Read Time:29 Minute

ഡോ.സുരേഷ് വി & ഡോ.സോജന്‍ജോസ്

ഗവ. വിക്ടോറിയ കോളേജ് പാലക്കാട്

മണ്ണില്‍ വേരുകളാല്‍ കെട്ടിപ്പിടിക്കുന്നു / ഇലകള്‍ തമ്മില്‍ തൊടുമെന്നു പേടിച്ചു / നാം അകറ്റിനട്ട മരങ്ങള്‍- വീരാന്‍ കുട്ടി

Hidden Network

മനുഷ്യ ജീവിതം ഇത്രത്തോളം പുരോഗമിക്കാനുള്ള അനേക കാരണങ്ങളില്‍ ചിലത് ആധുനിക മനുഷ്യന്റെ  പരസ്പര ബന്ധങ്ങളും,  നെറ്റ്‌വർക്കിംഗ്, കണക്റ്റിവിറ്റി തുടങ്ങിയവയിൽ  ഉണ്ടായ വിപ്ലവങ്ങളും ആണെന്ന്  പറയാം. ആധുനിക ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ബന്ധങ്ങൾ വഴി മിക്കവാറും എല്ലാ മനുഷ്യരും പരസ്പരം കണക്ടഡ് ആണ്. അതിവേഗ യാത്രാ സൌകര്യങ്ങള്‍ ലോജിസ്റ്റിക്സ് എന്നിവ സാധന സാമഗ്രികളുടെ കൈമാറ്റം  വേഗത്തിലും എളുപ്പത്തിലും ആക്കി മാറ്റി.

ജൈവ പരിണാമ ചരിത്രത്തില്‍ എന്നോ വഴിപിരിഞ്ഞു പോയ  നമ്മുടെ സോദര വിഭാഗമായ  സസ്യങ്ങള്‍ ആശയവിനിമയം, സാധന കൈമാറ്റം എന്നിവയില്‍  ഒട്ടും വികസിതമല്ല എന്നായിരുന്നു അടുത്ത കാലം വരെയുള്ള നമ്മുടെ ധാരണ. സസ്യങ്ങള്‍ക്കും  ഇത് പോലെ ഒരു  കണക്ടിവിറ്റി ഉണ്ടെങ്കിലോ ? ഒരു അതിമികച്ച ശൃംഖലയിൽ അവരും പരസ്പരം കണക്ടട് ആണെങ്കിലോ? അത്‌ വഴി വളരെ ദൂരെ ഉള്ള മരങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞാലോ? ഒരു മരത്തിനു അകലെ ഉള്ള സ്വന്തം കുഞ്ഞു തൈക്ക് ഭക്ഷണം എത്തിക്കാൻ കഴിഞ്ഞാലോ? അപകട മുന്നറിയിപ്പ് കൊടുക്കാൻ പറ്റിയാലോ? തനിക്ക് താൽപര്യമില്ലാത്ത മറ്റ് സസ്യങ്ങൾക്ക് ഭക്ഷണത്തിന് പകരം വിഷ വസ്തുക്കൾ കൊടുത്ത് നശിപ്പിക്കാൻ കഴിഞ്ഞാലോ?

എല്ലാം അറിയുന്ന Eywa

ജയിംസ് കാമറൂണിന്റെ അവതാര്‍ എന്ന സിനിമയില്‍ അവതരിപ്പിക്കുന്ന ഒരു ആശയമാണ്‌ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും പരസ്പര ബന്ധിതമായി വര്‍ത്തിക്കുന്നു എന്നത്. അതിനെ നിയന്ത്രിക്കുന്ന Eywa എന്ന ദൈവവും. അതിൽ കാണിക്കുന്ന, ഒരു  മരത്തിന്റെ വേരില്‍ നിന്നും മറ്റൊരു മരത്തിന്റെ വേരിലെക്ക് നടക്കുന്ന സിഗ്നലിംഗ് എല്ലാം സയന്‍സ് ഫിക്ഷന്‍ ആയാണ് ബഹുഭൂരിപക്ഷവും മനസിലാക്കിയത്. എന്നാല്‍ കനേഡിയന്‍ ഗവേഷക  Suzanne Simard ന്റെ കഴിഞ്ഞ പതിറ്റാണ്ടിലെ ഗവേഷണ പഠനങ്ങളോടെ സംഗതി ഏകദേശം യാഥാര്‍ത്ഥ്യം ആണ് എന്ന് ശാസ്ത്ര ലോകം മനസ്സിലാക്കി വരുന്നു.

സുസേന്‍ സിമാര്‍ഡ് (Suzanne Simard) കടപ്പാട് വിക്കിപീഡിയ

വേര്‍ കുമിള്‍ അഥവാ Mycorrhiza 

(*കുമിള്‍ എന്നും പൂപ്പല്‍ എന്നും ഉള്ള വാക്കുകള്‍ fungus എന്ന സാമാന്യ അര്‍ത്ഥത്തില്‍ മാറി മാറി ഈ ലേഖനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.)

കടപ്പാട് BBC വീഡിയോ

കൂടുതൽ വിശദമായ പോകുന്നതിനു മുൻപ് എന്താണ് കുമിള്‍, എന്താണ്  മൈക്കോറൈസ (ഇതിനെ   മലയാളീകരിച്ചു കൊണ്ട് നമുക്ക് തൽക്കാലം  വേർകുമിൾ എന്നുവിളിക്കാം) എന്നൊക്കെ നോക്കാം. കുമിളുകൾ അഥവാ പൂപ്പലുകൾ പരിണാമചരിത്രത്തിൽ സസ്യങ്ങളിൽ നിന്നും എന്നോ വഴി പിരിഞ്ഞു പോയ മറ്റൊരു കൂട്ടം ജീവനുകളാണ്. സസ്യപൂർവികരായ  പായലുകളും (Algae) ആയി ഏറെ സാമ്യം ഉണ്ടെങ്കിലും മറ്റനേകം സ്വഭാവസവിശേഷതകളിൽ ഉള്ള വ്യത്യാസത്താൽ ഹരിത സസ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു സാമ്രാജ്യത്തിൽ (Kingdom Fungi) ആണ് ഇവ ഉൾപ്പെടുന്നത്. പ്രകാശസംശ്ലേഷണം വഴി ഭക്ഷണം സ്വയം പാകം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതാണ് ഹരിത സസ്യങ്ങളുമായി ഉള്ള വ്യത്യാസങ്ങളിൽ സുപ്രധാനമായ ഒന്ന്. അതിനാൽ തന്നെ ഇവയുടെ ജീവനം മറ്റു ജീവികളിന്‍ മേൽ ഒരു പരാദമായോ അല്ലെങ്കിൽ,  ജീവിക്കുന്ന ചുറ്റുപാടിലെ മറ്റു ജീവ സംയുക്തങ്ങളെ  വിഘടിപ്പിച്ച്, അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട്  ജീവിക്കുന്ന saprophyte ആയോ, അതുമല്ലെങ്കിൽ മറ്റു ജീവികളുമായി സഹവർത്തിത്വം പുലർത്തുന്ന  സഹജീവനം (Symbiosis)  വഴിയോ ആവാം. ഇതിൽ അവസാനം പറഞ്ഞ  സഹജീവനം  എന്ന ബന്ധത്തിന് മികച്ച ഉദാഹരണമാണ് പായലുകളും പൂപ്പലുകളും ചേര്‍ന്ന ലൈക്കനുകളും (Lichens), മരങ്ങളുടെ വേരുകളുമായി സഹവര്‍ത്തിത്വം കാണിക്കുന്ന  മൈക്കോറൈസ എന്നറിയപ്പെടുന്ന വേർ കുമിളുകളും.

കടപ്പാട് BBC വീഡിയോ

ഏക്കറുകള്‍ വ്യാപിക്കുന്ന ഒറ്റ ജീവി 

പൂപ്പലിന്റെ  ശരീരഘടന വളരെ ലളിതവും എന്നാൽ അവയുടെ ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായതുമാണ്. ദശലക്ഷക്കണക്കിന് സ്പീഷീസ് പൂപ്പലുകള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും അവയിൽ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞത് വളരെ കുറവാണ് എന്ന് നിസ്സംശയം പറയാം. മനുഷ്യർക്കും സസ്യങ്ങൾക്കും ഏറെ ഉപദ്രവം സൃഷ്ടിക്കുന്ന രോഗകാരികളായ പരാദ കുമിളുകള്‍ മുതൽ നമുക്ക് ഏറെ ഉപകാരപ്രദമായ യീസ്റ്റും, ആൻറിബയോട്ടിക്കുകൾ ആദ്യം ലഭിച്ച പെൻസിലിയവും എല്ലാം കുമിളുകൾ ആണ്. ഒരു സാധാരണ കുമിളിന്റെ ശരീരം മൈക്രോസ്കോപ്പുകളില്‍ കൂടെ നോക്കിയാല്‍  മാത്രം വേർതിരിച്ചറിയാൻ കഴിയുന്ന നേർത്ത നാരുകൾ (Fungal Hyphae)  കൊണ്ട്  നിർമ്മിച്ചവയാണ് (യീസ്റ്റ് ഒഴികെ). വിവിധ കുമിളുകളിൽ ഈ നാരുകൾ അസംഖ്യം ശാഖോപശാഖകളായി പിരിക്കുകയും ചിലപ്പോൾ  ചെറിയ വേർതിരിവുകൾ (Septa) ഉള്ളതുമാവും.

വലിയൊരു വിഭാഗം കുമിളുകൾ ചില ഹരിത സസ്യങ്ങളുടെ വേരുകളുമായി സഹജീവനം  നടത്തുകയും അവയുടെ ബന്ധം അത്യന്താപേക്ഷിതമാം വിധം പരിണമിക്കുകയും ചെയ്തു.  കുമിളുകൾക്കും സസ്യങ്ങൾക്കും ഉപകാരപ്രദമായ ഒരു ബന്ധം ആണ് ഇങ്ങനെ വികസിച്ചു വന്നത്. മണ്ണിൽ ഈ കുമിളുകൾ അതി ബൃഹത്തതായ ഒരു ശൃംഖല ഉണ്ടാക്കും, കേവലം ഒരു മരത്തിന്റെ വേരുകൾ ആയി അല്ല, ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഈ കുമിൾ ശൃംഖല ഒരേ സമയം അനവധി മരങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടാകും. ഇത്തരം കുമിളിന്റെ വേരുമായുള്ള ഇടപെടൽ രീതി അനുസരിച്ച്  രണ്ടായി തരം തിരിച്ചിട്ടുണ്ട്. വേരുകളുടെ കോശങ്ങളുമായി ബാഹ്യബന്ധം സ്ഥാപിക്കുന്നവയെ Ectomycorrhiza എന്നും വേരിലെ കോശങ്ങൾക്ക് അകത്തേക്ക് ബന്ധം സ്ഥാപിക്കുന്നവയെ endomycorrhiza എന്നും വിളിക്കുന്നു. Endomycorrhiza കളില്‍ വേരിനകത്ത് ചെറു മരങ്ങൾ പോലെ ശാഖകൾ  സ്വന്തം നാരുകൾ കൊണ്ട് തീർക്കുന്നവയാണ് Arbescular Mycorrhiza  അഥവാ A  M fungi.

വിശിഷ്ട കുമിള്‍ 

നമ്മുടെ കൂണുകൾ, കുമിള്‍  വർഗ്ഗത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു വിഭാഗമാണ്. എന്നാൽ കൂണുകളുടെ ശരീരം പുറമേ കാണുന്ന വലിയ കുട പോലെയുള്ള ഭാഗം മാത്രമല്ല  അതിനടിയിലായി, മണ്ണിനുള്ളിൽ മീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന കുമിള്‍ മൈസീലിയം (Fungal Mycelium) നാരുകളുടെ ഒരു വലിയ ശൃംഖല തന്നെയുണ്ട്. നമ്മള്‍ കാണുന്ന അനേകം കൂണുകളുടെ മൈസീലിയം ജീവിക്കുന്നത് വേര്‍കുമിള്‍ (Mycorhiza) ആയാണ്.  അതായത് അതിനു യോജിക്കുന്ന സസ്യങ്ങളുടെ കൂടെ വേരുകളില്‍ പടര്‍ന്നു കയറി, മരത്തില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിച്ചു, കൊണ്ടും കൊടുത്തും കഴിയും,   ഈ ശൃംഖല പ്രത്യുല്പാദന ദശയിലേക്ക് കടക്കുമ്പോൾ വിത്ത് (Spore) ഉല്‍പാദനത്തിനും വിതരണത്തിനും ആയി  ഉണ്ടാവുന്ന സവിശേഷ രൂപങ്ങളാണ് നമ്മൾ കൂണുകൾ ആയി കാണുന്നത്.  നാം അറിയുന്ന ഏറ്റവും വിലയേറിയ കുമിള്‍ ആയ ട്രഫിളിന്റെയും (Truffle) മോറെലിന്റെയും (Morel)  കുമിള്‍ ശരീരമായ മൈസീലിയം വേര്‍കുമിള്‍ (Mycorhhiza)  ആയാണ് കാണപ്പെടുന്നത്. ഒരേ ഇനത്തില്‍ വരുന്ന കുമിളുകള്‍ ആയ ഇവ രണ്ടിന്റെയും വിത്തുല്പാദന രൂപങ്ങള്‍ ആണ് വിലമതിക്കാനാവാത്ത വിശിഷ്ട ഭോജ്യങ്ങള്‍ ആയ ട്രഫിളും മോറെലും.

മരങ്ങള്‍ സംസാരിക്കുമ്പോള്‍ 

ഈ ശൃംഖല വഴി കുമിളുകൾ മരങ്ങൾ ഉത്പാദിപ്പിക്കുന്ന കാർബണ്‍ സംയുക്തങ്ങൾ ഊർജ്ജ സ്രോതസ്സായി സ്വീകരിക്കുകയും, തിരിച്ചു ജലവും മറ്റു ലവണങ്ങളും മണ്ണിൽ നിന്നും ആഗിരണം ചെയ്തു വേരുകളിൽ  എത്തിക്കുകയും   ചെയ്യുന്നു. ഇത് മാത്രം ആണ് ഇവ തമ്മിലുള്ള ബന്ധം എന്നാണ് ആദ്യ കാലത്ത് മനസ്സിലാക്കിയിരുന്നത്. എന്നാൽ ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി നടക്കുന്ന ഗവേഷണങ്ങള്‍ ഈ കുമിൾ നെറ്റവർക്ക് ചെറിയ കളിയല്ല എന്നു കാണിക്കുന്നു.

തിരിച്ചറിയപ്പെട്ടതും അല്ലാത്തതുമായ ഒട്ടനേകം കുമിൾ സ്പീഷീസുകൾ മണ്ണിൽ ഉണ്ടാകും എന്ന് പറഞ്ഞല്ലോ. അതിനാൽ തന്നെ ഇതിന്റെ ശൃംഖല മണ്ണിൽ അതീവ സങ്കീർണമാണ്. ഒരു വൃക്ഷ തൈ മുളക്കുമ്പോൾ തന്നെ മണ്ണിലുള്ള അതിന്റെ പങ്കാളി കുമിൾ വൃക്ഷതൈയുടെ വേരുകളുമായി ബന്ധം സ്ഥാപിച്ചു കഴിയും. വൃക്ഷത്തിന്റെ തുടർന്നുള്ള വളർച്ചക്ക് ഈ ബന്ധം ഏറെ സഹായിക്കുന്നു. തൈ വളർന്നു വൻമരം ആകുന്തോറും വേരിലെ കുമിൾ ശൃംഖല കൂടുതൽ വ്യാപിക്കുകയും അതിന്റെ വൈവിധ്യം കൂടുകയും ചെയ്യും. ഒരു മരം ഒരു സ്ഥലത്ത് ഒറ്റക്ക് ആണ് വളരുന്നതെങ്കിൽ അതിന്റെ വേർകുമിൾ വൈവിധ്യം വനമേഖലയിലെ മരത്തെ അപേക്ഷിച്ച് താരതമ്യേന കുറവ് ആയിരിക്കും.

 

 

കടപ്പാട് science.sciencemag.org

ഇനി ഈ കുമിൾ ശൃംഖല വഴി നടക്കുന്ന ക്രയവിക്രയങ്ങൾ നോക്കാം. പരിണാമ സംഹിത അനുസരിച്ച് ഒരു വന  മേഖലയിലെ മരങ്ങൾ എല്ലാം വെള്ളത്തിനും മറ്റ് വിഭവങ്ങൾക്കുമായി അതികഠിന മത്സരത്തിൽ ആയിരിക്കണം. എന്നാൽ റേഡിയോ കാർബൺ ട്രാക്കിങ് വഴി നടത്തിയ പഠനങ്ങൾ വെളിവാക്കുന്നത് ഈ മരങ്ങൾ പരസ്പരം ലവണങ്ങളും മറ്റു വിഭവങ്ങളും  ഈ കുമിൾ ശൃംഖല വഴി കൈമാറുന്നു എന്നാണ്. ശൃംഖലയിലെ ഏറ്റവും പ്രായമുള്ള മരത്തിനെ തായ് വൃക്ഷങ്ങൾ (Mother Trees) എന്നു വിളിക്കാം. ഏക്കറുകൾ പരന്നു കിടക്കുന്ന വനമേഖലയിൽ ഇത് പോലെ അനേകം തായ് വൃക്ഷങ്ങൾ ഉണ്ടാവും. അതേ ശൃംഖലയിലെ ബലഹീനരായ മറ്റു സസ്യങ്ങൾക്ക് കൂടുതൽ കർബണിക ഊർജ്ജ സംയുക്തങ്ങൾ കുമിൾ ശൃംഖല വഴി തായ് വൃക്ഷങ്ങൾ അയച്ചു കൊടുക്കും. ഒരു തരം അപരനെ കുറിച്ചുള്ള കരുതൽ തന്നെ. Birch  മരങ്ങളും fir മരങ്ങളും തമ്മിലുള്ള സംയുക്ത കൈമാറ്റം റേഡിയോ കാര്‍ബണ്‍ പരീക്ഷണങ്ങള്‍ വഴി  Suzanne Simard തെളിയിച്ചു. ഇതില്‍ ഒരു മരം തണലില്‍ ആകുമ്പോള്‍ മറ്റേ മരം കൂടുതല്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ (ഊര്‍ജ്ജം) തണലില്‍ നില്‍കുന്ന മരത്തിനു അയച്ചു കൊണ്ട് സഹായിക്കുന്നതായും അവര്‍ കണ്ടെത്തി.

സമാന്തര ശൃംഖലകൾ

പൊതു ഉപയോഗത്തിനും  രാജ്യ സുരക്ഷാ ആവശ്യങ്ങൾക്കും വെവ്വേറെ നെറ്റ് വർക്ക് വ്യത്യസ്ത രാജ്യങ്ങൾ ഉപയോഗിക്കുന്ന പോലെ കുമിളിനും അനേകം സമാന്തര ശൃംഖലകൾ  ഉണ്ട്. ഓരോ ശൃംഖലയിലും ഉള്ള കുമിൾ സ്പീഷീസും മരങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും. കുമിളുകളും അതിന്റെ സഹകാരി വൃക്ഷങ്ങളും തമ്മില്‍ ഒരു Species specificity ഉണ്ട്, എല്ലാ കുമിളുകളും എല്ലാ മരങ്ങളുമായും ബന്ധം സ്ഥാപിക്കില്ല. അവ തമ്മില്‍ ചേരുന്നവയേ ചേരൂ. മണ്ണിലുള്ള കുമിള്‍ സ്പീഷീസുകള്‍ ഒരു ചെറിയ ശതമാനം പോലും  ഇപ്പോഴും മനുഷ്യന്  പിടി കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഇത് പോലെ അനേകം സമാന്തര ശൃംഖലകൾ ഓരോ വന മേഖലയിലും ഉണ്ടാവും, അത് പോലെ തന്നെ അവ ഓരോന്നുമായും ബന്ധപ്പെട്ടു കിടക്കുന്ന മരങ്ങളും.

Created by Matt Britt using data from the OPTE project. Released under the Creative Commons Attribution license version 2.5

വിൽപത്രം

മരണാസന്നമാകുന്ന മരങ്ങൾ തങ്ങളുടെ ആയുസ്സിന്റെ സമ്പാദ്യമായ വിഭവങ്ങൾ കൈമാറുന്നത്  തന്റെ വേര്പടലത്തിലെ കുമിൾ വലകളിലേക്ക് ആയിരിക്കും. കീട രോഗ അക്രമണം കൊണ്ടോ മറ്റെന്തെകിലും കാരണം കൊണ്ടോ അന്ത്യം അടുത്ത് എത്തിയ മരങ്ങള്‍ അതിന്റെ ജീവിതകാല  സമ്പാദ്യമായ പോഷകങ്ങള്‍ പാഴായി പോകാന്‍ സമ്മതിക്കില്ല, അത് മുഴുവന്‍ കുമിള്‍ ശൃംഖലയിലേക്കും അത് വഴി ബന്ധപ്പെട്ടു കിടക്കുന്ന  മറ്റു മരങ്ങളിലേക്കും ഒഴുക്കും.    അതു വഴി  ഒരു resource റീസൈക്ലിങ് നടത്തുകയും തന്റെ സഹോദരരായ വൃക്ഷങ്ങളുടെ അതിജീവനം ഉറപ്പു വരുത്തുകയും ചെയ്യുന്നു.  മരണാസന്നനായ കാരണവർ സ്വന്തം സമ്പാദ്യം  കുടുംബാംഗങ്ങൾക്ക് വീതം വെക്കുന്ന പോലെ ഓരോ മരവും തന്റെ അവസാനം ആയുഷ്കാല സമ്പാദ്യം സസ്യ കുടുംബത്തിന് ഉള്ളിൽ തന്നെ വീതം വെക്കാൻ ഉള്ള മാധ്യമം ആയി കുമിൾ ശൃംഖലയെ ഉപയോഗിക്കുന്നു.

ഒരൽപ്പം സ്വാർഥത

ഒരു വൃക്ഷം അതിന്റെയും  മറ്റനേകം സ്പീഷീസും ഉൾപ്പെടുന്ന  കുമിൾ  ശൃംഖല വഴി ബന്ധം ഉണ്ടാകും എന്നും, അവ തമ്മിൽ കർബണിക ഊർജ്ജ സംയുക്തങ്ങൾ കൈമാറ്റം നടക്കുകയും ചെയ്യുന്നുണ്ട് എന്നു പറഞ്ഞല്ലോ. ഈ ശൃംഖലാ അംഗങ്ങളിൽ തായ് വൃക്ഷത്തിന്റെ കുഞ്ഞു ചെടികളും കാണും. ശൃംഖലയിൽ സ്വന്തം ജനിതകം തിരിച്ചറിയുന്ന തായ് വൃക്ഷം അതിലേക്ക് പക്ഷപാതപരമായി കൂടുതൽ resources അയക്കും, മരത്തിനും തൻ കുഞ്ഞ് പൊൻ കുഞ്ഞ്. ഇങ്ങനെ തായ് വൃക്ഷങ്ങള്‍ ചെറു സസ്യങ്ങളുടെ വളർച്ചക്ക് വലിയ രീതിയിൽ സഹായിക്കുന്നു, ഒരു കൂട്ടത്തില്‍ സ്വന്തം ബന്ധുക്കളോട് സ്വജനപക്ഷപാതം കാണിക്കുന്നത് മനുഷ്യര്‍ മാത്രം അല്ല, മരങ്ങളും ഉണ്ട്.  പരിണാമപരമായി കൈമാറി വന്ന സ്വാര്‍ത്ഥ സ്വഭാവം ആണത്  (Pickles et al, 2017).

കുമിൾ ശൃംഖല എന്ന information gateway

ശത്രു കീടങ്ങൾ അക്രമിക്കുമ്പോഴും മറ്റു വെല്ലുവിളികൾ നേരിടുമ്പോളും സസ്യങ്ങൾ മറ്റു സസ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായി മുൻപേ നടന്ന ഗവേഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വായുവിലൂടെ പരക്കുന്ന ജാസ്മോനൈറ്റുകൾ ഇതിനായി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വായുവിലുള്ള ജാസ്മോനൈറ്റുകൾ  പിടിച്ചെടുക്കുന്ന മറ്റു സസ്യങ്ങള്‍ അപകടം തിരിച്ചറിഞ്ഞു പ്രതിരോധം ശക്തിപ്പെടുത്തുകയും, കീട ആക്രമണം ആണെങ്കില്‍ ശത്രു കീടങ്ങളെ വിളിച്ചു വരുത്തി കൊട്ടേഷന്‍ കൊടുക്കുകയും ചെയ്യും. എന്നാൽ വേര്‍ കുമിൾ ശൃംഖലയിലെ പഠനങ്ങൾ തെളിയിക്കുന്നത്  ഇത്തരം അപകട മുന്നറിയിപ്പ് നൽകാനായി സസ്യങ്ങൾ ഈ കുമിൾവലയും ഉപയോഗിക്കുന്നു എന്നാണ്.  ശൃംഖലയിലെ ഒരു ബിർച് മരം അസുഖ ബാധിധമായപ്പോൾ  അതേ ശൃംഖലയിലെ മറ്റു  മരങ്ങൾക്ക്  മുന്നറിയിപ്പ് സന്ദേശം കുമിൾശൃംഖല വഴി കൈമാറുകയും അവയെല്ലാം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുതത്തിയതായും വന മേഖലയില്‍ നടത്തിയ  പഠനങ്ങള്‍ കാണിക്കുന്നു (Babikova et al, 2013). അല്ലെങ്കിലും ഒരു അത്യാപത്ത് വരുമ്പോള്‍ നേരിട്ട് വിളിച്ചു പറയുന്നത് ലാന്‍ഡ്‌ ഫോണുകള്‍ വഴി ആവുന്നതല്ലേ അങ്ങാടിയിൽ നിന്നു കേൾക്കുന്ന സന്ദേശത്തേക്കാള്‍ കൂടുതല്‍ വിശ്വാസ്യം, ഒരു പ്രദേശത്തെ മുഴുവന്‍ മരങ്ങളുടെയും വേരുകളെ ബന്ധപ്പെടുത്തി നില്‍ക്കുന്ന Fungus Mycelium പോലെ ഒരു ലാന്‍ഡ്‌ ലൈന്‍ നെറ്റ്വര്‍ക്ക് bsnl ന് പോലും കാണില്ല.

സൈബര്‍ ക്രൈം 

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപകമായതോടെ ഒപ്പം വ്യാപകമായതാണ് അത് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും. എന്തിനും ഒരു മറുവശം കൂടെ ഉണ്ടല്ലോ. കുമിള്‍ ശൃംഖല കുറ്റകൃത്യങ്ങള്‍ക്കും വേദിയാണ്.  അല്ലീലൊപ്പതി (Allelopathy) എന്ന രാസ യുദ്ധം ചില വിഭാഗം  സസ്യങ്ങള്‍ക്ക് പണ്ടേ ഉള്ള ഒരു ശീലം ആണ്. മണ്ണിലെ വിഭവങ്ങൾക്ക് വേണ്ടി പോരാടുന്ന ഇതര സസ്യങ്ങളെ തളർത്താനും തകർക്കാനും ഈ വേർകുമിൾ വലകൾ വഴി വിഷരാസ വസ്തുക്കൾ വിതരണം നടത്തുന്ന വില്ലന്മാരും സസ്യങ്ങൾക്കിടയിലുണ്ട്.  Black Walnut പോലെ ഉള്ള സസ്യങ്ങള്‍ തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിലേക്ക് മറ്റു സസ്യങ്ങള്‍ക്ക് ഹാനികരമായ രാസ വസ്തുക്കള്‍ നിക്ഷേപിക്കാനായി കുമിള്‍  ശൃംഖലയെ വിജയകരമായി ഉപയോഗിക്കുന്നവർ ആണ്. അവ പുറപ്പെടുവിക്കുന്ന വിഷം ഈ ശൃംഖല  വഴി മറ്റു സസ്യങ്ങളിലെക്ക് പകരുകയും അവയുടെ നില നില്‍പ്പ് തന്നെ അപകടത്തില്‍ ആക്കുകയും ചെയ്യുന്നു (Achatz et al, 2014).

Epipogium aphyllum എന്ന ഓർക്കിഡ് കുമിൾ കടപ്പാട് വിക്കിപീഡിയ

പ്രേതങ്ങളുടെ ഹാക്കിങ്

ഏറ്റവും സുരക്ഷിതമായ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ പോലും നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുന്ന വിരുതന്മാരെ ഹാക്കർ എന്നു വിളിക്കാറുണ്ടല്ലോ. പലപ്പോഴും ഉയർന്ന സുരക്ഷ ഒക്കെ ഉണ്ട് എന്ന് അവകാശപെടുന്ന കമ്പ്യൂട്ടർ ശൃംഖലകളിൽ ഇവർ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല. നമ്മുടെ കുമിൾ നെറ്റവർക്കിനെയും ഹാക്ക് ചെയ്ത് വിഭവങ്ങൾ ചോർത്തുന്ന വിരുതന്മാർ ഉണ്ട്. Ghost orchids, Monotropa  തുടങ്ങിയ സസ്യങ്ങൾ ആണ് ഈ വിരുതന്മാർ. ഹരിതകം ഇല്ലാത്ത Epipogium aphyllum എന്ന ഓർക്കിഡ് കുമിൾ ശൃംഖലയിൽ നിന്നും ഊർജ്ജം സ്വീകരിച്ചു മണ്ണിനടിയിൽ വളരുകയും പുഷ്പിക്കുന്ന സമയം ആകുമ്പോൾ മാത്രം ഒരു കൂട്ടം പൂ മൊട്ടുകൾ മണ്ണിലെ തണ്ടിൽ നിന്നും പൊങ്ങി പുറത്തേക്ക് വരികയും വിരിഞ്ഞു വിത്തായി മണ്ണിൽ കിടക്കുകയും ചെയ്യും. മണ്ണിൽ നിന്നും പെട്ടെന്ന് പൊങ്ങി പുഷ്പങ്ങൾ വരുന്നതിനാൽ ആണ് ഇവയെ Ghost orchids അല്ലെങ്കില്‍  പ്രേത ഓർക്കിഡുകൾ എന്നു വിളിക്കുന്നത് (Liebel at al., 2011).

പോറ്റമ്മ കുമിള്‍ 

പ്രേത ഓര്‍ക്കിഡുകള്‍ കുമിള്‍ നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്ത് ജീവിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ഓര്‍ക്കിഡ് വിത്തുകള്‍ക്കും മുളയ്ക്കണം എങ്കില്‍ വേര്‍ കുമിളിന്റെ സഹായം വേണം. ഓര്‍ക്കിടുമായി സഹജീവനം നടത്തുന്ന വേര്‍ കുമിളുകള്‍ ഓര്‍ക്കിഡ് വേര്‍ കുമിളുകള്‍ (Orchid Mycorrhiza) എന്നാണ് അറിയപ്പെടുന്നത്. മറ്റു സസ്യങ്ങളുടെ വിത്തിനെ അപേക്ഷിച്ച് ഓര്‍ക്കിഡ് വിത്തുകളുടെ പ്രത്യേകത അവക്ക് വിത്തില്‍ ഭക്ഷണം ശേഖരിച്ചു വെച്ചിട്ടില്ല എന്നതാണ്(Non Endospermous). ഒരു കൊച്ചു സസ്യ ഭ്രൂണവും അതിനെ ചുറ്റി ഒരു ആവരണവും മാത്രം ആണ് ഓര്‍ക്കിഡ് വിത്തിന്റെ ഘടന. അതിനാല്‍ തന്നെ മണ്ണില്‍ എത്തുന്ന വിത്തിനു മുളക്കാന്‍  ആവശ്യമുള്ള ഊര്‍ജ്ജം ലഭിക്കുന്നത് അനുയോജ്യ കുമിള്‍ മൈസീലിയം  അതിനെ സഹായിക്കാൻ എത്തിയാൽ മാത്രമാണ്‌. അമ്മക്കും കുഞ്ഞിനും ഇടയിലെ പൊക്കിൾകൊടിയുടെ ബന്ധമാണ് മണ്ണിനും ഓർക്കിഡ് വിത്തിനുമിടയിലെ വേർകുമിളിനുള്ളത്.  ആ കുമിൾ മൈസീലിയം വിത്തിൽ പടർന്ന് കയറി മണ്ണിലെ പോഷകങ്ങൾ വിത്തിലേക്ക് എത്തിച്ചു കൊടുത്താലേ ഓർക്കിഡ് വിത്തിന്റെ പിന്നീടുള്ള വളർച്ച നടക്കൂ, ഇലകൾ എല്ലാം വന്നു സ്വന്തം ഭക്ഷണം ഉണ്ടാക്കുന്നത് വരെ കുമിളാണ് പോറ്റമ്മ, ഇനി വളർന്നാലും വേർകുമിൾ ജലവും ലവണങ്ങളും മണ്ണിൽ നിന്നും വലിച്ചെടുക്കുന്നതിനു സഹായിക്കും . കുമിൾ ഇല്ലാതെ ഇത്തരം ഓർക്കിഡുകൾക്ക് നിലനിൽപ്പ് സാധ്യമല്ല.

ഭൂമിക്ക് അടിയിലെ സ്വതന്ത്ര വിപണി (Free Market Economy)

ഇത്രയും സമയം കുമിൾ മൈസീലിയത്തെ വയറുകൾ പോലെ ഒരു അജൈവ ശൃംഖല അല്ലെങ്കിൽ നെറ്റ് വർക്ക് പോലെ ആണ് നമ്മൾ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ അവയും പരിണമിക്കുന്ന  ജീവികള്‍ ആണല്ലോ. മരങ്ങളുടെ വേരുകളുമായുള്ള ബന്ധത്തില്‍ അവക്ക് കാര്‍ബണ്‍ സംയുക്തങ്ങള്‍ മേലനങ്ങി പ്രകാശ സംശ്ലേഷണ പണി എടുക്കാതെ തന്നെ കിട്ടുന്നുണ്ടല്ലോ. തിരിച്ചു മരങ്ങള്‍ക്ക് വെള്ളവും ഫോസ്ഫറസ് പോലെ ഉള്ള ലവണങ്ങളും മറ്റും മണ്ണിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വേർകുമിൾ ശേഖരിച്ചു വേരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രവൃത്തി ചുമ്മാ അങ്ങ് നടക്കുകയല്ല. ഒരു മാര്‍ക്കറ്റില്‍ എന്ന പോലെ  കുമിളും മരവും തമ്മില്‍ ഏറെ വില പേശലും മറ്റും നടക്കുന്നുണ്ട്. മരങ്ങള്‍ക്ക് ഏറെ ആവശ്യമുള്ള ഒരു വിഭവം ആണ് ഫോസ്ഫറസ്, ഒരു കുമിള്‍ മൈസീലിയം തന്നെ വിവിധ മരങ്ങളുമായും ബന്ധം ഉണ്ടാവും എന്ന് മുന്നേ തന്നെ പറഞ്ഞതാണല്ലോ. ഏതെങ്കിലും ഒരു മരത്തിന്‍റെ വേര് പടലത്തില്‍ ഫോസ്ഫറസ് ആവശ്യത്തിനു ഉണ്ട് എന്ന് കരുതുക, അവിടെ സ്വാഭാവികമായും കുമിളില്‍ നിന്നുള്ള ഫോസ്ഫറസിന് demand കുറവായിരിക്കും, സ്വാഭാവികമായും ആ ഭാഗത്ത് കൊടുക്കുന്ന ഫോസ്ഫറസിന് വലിയ കാര്‍ബണ്‍ വില കിട്ടില്ല, സാധാരണ പോലെ കിട്ടുന്ന നക്കാപ്പിച്ച കാര്‍ബണ്‍ കൊണ്ട് തൃപ്തി അടയേണ്ടി വരും. അപ്പോള്‍ ആ ഭാഗത്ത് അധികം ഫോസ്ഫറസ് ചിലവാക്കാതെ കുമിള്‍ അത് സൂക്ഷിക്കും, മറ്റൊരു ഭാഗത്ത് മണ്ണില്‍ ഫോസ്ഫറസ് അളവ് തീരെ ഇല്ല എന്ന് കരുതുക. സ്വാഭാവികമായും അവിടെ കുമിള്‍ ബ്രാന്‍ഡ്‌  ഫോസ്ഫറസിന് വന്‍ ഡിമാന്റ്‌  ആവും. അതിനു വേണ്ടി എന്തും കൊടുക്കാന്‍ മരങ്ങള്‍ തയ്യാറാവും. അവിടെ കൊടുക്കുന്ന ഓരോ തരി ഫോസ്ഫറസിനും ചോദിക്കുന്ന കാര്‍ബണ്‍ മൊത്തമായി കിട്ടും, സ്വാഭാവികമായും കുമിള്‍ സമ്പാദിക്കുന്ന ഫോസ്ഫറസ് ഭൂരിഭാഗവും ഇങ്ങനെ ഡിമാന്റ്‌ ഉള്ള മേഖലയില്‍ ചിലവാക്കി നല്ല കാര്‍ബണ്‍ ലാഭം ആയി കൊയ്യും (Cossins, 2019).

കടപ്പാട് science.sciencemag.org

കാട്ടിൽ നിന്നും കിട്ടിയ ഒരു വിത്തോ അല്ലെങ്കിൽ ചെടിയോ നാട്ടിൽ മറ്റൊരിടത്ത് നട്ടുവളർത്താൻ ശ്രമിച്ചിട്ടുണ്ടോ? പലപ്പോഴും വിത്തുകൾ മുളക്കുകയോ, ചെടികൾ വളരുകയോ ചെയ്യാറില്ല. മണ്ണിൽ പറ്റിയ കുമിൾ ശൃംഖലയുടെ അഭാവം ആണ് ഇങ്ങനെ ചെടികൾ ഉണങ്ങാൻ ഉള്ള പ്രധാന കാരണം.  കുഞ്ഞു ചെടി മണ്ണോട് കൂടി മാറ്റി നടുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ടല്ലോ. മണ്ണിലെ കുമിളോട് കൂടെ മാറ്റി നടുമ്പോൾ നില നിൽക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ചെടിയുടെ നില നില്‍പ്പിനു കുമിള്‍ ശൃംഖല അത്യന്താപേക്ഷിതമാണ്. ഒരുപക്ഷേ കാണാമറയത്തെ ഈ കുഞ്ഞൻ കുമിൾ വലകളാണ് നാം പുറമെ കാണുന്ന ജീവലോകത്തിന്റെ വളർച്ചയെ നിയന്ത്രിക്കുന്നത്  എന്നു പറഞ്ഞാൽ ഇനി വിശ്വസിച്ചെ പറ്റൂ.


BBC തയ്യാറാക്കിയ വീഡിയോ കാണാം

  Suzanne Simard ന്റെ TED അവതരണം

അധികവായനയ്ക്ക്

  1. Whiteside, Matthew D., et al. “Mycorrhizal fungi respond to resource inequality by moving phosphorus from rich to poor patches across networks.” Current Biology 29.12 (2019): 2043-2050.
  2. Cossins, Daniel. “Fungi trade with plants like a stock market.” New Scientist 242 (2019): 14.
  3. Liebel, Heiko T., and Gerhard Gebauer. “Stable isotope signatures confirm carbon and nitrogen gain through ectomycorrhizas in the ghost orchid Epipogium aphyllum Swartz.” Plant Biology 13.2 (2011): 270-275.
  4. Achatz, Michaela, and Matthias C. Rillig. “Arbuscular mycorrhizal fungal hyphae enhance transport of the allelochemical juglone in the field.” Soil Biology and Biochemistry 78 (2014): 76-82.
  5. Babikova, Zdenka, et al. “Underground signals carried through common mycelial networks warn neighbouring plants of aphid attack.” Ecology letters 16.7 (2013): 835-843.
  6. Pickles, Brian J., et al. “Transfer of 13C between paired Douglas‐fir seedlings reveals plant kinship effects and uptake of exudates by ectomycorrhizas.” New Phytologist 214.1 (2017): 400-411.
  7. Wohlleben, Peter. The hidden life of trees: What they feel, how they communicate—Discoveries from a secret world. Greystone Books, 2016.

 

Happy
Happy
25 %
Sad
Sad
13 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post ജോൺ ടിൻഡാൽ
Next post കോവിഡ് കൂടുതല്‍ നല്ല ലോകത്തെ സൃഷ്ടിക്കുമോ ?
Close