2020-ല്‍ ശാസ്ത്രത്തെ നയിച്ച പത്തു പേര്‍

2020 ല്‍ ശാസ്ത്രത്തെ കരുപ്പെടുപ്പിച്ച പത്തു പേര്‍

ഈ വര്‍ഷം സയന്‍സിന്റെ മേഖലയിലുണ്ടായ 10 സുപ്രധാന വികാസങ്ങളുടെയും ആ നാഴികക്കല്ലുകളുടെ  കാരണക്കാരായ പത്ത് വ്യക്തികളെ “നേച്ചര്‍” അടയാളപ്പെടുത്തുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള അവാര്‍ഡോ റാങ്കിങ്ങോ അല്ല. സുപ്രധാനമായ കണ്ടെത്തലുകളും നിര്‍ണ്ണായകമായ പ്രശ്നങ്ങളിലെ ഇടപെടലുമാണ് ഇവരെ വേറിട്ടവരാക്കുന്നത്.. ‘നേച്ചറി‘ന്റെ  എഡിറ്റര്‍മാര്‍ തെരഞ്ഞെടുത്ത പത്ത് പ്രധാനവ്യക്തിത്വങ്ങളെ പരിചയപ്പെടാം. വിവർത്തനം : ജി.ഗോപിനാഥൻ

1.ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് (Tedros Adhanom Ghebreyesus)-പൊതുജനാരോഗ്യസംരക്ഷകന്‍

ലോകത്തെ കോവിഡ്-19 നെതിരെ അണിചേര്‍ക്കുന്നതിനായുള്ള പരിശ്രമത്തില്‍ ഈ പൊതുജനാരോഗ്യസംരക്ഷകന്‍ ബഹുമുഖമായ വെല്ലുവിളികളെ നേരിടേണ്ടിവന്നിരുന്നു.

ലോകാരോഗ്യസംഘടനയടെ ഡയറക്ടര്‍ ജനറലായ ഇദ്ദേഹം 2020 ഏപ്രില്‍ 15 ന് ഒരു വലിയ രാഷ്ട്രീയച്ചുഴിയിലകപ്പെടുന്നതായിട്ടാണ് കണ്ടത്. ചൈനയുമായി കോവിഡ്-19 മഹാമാരിയേക്കുറിച്ചുള്ള ആശയവിനിമയങ്ങള്‍ നടത്തുന്നതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ ഒട്ടും ക്ഷുഭിതനാകാതെയും ട്രമ്പിന്റെ കുറ്റപ്പെടുത്തലുകളോട് പരസ്യമായി പ്രതികരിക്കാതെയും അമേരിക്ക ഒരു ഉദാരമതിയായ സുഹൃത്താണെന്നും മഹാമാരിയുടെ കാലത്ത് ഓരോ രാജ്യത്തേയും ഓരോ പങ്കാളിയേയും സേവിക്കുന്നതിനുള്ള താല്പര്യമാണുള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “മുഖ്യ പങ്കാളികള്‍ തമ്മിലുള്ള ഭൂരാഷ്ട്രതന്ത്രപരമായ പിരിമുറുക്കത്തില്‍ ഞങ്ങള്‍ ആശങ്കയുള്ളവരായിരുന്നു എന്നും ആഗോള ഐക്യദാര്‍ഢ്യത്തിനുവേണ്ടിയായിരുന്നു ഞങ്ങള്‍ ശ്രമിച്ചിരുന്നത്” എന്നുമാണ് പിന്നീട് അദ്ദേഹം ‘നേച്ചറി’നോട് പറഞ്ഞത്.

കഴിഞ്ഞ 73 വര്‍ഷങ്ങളായി ലോകത്തെമ്പാടുമായി നൂറുകണക്കിന് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും രാഷ്ട്രങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന കർമ്മനിരതമായ സംഘടനയാണ് ലോകാരോഗ്യ സംഘടന. 2017 ല്‍ എബോളാ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്താണ് ഈ സംഘടനയുടെ  ആഫ്രിക്കയില്‍ നിന്നുള്ള  ആദ്യത്തെ തലവനായി അദ്ദേഹം നിയമിതനാകുന്നത്. പൊതുജനാരോഗ്യം, പകര്‍ച്ചവ്യാധിശാസ്ത്രം, വിദേശകാര്യങ്ങള്‍ എന്നിവയിലുള്ള തന്റെ പരിചയം ഇനിയൊരു ആപല്‍ഘട്ടമുണ്ടായാല്‍ എത്രയും വേഗത്തില്‍ ഇടപെടാന്‍ സംഘടനയെ സജ്ജമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.  അനുതാപപൂർണമായ സമീപനവും ആര്‍ക്കും സമീപിക്കാവുന്ന വ്യക്തിത്വവും കഠിനപ്രയത്നവുമെല്ലാമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എബോള വീണ്ടും 2018 ല്‍ കോംഗോയില്‍ വന്നപ്പോള്‍ നിരവധി തവണ നേരിട്ടിടപെടുകയും പ്രാദേശിക ആരോഗ്യസംവിധാനത്തിന്റെ കൂടെ നിന്ന് ഏതാണ്ട് മൂന്ന് ലക്ഷം പേരെ  വാക്സിനേറ്റ് ചെയ്യുകയും വഴി രോഗത്തെ നിയന്ത്രണവിധേയമാക്കുന്നതിനു നേതൃത്വം നൽകുന്നതിൽ അദ്ദേഹം വിജയിച്ചു,

കോവിഡിന്റെ കാര്യത്തില്‍ ചൈനയോട് പക്ഷഭേദം കാണിച്ചുവെന്നും രോഗവിവരം ലോകത്തെ അറിയിക്കുന്നതില്‍ കാലതാമസം വന്നു എന്നും മറ്റുമുള്ള ആരോപണങ്ങള്‍ ചാര്‍ത്തിയാണ് ട്രമ്പ് തലക്കനം കാണിക്കാനൊരുമ്പെട്ടത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ സാമ്പത്തികസഹായം നൽകുന്ന അമേരിക്ക അതു നിര്‍ത്തലാക്കുമെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചു. എന്നാല്‍  ഭീഷണികളെയൊന്നും വകവയ്ക്കാതെ ലോകരാജ്യങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുത്തുകൊണ്ട് സംഘടനയെ അദ്ദേഹം മുന്നോട്ടു നയിക്കുന്നു. കോവിഡ്-19 ന്റെ അന്ത്യം ആണ് തന്റെ ലക്ഷ്യം എന്നും ആ ലക്ഷ്യം നേടാൻ നമ്രശിരസ്കനായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറയുന്നു.

2. വെറിന മോഹാപ് (Verena Mohaupt) : ധ്രുവവപ്രദേശത്തെ പാറാവുകാരി.

ഒരു ഹിമക്കരടിയെ മുന്നില്‍ കണ്ടപ്പോള്‍ പിന്‍തിരിഞ്ഞോടാന്‍ വഴിയൊന്നുമില്ലായിരുന്നു. വെറിന മോഹാപ്പും ഏതാനും സഹപ്രവര്‍ത്തകരും കടലില്‍ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞുപാളിയില്‍ അകപ്പെട്ട സമയത്താണിത്. കരടി മണം പിടിച്ചു വരുന്നു. അപകടം തൊട്ടടുത്താണ്. “പ്രധാനപ്പെട്ടത് എന്താണ് എന്നതില്‍ ശ്രദ്ധിക്കൂ”, മോഹാപ് പറഞ്ഞു. ഒരാള്‍ ഒരു ഫ്ലെയര്‍ കത്തിച്ച് അപായസൂചന നല്‍കി. മോഹാപ്  ഏതാനും കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന ഗവേഷണക്കപ്പലിലേക്ക് റേഡിയോ സന്ദേശം കൊടുത്തു. ഭാഗ്യവശാല്‍ ഹെലികോപ്ടര്‍ വേഗം തന്നെ എത്തി. തോളില്‍ തൂക്കിയിട്ടിരുന്ന തോക്ക് ഉപയോഗിക്കേണ്ടിവന്നില്ല.

ആര്‍ട്ടിക് പ്രദേശത്തെ ഒരു കൊല്ലം നീണ്ടുനിന്ന പ്രത്യേക പരിവേഷണസംഘത്തിന്റെ ലോജിസ്റ്റിക്സ് കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു വെറിന മോഹാപ്. ഹിമക്കരടികളുടെ സാന്നിദ്ധ്യം ഉണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് അവരുടെ ജോലിയുടെ ഭാഗമായിരുന്നു. ജര്‍മ്മനിയില്‍ നിന്നുള്ള ഹിമഭേദിനിയായ പര്യവേഷണക്കപ്പല്‍ സൈബീരിയയില്‍ ഹിമപ്പരപ്പില്‍ പെട്ട് തറച്ചുപോയപ്പോഴാണ് മോഹാപ്പിന്റെ ഈ ദൗത്യം ആരംഭിച്ചത്. ആര്‍ട്ടിക്കിലെ കാലാവസ്ഥയെ പഠിക്കാനുള്ള ഒഴുകുന്ന ഒബ്സര്‍വേറ്ററിയാണ് അത്. ഒരു കൊല്ലക്കാലം കപ്പലില്‍ മാറിമാറിവന്ന 300 ഓളം സയന്റിസ്റ്റുകള്‍ മഞ്ഞുപാളിയുടെ ഒഴുക്കിനകപ്പെട്ടുകൊണ്ടു തന്നെ കാലാവസ്ഥാവ്യതിയാനത്തേക്കുറിച്ച് വളരെയേറെ വിവരങ്ങള്‍ ശേഖരിച്ചു. കൂടിക്കൊണ്ടിരിക്കുന്ന താപനില ആ പ്രദേശത്തെ മാത്രമല്ല, ഭൂമിയില്‍ മുഴുവനും വരുന്ന ദശകങ്ങളില്‍ ഉണ്ടാക്കാനിടയുള്ള  മാറ്റങ്ങളേക്കുറിച്ച് പ്രവചനം നടത്തുന്നതിന് ഉതകുന്ന അളവുകള്‍ ആ സംഘം ശേഖരിച്ചു.

നാലുമാസം മുഴുവനും ഇരുട്ടിലായിരുന്നു പ്രവര്‍ത്തനം. സൂര്യന്‍ തിരികെ വരാന്‍ തുടങ്ങിയതോടെ മഞ്ഞുരുകാന്‍ തുടങ്ങി. കപ്പലിലെ സയന്റിസ്റ്റുകള്‍ക്ക് തങ്ങളുടെ ഉപകരണങ്ങള്‍ മുങ്ങിപ്പോകാതെ നോക്കുക എന്നത് വലിയ പ്രശ്നമായി മാറി. ദൗത്യത്തിന്റെ സംരക്ഷണം മോഹാപിന്റെ ചുമതലയായിരുന്നു. ആര്‍ട്ടിക്കിന്റെ അപായസാദ്ധ്യതകളെ നേരിടാനുതകുന്ന തീവ്രമായ പരിശീലന പരിപാടി അവര്‍ ആസൂത്രണം ചെയ്തു. പ്രത്യേകതരം അതിജീവനക്കുപ്പായം ധരിച്ച്  ഐസ് മുറിക്കുന്ന മഴുവുമായി നോര്‍വ്വേയിലെ കടലിടുക്കിലേക്ക് ചാടാനും തിരികെക്കയറാനും അവരെ പഠിപ്പിച്ചു. തകരുന്ന ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെടുന്നതും പഠിപ്പിച്ചു. ഏറെക്കാലം വീട്ടില്‍ നിന്ന് അകന്നു കഴിയുന്നതുമൂലമുള്ള മാനസിക പരിമുറുക്കത്തേക്കുറിച്ച് ചര്‍ച്ച ചെയ്തു. തന്റെ തന്നെ മനഃശാന്തി നിലനിര്‍ത്തുന്നതിനായി തുന്നല്‍ സാമഗ്രികളും ഒരു അക്കോര്‍ഡിയനും യോഗാ ചെയ്യാനുള്ള പായയും മോഹാപ് കൊണ്ടു വന്നിരുന്നു. മുന്നനുഭവങ്ങള്‍ അവര്‍ക്ക് തുണയായി.

പോളാര്‍ ലോജിസ്റ്റിക്സിന്റെ തൊഴില്‍ മേഖല മോഹാപ് ആഗ്രഹിച്ചിരുന്നതല്ല. എന്നാല്‍ യൂണിവേഴ്സിറ്റിയില്‍ ബയോഫിസിക്സ് പഠിക്കുമ്പോള്‍ തന്നെ ഉത്തരധ്രുവവമേഖല എന്നും ഒരു ആകര്‍ഷണമായിരുന്നു. സയന്‍സിലെ ആ പശ്ചാത്തലം ടീമിലെ ഓരോ റിസര്‍ച്ച് ഗ്രൂപ്പിനോടും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനും എന്തെല്ലാം ഉപകരണങ്ങളാണ് ആവശ്യമെന്നത് മനസ്സിലാക്കി ലഭ്യമാക്കുന്നതിനും സഹായകമായി.

ഒരു കരടിയെക്കണ്ടാല്‍ വിഭ്രാന്തി പ്രകടിപ്പിക്കുക എന്നതാണ് പലരും ചെയ്യുന്നത്. എന്നാല്‍ ലോജിസ്റ്റിക് ടീം ആ സാഹചര്യത്തില്‍ കൃത്യമായി  ഇടപെട്ട് വളരെ ഭംഗിയായി കൈകാര്യം ചെയ്തത്  ടീമിന്റെ സുരക്ഷിതത്വ ബോധം ഊട്ടിയുറപ്പിക്കാന്‍ സഹായകമായി. പര്യവേഷണം നയിച്ച കൊളറാഡോ യൂണിവേഴ്സിറ്റിയിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ മാത്യു ഷൂപെ പറഞ്ഞു.

മോഹാപിന്റെ ഏറ്റവും വലിയ ആശങ്ക തണുപ്പായിരുന്നു. ഗവേഷകരുമായി യോജിച്ചു പ്രവര്‍ത്തിക്കുക വഴി അപകടരഹിതമായി ദൗത്യം മുന്നോട്ടു നയിക്കാന്‍  അവര്‍ക്ക് സാധിച്ചു. സയന്റിസ്റ്റുകള്‍ക്ക് മുന്‍കൂട്ടി നല്‍കിയ പരിശീലനങ്ങളും ഗുണകരമായി. ആരെങ്കിലും മഞ്ഞില്‍ പുറത്തുപോയി ജോലിചെയ്യേണ്ടിവന്നാല്‍ ഫ്ലാസ്കില്‍ ചൂടു കാപ്പിയും ചോക്ലേറ്റ് ഡ്രിംഗ്സും കൊടുത്തുവിടുമായിരുന്നു. ഇതെല്ലാം കാരണം ഒരു കൊല്ലം മുഴുവനും നീണ്ടുനിന്ന ദൗത്യത്തിനിടയ്ക്ക്  അതിശൈത്യം മൂലം പരിക്കുപറ്റുന്ന ഒരൊറ്റ അപകടം മാത്രമേ ഉണ്ടായുള്ളു. “ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ അവരെല്ലാം എപ്പോഴുമുണ്ടായിരുന്നു. വേറീന തീര്‍ച്ചയായും അതിന്റെ മുന്നിരയിൽ തന്നെ ഉണ്ടായിരുന്നു ”. ഒരു  ഗവേഷക പറഞ്ഞു.

3. ഗോണ്‍സാലോ മൊറാട്ടോറിയോ(Gonzalo Moratorio) – കൊറോണ വൈറസിനെ വേട്ടയാടിയ ആള്‍.

കോവിഡ്-19 ന്റെ കാലത്ത് അതിവേഗം പ്രശസ്തനായ ആളാണ് ഉറുഗ്വെയിലെ ഗോണ്‍സാലോ മൊറാട്ടോറിയോ. തലസ്ഥാനമായ മോന്റിവീഡിയോയുടെ തെരുവുകളില്‍ അയാളെ എല്ലാവരും തിരിച്ചറിഞ്ഞു, ഒരു പബ്ബില്‍ കണ്ടാല്‍ ബിയര്‍ വാങ്ങിക്കൊടുക്കും, കൂട്ടുകാരുമൊത്ത് സര്‍ഫിങ്ങിനു പോയാല്‍ അവിടെയും ആളുകള്‍ അടുത്തു കൂടും. നന്ദി പറയും. കാരണം ഉറുഗ്വെയെ മഹാമാരിയുടെ കടുത്ത പ്രത്യാഘാതങ്ങളില്‍ നിന്ന്  രക്ഷിച്ചയാളാണ്  മൊറാട്ടോറിയോ.

തലസ്ഥാനമായ മൊറാട്ടോറിയോയിലുള്ള പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും യൂണിവേഴ്സിറ്റിയിലും പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റ് ആയ അദ്ദേഹവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൊറോണാവൈറസ്സിനുള്ള  ടെസ്റ്റ് തയ്യാറാക്കുകയും ദേശീയതലത്തില്‍ ടെസ്റ്റ് ചെയ്യാനുള്ള പരിപാടി ഉണ്ടാക്കുകയും ചെയ്തു. ലാറ്റിനമേരിക്കയിലെമ്പാടും, പ്രത്യേകിച്ച്  തൊട്ടടുത്തുള്ള അര്‍ജന്റീനയിലും ബ്രസീലിലും കോവിഡ്-19 താണ്ഡവമാടിയപ്പോള്‍  ഉറുഗ്വേയില്‍ രോഗത്തെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണത്, ഡിസംബര്‍ 10 വരെ മരണം 87 മാത്രം. ഞങ്ങള്‍ സമയം ലാഭിക്കാന്‍ ശ്രമിക്കുകയാണ്, മരുന്നോ വാക്സിനോ വരുന്നതുവരെ സമയം ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്.

പാരീസില്‍ 2018 ല്‍ പോസ്ററ് ഡോക്ടറല്‍ പൂര്‍ത്തിയാക്കിയ മോറട്ടോറിയോ ഈ വര്‍ഷാരംഭത്തില്‍ തന്റെ സ്വന്തം ലബോറട്ടറിയുടെ തലവനായതോടെ തികച്ചും ആവേശഭരിതനായിരുന്നു. വൈറസ്സുകളില്‍ എങ്ങിനെയാണ് ജനിതകമാറ്റം സംഭവിക്കുന്നത് എന്നതിനേക്കുറിച്ചും അവയെ എങ്ങിനെ ഉപദ്രവം കുറഞ്ഞവയാക്കിമാറ്റാം എന്നും പഠിക്കാന്‍ പദ്ധതി ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് ആരംഭത്തില്‍ അമേരിക്കയിലെ മറ്റു പാസ്ച്ചര്‍ ഗവേഷകരോടൊപ്പം അദ്ദേഹവും സഹപ്രവര്‍ത്തകരും അതിവേഗം പടരുന്ന കൊറോണാവൈറസ് രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഓണ്‍ലൈനില്‍ ഒത്തുകൂടി. മോന്‍ഡെവീഡിയോയിലെ പാസ്ച്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട്  തലവന് ഭയമൊന്നും തോന്നിയില്ല. ഈ മഹാമാരി ഉറുഗ്വെയെ ഏറെ ബാധിക്കില്ല എന്ന് അദ്ദേഹം കരുതി. കാരണം സമ്പൂര്‍ണ്ണ ആരോഗ്യപരിരക്ഷയും പകര്‍ച്ചവ്യാധി പര്യവേഷണസംവിധനവും 35ലക്ഷം മാത്രം ജനസംഖ്യയും ഉള്ളതിനാലും മഞ്ഞപ്പനി, സിക്കാ തുടങ്ങിയ പകര്‍ച്ചവ്യാധികളെ തടഞ്ഞു നിര്‍ത്താനയതിനാലും അവർക്ക് മതിയായ ആത്മവിശ്വാസമുണ്ടായിരുന്നു.

എന്നാല്‍ മൊറട്ടോറിയോ അപകടം  മനസ്സിലാക്കി.  യോഗത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ജോലിയാരംഭിച്ചു. എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു തോന്നിയാല്‍ അദ്ദേഹം പര്‍വ്വതം പോലും തട്ടിത്തെറിപ്പിക്കും എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ആ കാര്യത്തില്‍ അയാളൊരു ഡോണ്‍ ക്വിക്സോട്ട് ആണ്.

രോഗം അതിവേഗം പടരുന്നതു തടയാന്‍  വ്യാപകമായി ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുകയുമാണു വേണ്ടത് എന്ന് അദ്ദേഹം മനസ്സിലാക്കി. ലോകത്താകമാനം ടെസ്റ്റ് കിറ്റുകളുടെ ആവശ്യകത കുതിച്ചുകയറുകയായിരുന്നു. അതുമൂലമുണ്ടാകുന്ന ലഭ്യതക്കുറവുമൂലം ടെസ്റ്റുകളും  രാസവസ്തുക്കളും ശേഖരിക്കാന്‍ ഉറുഗ്വേക്ക് സാധ്യമാവുകയില്ല എന്ന് അദ്ദേഹവും ദീര്‍ഘകാല സഹകാരിയുമായ വൈറോളജിസ്റ്റ് പിലാര്‍ മൊറീനോയും മനസ്സിലാക്കി. ആ സാഹചര്യത്തിലാണ് ഏതുവിധേനയും സ്വാശ്രിതരായേ പറ്റു എന്ന് അവര്‍ തിരിച്ചറിഞ്ഞത്.

രാജ്യത്തെ ആദ്യത്തെ കോവിഡ്-19 കേസുകള്‍ മാര്‍ച്ച് 13 ന് റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്ത് ആരോഗ്യ എമര്‍ജന്‍സി പ്രഖ്യാപിച്ചു. സ്ക്കൂളുകളുള്‍പ്പെടെ അടച്ചുപൂട്ടി. വ്യോമഗതാഗതത്തിലും അതിര്‍ത്തികളിലും നിയന്ത്രണമേര്‍പ്പെടുത്തി.  ജനങ്ങളോട് ഒറ്റപ്പെട്ടിരിക്കാനാവശ്യപ്പെട്ടു. അതേ സമയം മൊറട്ടോറിയോയും മൊറീനോയും സംഘവും സ്വന്തമായി ടെസ്റ്റ് വികസിപ്പിച്ചെടുത്തു. പി.സി.ആര്‍ ടെസ്റ്റാണ് അവരുണ്ടാക്കിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍  ഈ ടെസ്റ്റിനെ ലളിതമായ കിറ്റുകളാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ പരിശീലനത്തോടെ ദേശവ്യാപകമായ പരിശോധനാ ലാബുകളും തയ്യാറായി.

മെയ് മാസം അവസാനമാകുമ്പോഴേക്ക് ദിവസേന 800 പരിശോധനകള്‍ നടത്തിത്തുടങ്ങി. പകുതിയോളം കിറ്റുകള്‍ നാട്ടില്‍ തന്ന ഉണ്ടാക്കി. ഇപ്പോള്‍ ടെസ്റ്റുകള്‍ 5000 ത്തിനടുത്താണ്. അതില്‍ 30 ശതമാനം മൊറട്ടോറിയോയുടെ പരിശോധനയാണ്. ഉറുഗ്വെയുടെ പ്രതികരണവേഗതയും ഏകോപനവും മതിപ്പുളവാക്കുന്നതാണ്. അവര്‍ അത് വളരെവേഗം നേടി എന്നത് അസൂയാവഹമാണ് എന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ എപിഡെമിയോളജിസ്റ്റ് ആയ സുല്‍മാ കുകുനുബാ പറഞ്ഞത്.    ഉറഉഗ്വെ യിലെ ജനജീവിതം സാധാരണനിലയിലെത്തിക്കഴിഞ്ഞു. സ്ക്കൂളുകളും റെസ്റ്റോറന്റുകളും തുറന്നു. പല ആളുകളും തിരികെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞു. മൊററ്റോറിയോ പോലും  അയാളുടെ ടീമിനോടൊപ്പം പതിയെ അവരുടെ ആദ്യത്തെ ഗവേഷണത്തിലേക്ക് തിരികെയെത്തി. എന്നിരുന്നാലും  അദ്ദേഹം ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഏതെങ്കിലുമൊരു സമയത്ത് ഇതിനെ നിയന്ത്രിക്കാന്‍ കഴിയാതെവരുമോ എന്നതാണ് ഭയം എന്ന് അദ്ദേഹം പറയുന്നു.

4. ആദി ഉത്താരിണി (Adi Utarini)- കൊതുകു കമാന്‍ഡര്‍ 

കൊവിഡ്-19 മഹാമാരി ലോകത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്ന സമയത്ത് മറ്റൊരു മാരകരോഗത്തിനെതിരെ പടപൊരുതുകയായിരുന്നു ആദി ഉത്താരിണി, ഡങ്കു പനിയ്ക്കെതിരെ.  കൊല്ലം തോറും 400 മില്യന്‍ ആളുകളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഡെങ്കുവിനെയും ഒരു പക്ഷേ മറ്റനവധി കൊതുകുജന്യ രോഗങ്ങളേയും പരാജയപ്പെടുത്തുന്നതില്‍  അവരുടെ ടീം വലിയൊരു വിജയം കൈവരിച്ചതായി ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്തോനേഷ്യയിലെ ഒരു വലിയ നഗരത്തില്‍ ഡെങ്കു പരത്തുന്നതിനുള്ള കഴിവ് ഇല്ലാതാക്കിയ കൊതുകുകളെ വിന്യസിക്കുക വഴി ഡെങ്കു പനി 77 ശതമാനം കുറയ്ക്കുന്നതില്‍   ഉത്താരിണിയും സംഘവും വിജയം കണ്ടു. ഈ പരീക്ഷണഫലം  അമ്പരപ്പിക്കുന്നതാണെന്ന് എപിഡെമിയോളജിസ്റ്റുകള്‍ പ്രതികരിച്ചു. നിരവധി രാജ്യങ്ങളെ, പ്രത്യേകിച്ച് ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന ഒരു വൈറസിനെതിരെയുള്ള വിജയമാണെന്നും അവര്‍ പറഞ്ഞു.

ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്താ നഗരത്തിലുള്ള(അവിടെയാണ് പഠനം നടത്തിയത്) ഗദ്ജാ മാദാ സര്‍വ്വകലാശാലയിലെ (Gadjah Mada University (GMU), Yogyakarta) പൊതുജനാരോഗ്യഗവേഷകയും ഈ പഠനസംഘത്തിന്റെ നേതാവുമായ ഉത്താരിണി ഇതൊരു വലിയ ആശ്വാസമാണെന്നു പറഞ്ഞു. ക്ലിനിക്കല്‍ പഠനങ്ങളിലെ ഏറ്റവും പ്രാമാണികമായ റാന്‍ഡമൈസ്ഡ് കണ്ട്രോള്‍ പഠനമാണ് ആദ്യമായി ഡെങ്കുവിന്റെ കാര്യത്തില്‍ ഉപയോഗിച്ചത്. ഡെങ്കു, സിക്കാ, ചിക്കന്‍ഗുനിയ എന്നീ രോഗങ്ങളെ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ ധാരാളമായി പ്രജനനം ചെയ്ത് അവയില്‍ വോല്‍ബാച്ചിയ ബാക്ടീരിയകളെ സന്നിവേശിപ്പിച്ച് ആണ് പരീക്ഷണം നടത്തിയത്. ഈ ബാക്ടീരിയകള്‍ വൈറസിനെ കീഴ്പ്പെടുത്തുകയും കൊതുകുകള്‍ അവയെ മനുഷ്യരിലേക്ക് പകരുന്നത് തടയുകയും ചെയ്യുന്നു. ഈ പുതിയ ജനുസ്സിലുള്ള കൊതുകുകളുടെ മുട്ടകള്‍ നഗരത്തിലാകെയും പ്രത്യേകിച്ച് ആളുകളുടെ വീടുകളിലും വയ്ക്കുന്നു. ആസ്ട്രേലിയയിലും വിയറ്റ്നാമിലും നടത്തിയ ചെറു പരീക്ഷണങ്ങള്‍ ആവേശകരമായ ഫലമാണ് തന്നത്.

എന്നാല്‍ 4,00,000 ജനങ്ങളുള്ളതും ഡെങ്കു രോഗപ്പകര്‍ച്ച വലിയ തോതിലുണ്ടായിരുന്നതുമായ യോഗ്യകര്‍ത്താ നഗരം പരീക്ഷണത്തിന് നല്ലൊരു വേദിയായിരുന്നു. എന്നാലവിടെ കൊതുകുകളെ വിന്യസിക്കാന്‍ ആളുകളുടെ സമ്മതം കിട്ടുമോ എന്നത് വലിയ സംശയമായിരുന്നു. ആദിയുടെ ടീം മാധ്യമങ്ങളിലൂടെയും ചുമര്‍ചിത്രങ്ങളിലൂടെയും യോഗങ്ങളിലൂടെയും ഹൃസ്വചിത്ര മത്സരങ്ങളിലൂടെയുമെല്ലാം ഈ സാങ്കേതികവിദ്യയെക്കുറിച്ച് വലിയ പ്രചാരണം നടത്തി. സാമൂഹിക ഗ്രൂപ്പുകള്‍ തയ്യാറായിവന്നു. മറ്റൊരു പ്രശ്നം സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിലായിരുന്നു. പരീക്ഷണങ്ങള്‍ 2011 ല്‍ ആരംഭിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് ടി.ബി., മലമ്പനി തുടങ്ങിയ രോഗപ്രതിരോധത്തിലെ പരിചയസമ്പന്നയായ ഉത്താരിനിയെ  2013 ല്‍ ഇതിന്റെ ചുമതല ഏല്പിക്കുന്നത്.  നിരവധി മന്ത്രാലയങ്ങളുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായി അതും നേടിയെടുത്തു. പരീക്ഷണഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ആവേശവും വര്‍ദ്ധിച്ചു.

ശാന്തസ്വഭാവിയും അതേസമയം അനുനയനവിദഗ്ദ്ധയുമായ ഉത്താരിനിയാണ് ഈ പഠനത്തിന്റെ വിജയത്തില്‍ പ്രധാന കാരണക്കാരി എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സങ്കീര്‍ണ്ണമായ പരീക്ഷണഘട്ടത്തില്‍ കാര്യങ്ങളെ ഒട്ടിച്ചുനിര്‍ത്തുന്നതിനുള്ള പശയായിരുന്നു അവര്‍. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത  വേള്‍ഡ് മൊസ്ക്കിറ്റോ പ്രോഗ്രാമിന്റെ ഹോചിമിന്‍ സിറ്റിയിലെ  ഡയറക്ടറായ സ്കോട്ട് ഒ നീല്‍ പറഞ്ഞു. യോഗ്യകര്‍ത്താ നഗരത്തില്‍ വോല്‍ബാച്ചിയാ കൊതുകുകളെ വിപുലമായി വിന്യസിച്ചുകൊണ്ടിരിക്കുകയാണ്. ആ നഗരത്തില്‍ നിന്നു മാത്രമല്ല, രാജ്യത്തുനിന്നു പോലും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഈ ടെക്നോളജിയില്‍ താന്‍ വിശ്വസിക്കുന്നുണ്ടെന്നും അവസാനം ഇരുളില്‍ പ്രകാശം വിടരുമെന്നും അവര്‍ പറഞ്ഞു.  ഈ വിജയത്തിനിടയില്‍ വ്യക്തിപരമായ നഷ്ടം അവര്‍ക്കുണ്ടായി. ഒരു ഫാര്‍മക്കോളജിസ്റ്റ് ആയിരുന്ന ഭര്‍ത്താവ് കോവിഡ്-19 ബാധിച്ച് മരണമടഞ്ഞു. വേദനയുടെ സമയങ്ങളില്‍ തന്റെ മറ്റഭിനിവേശങ്ങളായ പിയോനോയിലേക്കും സൈക്ലിംഗിലേക്കും തിരിയും. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുള്ളപ്പോള്‍ അതിലൂടെ ആശയം ലഭിക്കാനാണ് താന്‍ ശ്രമിക്കുക എന്ന് അവര്‍ പറയുന്നു.

5. കാതറിന്‍ ജാന്‍സെന്‍ (Kathrin Jansen):വാക്സിന്‍ ലീഡര്‍.

കോവിഡ്-19 നുള്ള  വാക്സിന്‍ മിന്നല്‍ വേഗത്തില്‍ വികസിപ്പിച്ചെടുക്കാന്‍  ഈ എക്സിക്യൂട്ടീവിന് കഴിഞ്ഞു. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മെസ‍ഞ്ചര്‍ ആര്‍.എന്‍.എ. (mRNA) അടിസ്ഥാനത്തിലുള്ള വാക്സിന്‍ തെളിയിക്കപ്പെടാത്തതായിരുന്നു. അത് മനുഷ്യരില്‍ ഉപയോഗിക്കാനുള്ള അനുമതി ഒരു കമ്പനിക്കും ഇല്ലായിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തോടെ ലോകമെമ്പാടും മരണസംഖ്യ കുതിച്ചുകയറാനാരംഭിച്ചപ്പോള്‍ ജാന്‍സെന്‍ പുതിയ വാക്സിന്‍ നിര്‍മ്മാണത്തിലേക്ക് മുഴുവനായും തിരിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ റിസര്‍ച്ച് & ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഹെഡ് ആയ അവര്‍ കമ്പനിയുടെ വാക്സിന്‍, മനുഷ്യര്‍ക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തി.

കേവലം 210 ദിവസം കൊണ്ട് അവരുടെ ടീം ആ ലക്ഷ്യം കണ്ടെത്തി, അതായത് ഏപ്രിലില്‍ ടെസ്റ്റിംഗ് തുടങ്ങുന്നതു മുതല്‍ നവംബറില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ മുഴുമിക്കുന്നതുവരെ. ന്യൂയോര്‍ക്കിലെ തന്റെ അപാര്‍ട്ട്മെന്റിലിരുന്ന് സൂം മീറ്റിംഗുകളിലൂടെ 650 പേരുള്ള ടീമിനെ മാനേജ്ചെയ്തുകൊണ്ടും കഴിഞ്ഞ ഒരു കൊല്ലമായി വാക്സിന്‍ വികസനത്തിന് നേതൃത്വം കൊടുക്കുകയും ട്രയല്‍ നടത്തുമ്പോളുള്ള പ്രശ്നങ്ങളെ അവലോകനം ചെയ്യുകയും  നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധസംവിധാനങ്ങളും കോള്‍ഡ്  സ്റ്റോറേജ് സംവിധാനങ്ങളും വിതരണരീതികളും നിയമപരമായ പ്രശ്നങ്ങളുമെല്ലാം പഠിക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ആയിരുന്നു ജാന്‍സെന്‍. ഡിസംബര്‍ 2 ന് യു.കെ. അധികാരികള്‍ എമര്‍ജെന്‍സി ഉപയോഗത്തിന് അനുമതി നല്‍കിയതോടെ അവരുടെ പ്രയത്നം‍  ഫലം കണ്ടു.

ജാന്‍സെന്‍ തികച്ചും നിര്‍ഭയയായ ഒരു സയന്റിസ്റ്റാണ്. മോശമായ പല രോഗാണുക്കളേയും കൈകാര്യം ചെയ്യുക എന്ന വെല്ലുവിളി അവര്‍ മുമ്പും വിജയകരമായി ഏറ്റെടുത്തിട്ടുണ്ട്. സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്ന ഹ്യൂമന്‍ പാപിലോമാ വൈറസിനുള്ള വാക്സിന്‍ അവര്‍ മുമ്പ് കണ്ടുപിടിച്ചിട്ടുണ്ട്. ആന്ത്രാക്സ്, വസൂരി വാക്സിനുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂമോണിയാ വാക്സിനെ പരിഷ്കരിച്ചു. ഇപ്പോള്‍ കോവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമാണ് എന്നു തെളിയിക്കപ്പെട്ടതോടെ അവര്‍ വിജയിച്ചിരിക്കുകയാണ്.

6. ഷാംഗ് യോങ്ജെന്‍(Zhang Yongzhen) : ജീനോം പങ്കുവച്ചയാള്‍

ഈ സയന്റിസ്റ്റും അദ്ദേഹത്തിന്റെ ടീമും ആണ് കൊറോണാവൈറസിന്റെ ആര്‍.എന്‍.ഏ. ശ്രേണി മറ്റാരേക്കാളും മുന്നേ ആദ്യമായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

കോവിഡ്-19 നെതിരെയുള്ള അന്താരാഷ്ട്ര യുദ്ധം ആരംഭിച്ചത് ജനുവരി 11 രാവിലെയാണ്. അപ്പോഴാണ് ചൈനയിലെ വൂഹാനില്‍ ന്യൂമോണിയ പോലുള്ള ഒരു രോഗത്തിന് കാരണമായ വൈറസിന്റെ ജീനോം  ദിവസങ്ങളോളം  മടിച്ചുനിന്നതിനു ശേഷം ഓണ്‍ലൈനായി പുറത്തു വിടാന്‍ തയ്യാറായത്. അതില്‍ നിന്നാണ് ഈ പുതിയ കൊറോണാവൈറസ് 2003 ലുണ്ടായ മാരകമായ സാര്‍സ് രോഗവ്യാപനത്തിനു കാരണമായ വൈറസിന് സമാനമാണെന്ന് മനസ്സിലായത്. അതോടെ ഗവേഷകര്‍ ഉടന്‍തന്നെ ഈ വൈറസിന്റെ മുഖ്യമായ പ്രോട്ടീന്‍, അതിനെ തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍, അതിനെതിരായ വാക്സിന്‍ എന്നിവ ലക്ഷ്യം വച്ചുള്ള പഠനങ്ങളിലേര്‍പ്പെടാന്‍ തുടങ്ങി. അതായിരുന്നു കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിലെ ഏറ്റവും പ്രധാനമായ ദിവസം എന്നാണ് സിംഗപ്പൂരിലെ പ്രമുഖ വൈറോളജിസ്റ്റ് ലിന്‍ഫാ വാംഗ് പറഞ്ഞത്.

ഈ വിവരം പുറത്തു വിടുന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല. ഷാംഹിന്റെ ലാബില്‍ രോഗാണുവിന്റെ സാമ്പിള്‍ കിട്ടുന്നത് ജനുവരി 3 നാണ്. അന്നേ ദിവസം തന്നെ വൈറസിനേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്ന് പ്രാദേശിക അധികാരികളേയും ലാബുകളേയും വിലക്കിക്കൊണ്ട് ചൈനീസ് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാമ്പിള്‍ കിട്ടി 40 മണിക്കൂറിനു ശേഷം ജനുവരി 5  രാവിലെ 2 മണിക്ക് ഒരു ടീമംഗം ഈ വൈറസ് സാര്‍സ് വൈറസുമായി ബന്ധപ്പെട്ടതാണെന്ന് ഷാംഗിനെ അറിയിച്ചു. അന്നു തന്നെ ഷാംഗ് ഷാങ്ഹായ് മുനിസിപ്പാലിറ്റിയെ പ്രശ്നത്തിന്റെ ഗൗരവമറിയിച്ചു. അമേരിക്കയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫോര്‍മേഷനിലേക്ക് ഡാറ്റ അപ്ലോഡ് ചെയ്ത്അവരുടെ പരിശോധനാഫലം കാത്തിരുന്നു. ഒരു പേപ്പര്‍ ‘നേച്ചറി’ന് അയച്ചു കൊടുത്തു, വുഹാന്‍ സന്ദര്‍ശിച്ചു. നാടകീയമായ ഒരു നിമിഷത്തിലാണ് വിവരം പുറത്തുവിടാന്‍ തീരുമാനിച്ചത്.

വരാനിടയുള്ള വൈറസുകളെ തിരിച്ചറിയാന്‍ സാദ്ധ്യതയുള്ള ലാബുകളുടെ ഒരു ശൃംഖല തന്നെ ഷാംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡാറ്റ പങ്കു വച്ചതിന് ഷാംഗിനെ ലോകത്തെമ്പാടുമുള്ള സയന്റിസ്റ്റുകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. ഈ രോഗം ഗൗരവമുള്ളതാണെന്ന് തിരിച്ചറിയുന്നതില്‍ ജനുവരി 11 ഒരു വഴിത്തിരിവായിരുന്നു.

 

7. ചന്ദാ പ്രെസ്കോഡ്വെയ്സ്റ്റീന്‍( Chanda Prescod-Weinstein): ഫിസിക്സില്‍ ഒരു ശക്തി.

തമോദ്രവ്യത്തെ പിന്‍തുടരുന്നതിനടയില്‍തന്നെ സയന്‍സിലും സമൂഹത്തിലും ഉള്ള വംശവെറിയ്ക്കെതിരെ പടപൊരുതുന്ന കോസ്മോളജിസ്റ്റ്.

കോസ്മോളജിസ്റ്റായ ചന്ദാ പ്രെസ്കോഡ്-വെയ്സ്റ്റീനിന് ഇതൊരു തിരക്കുപിടിച്ച വര്‍ഷമായിരുന്നു. ഗവേഷണത്തിന് രണ്ട് ഗ്രാന്റുകള്‍ ലഭിച്ചു, തന്റെ കീഴിലെ ആദ്യത്തെ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥിയെ നിയമിച്ചു, അസ്ട്രോഫിസിക്സിലെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി അടുത്ത രണ്ടു ദശകങ്ങളില്‍ തമോദ്രവ്യത്തെ പഠിക്കാനുള്ള പരിപാടി തയ്യാറാക്കുന്ന ഗ്രൂപ്പിന്റെ സഹ ഡയറക്ടര്‍ പണിയും ചെയ്യുന്നു. ആദ്യപുസ്തകം എഴുതിത്തീര്‍ത്ത് രണ്ടാമത്തേതിന്റെ പണി തുടങ്ങി. ‘ന്യു സയന്റിസ്റ്റ്’ മാഗസിനില്‍ പ്രതിമാസ കോളം എഴുതി. വിദ്യാഭ്യാസഗവേഷണ പുസ്തകത്തിലെ രണ്ട് അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചു.  പി.എച്.ഡി. യ്ക്കുള്ള ആദ്യ പ്രബന്ധങ്ങളെഴുതാന്‍ രണ്ട് വിദ്യാര്‍ത്ഥികളെ സഹായിച്ചു.   ഇതെല്ലാം ചെയ്തത് ഡര്‍ഹാമിലെ ന്യൂ ഹാംഷെയര്‍ യൂണിവേഴ്സിറ്റിയിലെ ടെന്യുവര്‍-ട്രാക് പ്രൊഫസര്‍ എന്ന ജോലിയിലെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ്.

എന്നാല്‍ അതുമാത്രമല്ല. ജൂണില്‍ കറുത്തവര്‍ഗ്ഗക്കാരുടെ സംരക്ഷണത്തിനായുള്ള  സമരപരിപാടി മറ്റനേകം സയന്റിസ്റ്റുകളുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. സയന്‍സിലും സമൂഹത്തിലുമുള്ള വംശവെറിയെ ചെറുക്കുവാന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടിറങ്ങണമെന്ന് ഓണ്‍ലൈന്‍ ക്യാമ്പൈന്‍ വഴി ആഹ്വാനം ചെയ്തു. ഫിസിക്സ് സമൂഹത്തിലുള്ള മാറാത്ത കാഴ്ചപ്പാട് തനിക്ക് മടുത്തു എന്നവര്‍ പ്രഖ്യാപിച്ചു.

സ്റ്റീഫന്‍ ഹോക്കിംഗിനേക്കുറിച്ചുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ഡോക്യുമെന്ററി 1991 ല്‍ കാണാനിടയായതാണ് ഫിസിക്സ് പഠിക്കാന്‍ ചെറുപ്പത്തിലേ അവരെ പ്രേരിപ്പിച്ചത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഫിസിക്സും കാലിഫോര്‍ണിയായില്‍ ജ്യോതിശ്ശാസ്ത്രവും പഠിച്ചു. വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലും കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കല്‍ ഫിസിക്സിലും നിന്ന് ഡോക്ടറേറ്റ്‌ നേടി. എം.ഐ.ടി. യിലും മറ്റു സ്ഥാപനങ്ങളിലും ജോലി ലഭിച്ചു. ഇപ്പോള്‍ ന്യൂ

ഹാംഷെയര്‍ യൂണിവേഴ്സിറ്റിയിലാണ്.  തിയററ്റിക്കല്‍ കോസ്മോളജിയിലോ പാര്‍ട്ടിക്കിള്‍ തിയറിയിലോ ടെന്യുവര്‍ ട്രാക് സ്ഥാനം ലഭിക്കുന്ന  അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗ്ഗക്കാരിയാണ് അവര്‍. പഠന പ്രവര്‍ത്തനരംഗങ്ങളിലെല്ലാം ഒറ്റപ്പെട്ട കറുത്ത ഫിസിസിസ്റ്റ് എന്ന അനുഭവമാണ് സയന്‍സിലെ വംശീയതയ്ക്കും ലിംഗപരതയ്ക്കുമെതിരായി സംസാരിക്കാന്‍ പ്രേരണയായത്.

ജൂണില്‍ ബ്രയോണാ ടെയിലര്‍, ജോര്‍ജ്ജ് ഫ്ലോയ്ഡ്, അഹമൂദ് ആര്‍ബെറി എന്നിവരുടെ നിഷ്ഠുരമായ കൊലപാതകങ്ങളേത്തുടര്‍ന്ന് അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരുടെയും അവരെ സ്നേഹിക്കുന്നവരുടെയും വലിയ സമരപരിപാടികളാണ് നടന്നത്. സയന്റിസ്റ്റ് സമൂഹത്തെ സമരാനുകൂലികളാക്കാന്‍ അവര്‍ നടത്തിയ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതികരണമാണ് നേടിയത്. സയന്റിസ്റ്റുകളും സ്ഥാപനങ്ങളും പ്രസിദ്ധീകരണശാലകളും ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങി.  ആ രംഗത്തുള്ള പതിനായിരക്കണക്കിന് ആളുകള്‍ ജൂണ്‍ 10 ഓടുകൂടികറുത്തവരുടെ രക്ഷയ്ക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഇത് അവരുടെ പ്രവര്‍ത്തനങ്ങളുടെ വലിയ വിജയമായിട്ടാണ് ശാസ്ത്രസമൂഹം വിലയിരുത്തുന്നത്.

8. ലീ ലാന്‍ജുവാന്‍( Li Lanjuan): ലോക്ഡൗണിന്റെ ആര്‍ക്കിടെക്ട്.

ചൈനയുടെ പരമോന്നതസമിതി ജനുവരി 18 ന് ലീ ലാന്‍ജുവാനെയും മറ്റു വിദഗ്ദ്ധരെയും വൈറസ് ബാധയെ വിലയരുത്തുന്നതിനായി വൂഹാനിലേക്ക് അയച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഷെജിയാംഗ് യൂണിവേഴ്സിറ്റിയിലെ എപിഡെമിയോളജിസ്റ്റായ ആ 73 വയസ്സുകാരി 110 ലക്ഷം ജനസംഖ്യയുള്ള വൂഹാന്‍ ലോക്ഡൗണ്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു.  “രോഗപ്പകര്‍ച്ച തുടരുകയാണെങ്കില്‍ മറ്റു പ്രോവിന്‍സുകളും വൂഹാന്‍ പോലെ നിയന്ത്രണാതീതമാകും. ചൈനയുടെ സമ്പദ്ഘടനയും സമൂഹവും വലിയ പ്രയാസമനുഭവിക്കും”,  സ്റ്റേറ്റ് ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ ജനുവരി 22 ന് അവര്‍ പറഞ്ഞു. ടീം ലീഡറായിരുന്ന ഗ്വാങ്ഷൂ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ശ്വസനരോഗവിദഗ്ദ്ധയായ ഷോംഗ് നാന്‍ഷാന്‍ ഈ വൈറസ് മനുഷ്യര്‍ക്കിടയില്‍ പരക്കാന്‍ ഇടയുള്ളതാണെന്ന് പറഞ്ഞുകഴിഞ്ഞിരുന്നു.

ജനുവരി 23 ന്  വൂഹാനിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാസംവിധാനങ്ങളും നിര്‍ത്തലാക്കി, ജനങ്ങളെല്ലാം വീട്ടിനകത്തിരിക്കണമെന്ന ഉത്തരവു പുറപ്പെടുവിച്ചു. 25 ന് ആരംഭിക്കേണ്ട ചൈനീസ് പുതുവത്സരാഘോഷത്തിനുള്ള യാത്രാപദ്ധതികളും തടയപ്പെട്ടു. ‘അമിതാവേശം’ എന്ന് പലരും പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ 76 ദിവസം നീണ്ടുനിന്നു. കര്‍ക്കശമായി തന്നെ നടപ്പിലാക്കിയിരുന്നു.

പദ്ധതി വിജയം കണ്ടു. ചൈനയ്ക്കകത്ത് മികച്ച രോഗനിയന്ത്രണം സാദ്ധ്യമായി, നാട് ഒരു മഹാവിപത്തില്‍ നിന്ന് മോചിതമായി. ആഴ്ചകള്‍ കൊണ്ട് രോഗപ്പകര്‍ച്ച 80 %  കുറഞ്ഞു. ലീ  കോവിഡ് ബാധിതരെ പരിപാലിച്ചുകൊണ്ട് വൂഹാനില്‍ തന്നെ താമസിച്ചു, പ്രതിസന്ധിയെ തരണം ചെയ്യുന്ന നിസ്വാര്‍ത്ഥരായ ഡോക്ടര്‍മാരുടെ പ്രതീകമായി മാറി. ജനങ്ങള്‍ക്ക് അവര്‍ “ലീ അമ്മൂമ്മ” എന്ന് ആയി. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അവര്‍ നാടിന്റെ നഗ്നപാദ ഡോക്ടര്‍മാരിലൊരാളായിരുന്നു. 2003 ലെ സാര്‍സ് രോഗബാധയുടെ സമയത്ത് ആയിരക്കണക്കിന് ആളുകളെ ക്വാറന്റൈന്‍ ചെയ്യുന്നതിന് കാരണക്കാരിയായിരുന്നു.

ചൈന കൈക്കൊണ്ട നിര്‍ണ്ണായകമായ ലോക്ഡൗണ്‍ തീരുമാനം മറ്റുരാജ്യങ്ങളും അനുവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത് ലോകചരിത്രത്തെ തന്നെ മാറ്റി മറിച്ചേനെ.

9.ജസീന്താ ആര്‍ഡേണ്‍ (Jacinda Ardern) : പ്രതിസന്ധികാലത്തെ നേതാവ്.

മഹാമാരിയുടെ കാലത്ത് സ്വീകരിച്ച ഫലപ്രദമായ നടപടികളാല്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി.

മാര്‍ച്ച് 14 നാണ് ന്യുസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ കുറെ ഗ്രാഫുകളും കയ്ക്കുന്ന സന്ദേശവുമായി സ്റ്റേജില്‍ കയറി നിന്നത്. രാജ്യത്താകെ വിദേശത്തു നിന്ന് വന്ന ആറു പേര്‍ക്കു മാത്രം പുതിയ മഹാമാരി ബാധിച്ചിരുന്ന ആ സമയത്താണ് കര്‍ശനമായ കുറേ നടപടികള്‍ അവര്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് എത്തുന്നവരെല്ലാം രണ്ടാഴ്ച സ്വയം ഒറ്റപ്പെട്ട് കഴിയുക,  തുറമുഖങ്ങള്‍ അടച്ച്  ആഡംബരക്കപ്പലുകളെ അകറ്റിനിര്‍ത്തുക, സമീപത്തുള്ള പ്രശ്നബാധിതരാജ്യങ്ങളിലേക്ക് യാത്രാനിരോധനം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. “നാം കര്‍ശനമായേ തീരു, നാം മുന്നേ തന്നെ നീങ്ങണം  ഇതില്‍ ഞാന്‍ മാപ്പുചോദിക്കുന്നുമില്ല” എന്ന് അവര്‍ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് ദേശവ്യാപകമായി ലോക്ഡൗണിലാക്കി. അവരുടെ നടപടികള്‍ ഇതുപോലെആഗോളപ്രശസ്തി നേടി. രണ്ടു പ്രാവശ്യം രോഗബാധയുണ്ടായിട്ടും 50 ലക്ഷം ആളുകളുള്ള ആ രാജ്യത്ത് 2000 പേര്‍ക്ക്  മാത്രമേ രോഗബാധയുണ്ടായുള്ളു, മരണം 25 മാത്രവും.

ന്യൂസിലാന്റിന്റെ വലിപ്പക്കുറവും ഒറ്റപ്പെട്ട അവസ്ഥയും അവര്‍ക്ക് തുണയായിട്ടുണ്ട്. എന്നാല്‍ ഇതേ അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും  ശാസ്ത്രീയമായ അനിശ്ചിതത്വങ്ങളെ  സമര്‍ത്ഥമായി മറ്റാരും കൈകാര്യം ചെയ്തില്ല എന്നാണ് ഹാര്‍വാര്‍ഡിലെ മാനേജ്മെന്റ് വിദഗ്ദ്ധന്‍ പറഞ്ഞത്. മറ്റുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരുന്ന് സമയം വൈകിച്ചപ്പോള്‍ ആര്‍ഡേണ്‍ സത്വര നടപടികളെടുത്തു.

ദേശീയ ആരോഗ്യ ഡയറക്ടറായ ആഷ്ലി ബ്ലൂംഫീല്‍ഡിനെ സമീപത്തിരുത്തി ദിവസേന നടത്തിയ പത്രസമ്മേളനങ്ങളില്‍ സുതാര്യമായ റിപ്പോര്‍ട്ടുകള്‍ വച്ചുകൊണ്ട് തുറന്ന മനസ്സോടെ അവര്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചു കൊണ്ടിരുന്നു. സഹാനുഭൂതിയും സത്യസന്ധതയും നിറഞ്ഞ വാക്കുകള്‍ ശക്തമായിരുന്നു. സാമൂഹ്യജാഗ്രതയും ടെസ്റ്റിംഗിലെ കുറവും പ്രധാന നഗരമായ ഓക്ലന്റില്‍ രോഗാധിക്യത്തിന് കാരണമയെന്ന വിമര്‍ശനം ഉണ്ടായി. എന്നിരുന്നാലും 80% ജനങ്ങളും നടപടികളെയും ലോക്ഡൗണിനെയും അനുകൂലിച്ചു.

ആര്‍ഡേന്‍ നെ  എല്ലാ കാര്യത്തിലും നയിക്കുന്നത് സയന്‍സാണ്. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനായി നടപടികളെടുത്തുകഴിഞ്ഞു. 2050 ഓടുകൂടി സീറോ എമിഷന്‍ സാധ്യമാകും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

 

10. അന്തോണി ഫൗസി (Anthony Fauci) : സയന്‍സിന്റെ രക്ഷകന്‍.

വിമര്‍ശകര്‍ വധഭീഷണി മുഴക്കുമ്പോഴും നാടിന്റെ ഉള്‍ക്കരുത്തായി നിലനിന്ന യു.എസ്. ഡോക്ടര്‍. സാംക്രമികരോഗങ്ങളിലെ ഗവേഷകനായി 40 കൊല്ലം പ്രവര്‍ത്തിച്ച  അന്തോണി ഫൗസി ഒരു ഹീറോ ആയി ആദരിക്കപ്പെടുമ്പോഴും അദ്ദേഹത്തിനെതിരെ വധഭീഷണണി മുഴക്കുകയും മക്കളെ പോലും ദ്രോഹിക്കുകയും ചെയ്തു.  

യു.എസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി & ഇന്‍ഫെക്ഷ്യസ് ഡിസീസസ് (NIAID) ന്റെ തലവനെന്ന നിലയില്‍ ജൈവയുദ്ധമെന്ന ആശങ്ക, എച്.ഐ.വി. , എബോള, സിക്ക എന്നീ രോഗഭീതികളില്‍ അമേരിക്കയിലെ ആറ് പ്രസി‍ഡണ്ടുമാരുടെയും ആശങ്കാകുലമായ രാഷ്ട്രത്തിന്റെയും വിഷമസന്ധികളിലെ വഴികാട്ടി ആയിരുന്നിട്ടുണ്ട്. ഇപ്പോള്‍ കൊറോണാ വൈറസ് മഹാമാരിയുടെ സമയത്ത് സര്‍ക്കാരിനെ ഉപദേശിക്കുകയും ജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം രാജ്യത്തിന്റെ ഡോക്ടറായി മാറി.  പ്രസിഡണ്ട് ട്രമ്പിന്റെ താല്പര്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴും ക്ലിനിക്കിലെത്തുന്ന എച്.ഐ.വി, കോവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിന് സമയം കാണാറുണ്ട്. രോഗികളെ കാണുന്നതുകൊണ്ട് രോഗത്തേക്കുറിച്ചുള്ള വ്യത്യസ്തമായ അനുഭൂതി ലഭിക്കാന്‍ ഇടയാകുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദിവസേന 18 മണിക്കൂര്‍ വച്ച് ആഴ്ചയില്‍ 7 ദിവസവും അദ്ദേഹം ജോലി ചെയ്യുന്നു.

രാഷ്ട്രീയ ചേരിതിരിവിന്റെ സാഹചര്യത്തില്‍ എന്താണ് സയന്‍സ് എന്ന് ജനങ്ങളെ (തെരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടെ) ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിക്കുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ ഏറെയുണ്ട്. എതിര്‍പ്പ് അദ്ദേഹത്തിനു പുത്തരിയല്ല. എയ്ഡ്സ് രോഗം മൂര്‍ദ്ധന്യത്തിലിരിക്കെ 1988 ല്‍ അദ്ദേഹത്തെ കൊലയാളി എന്നുപോലും വിളിച്ചിട്ടുണ്ട്. എന്നാല്‍ എതിര്‍ത്തവരെ ഓഫീസിനകത്തേക്ക് വിളിച്ചിരുത്തി രോഗത്തിന്റെ സയന്‍സ് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഫൗസിക്ക് കഴിഞ്ഞു. രണ്ട് ബുഷ് മാരും പ്രസി‍ണ്ടായിരിക്കെ എയിഡ്സിനെതിരായ കര്‍മ്മ പദ്ധതി രൂപീകരിച്ചു.

എന്നാല്‍ ഇക്കൊല്ലം കോവിഡ്-19 നെതിരായി കൃത്യതയോടുകൂടിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത് സമ്പദ്ഘടനയെ തകര്‍ക്കും എന്ന വാദവുമായി ട്രമ്പും അനുയായികളും വലിയ എതിര്‍പ്പുമായി വന്നു. കൊന്ന് തല വൈറ്റ്ഹൗസിനു മുന്നില്‍ കുത്തി നിര്‍ത്തും എന്നു വരെ പറഞ്ഞു തുടങ്ങിയതോടെ കടുത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുകയാണ്. ആദ്യമൊക്കെ പ്രസിഡണ്ട് പത്രക്കാരെ കാണുമ്പോള്‍ ഫൗച്ചിയും കൂടെ ഇരിക്കുകയും പലപ്പോഴും പ്രസിഡണ്ടിനെ തിരുത്തുകയും ചെയ്തിരുന്നു. അത്തരം യോഗങ്ങള്‍ ഏപ്രിലോടെ അവസാനിച്ചു. ഫൗച്ചി കാര്യങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ വ്യക്തമാക്കാന്‍ തയ്യാറായി. അദ്ദേഹം സത്യം തുറന്നു പറഞ്ഞു. സര്‍ക്കാരിലുള്ള ആരും അത് ചെയ്തിരുന്നില്ല. ഇപ്പോള്‍ 80 വയസ്സായ ഫൗച്ചി ഉടനെ റിട്ടയര്‍ ചെയ്യുന്നില്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുവേണ്ടി ജോലി ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്.


നേച്ചറിൽ വന്ന ലേഖനം : Nature’s 10: ten people who helped shape science in 2020

Leave a Reply