കേൾക്കാം
മുഖം കഴുകാന്‍ പോയവര്‍ തിരിച്ചുവന്നത് ഒരു പ്ലേറ്റു നിറയെ ചക്കച്ചുളയുമായാണ്. രാവിലെ നൂര്‍ബിനത്താത്ത കൊണ്ടുവന്നത് ഞാന്‍ കണ്ടിരുന്നു. അന്‍വര്‍മാഷ് ഒരു ചുളയെടുത്ത് തക്കുടൂന് കൊടുത്തിട്ട് പറഞ്ഞു.
“നല്ല തേന്‍വരിക്കയാണ് ,തിന്നോ.” തക്കുടു അതു വാങ്ങി, മുമ്പ് വാഴപ്പഴം തിന്ന ഓര്‍മയില്‍, ‘തൊലി’ പൊളിച്ച് പ്ലേറ്റിലിട്ട് കുരു തിന്നാന്‍ നോക്കിയപ്പം കൂട്ടച്ചിരി ഉയര്‍ന്നു. അമ്മയും ചിരിച്ചു. ഹാവൂ, ടെന്‍ഷന്‍ അല്പം കുറഞ്ഞു. പിന്നെ, തക്കുടു ഉള്‍പ്പെടെ എല്ലാരും പ്ലേറ്റില്‍ കയ്യിട്ടുവാരി അഞ്ചു മിനുട്ട് കൊണ്ട് പ്ലേറ്റ് കാലി.
മാഷ് പറഞ്ഞു, “ഇനി ഞാന്‍ ചെയ്ത കാര്യങ്ങള്‍ പറയാം. ബേക്കറിയില്‍നിന്ന് തിരിച്ചെത്തി റെയില്‍വെസ്റ്റേഷനില്‍ നീണ്ട കാത്തിരിപ്പിനുശേഷം കബൂത്തര്‍ എത്തി. കണ്ട കാര്യങ്ങള്‍ പറഞ്ഞു. അന്നു ഞാന്‍ പന്‍വേലില്‍ തങ്ങി. കബൂത്തര്‍ ചിഡിയാഘട്ടിലേക്കു പോയി.
പ്രേംസാഗറില്‍ എനിക്കിനി ഒന്നും ചെയ്യാനില്ല. എങ്കിലും സ്ഥലം ഒന്നു കണ്ടിരിക്കാം. ആസ്പത്രീം ഒന്നു കാണണം. അതുകൊണ്ട് അതിരാവിലെ ഞാന്‍ ഒരു ലോക്കല്‍ തീവണ്ടിയില്‍ ലോനാവലയില്‍ എത്തി. അവിടുന്ന് ടാക്സിയില്‍ പ്രേംസാഗറിലും. കബൂത്തറും ഉടനെത്തി. അവന്‍ സ്ഥലങ്ങളൊക്കെ എന്നെ പരിചയപ്പെടുത്തി
പിന്നെ ഞാന്‍ ആസ്പത്രി കാണാന്‍ പോയി. സംഗതി ഗംഭീരം. നൂറു രൂപ കൊടുത്ത് ടോക്കണ്‍ വാങ്ങിയാല്‍ അകത്ത് എസി വെയ്റ്റിംഗ് റൂമില്‍ സുഖമായിരിക്കാം. ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും ഒരേതരം സ്വീകരണം. ടോക്കണില്‍ കാണിച്ച നമ്പറുള്ള കൗണ്ടറിലേക്ക് വിളിക്കുമ്പോള്‍ ചെല്ലണം. അഡ്രസ്സും രോഗവിവരങ്ങളും പറഞ്ഞാല്‍ ഒരു കാര്‍ഡു തരും. വരിവരിയായി വരുന്ന യന്ത്രക്കസേരകളിലൊന്നില്‍ കയറിയിരുന്ന്, അതിലെ ഒരു സ്ലോട്ടില്‍ കാര്‍ഡ് ഇട്ടാല്‍ കസേര നിങ്ങളെ എത്തേണ്ടിടത്ത് എത്തിച്ചുകൊള്ളും. കസേരയില്‍ ഒരു സഹായിക്കു കൂടി കേറാം. വേറെ ആര്‍ക്കും അകത്തേക്കു പ്രവേശനമില്ല. എല്ലാം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടറാണ്. ആധുനിക മഹര്‍ഷിവര്യന്റെ ഹൈടെക് പ്രേമം അത്ഭുതകരമായി തോന്നി.”
“എന്തു രോഗം പറഞ്ഞാ കാര്‍ഡ് വാങ്ങിയെ?”, ദീപൂന് സംശയം.
“കാര്‍ഡ് വാങ്ങി ഉള്ളില്‍ പോയാല്‍ എപ്പം തിരിച്ചുവരാന്‍ പറ്റും എന്നറിയില്ല. അതുകൊണ്ട് ഞാന്‍ വേഗം പുറത്തിറങ്ങി. ഒമ്പതുമണി ആയിട്ടേ ഉള്ളൂ. പൂനെയില്‍ രാമേശ്വര്‍ ദയാലിനെ കാണേണ്ടത് രണ്ടു മണിക്കാണ്. ഒരുപാടു സമയം ബാക്കിയുണ്ട്. ലോനാവല നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ബുദ്ധവിഹാരങ്ങളും ഗുഹകളും ഒക്കെ കാണേണ്ട കാഴ്ചകളാണ്. പക്ഷേ എല്ലാം കുറച്ചു ദൂരെയാണ്. ‘കുനേ’വെള്ളച്ചാട്ടം അടുത്താണ്. അതു പോയി കണ്ടു. പിന്നെ ഒരു സിലബ്രിറ്റി വാക്സ് മ്യൂസിയം ഉണ്ട്. ഒന്നൊന്നര മണിക്കൂര്‍ കാണാനുണ്ട്. ചരിത്രപുരുഷന്മാരുടെയും ദേശീയ നേതാക്കളുടെയും ഒക്കെ മെഴുകുപ്രതിമകളാണ്. കാണാന്‍ നല്ല രസംണ്ട്.”
“കൊതിപ്പിക്കല്ലേ മാഷേ”, ദില്‍ഷ പറഞ്ഞു.
“നമ്മക്കെല്ലാവര്‍ക്കും കൂടി ലോനാവലയില്‍ ഒരിക്കല്‍ പോണം ദില്‍ഷേ. മ്യൂസിയം കണ്ടുകഴിഞ്ഞപ്പം വിശന്നു. വലിയ ഹോട്ടലില്‍ കേറിയാല്‍ കൊല്ലും. ടൂറിസ്റ്റ് കേന്ദ്രമല്ലേ. ഒരു നാടന്‍ ഹോട്ടല്‍ തപ്പിപ്പിടിച്ചു. അവിടെ എനിക്കിഷ്ടപ്പെട്ട വിഭവം കിട്ടി. സൂക്കാ റോട്ടിയും മട്ടര്‍ – കോളിഫ്ലവര്‍ കറിയും. പഴയ ഭോപാല്‍ ഓര്‍മകള്‍ തിരിച്ചുവന്നു.”
“എന്താ ഈ സൂക്കാറൊട്ടി, മട്ടര്‍ എന്നൊക്കെ പറഞ്ഞാല്‍?”, ഞാന്‍ ചോദിച്ചു.
മറുപടി പറഞ്ഞത് അമ്മയാണ്, “എടാ, നമ്മക്ക് അച്ഛന്‍ ഉണ്ടാക്കിത്തരാറുള്ള, കനലില്‍ ചുട്ടെടുത്ത ചപ്പാത്തിയില്ലേ? അതാണ് സൂക്കാ റോട്ടി. മട്ടര്‍ന്നു പറഞ്ഞാ പച്ചപ്പട്ടാണീം. രണ്ടും അച്ഛന് വല്യ ഇഷ്ടാരുന്നു.”
ഒഴിവു ദിവസം അച്ഛന്‍ പാചകം ഏറ്റെടുക്കുന്നതിന്റെ ഓര്‍മ അമ്മയില്‍നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. അന്ന് ഞാനാരിക്കും മുഖ്യ സഹായി. അമ്മയ്ക്കന്ന് പൂര്‍ണ വിശ്രമമായിരിക്കും. അന്ന് അമ്മക്ക് അടുക്കളയില്‍ കേറാന്‍ എന്റെ സമ്മതം വാങ്ങണമെന്നാ അച്ഛന്‍ പറയ്യ.
അന്‍വര്‍മാഷ് പറഞ്ഞു, “ഭോപാലില്‍ ഞാനും രാമേശ്വറും എംഎസ്സ്സിക്ക് ക്ലാസ്മേറ്റ്സ് ആയിരുന്നു. രണ്ടുപേരും സാമാന്യം നല്ല ദാരിദ്ര്യത്തില്‍. വാടക വളരെ കുറഞ്ഞ, കാറ്റുകടക്കാത്ത ഒരു മുറിയില്‍ ഒന്നിച്ചാണ് താമസം. അവന്‍ എന്നെ റോട്ടീം കറീം ഉണ്ടാക്കാനും ഞാന്‍ അവനെ കഞ്ഞീം ഇടയ്ക്ക് ഉപ്പുമാവും ഉണ്ടാക്കാനും പഠിപ്പിച്ചു. വല്ലപ്പോഴും അവന്റെ കൂടെ ഗ്രാമത്തിലെ വീട്ടില്‍ പോകുമ്പം അവന്റെ അമ്മ നല്ല പുലാവ് ഉണ്ടാക്കിത്തരും. എന്നിട്ട് ഞങ്ങള്‍ മുറ്റത്ത്, കയര്‍ വരിഞ്ഞ കട്ടിലില്‍ ആകാശം കണ്ടു കിടന്നുറങ്ങും. ബാപ്പ സുഖമില്ലാതെ കിടപ്പിലായപ്പോള്‍ ഞാന്‍ പഠിത്തം മതിയാക്കിപ്പോന്നു. ആദ്യം ട്യൂട്ടോറിയല്‍ മാഷായി. പിന്നെ ബി.എഡ് എടുത്ത് സ്കൂള്‍ മാഷായി. ആ രാമേശ്വര്‍ ദയാലിനെയാണ് ഞാന്‍ കാണാന്‍ പോണത്, പതിനാറു വര്‍ഷത്തിനുശേഷം.
കബൂത്തറിനെ ചിഡിയാഘട്ടിലേക്കു തന്നെ പറഞ്ഞയച്ച് ഞാന്‍ പൂനെയ്ക്ക് പുറപ്പെട്ടു. ട്രെയിന്‍ ഇറങ്ങി രാമേശ്വറിനെ വിളിച്ചു. വാഹനവുമായി വന്നത് സുഹൃദ്‌വര്‍ധന്‍ എന്ന ഒരു ജൂനിയര്‍ ഓഫീസറാണ്. നല്ല രസികനും കേരളത്തെക്കുറിച്ച് മതിപ്പുള്ള ആളുമാണദ്ദേഹം. എന്നെ കൊണ്ടുപോയത് ഡി.ജി.പിയുടെ ക്യാമ്പ് ഓഫീസിലേക്കാണ്. താമസസ്ഥലത്തെ ഓഫീസാണത്. സുഹൃദ് പറഞ്ഞു, ദയാല്‍സാബ് വളരെ കര്‍ക്കശക്കാരനാണ്. അഴിമതി സഹിക്കില്ല. രാഷ്ട്രീയക്കാരുടെ ശുപാര്‍ശയൊന്നും ന്യായമല്ലെങ്കില്‍ എടുക്കില്ല. ധാരാളം മനുഷ്യദൈവങ്ങളും മഹര്‍ഷികളും വാഴുന്ന നാടാണ് പൂനെ. ദയാല്‍ സാബ് അവരുടെ കണ്ണിലെ കരടാണ്. അതുകൊണ്ട് എത്രകാലം ഇവിടെ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ല.
രാമേശ്വര്‍ എന്നെ കാത്തിരിക്കുകയായിരുന്നു. നന്നായി തടിവച്ചിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റമൊന്നുമില്ല. ഞാന്‍ എത്തിയതറിഞ്ഞ് അമ്മയും ഭാര്യയും മകളും ഓടിയെത്തി. അമ്മ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. അമ്മയാണ് എന്നെ ഭാര്യയ്ക്കും മോള്‍ക്കും പരിചയപ്പെടുത്തിയത്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അമ്മയുടെ സ്പെഷല്‍ പുലാവും ഒരിനമായിരുന്നു. വീട്ടുവിശേഷങ്ങളൊക്കെ കൈമാറാന്‍ ഞങ്ങളെ വിട്ടിട്ട് രാമേശ്വര്‍ ഓഫീസ് മുറിയിലേക്ക് പോയി. അര മണിക്കൂര്‍ കഴിഞ്ഞ് സുഹൃദ് വന്ന് എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി.
എന്റെ യാത്രോദ്ദേശ്യം ഞാന്‍ രാമേശ്വറിനോട് വിശദമായി പറഞ്ഞു. ഉണ്ണിയേട്ടനെ കാണാതായ സാഹചര്യവും പിന്നീടുണ്ടായ ഭീഷണികളും എല്ലാം. അദ്ദേഹം പൂനെയില്‍ എത്തിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. കേസിനെക്കുറിച്ച് ഒന്നും അറിയില്ല. കമ്പ്യൂട്ടറില്‍ കേസ് ഹിസ്റ്ററി ചികഞ്ഞെടുത്ത് വായിച്ചു : പേര് നാരായണനുണ്ണി. കാണാതാകുമ്പോള്‍ എറണാകുളം – നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയ്നില്‍ ടിക്കറ്റ് പരിശോധകന്‍. ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എവിടെ വെച്ചാണ് കാണാതായത് എന്നുപോലും അറിയില്ല. മഹര്‍ഷി പ്രേംസാഗര്‍ എന്ന ദിവ്യന്റെ അനുചരരെ സംശയിക്കുന്നതായി സൂചനയുണ്ടെങ്കിലും തെളിവൊന്നും കിട്ടിയിട്ടില്ല.
സുഹൃദ് വര്‍ധന്‍ പറഞ്ഞു : കേസ് അന്വേഷണത്തിന് നിയോഗിച്ച സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. കൂടുതല്‍ അന്വേഷിച്ചിരുന്നെങ്കില്‍ തെളിവൊക്കെ കിട്ടുമായിരുന്നു. ട്രെയ്നില്‍ ഒരു സന്യാസി മയക്കുമരുന്നു കടത്തുന്നുണ്ടെന്നും അയാള്‍ക്ക് ഈ തട്ടിക്കൊണ്ടുപോക്കില്‍ പങ്കുണ്ടെന്നും അന്നേ സൂചനയുണ്ടായിരുന്നു. പക്ഷേ അന്നത്തെ ഡിജിപിയുടെ മേല്‍ വലിയ സമ്മര്‍ദമുണ്ടായി. പെട്ടെന്നൊരു വെള്ളിയാഴ്ച തീവണ്ടിയില്‍ പരിശോധന നടന്നതും സന്യാസി വിതരണം ചെയ്യുന്നത് വിഭൂതിയാണെന്ന് കണ്ടെത്തിയതുമെല്ലാം നേരത്തേ തയ്യാറാക്കിയ ഒരു നാടകമായിരുന്നു.
ഉണ്ണിയേട്ടന്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് രാമേശ്വര്‍ ചോദിച്ചപ്പോള്‍ ഉണ്ടാകും എന്ന് സുഹദ് പറഞ്ഞു. കാരണം, മഹര്‍ഷി നല്ല കന്നം കണ്ട ബിസിനസ്സുകാരനാണ്. കൂലി കൊടുക്കാതെ പണിയെടുക്കാന്‍ ആളെ കിട്ടുമ്പം എന്തിനാ വെറുതേ കൊല്ലുന്നേ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാതായ ചില പത്രപ്രവര്‍ത്തകരും അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തകരുമെല്ലാം മഹര്‍ഷീടെ ഔഷധനിര്‍മാണ യൂനിറ്റില്‍ ഉണ്ടാകുമെന്നും കൂടി സുഹൃദ് പറഞ്ഞു. അതുകൊണ്ടാണ് അങ്ങോട്ട് ആരെയും പ്രവേശിക്കാന്‍ അനുവദിക്കാത്തത്. ആ ഊഹം ശരിയാണെന്നാണല്ലോ കബൂത്തറിന്റെ വീഡിയോ ഇപ്പം കാണിച്ചുതന്നത്.”
അമ്മ ചോദിച്ചു, “എന്നിട്ട് ദയാല്‍ സാര്‍ എന്തുപറഞ്ഞു?”
“ പറയാം, അതിനു മുമ്പ് സുഹൃദ് പറഞ്ഞ ഒരു കാര്യം കൂടി. അത് ഞെട്ടിക്കുന്ന കാര്യമാണ്. നമ്മള്‍ കണ്ട, സന്തോഷംനിറഞ്ഞ ആ ബാല്‍വിഹാറില്ലേ, അവിടത്തെ കുറച്ചു കുട്ടികളേ ശരിക്കും അനാഥരായുള്ളൂ. അധികവും തട്ടിക്കൊണ്ടുവന്ന കുഞ്ഞുങ്ങളാണ്. ഒരു കുഞ്ഞിനെ കൊണ്ടക്കൊടുത്താല്‍ അമ്പതിനായിരം രൂപ കിട്ട്വത്രേ. ഒറ്റ കണ്ടീഷനേയുള്ളൂ – കുട്ടികള്‍ സ്വന്തം നാടും അച്ഛനമ്മമാരുടെ പേരും ഒന്നും ഓര്‍ത്തു പറയാന്‍ പറ്റാത്തവിധം ചെറുതായിരിക്കണം. ശരിക്കും അനാഥരായ മുതിര്‍ന്ന കുട്ടികളെയും സ്വീകരിക്കും. അവരെ എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ കിട്ടും.”
“എന്തിനാ ഇങ്ങനെ വിലകൊടുത്തു വാങ്ങിപ്പോറ്റുന്നെ? പ്രശസ്തിക്കോ?”, ദില്‍ഷയ്ക്കു സംശയം.
“കുഞ്ഞുങ്ങള്‍ക്ക് പത്തു വയസ്സു കഴിഞ്ഞാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് അവരെ ദത്തെടുക്കാം. മാന്യമായ പ്രതിഫലം അനാഥാലയത്തിന് കിട്ടണം എന്നുമാത്രം.”
“അതു നല്ല കാര്യല്ലേ? തട്ടി കൊണ്ടുവരുന്നതു മാത്രല്ലേ മോശംള്ളൂ.”
“അതു ശരിയാ. പക്ഷേ സുഹൃദ് പറഞ്ഞത് അതു വേറൊരു തട്ടിപ്പാണെന്നാ. ദത്തെടുക്കുന്ന ദമ്പതികള്‍ ഒപ്പിട്ട എഗ്രിമെന്റും അവരുടെ അഡ്രസ്സും മറ്റു രേഖകളും സുഹൃദും ടീമും പരിശോധിച്ചത്രേ. പക്ഷേ അന്വേഷിച്ചപ്പോള്‍ അഡ്രസ്സുകള്‍ മുഴുവന്‍ വ്യാജമാണ്. ഒരാളെപ്പോലും കണ്ടെത്താനായില്ല.
എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡുണ്ട്. എന്നാലും ഒരു കുട്ടിയെ ആരെങ്കിലും ദത്തെടുത്തു കഴിഞ്ഞാല്‍ അവരെ കുട്ടിയെയും കൂട്ടി ആസ്പത്രീലേക്കു കൊണ്ടുപോകും. അവസാനത്തെ പരിശോധനയ്ക്കാണത്രെ. പിന്നെ ആ കുട്ടിയെ ആരും കാണില്ല. മൃത്യുഞ്ജയയില്‍ ഇത്രയേറെ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്ന സ്ഥിതിക്ക് ഇതിനെക്കുറിച്ച് ഒരു സമ്പൂര്‍ണ അന്വേഷണം നടത്തണമെന്ന് ദയാലിനോട് സുഹൃദ് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഉത്തരവിടാം, പക്ഷേ പിന്നെ ഞാനിവിടെ കാണില്ല. മഹർഷി ചില്ലറക്കാരനല്ല. മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധനേടാന്‍ പറ്റിയ എന്തെങ്കിലും സംഭവം അതിനുള്ളില്‍ നടന്നാലേ അന്വേഷണത്തിന് ഓര്‍ഡര്‍ ഇട്ടിട്ട് കാര്യമുള്ളൂ. അങ്ങനെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ് രാമേശ്വര്‍ ഒടുവില്‍ എന്നോടു ചോദിച്ചത്. അതൊരു വെല്ലുവിളിയായിരുന്നു. ഞാനത് സ്വീകരിച്ചിട്ടുണ്ട്.”
എല്ലാവരും മരവിച്ച അവസ്ഥയിലായിരുന്നു. കുഞ്ഞുങ്ങളെ കൊന്ന് അവയവങ്ങള്‍ എടുത്ത് വലിയ പ്രതിഫലം വാങ്ങി രോഗികളായ സമ്പന്നര്‍ക്ക് വെച്ചുകൊടുക്കുമ്പോൾത്തന്നെ മികച്ച അനാഥാലയ നടത്തിപ്പുകാര്‍ എന്ന ഖ്യാതിയും നേടുന്ന ആധുനിക സന്യാസിമാരുടെ ക്രൂരത ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
തക്കുടു പറഞ്ഞു, “നമുക്കാദ്യം ഉണ്ണിയേട്ടനെ രക്ഷിക്കണം. അതിന് ഞാനും കബൂത്തറും മതി. പക്ഷേ അവിടെ നടക്കുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ മാത്രം പോരാ. മാഷ് പറയൂ, എന്തുചെയ്യാന്‍ പറ്റും?”
മാഷ് പറഞ്ഞു, “നമ്മള്‍ മൂന്നുപേര്‍ – ഞാന്‍, യദു, ദീപു – തിങ്കളാഴ്ച പൂനെയ്ക്ക് പോകുന്നു. തക്കുടൂം കബൂത്തറും ബുധനാഴ്ച രാത്രി പതിനൊന്നു മണിക്ക് ലോനാവലയിലെത്തും. ഞങ്ങളവിടെ ഉണ്ടാകും. അമ്മയ്ക്ക് കാവല്‍ ജോസും പെണ്‍കുട്ട്യോളും കവ്വായും. ബാക്കിയെല്ലാം സാഹചര്യമനുസരിച്ച് അവിടെ ചെന്നിട്ട്. സമ്മതിച്ചോ?”
തക്കുടു പറഞ്ഞു, “സമ്മതിച്ചു. എന്റെ ഏറ്റവും മികച്ച ആയുധവും ഞാന്‍ കയ്യില്‍ കരുതാം.”
തക്കുടൂം മാഷും യാത്രയായി. അമ്മ കരയണോ ചിരിക്കണോ എന്നറിയാതെ വിമ്മിട്ടപ്പെടുന്നത് എനിക്കു കാണാന്‍ കഴിയുന്നുണ്ട്.
എല്ലാ ശനിയാഴ്ചയും തുടരും
കേൾക്കാം
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം
9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍
11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി
11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍
12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും
16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്
17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി
19. പറന്നുപോയ മോട്ടോർ സൈക്കിൾ
20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ
21. മഹർഷിയുടെ പർണ്ണശാല