Read Time:18 Minute

ജോജി കൂട്ടുമ്മേല്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം

നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്‍റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.

‘ജൈവവൈവിധ്യത്തെ ആഘോഷമാക്കുക'(Celebrate Biodiversity) എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് ‘പ്രകൃതിക്കുവേണ്ടിയുള്ള സമയം'(it’s time for nature) എന്ന  ആശയമാണ് യുഎന്‍ഇപി മുന്നോട്ടുവയ്ക്കുന്നത്. ഈ മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കൊല്ലത്തെ ആഗോളതലത്തിലുള്ള ആഘോഷത്തിന് കൊളംബിയ ആതിഥേയത്വം വഹിക്കും. എന്തുകൊണ്ട് കൊളംബിയ എന്നു ചോദിച്ചാല്‍ ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ പത്തു ശതമാനം കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ എന്നാണുത്തരം.

അമസോണ്‍ മഴക്കാടുകളിലെ അപൂര്‍വ്വ ജീവിവര്‍ഗങ്ങള്‍

ആമസോണ്‍ മഴക്കാടുകളുടെ ഭാഗമായതിനാല്‍ കൊളംബിയ പക്ഷികള്‍,ഓര്‍ക്കിഡ് വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വൈവിധ്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ്. സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, ശുദ്ധജല മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയുടെ വൈവിധ്യത്തില്‍ ഈ രാജ്യം രണ്ടാം സ്ഥാനത്തും. അതുകൊണ്ട് കൊളംബിയ തന്നെയാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കാന്‍ ഏറ്റവും യോഗ്യര്‍.
അതവിടെ നില്‍ക്കട്ടെ, കൊളംബിയയുടെ വിശേഷങ്ങളല്ല നമുക്ക് പ്രധാനം. എന്തുകൊണ്ട് ജൈവവൈവിധ്യം ഇക്കൊല്ലത്തെ വിഷയമായി എന്നതാണല്ലോ പ്രസക്തമായ ചോദ്യം? ഇതാദ്യമല്ല ഈ വിഷയം ജൂണ്‍ അഞ്ചിന്റെ മുദ്രാവാക്യമാകുന്നതും ആഗോളതലത്തിലുള്ള പരിസ്ഥിതിചര്‍ച്ചയുടെ കേന്ദ്രപ്രമേയമാകുന്നതും. ഒരര്‍ത്ഥത്തില്‍ ജൈവവൈവിധ്യത്തിന്റെ നാശമാണ് ലോകം ഇന്നു നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെയെല്ലാം അടിത്തറയെന്നതാണ് വാസ്തവം. പരിസ്ഥിതി പ്രശ്നങ്ങളുടെ മാത്രമല്ല കൊറോണ പോലുള്ള വൈറസുകളുടെ വ്യാപനത്തിനും ജൈവവൈവിധ്യനാശം കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പട്ടിട്ടുണ്ട്. പത്തു ലക്ഷം ജീവിവര്‍ഗ്ഗങ്ങള്‍ അതിരൂക്ഷമായ വംശനാശ ഭീഷണി നേരിടുന്നു എന്നാണ് പരിസ്ഥിതിദിനവുമായ ബന്ധപ്പെട്ട അറിയിപ്പില്‍ യുഎന്‍ഡിപി വെളിപ്പെടുത്തിയിരിക്കുന്നത്. അത് ആഗോളതലത്തില്‍ തന്നെ പ്രകൃതിയില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതുകൊണ്ട് ജൈവവൈവിധ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതിലും പ്രസക്തമായ മറ്റൊരു സമയം ഇനി ഉണ്ടാകാനില്ലെന്നും യു.എന്‍.ഡി.പി പറയുന്നു.

നമുക്ക് ലോകത്തെ മൊത്തം കണക്ക് വിടാം. കേരളം മാത്രം നോക്കിയാലോ? 2016 ല്‍, നട്ടെല്ലുള്ള ജീവികളില്‍ നടത്തിയ ഒരു പഠനത്തില്‍ 205 ജീവിവര്‍ഗങ്ങളാണ് വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയത്.ആന, സിംഹവാലന്‍ കുരങ്ങ്, കാട്ടുചുണ്ടെലി, നെല്ലെലി, വാലന്‍ചുണ്ടെലി, സിലോണ്‍ നച്ചെലി, കാട്ടുനച്ചെലി, ഈനാംപേച്ചി, ചെന്നായ, കടുവ,വരയാട് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞില്ല, വിവിധയിനം തവളകള്‍ അടങ്ങുന്ന ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുമുണ്ടീ പട്ടികയില്‍. സമുദ്ര ജന്തുക്കളില്‍ നീലത്തിമിംഗലവും വംശനാശ ഭീഷണിയിലാണ്. അങ്ങനെ നീലത്തിമിംഗലം മുതല്‍ ഈനാംപേച്ചി വരെയുള്ള ജീവികള്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ഓര്‍ക്കുക, ഇത് കേരളത്തിന്‍റെ മാത്രം കഥയാണ്. ലോകമൊട്ടാകെയെടുക്കുമ്പോഴാണ് ഈ പട്ടികയില്‍ പത്ത് ലക്ഷം ജീവിവര്‍ഗ്ഗങ്ങള്‍ വരും എന്ന് യു.എന്‍.ഇ.പി പറയുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ഇങ്ങനെ കുറേ ജീവികള്‍ ഇല്ലെങ്കില്‍ എന്താ കുഴപ്പം എന്ന ചോദ്യം ഇന്നാരും ചോദിക്കില്ലെന്നു തന്നെ കരുതാം.

ഭൂമിയുടെ ഉപരിതലത്തിലും ഭൂഗര്‍ഭത്തിലും ശുദ്ധജലത്തിലും സമുദ്രജലത്തിലുമുള്ള ജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും വൈവിധ്യമാണ് ജൈവവൈവിധ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
അവയില്‍ ജീവിവര്‍ഗ്ഗങ്ങളുടെ വൈവിധ്യവും (species diversity), അവയിലെ ജനിതക വൈവിധ്യവും(genetic diversity)   പരിസ്ഥിതിവ്യൂഹത്തിന്‍റെ വൈവിധ്യവും (ecosystem diversity)  ഉള്‍പ്പെടുന്നു. ഒരു പ്രത്യേകസ്ഥലത്ത് കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളാണ് ആദ്യം പറഞ്ഞ വിഭാഗത്തില്‍ വരുന്നത്. ഒരേ ജീവിവര്‍ഗത്തില്‍ തന്നെയുള്ള വ്യത്യസ്ത ഇനങ്ങളെയാണ് ജനിതക വൈവിധ്യം(genetic diversity) എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉദാഹരണമായി നെല്ല് ഒരു സ്പീഷീസ് ആണ് എന്ന് നമുക്കറിയാം. എന്നാല്‍ ഒരേസ്ഥലത്തു തന്നെ വിവിധയിനം നെല്ല് ഉണ്ടെങ്കില്‍ അത് ജനിതക വൈവിധ്യമാകും.ഒരേസ്ഥലത്ത് തന്നെ വ്യത്യസ്തമായ ആവാസവ്യവസ്ഥകള്‍ ഉണ്ടാവുന്നതാണ് ആവാസവ്യവസ്ഥാവൈവിധ്യം (ecosystem diversity) കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും എന്താണ് വൈവിധ്യത്തിന്‍റെ അനിവാര്യത? ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ജൈവവൈവിധ്യം അനിവാര്യമാണ്. ഒരുതുണ്ട് ഭൂമിയെ മനുഷ്യഇടപെടലില്ലാതെ സ്വതന്ത്രമായ മാറ്റങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ അവിടെ എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുക? പലതരം ചെടികളും സസ്യങ്ങളും ഒന്നിച്ച് മുളച്ചു വരുന്നതു കാണാം. അവിടേയ്ക്ക് പലതരം ജീവികളും വന്നുചേരും. ഒറ്റ വര്‍ഗ്ഗത്തിലുള്ള ചെടി മാത്രമായോ, ഒരേയിനം ജന്തുമാത്രമായോ പ്രകൃതിയില്‍ ഒരു സ്ഥലവും നിലനില്‍ക്കുന്നില്ല. അഥവാ അങ്ങനെയുണ്ടെങ്കില്‍ അത് മനുഷ്യര്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുന്നതാണ്. എലിയുണ്ടെങ്കില്‍ പൂച്ച വരും. എലിയും പൂച്ചയുമുണ്ടെങ്കില്‍ പാമ്പും വരാം. പാമ്പുണ്ടെങ്കില്‍ പരുന്തും വരുമല്ലോ? ഇതില്‍നിന്നുതന്നെ നിലനില്‍പ്പിന് വൈവിധ്യം അനിവാര്യമാണെന്ന് വ്യക്തമല്ലേ? കഴിഞ്ഞില്ല, മാനവ വികാസത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ പാരിസ്ഥിതിക ചരക്കുകളുടെയും സേവനങ്ങളുടെയും മൂലക്കല്ല് കൂടിയാണ് വൈവിധ്യം. ഭക്ഷണം, ജലം, പലതരം പ്രകൃതിവിഭവങ്ങള്‍ എന്നിവ പാരിസ്ഥിതിക ചരക്കുകളില്‍പെടുന്നു. കാലാവസ്ഥാ നിയന്ത്രണം, പരാഗണം, വെള്ളപ്പൊക്കം തടയല്‍, പോഷകങ്ങളുടെ പുനഃചംക്രമണം തുടങ്ങിയവ പാരിസ്ഥിതിക സേവനങ്ങളില്‍പ്പെടുന്നു. ഇവ രണ്ടുമില്ലാതെ ഭൂമിയില്‍ ജീവന് നിലനില്‍പ്പില്ല. നമുക്കു ചുറ്റുമുള്ള നിരവധി ലളിതമായ ഉദാഹരണങ്ങള്‍ ഇത് തെളിയിക്കുന്നു. തേനീച്ചകള്‍ ഇല്ലാതായാല്‍ മാനവസമൂഹത്തിന് പിന്നീട് നാലു വര്‍ഷം കൂടിയേ നിലനില്‍ക്കാനാവൂ എന്ന ഒരു പറച്ചിലുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായാണ് ഇന്‍റര്‍നെറ്റ് സാഹിത്യത്തില്‍ ഉടനീളം കാണുന്നത്.ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞതായി തെളിവൊന്നുമില്ലെങ്കിലും സസ്യങ്ങളിലെ പരാഗകാരികളില്‍ പ്രധാനിയാണ് തേനീച്ച എന്നത് വിസ്മരിക്കാനാവില്ല. യു.കെ സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് ഹൈഡ്രോളജിയിലെ ഡോ.മൈക്കിള്‍ പോക്കോക്ക് ഇതു സംബന്ധിച്ച് നടത്തിയ ഒരു പഠനമുണ്ട്. തേനീച്ചകള്‍ അടക്കമുള്ള പരാഗകാരികള്‍ നടത്തുന്ന പരാഗണം മനുഷ്യാദ്ധ്വാനം കൊണ്ട് ചെയ്യുകയാണെങ്കില്‍ അതിനെന്ത് വേതനം കൊടുക്കേണ്ടി വരും എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പഠന വിഷയം. നാനൂറ് മുതല്‍ അറുനൂറ് കോടി വരെ ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ഇതിനായി ഓരോ വര്‍ഷവും വേണ്ടി വന്നേക്കാവുന്ന മതിപ്പ് തുകയായി കണക്കാക്കിയത്. ഇനി വേറൊരു ഉദാഹരണം പറഞ്ഞാല്‍ കേരളത്തിന്റെ പറമ്പുകളിലും തൊടികളിലുമുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ അനേകം ചെടികള്‍ പരിഗണിക്കുക. താളും തകരയും വേലിച്ചീരയുമടക്കം കൃഷി ചെയ്തിട്ടല്ലാതെ മുളച്ച് പൊന്തുന്ന എത്രയോ ചെടികളുണ്ട്. ഒരു കാലത്ത് കേരളത്തിന്റെ വിശപ്പടക്കിയിരുന്ന വിഭവങ്ങളില്‍ നല്ലൊരു പങ്ക് ഇവയായിരുന്നു. ‘ചക്കേം മാങ്ങേം ആറ് മാസം,അങ്ങനേം ഇങ്ങനേം ആറ് മാസം‘,എന്ന് ഒരു കാലത്തെ ദരിദ്രബ്രാഹ്മണ ഭവനങ്ങളിലെ ഭക്ഷണത്തെക്കുറിച്ച് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഇത് മനസ്സില്‍ വച്ചിട്ടാണ്. ബ്രാഹ്മണരേക്കാള്‍ എത്രയോ വലിയ ദാരിദ്ര്യമാണ് മറ്റുള്ളവര്‍ അനുഭവിച്ചത്. അവര്‍ ആഹാരത്തിന്റെ സിംഹഭാഗത്തിനും ആശ്രയിച്ചത് തൊടികളിലെ ജൈവവൈവിധ്യമായിരുന്നു എന്നു നിസ്സംശയം പറയാം.

ഇതെല്ലാം തരുന്ന സൂചനകള്‍ എന്താണ്? ഏറ്റവും ചെറിയ ബാക്ടീരിയ മുതല്‍ ഏറ്റവും വലിയ നട്ടെല്ലുള്ള ജീവികള്‍ വരെയുള്ള ജൈവലോകത്തിന്റെ എല്ലാ ഘടകങ്ങളേയും പരിസ്ഥിതി വ്യവസ്ഥകള്‍ ബാധിക്കുന്നുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. ചിലര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നത് മറ്റുള്ളവര്‍ ശ്വസിക്കുന്നു. ചിലത് വലിയ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു. ചിലത് വലിയ ഇനങ്ങള്‍ക്ക് ഇരയായിത്തീരുന്നു. ഉത്പ്പാദനവും ഉപഭോഗവും ഇരതേടലും ഇരയാകലും എന്നിങ്ങനെ പ്രകൃതിയില്‍ നിരന്തരമായ സംഘര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സംഘര്‍ഷം ഒരു സന്തുലിതാവസ്ഥയിലേയ്ക്ക് നയിക്കുന്നു എന്നതാണ് അതിലെ വൈരുധ്യാത്മകത. പ്രകൃതിയില്‍ ഒരു സന്തുലിതാവസ്ഥയുണ്ട് എന്നു പറയാറുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. ചലനാത്മകമായിരിക്കുമ്പോള്‍ തന്നെ കൂ ടുതല്‍ സ്ഥിരതയുള്ള  ഒരവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനുള്ള പ്രവണതയാണ് പ്രകൃതി കാണിക്കുന്നത്.ഈ അവസ്ഥ നിലനിര്‍ത്തുന്നതില്‍ എല്ലാ ജീവജാലങ്ങള്‍ക്കും പങ്കുണ്ട്.

ജന്തുജന്യരോഗങ്ങള്‍ – പകര്‍ച്ചാരീതി

പ്രകൃതിയിലെ ഏതെങ്കിലും ഒരു ജീവിയുടെ ആവാസവ്യവസ്ഥയില്‍ വരുന്ന തകര്‍ച്ച മറ്റ് അനേകം ജീവികളെ ബാധിക്കുന്നതിന്റെ അനേകം തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. വനനശീകരണത്തെത്തുടര്‍ന്ന് വവ്വാലുകളുടെ ആവാസവ്യവസ്ഥ തകര്‍ന്നതില്‍ നിന്നാണല്ലോ വവ്വാലുകള്‍ വഴി പകരുന്ന രോഗങ്ങള്‍ വ്യാപിച്ചത്. അതിന്റെ ഉദാഹരണമാണ് മുമ്പ് കേരളത്തെ ആക്രമിച്ച് പിന്‍വാങ്ങിയ നിപ പനി. അങ്ങനെ നോക്കിയാല്‍ ഈ കൊറോണാക്കാലത്ത് ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സവിശേഷമായ മറ്റൊരു പ്രസക്തി കൂടിയുണ്ട്. ഒരു രോഗകാരിക്ക് അതിവേഗം വ്യാപിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിന് ജൈവവൈവിധ്യം കൂടുതല്‍ തടസ്സമുണ്ടാക്കുന്നു എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അതേസമയം ജൈവവൈവിധ്യം നഷ്ടപ്പെട്ട് ആവാസവ്യവസ്ഥ ഏകതാനമാകുന്നത് മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയിലുള്ള രോഗകാരികളുടെ വ്യാപനത്തെ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ജൈവവൈവിധ്യദാരിദ്ര്യം അനാരോഗ്യകരമായ ചുറ്റുപാടുകളെ സൃഷ്ടിക്കുന്നു എന്നുറപ്പിച്ച് പറയാം. മാറുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനുള്ള ഒരു മാര്‍ഗമായി ജനിതക വൈവിധ്യം വര്‍ത്തിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ക്കായി തെരഞ്ഞെടുക്കാനുള്ള കൂടുതല്‍ വിഭവങ്ങളുടെ ഒരു കലവറയാണല്ലോ സുസ്ഥിരതയുടെ ഒന്നാമത്തെ അടിത്തറ. നാം ജൈവവൈവിധ്യത്തെ നശിപ്പിക്കുമ്പോള്‍ മനുഷ്യജീവിതത്തെ പിന്തുണയ്ക്കുന്ന വ്യവസ്ഥയെ നശിപ്പിക്കുന്നു എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

വനനശീകരണം, വന്യജീവി ആവാസവ്യവസ്ഥയുടെ കയ്യേറ്റം, കൂടുതല്‍ വനപ്രദേശങ്ങള്‍ കയ്യേറിക്കൊണ്ട് ഏകവിളയിലൂന്നിയ കൃഷി രൂക്ഷമാക്കല്‍, വിവിധ ഇടപെടലുകളിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ത്വരിതപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള മനുഷ്യ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയുടെ അതിലോലമായ സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ജന്തുജന്യരോഗങ്ങള്‍ തന്നെയാണ്. ഇന്ന് മനുഷ്യരില്‍ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഭൂരിഭാഗവും ജന്തുജന്യരോഗങ്ങളാണെന്നത് ഈ പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നു. എബോള, മെര്‍സ്, നിപ, സാര്‍സ്, സിക വൈറസ്, വെസ്ററ് നൈല്‍ വൈറസ് എന്നിങ്ങനെ തുടങ്ങി ഇപ്പോഴത്തെ നോവല്‍ കൊറോണയിലെത്തി നില്‍ക്കുന്നു ഈ പട്ടിക. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വനനശീകരണത്തെത്തുടര്‍ന്ന് മനുഷ്യരും വന്യജീവികളുമായി വളരെ അടുത്ത ഇടപെടല്‍ ഉണ്ടായതാണ് എബോള വ്യാപനത്തിനു കാരണമായത്.

യു.എന്‍.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇംഗര്‍ ആന്‍ഡേഴ്സന്‍റെ അഭിപ്രായത്തില്‍ വൈവിധ്യപൂര്‍ണ്ണമായ പ്രകൃതി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തിരമായ അവസ്ഥയ്ക്കും അഭിലാഷത്തിനും പ്രവര്‍ത്തനത്തിനുമുള്ള വര്‍ഷമാണ് 2020. ആഗോള കാലാവസ്ഥാ പ്രവര്‍ത്തനത്തില്‍ പരിസ്ഥിതിയെ  അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ കൂടുതല്‍ പൂര്‍ണ്ണമായി സംയോജിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഇതു തന്നെയാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിനം മുന്നോട്ടുവയ്ക്കുന്ന പ്രമേയവും.


പരിസ്ഥിതി സംബന്ധമായ ചില ലൂക്ക ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വരൂ….തന്മാത്ര വണ്ടിയിൽ നമുക്ക് യാത്ര പോകാം…!
Next post എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക്
Close