Read Time:8 Minute

ശ്രീജിത്ത് കെ എസ്

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതു പോലെയാണ് പരിസ്ഥിതി നിയമങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. ചട്ടങ്ങളെല്ലാം പരമാവധി ലഘൂകരിച്ച് നിയന്ത്രണമില്ലാത്ത ചൂഷണത്തിനും മലിനീകരണത്തിനും  അനുമതി നൽകുകയാണ് കേന്ദ്ര സർക്കാർ. 

2011 ലെ തീരദേശ സംരക്ഷണ നിയമം (CRZ) വികസനത്തിന്റേയും വാണിജ്യവത്കരണത്തിന്റേയും പേരിൽ ഏറെ ഉദാരമാക്കിയാണ് 2019 ൽ ഭേദഗതികൾ കൊണ്ടുവന്നത്. കണ്ടൽ വനങ്ങളടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളെ വികസന രഹിത മേഖല (no development zone) ആയിട്ടാണ് 2011 ലെ നിയമം കണക്കാക്കിയിരുന്നതെങ്കിൽ 2019 ലെ നിയമം ആ പ്രദേശങ്ങളിൽ എക്കോ ടൂറിസം പദ്ധതികൾക്ക് അനുമതി നൽകുന്നു. CRZ 3A യിൽ വരുന്ന പ്രദേശങ്ങളിൽ 200 മീറ്റര്‍ വികസന രഹിത മേഖലയായി ആയി നിജപ്പെടുത്തിയിരുന്നു. ഇപ്പോൾ അത്  കേവലം 50 മീറ്റര്‍ മാത്രമാക്കി ചുരുക്കി. CRZ 1,4 മേഖലയിൽ വരുന്ന പദ്ധതികൾക്ക് മാത്രമേ ഇപ്പോൾ പരിസ്ഥിതി വകുപ്പിന്റെ (mofecc) അനുമതി ആവശ്യമുള്ളൂ. CRZ 2,3 സോണിൽ സംസ്ഥാന സർക്കാരിന്റെ അനുമതി മതിയാകും. തീരദേശ സംരക്ഷണ നിയമം തന്നെ ഒരു പ്രഹസനമാവുകയാണ് ഈ മാറ്റങ്ങളിലൂടെ.മത്സ്യത്തൊഴിലാളികളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും വലിയ എതിർപ്പുകൾ അവഗണിച്ചാണ് 2019 ൽ CRZ നിയമങ്ങൾ കൊണ്ടുവന്നത്. വൻകിട ടൂറിസം കമ്പനികൾക്കും നിര്‍മ്മാണ പ്രമുഖന്‍മാര്‍ക്കുമാണ് ( builders) ഇതിന്റെ പ്രത്യക്ഷ ഗുണങ്ങൾ ലഭിക്കുന്നത്.

ഇതേ മാതൃകയാണ് പുതിയ പരിസ്ഥിതി ആഘാത നിർണയ (environment impact assessment) കരട് വിജ്ഞാപനത്തിലും പിൻതുടരുന്നത്. 2016ലെ EIA ലെ നിയന്ത്രണങ്ങളിലെല്ലാം വെള്ളം ചേർത്തതാണ് പുതിയ നോട്ടിഫിക്കേഷന്‍.

Post facto approval എന്ന പുതിയ സംവിധാനം നിർദ്ദേശിച്ചിട്ടുണ്ട്, അതായത് പാരിസ്ഥിതികാനുമതി ലഭിക്കാതെയും പദ്ധതികൾ ആരംഭിക്കാം. മുൻകരുതൽ തത്ത്വം എന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാനം തന്നെ അട്ടിമറിക്കുന്ന നീക്കമാണിത്.2006 ലെ നിയമത്തിന്റെ പ്രധാന സവിശേഷത പൊതുജനാഭിപ്രായം തേടലായിരുന്നു. പുതിയ വിജ്ഞാപനത്തിൽ പ്രതികരണങ്ങൾ സമർപ്പിക്കാനുള്ള സമയം 30 ദിവസത്തിൽ നിന്ന് 20 ആയി കുറച്ചിരിക്കുന്നു. പൊതു ചര്‍ച്ചാ രീതികളെ( Public consultation process )നെ ദുർബ്ബലമാക്കുന്നതാണ് ഈ നിർദ്ദേശം.പഴയ വിജ്ഞാപനത്തിൽ 20, 000 ചതുരശ്ര മീറ്റര്‍ വരെ യുള്ള പദ്ധതികളെ വിശദമായ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പുതിയതിൽ ആ പരിധി 1,50,000 ആയി ഉയർത്തിയിട്ടുണ്ട്.  പാരിസ്ഥിക ലംഘനങ്ങളുടെ ഒരു സമാഹാരമെന്നാണ് ഈ വിജ്ഞാപനത്തെ പരിസ്ഥിതി പ്രവർത്തകർ വിളിച്ചത്.

വികസനത്തിന്’ പരിസ്ഥിതി നിയമങ്ങൾ ഒരു തടസമാണ് എന്ന സമീപനമാണ് സർക്കാരിന് അതു കൊണ്ടു തന്നെ നിയമങ്ങളെ പരമാവധി ദുർബ്ബലമാക്കുന്നു. അതോടൊപ്പം നിയമങ്ങൾ നടപ്പിലാക്കുന്ന സംവിധാനങ്ങളെയും . ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് National Green Tribunal.

സർക്കാർ സംവിധാനങ്ങൾ നഗ്നമായി പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ അതിനു ഒരു പരിധി വരെ തടയിടുന്നത് NGT ആണ്. LG polymers ന് 50 കോടി പിഴ ചുമത്തിയതും യമുനാ നദീ തീരം ശ്രീ ശ്രീ രവിശങ്കർ യോഗ ആഘോഷങ്ങൾക്കായി നികത്തിയപ്പോൾ 5 കോടി പിഴ ഈടാക്കിയതും NGT ആണ്.  NGT യിൽ 21 അംഗങ്ങൾ വേണ്ടിടത്ത് കേവലം 8 പേരാണ് ഇപ്പോൾ ഉള്ളത്. ട്രിബൂണല്‍l നിയമനങ്ങൾ കൂടി നിയന്ത്രിച്ച് അതിനെ കെട്ടു കുതിരയാക്കാനും ശ്രമിക്കുന്നുണ്ട്.

വികസനത്തെയും പരിസ്ഥിതിയേയും വിരുദ്ധ ധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുന്ന ഈ സമീപനം സുസ്ഥിര വികസനം എന്ന സങ്കല്പത്തിന്റെ നേർ വിപരീതമാണ്.

രാജ്യത്തെ വ്യവസായ സൗഹൃദമാക്കുക എന്ന പേരിൽ അനിയന്ത്രിതമായ പ്രകൃതി നാശത്തിനാണ് വഴിതുറക്കുന്നത്. ഖനന ചട്ടങ്ങൾ ഉദാരമാക്കുന്നത്, നദീ സംയോജനം, ഹൈ സ്പീഡ് റെയിൽ തുടങ്ങിയ പദ്ധതികളിലെ പരിസ്ഥിതി ആഘാതം അവഗണിക്കുന്നത് തുടങ്ങി എല്ലാ രംഗത്തും ഈ പ്രവണത കാണാം.

സംസ്ഥാനങ്ങൾ  എത്രത്തോളം വ്യവസായ സൗഹൃദങ്ങളാണ് എന്ന് കാണിക്കുന്ന സംരംഭ സൗഹൃദ സൂചിക (ease of doing business ) സർക്കാരിന്റെ തിങ്ക് ടാങ്ക്  ആയ നീതി ആയോഗ് തയ്യാറാക്കുന്നുണ്ട്. വ്യവസായം തുടങ്ങാനുള്ള അനുമതികൾ കാലതാമസമില്ലാതെ നൽകുക, നിരവധി ഓഫീസുകൾ കയറി ഇറങ്ങേണ്ടത് ഒഴിവാക്കുക, രജിസ്ട്രേഷൻ, വൈദ്യുതി തുടങ്ങിയവ എളുപ്പം ലഭിക്കുക  തുടങ്ങിയ മാനദണ്ഡങ്ങളാണ്  സംരംഭസൗഹൃദ സൂചികയിൽ വരുന്നത്.

2017 ലും 2018 ലും ഇതിൽ ഒന്നാമത് വന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. വിശാഖപട്ടണത്തിൽ നടന്ന വിഷവാതക ദുരന്തത്തിൽ നിന്ന് തന്നെ മനസിലാക്കാം ജനങ്ങളുടെ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഒരു പ്രാധാന്യവുമില്ലാത്ത ഈ സൂചിക ഉണ്ടാക്കുന്ന അപകടം. പാരിസ്ഥിതികാനുമതി ഇല്ലാതെയാണ്  L G Polymers എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
വൻകിട നിക്ഷേപങ്ങൾ ആകർഷിക്കാൻ സംസ്ഥാനങ്ങൾക്കുള്ള വഴി ഈ സൂചികയിൽ മുൻനിരയിൽ എത്തുകയാണ്. ഏകജാലകത്തിലൂടെ ഏതാനും ദിവസങ്ങൾ കൊണ്ട് അനുമതികൾ നൽകുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് കേവല പ്രാധാന്യം പോലും ലഭിക്കുന്നില്ല കാരണം നീതി ആയോഗിന്റെ സൂചിക അപ്രകാരമാണ്.

വിശാഖപട്ടണത്തിൽ നടന്ന LG Polymers വിഷവാതക ദുരന്തം കടപ്പാട് K. R. Deepak Thehindu

ലോക രാജ്യങ്ങൾക്ക് ഇത്തരത്തിൽ സംരംഭസൗഹൃദ സൂചിക തയ്യാറാക്കുന്നത് ലോക ബാങ്കാണ്. 2014ൽ ഇന്ത്യ പട്ടികയിൽ 142 സ്ഥാനത്തായിരുന്നുവെങ്കിൽ 2020 ൽ 63 സ്ഥാനത്ത് എത്തിയിരിക്കുന്നു. GST നടപ്പിലാക്കിയതും ബാങ്ക്സ് ബോഡ് ബ്യൂറോ കൊണ്ടുവന്നതുമെല്ലാം ഇതിനു സഹായിച്ചിട്ടുണ്ടെങ്കിലും റാങ്കിങ്ങിൽ ഏറെ മുന്നിലെത്താൻ കാരണം നിർമാണാനുമതികൾ എളുപ്പമായതാണ്.

വിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തും പരിസ്ഥിതിയെ പരമാവധി നശിപ്പിച്ചും ലാഭമുണ്ടാക്കുക എന്ന സങ്കല്പത്തിന് സർക്കാരുകളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഈ സൂചിക.

ചെറുതും വലുതുമായ അനേകം മനുഷ്യ നിർമിത പ്രകൃതി ദുരന്തങ്ങളിലൂടെയാകും ഇതിന്റെ പ്രത്യാഘാതം നാം അനുഭവിക്കുക.


അനുബന്ധം

  1. Draft EIA Notification, 2020 – Environment Clearance

  2. https://www.newsclick.in/EIA-Notification-2020
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

One thought on “പരിസ്ഥിതിക്ക് സാവധാന മരണം

Leave a Reply

Previous post ഒച്ചിഴയുന്ന വഴികൾ
Next post അത്യുഷ്ണം പിന്നെ അതിവർഷം – കാലാവസ്ഥ മാറുന്നു.
Close