Read Time:13 Minute

 

വി.സി.ബാലകൃഷ്ണൻ

ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?  

അതിലോലങ്ങളായ വർണ്ണച്ചിറകുകളുമായി പറന്നുനടക്കുന്ന ചിത്രശലഭങ്ങളെ ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാവില്ല. പൂക്കളിൽനിന്ന് പൂക്കളിലേക്ക് പറന്നുചെന്ന് പൂന്തേൻനുകരുന്ന ഇവയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? ഷഡ്പദലോകത്തിലെ പറക്കുന്ന പൂക്കളെന്നും പറക്കുന്ന രത്നങ്ങളെന്നുമാണ് ഈ സൗന്ദര്യധാമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. പൂക്കളുണ്ടാകുന്ന സസ്യങ്ങളോടൊപ്പമാണ് ഈ ഷഡ്പദങ്ങളും പരിണമിച്ചുണ്ടായത്. അതുകൊണ്ടു തന്നെ ഇവയുടെ നിലനിൽപും സപുഷ്പിസസ്യങ്ങളെ ആശ്രയിച്ച് മാത്രമാണ്. തേനീച്ചകൾ കഴിഞ്ഞാൽ ഏറ്റവും നല്ല പരാഗകാരികളാണ് ശലഭങ്ങൾ. അതുകൊണ്ടു തന്നെ സപുഷ്പിസസ്യങ്ങളുടെ നിലനില്‍പ് ഉറപ്പു വരുത്തുന്നതിൽ ശലഭങ്ങൾ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.

 ശലഭങ്ങൾ മുട്ടയിടുന്നതും അവയുടെ ലാർവകൾ വളരുന്നതും സപുഷ്പിസസ്യങ്ങളിലാണ്. ചിലയിനം നിശാശലഭങ്ങൾ മാത്രമാണ് ഇതിന് അപവാദം. ഓരോ ശലഭവും അവയുടെ ലാർവകളുടെ ആഹാരത്തിനായി ഓരോ സസ്യങ്ങളെ ആശ്രയിക്കുന്നു. തങ്ങളുടെ ലാർവകൾക്ക് ആഹാരമായിത്തീരേണ്ട സസ്യങ്ങളിലാണ് അവ മുട്ടയിടുന്നത്. ലാർവകൾ ആഹാരമാക്കുന്ന സസ്യങ്ങളെ ലാർവാ ഭക്ഷണസസ്യം ((Larval food plant))എന്നോ ലാർവാ ആതിഥേയ സസ്യം (Larval host plant) എന്നോ വിളിക്കുന്നു. ശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യങ്ങളിൽ അധികവും ഔഷധസസ്യങ്ങളാണ്. മിക്ക ശലഭപ്പുഴുക്കളും ആഹരിക്കുന്നത് ഇലകളാണ്. എന്നാൽ ചിലത് പൂമൊട്ടുകൾമാത്രമായും മറ്റുചിലവ പുഷ്പദളങ്ങൾ മാത്രമായും ഭക്ഷിക്കുന്നു. കായ്കളും വിത്തുകളും മാത്രം ഭക്ഷിക്കുന്ന ശലഭപ്പുഴുക്കളുമുണ്ട്.

ശലഭങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് അവയുടെ ജീവിതചക്രത്തെക്കുറിച്ച് അറിഞ്ഞേ മതിയാകൂ. ജീവിതചക്രത്തെക്കുറിച്ച് അറിയണമെങ്കിലോ, ലാർവാഭക്ഷണസസ്യങ്ങളെ നന്നായി തിരിച്ചറിയാനും കഴിയണം. നമ്മുടെ പരിസരങ്ങളിൽ കാണപ്പെടുന്ന ശലഭങ്ങളെക്കുറിച്ച് അറിയുന്നതിനും അത്തരം ശലഭങ്ങളെ ആകർഷിക്കുന്നതിനുമായി ശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യങ്ങൾ കഴിയുന്നത്ര നട്ടുപിടിപ്പിക്കുന്നത് നന്നായിരിക്കും. അങ്ങിനെയാണെങ്കിൽ ഒരുപാട് ശലഭങ്ങളെയും ലാർവകളേയും വളരെ അടുത്തുനിന്ന് നിരീക്ഷിക്കാൻ നമുക്ക് അവസരമുണ്ടാകും.

ശലഭങ്ങളെയൊ മറ്റു ഷഡ്പദങ്ങളെയോ അകറ്റുന്നതിനായി സസ്യങ്ങൾ ചില രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കാറുണ്ട്. ഇതിനെ മറികടക്കുന്നതിനായി ശലഭങ്ങളും ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇത്തരം രാസവസ്തുക്കളെ തങ്ങളുടെ സുരക്ഷയ്ക്കായും അവ ഉപയോഗപ്പെടുത്തുന്നു. ഉദാഹരണത്തിന്, ഹൃദയത്തെ ബാധിക്കുന്ന വിഷാംശമുള്ള എരിക്ക് ചെടികളിൽ വളരുന്നവയാണ് എരിക്ക് തപ്പി (Plain Tiger) എന്ന ചിത്രശലഭത്തിന്റെ ലാർവകൾ. ലാർവകൾ വഴി ഈ ചിത്രശലഭത്തിന്റെ ശരീരത്തിലും ഈ വിഷാംശം എത്തിച്ചേരുന്നു. ഇത്തരം ശലഭങ്ങളെ ഇരപിടിയന്മാരായ മറ്റു ജീവികൾ പൊതുവെ ഒഴിവാക്കുകയാണ് പതിവ്.

കിളിവാലൻ ശലഭങ്ങൾ എന്നറിയപ്പെടുന്ന പാപ്പിലിയോനിഡേ (Papilionidae) കുടുംബത്തിൽ ഉൾപ്പെടുന്ന ശലഭങ്ങൾ പൊതുവേ വലുപ്പം കൂടിയവയാണ്. ഇവയിൽ തെക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡശലഭം (Southern Birdwing) നമ്മുടെ നാട്ടിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണ്. ഈ ശലഭം മുട്ടയിടുന്നത് ഈശ്വരമുല്ല /ഗരുഡക്കൊടി (Aristolochia indica)എന്നറിയപ്പെടുന്ന ഒരു വള്ളിച്ചെടിയിലാണ്. ഈ സസ്യം നമ്മുടെ നാ‍ട്ടിൽ വളരുന്നതാണ്. ഇത് വെച്ചുപിടിപ്പിക്കുകയാണെങ്കിൽ ഗരുഡ ശലഭത്തിനു പുറമേ ചക്കരശലഭം (Crimson Rose), നാട്ടുറോസ് (Common Rose) എന്നീ ശലഭങ്ങളെയും നമുക്ക് നിത്യേനയെന്നോണം കാണാൻ കഴിഞ്ഞേക്കും.

നമ്മുടെ സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി വടക്കൻ കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന അതിമനോഹരമായ ശലഭമാണ്. ഇതിന്റെ ലാർവകൾ വളരുന്നത് കുമിറ്റിമരം, കുയിലിമരം, മുള്ളിലം, കരിമുരിക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിലാണ്. നാരകകുടുംബത്തിൽ (Rutaceae) പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം Zanthoxylum rhetsa എന്നാണ്. ഇതിനു പുറമേ ചുട്ടിക്കറുപ്പൻ (Red Helen), നാരകക്കാളി (Common Mormon) എന്നിവയുടെ ലാർവകളും വളരുന്നത് ഇതേ സസ്യത്തിലാണ്. പശ്ചിമഘട്ടത്തിലെ സ്ഥാനികശലഭമായ പുള്ളിവാലൻ (Malabar Banded Swallowtail) എന്ന ശലഭം മുട്ടയിടുന്നത് നാട്ടിൻപുറങ്ങളിലും കാവുകളിലും കാടുകളിലും വളരുന്ന അകിൽപ്പൊരി, കമ്പിളി, നാശകം എന്നീ പേരുകളുള്ള മരത്തിലാണ്. ഇതും നാരക കുടുംബത്തിൽ പെടുന്ന ഒരു വൃക്ഷമാണ്.

പുള്ളിവാലൻ (Malabar Banded Swallowtail)

കേരളത്തിൽ ഇതേവരെ കണ്ടെത്തിയ 326 ചിത്രശലഭങ്ങളിൽ 315 ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശലഭഗവേഷകർ ഈ രംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിലെ പത്തോളം ചിത്രശലഭങ്ങളുടെ ലാർവകൾ ഏകസസ്യഭോജികൾ (Monophagous) ആണ്. അതായത് ഒരൊറ്റ സ്പീഷീസ് സസ്യത്തെ മാത്രം ഭക്ഷണമായി സ്വീകരിച്ചിട്ടുള്ളവയാണ് ഈ ശലഭലാർവകൾ. ഏതെങ്കിലും കാരണത്താൽ ഈയൊരു സസ്യം ലഭ്യമല്ലെങ്കിൽ പോലും മറ്റു സ്പീഷീസിൽ പെടുന്ന സസ്യങ്ങൾ ഭക്ഷിക്കാൻ ഇവ കൂട്ടാക്കില്ല, ഭക്ഷണമില്ലാതെ മരിച്ചാൽ പോലും! ബുദ്ധമയൂരി, മലബാർ റാവൻ എന്നിവയുടെ ലാർവകൾ ഈ വിഭാഗത്തിൽ പെടുന്നു.

മറ്റു ചിലയിനം ചിത്രശലഭ ലാർവകൾ ഒരേ ജനുസ്സിലോ അല്ലെങ്കിൽ ഒരേ കുടുംബത്തിൽ പെട്ടതോ ആയ സസ്യങ്ങളെ ഭക്ഷണമാക്കുന്നവയാണ്. ഇത്തരം ലാർവകൾ ഒലിഗോഫാഗസ് (Oligophagous) എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് ഗരുഡക്കൊടിയുടെ കുടുംബത്തിൽ പെടുന്ന സസ്യങ്ങൾ മാത്രമാണ് ഗരുഡശലഭം,നാട്ടുറോസ്, ചക്കരറോസ്, മലബാര്‍ റോസ് എന്നിവയുടെ ലാർവകൾ ആഹാരമാക്കുന്നത്.

മുകളിൽ പറഞ്ഞ രണ്ടുതരത്തിലും ‘സ്പെഷലിസ്റ്റുകൾ‘ അല്ലാത്ത ശലഭലാർവകൾ വ്യത്യസ്ത കുടുംബങ്ങളിൽ പെടുന്ന സസ്യങ്ങൾ ആഹരിച്ച് വളരാൻ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇത്തരം ശലഭങ്ങൾക്ക് ഭക്ഷണസസ്യങ്ങളുടെ അലഭ്യത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ഇവയെ ബഹുസസ്യഭോജികൾ (Polyphagous) എന്നു വിളിക്കുന്നു.

പാപ്പിലിയോനിഡേ (Papilionidae) കുടുംബത്തിൽ ഉൾപ്പെടുന്ന ശലഭങ്ങൾ കിളിവാലൻ ശലഭങ്ങൾ (Swallowtails) എന്നറിയപ്പെടുന്നവയാണ്. ഇവയിൽ ഗരുഡശലഭം, നാട്ടുറോസ്, ചക്കരറോസ്, മലബാര്‍ റോസ് എന്നിവയുടെ ലാർവകൾ ആഹാരമാക്കുന്നത് ഗരുഡക്കൊടിയുടെ കുടുംബത്തിൽ പെടുന്ന സസ്യങ്ങൾ മാത്രമാണ്. ഇതിൽ തന്നെ പശ്ചിമഘട്ടത്തിലെ സ്ഥാനികശലഭമായ മലബാർ റോസ് ലാർവകൾ ആഹരിക്കുന്നത് നിത്യഹരിതവനങ്ങളിലും അർധനിത്യഹരിതവനങ്ങളിലും വളരുന്ന അല്പം (Thottea siliquosa)എന്ന സസ്യമാണ്. ഗരുഡശലഭമാകട്ടെ ഗരുഡക്കൊടി  (Aristolochia indica), കരണ്ടവള്ളി  (Aristolochia acuminata), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. 

പുള്ളിവാലൻ (Malabar Banded Peacock) ശലഭത്തിന്റെ ലാർവകളാകട്ടെ അകിൽപ്പൊരിയിലാണ് വളരുന്നത്. നീലക്കുടുക്ക, നാട്ടുകുടുക്ക, വിറവാലൻ തുടങ്ങിയ ശലഭങ്ങളുടെ ലാർവകൾ ആത്തയുടേയും പൊൻചെമ്പകത്തിന്റെയും കുടുബത്തിൽ പെടുന്ന സസ്യങ്ങൾ ആഹരിക്കുന്നവയാണ്.

പീറിഡെ കുടുംബത്തില്‍ പെടുന്ന തകരമുത്തികളും മഞ്ഞപ്പാപ്പാത്തികളും തകരയുടെയും കൊന്നയുടെയും കുടുംബമായ Fabaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങളിലാണ് മുട്ടയിടുന്നത്. നീർമാതളശലഭം, നാട്ടു പാത്ത, കാട്ടുപാത്ത, ആൽബട്രോസ് തുടങ്ങിയ ശലഭങ്ങളുടെ ലാർവകൾ പ്രധാനമായും നീർമാതള കുടുംബത്തിൽ പെടുന്ന സസ്യങ്ങൾ ഭക്ഷിച്ച് വളരുന്നവയാണ്.

നിംഫാലിഡെ കുടുംബത്തിൽ ഉൾപ്പെടുന്ന കരിയില ശലഭങ്ങളും തവിടന്മാരും മറ്റും പുൽവർഗ ചെടികളിലാണ് മുട്ടയിടുന്നത്. ഇതേ കുടുംബത്തിൽ പെടുന്ന എരിക്ക് തപ്പി, വരയൻ കടുവ, നീലക്കടുവ, കരിനീലക്കടുവ, തെളിനീലക്കടുവ എന്നിവയുടെ ലാർവകൾ എരിക്കിന്റെ കുടുംബത്തിൽ പെടുന്ന സസ്യങ്ങളെ ആഹരിക്കുന്നു.

നീലിശലഭങ്ങൾ എന്നറിയപ്പെടുന്നതും ലൈക്കിനിഡേ എന്ന ശലഭകുടുംബത്തിൽ പെടുന്നതുമായ ചെറിയ ശലഭങ്ങളിൽ ഇലനീലി, തളിർനീലി എന്നിവയുടെ ലാർവകൾ യഥാക്രമം മണ്ണൻ കോരൻ കൊടി, പമ്പരക്കുമ്പിൾ എന്നീ സസ്യങ്ങളെ ആശ്രയിച്ചാണ് വളരുന്നത്. 

ആരകളും തുള്ളന്മാരും പരപ്പന്മാരും ഉൾപ്പെടുന്ന ഹെസ്പിരിഡേ കൂടുംബത്തിൽ പെടുന്ന 82 ഇനങ്ങൾ കേരളത്തിൽ കാണപ്പെടുന്നവയാണ്. ഇവയിൽ വെള്ളപ്പരപ്പൻ എന്ന ശലഭം വെള്ളീട്ടി എന്ന ചെറിയ മരത്തിലാണ് മുട്ടയിടുന്നത്.

കനിതുരപ്പൻ Deudorix epijarbas

ഫലഭോജികളായ ഏതാനും ചില ശലഭലാർവകളും നമുക്കുണ്ട്. ഇവയിൽ കനിതുരപ്പൻ (Cornelian) എന്ന ശലഭത്തിന്റെ ലാർവകൾ സോപ്പിൻ കായ്, കൽപ്പൂവം, ഉറുമാമ്പഴം, ലിച്ചി, കുരീൽ എന്നിവയുടെ കായകൾക്കുള്ളിലാണു വളരുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ ലാർവയെയോ പ്യൂപ്പയെയോ നമുക്ക് കാണാൻ കഴിയാറില്ല. മലങ്കാര, പേര എന്നിവയുടെ കായകൾക്കുള്ളിൽ അവയുടെ കട്ടിയുള്ള വിത്തുകൾ ആഹരിച്ച് വളരുന്നവയാണ് പേരനീലി,വൻ പേരനീലി എന്നിവയുടെത്. കത്തിവാലൻ ശലഭത്തിന്റെ ലാർവകൾ വളരുന്നതാകട്ടെ ഏകനായകം, കറ്റടിനായകം എന്നി വള്ളിച്ചെടികളുടെ വിത്തുകൾ ആഹരിച്ചുകൊണ്ടാണ്.

ഒരു പ്രദേശത്തെ സസ്യവൈവിധ്യം ആ പ്രദേശത്തെ ശലഭവൈവിധ്യത്തിന്റെ നിലനിൽപ് ഉറപ്പുവരുത്തുന്നതാണ്.  മറിച്ച് സപുഷ്പിസസ്യങ്ങളുടെ നിലനിൽപ് ഉറപ്പുവരുത്തുന്നതിനും അതുവഴി ഭൂമിയിലെ മറ്റു ജീവജാലങ്ങളെ നിലനിർത്തുന്നതിലും ശലഭങ്ങളും വലിയ പങ്കുവഹിക്കുന്നു.

നമ്മുടെ ചുറ്റുപാടും കാണുന്ന ശലഭങ്ങളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനും അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് തിരിച്ചറിയുന്നതിനും നമുക്ക് ശ്രമിക്കാം. വളരെയധികം അറിവും സന്തോഷവും പകരുന്ന ഒരു പഠനപ്രവർത്തനം കൂടിയാണ് ശലഭനിരീക്ഷണം.


കടപ്പാട് : ശാസ്ത്രകേരളം 2021 നവംബർലക്കം


 

Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
25 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും

Leave a Reply

Previous post യുദ്ധരംഗത്തേക്ക് – തക്കുടു 22
Next post കാലാവസ്ഥാ മാറ്റവും മുതലാളിത്തവും തമ്മിലെന്ത്? അഥവാ ഇക്കോ സോഷ്യലിസം എന്ന പ്രത്യാശ 
Close