Read Time:18 Minute

ലോകജലദിനം എന്താണെന്നും, ഈ വര്‍ഷത്തെ ലോകജലദിനത്തിന്‍റെ പ്രമേയമായ ‘ജലത്തെ വിലമതിക്കുക ‘valuing water’ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും വിശദീകരിക്കാനാണ് നാം ഇവിടെ ശ്രമിക്കുന്നത്. ഈ ടൂള്‍കിറ്റ് പങ്കുവെക്കുകയും, പ്രചരണപരിപാടികള്‍ക്ക് ഇതിന്‍റെ ഉള്ളടക്കത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ടൂൾകിറ്റ് പി.ഡി.എഫ്. ഡൗൺലോഡ് ചെയ്യാം

അടിസ്ഥാനവിവരങ്ങള്‍

എന്നാണ് ലോകജലദിനം?

മാര്‍ച്ച് 22ന് ആണ് ലോകജലദിനം. ആദ്യ ലോകജലദിനം 1993ല്‍ ആയിരുന്നു.

എന്താണ് ലോകജലദിനം?

ശുദ്ധജലത്തിന്‍റെ പ്രധാന്യത്തിന് ഊന്നല്‍ നല്‍കികൊണ്ട് വര്‍ഷാവര്‍ഷങ്ങളില്‍ ഐക്യരാഷ്ട്രസംഘടന ആചരിക്കുന്ന ഒരു ആഗോളദിനമാണ് ലോകജലദിനം. ജലവും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സമിതിയായ ഐക്യരാഷ്ട്ര-ജലം (UN-Water) സമിതിയാണ് ലോകജലദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സമിതിയിലെ ഒന്നോ അതിലധികമോ അംഗങ്ങളും പ്രമേയവിഷയവുമായി ബന്ധപ്പെട്ട പങ്കാളികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ലോകജലദിനത്തിന്‍റെ ലക്ഷ്യമെന്താണ്?

ലോകത്തെ 220 കോടി ജനങ്ങള്‍ക്ക് സുരക്ഷിതമായ ജലം ലഭ്യമല്ലെന്ന ബോധ്യം ഉണര്‍ത്താനായുള്ള ജലാഘോഷമാണ് ലോകജലദിനം. ആഗോളജല പ്രതിസന്ധിയ്ക്ക് കടിഞ്ഞാണിടാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കണം എന്നതാണ് ജലദിനത്തിന്‍റെ ചിന്താവിഷയം. 2030ഓടെ കൈവരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ എല്ലാവര്‍ക്കും ‘ശുദ്ധജലവും ശുചിത്വവും’ എന്ന സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ (SDG-6) ലക്ഷ്യപ്രാപ്തിയെ സഹായിക്കുക എന്നതിലാണ് ആഘോഷത്തിന്‍റെ പ്രധാന ഊന്നല്‍.

2021ലെ ലോകജലദിനത്തിന്‍റെ പ്രമേയമെന്താണ്?

ഓരോ വര്‍ഷങ്ങളിലും ജലദിനത്തിന് ഓരോ പ്രമേയമുണ്ടായിരിക്കും. 2021ല്‍ അത് ജലത്തെ വിലമതിക്കുക എന്നതാണ്. ഭൂഗര്‍ഭജലം എന്നതാണ് 2022ലെ പ്രമേയം. മുന്‍വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കും.

http://www.worldwaterday.org/archives

ലോകജലദിനത്തില്‍ എന്തൊക്കെയാണ് അരങ്ങേറുന്നത്?

www.worldwaterday.org എന്ന ഐക്യരാഷ്ട്ര ജലസമിതിയുടെ വെബ്സൈറ്റ് വഴിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മാസങ്ങള്‍ക്ക് മുമ്പേ പുറത്തുവിടുന്ന ആശയങ്ങള്‍ക്ക് അനുസൃതമായി മാര്‍ച്ച് 22ന് ലോകം മുഴുവനുമുള്ള ജനങ്ങളും സംഘടനകളും ആഗോള പൊതുപ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയും അതില്‍ പങ്കാളികളാകുകയും ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ ലോക ജലവികസനരേഖയും ഈ ദിനത്തോടനുബന്ധിച്ചാണ് പ്രസിദ്ധീകരിക്കാറുള്ളത്. ലോകജലദിന മുദ്രാവാക്യത്തെ കേന്ദ്രീകരിച്ചാണ് വികസനരേഖ തയ്യാറാക്കുന്നത്. വിവിധ നയങ്ങള്‍ നടപ്പിലാക്കുന്ന വിധിനിര്‍ണയേതാക്കള്‍ക്ക് പുതിയ സാഹചര്യത്തില്‍ ആവശ്യം വരുന്ന നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ രേഖയിലുണ്ടായിരിക്കും.

പ്രചാരണപരിപാടികള്‍

ജലത്തെ വിലമതിക്കുക എന്ന പ്രമേയത്തിനു കീഴിലാണ് 2021ലെ ജലദിന ക്യാമ്പയ്ന്‍. ആളുകൾ ജലത്തെ അതിന്‍റെ സമസ്ത ഉപയോഗങ്ങളും പരിഗണിച്ചു കൊണ്ട് എങ്ങനെ വിലമതിക്കുന്നു എന്നതിനെക്കുറിച്ച് ആഗോളമായ ഒരു പൊതുചര്‍ച്ച സമൂഹമാധ്യമങ്ങളില്‍, ക്യാമ്പേയ്നിന്‍റെ ഭാഗമായി രൂപം കൊണ്ടുവരുന്നു.

വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത ആളുകൾ ജലത്തെ എങ്ങനെ വിലമതിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ സമഗ്രമായ ധാരണ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അമൂല്യമായ ജലവിഭവം ഏവർക്കുമായി സംരക്ഷിക്കാനാണിത്.

ജലത്തിന്‍റെ മൂല്യത്തെക്കുറിച്ചുള്ള കഥകളും ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് കാമ്പെയ്‌നിന്റെ പ്രധാന നടപടിക്രമങ്ങള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്:

ജലം വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്തമായാണ് അനുഭവപ്പെടുന്നത്. ഈ സംഭാഷണം ജലം നിങ്ങൾക്ക് എന്താണ് എന്നതിനെക്കുറിച്ചുള്ളതാണ്. നിങ്ങളുടെ വീടിനും കുടുംബജീവിതത്തിനും, നിങ്ങളുടെ ഉപജീവനമാർഗത്തിനും, സാംസ്കാരിക രീതികൾക്കും, ക്ഷേമത്തിനും, പ്രാദേശിക പരിസ്ഥിതിക്കും വെള്ളം ഏതെല്ലാം രീതിയില്‍ പ്രധാനമാണ്?

വീടുകളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ജലത്തിന്‍റെ അര്‍ത്ഥം ആരോഗ്യം, ശുചിത്വം, അന്തസ്സ്, ഉൽപാദനക്ഷമത എന്നൊക്കെയാണ്.

പ്രകൃതിയില്‍ ജലം സമാധാനം, ഐക്യം, സംരക്ഷണം എന്നിവയെ സൂചിപ്പിക്കുന്നു.

ജനപ്പെരുപ്പവും, കാർഷിക വ്യവസായ മേഖലകളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളും, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മോശമായ പ്രത്യാഘാതങ്ങളും ഇന്ന്‍ ജലത്തെ തീവ്രഭീഷണിയിലാക്കിയിരിക്കുന്നു.

ജലത്തെക്കുറിച്ചുള്ള നിങ്ങളുടെ കഥകളും ചിന്തകളും വികാരങ്ങളും ഞങ്ങളോട് പങ്കുവെക്കുക.

ജലം വ്യത്യസ്ത വഴികളിലൂടെ നമ്മുടെ ജീവിതത്തിനായി നല്‍കുന്ന എല്ലാ മൂല്യങ്ങളെയും രേഖപ്പെടുത്തുന്നതിലൂടെയും ആഘോഷിക്കുന്നതിലൂടെയും, നമുക്ക് ജലത്തെ ശരിയായി വിലമതിക്കാനും, അതിനെ എല്ലാവർക്കുമായി ഫലപ്രദമായി സംരക്ഷിക്കാനും കഴിയും”. സമൂഹമാധ്യമങ്ങളിലെ #water2me സംഭാഷണങ്ങളില്‍ നിന്നും എടുത്തത്.

ലോകമെമ്പാടുമുള്ള ആളുകൾക്ക് ജലം എന്താണ് എന്നതിനെക്കുറിച്ച് #water2me ക്യാമ്പയിനില്‍ അഭിപ്രായങ്ങളും, പ്രതികരണങ്ങളും രേഖപ്പെടുത്താം. ഇവ ശേഖരിച്ച് പ്രാതിനിധ്യസ്വഭാവത്തില്‍ ഒരു രേഖയാക്കി മാറ്റും. മാര്‍ച്ച് 22ന് http://www.worldwaterday.org/ എന്ന വെബ്സൈറ്റില്‍ ഈ രേഖ ലഭ്യമാകും.

 

പ്രമേയം

  • 2021 ലെ ലോകജലദിനത്തിന്‍റെ പ്രമേയം ജലത്തെ വിലമതിക്കുക (valuing water) എന്നതാണ്.
  • വർദ്ധിച്ചുവരുന്ന ആഗോളജനസംഖ്യയും, സാമ്പത്തികവികസനവും അർത്ഥമാക്കുന്നത് കൃഷിയ്ക്കും,വ്യവസായത്തിനും കൂടുതല്‍ ദാഹിക്കുന്നു എന്നാണ്, വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനായി കൂടുതല്‍ ജലം ആവശ്യപ്പെടുന്ന ഊര്‍ജ്ജോല്‍പാദനം വര്‍ദ്ധിച്ചു വരുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാനം ജലവ്യവസ്ഥകളെ കൂടുതൽ ക്രമരഹിതമാക്കുകയും മലിനീകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
  • സമൂഹം അതിന്‍റെ ജലആവശ്യങ്ങള്‍ സമീകരിക്കുന്നത് ജലസ്രോതസ്സുകളുടെ അടിസ്ഥാനത്തിലായതിനാല്‍, എല്ലാ തരത്തിലും പെട്ട ആളുകളുടെയും താൽപ്പര്യങ്ങൾ അവിടെ പരിഗണിക്കപ്പെടാറില്ല.
  • ജലത്തെ നാം എങ്ങനെ വിലമതിക്കുന്നുവെന്നത് അതിന്‍റെ പങ്കിടലിനേയും മാനേജ്മേന്‍റിനേയും നിർണ്ണയിക്കുന്നു. ജലത്തിന്‍റെ മൂല്യം അതിന്‍റെ പണപരമായ വിലയേക്കാൾ എത്രയോ കൂടുതലാണ് – നമ്മുടെ വീട്, സംസ്കാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, പരിസ്ഥിതിയുടെ സമഗ്രത എന്നിവയില്‍ ജലത്തിന്‍റെ മൂല്യം വളരെ വലുതാണ്, അതേപോലെ സങ്കീർണ്ണവും.
  • ഈ മൂല്യങ്ങളിലേതെങ്കിലും നമ്മള്‍ അവഗണിക്കുകയാണെങ്കിൽ‌, പരിമിതവും, പകരംവെക്കാന്‍ കഴിയാത്തതുമായ വിഭവത്തെ നമ്മള്‍ ദുരുപയോഗം ചെയ്യുന്നു എന്നാണര്‍ത്ഥം. ഏവര്‍ക്കും ശുദ്ധജലവും ശുചിത്വവും ഉറപ്പാക്കാനാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം – 6. ജലത്തിന്‍റെ യഥാർത്ഥ,ബഹുമുഖമൂല്യത്തെക്കുറിച്ച് സമഗ്രമായ ധാരണയുണ്ടാകാതെ, ഏവര്‍ക്കും നിർണായകമായ ജലവിഭവം സംരക്ഷിക്കാൻ നമുക്ക് കഴിയില്ല.

ജലത്തിന്റെ മൂല്യനിര്‍ണ്ണയം അഞ്ച് വ്യത്യസ്ത വീക്ഷണങ്ങള്‍

1. ജലസ്രോതസ്സുകളെ     വിലമതിക്കുകപ്രകൃത്യാലുള്ള ജലസ്രോതസ്സുകളും, പരിസ്ഥിതിവ്യൂഹങ്ങളും.

പരിസ്ഥിതിവ്യൂഹങ്ങളുടെ സൃഷ്ടിയാണ് ജലം. തന്‍റെ ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും എടുക്കുന്ന ജലം ആത്യന്തികമായി ചെന്നു ചേരുന്നത്, അവര്‍ ചേര്‍ക്കുന്ന മാലിന്യങ്ങളോടൊപ്പം, പ്രകൃതിയിലേക്ക് തന്നെയാണ്. ജലചക്രം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ‘ഇക്കോസിസ്റ്റം സേവനം’ ആണ്. നിലവാരമുള്ള ജലവിതരണം ഉറപ്പുവരുത്തുന്നതിനായും, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ ആഘാതങ്ങൾക്ക് പ്രതിരോധം സൃഷ്ടിക്കുന്നതിനായും പരിസ്ഥിതി സംരക്ഷണത്തിന് നാം ഉയർന്ന മൂല്യം നൽകണം.

2. ജലസംബന്ധിയായ അടിസ്ഥാനസൌകര്യങ്ങളെ  വിലമതിക്കുകജലസംഭരണം, ശുദ്ധീകരണം, വിതരണം.        

ജലസംബന്ധിയായ അടിസ്ഥാനസൌകര്യങ്ങള്‍ ജലം സംഭരിക്കുകയും, ഏറ്റവും അവശ്യമായ സ്ഥലങ്ങളിലേക്ക് അത് എത്തിക്കുകയും, ഉപയോഗത്തിന് ശേഷം ശുദ്ധീകരിച്ച് പ്രകൃതിയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു. ഈ അടിസ്ഥാനസൌകര്യങ്ങള്‍ അപര്യാപ്തമായിരിക്കുന്നിടത്ത്, സാമൂഹിക-സാമ്പത്തിക വികസനം തുരങ്കം വയ്ക്കപ്പെടുകയും, പരിസ്ഥിതി വ്യവസ്ഥകൾ അപകടത്തിലാക്കപ്പെടുകയും ചെയ്യുന്നു.

ജലസംബന്ധിയായ അടിസ്ഥാനസൌകര്യങ്ങളുടെ മൂല്യനിർണ്ണയത്തിൽ സാധാരണയായി ചെലവുകള്‍, പ്രത്യേകിച്ച് സാമൂഹികവും പാരിസ്ഥിതികവുമായ ചെലവുകൾ, കുറച്ചുകാണുകയോ ഉൾപ്പെടുത്തപ്പെടാതിരിക്കുകയോ ചെയ്യുന്നു. താരിഫുകളിൽ നിന്ന് എല്ലാ ചെലവുകളും വീണ്ടെടുക്കാൻ പ്രയാസമാണ് (പൂർണ്ണ ചെലവ് വീണ്ടെടുക്കൽ – full cost recovery). പല രാജ്യങ്ങളിലും, പ്രവർത്തനച്ചെലവോ അല്ലെങ്കില്‍ അതിന്‍റെ ഒരു ഭാഗമോ മാത്രമേ ഇങ്ങനെ വീണ്ടെടുക്കൂ, മൂലധന നിക്ഷേപം പൊതു ഫണ്ടുകളില്‍ നിന്നായിരിക്കും.

3. ജലസേവനങ്ങളെ വിലമതിക്കുക –  കുടിവെള്ളം, ശുചിത്വം, ആരോഗ്യസേവനങ്ങൾ.

വീടുകൾ, സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, ആരോഗ്യപരിപാലന സൌകര്യങ്ങള്‍ എന്നിവയിൽ ജലത്തിന്‍റെ പങ്ക് നിർണായകമാണ്. കൂടാതെ, വാഷ് എന്ന പേരില്‍ അറിയപ്പെടുന്ന (water, sanitation and hygiene – WASH) വെള്ളം, ശുചിത്വം ശുചിത്വപരിപാലനം എന്നിവയടങ്ങിയ സേവനങ്ങൾ സാമൂഹ്യ ആരോഗ്യവര്‍ദ്ധനവിന്‍റെ രൂപത്തിൽ ജലത്തിന്‍റെ മൂല്യം വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ചും കോവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ.

അതുകൊണ്ടു തന്നെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങള്‍ പോലും പലപ്പോളും വാഷ് സേവനങ്ങള്‍ക്ക് സബ്‌സിഡി നൽകുന്നു. പക്ഷേ പ്രത്യേക വിഭാഗത്തെ കൃത്യമായി ലക്ഷ്യമിടാത്ത ഇത്തരം സബ്സിഡികൾ നിലവില്‍ ജലകണക്ഷനുകളുള്ള ആളുകൾക്കേ പ്രയോജനം ചെയ്യുന്നൂള്ളൂ. ജലകണക്ഷനുകള്‍ ഇല്ലാത്ത ദരിദ്രസമൂഹത്തിന്‍റെ സ്ഥിതി ഇത്തരം സബ്സിഡികള്‍ മെച്ചപ്പെടുത്തുന്നില്ല.

4. ഉൽപാദനത്തിലും,     സാമൂഹ്യ-സാമ്പത്തിക  പ്രവർത്തനങ്ങളിലുമുള്ള  ജലത്തിന്റെ പങ്ക് വിലമതിക്കുക. – ഭക്ഷണം, കൃഷി, ഊർജ്ജം,     വ്യവസായം, ബിസിനസ്സ്, തൊഴിൽ.

കാര്‍ഷികമേഖലയാണ് ആഗോള ശുദ്ധജല സ്രോതസ്സുകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതിയുടെ അപചയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതും കാര്‍ഷികമേഖലയാണ് ഭക്ഷ്യസുരക്ഷയ്ക്ക് ജലം ആവശ്യമാണെങ്കിലും,ജലഉപഭോഗവും ഉത്പാദനമൂല്യവുമായി ബന്ധപ്പെട്ട സാമ്പത്തിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുമ്പോൾ, ഭക്ഷ്യ ഉൽപാദനത്തിലെ ജലത്തിന് പലപ്പോളും കുറഞ്ഞ മൂല്യമാണ് നൽകപ്പെടുന്നത്.

വിശാലമായ നേട്ടങ്ങൾ പലതും – പോഷകാഹാരം മെച്ചപ്പെടുത്തൽ, വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനവുമായി ഇണങ്ങിച്ചേരാനുള്ള മാര്‍ഗ്ഗം സൃഷ്ടിക്കല്‍, കുടിയേറ്റം കുറയ്ക്കല്‍ – എന്നിവയടങ്ങിയ നേട്ടങ്ങളില്‍ പലതും ജലത്തിന്‍റെ മൂല്യനിര്‍ണയത്തില്‍ പ്രതിഫലിക്കപ്പെടുന്നില്ല.

ഊർജ്ജ, വ്യവസായ, ബിസിനസ് (Energy, Industry, and business- EIB) മേഖലയെ സംബന്ധിച്ചിടത്തോളം, ജലക്ഷാമം, വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ജലവുമായി ബന്ധപ്പെട്ട ഭീഷണികൾ ചെലവ് വർദ്ധിപ്പിക്കുകയും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ചെയ്യും. ജലത്തിന്റെ കോർപ്പറേറ്റ് ദുരുപയോഗം ആവാസവ്യവസ്ഥയെ തകർക്കും. അത് EIBയുടെ മതിപ്പ് ഇല്ലാതാക്കുകയും അതുവഴി വിപണിയെ ബാധിക്കാനിടവരുത്തുകയും ചെയ്യും. പരമ്പരാഗതമായി, EIB മേഖല, അവര്‍ ഉപയോഗിയ്ക്കുന്ന ജലത്തിന്‍റെ അളവിനും, മലിനജല ശുദ്ധീകരണത്തിനും സംസ്ക്കരണത്തിനുമുള്ള ചെലവുകളേ ജലത്തിന്‍റെ മൂല്യനിര്‍ണയത്തിനുപയോഗിക്കാറുള്ളൂ. പക്ഷേ കൂടുതൽ ഓർ‌ഗനൈസേഷനുകൾ‌ ഇന്ന് അവരുടെ സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനനുസരിച്ച് സംയോജിത ജലവിഭവ മാനേജ്മെൻറ് (ഐ‌ഡബ്ല്യുആർ‌എം) ആസൂത്രണ സമീപനങ്ങൾ സ്വീകരിക്കുന്നുണ്ട്.

5.  ജലത്തിന്റെ  സാമൂഹിക-സാംസ്കാരിക  വശങ്ങളെ വിലമതിക്കുക   –   വിനോദ, സാംസ്കാരിക, ആത്മീയ സവിശേഷതകൾ.

സൃഷ്ടി, മതം, സമൂഹം എന്നീ ആശയങ്ങളുമായി ജലത്തിന് നമ്മെ ബന്ധിപ്പിക്കാൻ കഴിയും. പ്രകൃതിയിലെ ജലനിഭൃതപ്രദേശങ്ങള്‍ നമ്മുടെ മനസ്സിന് ശാന്തി പകരുന്നു. ജലം എല്ലാ സംസ്കാരത്തിന്‍റേയും അന്തര്‍ധാരയാണ്. എന്നാൽ ജലത്തിന്‍റെ സാമൂഹിക സാംസ്കാരിക മൂല്യങ്ങള്‍ കണക്കാക്കുകയോ വ്യാഖ്യാനിക്കുകയോ പ്രയാസമാണ്. പലപ്പോഴും ജലത്തെ മനുഷ്യന്‍റെ പ്രായോഗിക ഉപയോഗത്തിനുള്ള ഒരു വിഭവമായി മാത്രം സാമ്പത്തികശാസ്ത്രം കണക്കാക്കുന്നു,അതിന്‍റെ സാമൂഹിക-സാംസ്കാരിക, അല്ലെങ്കിൽ പാരിസ്ഥിതിക മൂല്യത്തിൽ അത് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ല. ജലവിഭവ മാനേജ്മെന്റിൽ കൂടുതൽ വൈവിധ്യമാർന്ന പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ട് ജലത്തിന്‍റെ സാംസ്കാരിക മൂല്യങ്ങൾ പൂർണ്ണമായി ഗ്രഹിക്കേണ്ടതുണ്ട്.


പരിഭാഷ : ഡോ.പി.ഷൈജു

കൂടുതല്‍ അറിയാന്‍

  1. ലോക ജലദിനം 2021 വെബ്സൈറ്റ്: www.worldwaterday.org
  2. യുഎൻ ലോക ജല വികസന റിപ്പോർട്ട് 2021: www.unwater.org/publication_categories/world-water-development-report
  3. യുഎൻ-വാട്ടർ എസ്ഡിജി 6 ഡാറ്റ പോർട്ടൽ: www.sdg6data.org

ലൂക്ക ജലദിന സന്ദേശം- വീഡിയോ കാണാം


Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വെള്ളം: ഒരു തന്മാത്രാവിചാരം
Next post ഫാങ് ഫാങിന്റെ വൂഹാൻ ഡയറി: ക്വാറന്റൈൻ നഗരത്തിൽ നിന്നുള്ള സന്ദേശങ്ങൾ
Close