്പീഷീസുകളും നട്ടെല്ലില്ലാത്ത 270 മറ്റു വിഭാഗങ്ങളും ഉള്‍പ്പെടെ 6523 സ്പീഷീസുകള്‍ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.

വംശനാശഭീഷണി നേരിടുന്ന 506 സസ്തനി വര്‍ഗ്ഗങ്ങള്‍, 461 പക്ഷി വര്‍ഗ്ഗങ്ങള്‍, 564 ഉരഗവര്‍ഗ്ഗങ്ങള്‍, 965 ഉഭയജീവിവര്‍ഗ്ഗങ്ങള്‍, 897 മത്സ്യസ്പീഷീസുകള്‍, 564 മൊളസ്കുകള്‍, 641 ഷഡ്പദസ്പീഷീസുകള്‍, 344 മറ്റു നട്ടെല്ലില്ലാത്ത ജീവികള്‍, ഫംഗസ് വിഭാഗത്തില്‍പ്പെട്ട 62 സ്പീഷീസുകള്‍, 6063 സസ്യസ്പീഷീസുകള്‍ എന്നിവയുടെ കണക്കും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

കൊമ്പന്‍ സ്രാവ് (Pristis pristis) കടപ്പാട് വിക്കിപീഡിയ
മലബാര്‍ വെരുക് (Viverra civettina) കടപ്പാട് worldlifeexpectancy.com
കങ്കാരു ഓന്ത് (Otocryptis beddomii) കടപ്പാട് വിക്കിപീഡിയ D momaya at English Wikipedia

ബാര്‍ബറി സിംഹം (Panthera leo leo) കടപ്പാട് വിക്കിപീഡിയ

 ഇന്ത്യയില്‍

ഇന്ത്യയില്‍ 93 ഇനം സസ്തനികള്‍, 93 ഇനം പക്ഷികള്‍, 54 ഉരഗ സ്പീഷീസുകള്‍ 75 ഉഭയജീവിവര്‍ഗ്ഗങ്ങള്‍ 235 മത്സ്യ സ്പീഷീസുകള്‍, 7 ഇനം മൊളസ്കുകള്‍, 131 ഇനം മറ്റ് നട്ടെല്ലില്ലാത്ത ജീവികള്‍, 2 ഇനം ഫംഗസുകള്‍, 428 ഇനം സസ്യങ്ങള്‍ തുടങ്ങി 1118 ഇനം ജീവിവര്‍ഗ്ഗങ്ങള്‍ ഭീഷണി നേരിടുന്നു. ഇതില്‍ 90 ജന്തുഇനങ്ങളേയും 86 സസ്യഇനങ്ങളേയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയായും 212 ജന്തുഇനങ്ങളേയും 189 സസ്യഇനങ്ങളേയും ഒരിനം ഫംഗസ് സ്പീഷീസിനേയും വംശനാശഭീഷണി നേരിടുന്നവയായും ആണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക സസ്തനി വര്‍ഗങ്ങളില്‍ 49 എണ്ണത്തില്‍ 28 ഉം 74 പക്ഷി ഇനങ്ങളില്‍ 23 ഉം 167 ഉഭയജീവി വര്‍ഗ്ഗങ്ങളില്‍ 70 എണ്ണവും 60 ശുദ്ധജല ഞണ്ടുകളില്‍ 3 എണ്ണവും വംശനാശഭീഷണി നേരിടുന്നു. ഇന്ത്യന്‍ വൈല്‍ഡ് ഡോഗ്, സിംഹവാലന്‍ കുരങ്ങ്, ഇന്ത്യന്‍ കാട്ടുപോത്ത് സ്പൂണ്‍ ബില്‍ഡ് സാന്‍ഡ്പൈപ്പര്‍ എന്ന പക്ഷി എന്നിവ ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളാണ്.

ഇന്ത്യൻ കാട്ടുനായ (Asiatic wild dog)Cuon alpinus കടപ്പാട്  വിക്കിപീഡിയ Davidvraju
സിംഹവാലന്‍ കുരങ്ങ് (Macaca albibarbatus) – കടപ്പാട് വിക്കിപീഡിയ Kalyanvarma
ഇന്ത്യന്‍ കാട്ടുപോത്ത് Bos gaurus കടപ്പാട് വിക്കിപീഡിയ N. A. Naseer

ചൂരലാമ (Cochin Forest Cane Turtle ) – Vijayachelys silvatica കടപ്പാട് വിക്കിപീഡിയ Sandeep Das

കരണ്ടിക്കൊക്കൻ മണലൂതി – Spoon-billed sandpiper – Calidris pygmaea കടപ്പാട് വിക്കിപീഡിയ JJ Harrison

 കേരളത്തില്‍

കേരളത്തിലും പശ്ചിമ ഘട്ടത്തിലുമായി കാണപ്പെടുന്ന 1850 നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ 200 സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്.  മലബാര്‍ സിവെറ്റ് (വെരുക്), സിസ്പ്പാറ ഡേ ജെക്കോ (പല്ലിയിനം), പൊന്‍മുടിയില്‍ മാതം കാണപ്പെടുന്ന സ്മാള്‍ ബുഷ് ഫ്രോഗ്, മൂന്നാര്‍ ബുഷ് ഫ്രോഗ് തുടങ്ങിയ തവളയിനങ്ങള്‍, വാഴച്ചാല്‍ വനപദേശത്ത് കണ്ടുവരുന്ന ചൂരലാമ എന്നിവ കേരളത്തില്‍ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. ആന, കാട്ടുചുണ്ടെലി, നെല്ലെലി, വാലന്‍ ചുണ്ടെലി, ഈനാംപേച്ചി, കടുവ, മുപ്പതോളം മത്സ്യങ്ങള്‍ എന്നിവയും വംശനാശഭീഷണി നേരിടുന്നുണ്ട്. മാക്രോബേക്കിയം ഗുരുദേവീ എന്ന ശുദ്ധജലകൊഞ്ചിനം വംശനാശസാധ്യതയുള്ള ജീവിയാണ്.

സിസ്പ്പാറ ഡേ ജെക്കോ Sispara day gecko
സ്മാള്‍ ബുഷ് ഫ്രോഗ് Raorchestes chotta കടപ്പാട് വിക്കിപീഡിയ Davidvraju
മൂന്നാര്‍ ബുഷ് ഫോഗ് Raorchestes munnarensis (Munnar bush frog)  കടപ്പാട് വിക്കിപീഡിയ Davidvraju

നഷ്ടപ്പെട്ടുപോകുന്ന ഓരോ സ്പീഷീസും പകൃതിയിലെ ഭക്ഷ്യശൃംഖലയിലെ ഓരോ കണ്ണികളാണ്. പകൃതിയുടെ നിലനില്‍പ്പിന് ഈ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജൈവവൈവിധ്യസംരക്ഷണം നമ്മുടെ ഭക്ഷ്യസുരക്ഷയുടെ ഭാഗം കൂടിയാണ്.


ഡോ. വി. ഉണ്ണിക്കൃഷ്ണന്‍, അധ്യാപകന്‍, ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍

അധികവായനയ്ക്ക്

  1. https://www.iucnredlist.org/
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 9
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 10
Close