Read Time:42 Minute

ഡി. രഘുനന്ദന്‍

അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡണ്ടും, ഡൽഹി സയൻസ് ഫോറത്തിന്റെ മുതിർന്ന പ്രവർത്തകനുമായ ഡോക്ടർ ഡി രഘുനന്ദനൻ 2007ല്‍ എഴുതിയ ലേഖനം. ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴും ഏറെ പ്രസക്തം. പരിഭാ‍ഷ:  ജയ് സോമനാഥൻ വി കെ

നമ്മുടെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പാരിസ്ഥിതിക മാറ്റങ്ങൾ നിരവധി തവണ സംഭവിച്ചിട്ടുള്ളതായി കാണാൻ കഴിയും. ഏതാണ്ട് ഒന്നര ലക്ഷം വർഷങ്ങൾക്ക് മുമ്പ്, മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമയുഗങ്ങളനവധി കടന്ന് പോയിട്ടുണ്ട്. ഇതിന്റെ ഫലമായി ലോകത്തിന്റെ പരിസ്ഥിതി കനത്ത ആഘാതങ്ങൾക്ക് വിധേയമാവുകയും എല്ലാ തരത്തിലുമുള്ള ജീവജാലങ്ങൾ നശിച്ച് പോവുകയുമുണ്ടായി.കാലാവസ്ഥാ മാറ്റങ്ങളുടേതായ ഈ പാരിസ്ഥിതിക ചാക്രികത അമ്പതിനായിരം മുതൽ ഒരു ലക്ഷം വർഷം വരെ നില നിന്നു.ഇതിന്റെ ഫലമായി ഭൂമിയിലെ ചൂടിൽ ഏറ്റക്കുറച്ചിലുണ്ടായി. ഈ പാരിസ്ഥിതിക മാറ്റങ്ങൾക്ക് പുറമെ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളും ഭൂമിയുടെ താപനിലയിലും, പരിസ്ഥിതിയിലും മാറ്റങ്ങൾക്ക് കാരണമായി.ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ ദീർഘകാലം നിലനിൽക്കും.

പരിസ്ഥിതിയും സമൂഹവും

മാനവസംസ്കാരത്തിന്റെ വികാസ ഘട്ടങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും, പ്രകൃതി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വികസിച്ച്‌ വന്ന നിരന്തര ബന്ധങ്ങളും മൂലം മറ്റാരു തരത്തിലുള്ള പാരിസ്ഥിതിക മാറ്റങ്ങൾ കൂടി സംഭവിക്കാൻ തുടങ്ങി. പുരാതന കാലഘട്ടത്തിൽ വേട്ടയാടലും പ്രകൃതിയിലെ ഉത്പ്പന്നങ്ങൾ സ്വരൂപിക്കലുമായി ചെറിയ സമൂഹങ്ങളായാണ് നില നിന്നിരുന്നത്.കൃഷിയുടെ സ്ഥായിയായ വികാസത്തോടൊപ്പം ജനസംഖ്യയും വർദ്ധിച്ചപ്പോൾ ഉദ്പാദനം വർദ്ധിപ്പിക്കേണ്ടി വന്നു.ഇത് പരിസ്ഥിതിയേയും ബാധിച്ചു തുടങ്ങി. ഗംഗാതടങ്ങളേപ്പോലുള്ള സ്ഥലങ്ങളിൽ വൻതോതിൽ വനങ്ങൾ വെട്ടി തെളിയിച്ചു. ഇതിന്റെ ഫലമോ? തണുത്തുറഞ്ഞ് കിടന്നിരുന്ന ഈ പ്രദേശമാകെ ചൂട് പിടിക്കാൻ തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പരിസ്ഥിതി ഈ മാറ്റങ്ങൾക്കനുസരിച്ച് പരുവപ്പെടാനും പുതിയൊരു തലത്തിലേക്ക് സാമൂഹ്യഘടനയെ പരിപോഷിപ്പിക്കാനും തുടങ്ങി.

യൂറോപ്പിൽ വ്യവസായവൽക്കരണത്തിന്റെ തുടക്കവും, കോളനിവൽക്കരണത്തിന്റെ വിജയവും സംഭവിച്ചതോടെ ലോകം മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ കൈപ്പിടിയിലൊതുങ്ങാനും, പരിസ്ഥിതി പുതിയ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയമാവാനും തുടങ്ങി.ഈ ആക്രമണത്തിന്റെ തോത് വളരെ വലുതും അതിന്റെ ആഗോളവ്യാപ്തി വളരെ വ്യാപകവും ആയിരുന്നു.പരിസ്ഥിതിക്കുള്ള പുനരുജ്ജീവനശക്തിയേപ്പോലും പലപ്പോഴും ഇത് ബാധിച്ച് തുടങ്ങി.

ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിൽ ഇപ്പോൾ മനുഷ്യർക്ക് വിവിധങ്ങളായ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആഫ്രിക്കയിലെ സഹാറ പ്രദേശങ്ങളിലെ മരുഭൂമിയുടെ വ്യാപനം, ശാന്തസമുദ്രത്തിലെ മത്സ്യങ്ങളിലുണ്ടായ വൻ തോതിലുള്ള കുറവ്, ഇന്ത്യയിലേയും പല രാഷ്ട്രങ്ങളിലേയും ജലദൗർലഭ്യം, … തുടങ്ങിയവ ഇവയിൽ ചിലതാണ്‌. പരിസ്ഥിതിക്ക് മാത്രമല്ല നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി, ജലം, മത്സ്യം… കൂടാതെ പ്രകൃതിയിലെ ഉത്പ്പന്നങ്ങളെ ആശ്രയിച്ച് കഴിയുന്ന മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.

ആഗോള താപനവും അതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാതങ്ങളും മൂലം മാനവരാശിയുടെ മുന്നിലെ ഏറ്റവും വലിയ വിപത്ത് പാരിസ്ഥിതികമാറ്റങ്ങൾ തന്നെയാണ് .

ഇതെ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകന്നതെങ്കിൽ മറ്റ് ഗംഭീര പ്രശ്നങ്ങൾക്കൊപ്പം തന്നെ ചൂടിന്റെ അളവും കൂടിക്കൊണ്ടിരിക്കും. അത് മനുഷ്യകുലത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കും.

പരിസ്ഥിതിപ്രശ്നം

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സ്ഥാപനമായ ‘പാരിസ്ഥിതിക മാറ്റങ്ങൾക്കായുള്ള അന്തരാഷ്ട്ര സമൂഹം’ 2007 ൽ തങ്ങളുടെ നാലാമത്തെ മോണിറ്ററിങ്ങ് റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. ഇതിൽ ലോക പരിസ്ഥിതിയെക്കുറിച്ച് ഹ്രസ്വമായി വിവരിച്ചിട്ടുണ്ട്. മനുഷ്യന്റെ ചെയ്തികളുടെ ഫലമായി രൂപം കൊണ്ട ആഗോളതാപനത്തിന്റെ ഫലമായുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങളും, ചർച്ചകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഐ പി സി സി യുടെ നിർണ്ണയം അമ്പരപ്പിക്കുന്നതാണ്.അതനുസരിച്ച് ലോകത്തെമ്പാട് നിന്നും അപായസൂചനകളാണ് ഉയരുന്നത് .

ഈ റിപ്പോർട്ട് (ഐ പി സി സി എ ആർ 4) പ്രകൃതി പ്രതിഭാസങ്ങളാൽ സ്വാഭാവികമായാണ് ആഗോള – താപനമുണ്ടാവുന്നതെന്ന സംശയവാദം പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കയാണ്. മനുഷ്യപ്രവൃത്തി മൂലം എന്നെന്നേക്കുമായുണ്ടാകുന്ന മാറ്റങ്ങളാണിതെന്ന് ഉറപ്പിച്ച് പറയുന്നു.ലോകത്താകെ വായുവിന്റേയും, സമുദ്രത്തിന്റേയും ചൂടിലുള്ള ആനുപാതികമായ വർദ്ധനവ് , മഞ്ഞുകട്ടകൾ അലിയുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലും സമുദ്രം വർദ്ധിച്ച് വരുന്നത്…. തുടങ്ങിയ ഉദാഹരണങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. എണ്ണ , കൽക്കരി തുടങ്ങിയ ജൈവഇന്ധനങ്ങളുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വൈദ്യുത നിലയങ്ങൾ, വാഹനങ്ങൾ, വ്യവസായശാലകളും യന്ത്രങ്ങളും , കൃഷി ( പ്രധാനമായും ധാന്യങ്ങളുടെ ) , മൃഗപരിപാലനം, വനനശീകരണം, വൻ കെട്ടിടങ്ങൾ പുറത്ത് വിടുന്ന കാർബ്ബൺ ഡൈ ഓക്സൈഡ് , മീഥേൻ, നൈട്രസ് ഓക്സൈഡ്, മറ്റ് ഹരിത ഗൃഹ വാതകങ്ങൾ…. ഇവ വർദ്ധിക്കുന്നത്, ഇതെല്ലാം ചെലുത്തുന്ന സ്വാധീനങ്ങളും .പരസ്പര ബന്ധങ്ങളും… എന്നിവയെക്കുറിച്ചൊക്കെ പ്രതിപാദിച്ചിട്ടുള്ളതായി കാണാം.

ഈ വാതകങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിച്ച അളവിൽ കൂടി കലരുന്നതിനാൽ പ്രകൃതിദത്തമായി തന്നെ വനങ്ങൾക്കും, സമുദ്രങ്ങൾക്കും ഇതിനെ അതിജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു.ഈ വാതകങ്ങൾ അന്തരീക്ഷത്തിൽ ഒരുമിച്ച് കൂടുന്നതിനാൽ ചൂടിന് പുറത്തേക്ക് കടക്കാനാവുന്നില്ല. ഇത് മൂലം ഉപരിതലത്തിൽ ചൂടിന്റെ അളവ് കൂടുകയും ലോക പരിസ്ഥിതിയിൽ തന്നെ വ്യാപകമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

ഐ പി സി സി( എ ആർ 4) റിപ്പോർട്ട് പ്രകാരം അന്തരീക്ഷത്തിൽ 2005 ലെ കണക്കനുസരിച്ച് (ആകെ ജി എച്ച് ജി യിലെ ഏതാണ്ട് മൂന്നിലൊന്ന്) കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പഴയ തിനെ അപേക്ഷിച്ച് വളരെയധികമാണ്. ആറര ലക്ഷം വർഷങ്ങൾക്ക് മുമ്പ് നാമമാത്രമായ അളവിൽ ആണ് ഉണ്ടായിരുന്നത്. വ്യവസായവൽക്കരണത്തിന് ശേഷം ഇതിന്റെ അളവ് വളരെയേറെ വർദ്ധിച്ചു.കഴിഞ്ഞ 10 വർഷക്കാലത്ത് തന്നെ കാർബൺ ഡൈ ഓക്സൈസിന്റെ വർദ്ധനവ് കൂടിയ അളവിലാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ1900 നും 2005നും ഇടയിൽ ഏറ്റവും ചൂട് കൂടിയത് കഴിഞ്ഞ 10 വർഷക്കാലത്തായിരുന്നു.ജി എച്ച് ജി മൊത്തത്തിൽ കണക്കാക്കുമ്പോൾ അതിന്റെ അടിസ്ഥാനം ഒരു ലക്ഷത്തിൽ 300 മുതൽ 425 പി പി എം വരെയാണ്.

വ്യവസായവൽക്കരണത്തിന്റെ തുടക്കമായി പരിസ്ഥിതി ശാസ്ത്രജ്ഞർ കണക്കാക്കുന്നത് 1750 തൊട്ടാണ്.നിലവിൽ പുറത്ത് വിടുന്ന ജി എച്ച് ജിയുടെ അളവിൽ തുടർന്നും അനുവദിച്ചാൽ ഇതിന്റെ സാന്ദ്രീകരണം 2030 ആവുമ്പോഴേക്കും 475-490 പി പി എം ആയിത്തീരും. ലോകത്താകെ താപനിലയിൽ 2.0 മുതൽ 2.8 ഡിഗ്രി സെൽഷ്യസ് വരെ ഭയാനകമായ തോതിൽ വർദ്ധനവ് ഉണ്ടാവും. തുടർച്ചയായുള്ള ഈ വർദ്ധനവ് 550-600 പി പി എം വരെയായി മനുഷ്യവംശത്തിന്റെ നിലനിൽപ്പ് തന്നെ അപകടകരമാവുന്ന അവസ്ഥയിലേക്കെത്തും.

ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ 105 രാഷ്ട്രങ്ങളിലെ 3000 ൽ അധികം ശാസ്ത്രജ്ഞർ പങ്ക് വഹിച്ചിട്ടുണ്ട്.പ്രസിദ്ധീകൃതമായ 30000 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ, ശാസ്ത്രീയമായ സ്ഥിതിവിവരകണക്കുകൾ, പരിശീലന മാതൃകകൾ… തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.ഇന്ത്യയടക്കമുള്ള 130 ൽ അധികം രാഷ്ട്രങ്ങൾ ഈ റിപ്പോർട്ട് പുനപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

പ്രവചനം

നാം വല്ലാത്തൊരു പതനത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന് മുന്നോട്ടുള്ള ഓരൊ ഘട്ടത്തിലും പരിസ്ഥിതിക്ക് മേലേൽക്കുന്ന ആഘാതം മറികടക്കാനാവാത്തതാവും.കാരണം നാമിപ്പോൾ അത്തരമൊരു സ്ഥിതിയിലാണ് ചെന്നെത്തി നിൽക്കുന്നത്. മറിച്ചാവണമെങ്കിൽ ജിഎച്ച് ജിയുടെ അളവ് പരമാവധി 450 പിപിഎം (ഇപ്പോഴത്തെ സ്ഥിതിയിൽ) നിലനിർത്താനാവണം.

ആഗോളതാപനം മാത്രമല്ല സമ്പൂർണ്ണ പരിസ്ഥിതി നാശമാണ് നാം അഭിമുഖീകരിക്കാൻ പോകുന്നത്. അത്തരമൊരു മുന്നറിയിപ്പാണ് ഐപിസിസി റിപ്പോർട്ട് നൽകുന്നത്. സമീപ ഭാവിയിലുണ്ടാവുന്ന അത്യാപത്തിനെ മറികടക്കാൻ ഇപ്പോഴെ ശ്രമിച്ചാൽ കഴിയുമെന്ന ശുഭാപ്തിവിശ്വാസവും റിപ്പോർട്ട് നൽകുന്നുണ്ട്. ഈ ആഗോള പ്രശ്നം പരിഹരിക്കുന്നതിന് ലോക രാഷ്ട്രങ്ങളെല്ലാം തന്നെ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.പ്രശ്നം മനസ്സിലാക്കുകയും കാലതാമസം കൂടാതെ പരിഹരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ലോക പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റങ്ങളും അതിന്റെ കാരണങ്ങളും നാം മനസ്സിലാക്കിയിരിക്കണം.അതിനോടൊപ്പം തന്നെ നമ്മുടെ രാഷ്ട്രത്തിലും ഏഷ്യൻ വൻകരയിലും, ലോകത്താകെയുമുള്ള സാമ്പത്തികസ്ഥിതിയിലും, സാമൂഹ്യഘടനയിലും ഇത് വരുത്തുന്ന മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ പഠിക്കേണ്ടിയിരിക്കുന്നു. ആഗോള താപനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ സാമൂഹ്യഘടനയിലും, സാമ്പത്തിക രംഗത്തും ദൂരവ്യാപകമായ സ്വാധീനം ചെലുത്തും.

ആഗോള തലത്തിൽ ചൂട് കൂടുന്നതിനൊപ്പം തന്നെ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച…. തുടങ്ങിയ കാലാവസ്ഥാപ്രശ്നങ്ങളുടെ തീവ്രതയും, ആവർത്തനങ്ങളുമുണ്ടാകും. സമുദ്രനിരപ്പ് വർദ്ധിക്കുന്നത് തീരദേശവാസികളുടെ ജീവിതം ദുരിതമയമാക്കും. ഒട്ടേറെ ചെറിയ ദ്വീപുകൾ വെള്ളത്തിനടിയിലാവും. ധൃവ പ്രദേശങ്ങളിലെ ഐസ് കട്ടകളലിയും.ഇതിന്റെയൊക്കെ ഫലമായി ആഗോളതാപനം പിന്നേയും വർദ്ധിക്കും. സമുദ്രവിതാനവും വർദ്ധിക്കും. ഭാരതത്തിൽ അടുത്ത രണ്ട് ദശകങ്ങർക്കുള്ളിൽ ചൂടിന്റെ അളവിൽ രണ്ട് ഡിഗ്രി സെന്റീഗ്രേഡിന്റെ വർദ്ധനവുണ്ടാവും. അതുപോലെ മഴയുടെ ക്രമത്തിൽ കാര്യമായ വ്യത്യാസം സംഭവിക്കാം.കൃഷിയെ ഇത് കാര്യമായി ബാധിക്കും. അരിയുടേയും ഗോതമ്പിന്റേയും ഉദ്പ്പാദനത്തിൽ വരും വർഷങ്ങളിൽ കുറവ് സംഭവിക്കാം. മഞ്ഞുരുകുന്നതും, ഗ്ലേസിയറുകൾ പിന്നോട്ട് തെന്നി മാറുന്നതും വർദ്ധിക്കും.ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വടക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ വരൾച്ചയുടെ കാഠിന്യം ശക്തമാകും.സമുദ്രനിരപ്പ് കൂടി ക്കൊണ്ടിരിക്കുന്നതിനാൽ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ സാദ്ധ്യതയുണ്ട്.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനും, പുതിയ രക്ഷാമാർഗ്ഗങ്ങൾ ആരായുന്നതിനും വിഭിന്നങ്ങളായ രീതികൾ അവലംബിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ചുവടെങ്കിലും മുന്നോട്ട് വെക്കാൻ വ്യക്തിപരമായൊ സാമൂഹ്യ തല ങ്ങളിലൊ നമുക്ക് സാധിക്കുമോ? ഇതൊരു ആഗോള പ്രശ്നമായതിനാൽ പ്രശ്ന പരിഹാരവും ആഗോളമായി തന്നെ വേണ്ടതാണ്.

ഉത്തരവാദി ആരാണ്?

ഗതാഗതവും, വ്യാവസായിക പ്രവർത്തനങ്ങളുമാണ് ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്നതിൽ മുഖ്യ ഉത്തരവാദികൾ. യൂറോപ്പും, അമേരിക്കയുമടക്കമുള്ള പടിഞ്ഞാറൻ വ്യാവസായിക രാഷ്ട്രങ്ങളും, ജപ്പാനും, ആസ്ത്രേലിയയുമാണ് മുഖ്യ കുറ്റവാളികൾ. ഇങ്ങനെ പുറത്ത് വിടുന്നതിന്റെ തോത് വർദ്ധിച്ച് വന്നത് വ്യാവസായിക വിപ്ലവത്തോടെയാണ്. വികസ്വര രാജ്യങ്ങളിലാകട്ടെ ഈ രീതിയിലുള്ള വ്യാവസായിക പരിവർത്തനം അടുത്ത കാലത്താണ് ആരംഭിച്ചത്, അത് തന്നെ വളരെ കുറഞ്ഞ തോതിൽ. അന്തരീക്ഷത്തിൽ മൊത്തം പുറത്ത് വിടുന്ന ജി എച്ച് ജിയുടെ അളവിൽ 80 ശതമാനവും സമ്പന്ന രാഷ്ട്രങ്ങളുടേതാണ്.നിലവിൽ ഏറ്റവും കൂടുതൽ ഉത്സർജനം നടത്തുന്ന രാഷ്ട്രം അമേരിക്കയാണ്. മൊത്തം ഉത്സർജനത്തിന്റെ 16 ശതമാനം വരുമിത്. ലോക ജനസംഖ്യയുടെ 4 ശതമാനം മാത്രമാണ് അമേരിക്കയുടെ ജനസംഖ്യ. അതിനെയപേക്ഷിച്ച് ഭാരതത്തിന്റെ ജനസംഖ്യ അഞ്ചിരട്ടിയാണെങ്കിലും മൊത്തം ഉത്സർജനത്തിന്റെ 3 ശതമാനം മാത്രമാണ് ഭാരതത്തിന്റെ പങ്ക്.

 • ഒരു വ്യക്തിയെ അടിസ്ഥാനമാക്കുകയാണെങ്കിൽ ശരാശരി ഭാരതീയനെ അപേക്ഷിച്ച് അമേരിക്കക്കാരൻ ചുരുങ്ങിയത് 10 ഇരട്ടി ജി എച്ച് ജിയും 20 ഇരട്ടി കാർബൺ ഡൈ ഓക്സൈഡും പുറത്ത് വിടുന്നുണ്ട്.
 • വരുമാനം കൂടുതലുള്ള രാഷ്ട്രങ്ങൾ ഊർജ്യോപയോഗത്തിലും മുൻപന്തിയിലാണ്. ജി എച്ച് ജി പുറത്ത് വിടുന്നതിലും മുന്നിൽ തന്നെ.എന്നാൽ കുറഞ്ഞ വരുമാനമുള്ള ദരിദ്ര രാജ്യങ്ങളിലാകട്ടെ ഓരൊ വ്യക്തിയുടെ ഊർജ്യോപയോഗത്തിലും നിയന്ത്രണങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ ഉത്സർജന തോതും കുറയും.
 • വികസ്വര രാഷ്ട്രങ്ങളിൽ തന്നെ ഓരൊ വ്യക്തിയുടെ വരുമാനം, ഊർജ്യോപയോഗം എന്നിവയിൽ ഏറ്റക്കുറച്ചിലുണ്ട്. ഉദാഹരണമായി ഭാരതത്തിലെ ഗണ്യമായൊരു വിഭാഗം വീടുകളിൽ വൈദ്യുതിയില്ല. നാലിലൊന്ന് വീടുകളിൽ പാചക ഇന്ധനമായി ഉപയോഗിക്കുന്നത് ഉണങ്ങിയ ചാണകവറളിയും, മറ്റ് വാണിജ്യ പ്രാധാന്യമില്ലാത്ത വസ്തുക്കളുമാണ്.
 • ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനത്തോളം വരുന്ന നഗരവാസികളുടെ ഉത്സർജനം, 50 ശതമാനം വരുന്ന ദരിദ്ര ഗ്രാമീണ ജനസംഖ്യയെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.

പ്രശ്നപരിഹാരത്തിനൊരു രൂപരേഖ

165 ലേറെ ലോക രാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് ലോക പരിസ്ഥിതി ഉടമ്പടിയിൽ ഒപ്പ് വെച്ചിട്ടുണ്ട് ക്യോട്ടൊ ഉടമ്പടി എന്ന പേരിലിത് അറിയപ്പെടുന്നു. വരുമാനം, ഈർജ്യോപയോഗം, ഉത്സർജനതോതിൽ നിലവിലുള്ള അസമാനതകൾ എന്നിവ കണക്കിലെടുത്തും, അംഗീകരിച്ചും ക്യോട്ടൊ ഉടമ്പടി ‘പങ്കാളിത്ത പൂർണ്ണവും വ്യത്യസ്ഥതലങ്ങൾ ഉള്ളതുമായ ഉത്തരവാദിത്വം, എന്ന സിദ്ധാന്തം അംഗീകരിച്ചു. ആഗോളതാപനത്തിന് ഏറ്റക്കുറച്ചിലോടെ എല്ലാവരും ഉത്തരവാദികളാണെന്ന് ഇത് അർത്ഥമാക്കുന്നു. എന്നാൽ വികസ്വര രാഷ്ട്രങ്ങളെയപേക്ഷിച്ച് സമ്പന്നരാഷ്ട്രങ്ങൾക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സമ്പന്ന രാഷ്ട്രങ്ങൾ തങ്ങളുടെ ഉത്സർജന തോത് 2008 – 2012 നകം 1990ലെ അവസ്ഥയിൽ നിന്നും 5 ശതമാനം കുറച്ച് കൊണ്ട് വരാൻ ഉടമ്പടി നിർദേശിച്ചത്. വികസ്വര രാഷ്ട്രങ്ങളെയാവട്ടെ അത്തരം ബാദ്ധ്യതകളിൽ നിന്നൊഴിവാക്കുകയും ചെയ്തു.

എന്നാൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വ്യാവസായിക രാഷ്ട്രങ്ങൾ തങ്ങളിൽ അർപ്പിതമായ ഈ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്ന് നിർലജ്ജം ഒഴിഞ്ഞുമാറി. ആഗോളതാപനവും അതിന്റെ ഭവിഷ്യത്തുകളുമൊന്നും അവർ ഗൗനിച്ചില്ല. മാത്രമല്ല ഏറ്റവുമാദ്യം കരാർ പ്രസ്താവിതമായ 1992 ൽ നിന്നും ലോകമാകെ ഉത്സർജനം 11 ശതമാനം വർദ്ധിക്കുകയും ചെയ്തു.ഇംഗ്ലണ്ടും, ജർമ്മനിയും, മറ്റേതാനും ചെറിയ വ്യാവസായിക രാഷ്ട്രങ്ങളും മാത്രമാണ് ഉത്സർജന തോത് കുറച്ച് കൊണ്ട് വന്നത്, ശ്രമിച്ചാൽ കുറച്ച് കൊണ്ടുവരാനാവും എന്നിത് തെളിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഏറ്റവും വീഴ്ച്ച വരുത്തിയത് അമേരിക്ക തന്നെ. ആഗോളതാപനം പ്രകൃതിദത്തമാണെന്ന മുടന്തൻ ന്യായവും പറഞ്ഞ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബുഷിന്റെ കാലയളവ് മുഴുവൻ കരാറിന്റെ ഭാഗമാകാതെ വിട്ടുനിന്നു. സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും ചൈന, ഇന്ത്യ തുടങ്ങിയ വൻ ജനസംഖ്യയുള്ള രാജ്യങ്ങളെ ഉത്സർജന തോത് കുറച്ച് കൊണ്ടുവരാനുളള ലക്ഷ്യം അടിച്ചേൽപ്പിക്കണമെന്നും അമേരിക്ക വാദിച്ചു.കരാറിന്റെ ഭാഗമാകാതെ മാറി നിൽക്കുമ്പോൾ തന്നെ കരാറിലെ വ്യവസ്ഥകൾ ലഘൂകരിക്കാനും, മാറ്റി മറിക്കാരനും

സർവ്വ കുതന്തങ്ങളും അമേരിക്ക പയറ്റി. പുത്തൻ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വൃത്തികെട്ട കളികൾക്ക് ഈ രംഗത്തും അവർ നേതൃത്വം നൽകി. ഈ കുത്തിത്തിരിപ്പുകൾ മൂലം ക്യോട്ടോ ഉടമ്പടിയിൽ നിരവധി ഒത്തുതീപ്പുകൾ വേണ്ടിവന്നു. കമ്പോള വ്യവസ്ഥയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥയിലായി. വരും കാല ഭവിഷ്യത്തുകളെ തരണം ചെയ്യാനാവാത്ത അവസ്ഥയിലെത്തിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിൽ കൂടി മുന്നോട്ട് പോകാനുള്ള മെച്ചപ്പെട്ടൊരു രൂപരേഖ തന്നെയാണ് ക്യോട്ടൊ കരാർ. സർവ്വ രാഷ്ട്രങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള അന്തരാഷ്ട്ര കരാറാണിത്.സംഘടനാപരമായി ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുക്കാനെങ്കിലും ഇത് കൊണ്ടായി.ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിലായതിനാൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ സ്വീകാര്യതയും ലഭിച്ചു. കൃത്യമായി ഫലം പ്രതീക്ഷിക്കാവുന്ന ഒരു രൂപരേഖയായി ഇതിനെ കാണാവുന്നതാണ്. ഉത്സർജന തോത് സ്ഥിരമായി നിർത്തുന്നതിനും, കുറക്കുന്നതിനും ഐ പി സി സി എ ആർ 4 അനുസരിച്ച് വികസിത രാഷ്ട്രങ്ങൾക്ക് 2030 നകം തങ്ങളുടെ ഉത്സർജനം 1990ലെ 40-50 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടു വരാൻ കഴിയണം.

വികസ്വര രാഷ്ട്രങ്ങൾക്കാകട്ടെ അത്തരം ബാദ്ധ്യതപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടില്ലെങ്കിലും ഐപിസിസി അവരോട് തങ്ങളുടെ പുരോഗതി അപ്പപ്പോൾ വിലയിരുത്താനും 2030- 2050 ആവുമ്പോഴേക്കും ഉത്സർജനം നിലവിലുള്ളതിനേക്കാൾ കുറച്ച് കൊണ്ടുവരാനും പറഞ്ഞിട്ടുണ്ട്. അതിനായി സാങ്കേതിക സഹായം കൈമാറാനും ,സാമ്പത്തിക സഹായം ചെയ്യാനും ഐപിസിസി വികസിത രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവൃത്തി മൂലം ഉണ്ടായ പ്രശ്നങ്ങൾക്ക് ചെറിയ അളവിലെങ്കിലും പരിഹാരം ചെയ്യാൻ വികസിത രാജ്യങ്ങൾക്ക് ഇതൊരവസരമാണ്. എന്നാൽ അമേരിക്കയുടെ ആർത്തിപൂണ്ട നിലപാടുകൾ മൂലം ഒരു വട്ടം ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയ കാര്യങ്ങൾ പോലും വീണ്ടും ചർച്ചക്കെടുക്കേണ്ടി വരികയാണ്. ചൈനയും, ഇന്ത്യയുമടക്കമുള്ള വികസ്വര രാജ്യങ്ങളേയും ഉത്സർജനം കുറക്കാൻ ബാദ്ധ്യസ്ഥരാക്കണമെന്ന് അമേരിക്ക വാശി പിടിക്കുന്നു. അതിന് വേണ്ടി സമ്മർദ്ദം ചെലുത്തുണമെന്നാവശ്യപ്പെടുന്നു. അമേരിക്കയുടെ സമ്മർദ്ദഫലമായി സമ്പന്നരാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി എട്ട് രാഷ്ട്രങ്ങളും വികസ്വര രാഷ്ട്രങ്ങൾ അമേരിക്ക പറയുന്നത് പോലെ കേൾക്കണമെന്ന നിർദ്ദേശവുമായി രംഗത്ത് വരികയുണ്ടായി.ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്.

അനുദിനം വർദ്ധിച്ചു വരുന്ന ഉത്സർജനം കുറച്ച് കൊണ്ട് വരിക എന്ന ഒറ്റ മാർഗമെ വികസിത രാഷ്ട്രങ്ങൾക്കു മുമ്പിലുള്ളു. ആവശ്യമായ ഊർജ്യോൽപ്പാദനത്തിലൂടെ വികസനവും അത് വഴി തങ്ങളുടെ ജനതയുടെ മെച്ചപ്പെട്ട ജീവിതവും ഉറപ്പ് വരുത്തുകയെന്നത് ദരിദ്ര രാഷ്ട്രങ്ങളുടെ കടമയാണ്.ഉത്സർജനം പരമാവധി കുറച്ച് കൊണ്ട് വരുന്നതിനൊപ്പം തന്നെ പരിസ്ഥിതിസൗഹൃദപരമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും കഴിയണം അങ്ങിനെ സാവധാനത്തിലാണെങ്കിൽ കൂടി സമ്പന്ന -ദരിദ്ര രാഷ്ട്രങ്ങളിലെ വ്യക്തിഗത ഉത്സർജന നിരക്ക് തുല്യ നിലയിലേക്ക് എത്തിക്കാനാവണം. അങ്ങിനെ ലോകം മുഴുവൻ ആദർശനിഷ്ഠമായ രീതിയിൽ ഏതാണ്ട് തുല്യമായ അളവിലേക്ക് വ്യക്തിഗത ഉത്സർജന നിരക്ക് എത്തിക്കാൻ കഴിയണം

ഉത്സർജനം കുറക്കാനുള്ള മാർഗങ്ങ

2030-2050 കാലത്തിനുളളിലെങ്കിലും ഇഛക്കനുസരിച്ച് ഉത്സർജനം കുറച്ച് കൊണ്ട് വരുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഐ പി സി സി റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ലോകത്ത് ലഭ്യമായ സാകേതിക വിദ്യകളിലൂടെ ദീർഘകാല പദ്ധതികൾക്ക് രൂപം കൊടുത്ത് കാർബൺ രഹിത സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. അതിനായി സാങ്കേതികവിദ്യകളിലൂടെ ലക്ഷ്യം കൈവരിക്കാൻ എന്തൊക്കെ മാർഗങ്ങൾ അവലംബിക്കാമെന്നും ഫ്രസ്വമായിട്ടാണെങ്കിൽ കൂടി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

 • വൈദ്യുതി ഉദ്പ്പാദനക്ഷമത വർദ്ധിപ്പിക്കുക.
 • ഊർജ്യ സ്രോതസ്സായി ഉപയോഗിച്ചു വരുന്ന ഇന്ധനങ്ങളിൽ എണ്ണ, കൽക്കരി, എന്നിവ പരമാവധി ഒഴിവാക്കി സൗരോർജ്യം, കാറ്റ് എന്നീ പുതിയ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുക.
 • ഇന്ധനങ്ങളുടെ ഉപയോഗത്തിലെ ശ്രദ്ധ, മെച്ചപ്പെട്ട ഇന്ധനം, മിശ്രിത ഇന്ധനം, സ്വകാര്യ ഗതാഗതത്തിന്റെ സ്ഥാനത്ത് പൊതുഗതാഗതത്തിന് പ്രാധാന്യം… എന്നിങ്ങനെ ഉത്സർജനം കുറച്ച് കൊണ്ട് വരുവാനുള്ള മാർഗങ്ങളാരായണം.
 • ഗതാഗതവും, മറ്റ് വർദ്ധിച്ച് വരുന്ന ഈർജ്യോപഭോഗവും നിയന്ത്രിക്കുന്നതിന് നഗരാസൂത്രണ പദ്ധതികളിൽ ഉചിതമായ സമയത്ത് ആവശ്യമായ ഭേദഗതികൾ കൊണ്ട് വരണം.
 • കെട്ടിട നിർമ്മാണത്തിൽ ശ്രദ്ധിക്കുക.ഉചിതമായ സാമഗ്രികളുടെ ഉപയോഗം മൂലം ഊർജ്യോപഭോഗം കുറയ്ക്കാനാവും വീടുകൾക്കാവശ്യമായ ചൂടും തണുപ്പുമൊക്കെ ആവശ്യാനുസരണം ഉറപ്പ് വരുത്താനുമാകും.

ഐ പി സി സി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന കാര്യം അമേരിക്കയും മറ്റ് സംശയവാദികളും പ്രചരിപ്പിച്ചത് പോലുള്ള പണച്ചെലവ് ഇതിന് വേണ്ടി വരില്ലെന്നാണ്.നിശ്ചയിച്ച രൂപത്തിലെല്ലാം നടക്കാൻ അടുത്ത 20 വർഷത്തേക്ക് ലോക ജി ഡി പി യുടെ 0.1 ശതമാനമെ ചെലവ്‌ വരു. നമ്മെ നേരിടുന്ന മഹാവിപത്തിന്റെ കാര്യമോർക്കുമ്പോൾ ഇത് നിസ്സാര തുകയാണ്.

ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ എളുപ്പമുള്ളതായി തോന്നാം. എന്നാൽ വാസ്തവത്തിലതങ്ങിനെയല്ല. ഊർജ്യം, ഗതാഗതം, മോട്ടോർ വാഹന ഉദ്പാദനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ വ്യവസായ മേഖലക്കും, കോർപ്പറേറ്റ് മേഖലക്കും പ്രകടമായ സ്വാർത്ഥ താൽപ്പര്യങ്ങളുണ്ടാകുമെന്ന കാര്യം മറക്കരുത്.പ്രധാനപ്പെട്ട വ്യവസായിക, വികസ്വര രാഷ്ട്രങ്ങളിൽ പല ഗവർമ്മേണ്ടുകളും ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നവയാണ്. ഇത് മൂലം സാമൂഹ്യ സേവനത്തിനു പകരം കമ്പോള ശക്തികളുടെ ആധിപത്യമാണ് നമ്മുടെ സമൂഹത്തിൽ ദൃശ്യമാവുന്നത്. കമ്പോള ശക്തികളെ വിശ്വസിച്ചാൽ പ്രധാനപ്പെട്ട

സാമൂഹ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാവില്ല. ദാരിദ്യവും, വിദ്യാഭ്യാസ, ആരോഗ്യ പ്രശ്നങ്ങളും കമ്പോളം ഒരിക്കലും പരിഹരിച്ചിട്ടില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കമ്പോളത്തിന് പരിഹരിക്കാനാവില്ല.

പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങളും, അനിവാര്യമായ വ്യവസ്ഥകളും കമ്പോള വ്യവസ്ഥയെ അപേക്ഷിച്ച് വളരെയധികം പ്രഭാവശാലിയാണ്. അടുത്ത ദശകത്തിനകം റഫ്രിജറ്ററും, എയർ കണ്ടീഷനും പുറത്ത് വിടുന്ന ക്ലോറൊ ഫ്ളൂറൊ കാർബൺ തടയാനായാൽ അത് ഓസോൺ തുള എന്ന പ്രശ്നത്തിന് പരിഹാരമാവും. അത് പോലെ കാർനിർമ്മാണ രംഗത്ത് നിർബ്ബന്ധമായും ഉത്സർജനം കുറച്ച് കൊണ്ട് വരുന്നതിനുള്ള രീതികൾ അവലംബിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവരും ഒന്ന് ഒത്തുേപിടിച്ചാൽ ലക്ഷ്യം നിറവേറ്റാനാകും.എന്നാൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മേഖലകളിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണ്.

ഭാവിയിലെ രാഷ്ട്രീയ സമരം

 • ഇതുവരെ വ്യക്തമാക്കിയ മാർഗങ്ങളിലൂടെ രാഷ്ട്രതലത്തിലും, അന്തരാഷ്ട്ര തലത്തിലും പ്രതിബദ്ധതയോടെ രാഷ്ട്രീയ സമരങ്ങൾ വളർത്തിക്കൊണ്ടുവരണം.
 • നിരവധി പരിമിതിക്കൾകത്താണെങ്കിലും അന്തരാഷ്ട്ര ഉടമ്പടികളും, ചർച്ചകളും നടത്താനായത് വിജയമാണ്.നിരവധി രാജ്യങ്ങളിലായി വളർന്ന പൊതുജന സമ്മർദ്ദത്തിന്റെ ഫലമാണിത്.ഉത്സർജനം കുറക്കാനും നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിനുമായി കർശന വ്യവസ്ഥകൾ പാലിക്കുന്നതിലും, അതിന് വേണ്ടി സമ്മർദ്ദം ചെലുത്തുന്നതിനും നേതൃത്വപരമായ പങ്ക് യൂറോപ്പ് നിർവ്വഹിക്കുന്നുണ്ട്. ജനകീയ സമരങ്ങളിലൂടെയാണിത് രൂപപ്പെട്ടത്.
 • ഇന്ത്യയിലും വലിയൊരു മുന്നേറ്റം വളർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയുണ്ട്.പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളിലെത്തിക്കണം. സർക്കാർ തലത്തിലും, അന്തരാഷ്ട്ര വേദികളിലും ഉത്സർജനം കുറച്ച് കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പൊതുജന സമ്മർദ്ദം വളർന്ന് വരണം.
 • പരിസ്ഥിതി ചർച്ചകളിൽ ഭാരതത്തിന്റെ ഔദ്യോഗികമായ നിലപാട് ദുർബ്ബലവും ആടിക്കളിക്കുന്നതുമാണ് – അതധികവും ഐകൃരാഷ്ട്ര സംഘടനയുടെ നയരേഖയെ എതിർക്കുന്ന തരത്തിലും, ക്യോട്ടൊ കരാറിനെ ദുർബ്ബലപ്പെടുത്തുന്ന അമേരിക്കൻ ശ്രമങ്ങളെ പിന്തുണക്കുന്നതുമാണ്.ഇന്ത്യ ഉത്സർജനം കുറച്ച് കൊണ്ടു വന്നേ പറ്റു എന്ന അമേരിക്കയുടേയും മറ്റ് അന്തരാഷ്ട സമ്മർദ്ദങ്ങളേയും ഫലപ്രദമായി നേരിടാൻ ഇന്ത്യ ഗവർമ്മേണ്ട് തയ്യാറായിട്ടില്ല. തങ്ങൾക്ക് ഇക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന അഴകൊഴമ്പൻ നിലപാടിലേക്കാണിത് എത്തിച്ചേരുന്നത്.
 • ഇന്ത്യ പുറത്തിറക്കിയ ദേശീയ പരിസ്ഥിതി നയം തീർത്തും നിരാശാജനകമാണ്. അസ്പഷ്ടമായ ആശയങ്ങൾ കുത്തിനിറച്ചതാണത്. കൃത്യവും സ്വീകരിക്കാവുന്നതുമായ മാർഗങ്ങൾ അത് ഉൾക്കൊണ്ടിട്ടില്ല. സമ്പന്ന രാഷ്ടങ്ങൾ ഉത്സർജനം കുറച്ച് കൊണ്ട് വരാൻ സ്വീകരിക്കേണ്ട നടപടികൾ അതേ പോലെ പ്രാവർത്തികമാക്കേണ്ട ബാദ്ധ്യത ഭാരതത്തിനില്ല.’ തങ്ങൾക്കൊന്നും ചെയ്യാനില്ല. ആ രീതിയിൽ പ്രവർത്തിക്കാനാവില്ല . നമ്മുടെ രാജ്യത്തിന് നിലവിലുള്ള ഉത്സർജനം കുറക്കാൻ കഴിയില്ല, അത് സാമ്പത്തിക വികസനത്തിന് തടയിടലാവും ‘ എന്നൊരു വാദഗതി ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഭാരതം 2030 ലും ഇന്നത്തെ രീതിയിൽ ഉത്സർജനം ( ബിസിനസ് ആസ് യൂഷ്വൽ) എന്ന മാർഗം സ്വീകരിക്കുന്നതിന് പകരം കുറച്ച് കൊണ്ടുവരാൻ ശ്രമിക്കയാണ് വേണ്ടത്. ഇത് ഐ പി സി സി ശുപാർശകർക്കും മറ്റ് ആധികാരിക പഠനങ്ങൾക്കും അനുസരിച്ചാവണം . നിലവിലുള്ള നടപടികൾ കൈക്കൊള്ളുമ്പോഴുണ്ടാകുന്നതിനെ അപേക്ഷിച്ച് ഉത്സർജനം 25 ശതമാനം കുറക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.
 • ഇവിടെ പ്രതിപാദിച്ച രീതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചുരുങ്ങിയ ചെലവിൽ നടപ്പിലാക്കാനാവും.ഊർജ്യം മിച്ചം വെക്കുക എന്നതിനർത്ഥം ധനം മിച്ചം വെക്കുക എന്നത് തന്നെയാണ് . ഇത്തരം പദ്ധതികളിലൂടെ രാഷ്ട്രത്തിന് സാമ്പത്തിക ലാഭം കൈവരിക്കാനാവും.സമ്പന്നരും ദരിദ്രരും തമ്മിലും , നഗരവാസികളും ഗ്രാമീണ ജനങ്ങളും തമ്മിലും ഊർജ്യോപഭോഗത്തിലെ നിലവിലെ അന്തരം കുറച്ച് കൊണ്ട് വരാൻ വേണ്ട നടപടികളും ഭാരതം സ്വീകരിക്കേണ്ടതാണ്.
 • രാഷ്ട്രത്തിനും ജനങ്ങൾക്കും ഗുണം ലഭിക്കേണ്ട നടപടികളാണല്ലൊ സ്വീകരിക്കേണ്ടത്. ഈ രീതിയിൽ ഗുണകരമായൊരു തുടക്കത്തിന് ഭാരതം ശ്രമിച്ചാലത് അന്തരാഷ്ട്ര കരാറുകൾക്കും, ചർച്ചകൾക്കും സഹായകരമാവും.അമേരിക്കക്ക് ഒഴിവ് കഴിവ് പറഞ്ഞ് വിട്ട് നിൽക്കാൻ കഴിയാത്ത സ്ഥിതി വരും. ഒരു കാലത്ത് വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മകളിലും, അന്തരാഷ്ട്ര വേദികളിലുമുണ്ടായിരുന്ന നേതൃത്വപരമായ തലത്തിലേക്ക് ഇന്ത്യക്ക് വീണ്ടും ഉയർന്നു കഴിയും.

നമുക്കെന്ത് ചെയ്യാനാവും?

ഏതൊരു രാഷ്ട്രീയ നീക്കത്തിന് പിന്നിലും വ്യക്തിയുടെ പ്രധാനപ്പെട്ടൊരു പങ്കുണ്ടാവും. പാരിസ്ഥിതിക മാറ്റത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. അത് ഊർജ്യസ്വലതയും, പങ്കാളിത്ത സ്വഭാവവും, പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നു.
വലിയ പ്രസ്ഥാനങ്ങൾക്ക് പ്രേരണ ചെലുത്തുന്നു.
സമൂഹത്തെ അപകടപ്പെടുത്തുന്ന പാരിസ്ഥിതിക മാറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യത്യസ്ഥമായ ജീവിത ശൈലി സ്വീകരിച്ച് കൊണ്ട് വിഭിന്നങ്ങളായ മാതൃകകൾ സൃഷ്ടിക്കാൻ വ്യക്തികൾക്ക് കഴിയുന്നു. ഉദാഹരണമായി…

 • എല്ലാ മേഖലകളിലും ഊർജ്യ സംരക്ഷണം
 • എൽ ഇ ഡി, ഇലക്ട്രോണിക് ബൈലാസ്ററിന്റെ ഉപയോഗം.
 • ടെലിവിഷൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവയുടെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. സ്റ്റാൻഡ്‌ബൈ എന്ന അവസ്ഥ വേണ്ട.
 • ഊർജ്യം മിച്ചം വെക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക. കഴിയുന്നതും പൊതു വാഹനങ്ങളെ ആശ്രയിക്കുക.

അവസാനത്തെ നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനോടൊപ്പം നിയമപരവും, നയപരവുമായ മാർഗങ്ങളും, ജനാധിപത്യ സമ്പ്രദായത്തിലൂടെ ഉയർന്ന് വരുന്ന നിർദ്ദേശങ്ങളും കൂടുതൽ പ്രഭാവശാലിയും, സ്ഥിരതയുള്ളതുമാണെന്ന് ജനകീയ ശാസ്ത്ര പ്രസ്ഥാനം വിശ്വസിക്കുന്നു. ഇവിടെ പരാമർശിച്ച ഓസോൺ പാളിയിലെ തുളയെക്കുറിച്ചാണെങ്കിലും, വാഹനമലീനീകരണം തടയുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചാണെങ്കിലും ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ നയപരമായ മാറ്റങ്ങൾക്ക് വേണ്ടിയുള്ള ജനകീയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ ഓരോരുത്തരുടേയും സജീവ പങ്കാളിത്തം പരമപ്രധാനമാണ്. അതിനായി ചില നിർദ്ദേശങ്ങൾ കൂടി താഴെ കൊടുക്കുന്നു.

 • ഊർജ്ജ സംരക്ഷണം ലക്ഷ്യമാക്കുക.
 • ഉത്സർജനം കുറച്ച്കൊണ്ട് വരുന്നത് ലക്ഷ്യമാക്കുക.
 • ഉപകരണങ്ങളിൽ ഊർജ്ജ സംരക്ഷണത്തിനുതകുന്നതിന് ആവശ്യമായ രീതികൾ കൈക്കൊള്ളുക.- ഉദാഹരണമായി പമ്പ്, ഡീസൽസെറ്റ്, മോട്ടോർ, എയർ കണ്ടീഷൻ ,ഫ്രിഡ്ജ്, ഗീസർ, ഹീറ്റർ.. തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗത്തില്‍
 • വാഹനങ്ങളിൽ ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതിന്നാവശ്യമായ മാതൃകകൾ നിർബ്ബന്ധമായും സ്വീകരിക്കുക.
 • കെട്ടിടനിർമ്മാണ രംഗത്ത് ശീതീകരണത്തിന് ആവശ്യമായ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദ നിർമ്മാണ കോഡ്.
 • പൊതുഗതാഗതത്തിനും അതിനനുസൃതമായ നഗരാസൂത്രണ പദ്ധതികൾക്കും ആവശ്യമായ പ്രോത്സാഹനം.
 • പകൽ പ്രകൃതിദത്തമായ പ്രകാശം ഉപയോഗിച്ച് ഊർജ്യം മിച്ചം വെക്കുക.
 • ജനങ്ങളിൽ ഇക്കാര്യത്തിൽ പ്രതികരണശേഷിയും, ജാഗ്രതയും വർദ്ധിപ്പിക്കുക .
 • നയസമീപനങ്ങൾക്ക് രൂപം കൊടുക്കുന്നവർ ,രാഷ്ട്രീയ പാർട്ടികൾ , നിയമനിർമ്മാതാക്കൾ.. എന്നിവരെ ഇത്തരമൊരു നയസമീപനത്തിന് നിർബന്ധിതരാക്കുക.
 • അന്തരാഷ്ട്ര തലത്തിലുള്ള ബന്ധപ്പെടൽ .
 • ഊർജ്ജലാഭം – ധനലാഭം – മാനവരക്ഷ

ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന ഗ്രാഫുകള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമുള്ളതാണ്

പരിസ്ഥിതി സംബന്ധമായ ചില ലൂക്ക ലേഖനങ്ങള്‍

ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് ലൂക്ക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുമല്ലോ : www.facebook.com/LUCAmagazine/

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനപോസ്റ്റര്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പരിസ്ഥിതിദിന സന്ദേശം : പ്രൊഫ.എം.കെ.പ്രസാദ്
Next post ഭൂമി എന്ന ഗ്രഹത്തെക്കുറിച്ച് കുട്ടികളോട് 12 ചോദ്യങ്ങൾ
Close