ഡോ.ബി.ഇക്ബാൽ എഴുതുന്ന മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ പതിനാറാമത്തെ പുസ്തകം ഫാങ് ഫാങിന്റെ വൂഹാൻ ഡയറിയെക്കുറിച്ചു വായിക്കാം
കോവിഡ് ഉത്ഭവിച്ച ചൈനയിൽ നിന്നുമാണ് കോവിഡ്കാല അനുഭവങ്ങളെപറ്റിയുള്ള ആദ്യത്തെ പുസ്തകവും പുറത്ത് വന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാനമായ വൂഹാനടക്കമുള്ള ഹൂബെയ് പ്രവിശ്യ 2020 ജനുവരി 23 മുതൽ 25 മാർച്ച് വരെ ചൈനീസ് അധികൃതർ സമ്പൂർണ്ണ ലോക്ക്ഡൌണിന് വിധേയമാക്കി. ഹൂബെയ് പ്രവിശ്യയിൽ മൊത്തം 57 ദശലക്ഷവും വൂഹാൻ നഗരത്തിൽ മാത്രം 11 ദശലക്ഷവും മനുഷ്യരാണ് ക്വാറന്റിന് വിധേയരായി വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടിവന്നത്. ഇക്കാലത്തെ അനുഭവങ്ങൾ ജനുവരി 25 മുതൽ മാർച്ച് 25 വരെ 60 പ്രതിദിനക്കുറിപ്പായി പ്രസിദ്ധ ചൈനീസ് സാഹിത്യകാരി ഫാങ് ഫാങ്: (തൂലികാ നാമം ശരിയായ പേര് വാങ് ഫാങ്: Fang Fang : Wang Fang: 1955-) സാമൂഹ്യ ശ്രംഖലയായ വീബോയിൽ (Weibo) “ഫാങ് ഫാങ് ഡയറി“ എന്ന പേരിൽ എഴുതാൻ തുടങ്ങി.
സാമൂഹ്യ ശ്രംഖലകൾ നിരന്തരം നിരീക്ഷിച്ച് വരുന്ന ചൈനീസ് അധികൃതർ ഇടക്ക് പലതവണ ഫാങ്ങിന്റെ വീബോ അക്കൌണ്ട് നിർത്തലാക്കിയെങ്കിലും ബഹുജന സമ്മർദ്ദത്തെ തുടർന്ന് വീണ്ടും തുറന്ന് കൊടുക്കാൻ നിർബന്ധിതരായി. ചൈനീസ് ആരോഗ്യ വകുപ്പിനേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും വിമർശിക്കുന്നുണ്ടെങ്കിലും കോവിഡ് നിയന്ത്രണത്തിൽ അധികൃതരും ആരോഗ്യ പ്ര്വർത്തകരും നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കാനും അഭിനന്ദിക്കാനും ഫാങ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലെ ഇന്റർനെറ്റ് സെൻസർഷിപ്പിനെ ഫാങ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. ചൈനയിലും വിദേശ രാജ്യങ്ങളിലുമായി 3.8 ദശലക്ഷം പേരാണ് ഫാങിന്റെ കുറിപ്പുകൾ വായിച്ച് കൊണ്ടിരുന്നത്. 96,000 പേർ പ്രതികരണങ്ങൾ അറിയിച്ചു. മൈക്കൾ ബെറി ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ഫാങ്ങിന്റെ വീബോ കുറിപ്പുകൾ “വൂഹാൻ ഡയറി ക്വാറന്റൈൻ നഗരത്തിൽ നിന്നുള്ള സന്ദേശങ്ങൾ“ ( Wuhan Diary: Dispatches from a Quarantined City) എന്ന പേരിൽ ഹാർപ്പർ കോളിൻസ് 2020 ജൂണിൽ ഇംഗ്ലീഷിൽ പുറത്തിറക്കി. തുടർന്ന് മറ്റ് നിരവധി ലോക ഭാഷകളിലും പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും കോവിഡ് കാലത്ത് ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന പുസ്തകങ്ങളിലൊന്നായി മാറുകയും ചെയ്തു..
ക്വാറന്റൈന് വിധേയായി ഒറ്റപ്പെട്ട് കഴിയേണ്ടി വന്നപ്പോഴുള്ള മാനസിക സംഘർഷവും കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവർ മരണമടയുമ്പോഴുള്ള വേദനയുമെല്ലാം ഹൃദയസ്പർശിയായി ഫാങ് രേഖപ്പെടുത്തുന്നു. 76 ദിവസങ്ങൾ നീണ്ടു നിന്ന വൂഹാൻ ലോക്ക്ഡൌണിനെ കോവിഡ് നിയന്ത്രിക്കാൻ അവശ്യമായിരുന്ന കടുത്ത നടപടിയെന്ന നിലയിൽ ഫാങ് അംഗീകരിക്കുന്നുണ്ട്. മെയ് മാസത്തോട് കോവിഡ് വ്യാപനം ഏതാണ്ട് പൂർണ്ണമായി പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞത് ലോക്ക്ഡൌൺ മൂലമാണെന്ന് അവർ അംഗീകരിച്ചിട്ടുണ്ട്. ലി വെൻ ലിയാങ്ങും മറ്റും കാലേക്കൂട്ടി ചൂണ്ടികാട്ടിയെങ്കിലും കരുതൽ നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും അവർ ചൂണ്ടികാട്ടി. ലി വെൻ ലിയാങ്, അലി ഫെൻ തുടങ്ങി എട്ട് പേർ അപൂർവ്വമായ രോഗം പടർന്ന് പിടിക്കുന്നതായി നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായതെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ലി വെൻ ലിയാങ്ങിനെ നിശബ്ദനാക്കാൻ നടത്തിയ അപലപിക്കുന്ന ഫാങ് ലി മരണമടഞ്ഞ വിവരം അറിഞ്ഞയുടനെ പൊട്ടിക്കരയുന്നു.
ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനത്തെ അർഹിക്കുന്ന ഗൌരവത്തൊടെ അധികൃതർ സമീപിച്ചില്ല. മാസ്ക്ക് വിതരണത്തിലും മറ്റും ശ്രദ്ധകുറവുണ്ടായി. കോവിഡുമൂലം മരണമടഞ്ഞവരുടെ ശവശരീരം ബന്ധുക്കളുടെ വികാരം കണക്കിലെടുക്കാതെ ധൃതിപിടിച്ച് മറവു ചെയ്യുന്നതിൽ കാട്ടിയ ഹൃദയശൂന്യതയെ അവർ വിമർശിച്ചു. കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തന വിജയം പാർട്ടിയുടെ വിജയമായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ആഘോഷിക്കാൻ ശ്രമിച്ചതിനെ ഫാങ് പരിഹസിക്കുന്നു. മൃദുവായ ഭാഷയിലാണെങ്കിലും കോവിഡ് കാലാനുഭവങ്ങളിലൂടെ ചൈനീസ് സമൂഹം നേരിടുന്ന സമകാലീന രാഷ്ടീയ സാമൂഹ്യ പ്രശ്നങ്ങളും അവർ പരാമർശിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്രത്തിലും ജനാധിപത്യ അവകാശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അവരെ അസ്വസ്ഥയാക്കുന്നുണ്ട്.
ഓഫ് ലൈൻ-ഓൺലൈൻ ലോകങ്ങളെ ബന്ധിപ്പിക്കുന്ന കാലഘട്ടത്തെയാണ് വൂഹാൻ ഡയറി ആവിഷ്കരിക്കുന്നതെന്ന് ചില നിരൂപകർ ചൂണ്ടിക്കാട്ടുന്നു. “ഞങ്ങൾ ചിന്തിക്കുന്നു, ഞങ്ങൾ പഠിക്കുന്നു, ഞങ്ങൾ പ്രവർത്തിക്കുന്നു“ (We think-We Learn- We Act) എന്ന ഡിജിറ്റലാനന്തര കാലത്തെ വിമർശനാത്മ പ്രബോധന പരികല്പനയെ (Postdigital Critical Pedagogy). വൂഹാൻ ഡയറി പ്രതിനിധാനം ചെയ്യുന്നു എന്ന് ഡിജിറ്റൽ വിദ്യാഭ്യാസ വിചക്ഷണൻ പീറ്റർ ജാൻഡ്രിക്ക് (Petar Jandric) അഭിപ്രായപ്പെടുന്നു.